കമല്‍ എന്നെ വിശ്വസിക്കാന്‍ പഠിപ്പിച്ച വേദപുസ്തകം; ദ ഷിക്കാഗോ മാനുവല്‍ ഓഫ് സ്റ്റൈല്‍


സക്കറിയ

7 min read
Read later
Print
Share

ഇത്രയും കര്‍ക്കശനായ ഒരു ഗുരുനാഥനെ ആര്‍ക്കും ലഭിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നതിനോടൊപ്പം കമലിന്റെ ഒത്തുതീര്‍പ്പുകളില്ലാത്ത പ്രൊഫഷണലിസത്തിനു മുന്‍പില്‍ ഞാന്‍ തല കുനിക്കുകയും ചെയ്യുന്നു. കമല്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല. ഒരു സിഗരറ്റില്‍നിന്ന് അടുത്തത് കൊളുത്തുമ്പോഴുള്ള ഇടവേളയില്‍ മാത്രമാണ് എഡിറ്റു ചെയ്യുന്ന പേജില്‍നിന്നു ശ്രദ്ധ മാറുന്നത്. അതല്ലെങ്കില്‍ പ്രിന്റര്‍മാരും ചിത്രംവരക്കാരും ബൈന്‍ഡര്‍മാരും മറ്റുമായി ദീര്‍ഘമായ തര്‍ക്കങ്ങളില്‍ പ്രവേശിക്കുമ്പോഴും.

സക്കറിയ

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സക്കറിയയുടെ ഏറ്റവും പുതിയ പുസ്തകമായ കാലത്തിന്റെ കുറിപ്പുകളില്‍ നിന്നും ഒരു ഭാഗം വായിക്കാം

ബ്ബറിനെയും കോയമ്പത്തൂരിലെ സുഖജീവിതത്തെയും കൈവിട്ട് ഡല്‍ഹിയിലെത്തിയതോടെയാണ് ഞാന്‍ പൂര്‍ണമായും അച്ചടിദാസനായി മാറിയത്. ഡല്‍ഹിപോലെയൊരു മഹാനഗരത്തിലെ മഹാജീവിതം ഉരുളികുന്നത്തെ പൊയ്കവക്കിലിരുന്ന് പണ്ടേ സ്വപ്‌നം കണ്ടിരുന്നതുകൊണ്ടും എന്റെ നവവധുവിന് ജോലി അവിടെയായിരുന്നതുകൊണ്ടുമാണ്, ഞാന്‍ കോയമ്പത്തൂരിലെ തകിടംമറിഞ്ഞ ആനന്ദജീവിതം മതിയാക്കി ഡല്‍ഹിക്കു പുറപ്പെട്ടത്. അവിടെ എന്നെ കാത്തിരിക്കുന്നുവെന്ന് ഞാന്‍ കരുതിയ ജോലി അച്ചടിവിദ്യയുടെ ലോകത്തായിരുന്നു. നാഷണല്‍ ബുക് ട്രസ്റ്റില്‍ മലയാളം അസിസ്റ്റന്റ് എഡിറ്ററുടെ ജോലിക്ക് ഞാന്‍ അപേക്ഷിച്ചിരുന്നു. ബുക് ട്രസ്റ്റിനുള്ളില്‍ എനിക്ക് ശക്തനായൊരു അഭ്യുദയകാംക്ഷിയുണ്ടായിരുന്നു. ഒ.വി. വിജയന്റെ ഭാര്യാസഹോദരനും അവിടെ ഇംഗ്ലീഷ് വിഭാഗം എഡിറ്ററുമായിരുന്ന എം.സി. ഗബ്രിയേല്‍. പുറത്ത് വിജയനും മറ്റു സുഹൃത്തുക്കളും എന്നെ പിന്തുണച്ചു. പക്ഷേ, ജോലി മറ്റൊരാള്‍ക്ക് ലഭിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന പ്രശസ്ത നാടകകൃത്ത് ഓംചേരി പില്ക്കാലത്ത് ആശ്വാസത്തോടെ എന്നോടു പറഞ്ഞു: 'ഞാന്‍ സക്കറിയയെ സര്‍ക്കാര്‍ജോലിയില്‍നിന്ന് അന്നു രക്ഷിച്ചില്ലായിരുന്നെങ്കില്‍...' അന്ന് ആ ജോലി കിട്ടാതിരുന്നതില്‍ നിരാശയുണ്ടായെങ്കിലും ഓംചേരി പറഞ്ഞതുപോലെ, അത് എന്റെ രക്ഷപ്പെടലായിരുന്നു. സര്‍ക്കാരുദ്യോഗം എനിക്കോ ഞാന്‍ സര്‍ക്കാരുദ്യോഗത്തിനോ ഗുണം ചെയ്യുമായിരുന്നു എന്നു തോന്നുന്നില്ല.

