'കേരളത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ രണ്ടാമത്തെ വ്യക്തിയും സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു' 


പി.കെ. സുരേന്ദ്രന്‍ 

ഫോട്ടോ: മധുരാജ്‌

ഇന്ത്യയുടെ 'സെല്ലുലോയ്ഡ് മാന്‍' എന്നറിയപ്പെടുന്ന പി. കെ. നായരുടെ സിനിമാ സംബന്ധിയായ രചനകളുടെ സമാഹാരം മാതൃഭൂമി ബുക്‌സിനുവേണ്ടി 'ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും' എന്ന പേരില്‍ പി.കെ സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ആര്‍കൈവിസ്റ്റും ചലച്ചിത്രപ്രേമിയുമായ പി. കെ. നായര്‍ (1933-2016) എന്ന അസാധാരണ മനുഷ്യന്‍ വിടപറഞ്ഞിട്ട് എഴ് വര്‍ഷം തികയുന്നു. പി.കെ സുരേന്ദ്രന്‍ എഴുതുന്നു.

മുംബൈയില്‍ നിന്ന് പൂനയിലേക്ക് ആറുവരി എക്‌സ്പ്രസ്സ് ഹൈവേ വരുന്നതിനും മുമ്പ്, അതിവേഗ ഇന്റര്‍നെറ്റിനും ഗുഗിളേശ്വരനും മുമ്പ്, ഞാന്‍ മുംബൈയില്‍ ജോലിചെയ്തിരുന്ന കാലത്ത് പല വാരാന്ത്യങ്ങളിലും സിനിമ കാണാനായി പൂനയിലെ നാഷണല്‍ ഫിലിം ആര്‍ക്കൈവിലേക്ക് പോവുമായിരുന്നു. അക്കാലത്ത് നല്ല സിനിമകള്‍ കാണാനുള്ള വഴികള്‍ നന്നേ കുറവായിരുന്നു. ഫിലിം സൊസൈറ്റികള്‍, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിയുടെ പ്രദര്‍ശനങ്ങള്‍, വിവിധ എംബസികള്‍ -ഇതൊക്കെ മാത്രമായിരുന്നു അന്ന് നല്ല സിനിമകള്‍ കാണാനുള്ള വേദികള്‍. കാസറ്റുകള്‍ അന്ന് പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.

ആര്‍ക്കൈവിലേക്കുള്ള യാത്രയില്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കും. ഒന്ന് ആര്‍ക്കൈവ് ലൈബ്രറിയില്‍ നിന്ന് സിനിമകള്‍ കാണാം. രണ്ട് അടുത്തുതന്നെയുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പതിവ് പ്രദര്‍ശനങ്ങള്‍ കാണാം. അന്ന് അവിടെ പഠിച്ചിരുന്ന പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ കെ.യു.മോഹനനും മറ്റും സഹായത്തിനുണ്ടായിരുന്നു. ശനി, ഞായര്‍ ദിവസങ്ങള്‍ അവിടെ ചിലവഴിച്ച് തിങ്കളാഴ്ച അതിരാവിലെ മുംബൈക്ക് തിരിക്കുകയായിരുന്നു പതിവ്. അത് മിക്കവാറും സത്താറ, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന പാല്‍ ടാങ്കറുകളിലെ ഡ്രൈവര്‍മാരെ സോപ്പിട്ട്, തുച്ഛമായ പൈസയ്ക്കായിരിക്കും. ഡ്രൈവറുടെ സീറ്റില്‍ ഞെരുങ്ങി ഇരിക്കണം എന്നുമാത്രം. മുംബൈക്കുള്ള ബസ്സ് ചാര്‍ജ് വളരെ കൂടുതലായിരുന്നു. (എനിക്കൊപ്പം ഇപ്പോള്‍ സൗദിയില്‍ ജോലിചെയ്യുന്ന ഇടവലത്ത് മോഹനനും, അന്തരിച്ച എ. നന്ദകുമാറും ഉണ്ടാവാറുണ്ട്. ഒരു പ്രാവശ്യം പ്രശസ്ത നാടക സംവിധായകന്‍ ജോസ് ചിറമ്മലും കൂടെവന്നു).

