പി. ഭാസ്‌കരൻ | ഫോട്ടോ: സന്തോഷ് കെ.കെ.
പെരുമ്പുഴ ഗോപാലകൃഷ്ണന്‍ രചിച്ച 'പി. ഭാസ്‌കരന്‍: ഉറങ്ങാത്ത തംബുരു' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...
മഹാരാജാസിന്റെ തിരുമുറ്റത്തേക്ക്
കോളേജ്! ഭാസ്‌കരന്റെ ഉള്ളു നിറയെ ഉത്കണ്ഠയായിരുന്നു. കൊച്ചിയിലെ മഹാരാജാസ് കോളേജ്! പറഞ്ഞുകേട്ടിട്ടേയുള്ളൂ. അച്ഛന്റെ അഭാവം ഹൃദയത്തിന്റെ മൂലയിലെങ്ങോ ഒരു വിഷാദരേഖ കോറിയിട്ടുവെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാവുന്നതിന്റെ ഒരു നാളം അവിടെ തളിരിട്ടു. കൈയും പിടിച്ച് സ്‌കൂളിലേക്ക് ആദ്യം കൂട്ടിക്കൊണ്ടുപോയ അച്ഛന്റെ രൂപം മനസ്സില്‍ നിറഞ്ഞുനിന്നു.
മുറ്റത്തേക്കു കയറിയപ്പോള്‍ത്തന്നെ ഹൃദയത്തിനൊരു മിടിപ്പ്, അകാരണമായ ഒരു ഭീതി. ഗാംഭീര്യമുള്ള കെട്ടിടം, അതിന്റെ ഒരു പ്രൗഢി! കണ്ടിട്ടില്ലാത്ത വിധമുള്ള വാസ്തുശില്പമാതൃക. നടുമുറ്റത്ത് വൃത്താകൃതിയില്‍ ഉദ്യാനം. പുഷ്പിതശോഭയും ഹരിതാഭയും സങ്കലിതമായ ഒരു സൗന്ദര്യഭാവം! വരാന്തയിലെത്തി, അപ്പുറത്തേക്ക്- പ്രിന്‍സിപ്പലിന്റെ പ്രത്യേകമുറി. വാതിലില്‍ 'വില്ലായത്തു' ശിപായി. തലപ്പാവും കരശ്ശീലകൊണ്ടൊരു 'ക്രോസ് ബെല്‍റ്റും', ഒരു ഗമയുണ്ട്!
ഹൈസ്‌കൂളിലേതുപോലല്ലല്ലോ, ഇവിടത്തെ ചുറ്റുപാടുകള്‍. അവിടെ ഒരു ക്ലാസില്‍ ഇരുന്നാല്‍ മതി. എല്ലാ വിഷയവും അധ്യാപകര്‍ അവിടെ വന്നുപഠിപ്പിക്കും. ഇവിടെ അങ്ങനെയല്ല. ഓരോ വിഷയത്തിനും പ്രത്യേകമുറികള്‍. ഓരോന്നിനും പ്രത്യേകം പ്രൊഫസര്‍മാര്‍. അവരുടെ ഗൗരവപൂര്‍ണമായ ഭാവം! കുട്ടികള്‍ യഥാസമയം ക്ലാസില്‍നിന്നു ക്ലാസിലേക്ക് നടന്നുകേറുന്നു, ഇറങ്ങിപ്പോകുന്നു. സയന്‍സിനും മറ്റും 'ലാബ്' പ്രത്യേകം. പുസ്തകങ്ങള്‍ മാറില്‍ ചേര്‍ത്തുപിടിച്ച് അധ്യാപകര്‍ ക്ലാസുകളിലേക്ക്.
തലപ്പാവുള്ളവര്‍, പാളത്താറുടുത്തവര്‍, കോട്ടും ടൈയുമണിഞ്ഞവര്‍, സാധാരണ പാന്റ്സും ഷര്‍ട്ടുമുള്ളവര്‍, മുണ്ടും ഷര്‍ട്ടും ധരിച്ചവര്‍, വര്‍ണാഭമാര്‍ന്ന സാരിയുടുത്ത അധ്യാപികമാര്‍! എല്ലാം ഒരു പുതുമതന്നെ. അതാണ് കൊച്ചിയിലെ അതിപ്രശസ്തമായ, യൂറോപ്പിലെയും ഏഷ്യയിലെയും പ്രശസ്തരും ധിഷണാശാലികളുമായ അധ്യാപകരുടെ പരമ്പരകള്‍ ധന്യമാക്കിയ കലാലയം.
വിജ്ഞാനംകൊണ്ടും സര്‍ഗപ്രതിഭകൊണ്ടും ഭരണനൈപുണികൊണ്ടും ജീവിതത്തിലെ വിവിധ മേഖലകളെ സമ്പന്നസുഭഗമാക്കിയ വ്യക്തിപ്രഭാവങ്ങളെ വാര്‍ത്തെടുത്ത ഇടം. മഹാരാജാസ് കോളേജ്! അഹങ്കാരസ്ഫുരിതഭാവത്തോടെ, ഉന്നതശീര്‍ഷയായി നില്ക്കുന്ന കലാലയത്തിലാണ് സ്‌കൂള്‍ഫൈനല്‍ കഴിഞ്ഞ ഭാസ്‌കരന്‍ ജൂനിയര്‍ ഇന്റര്‍മീഡിയറ്റ് ക്ലാസില്‍ ചേരുന്നത്.
ലക്ഷ്യമെന്തായിരുന്നാലും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത്, ഭരണാധികാരികള്‍ മലയാളജനതയെ വിദ്യാഭ്യാസംകൊണ്ടു പ്രബുദ്ധരാക്കുവാനും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും യഥാവിധി അവ നടത്തുവാനും നിസ്വാര്‍ഥമായ സേവനമനുഷ്ഠിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇംഗ്ലീഷുകാരായ ധിഷണാശാലികളുടെയും ഭരണാധികാരികളുടെയും വിശാലഹൃദയരും പ്രജാസ്നേഹികളുമായ നാട്ടുരാജാക്കന്മാരുടെയും വിദൂരവീക്ഷണത്തിന്റെ ഫലമായാണ് ഈ നാട്ടില്‍ ഉത്തമങ്ങളും പ്രയോജനപ്രദങ്ങളുമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിലവില്‍ വന്നത്.
ശങ്കരവാര്യര്‍ കൊച്ചി ദിവാനായിരുന്ന കാലത്ത് (184056) വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നു ചരിത്രം. അന്നാണ് എറണാകുളത്ത് ഗവണ്‍മെന്റ് എലിമെന്ററി സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടത് (1845). അദ്ദേഹത്തിന്റെ മകന്‍ ശങ്കുണ്ണിമേനോന്‍ ദിവാനായപ്പോള്‍ (1860) ഈ ഹൈസ്‌കൂളിനെ എറണാകുളം കോളേജാക്കി മാറ്റി. ഇതാണ് പിന്നീട് സമ്പൂര്‍ണ കോളേജായി പരിണമിച്ചത്. അതിനു മഹാരാജാസ് കോളേജ് എന്നു പേരു നല്കുകയുണ്ടായി.