അങ്ങനെ ഞാന്‍ ജോലി തേടുന്ന കോടിക്കണക്കിന് പൗരന്മാരില്‍ ഒരാളായിത്തീര്‍ന്നു. ജോലിയില്ലാഭര്‍ത്താവായി ഭാര്യയുടെ സംരക്ഷണയില്‍ കഴിഞ്ഞുകൂടുന്നതിന്റെ ജാള്യവും ഞാന്‍ പിടിച്ചെടുക്കാനാഗ്രഹിച്ച മഹാനഗരത്തിന്മേല്‍ പിടിമുറുക്കാന്‍ കഴിയാത്തതിന്റെ വൈക്ലബ്യവും ആഴ്ചകള്‍ കഴിയുന്തോറും വര്‍ധിച്ചുവന്നു. അതേസമയം വി. ഗോപകുമാര്‍ എന്ന സിംഗപ്പൂര്‍ ഗോപകുമാറുമായുള്ള നഗരംചുറ്റലുകളും വിജയന്റെ സ്റ്റുഡിയോയിലിരുന്നുള്ള ബിയര്‍കുടിയും സൊള്ളലും തൊഴിലില്ലായ്മയുടെ മറവില്‍ വിജയകരമായി മുന്നേറി. എന്റെ തൊഴിലില്ലായ്മ ഒരുതരം ഒഴിവുസമയ സുഖഭോഗമായി മാറുകയായിരുന്നു. എങ്കിലും ജോലിക്കുള്ള ശ്രമങ്ങള്‍ ഉഷാറായി തുടര്‍ന്നു. ഇംഗ്ലീഷ് പരിജ്ഞാനമുണ്ടായിരുന്നതുകൊണ്ട് ഡല്‍ഹിയിലെ ഇംഗ്ലീഷ് അച്ചടിരംഗത്തേക്ക് എന്റെ തൊഴിലന്വേഷണങ്ങള്‍ മാറ്റി. വിജയന്‍, ഗോപന്‍ തുടങ്ങിയ സുഹൃത്തുക്കള്‍, ഭാര്യയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെ പിന്‍ബലത്തോടെയായിരുന്നു പരിശ്രമങ്ങള്‍. ഡല്‍ഹിയിലെ പ്രധാനവും അപ്രധാനവുമായ പത്രമോഫീസുകളിലും വാരികയോഫീസുകളിലും പുസ്തകപ്രസാധക ഓഫീസുകളിലും കയറിയിറങ്ങി. പ്രമുഖ പത്രാധിപരായിരുന്ന ഇടത്തട്ട നാരായണനെ ഞാന്‍ ആദ്യമായും അവസാനമായും കാണുന്നത്, വിജയന്റെ ശുപാര്‍ശയില്‍ ജോലി തേടിച്ചെന്ന എന്നെ അദ്ദേഹം നിഷ്‌കാസനം ചെയ്യാനെടുത്ത ചുരുങ്ങിയ നിമിഷങ്ങളിലാണ്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ പേട്രിയട്ട് ഓഫീസില്‍ത്തന്നെ അവരുടെ ശാസ്ത്രമാസികയില്‍ പണിയെടുത്തിരുന്ന സി. രാധാകൃഷ്ണന്റെ അടുത്തു ചെന്നിരുന്നാണ് ഞാന്‍ അന്ന് ആശ്വസിച്ചത്. ഇടത്തട്ട എന്നോട് പ്രത്യേകമായി