ആര്‍ക്കൈവിന്റെ ലൈബ്രറിയില്‍ നിന്ന് സിനിമ കിട്ടണമെങ്കില്‍ അതിന്റെ സാരഥിയായിരുന്ന പി.കെ. നായരുടെ സമ്മതം വേണം. ഒരു സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട്. ഓഫീസില്‍ ചെന്ന് നായര്‍ സാറിനെ കാണാനായി കാത്തുനില്‍ക്കും. അകത്തേക്ക് വിളിക്കുമ്പോള്‍ മുന്നില്‍ പോയി നിന്ന് സിനിമ കാണാനുള്ള ആഗ്രഹം അറിയിക്കും. പല ചോദ്യങ്ങള്‍ ഉണ്ടാകും. അതിനൊക്കെ ഉത്തരം പറഞ്ഞാല്‍, ഞങ്ങള്‍ യഥാര്‍ത്ഥ സിനിമാ പ്രേമികള്‍ ആണെന്ന് ബോധ്യപ്പെട്ടാല്‍, സിനിമ കാണാനുള്ള സംവിധാനം ഉണ്ടാക്കും. ഒപ്പം മലയാളികള്‍ ആണെന്ന പരിഗണയും തന്നിരിക്കാം. സാധാരണ ഈ രീതിയില്‍ സിനിമ കാണുന്നതിന് വലിയ തുകയാണ് ഫീസ്. ബാലു മഹേന്ദ്രയെ പോലുള്ള പ്രശസ്തരായിരുന്നുവത്രേ ഇത്തരത്തില്‍ സിനിമകള്‍ കണ്ടിരുന്നത്. ഞങ്ങള്‍, ഞാനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും, ദരിദ്രസിനിമാ പ്രേമികളാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ വളരെ ചെറിയ തുക ഫീസിന് ഒരു സിനിമ മൂവിയോളയില്‍ കാണാനുള്ള സംവിധാനവും ഒപ്പം മൂവിയോള പ്രവര്‍ത്തിപ്പിക്കാനായി ഒരു ഓപ്പറേറ്ററേയും അദ്ദേഹം അനുവദിച്ചു തന്നു. അങ്ങിനെ തിരിച്ചും മറിച്ചും, മുന്നോട്ടും പിന്നോട്ടും ഓടിച്ചും, ഴാന്‍-ലുക് ഗൊദാര്‍ദിന്റെ 'വീക്കെന്‍ഡ്' പോലുള്ള സിനിമകള്‍ കണ്ട് കുറിപ്പുകള്‍ എഴുതിയ കാര്യം ഇന്നും മനസ്സിലുണ്ട്. നായര്‍ സാറിന്റെ നല്ല മനസ്സുകൊണ്ടു മാത്രം ഈ രീതിയില്‍ ധാരാളം സിനിമകള്‍ കണ്ടിട്ടുണ്ട്. ഒപ്പം, ആര്‍ക്കൈവിന്റെ ലൈബ്രറി ഉപയോഗിക്കാനും കഴിഞ്ഞിരുന്നു.

ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു: ജോണ്‍ അബ്രഹാം എന്ന വിദ്യാര്‍ത്ഥി, രാത്രി മൂന്നു മണിക്ക് പസോളിനിയുടെ 'ഗോസ്പല്‍ എക്കൊര്‍ഡിംഗ് ടു സെയിന്റ് മാത്യു' (Gospel According to St. Mathew, 1964) എന്ന സിനിമ കാണണമെന്ന് നായരോട് ആഗ്രഹം പ്രകടിപ്പിച്ചു. നായര്‍ ഈ ആഗ്രഹം ഒരു മടിയും കൂടാതെ നിറവേറ്റിക്കൊടുത്തുവത്രേ.