ഈ വളര്‍ച്ചയുടെ പിന്നില്‍ ത്യാഗോജ്ജ്വലമായ സംഭാവന നല്കിയ പല ബ്രിട്ടീഷുകാരെയും അനുസ്മരിക്കാനുണ്ട്. ഇവിടെ അതു സാധ്യമല്ലല്ലോ. എന്നാല്‍, ഈ സ്ഥാപനത്തിന്റെ പ്രാരംഭകാലത്തുണ്ടായിരുന്ന സിലി സായിപ്പിനെ വിസ്മരിക്കാനാവില്ല. 'കൊച്ചിയിലെ ഇംഗ്ലീഷ്വിദ്യാഭ്യാസത്തിന്റെ പിതാവെ'ന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. നാട്ടിന്‍പുറത്തുകാരന്‍ അധ്യാപകന്റെ ലാളിത്യം, വിദ്യാര്‍ഥികളോടുള്ള സ്നേഹം, അവശരായ വിദ്യാര്‍ഥികളെ സഹായിക്കാനുള്ള സന്നദ്ധത, അധ്യാപനത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കാനും വിദ്യാലയം സംരക്ഷിക്കാനുമുള്ള തന്ത്രം ഇവയെല്ലാം അദ്ദേഹത്തെ എല്ലാവരുടെയും ആരാധ്യനാക്കി മാറ്റി.
ഇവിടെ കെട്ടിടം നിര്‍മിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം കേംബ്രിഡ്ജ് കോളേജിന്റെ വാസ്തുശില്പമാതൃകയാണ് സ്വീകരിച്ചത്. 1867 ഡിസംബര്‍ 9 തിങ്കളാഴ്ച ബ്രിട്ടീഷ്മേധാവികളുടെയും മറ്റും സാന്നിധ്യത്തില്‍ രാമവര്‍മ മഹാരാജാവു കല്ലിട്ടശേഷം നിര്‍മിച്ചതാണ് കോളേജിന്റെ പടിഞ്ഞാറേക്കെട്ടിടം. തൃപ്പൂണിത്തുറക്കൊട്ടാരം പണിക്കാരന്‍ മൂത്താശാരി കേശവനാണ് ഇതിന്റെ പണിയുടെ ചുമതല വഹിച്ചത് എന്നും ചരിത്രം സൂചിപ്പിക്കുന്നു.
1892 വരെ ഇവിടെ സേവനമനുഷ്ഠിച്ച മേല്പറഞ്ഞ സായിപ്പായിരുന്നു ഈ അഭിവൃദ്ധിയുടെ പിന്നിലെ ഊര്‍ജം. അദ്ദേഹം പിന്നീട് അന്നത്തെ ദിവാന്‍ വെങ്കിടേശയ്യരുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ഈ സ്ഥാനം ഉപേക്ഷിച്ചുപോയി. ഈ സ്ഥാപനത്തോടും വിദ്യാര്‍ഥികളോടും നാട്ടുകാരോടും രാജാവിനോടുമുള്ള സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹം ചെയ്ത വിടവാങ്ങല്‍ പ്രസംഗം.
സാഹിത്യകാരനും പത്രപ്രവര്‍ത്തകനും മഹാരാജാസിലെ പൂര്‍വവിദ്യാര്‍ഥിയുമായ രവി കുറ്റിക്കാട്, 'മഹാരാജാസിന് പ്രണയപൂര്‍വം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച- കോളേജിന്റെ ചരിത്രത്തില്‍നിന്ന് സിലിയുടെ വിടവാങ്ങല്‍പ്രസംഗത്തിന്റെ ഏതാനും വരികള്‍ ഇവിടെ പകര്‍ത്തട്ടെ:'...it was the light from Eastern World which illuminated Europe and now the west simply reflects back same of the effulgence it formerly gained from the east...'
തന്റെ ദൗത്യം പൂര്‍ണമായി നിറവേറ്റി എന്ന സംതൃപ്തിയോടെ എല്ലാവരോടും വിടചൊല്ലിയശേഷം സിലി കോളേജിന്റെ മെയിന്‍ ഹാളില്‍നിന്നു പുറത്തേക്കിറങ്ങി. പടികളിറങ്ങുമ്പോള്‍ അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. പെയ്യാന്‍ പോകുന്ന വര്‍ഷകാലമേഘംപോലെയാണ് ആ മുഖങ്ങളെന്ന് അദ്ദേഹത്തിനറിയാം. ഇടവും വലവും നോക്കാതെ നേരേ നടന്നുനീങ്ങി.'
ഇത്തരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വികാരദീപ്തമായ ബിന്ദുക്കള്‍ നട്ടുവളര്‍ത്തിയതാണീ മഹാസ്ഥാപനം. അവരുടെയൊക്കെ വികാരങ്ങളുടെ മഴയും വെയിലും ചാലിച്ച 'ചാന്തു'കൊണ്ട് കെട്ടിയുയര്‍ത്തിയതാണീ മന്ദിരം.
1925-ല്‍ ഈ സ്ഥാപനത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന് 'എച്ച്.എച്ച്. രാജാ സ്‌കൂള്‍ എറണാകുളം' എന്നത് 'മഹാരാജാസ് കോളേജ്' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. വൈദേശികവും പ്രാദേശികവുമായ വൈജ്ഞാനികതയുടെ ദീപ്തഭാവങ്ങള്‍ ഈ കലാക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ വിടര്‍ന്നിട്ടുണ്ട്. മലയാളഭാഷയിലെ ഉത്തമങ്ങളായ പല സര്‍ഗാത്മകചൈതന്യങ്ങളുടെയും അനുഭൂതികളുടെയും പൂങ്കുലകള്‍ സൗരഭ്യം വിടര്‍ത്തിയതാണിവിടം. മഹാകവി ടാഗോര്‍, മഹാത്മാഗാന്ധി എന്നിവരുടെ പാദസ്പര്‍ശംകൊണ്ടു മഹിതമായ ഭൂമിയാണിത്.
വിദ്യയാളമൃതമശ്നുതേ
(വിദ്യകൊണ്ട് അമൃതാവസ്ഥയെ, മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കുന്നു.)