അക്ഷമ പ്രദര്‍ശിപ്പിച്ചതൊന്നുമായിരുന്നില്ല. അദ്ദേഹമൊരു മുന്‍ശുണ്ഠിക്കാരനായിരുന്നു. എന്റെ ജോലിയന്വേഷണങ്ങളില്‍ വളരെയധികം സഹായിച്ച ആളുകളിലൊരാളാണ് കരിയര്‍ ആന്‍ഡ് കോഴ്‌സസ്, കാരവാന്‍, വുമണ്‍സ് ഇറ തുടങ്ങിയ ഡല്‍ഹി പ്രസ് പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കുഞ്ചു. അന്നത്തെപ്പോലെ ഇന്നും അദ്ദേഹം ഒരുറച്ച ആദര്‍ശവാദിയും ഇടതുപക്ഷവിശ്വാസിയുമാണ്. ഇതിന്റെയെല്ലാം ആകത്തുക എനിക്കൊരു ജോലിയായിരുന്നില്ല. മറിച്ച് കുറഞ്ഞൊരു കാലംകൊണ്ട്, നവാഗതനായ ഞാന്‍ ഡല്‍ഹിയിലെ പത്ര- പുസ്തക- പ്രസാധക ലോകത്തുകൂടി വഴിനടക്കാന്‍ പഠിച്ചു. ഊടുവഴികളും നേര്‍വഴികളും പഠിച്ചു. യു.എന്‍.ഐയിലെയും ഹിന്ദുസ്ഥാന്‍ ടൈംസിലെയും ഐ.ഇ.എന്‍.എസ്സിലെയുമെല്ലാം കാന്റീനുകളിലെ ചായയുടെയും വടയുടെയും സമോസയുടെയും രുചിഭേദങ്ങളില്‍ വിദഗ്ധനായി. ധാരാളം സുഹൃത്തുക്കളെയും സമ്പാദിച്ചു. ജോലി തേടിയാണ് ഞാന്‍ സി.പി. രാമചന്ദ്രനെ പരിചയപ്പെട്ടത്. അദ്ദേഹത്തിലൂടെ അദ്ദേഹത്തിന്റെ അനന്തരവന്‍ കെ. ഗോപാലകൃഷ്ണനെയും. ഗോപാലകൃഷ്ണനും ഞാനും ഒരേ പാതകളിലൂടെ- പലപ്പോഴും ഒന്നിച്ചും ജോലി തേടിയിട്ടുള്ളവരാണ്. അന്നൊന്നും ഞാന്‍ വി.കെ. മാധവന്‍കുട്ടിയെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. എനിക്ക് ഡല്‍ഹിയിലെ മലയാളപത്രരംഗത്തേക്ക് അപ്പോള്‍ ലഭിച്ചിരുന്ന പരിചയപ്പെടുത്തല്‍- ഭാര്യയുടെ ബന്ധുവഴി- കേരളകൗമുദിയുടെ ഡല്‍ഹി ബ്യൂറോ ചീഫും പ്രശസ്ത പത്രപ്രവര്‍ത്തകനുമായിരുന്ന, പരേതനായ നരേന്ദ്രനോടായിരുന്നു. അദ്ദേഹവും എനിക്ക് ഡല്‍ഹിയിലെ അച്ചടിലോകത്തിലേക്കു കയറാനൊരു വാതില്‍ തുറന്നുകിട്ടാന്‍ പല ശ്രമങ്ങളും നടത്തി.