അദ്ദേഹത്തെക്കുറിച്ചുള്ള മറ്റൊരു ഓര്‍മ്മയുണ്ട്. മാസത്തിലെ ആദ്യത്തെ ഞായറാഴ്ച മുംബൈയിലെ ബാന്ദ്രയിലെ ന്യൂ തീയേറ്ററില്‍ ഫെഡറേഷന്‍ നടത്തിയിരുന്ന ക്ലാസ്സിക് സിനിമകളുടെ പ്രദര്‍ശനത്തില്‍ കാണിക്കാനുള്ള പ്രിന്റുമായി അദ്ദേഹം തലേദിവസം തന്നെ എത്തുമായിരുന്നു. അതിനാല്‍ പ്രദര്‍ശന സമയം ഒരിക്കലും തെറ്റിയിരുന്നില്ല. അക്കാലത്ത് മുംബൈ-പൂന ഹൈവേയില്‍ ഉണ്ടാവാറുള്ള വലിയ തടസ്സങ്ങള്‍ ഒഴിവാക്കാനാണ് അദ്ദേഹം തലേ ദിവസംതന്നെ എത്തുന്നത്. എന്നാല്‍, മുംബൈയില്‍ താമസിക്കുന്ന ഞങ്ങള്‍ പലരും വൈകിയാണ് എത്താറുള്ളത്. ഒരു മിനി തിയറ്ററില്‍ നായരുടെ സിനിമാസ്വാദന ക്ലാസ്സില്‍ പങ്കെടുത്ത കാര്യവും ഓര്‍ക്കട്ടെ. ടി.എം.പി. നെടുങ്ങാടി (നാദിര്‍ഷാ), സാഹിത്യ രംഗത്തും നാടക രംഗത്തും പ്രവര്‍ത്തിച്ചിരുന്ന പി.ഏ. ദിവാകരന്‍, മാനസി, ഡോ. വേണുഗോപാല്‍, സുരേന്ദ്രബാബു, ഡോ. ഹരികുമാര്‍, അക്കാലത്ത് മുംബൈയില്‍ ഉണ്ടായിരുന്ന അഷ്ടമൂര്‍ത്തി, ഇനാശു, വി. ശശികുമാര്‍ (കലാകൗമുദി) എന്നിവര്‍ അന്ന് ഫിലിം സൊസൈറ്റിയില്‍ സജീവമായിരുന്നു. അതുപോലെ, പ്രശസ്ത സിനിമാ നിരൂപകനായ ഐ. ഷണ്മുഖദാസും മറ്റൊരു ഫിലിം സൊസൈറ്റിയില്‍ ഭാഗഭാക്കായിരുന്നു.