ഈശാവാസ്യോപനിഷത്തിലെ വാക്യമുദ്രിതമായ കോളേജ്ചിഹ്നം, ഭാരതീയദാര്‍ശനികഭാവം പ്രോജ്ജ്വലിപ്പിക്കുന്നതാണ്. എത്രയോ പ്രതിഭാധനര്‍ക്കു ജന്മം നല്കിയിട്ടുള്ളതാണീ അകത്തളങ്ങളും തിരുമുറ്റവും. കെ. അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, പി. ശങ്കരന്‍ നമ്പ്യാര്‍, കുറ്റിപ്പുഴ, കുറ്റിപ്പുറത്തു കേശവന്‍നായര്‍, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയ അധ്യാപകര്‍ സി. കേശവന്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, എം. ലീലാവതി, ചങ്ങമ്പുഴ, എ. ശ്രീധരമേനോന്‍, വി.ടി. ഇന്ദുചൂഡന്‍, പി. ബാലഗംഗാധരമേനോന്‍, പി.കെ. ബാലകൃഷ്ണന്‍, വി.എ. സെയ്ദ് മുഹമ്മദ്, കെ.എ. ചന്ദ്രഹാസന്‍, എന്‍.എ. കരീം, വിശ്വനാഥമേനോന്‍, എ. സുലോചന എന്നിങ്ങനെ പിന്നീട് ജീവിതത്തിന്റെ നാനാതുറകളില്‍ ഉന്നതരായി പ്രശോഭിച്ച പലരും ഈ കലാലയത്തിന്റെ സന്തതികളാണ്. എസ്. ഗുപ്തന്‍നായര്‍, ഒ.എന്‍.വി. കുറുപ്പ്, നടന്‍ മമ്മൂട്ടി തുടങ്ങി ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, രാജലക്ഷ്മി അങ്ങനെ ഈ കാലഘട്ടത്തിനുശേഷം വന്നുപോയവര്‍ എത്ര!
ഇതിഹാസത്തിന്റെ ഇരുട്ടറകള്‍
പോരാട്ടത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഭീഷണി ഉണ്ടാവുക സ്വാഭാവികമാണല്ലോ. പ്രത്യേകിച്ചും നാല്പതുകളില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടു കൂറും അതു പ്രാവര്‍ത്തികമാക്കുന്നതില്‍ ദൃഢവ്രതരും തത്പരരുമായ പ്രവര്‍ത്തകര്‍ക്കു നേരേ തീര്‍ച്ചയായും. ഭാസ്‌കരനും അക്കാര്യത്തില്‍ അന്യനായിരുന്നില്ല. പോലീസിന്റെയും എതിര്‍പ്രസ്ഥാനങ്ങളുടെയും ശ്രദ്ധ ഭാസ്‌കരനെ അനുഗമിച്ചിരുന്നു.
ഭാസ്‌കരന്‍ ഇതിനകം വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വക്താവായി മാറിക്കഴിഞ്ഞിരുന്നു. ഭാസ്‌കരന്‍ എന്ന യുവാവിലെ ചുമതലാബോധവും പ്രത്യയശാസ്ത്രപരമായ വിജ്ഞാനവും വിശ്വാസ്യതയും അദ്ദേഹത്തെ കൂടുതല്‍ ഗൗരവമുള്ള പ്രവൃത്തിമണ്ഡലത്തിലേക്കു നിയോഗിക്കപ്പെടുന്നതിനുള്ള യോഗ്യതയായി പരിഗണിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ലാഹോറില്‍ സംഘടിപ്പിക്കപ്പെട്ട രഹസ്യായുധ പോരാട്ടപരിശീലനക്യാമ്പിലേക്കു കേരളത്തില്‍നിന്നു നിയോഗിക്കപ്പെട്ടനാലു നേതാക്കളുടെ കൂട്ടത്തില്‍ ഭാസ്‌കരനുമുണ്ടായിരുന്നു.
ഗറില്ലാ യുദ്ധമാതൃകയിലുള്ള പരിശീലനം ദേശീയസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ തീക്ഷ്ണതയും വേഗതയും തീരേ അപര്യാപ്തമെന്നതായിരുന്നു ഭാസ്‌കരന്റെ സ്ഥായിയായ വികാരം. ഗാന്ധിസത്തില്‍നിന്നു കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പരിണതഭാവം തന്നെയായിരുന്നിരിക്കാം. വള്ളത്തോളിന്റെയും മറ്റും കവിതയില്‍ ധ്വനിച്ചിരുന്ന 'പോരാ' എന്ന ശബ്ദം ഭാസ്‌കരനില്‍ ഉണര്‍ന്നുനിന്നിരുന്നു.
'പോരാ പോരാ' എന്ന സ്വാതന്ത്ര്യസമരോത്സുകതയുടെ വിശ്രുതഗാനം മനസ്സിലുണരുമ്പോള്‍ ഏതോ പോരാത്തതായോ ഏതിലോ പോരായ്മയുള്ളതായോ ഒരു തോന്നല്‍. വിപ്ലവ വേഗത്തിന്റെ പോരായ്മയായിട്ടേ ഭാസ്‌കരഹൃദയം പ്രചോദിപ്പിച്ചിരുന്നുള്ളൂ. ഭാസ്‌കരന്‍ തന്റെ ദേശീയസമരകൗതുകം 1940 ആകുമ്പോഴേക്കും ഉപേക്ഷിക്കുകയും പൂര്‍ണമായും കമ്യൂണിസ്റ്റുയാത്രികനാവുകയും ചെയ്തുകഴിഞ്ഞിരുന്നു.
ഗാന്ധിത്തൊപ്പിയുമണിഞ്ഞ് കോളേജില്‍ പൊയ്ക്കൊണ്ടിരുന്ന ശീലമൊക്കെ ഉപേക്ഷിച്ച് ഗാന്ധിവിമര്‍ശകനാവുകയും ചെയ്തു. എങ്കിലും ഗാന്ധിജിയോടും ദേശീയ സ്വാതന്ത്ര്യപ്പോരാട്ടത്തോടുമുള്ള അനുഭാവം ഭാസ്‌കരന്റെ മനസ്സില്‍ ഭാരതീയസംസ്‌കൃതിയുടെയും പൈതൃകസിദ്ധമായ ചോദനയുടെയും ഭാഗമായി അവശേഷിച്ചിരുന്നു. ആ വികാരാംശമാണ് 1942-ല്‍ വാര്‍ധയില്‍ പോയി ഗാന്ധിജിയെ സന്ദര്‍ശിക്കണമെന്ന മോഹത്തിന്റെ പിന്നിലെ പ്രേരകശക്തി.
കമ്യൂണിസ്റ്റായിരുന്നിട്ടുപോലും ദേശസ്നേഹപരമായ പ്രവര്‍ത്തനപരിപാടികളില്‍ ഭാസ്‌കരന്‍ പങ്കെടുക്കാതിരുന്നില്ല. ക്വിറ്റ് ഇന്ത്യാപ്രസ്ഥാനത്തോടുള്ള കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നിലപാടിനോട് ഭാസ്‌കരനു യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിനനുകൂലമായി ഭാസ്‌കരന്‍ കൊടുങ്ങല്ലൂരില്‍ പ്രസംഗിച്ചു. ഒന്നിലധികം യോഗങ്ങളിലെ പ്രസംഗങ്ങള്‍, ദേശീയപതാക ഉയര്‍ത്തല്‍, കീജേയ്വിളികള്‍, വേട്ടയാടാന്‍ ഭാസ്‌കരന്റെ പുറകേ നടക്കുന്ന പോലീസ്പടയ്ക്കു മറ്റെന്തു വേണം. ഭാസ്‌കരന്‍ ആ വലയില്‍ കുടുങ്ങി.