അവസാനം ഒരു സുദിനത്തില്‍ ഡല്‍ഹിയിലെ എന്റെ ആദ്യത്തെ ജോലി സമാഗതമായി- അച്ചടിസ്ഥാപനത്തില്‍ത്തന്നെ. തൊഴിലില്ലായ്മയുടെ ഹ്രസ്വകാലസുഖഭോഗം അവസാനിച്ചു. അഫിലിയേറ്റഡ് ഈസ്റ്റ്- വെസ്റ്റ് പ്രസ് എന്ന പുസ്തകവിതരണ- പ്രസാധനസ്ഥാപനത്തിലാണ് എനിക്കു ജോലി കിട്ടിയത്. അതിന്റെ മാനേജിങ് ഡയറക്റ്റര്‍, പദ്ദു എന്നു ഞങ്ങള്‍ വിളിക്കുന്ന കെ.എസ്.പദ്മനാഭനായിരുന്നു (ഇന്നും അങ്ങനെത്തന്നെ. പദ്ദുവും സ്ഥാപനവും ചെന്നൈയിലാണെന്നു മാത്രം- പതിന്മടങ്ങ് വിപുലമായ പ്രവര്‍ത്തനങ്ങളോടെ). എന്റെ ഭാര്യയുടെ അമ്മാവന്‍ ഡല്‍ഹിയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന പരേതനായ എസ്.സുന്ദരരാജന്‍ തിയോസഫിപ്രസ്ഥാനത്തിന്റെ തലപ്പത്തെ ആളുകളിലൊരാളായിരുന്നു. പദ്ദു ഉറച്ച തിയോസഫിസ്റ്റും ഭാര്യയുടെ കുടുംബസുഹൃത്തുമായിരുന്നു. അങ്ങനെയാണ് മദേം ബ്ലാവറ്റ്‌സ്‌കിയുടെയും ആനി ബസന്റിന്റെയും ലെഡ്ബീറ്ററുടെയും ജെ. കൃഷ്ണമൂര്‍ത്തിയുടെയും ആധ്യാത്മികപ്രസ്ഥാനത്തിന്റെ ബന്ധങ്ങള്‍ എന്റെ ഭാര്യയിലൂടെ ഡല്‍ഹിയില്‍ എനിക്ക് പിടിച്ചുനില്ക്കാനൊരു വഴിയുണ്ടാക്കിത്തന്നത്. ഈസ്റ്റ് - വെസ്റ്റ് പ്രസ്സിന്റെ സ്ഥാപകന്‍ ഡള്ളസ്സ് എന്ന അമേരിക്കക്കാരന്‍ തിയോസഫിസ്റ്റായിരുന്നു. അദ്ദേഹം അമേരിക്കയിലേക്കു മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സ്ഥാപനം സഹപ്രവര്‍ത്തകരായിരുന്ന പദ്മനാഭനും കമല്‍ മല്ലിക്കിനും കൈമാറുകയായിരുന്നു. അമേരിക്കയുടെ വിവാദമായിത്തീര്‍ന്ന പി.എല്‍- 480 ധനസഹായപദ്ധതിയിലൂടെ സര്‍വകലാശാലാതലത്തിലുള്ള അമേരിക്കന്‍ പാഠപുസ്തകങ്ങളുടെ വില കുറഞ്ഞ ഇന്ത്യന്‍ പതിപ്പുകളിറക്കുകയായിരുന്നു ഈസ്റ്റ് - വെസ്റ്റിന്റെ ആരംഭകാലപ്രവര്‍ത്തനം. ഞാന്‍ ചേരുമ്പോള്‍ പദ്ധതിയുടെ കാലഘട്ടം അവസാനിക്കുകയായിരുന്നു. അമേരിക്കയിലെ അക്കാലത്തെ ശാസ്ത്ര-സാങ്കേതിക പുസ്തകപ്രസാധനരംഗത്തെ ഭീമനായിരുന്ന വാന്‍-നോസ്ട്രന്‍ഡ് റെയിന്‍ഹോള്‍ഡ് കമ്പനിയുടെ പുസ്തകങ്ങളുടെ ഇന്ത്യയിലെ വിതരണവും സര്‍വകലാശാലാതലത്തിലേക്ക് ഇന്ത്യക്കാര്‍ എഴുതിയ ശാസ്ത്രപാഠപുസ്തകങ്ങളുടെ പ്രസാധനവുമായിരുന്നു പ്രധാന പ്രവര്‍ത്തനം. എഡിറ്റോറിയല്‍ അസിസ്റ്റന്റായി ചേര്‍ന്ന എന്റെ ജോലി പ്രധാനമായും ഇറക്കുമതി ചെയ്യുന്ന പുസ്തകങ്ങളുടെ വിവരങ്ങള്‍ ഇന്ത്യയിലെ പുസ്തകവിപണികളില്‍ എത്തിക്കുവാനായി ഒരു ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു. വാന്‍-നോസ്ട്രന്‍ഡ് പുതിയ പുസ്തകങ്ങളുടെ കവര്‍ പേജുകളും ഉള്ളടക്കത്തെപ്പറ്റിയുള്ള വിശദവിവരങ്ങളും കാലേക്കൂട്ടി അയയ്ക്കും. മനോഹരങ്ങളായ പുറംതാളുകളും ലഘുലേഖകളുമായിരുന്നു അവ. പുസ്തകങ്ങളുടെ ഉദ്ഭവകേന്ദ്രത്തില്‍ ഞാന്‍ ആദ്യമായി തൊടുകയായിരുന്നു. ചില പുസ്തകങ്ങളുടെ പ്രൂഫ് കോപ്പിതന്നെ ലഭിക്കുമായിരുന്നു. നൊബേല്‍സമ്മാനജേതാക്കളുടെ പുസ്തകങ്ങളുടെ പ്രൂഫ് കോപ്പി കൈയില്‍ പിടിച്ച് ഞാന്‍ രോമാഞ്ചംകൊണ്ടിരുന്നിട്ടുണ്ട്.