പി.കെ നായര്‍

സിനിമയോടും, താന്‍ ചെയ്യുന്ന പ്രവര്‍ത്തിയോടും അത്രമാത്രം ആത്മാര്‍ത്ഥത, പ്രതിബദ്ധത ഉണ്ടായിരുന്നു അദ്ദേഹത്തിന്. തന്റെ ജീവിതത്തെയും, കുടുംബത്തിന്റെ കാര്യങ്ങളെയുംകാള്‍ കൂടുതല്‍ അദ്ദേഹം പ്രാധാന്യം കൊടുത്തത് തന്റെ പ്രവര്‍ത്തിയ്ക്കായിരുന്നു. പ്രാണവായുവിനെപ്പോലെ സിനിമകള്‍ ശ്വസിച്ച് ജീവിച്ച ഒരാള്‍. അദ്ദേഹത്തിന്റെ കഠിന പ്രയത്‌നം ഒന്നുകൊണ്ടു മാത്രമാണ്, ഒരു സര്‍ക്കാര്‍ സ്ഥാപനമായ ആര്‍ക്കൈവിന് ഈ രീതിയില്‍ ലോക പ്രശസ്തി ലഭിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തില്‍ അദ്ദേഹം ഇന്ത്യയുടെ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപിക്കുകയും ഈ സ്ഥാപനത്തെ ഇന്നുകാണുന്ന രീതിയിലേക്ക് വളര്‍ത്തുകയും ചെയ്തു. ഇന്ത്യയുടെ സിനിമാ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞു എന്നത് ഈ മനുഷ്യന്റെ മാത്രം അസാധാരണ നേട്ടമാണ്. നായര്‍ വിരമിക്കുമ്പോള്‍ 12,000 സിനിമകള്‍ ആര്‍ക്കൈവ് ശേഖരിച്ചിരുന്നു. ഇതില്‍ 8,000 എണ്ണം ഇന്ത്യന്‍ സിനിമകള്‍ ആയിരുന്നു. അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ സൂക്ഷിപ്പുകാരനാണ്. കേവലം ഒരു ആര്‍ക്കൈവിസ്റ്റ് മാത്രമല്ല, ഒരു ചരിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം. അലസരും, കാര്യക്ഷമത ഇല്ലാത്തവരും, ആത്മാര്‍ഥത ഇല്ലാത്തവരുമായ സര്‍ക്കാര്‍ ജോലിക്കാര്‍ക്കിടയില്‍ നായര്‍ ഒരപൂര്‍വ്വ വ്യക്തിത്വമാണ്. പക്ഷെ, അദ്ദേഹത്തെ രാജ്യവും, സിനിമാ ലോകവും വേണ്ട രീതിയില്‍ ബഹുമാനിച്ചില്ല എന്നാണ് എന്റെ വിശ്വാസം. 'ഇന്ത്യന്‍ സിനിമയുടെ പിതാവ് ' എന്ന രീതിയിലുള്ള ഫാല്‍ക്കെയുടെ ബഹുമതിക്ക് പിന്നില്‍ നായരുടെ അചഞ്ചലമായ ആവേശം ഉണ്ട്, സിനിമയുടെ പ്രിന്റ് കണ്ടെത്തി റീസ്റ്റോര്‍ ചെയ്യുന്നതിലും, ആ രീതിയില്‍ തന്റെ എഴുത്തിലൂടെയും, സിനിമാ പ്രദര്‍ശനങ്ങളിലൂടെയും ഫാല്‍ക്കെയെ ഉയര്‍ത്തിക്കാണിക്കുന്നതില്‍. നായരുടെ വലിയ ആവേശമായിരുന്നു ഫാല്‍ക്കെ. ഫാല്‍ക്കെയെ അദ്ദേഹം പ്രൊമിത്യൂസിന്റെ രൂപത്തിലാണ് കാണുന്നത്. ഇന്ത്യന്‍ സിനിമയുടെ പിതാവിന്റെ പേരിലുള്ള ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹനാണ് പി.കെ. നായര്‍.

റിട്ടയര്‍ ചെയ്തതിന് ശേഷവും അദ്ദേഹം താമസിച്ചിരുന്നത് ആര്‍ക്കൈവിന് അടുത്തുതന്നെയുള്ള, മുമ്പ് താമസിച്ചിരുന്ന ഒറ്റമുറിയില്‍ത്തന്നെയായിരുന്നു. എന്നാല്‍, റിട്ടയര്‍ ചെയ്തതിന് ശേഷം അദ്ദേഹത്തെ ആര്‍ക്കൈവിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല എന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള 'സെല്ലുലോയ്ഡ് മാന്‍ ' എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ ശിവേന്ദ്രസിംഗ് ദുംഗാപൂര്‍ എനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മാത്രവുമല്ല, സിനിമാ ചിത്രീകരണത്തിനായി നായരെ ആര്‍ക്കൈവില്‍ പ്രവേശിപ്പിച്ചതിന് അദ്ദേഹത്തെ ചോദ്യംചെയ്തുവത്രേ. ശിവേന്ദ്രസിംഗ് കൂട്ടിച്ചേര്‍ക്കുന്ന പ്രധാന കാര്യം, നായര്‍ തന്റെ മക്കളേക്കാള്‍ സ്‌നേഹത്തോടെ പരിപാലിച്ചിരുന്ന സിനിമകള്‍ വളരെ ശോചനീയമായ നിലയിലായിരുന്നുവത്രേ അവിടെ സംരക്ഷിച്ചിരുന്നത്. എന്തിനധികം, സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആര്‍ക്കൈവില്‍ ചിത്രീകരിക്കാന്‍ അനുവദിച്ചില്ലത്രേ. തുടര്‍ന്ന്, അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ചിത്രീകരണം മാറ്റിയത്രേ. പ്രശസ്ത സംവിധായകന്‍ സയ്യദ് മിര്‍സ ഇടപെട്ടാണ് അദ്ദേഹത്തിന് പിന്നീട് ആര്‍ക്കൈവ്‌സില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത്.