ഒന്‍പതു മാസം തടവറയ്ക്കുള്ളില്‍, കഠിനജീവിതം നയിക്കാനുള്ള നിയോഗം! കേട്ടിട്ടേയുള്ളൂ. വിയ്യൂര്‍ ജയില്‍ അഥവാ തൃശ്ശൂര്‍ സെന്‍ട്രല്‍ ജയില്‍. കൊള്ളക്കാരും കൊലപാതകികളും മറ്റു കുറ്റവാളികളും ജീവിച്ചിരുന്ന സ്വതന്ത്രവിശാലപാര്‍പ്പിടസ്ഥലം. രാഷ്ട്രീയകുറ്റവാളികളും അവിടൊക്കെത്തന്നെ. ആ തറകളില്‍നിന്ന് എത്രയോ മനുഷ്യരാണ്, ആരാച്ചാര്‍ തുറന്നുകൊടുക്കുന്ന വഴിയിലൂടെ (അ) 'നശ്വരതയുടെ' ശാന്തികവാടത്തിലേക്ക് പ്രമോഷന്‍ ലഭിച്ചു പോയിട്ടുള്ളത്. ആരുടെയൊക്കെയോ കണ്ണുനീരു വീണുനനഞ്ഞ ഇടമാണ്. എത്ര പേരുടെ വേര്‍പാടിന്റെ നിസ്വനങ്ങള്‍ തങ്ങിനിന്നു മരവിച്ചതാണ് ആ ഭിത്തികള്‍. കുറ്റവാളികളും കുറ്റവാളികളാക്കപ്പെട്ടവരും എത്ര! തൃശ്ശൂരില്‍നിന്നു കാല്‍നടയായി ജയിലിലേക്ക്, പോലീസുകാരുടെ അകമ്പടിയോടെ നീങ്ങുമ്പോള്‍ മനസ്സു നിറയെ എന്തൊക്കെയോ ചിന്തകളുടെ വിങ്ങല്‍!
ചരിത്രസ്മരണകളുണര്‍ത്തുന്ന കുറ്റകൃത്യവിഹാരത്തിന്റെ വലിയ കവാടത്തിലെ 'വിക്കറ്റ് ഗേറ്റി'ലൂടെ അകത്തേക്കു കടന്നപ്പോള്‍ ആദ്യം അല്പം നെഞ്ചിടിപ്പു തോന്നിയോ?ഭാസ്‌കരന്റെ മനസ്സിന്റെ ഭാരം അല്പം ലഘൂകരിക്കപ്പെട്ടിരിക്കുന്നു. ജയിലിനുള്ളിലെ കാര്യങ്ങളൊക്കെ നേരില്‍ കാണുകയും അനുഭവിച്ചറിയുകയും ചെയ്യുക. അപൂര്‍വവും കൗതുകകരവും അസുലഭവുമായ ഒരവസരം!
പല മഹാന്മാരുടെയും നിരയിലേക്ക് താനും ഉയര്‍ന്നു എന്ന അഭിമാനപൂര്‍വമായ തോന്നല്‍ ജയില്‍വരാന്തയിലൂടെ തലയുയര്‍ത്തി നടന്നുപോകാന്‍ ഭാസ്‌കരനെ പ്രേരിപ്പിച്ചു. ജയിലറകളിലെ 'സീനിയര്‍' അന്തേവാസികള്‍ മുദ്രാവാക്യം വിളിച്ച് നവാഗതരെ സ്വാഗതം ചെയ്തപ്പോള്‍ ഭാസ്‌കരന്‍ കുറെക്കൂടി ഊര്‍ധ്വശീര്‍ഷനായി നടന്നുപോയി. ഭാസ്‌കരന്‍ ഓര്‍ക്കുന്നു,'....സത്യത്തില്‍ ആവേശവും അഭിമാനവും തോന്നി. മഹാന്മാരായ നേതാക്കന്മാരും ദേശാഭിമാനികളും വിപ്ലവകാരികളും സഞ്ചരിച്ച പാതയിലേക്കു കടന്നുചെല്ലാന്‍ ഒരവസരം കിട്ടിയിരിക്കുന്നു. ജയില്‍വാസം, മര്‍ദനം, വിദ്യാഭ്യാസഭംഗം, യാതന തുടങ്ങിയവയെല്ലാം അന്നത്തെ ആദര്‍ശധീരമായ കുതിച്ചുനടത്തത്തിനിടയില്‍ തലയില്‍ പാറിവീഴുന്ന തൂവലുകളായി കണക്കാക്കാന്‍ എന്നെപ്പോലുള്ളവര്‍ പഠിച്ചിരുന്നു.'
പാതി തമാശയും പാതി ഗൗരവവും കലര്‍ന്നതായിരുന്നു ജയില്‍ജീവിതം ഭാസ്‌കരന്. കോടതിവിധിയിലെ 'കഠിന'ത്തിന് അത്ര കാഠിന്യമില്ലായിരുന്നു. മൂന്നു പത്രം വായിക്കാന്‍ കിട്ടി. കിടക്കാന്‍ തഴപ്പായ. ഷര്‍ട്ടും ബനിയനുമല്ലാത്ത ഒരുതരം വരയന്‍തുണിയുടെ, കുപ്പായം ധരിക്കാന്‍. അതേ വരയുള്ള നിക്കര്‍. വിചിത്രാകൃതിയിലുള്ള ഒരു തൊപ്പി. ഭക്ഷണം കഴിക്കാന്‍ അലൂമിനിയം പാത്രം. പിന്നൊരു ചെറുപാത്രം വെള്ളം കുടിക്കാന്‍, ഒരു ഗ്ലാസ്. അതും അലൂമിനിയം.
പലതരം തടവുകാരെ പാര്‍പ്പിക്കാന്‍ വിവിധ വിഭാഗം മുറികള്‍! ക്വാറന്റൈന്‍, സെല്ലുകള്‍, ഡെറ്റിന്യൂ, സിവില്‍ ജയില്‍, അസോസിയേഷന്‍ ബ്ലോക്ക്. വാര്‍ഡര്‍മാര്‍, ബയണറ്റും തോക്കും പിടിച്ചു നില്ക്കുന്ന സെന്‍ട്രികള്‍, ജയിലറുടെ ഓഫീസ് മുറി ഇവയെല്ലാം വ്യത്യസ്താനുഭൂതിയുടെ പുതിയ കിളിവാതില്‍ തുറന്നുനല്കി.
'ചോറൂണ്' സരസമായ ഒരു പശ്ചാത്തലകഥയുള്ളതാണ്.