ബുള്ളറ്റിനിലേക്കാവശ്യമുള്ള വിവരങ്ങള്‍ ഇവയില്‍നിന്നെടുത്ത് ഉള്ളടക്കം ആസൂത്രണം ചെയ്യും. അവ ഞാന്‍തന്നെ എന്റെ രണ്ടു ചൂണ്ടുവിരലുകള്‍കൊണ്ടുള്ള ടൈപ്പിങ്ങിലൂടെ അടിച്ചെടുത്ത് പ്രസ്സിന് മാര്‍ക്കു ചെയ്യും. (അമ്പതുകളില്‍, ഞാനൊരു സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍, വേനല്‍ക്കാലത്ത്, അമ്മയുടെ പിതൃസഹോദരപുത്രനായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ വടക്കന്‍ മലബാറിലെ ചീമേനിയിലുള്ള തോട്ടത്തിന്റെ ഓഫീസിലെ ടൈപ്പ്‌റൈറ്ററില്‍ ഒരു മഹാദ്ഭുതമായി ഞാന്‍ കണ്ടെത്തിയ വിദ്യ - കീ ബോര്‍ഡില്‍ വിരല്‍ തൊടുമ്പോള്‍ ഒരു അക്ഷരം കടലാസില്‍ ജനിക്കുന്ന അതിശയം - ഇപ്പോള്‍ എനിക്ക് ഉപകരിച്ചു.) മഷിയും ഓയിലും പുരണ്ട ഗാലി പ്രൂഫുകള്‍ മുറിച്ച് ഒതുക്കി വായിക്കും. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പ്രൂഫുകളുടെ എണ്ണം നീളും. ബുള്ളറ്റിന്റെ നാമഫലകം ഞാന്‍തന്നെ ഡിസൈന്‍ ചെയ്തു വരപ്പിച്ചെടുത്തു. മാറ്റര്‍ പേജുകളില്‍ ഒട്ടിച്ച് പേജ് രൂപീകരിച്ചു. ബ്ലോക്ക് മേക്കിങ്ങിന്റെ ഇടപാടുകള്‍ പഠിച്ചു. വിവിധയിനം കടലാസുകളുമായി പരിചയപ്പെട്ടു. ബൈന്‍ഡിങ് എന്ന കലയുടെ രീതികള്‍ മനസ്സിലാക്കി. അങ്ങനെ അക്കാലത്തെ അച്ചടിവിദ്യയുടെ ലോകത്തിലേക്കു ഞാന്‍ താറാവ് വെള്ളത്തിലേക്കെന്നപോലെ ഊളിയിട്ടു. ഹിന്ദിയില്‍ അച്ചടിക്കാര്യങ്ങള്‍ പറയാന്‍ പഠിച്ചു. പ്രസ്സുകാരുടെ വാഗ്ദാനലംഘനങ്ങളും താമസിപ്പിക്കലും ജീവിതയാഥാര്‍ഥ്യങ്ങളായി മാറി. എത്ര തവണ വായിച്ചാലും അവസാനം പ്രൂഫില്‍ ഒരു നശിച്ച തെറ്റ് ഒളിഞ്ഞുകിടക്കും എന്ന ജീവിതസത്യം അംഗീകരിച്ചു. പ്രൂഫുകളുടെ മഷിയും ഗന്ധവുമായി ഇണങ്ങി. ബ്ലോക്കുകളുടെ എച്ചിങ്ങിലെ ചതിക്കുഴികള്‍ തിരിച്ചറിയാന്‍ പഠിച്ചു. രണ്ടുവിരല്‍ - ടൈപ്പിങ്ങില്‍ ഞാന്‍ തീവ്രവേഗവാനായി. സ്‌പെല്ലിങ്ങിനെപ്പറ്റി, ഒരു ജീവന്മരണക്കാര്യമെന്നപോലെ ശ്രദ്ധാലുവായിത്തീര്‍ന്നു. ഇതെല്ലാം കൂടാതെ, മെയിലിങ് ലിസ്റ്റുകള്‍ രൂപീകരിക്കാനും അവ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കാനും പഠിച്ചു. തപാലോഫീസുമായുള്ള ബള്‍ക്ക്- മെയിലിങ് ബന്ധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷി നേടി. ഇതെല്ലാം തുടക്കത്തിന്റെ തുടക്കം മാത്രമായിരുന്നു എന്നതാണ് വാസ്തവം. കാരണം, താമസിയാതെ ഈസ്റ്റ്‌വെസ്റ്റ്, ഹ്യുമാനിറ്റീസ് പുസ്തകങ്ങളുടെ പ്രസാധനത്തിന് തുടക്കമിട്ടു. അതോടെ കമല്‍ മല്ലിക്ക് എന്ന വ്യക്തി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഞാന്‍ പബ്ലിസിറ്റി അസിസ്റ്റന്റ് എന്നതിനൊപ്പം കോപ്പി എഡിറ്റര്‍കൂടിയായി രൂപാന്തരപ്പെടുകയും ചെയ്തു. ശാസ്ത്രപുസ്തകങ്ങളുടെ എഡിറ്റിങ്ങിന്റെ ചുമതല വഹിച്ചിരുന്ന കമല്‍ കമ്പനിയുടെ ഡയറക്റ്റര്‍കൂടിയായിരുന്നു, പദ്ദു മാനേജിങ് ഡയറക്റ്ററും. ഹ്യുമാനിറ്റീസ് പുസ്തകങ്ങളുടെ ടൈപ്പ് ചെയ്ത മാനുസ്‌ക്രിപ്റ്റുകള്‍ വന്നുചേരാനാരംഭിക്കുകയും അവ എഡിറ്റ് ചെയ്യുന്ന ചുമതല എന്റെതായിത്തീരുകയും ചെയ്തതോടെ എഡിറ്റിങ് സംബന്ധിച്ച കാര്യങ്ങളില്‍ ഞാന്‍ കമലിനോട് ഉത്തരവാദിത്വപ്പെട്ടവനായിത്തീര്‍ന്നു. എഡിറ്റിങ്- അച്ചടി - പ്രസാധനകലയിലെ എന്റെ ഒന്നാമത്തെയും അവസാനത്തെയും ഗുരുനാഥനാണ് കമല്‍ മല്ലിക്ക്. കമല്‍ എന്നെ വിശ്വസിക്കാന്‍ പഠിപ്പിച്ച വേദപുസ്തകമാണ് 'യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ മാനുവല്‍ ഓഫ് സ്‌റ്റൈല്‍.'