നായരുടെ എഴുത്തിലൂടെ നമുക്ക് പല അറിവുകളും ലഭിക്കുന്നു: അടുത്തകാലം വരെ നമ്മുടെ സിനിമകളില്‍ സ്ത്രീ പുരുഷന്മാരുടെ ശാരീരിക ബന്ധത്തെ കാറ്റില്‍ ഉലയുന്ന രണ്ടു പൂക്കളുടെയും, കൊക്കുരുമ്മുന്ന ഇണക്കിളികളുടെയും, മുറിഞ്ഞുവീണ ഗൗളിവാള്‍ പോലെ പിടയുന്ന കാലുകളുടെയും, അണയുന്ന വിളക്കിന്റെയും ദൃശ്യങ്ങളിലൂടെയായിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാല്‍, 1920കളിലും 1930കളിലും ഇന്ത്യന്‍ സിനിമയില്‍ ചുംബന രംഗങ്ങള്‍ സാധാരണമായിരുന്നു. 1933-ലെ 'കര്‍മ' എന്ന സിനിമയിലെ ദേവികാ റാണിയും ഹിമാന്‍ശു റായിയും തമ്മിലുള്ള നീണ്ട ചുംബന രംഗം പ്രശസ്തമാണല്ലോ. (ദേവികാ റാണിയുടെ ഭര്‍ത്താവായിരുന്നു ഹിമാന്‍ശു). അതിനും മുമ്പ് 1929-ലെ 'എ ത്രോ ഓഫ് ഡൈസ് ' (A Throw of Dice) എന്ന സിനിമയില്‍ സീതാദേവി ചാരു റോയിയെ ചുംബിക്കുന്നുണ്ട്. മഹാഭാരത കഥയെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമ ഒരു സന്യാസിയുടെ മകളുടെ പ്രണയത്തിനായി മത്സരിക്കുന്ന രണ്ട് രാജാക്കന്മാരെക്കുറിച്ചാണ്. അക്കാലത്തെ മറ്റൊരു ജനപ്രിയ നടി സുബൈദ 1932-ല്‍ 'സറീന'യില്‍ അവരുടെ വസ്ത്രധാരണവും ചുംബന രംഗങ്ങളും കൊണ്ട് തരംഗം സൃഷ്ടിച്ചു. പിന്നീട് ബോളിവുഡില്‍ മദാലസയുടെ റോളില്‍ ജനപ്രീതി നേടിയ ലളിത പവാറിന്റെ 1920-കളിലെ 'പതി ഭക്തി'യില്‍ ഒരു ചുംബന രംഗം ഉണ്ടായിരുന്നു. പുരുഷ മേധാവിത്വമുള്ള ചലച്ചിത്രമേഖലയില്‍ അക്കാലത്തെ നടിമാര്‍ യാഥാസ്ഥിതികത്വത്തിന്റെ വിലക്കുകള്‍ തകര്‍ത്തു.

1940കളുടെ പകുതി വരെ ഹിന്ദി സിനിമകള്‍ സാമ്പ്രദായികമല്ലാത്ത ഉള്ളടക്കം ഉപയോഗിച്ചുവെങ്കിലും രാജ്യം സ്വതന്ത്രമായതിനു ശേഷം ഫിലിം അഡൈ്വസറി ബോര്‍ഡ് സ്ഥാപിച്ചതിനു ശേഷമാണ് ഈ രംഗം കൂടുതല്‍ യാഥാസ്ഥിതികമായത്. സ്വാതന്ത്ര്യ ലബ്ധിയോടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇന്ത്യയെ അതിന്റെ പവിത്രമായ രൂപത്തില്‍ അവതരിപ്പിക്കണമെന്ന് ബോര്‍ഡ് ആഗ്രഹിച്ചു. 1952-ല്‍ സിനിമാട്ടോഗ്രാഫ് ആക്ട് രൂപീകരിച്ചതിനെത്തുടര്‍ന്ന് സിനിമയിലെ ഇത്തരം ദൃശ്യങ്ങള്‍ അവസാനിച്ചു. സദാചാരത്തിന്റെ പേരില്‍, അസഭ്യം എന്ന് ആരോപിച്ച് സിനിമയിലെ ചുംബനത്തെ ഈ ആക്ട് തടഞ്ഞു.
1895 ഡിസംബര്‍ 28-ന് പാരീസില്‍ ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമയായ 'ദി അറൈവല്‍ ഓഫ് ദി ട്രെയിന്‍' (The Arrival of the Train) ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ സദസ്സിലെ അംഗങ്ങള്‍ ഓടിപ്പോയത്രേ. എന്നാല്‍, 1986 ജൂലൈ 7-ന് മുംബൈയിലെ വാട്‌സണ്‍ ഹോട്ടലില്‍ ഇന്ത്യയില്‍ ആദ്യമായി അതേ ചിത്രം ലൂമിയര്‍ പ്രതിനിധികള്‍ കാണിച്ചപ്പോള്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. ഇതിനൊക്കെ മുമ്പ് നിഴല്‍ പാവ പ്രകടനങ്ങളുടെ ദൃശ്യ-ശ്രാവ്യ അനുഭവം, നിശ്ചല ദൃശ്യങ്ങളുടെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ സൃഷ്ടിച്ച ചലനത്തിന്റെ മായികത നമുക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ലൂമിയര്‍ ഷോ സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം അത്ര വലിയ പുതുമയായിരുന്നില്ല എന്ന് അദ്ദേഹം എഴുതുന്നു.