ആറു മണിക്കാണ് അത്താഴം. തടവുകാര്‍ വരിയായി നില്ക്കുക, റോള്‍കോള്‍ കഴിഞ്ഞ് എല്ലാവരും ഭക്ഷണത്തിനു നിരന്നിരിക്കും. ഭക്ഷണം കൊണ്ടുവരുന്നത് ഏറെ പുതുമയുള്ളതും തമാശ നിറഞ്ഞതുമായ സംഭവമാണ്. 'പ്രമോഷന്‍' കിട്ടിയ തടവുപുള്ളികളാണ് ഭക്ഷണവണ്ടിയുടെ ആറാട്ടു നടത്തുന്നത്. ഭാസ്‌കരന്‍ അതു വിവരിക്കുന്നതിങ്ങനെയാണ്:
'അതൊരു വരവുതന്നെയായിരുന്നു! മുസ്ലിങ്ങളുടെ മയ്യത്തു കൊണ്ടുവരുന്നതുപോലെ. ഒരു വലിയ ഇരുമ്പുപലക തുണികൊണ്ട് മൂടിയതിന്റെ രണ്ടറ്റത്തുമുള്ള കാലുകളില്‍ പിടിച്ചാണ് ചോറു കൊണ്ടുവരുന്നത്. ഒരു മഞ്ചല്‍ കൊണ്ടുവരുന്നതുപോലെ. വെള്ളത്തുണി മാറ്റിയപ്പോള്‍ വട്ടത്തിലുള്ള കോരിക പാത്രംകൊണ്ട് അച്ചിലിട്ട മട്ടില്‍ പടയായി വാര്‍ത്തെടുത്ത കറുത്ത ചോറിന്‍കട്ടകള്‍! ഒന്നുരണ്ടു റാത്തല്‍ (കിലോയ്ക്കു പകരമുള്ള അന്നത്തെ അളവ്) തൂക്കം വരും' എന്താണ് കറുത്ത ചോറ്? അതിനും ഉണ്ടൊരു കഥ!
മുന്‍പ്, പുള്ളികള്‍ക്കു പോഷകാഹാരം കുറഞ്ഞ ഒരു അവസ്ഥയുണ്ടായി. അതിനു കാരണം, ഭക്ഷണത്തില്‍ ഇരുമ്പിന്റെ അംശം കുറവാണെന്ന് അന്നു കണ്ടെത്തി. വ്യാപകമായി ടോണിക്കും മറ്റും കൊടുക്കാനാവാത്തതിനാല്‍, അന്നുണ്ടായിരുന്ന പ്രശസ്ത ഡോക്ടര്‍കൂടിയായ മെഡിക്കല്‍ ഓഫീസര്‍ ഇരുമ്പിന്റെ കറചേര്‍ന്ന ചോറ് എല്ലാവര്‍ക്കും കൊടുക്കുക എന്നു നിര്‍ദേശിച്ചു. ഫലം കാണുകയും ചെയ്തു.
കറുത്ത ചോറുമായി പൊരുത്തപ്പെട്ടു മെല്ലെ. ജയില്‍ജീവിതത്തിലെ തമാശയുടെ അധ്യായത്തിലെ രസകരമായ ഒരു അനുബന്ധമാണിത്.
പില്ക്കാലത്ത് ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ വിഖ്യാതരായ പല പ്രമുഖ വ്യക്തികളും ഭാസ്‌കരനോടൊപ്പമോ അതിനു മുന്‍പോ ജയില്‍ജീവിതം നയിച്ചിരുന്നു. ചൊവ്വര പരമേശ്വരന്‍, സി.പി. ഉമ്മര്‍, ജി.എസ്. ധാരാസിങ് (എറണാകുളം), എസ്. നീലകണ്ഠയ്യര്‍, വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍, ഇ. ഇക്കണ്ടവാരിയര്‍, കെ. കരുണാകരന്‍, (പിന്നത്തെ മുഖ്യമന്ത്രി) എ.പി. നമ്പ്യാര്‍ (തൃശ്ശൂര്‍), ടി.എസ്. ബന്ധു (കുന്നംകുളം), യു.എസ്. മോന്‍ (ചിറ്റൂര്‍), എം.കെ. മേനോന്‍, കെ.പി. മേനോന്‍ (ചേര്‍പ്പ്), എന്‍.ടി. ശങ്കരന്‍കുട്ടി മേനോന്‍, സി.കെ. പരമേശ്വരന്‍, സി.എ. അബ്ദുള്‍ ഖാദര്‍ (കൊടുങ്ങല്ലൂര്‍) എന്നിവരെല്ലാം ഭാസ്‌കരനോടൊപ്പം ജയിലിലുണ്ടായിരുന്നു.
എല്ലാം ഭദ്രം
ജയിലിലെ രസകരമായ അനുഭവങ്ങളിലൊന്നാണ് 'ഓള്‍ ഈസ് വെല്‍' എന്ന ഇംഗ്ലീഷിലുള്ള വിളിച്ചറിയിക്കല്‍. ഒരാള്‍ ഉറക്കെ വിളിച്ചുപറഞ്ഞാല്‍ ഓരോ വാര്‍ഡുകളിലെയും വാര്‍ഡര്‍മാര്‍ അത് ഉറക്കെ ഏറ്റു വിളിച്ചുപറയും. ആദ്യകാലംമുതലേയുള്ള ഒരു കമ്യൂണിക്കേഷന്‍ തന്ത്രമാണിത്. എന്താണെന്നറിയാതെ അമ്പരന്നു എങ്കിലും യാഥാര്‍ഥ്യമറിഞ്ഞപ്പോള്‍ അതിലെ 'രസം' പിടികിട്ടി. ഓരോ നിശ്ചിതസമയത്തും 'തലയെണ്ണി' റോള്‍കോള്‍ നടത്തി എല്ലാം ശരിയാണെന്ന് ഉദ്യോഗസ്ഥന്മാരെയും മേല്‍നോട്ടക്കാരെയും അറിയിക്കലാണിത്. ഓള്‍ ഈസ് വെല്‍! എല്ലാ ഭദ്രം. എല്ലാം ശരി.
നിരോധിക്കപ്പെട്ടതൊക്കെ ചെയ്താലും അവിടെ എല്ലാം 'ഭദ്ര'മാണ്. ബീഡി വലിക്കുന്നതു നിരോധിച്ചിട്ടുണ്ടെങ്കിലും എവിടെയും ആരുടെയും ദൃഷ്ടിയില്‍പ്പെടാതെ ബീഡിയുണ്ടാവും. എന്തായാലും എല്ലാം ഭദ്രമാണ്. സിമന്റുതറയില്‍ കല്ലുരച്ചും മറ്റുമൊക്കെ തീയുണ്ടാക്കാന്‍ സമര്‍ഥരായവര്‍ ജയിലിലുണ്ട്. ഓരോ ഇനം ജോലി ചെയ്യുന്നവര്‍, ഓരോ വിഭാഗത്തിന്റെയും മേല്‍നോട്ടം വഹിക്കുന്നവര്‍ ഒക്കെ ഉണ്ടാവും. ദീര്‍ഘകാലമായി ശിക്ഷയനുഭവിച്ച് 'നല്ലവരായ'വരും കാരണവര്‍സ്ഥാനത്തായവരും ഇക്കൂട്ടത്തിലുണ്ടാവും. അവര്‍ക്കു തിരിച്ചറിയല്‍ ചിഹ്നംപോലെ കറുത്ത തൊപ്പി, അല്ലാത്ത തൊപ്പി എന്നീ അടയാളങ്ങളും നല്കിയിട്ടുണ്ട്.