ഇത്രയും കര്‍ക്കശനായ ഒരു ഗുരുനാഥനെ ആര്‍ക്കും ലഭിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നതിനോടൊപ്പം കമലിന്റെ ഒത്തുതീര്‍പ്പുകളില്ലാത്ത പ്രൊഫഷണലിസത്തിനു മുന്‍പില്‍ ഞാന്‍ തല കുനിക്കുകയും ചെയ്യുന്നു. കമല്‍ ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല. ഒരു സിഗരറ്റില്‍നിന്ന് അടുത്തത് കൊളുത്തുമ്പോഴുള്ള ഇടവേളയില്‍ മാത്രമാണ് എഡിറ്റു ചെയ്യുന്ന പേജില്‍നിന്നു ശ്രദ്ധ മാറുന്നത്. അതല്ലെങ്കില്‍ പ്രിന്റര്‍മാരും ചിത്രംവരക്കാരും ബൈന്‍ഡര്‍മാരും മറ്റുമായി ദീര്‍ഘമായ തര്‍ക്കങ്ങളില്‍ പ്രവേശിക്കുമ്പോഴും. കോപ്പി എഡിറ്റിങ്ങിന്റെ അത്യുന്നതതലത്തില്‍ എത്തിച്ചു എന്നു ഞാന്‍ കരുതിയ പേജുകള്‍ കമലിന്റെ മുന്‍പില്‍ വെക്കുമ്പോഴാണ്, എത്രയോ പ്രകാശവര്‍ഷങ്ങള്‍ പിന്നിലാണ് ഞാന്‍ എന്നു മനസ്സിലാക്കിയത്. ഒരു സ്ഥാനം മാറിയ കോമ, ഒരു ആവശ്യമില്ലാത്ത കോളണ്‍, ഹൈഫനും ഡാഷും തമ്മിലുള്ള 'എം' വ്യത്യാസത്തിലെ ഒരു പിഴവ്, ഒരു അനാവശ്യമായ കാപ്പിറ്റല്‍ ലെറ്റര്‍ - ചുണ്ടിലെ സിഗരറ്റിന്റെ പുകയില്‍ ചുളിഞ്ഞ കമലിന്റെ കണ്ണുകള്‍ ഓരോ അശ്രദ്ധയിലേക്കും സൂക്ഷ്മസൂക്ഷ്മമായ പാളിച്ചയിലേക്കും നേരേ ചെന്നു പതിക്കും. നിസ്സാരമെന്ന് എനിക്കന്നു തോന്നിയിരുന്ന പ്രശ്‌നങ്ങള്‍പോലും- ഉദാഹരണമായി, ആശ്ചര്യചിഹ്നവും അതിനു തൊട്ടുമുന്‍പിലെ അക്ഷരവും തമ്മിലുള്ള അകലം- കമല്‍ ഷിക്കാഗോ മാനുവല്‍ ഓഫ് സ്‌റ്റൈലിന്റെ വിധിന്യായത്തിനു വിധേയമാക്കും. ഓരോ സംശയം തീര്‍ക്കലിനും ഷിക്കാഗോ മാനുവല്‍ ഓഫ് സ്‌റ്റൈലിലേക്കു തിരിയാന്‍ കമല്‍ കഠിനപാഠങ്ങളിലൂടെ എന്നെ പഠിപ്പിച്ചു. എഡിറ്റിങ്ങിലെ അടിസ്ഥാനപാഠം കമല്‍ എനിക്കു നല്കി- ടേക്ക് നത്തിങ് ഫോര്‍ ഗ്രാന്‍ഡഡ്. ശരിയായിരിക്കാനാണു വഴി എന്നുള്ളില്‍ കരുതി ഒന്നിനെയും കടന്നുപോകരുത്. ഭാഷയുടെയും വരകളുടെയും ചിത്രങ്ങളുടെയും അച്ചടിവിന്യാസത്തെപ്പറ്റി ഞാന്‍ അതുവരെ കണ്ടിട്ടില്ലാതിരുന്ന ഒരു ലോകം എന്റെ മുന്‍പില്‍ ഉദിച്ചുയര്‍ന്നു.