സമൂഹത്തില്‍ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇന്ന് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമ സമൂഹത്തെയാണോ സ്വാധീനിക്കുന്നത്, അല്ല, സമൂഹം സിനിമയെയാണോ സ്വാധീനിക്കുന്നത് എന്നത് തര്‍ക്കവിഷയമാണ്. എന്റെ അഭിപ്രായത്തില്‍ ഇവ തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ട്, ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. 'ദേവദാസി'ന്റെ ദുരന്തം -സമ്പന്നനായ ഭൂവുടമയുടെ മകനായ യുവാവിന് തന്റെ ബാല്യകാല കാമുകിയായ പാര്‍വ്വതിയെ വിവാഹം കഴിക്കാനാവുന്നില്ല. കാരണം, സാമൂഹിക പ്രതിബന്ധങ്ങളും മാതാപിതാക്കളുടെ എതിര്‍പ്പുമാണ്. തുടര്‍ന്ന് അയാള്‍ ചന്ദ്രമുഖി എന്ന നര്‍ത്തകിയില്‍ അഭയം തേടുന്നു. മദ്യപിക്കുന്നു. അങ്ങിനെ സ്വയം വിനാശത്തിലേക്ക് നീങ്ങുന്നു-ഇത് ജനങ്ങളുടെ വൈകാരികതയെ വല്ലാതെ സ്പര്‍ശിച്ചു. ഈ സിനിമയുടെ വലിയതോതിലുള്ള പ്രചാരം 1930-കളില്‍ ദേവദാസിനെ ഒരു 'കള്‍ട്ട് ഹീറോ' ആക്കി മാറ്റി. പതിയെ രാജ്യത്തെ എളുപ്പം സ്വാധീനിക്കാവുന്ന യുവാക്കളില്‍ നിഷേധാത്മകമായ പ്രഭാവം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി എന്ന് നായര്‍ എഴുതുന്നു. ആ കഥാപാത്രമുണ്ടാക്കിയ സാമൂഹികാഘാതം വളരെ വലുതായിരുന്നു. സമാന രീതിയില്‍ പ്രണയ നൈരാശ്യമുള്ള യുവാക്കള്‍ മദ്യപാനത്തില്‍ അഭയം തേടുകയും, ദേവദാസിന്റെ സ്വയം നശിക്കുക എന്ന വഴി തെരഞ്ഞെടുക്കുകയും ചെയ്തു.