പത്രം കിട്ടിയാല്‍ പുതിയ പുള്ളികള്‍ വല്ലവരും വരുന്നുണ്ടോ എന്നു നോക്കുക പതിവാണ് എല്ലാവരും. സി. അച്യുതമേനോന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, ഇക്കണ്ടവാര്യര്‍, ചടയന്‍മുറി തുടങ്ങി പ്രാമാണികരായ രാഷ്ട്രീയത്തടവുകാര്‍ക്ക് ഇവിടെ ഇടം ലഭിച്ചത് ഒരു പ്രത്യേകവികാരമാണുളവാക്കിയത്. ജയില്‍ ധൈഷണികപ്രഭാവന്മാരുടെ ഒരു രാഷ്ട്രീയ തടവുസങ്കേതമായി മാറി. ഭാസ്‌കരന്റെ ഉള്ള്, ഉത്സാഹഭരിതം. ഇരുപത്തിരണ്ടു പേര്‍ക്കു വീതം ഉറങ്ങാവുന്ന മൂന്നു ഹാളുകളിലൊന്നായ 'അസോസിയേഷന്‍ ഹാളി'ലാണ് ഈ രാഷ്ട്രീയസുഖിമാന്‍മാര്‍! അവര്‍ക്കു ജോലിയൊന്നും ചെയ്യേണ്ട. ഇമ്മിണി ബലിയവരാണത്രേ! അസോസിയേഷന്‍ ഹാള്‍ ഇത്തിരി മേലേ ക്ലാസ് ആണെന്നാണ് പൊതുധാരണ. പുതിയ പുള്ളികളെ പഴയവര്‍ മുദ്രാവാക്യം വിളിച്ചു വരവേല്ക്കും. ഭാസ്‌കരന് ആവേശം, സന്തോഷം, തന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് അഭിമാനം.
ഉറക്കം വരാതെ
ബ്രിട്ടീഷാധിപത്യത്തിനെതിരായി സംഘടിക്കുവാനും അട്ടിമറി നടത്താനും അക്രമം നടത്താനും ആഹ്വാനം ചെയ്തു എന്നതാണല്ലോ ഭാസ്‌കരനെതിരേയുള്ള ആരോപണം. അല്ലാതെ കൊലപാതകവും മോഷണവും ഒന്നുമല്ല. ഭാസ്‌കരനിലെ സൂക്ഷ്മബുദ്ധി പ്രവര്‍ത്തിച്ചു. ഒരു രസം. എന്തായാലും നോക്കാം. അപ്പീല്‍ ബോധിപ്പിക്കുക.
പക്ഷേ, എങ്ങനെയാണ് ഈ അപ്പീലൊക്കെ ബോധിപ്പിക്കുക. അതിന്റെ എ, ബി, സി, ഡി അറിയില്ല. പനമ്പിള്ളി ഗോവിന്ദമേനോന്‍ ഇതിന്റെ വിദഗ്ധനാണല്ലോ. അദ്ദേഹത്തെക്കണ്ട് ഓരോരുത്തരുടെയും കേസിന്റെ സ്വഭാവം നിരത്തി. സുഹൃത്തുക്കളുമൊത്ത് എറണാകുളം കോടതിയില്‍ അപ്പീലപേക്ഷ കൊടുത്തു. പനമ്പിള്ളിയാണ് അപ്പീലപേക്ഷ തയ്യാറാക്കിയത്. ഒരു രസത്തിനു ചെയ്തതാണ്. പക്ഷേ, കോടതി അതു സ്വീകരിച്ചു. ഒരു സുഖമുണ്ടായി. കേസുള്ള ദിവസം തൃശ്ശൂര്‍നിന്ന് എറണാകുളംവരെ യാത്ര ചെയ്യാം. വിദ്യാര്‍ഥിപ്രക്ഷോഭകാരിയുടെ ഗമയില്‍ തലയുയര്‍ത്തി രണ്ടു പോലീസുകാരുടെ അകമ്പടിയോടെ നടക്കാം. ഉച്ചയ്ക്കു ഹോട്ടല്‍ഭക്ഷണം, ആളുകളെ കാണാം, വൈകുന്നേരം തിരിച്ചുപോരുംവരെ. അല്പം 'ലിബറ'ലായ ജയില്‍ജീവിതം.
ആരു വാദിക്കും? പ്രശ്നമായി മഹാന്മാര്‍ പണ്ടു കേസുകള്‍ സ്വയം വാദിച്ചിരുന്നതായി കേട്ടിട്ടുണ്ട്. വി.കെ. കൃഷ്ണമേനോനെപ്പറ്റി കേട്ടിട്ടുണ്ട്. പില്ക്കാലത്ത് ദേശീയ- അന്തര്‍ദേശീയരംഗത്ത് പ്രഗല്ഭരായിത്തീരുന്നവരായിരുന്നു ഇവിടെ ജയിലിലെ സുഹൃത്തുക്കള്‍. എസ്.കെ.വി. എമ്പ്രാന്തിരി, അമ്പാടി ദാമോദരന്‍ (ഇറ്റലിയിലെ ഇന്ത്യന്‍ അംബാഡസര്‍ ആയി) എന്നിവരൊക്കെയായിരുന്നു കൂട്ടുപുള്ളികള്‍. ദാമോദരന്റെതു സ്‌റ്റൈലന്‍ ഇംഗ്ലീഷായിരുന്നു. കേട്ടിരിക്കാന്‍ നല്ല രസം. ഭാസ്‌കരന്‍ മലയാളത്തില്‍ ഒരു ദേശീയ പ്രക്ഷോഭണപ്രസംഗംതന്നെ കോടതിയില്‍ നടത്തി എന്നാണ് രേഖ. കേസുവാദം എന്നാല്‍ പ്രസംഗം എന്നായിരുന്നു അന്നത്തെ ധാരണ.
കോടതിഹാള്‍ നിശ്ശബ്ദം. കോടതിയിലെ ഒരു ജീവനക്കാരന്‍ ഭാസ്‌കരന്റെ പ്രസംഗം തലയാട്ടി ആസ്വദിക്കുന്നതു കണ്ടു എന്ന് ഭാസ്‌കരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാദം കഴിഞ്ഞു. പ്രശസ്തനായ പുത്തേഴത്തു രാമമേനോനാണ് ജഡ്ജി. സാംസ്‌കാരികരംഗത്ത് അറിയപ്പെടുന്ന പ്രതിഭാധനനായ ഒരു വ്യക്തിയാണ് പുത്തേഴത്തു രാമമേനോന്‍. ഭാഷ, സാഹിത്യം എന്നിവയിലൊക്കെ നിപുണന്‍, എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ മുന്നിലാണ് മൈതാനപ്രസംഗമൊക്കെ അടിച്ചുവിട്ടത്.
യുവത്വത്തിന്റെ അല്പമായ അഹങ്കാരവും ആവേശവുമൊന്നും ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കാന്‍ അനുവദിച്ചില്ല. വാദം കേട്ടു വിധിക്കുവേണ്ടി കാതോര്‍ത്തുനിന്നു. വിധി എഴുതിയശേഷം ജഡ്ജി തലയുയര്‍ത്തി ഭാസ്‌കരനോടു ചോദിച്ചു, 'നന്ത്യേലത്തു പത്മനാഭമേനോന്റെ മകനാണ് അല്ലേ.' 'അതേ,' ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്നു നോക്കിയശേഷം ഭാസ്‌കരന്‍ അഭിമാനത്തോടെ തലയുയര്‍ത്തി ഇറ്റു ഗമയില്‍ ബോധിപ്പിച്ചു.
എന്തിനായിരുന്നു ആ ചോദ്യം? മനസ്സ് അസ്വസ്ഥമായി. കൂടുതല്‍ അപകടമായോ? ബ്രിട്ടീഷ്ഭരണമാണ്, ബ്രിട്ടീഷിനെതിരേയുള്ള കുറ്റമാണ്. ഒന്‍പതു മാസത്തെ കഠിനത്തിന്റെ കാഠിന്യം കൂട്ടുമോ. ജയില്‍വാസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുമോ. ഈ പൊല്ലാപ്പിനൊന്നും പോകണ്ടായിരുന്നു എന്നു തോന്നി. ജഡ്ജി ഒന്ന് ഇരുത്തി മൂളി. 'അതേ'ക്കു മറുപടിയായി പറഞ്ഞു, ശരി!
ശിക്ഷ കൂട്ടുന്നില്ല. കീഴ്ക്കോടതി വിധി നിലനിര്‍ത്തുന്നു.
കോടതിയെ തൊഴുതുമടങ്ങി ഭാസ്‌കരന്‍.
അച്ഛന്റെ പ്രഭാവത്തിനു മുന്നില്‍ മനസ്സുകൊണ്ടു നമിച്ചു.
ജയിലിലെ കുരുത്തക്കേടിന്റെ സദ്ഫലം!
അന്നു രാത്രി അസോസിയേറ്റ് ബ്ലോക്കില്‍, താഴെ തഴപ്പായ വിരിച്ച് കരിമ്പടം മടക്കി തലയണയാക്കി വെച്ച് ഉറങ്ങാന്‍ കിടന്നു. ഭാസ്‌കരന്റെ മനസ്സ് അസ്വസ്ഥമാണ്. കൊടുങ്ങല്ലൂരില്‍ വീട്ടില്‍ ഈറനണിഞ്ഞ കണ്ണുമായി നില്ക്കുന്ന അമ്മയെ, പെങ്ങന്മാരെ, സഹോദരന്മാരെ, സുഹൃത്തുക്കളെ എല്ലാം ഓര്‍ത്തുകിടന്നു, ഉറക്കം വരാതെ.
താളം തെറ്റിയ മനസ്സുകള്‍ക്കൊപ്പം
ജയില്‍ജീവിതത്തിലെ 'കൗതുകപര്‍വ'ത്തിനുശേഷം ഭാസ്‌കരന്റെ മനസ്സിന്റെ സഞ്ചാരം കുറ്റവാളികളുടെ ജീവിതത്തിന്റെ ആഴങ്ങളിലൂടെയായിരുന്നു. അതോടൊപ്പം കൂട്ടുപുള്ളികളായ സി. അച്യുതമേനോന്‍, കെ.കെ. വാര്യര്‍, ചൊവ്വര പരമേശ്വരന്‍, സി.പി. ഉമ്മര്‍, കെ. കരുണാകരന്‍, ജി.എം. നെന്മേലി എന്നിവരുടെയൊക്കെ കൂട്ടുപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
രാഷ്ട്രീയത്തടവുകാരുടെ ഇനത്തില്‍പ്പെട്ട മറ്റു ചിലരുകൂടി എത്തി, ജയിലറയില്‍. മത്തായി മാഞ്ഞൂരാന്‍, ജോര്‍ജ് ചടയംമുറി, ആര്‍.എം. മനയ്ക്കലാത്ത്, വി.എ. സെയ്ദ് മുഹമ്മദ്, വൈലോപ്പിള്ളി രാമന്‍കുട്ടി, വൈലോപ്പിള്ളി ബാലകൃഷ്ണന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകരില്‍പ്പെട്ടവരും വിദ്യാര്‍ഥിനേതാക്കളും ചേര്‍ന്ന ഒരു ജയില്‍പ്പുള്ളി വ്യൂഹം! രംഗം വളരെ രസകരമായിരുന്നു എന്നു ഭാസ്‌കരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുറിയില്‍ ഇറ്റുവെളിച്ചമില്ല, തെല്ലും കാറ്റില്ല, മൂത്രമൊഴിക്കാന്‍ മണല്‍ നിറച്ച ചട്ടി. ഓരോരുത്തര്‍ക്കും ഓരോ ജോലിയും നല്കപ്പെട്ടിരുന്നു.
1940 ലെ യുദ്ധവിരുദ്ധപ്രസംഗത്തിനാണല്ലോ അച്യുതമേനോനും കെ.കെ. വാര്യരുമൊക്കെ ജയിലിലടയ്ക്കപ്പെട്ടത്. അച്യുതമേനോന്‍ ആ കാലയളവില്‍ കുറെ കൈത്തൊഴിലുകളൊക്കെ വശമാക്കി. ഒരു ദിവസം ഒരു പറ നെല്ലോളം കുത്തിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നുവത്രേ. റാട്ടുതിരിക്കുക, ചകിരി പിരിക്കുക, നെയ്യുക തുടങ്ങിയ ജോലികളും ചെയ്തുപഠിച്ചു. പുഴുങ്ങിയ നെല്ലു നിറച്ച ചാക്ക് തലയില്‍ ഏറ്റിക്കൊടുത്തപ്പോള്‍ അല്പം ജാള്യമൊക്കെ തോന്നാതിരുന്നില്ല എന്ന് അച്യുതമേനോന്‍ പില്ക്കാലത്ത് സ്മരണയുടെ ഏടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂട്ടുപുള്ളിയായ കെ. കരുണാകരന്‍ എപ്പോഴും ചിന്താധീനനായിട്ടാണ് കാണപ്പെട്ടിരുന്നതെന്ന് ഭാസ്‌കരന്‍ സൂചിപ്പിക്കുന്നു. പക്ഷേ, കരുണാകരന്‍ സമര്‍ഥനായ ഒരു തൊഴിലാളിസംഘാടകനായിരുന്നു എന്നാണ് ഭാസ്‌കരന്റെ നിരീക്ഷണം. ബൗദ്ധികരംഗത്ത് താത്പര്യമുള്ള അച്യുതമേനോന്‍, മനയ്ക്കലാത്ത്, ഭാസ്‌കരന്‍ എന്നിവരൊക്കെ ചേര്‍ന്ന് നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ പരിഭാഷപ്പെടുത്തുക എന്ന ഒരു സത്കര്‍മത്തിനു തുടക്കംകുറിച്ചു. പക്ഷേ, പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
അച്യുതമേനോന്‍ സോവിയറ്റ് നാട് എന്ന പുസ്തകം പരിഭാഷപ്പെടുത്തി പൂര്‍ണമാക്കിയിരുന്നു. പാട്ടുകളും കളികളുമായി വട്ടമിട്ടിരുന്നതും നെന്മേലി ഓട്ടന്‍തുള്ളല്‍ എഴുതി അവതരിപ്പിച്ചതും മറ്റും ജയിലിലെ രസകരമായ അനുഭവമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാസ്‌കരന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനവഴിയിലെ ഇടത്താവളങ്ങളായിരുന്നു 21-ാം വയസ്സില്‍ ആരംഭിച്ച ജയില്‍വാസം. ദേശീയപ്രക്ഷോഭണത്തിന്, പാട്ടെഴുത്തിന്, 'ടെക്കി' ആയതിന് എല്ലാം.
മറ്റു സാധാരണ കുറ്റവാളികളായ പുള്ളികളുടെ മാനസികാവസ്ഥയിലൂടെയുള്ള സഞ്ചാരം ഭാസ്‌കരന് അത്യന്തം ദുഃഖകരവും ചിന്താമണ്ഡലത്തെ വ്യാകുലപ്പെടുത്തുന്നവയുമായിരുന്നു.
'ആര്‍സനിക്' വിഷം കൊടുത്ത് സ്വന്തം ഭാര്യയെ കൊലപ്പെടുത്തുക! എത്ര ക്രൂരം! എന്താണിതിന് ഈ 'പുള്ളി'യെ പ്രകോപിതനാക്കിയത്. അതിലെ മനഃശാസ്ത്രം ഭാസ്‌കരന്‍ ചിന്തിച്ചു. മനുഷ്യനെപ്പറ്റി, മനുഷ്യമനസ്സുകളെ, മനോവ്യാപാരങ്ങളെ, കുറ്റവാസനകളുടെ 'തത്ത്വശാസ്ത്ര'ത്തെപ്പറ്റിയൊക്കെ നിരീക്ഷിച്ചു ഭാസ്‌കരന്‍.
തകര്‍ന്നുപോയ തന്റെ കുടുംബത്തെ ഓര്‍ത്തിരിക്കുന്നു, 'ഉക്രു' എന്ന ഈ കൊലപാതകി! ജീവപര്യന്തം ശിക്ഷ വിധിക്കപ്പെടുന്നയാള്‍ പലതും മറക്കാന്‍വേണ്ടി ജയിലില്‍ ഓഫീസ് ജോലികളില്‍ സഹായിക്കുന്നു. സൗമ്യനാണ്. അന്ന് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ മുഹൂര്‍ത്തത്തെപ്പറ്റി ഇന്നയാളോടു ചോദിക്കുന്നത് ക്രൂരമാണ്. അയാള്‍ അതെല്ലാം വിസ്മരിച്ചിരിക്കുമോ? അയാള്‍ ഇന്ന് മറ്റൊരു ലോകത്തിലാണ്. വിഷാദമോ പശ്ചാത്താപമോ കട്ടപിടിച്ചതിന്റേതാണ് ആ സൗമ്യത. ആ കൊലപ്പുള്ളിയുടെ വികാരലോകത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ഭാസ്‌കരന്റെ മനസ്സ്.
അച്ഛന്റെ സഹായിയായി എപ്പോഴും കൂടെയുണ്ടാകാറുള്ള റഫേല്‍ (വര്‍ഗീസ്) ചേച്ചിയുടെ വിവാഹത്തിനുപോലും വീട്ടിലെ എല്ലാ കാര്യങ്ങളും നടത്തിപ്പോന്നു. നല്ലവനായ അയാള്‍ എന്തിനാണ് ചീട്ടുകളിച്ചിരുന്ന കല്ലുവെട്ടുതൊഴിലാളിയായ കുക്കുവിനെ കുത്തിക്കൊന്നത്. നന്ത്യേലത്തു കുടുംബവീട്ടിലെ പഴയകാല ഓര്‍മകള്‍ അയവിറക്കി ഒരുതരം വിളറിയ ചിരിയുമായി തൊഴുതുകൊണ്ട് തന്റെ മുന്നില്‍ വന്ന വര്‍ഗീസ് എന്ന കൊലയാളിയെ കണ്ടപ്പോള്‍ ഭാസ്‌കരന്റെ ഹൃദയം വല്ലാതെ കലങ്ങിമറിഞ്ഞു. വീട്ടിലെ ചാര്‍ച്ചക്കാരനായി നിന്നിരുന്ന വര്‍ഗീസ് കൊലപ്പുള്ളി എന്ന ഡെസിഗ്നേഷനുമായി വന്നുനില്ക്കുന്നു!
'കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കും,' പോലീസിന്റെ ഒരു അലിഖിതതത്ത്വമാണ്. പേരുകേട്ട കേഡിയായ പോക്കര്‍ ആ ഒരു തത്ത്വത്തിന്റെ പേരില്‍ പിടിക്കപ്പെട്ടു. തന്നെ കള്ളക്കേസില്‍ കുടുക്കിയതില്‍ പോലീസിനോടുള്ള രോഷം പ്രകടിപ്പിക്കാന്‍ പോക്കര്‍ തന്റെ വൃഷണം സ്വയം ഛേദിച്ച് പോലീസിനു മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. ഞാന്‍ എങ്ങനെ ഇനി വീട്ടില്‍ പോകും വീട്ടുകാരെ നോക്കും. ഇല്ല, അന്ത്യംവരെ ഈ കല്ലറകള്‍ക്കുള്ളില്‍ത്തന്നെ. 'പോക്കറുടെ തീരുമാനം അതാണ് ഭാസിക്കുഞ്ഞേ,' പോക്കര്‍ ഭാസ്‌കരനെ അറിയിച്ചു.
വേദനാനിര്‍ഭരമായ നിമിഷങ്ങള്‍! മനുഷ്യമനസ്സിന്റെ ഭാവപ്പകര്‍ച്ചകള്‍. ജീവിതത്തിന്റെ സത്യാന്വേഷകനായി മാറുകയായിരുന്നു ഭാസ്‌കരന്‍. കുറ്റകൃത്യങ്ങളുടെ വിഷാദഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്നു ഭാസ്‌കരന്‍. തന്റെ സര്‍ഗാത്മകതയും ചിറകുവിടര്‍ത്തിപ്പറന്നിരിക്കും. എത്ര വിചിത്രമായ കഥകള്‍ വീണുറങ്ങുന്ന ഇടമാണ് ജയിലറകള്‍.
Content Highlights: P. Bhaskaran, Birthday, Book excerpt, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..