പുസ്തകം വാങ്ങാം

ഓഫീസിലെ സയന്‍സ് എഡിറ്റര്‍മാരുടെതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാസ്തവത്തില്‍ എന്റെ ക്ലേശങ്ങള്‍ നിസ്സാരമായിരുന്നു. ശാസ്ത്രപുസ്തകങ്ങളുടെ കോപ്പി എഡിറ്റിങ് ഹ്യുമാനിറ്റീസിന്റെതിനെക്കാള്‍ എത്രയോ മടങ്ങ് സങ്കീര്‍ണമാണെന്നതും കമലിന്റെ വിട്ടുവീഴ്ചയില്ലായ്മയും കൂടി ച്ചേര്‍ന്നപ്പോള്‍ അവരുടെ കാര്യം പരിതാപകരമായിരുന്നു. മിസ്സിസ് ഫെര്‍ണാണ്ടസ് എന്ന സയന്‍സ് എഡിറ്റര്‍ കണ്ണീരുമായി കമലിന്റെ പക്കല്‍നിന്നു മടങ്ങിവരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കമല്‍ ഹ്യുമാനിറ്റീസിനെ വെറുമൊരു ഫലിതമായേ കണ്ടിരുന്നുള്ളൂ; എഡിറ്റിങ്ങില്‍ യാതൊരു വെള്ളംചേര്‍ക്കലും അനുവദിച്ചില്ലെങ്കിലും. പക്ഷേ, കമലിന്റെ നിഷ്ഠുരമായ എഡിറ്റോറിയല്‍ നിഷ്‌കര്‍ഷയാണ് പ്രൊഫസര്‍ സി.എന്‍. ആര്‍. റാവുവിനെപ്പോലെയുള്ള പ്രശസ്ത ശാസ്ത്രജ്ഞന്മാരെ പ്രസിദ്ധീകരണത്തിനായി ഞങ്ങളെ തേടിവരാന്‍ പ്രേരിപ്പിച്ചത്. കമലിനെ ഞാന്‍ ശപിച്ച രഹസ്യശാപങ്ങളെല്ലാം തിരിച്ചറിവില്ലാത്ത ഒരു ശിഷ്യന്റെ വിഡ്ഢിത്തങ്ങളായിരുന്നു. കമലിന്റെ കീഴില്‍ ഞാന്‍ പഠിച്ച അച്ചടിപാഠങ്ങള്‍ അടുത്ത പതിനെട്ടോളം വര്‍ഷങ്ങള്‍ ഡല്‍ഹിയില്‍ എനിക്ക് അമൂല്യധനങ്ങളായി മാറി. അഫിലിയേറ്റഡ് ഈസ്റ്റ്‌വെസ്റ്റ് പ്രസ്സില്‍നിന്ന് ഓള്‍ ഇന്ത്യാ മാനേജ്‌മെന്റ് അസോസിയേഷനിലേക്കും എന്റെ സ്വന്തം പ്രസിദ്ധീകരണസ്ഥാപനത്തിലേക്കും പി.ടി.ഐയിലേക്കും ഇന്ത്യാ ടുഡെയിലേക്കുമെല്ലാം ഡല്‍ഹിയിലെ ജീവിതസമരപാതകളെ പിന്തുടരാന്‍ അവയെന്നെ പ്രാപ്തനാക്കി. കേരളത്തിലെ അച്ചടി- പ്രസാധനരംഗത്ത് ധാരാളമായി പ്രത്യക്ഷപ്പെടുന്ന പ്രൊഫഷണലിസമില്ലായ്മയും മാനദണ്ഡബോധമില്ലായ്മയും ഒട്ടേറെ അവസരങ്ങളില്‍ തികഞ്ഞ അജ്ഞതയും എന്നെ രോഷാകുലനാക്കുമ്പോള്‍ ഡല്‍ഹിയിലെ എന്റെ അച്ചടിപാഠങ്ങളാണ് എന്നിലൂടെ പ്രതികരിക്കുന്നത്. ഷിക്കാഗോ മാനുവല്‍ ഓഫ് സ്‌റ്റൈല്‍ ഞങ്ങളെ അഭ്യസിപ്പിച്ച, പ്രയോഗകൃത്യതയുടെയും ഉപയോഗശുദ്ധിയുടെയും യുക്തിയുടെയും ലാളിത്യത്തിന്റെയും സൗന്ദര്യബോധത്തിന്റെയും സുവര്‍ണനിയമങ്ങള്‍ വാസ്തവത്തില്‍ ഏതു കലയ്ക്കും ബാധകമാണ്. ആ നിയമാവലികള്‍ ഒരു തടവറയായിരുന്നില്ല. മറിച്ച് കടലാസും അച്ചും ചേര്‍ന്നുണ്ടാക്കുന്ന സൗന്ദര്യശാസ്ത്രത്തിന്റെയും അര്‍ഥശാസ്ത്രത്തിന്റെയും വഴികാട്ടികളായിരുന്നു. ഇന്നും ഷിക്കാഗോ മാനുവല്‍ ഓഫ് സ്‌റ്റൈല്‍ ഒരു നോവല്‍പോലെ വായിക്കാന്‍ എനിക്കു കഴിയും. അതിന്റെ ഓരോ പുതിയ പതിപ്പും മാറുന്ന സാങ്കേതികവിദ്യയും സംവേദനാവശ്യങ്ങളുമായി പുതിയ സമന്വയങ്ങള്‍ ഉണ്ടാക്കുന്നു.

നാലഞ്ചു വര്‍ഷംമുന്‍പ് അതായത്, ഏതാണ്ട് മുപ്പതോളം വര്‍ഷത്തിനുശേഷം ഞാന്‍ കമലിനെ ഡല്‍ഹിയില്‍വെച്ചു കണ്ടു. കമലിനു പ്രായമായിരിക്കുന്നു. ഹൃദ്രോഗിയാണ്. എന്നെക്കണ്ട് വെളുക്കെ ചിരിച്ചു. കമല്‍ ചിരിക്കുന്നത് ഒരുപക്ഷേ, ആദ്യമായി കണ്ടത് അപ്പോഴാണ്. ഞാനൊരു എഴുത്തുകാരനായി അറിയപ്പെടുന്നു, എന്റെ കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഈസ്റ്റ് വെസ്റ്റ് പ്രസ്തന്നെ പ്രസിദ്ധീകരിച്ചു എന്നതിന്റെതായിരുന്നു ആ നല്ല ചിരി. എന്നിലെ മാനദണ്ഡബോധമുള്ള മനുഷ്യന്റെ ഒരു നല്ല പങ്ക് കമലിന്റെ സൃഷ്ടിയാണെന്നു പറയാന്‍ എനിക്കു മടിയില്ല. കാരണം, കമലിലൂടെ ഞാന്‍ ആര്‍ജിച്ച അച്ചടിയെ സംബന്ധിച്ച നിലവാരബോധം ജീവിതത്തിനും കലയ്ക്കും ഒരുപോലെ ബാധകമാണ്. ഇന്നും 'റോജറ്റ്‌സ് തിസാറസി'നും നിഘണ്ടുവിനുമൊപ്പം എനിക്ക് മറ്റൊരു വേദപുസ്തകമേയുള്ളൂ; കമല്‍ എന്നെ വിശ്വസിക്കാന്‍ പഠിപ്പിച്ച യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ മാനുവല്‍ ഓഫ് സ്റ്റൈല്‍. ബൈബിളിനെയും ഖുര്‍ആനെയും ഭഗവദ്ഗീതയെയുമെല്ലാം പ്രതിരോധിക്കാന്‍ അതിന്റെ ലളിതമായ രീതിശാസ്ത്രം മതി. ഭൂമികുലുക്കുന്ന തത്ത്വജ്ഞാനങ്ങളൊന്നും ആവശ്യമില്ല.

Content Highlights: paul zacharia new malayalam book mathrubhumi books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Mahatma Gandhi

10 min

'മുന്തിയ പരിഗണന മനുഷ്യന്; എന്തിനും എപ്പോഴും മനുഷ്യനായിരുന്നു ബാപ്പുജിക്ക് ഏറ്റവും പ്രധാനം'

Oct 2, 2023


ചിത്രീകരണം: സജീവന്‍ എന്‍.എന്‍

8 min

ചമ്പാരന്‍ വിഷയത്തില്‍ ഗാന്ധിജി ഇടപെട്ട രീതിയും നീലം കൃഷിക്കാരുടെ പ്രതീക്ഷയും

Oct 2, 2023


മാധവിക്കുട്ടി/ ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

11 min

'മട്ടുമാറ്റത്തിന്റെ കാര്യത്തില്‍ ക്ലിയോപാട്രപോലും മാധവിക്കുട്ടിയെ കഴിഞ്ഞേയുള്ളൂ'- ചുള്ളിക്കാട്  

Jul 26, 2023

Most Commented