ദേവദാസിന്റെ ജനപ്രീതിയും സ്വാധീനവും വി. ശാന്താറാമിനെ (V. Shantaram) വലിയതോതില്‍ അസ്വസ്ഥനാക്കിയിരുന്നു. ജീവിതത്തെക്കുറിച്ചുള്ള ഈ കഥാപാത്രത്തിന്റെ നിഷേധാത്മക തത്വചിന്തയ്ക്ക് പകരമായി അദ്ദേഹം 1939-ല്‍ 'ആദ്മി' (Aadmi) എന്ന സിനിമയുമായി വന്നു. ഒരു പോലീസും വേശ്യയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമ. താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച സ്ത്രീ നിരാശപ്പെടുത്തിയതിനാല്‍ വിഷണ്ണനായ നായകന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുന്നു. താഴേക്ക് ചാടാനായി അയാള്‍ ഒരു കിഴക്കാംതൂക്കായ സ്ഥലത്ത് കയറുന്നു. പക്ഷെ, അവസാനം മനസ്സുമാറിയ അയാള്‍ വീട്ടിലേക്ക് മടങ്ങിപ്പോവുന്നു.

ബോറടിക്കുന്നതിനാല്‍ ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമകള്‍ കാണാന്‍ താത്പര്യപ്പെടാത്ത, സിനിമയുടെ ചരിത്രം അറിയാന്‍ മെനക്കെടാത്ത ഒരു കാലത്താണ് നാം. ഫ്രാന്‍സിസ് ഫുക്കുയാമയുടെ 'ചരിത്രത്തിന്റെ അന്ത്യം' എന്ന ആശയം മനസ്സില്‍ കടന്നുവരുന്നു. ഇന്ന് ഭൂരിപക്ഷത്തെയും സംബന്ധിച്ച് ചരിത്രം വളരെ ഹൃസ്വമായിരിക്കുന്നു -ഒന്നുകില്‍ അടുത്തകാലത്തുള്ള ഹോളിവുഡ് സിനിമകള്‍, അല്ലെങ്കില്‍ ന്യൂജെന്‍ സിനിമകള്‍. അതുകൊണ്ടുതന്നെ, ഇന്ന് ഉണ്ടാവുന്ന ഒറ്റഷോട്ടിലുള്ള സിനിമയെ, അല്ലെങ്കില്‍ നിശ്ചല ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള ചിത്രീകരണത്തെ ഇവര്‍ സിനിമയിലെ ആദ്യസംഭവം എന്ന രീതിയില്‍ പുകഴ്ത്തുന്നു. ഇവിടെയാണ് പി.കെ. നായരുടെ പ്രസക്തി. മഹത്തായ സിനിമകള്‍ മാത്രമല്ല, ഓരോ സിനിമയും -വിലകുറഞ്ഞതായി നാം കണക്കാക്കുന്ന ഒരു സ്റ്റണ്ട് സിനിമയും - സംരക്ഷിക്കാന്‍ അര്‍ഹതയുള്ളതാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്നലെ ചെയ്‌തോരബദ്ധം നാളത്തെ ആചാരമാവാം എന്നതുപോലെ, ഇന്ന് ചവറായി കരുതുന്ന ഒരു സിനിമയും ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഭാവിയില്‍ ഈ സിനിമ ഏതു രീതിയിലായിരിക്കും മനസ്സിലാക്കപ്പെടുന്നത് എന്ന് ആര്‍ക്കറിയാം? സിനിമ സംരക്ഷിച്ചാലല്ലേ അത് സാധ്യമാവുക. സംരക്ഷിച്ചില്ലെങ്കില്‍, ഒരു ചരിത്ര ഘട്ടത്തിലെ ഒരു ഴോണര്‍ നഷ്ടപ്പെടും.

ഈ പുസ്തകത്തില്‍ ഒരു അദ്ധ്യായത്തില്‍ ('വ്യക്തിത്വം തേടുന്ന മലയാളം സിനിമ') മലയാളം സിനിമയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, അടൂരിനേയും ജോണ്‍ അബ്രാഹാമിനെയും കുറിച്ച് ഓരോ അദ്ധ്യായങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ വളരെ വ്യത്യസ്തമായ സിനിമകള്‍ സംവിധാനം ചെയ്ത അരവിന്ദന് അത്തരത്തില്‍ സ്ഥാനം കിട്ടിയിട്ടില്ല. പുസ്തകത്തില്‍ അദ്ദേഹത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. മാത്രവുമല്ല, 'സിനിമയില്‍ രൂപപരമായ പരീക്ഷണം നടത്താന്‍ ശ്രമിച്ച 'കാഞ്ചന സീത' പോലുള്ള ചില ശ്രമങ്ങള്‍ ഒഴികെ, നമ്മുടെ ഭൂരിഭാഗം സിനിമകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഒരു വിശകലന-നാടകീയ ചട്ടക്കൂടിനുള്ളിലാണ്, പ്രധാനമായും റായിയുടെ റൊമാന്റിക്-റിയലിസ്റ്റിക് സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്' എന്ന് നായര്‍ എഴുതിയിട്ടുമുണ്ട്. അരവിന്ദനെക്കുറിച്ച് നായര്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂറിന്റെ മറുപടി ''ഞങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തില്‍ അന്വേഷിച്ചു, പക്ഷെ ഒന്നും കണ്ടെത്താനായില്ല'' എന്നായിരുന്നു. എന്നാല്‍, നായര്‍ക്ക് അരവിന്ദന്റെ സിനിമകള്‍ വളരെ ഇഷ്ടമായിരുന്നു എന്ന് ദുംഗാര്‍പൂര്‍ സാക്ഷ്യപ്പെടുത്തുന്നു. നായരുടെ ആഗ്രഹമനുസരിച്ചാണ് ദുംഗാര്‍പൂര്‍ അരവിന്ദന്റെ 'തമ്പ്', 'കുമ്മാട്ടി' എന്നീ സിനിമകള്‍ റീസ്റ്റോര്‍ ചെയ്യുന്നത്.

പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ കാരണമായ സി.എസ്. വെങ്കിടേശ്വരനോടും അവസരം തന്ന ഫിലിം ഹെറിറ്റേജ് ഫൌണ്ടേഷന്റെ സാരഥിയായ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂറിനോടും നന്ദി പറയുന്നു. (ഈ സ്ഥാപനമാണ് പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്). അതുപോലെ, പുസ്തകത്തിന്റെ കരട് വായിക്കാന്‍ സഹായിച്ച എന്റെ സുഹൃത്ത് പ്രേംലാല്‍ കൃഷ്ണനോടുള്ള നന്ദിയും രേഖപ്പെടുത്തുന്നു. നായര്‍ ഒരു മലയാളി ആയതുകൊണ്ടു മാത്രമല്ല, 'കേരളത്തിലെ തെരുവുകളില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ രണ്ടാമത്തെ വ്യക്തിയും ഇക്കാലത്ത് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു' എന്ന് നായര്‍ വിശേഷിപ്പിക്കുന്ന കേരളത്തിലെ സിനിമാ പ്രവര്‍ത്തകരും, സിനിമാ എഴുത്തുകാരും, പഠിതാക്കളും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ഇത് നമ്മെ സിനിമയുടെ ചരിത്രത്തിലേക്ക്, സിനിമയുടെ ഗന്ധത്തിലേക്ക് വല്ലാതെ അടുപ്പിക്കും.

പൂഴിവിരിച്ച തറയിലിരുന്ന് കഷണം കഷണമായി കണ്ട സിനിമകളാല്‍ പ്രചോദിതനായി സിനിമ പഠിക്കാനായി തിരുവനന്തപുരത്തുനിന്ന് മുംബൈയില്‍ എത്തി അക്കാലത്ത് ഹിന്ദി സിനിമയില്‍ പ്രശസ്തനായിരുന്ന മെഹ്ബൂബിന്റെ അടുത്തെത്തുകയും, സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ശ്രമിച്ച് എവിടെയും എത്താതെ ഇതല്ല തന്റെ രംഗമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ആര്‍ക്കൈവില്‍ തനിക്ക് പ്രിയപ്പെട്ട സിനിമയുടെതന്നെ മറ്റൊരു മേഖല തിരഞ്ഞെടുത്ത് വിജയം കൈവരിച്ച നായര്‍ നമ്മെ പ്രചോദിപ്പിക്കും. ഓരോ വ്യക്തിക്കും തിളങ്ങാന്‍ പറ്റുന്ന മേഖലയുണ്ട്. അത് കണ്ടെത്തുക എന്നത് പ്രധാനമാണ്. എല്ലാവര്‍ക്കും സിനിമാ സംവിധായകരാവാന്‍ പറ്റില്ലല്ലോ.

Content Highlights: P.K Nair, P.K Surendran, Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented