എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്; വെന്റിലേറ്റർ കനിഞ്ഞ ആയുസ്സിനോട് സ്റ്റീഫൻ ഹോക്കിങ്ങ് പറഞ്ഞു


ഡോ. എ രാജഗോപാല്‍ കമ്മത്ത്

തന്റെ നേഴ്‌സായിരുന്ന എലൈന്‍ മേസണെ ഹോക്കിങ് ഭാര്യയായി സ്വീകരിച്ചു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടില്ല. പല തവണ എലൈന്‍ ഹോക്കിങ്ങിന്റെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. ശ്വാസകോശത്തിലെ പ്രശ്‌നങ്ങള്‍ കാരണം വെന്റിലേറ്റര്‍ പോലെയൊരു ഉപകരണം സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ വെന്റിലേറ്റര്‍ മാറ്റിയപ്പോള്‍ അപകടനിലയിലായ ഹോക്കിങ്ങിനെ കൃത്രിമ ശ്വാസോച്ഛ്വാസം നല്കിയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.

സ്റ്റീഫൻ ഹോക്കിങ്‌/ ഫോട്ടോ: എഎഫ്പി

ഡോ. എ രാജഗോപാല്‍ കമ്മത്ത് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം സ്റ്റീഫന്‍ ഹോക്കിങ് മഹാശാസ്ത്രജ്ഞന്റെ ആശയപ്രപഞ്ചം എന്ന പുസ്തകത്തില്‍നിന്നും ഒരു ഭാഗം വായിക്കാം.

ല്‍ബര്‍ട്ട് ഐന്‍സ്റ്റൈനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ വില്യം ഹോക്കിങ്. കേംബ്രിജില്‍ ലൂക്കേസിയന്‍ പ്രൊഫസര്‍ സ്ഥാനത്ത് ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ഈ സ്ഥാനം പണ്ട് ഐസക് ന്യൂട്ടന്‍ വഹിച്ചിരുന്നതാണ്. ഒരു കോസ്‌മോളജിസ്റ്റ് എന്നറിയപ്പെടാനായിരുന്നു ഹോക്കിങ് താത്പര്യപ്പെട്ടത്. പ്രപഞ്ചത്തിന്റെ ഉത്പത്തി പരിണാമങ്ങളെക്കുറിച്ച് ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതയെ അടിസ്ഥാനമാക്കിയുള്ള പരികല്പനകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അകാലത്തില്‍ ബാധിച്ച രോഗം ആദ്യമൊക്കെ അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും നിശ്ചയദാര്‍ഢ്യത്താടെ അതിനെ നേരിട്ട് ലോകത്തെ ഏറ്റവും ഉന്നതനായ ശാസ്ത്രജ്ഞന്‍ എന്ന വിശേഷണത്തിനര്‍ഹനായി. സ്വന്തം ആശയങ്ങളെക്കൂടാതെ മറ്റു ഗവേഷകരുടെയും ആശയങ്ങളെ സമന്വയിപ്പിച്ച് പ്രപഞ്ചത്തെക്കുറിച്ചുള്ള സാധ്യമായ ഏറ്റവും നല്ല വിവരണം നല്‍കാനുള്ള സപര്യയായിരുന്നു അദ്ദേഹത്തിന്റേത്. തനിക്കു തെറ്റിയപ്പോള്‍ അതു ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞ് തന്റെ ഔന്നത്യം തെളിയിച്ചു. സങ്കീര്‍ണമായ ഉപകരണങ്ങളുടെയും സൂപ്പര്‍ കംപ്യൂട്ടറുകളുടെയും സഹായത്തോടെ പ്രപഞ്ചവിജ്ഞാനീയം മുന്നേറിയപ്പോള്‍ അനേകം നൂറ്റാണ്ടുകള്‍ വേണ്ടിവരുമായിരുന്ന കണക്കുകൂട്ടലുകള്‍ വെറും കുറച്ചു ദിവസങ്ങളും ആഴ്ചകളും കൊണ്ട് ചെയ്തുതീര്‍ക്കാനായി. അപ്രകാരം, സാധ്യമായ ഏറ്റവും നല്ല വിവരണം കൈപ്പിടിയിലായി. സൂക്ഷ്മപ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്കു നയിക്കുന്ന കണികാത്വരിത്രങ്ങള്‍ പുതിയ വിവരങ്ങള്‍ നല്കിയപ്പോള്‍ അതും അംഗീകരിച്ച് സിദ്ധാന്തങ്ങള്‍ക്ക് പുതിയ ഭാഷ്യം രചിച്ചു. പുതിയ തലമുറയിലെ ഗവേഷകര്‍ പ്രപഞ്ചത്തിന്റെ അധികമാനങ്ങളെക്കുറിച്ചുള്ള അതിസങ്കീര്‍ണമായ സങ്കല്പനങ്ങള്‍ മുന്നോട്ടുവെച്ചപ്പോള്‍ അവയെ ലോകത്തിനു മുന്നിലെത്തിക്കാന്‍ പരിശ്രമിച്ചത് ഹോക്കിങ്ങായിരുന്നു.

ഭൗതികശാസ്ത്രത്തെയും പ്രപഞ്ചവിജ്ഞാനീയത്തെയും ഇത്രയും ജനകീയമാക്കിയ മറ്റൊരു ശാസ്ത്രജ്ഞനുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രപഞ്ചവിജ്ഞാനീയത്തിലെ കണ്ടെത്തലുകള്‍ വിവരിക്കുന്ന പ്രഭാഷണങ്ങള്‍ ആയിരങ്ങളെ ആകര്‍ഷിച്ചു. സ്റ്റാര്‍ട്രെക് സിനിമയില്‍ സ്റ്റീഫന്‍ ഹോക്കിങ്ങായിത്തന്നെ അഭിനയിച്ചു. സിംപ്‌സണ്‍സ് എന്ന ആനിമേഷന്‍ പരമ്പരയിലും ഹോക്കിങ്ങുണ്ടായിരുന്നു. ഹോക്കിങ്ങിന്റെ ആശയങ്ങളെ ലളിതമായി വിവരിക്കുന്ന ടെലിവിഷന്‍ പരമ്പരകള്‍ ശാസ്ത്രകുതുകികള്‍ക്ക് പ്രപഞ്ചവിജ്ഞാനീയത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഏറെ സഹായകമായി. ഹോക്കിങ്ങിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള തിയറി ഓഫ് എവെരിതിങ് എന്ന മികച്ച ചലച്ചിത്രം അതുല്യനായ ശാസ്ത്രജ്ഞന്റെ സംഭവബഹുലമായ ജീവിതമുഹൂര്‍ത്തങ്ങളെ ഏറെ കൃത്യതയോടെ നമ്മുടെ മുന്നിലെത്തിച്ചു. അതില്‍ ഹോക്കിങ്ങായി അഭിനയിച്ച എഡ്ഡി റെഡ്‌മെയ്‌ന് നല്ല നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

ഹോക്കിങ്ങിനെ പരിചരിക്കാന്‍ നേഴ്‌സുമാരുടെ ഒരു പറ്റംതന്നെ ചുറ്റിനുമുണ്ടായിരുന്നു. തന്നെ ബാധിച്ച രോഗം ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തിയില്ല. രോഗം തിരിച്ചറിഞ്ഞ വേളയില്‍ ഇനി രണ്ടുവര്‍ഷം മാത്രം ബാക്കിയെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തെറ്റിച്ച് പിന്നീടുള്ള 54 വര്‍ഷം ജീവിച്ച് ലോകത്തിനു മാതൃകയായി. കാലക്രമേണ സംസാരശേഷിയും നഷ്ടമായതോടെ പൂര്‍ണമായും പലതരം ഉപകരണങ്ങളെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. 'എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുമുണ്ട്' എന്നദ്ദേഹം പറഞ്ഞിരുന്നു. ജേന്‍ വൈല്‍ഡിനെ പരിചയപ്പെട്ടതാണ് ഹോക്കിങ്ങിനു പ്രതീക്ഷ നല്കിയത്. 1965-ല്‍ ജേന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. റോബര്‍ട്ട്, ലൂസി, തിമോത്തി എന്നിവരാണ് മക്കള്‍. 1995-ല്‍ ജേനുമായുള്ള ബന്ധമൊഴിഞ്ഞു. പിന്നീട് തന്റെ നേഴ്‌സായിരുന്ന എലൈന്‍ മേസണെ ഹോക്കിങ് ഭാര്യയായി സ്വീകരിച്ചു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടില്ല. പല തവണ എലൈന്‍ ഹോക്കിങ്ങിന്റെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. ശ്വാസകോശത്തിലെ പ്രശ്‌നങ്ങള്‍ കാരണം വെന്റിലേറ്റര്‍ പോലെയൊരു ഉപകരണം സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ വെന്റിലേറ്റര്‍ മാറ്റിയപ്പോള്‍ അപകടനിലയിലായ ഹോക്കിങ്ങിനെ കൃത്രിമ ശ്വാസോച്ഛ്വാസം നല്കിയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.

ലൂക്കേസിയന്‍ പ്രൊഫസര്‍സ്ഥാനം ഒഴിഞ്ഞതിനുശേഷം കേംബ്രിജിലെ ഡി.എ.എം.ടി.പിയില്‍ ഡയറക്ടര്‍ ഓഫ് റിസേര്‍ച്ചായി സേവനമനുഷ്ഠിച്ചു.സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ കോസ്‌മോളജി ഹോക്കിങ്ങിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. 2007-ല്‍ പ്രത്യേകം തയ്യാറാക്കിയ ബോയിങ് വിമാനത്തില്‍ സ്വതന്ത്രവീഴ്ച സജ്ജമാക്കി ഭാരമില്ലായ്മ അനുഭവിച്ച് ബഹിരാകാശയാത്രയ്ക്കു തുല്യമായ അനുഭവം സ്വന്തമാക്കി. ധാരാളം പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.അന്യഗ്രഹങ്ങളില്‍നിന്നുള്ള സന്ദേശങ്ങള്‍ അന്വേഷിക്കുന്ന ബ്രേക്ത്രൂ ഇനിഷ്യേറ്റീവ്‌സ് എന്ന ഉദ്യമത്തിലും പ്രധാന പങ്കുവഹിച്ചിരുന്നു. ശാസ്ത്രത്തിലെ മുന്നേറ്റങ്ങളെ കുറിക്കുന്ന പ്രസ്താവനകള്‍ വളരെ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. ആ ഒരു വിടവുനികത്താന്‍ മറ്റൊരു വ്യക്തിത്വം തത്കാലം ഇല്ലെന്നു തോന്നുന്നു.

1942 ജനുവരി 2ന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫെഡിലാണ് സ്റ്റീഫന്‍ വില്യം ഹോക്കിങ് ജനിച്ചത്. ഗലീലിയോയുടെ മരണത്തിനു കൃത്യം മുന്നൂറു വര്‍ഷത്തിനുശേഷം എന്ന് ഹോക്കിങ് പറയാറുണ്ടായിരുന്നു. മാതാപിതാക്കള്‍ ലണ്ടനിലായിരുന്നു താമസം. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പിതാവ് യോര്‍ക്കുകാരനായിരുന്നു. ധനവാനായ ഒരു കൃഷിക്കാരനായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛന്‍. വളരെയധികം കൃഷിസ്ഥലങ്ങള്‍ അവര്‍ക്കുണ്ടായിരുന്നെങ്കിലും കഴിഞ്ഞനൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ മാന്ദ്യം വന്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ക്കിടയാക്കി. മാതാപിതാക്കള്‍ വളരെ കഷ്ടപ്പെട്ടുവെങ്കിലും മകനെ ഓക്‌സ്‌ഫെഡില്‍ അയയ്ക്കാന്‍ അവര്‍ക്കു സാധിച്ചു. ഹോക്കിങ്ങിന്റെ പിതാവ് അവിടെ വൈദ്യശാസ്ത്രം പഠിച്ച് ഉഷ്ണമേഖലാപ്രദേശങ്ങളിലെ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നു. 1935-ല്‍ അദ്ദേഹം കിഴക്കേ ആഫ്രിക്കയിലേക്ക് യാത്രയായി.

യുദ്ധാരംഭമായപ്പോള്‍ തിരികെ ഇംഗ്ലണ്ടിലെത്തി. വൈദ്യശാസ്ത്രഗവേഷണരംഗത്തിന് ഒരു മുതല്‍ക്കൂട്ടായിരുന്നു അദ്ദേഹം. ലണ്ടനിലെ ഹൈഗേറ്റ് എന്ന സ്ഥലത്താണ് ഹോക്കിങ്ങിന്റെ കുടുംബം താമസിച്ചിരുന്നത്. 1950-ല്‍ ലണ്ടനു വടക്ക് സെയ്ന്റ് ആല്‍ബന്‍സിലേക്ക് താമസം മാറ്റി. വെസ്റ്റ്മിന്‍സ്റ്റര്‍ സ്‌കൂളിലയയ്ക്കാനായിരുന്നു പിതാവിനു താത്പര്യം. പക്ഷേ, സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ സമയത്ത് അനാരോഗ്യം ബാധിച്ചതുമൂലം അവിടെ പ്രവേശനം ലഭിക്കാതെ തൊട്ടടുത്ത സെയ്ന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ സ്‌കൂളിനൊപ്പം നില്ക്കുന്ന വിദ്യാഭ്യാസം തനിക്കവിടെനിന്നും ലഭിച്ചു എന്ന് ഹോക്കിങ് സാക്ഷ്യപ്പെടുത്തുന്നു.

ചെറിയൊരു കുട്ടിയായിരുന്ന സ്റ്റീഫന്‍ വായിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും ഏറെ സമയമെടുത്തിരുന്നു. സ്‌കൂളില്‍ ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നു. ജീവശാസ്ത്രം പഠിക്കുന്നതിലായിരുന്നു പിതാവിനു താത്പര്യം. എന്നാല്‍ ജീവശാസ്ത്രം വളരെയധികം വിശദീകരണങ്ങള്‍ ആവശ്യമുള്ളതും അത്ര അടിസ്ഥാനപരമല്ല എന്നു തോന്നിയതുകൊണ്ടും ഗണിതം, ഭൗതികം എന്നിവ തിരഞ്ഞെടുത്തു. ഗണിതത്തിന് ഒരു അധ്യാപകജോലിയല്ലാതെ മറ്റൊന്നും നല്കാന്‍ കഴിയില്ല എന്നദ്ദേഹത്തിന്റെ പിതാവു കരുതി. അതിനാല്‍ പിതാവിന്റെ നിര്‍ദേശാനുസരണം രസതന്ത്രം, ഭൗതികം എന്നിവ പഠിക്കുകയും ഗണിതത്തെ മൂന്നാംസ്ഥാനത്തു നിര്‍ത്തുകയും ചെയ്തു. ഓക്‌സ്‌ഫെഡില്‍ ആ സമയത്ത് ഗണിതശാഖയില്ലായിരുന്നു. 1959-ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഭൗതികശാസ്ത്രം പഠിക്കാനായി ചേര്‍ന്നു. ഭൗതികശാസ്ത്രം, പ്രപഞ്ചത്തിന്റെ സ്വഭാവത്തെ വിശദീകരിക്കുന്നതാകയാല്‍ അദ്ദേഹത്തിനു താത്പര്യമേറി. ഭൗതികത്തിലെ സമസ്യകള്‍ക്ക് ഉത്തരം കണ്ടുപിടിക്കാനുതകുന്ന ഒരു ഉപാധിയായി ഗണിതത്തെ കരുതി.

സഹപാഠികള്‍ നിര്‍ബന്ധിത സൈനികസേവനം പൂര്‍ത്തിയാക്കിയവരും മുതിര്‍ന്നവരുമായിരുന്നു. അതിനാല്‍ ആദ്യത്തെ രണ്ടുവര്‍ഷം ഏകാകിയായി കഴിച്ചുകൂട്ടേണ്ടിവന്നു. മൂന്നാമത്തെ വര്‍ഷമാണ് ഈ അവസ്ഥയ്ക്ക് കുറച്ചെങ്കിലും മാറ്റമുണ്ടായത്. കൂടുതല്‍ പ്രയത്‌നിച്ച് നല്ല മാര്‍ക്ക് വാങ്ങാനൊന്നും ആരും ശ്രമിച്ചിരുന്നില്ല. അക്കാലത്ത് ഓക്‌സ്‌ഫെഡിലെ വിദ്യാഭ്യാസരീതി വളരെ ലഘുവായതായിരുന്നു. ദിവസം ഒരു മണിക്കൂര്‍ വീതം മൂന്നുവര്‍ഷത്തേക്ക് വെറും ആയിരം മണിക്കൂര്‍ മാത്രമേ പഠനത്തിനായി ചെലവഴിച്ചിരുന്നുള്ളൂ. ഈ രീതിയോട് ഹോക്കിങ്ങിന് അത്ര ആഭിമുഖ്യമുണ്ടായിരുന്നില്ല. എങ്കിലും സഹപാഠികള്‍ക്കൊപ്പം നില്ക്കണമെന്നതിനാല്‍ കൂടെക്കൂടി. നീണ്ടുനില്ക്കുന്ന ബോറന്‍ സമ്പ്രദായം, എന്തിനിതു ചെയ്യുന്നു എന്ന തോന്നല്‍, ഇതൊക്കെ അക്കാലത്ത് ഓക്‌സ്‌ഫെഡില്‍ നിലനിന്നിരുന്നു. അക്കാലത്ത് ഹോക്കിങ്ങിനെ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗം മേല്പറഞ്ഞ ചിന്തകളെയാകെ മാറ്റിമറിച്ചു. ഇനി അധികം കാലമില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആസന്നമരണനായി നില്ക്കുമ്പോള്‍ ജീവിതം എത്രത്തോളം ആസ്വാദ്യകരമായിരുന്നു എന്നും, ഇനിയും എത്രയോ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടിയിരിക്കുന്നു എന്നും ഹോക്കിങ്ങിന്റെ മനസ്സില്‍ തെളിഞ്ഞു.

ആശയപരമായ ചോദ്യങ്ങള്‍ ഒഴിവാക്കി തിയററ്റിക്കല്‍ ഫിസിക്‌സിലെ ചില കണക്കുകള്‍ പഠിച്ചു പരീക്ഷ കടന്നുകൂടാനായിരുന്നു ഹോക്കിങ്ങിനു താത്പര്യം. പരീക്ഷയുടെ തലേന്ന് മാനസികസമ്മര്‍ദം മൂലം ശരിക്ക് ഉറങ്ങാത്തതിനാല്‍ കാര്യമായി ഒന്നും എഴുതിയില്ല. ഒന്നാം ക്ലാസിനും രണ്ടാം ക്ലാസിനുമിടയില്‍ മാര്‍ക്കു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പരീക്ഷകര്‍ ഒരു മുഖാമുഖവും നടത്തിയിരുന്നു. ഭാവിപരിപാടികളെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഗവേഷണം ചെയ്യാനാണ് താത്പര്യം എന്നു പറഞ്ഞു. ഒന്നാം ക്ലാസെങ്കില്‍ കേംബ്രിജിലേക്കു പോകാനും രണ്ടാം ക്ലാസെങ്കില്‍ ഓക്‌സ്‌ഫെഡില്‍ത്തന്നെ തുടരാനും തീരുമാനിച്ചു. ഒന്നാം ക്ലാസുതന്നെ അദ്ദേഹത്തിനു ലഭിച്ചു.

1962-ല്‍ ബിരുദവിദ്യാര്‍ഥിയായി കേംബ്രിജിലെ ഡി.എ.എം.ടി.പിയില്‍ ചേരാനായി അപേക്ഷിക്കുമ്പോള്‍ ഹോക്കിങ്ങിന് ഇരുപതു വയസ്സായിരുന്നു. ഫ്രെഡ് ഹോയ്‌ലിന്റെ ശിക്ഷണത്തില്‍ ഗവേഷണം നടത്താനാണ് അപേക്ഷിച്ചത്. എന്നാല്‍ അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഹോയ്‌ലിന്റെ കീഴില്‍ അനേകം വിദ്യാര്‍ഥികളുണ്ടായിരുന്നതിനാല്‍ ഡെന്നീസ് ഷാമയോടൊപ്പം ഗവേഷണം ചെയ്യേണ്ടിവന്നു. ഹോയ്‌ലിന്റെ കൂടെ ചേരാത്തത് നന്നായെന്ന് ഹോക്കിങ്ങിന് പിന്നീടു തോന്നി. കാരണം, അദ്ദേഹത്തിന്റെ സ്ഥിരസ്ഥിതി (സ്റ്റെഡി സ്റ്റേറ്റ്) സിദ്ധാന്തം പിന്താങ്ങി നില്‌ക്കേണ്ടിവരുമായിരുന്നു.
ഓക്‌സ്‌ഫെഡിലെ ഭൗതികശാസ്ത്രപഠനത്തിനിടയില്‍ അധികം ഗണിതമൊന്നും ഹോക്കിങ് പഠിച്ചിരുന്നില്ല. അതിനാല്‍ ഷാമ ജ്യോതിര്‍ഭൗതികത്തില്‍ ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിച്ചു. എന്നാല്‍, ഹോക്കിങ് കേംബ്രിജിലെത്തിയത് പ്രപഞ്ചവിജ്ഞാനീയത്തില്‍ (കോസ്‌മോളജി) ഗവേഷണം ചെയ്യാനാണ്. അക്കാലത്ത് പ്രപഞ്ചവിജ്ഞാനീയവും ഗുരുത്വാകര്‍ഷണവും ആരും ശ്രദ്ധതിരിക്കാത്ത മേഖലകളായിരുന്നു. ഗവേഷണം ചെയ്യാന്‍ ഏറ്റവും അനുയോജ്യവുമായിരുന്നു. അതിനാല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ചുള്ള എല്ലാ ടെക്സ്റ്റ്ബുക്കുകളും വായിച്ചു. എല്ലാ ആഴ്ചയും ഈ വിഷയത്തിലുള്ള ലെക്ചറുകള്‍ കേള്‍ക്കാനായി പോയി. അതിലെ സമീകരണങ്ങളും മറ്റും വേഗം മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കിലും വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവു ലഭിച്ചില്ല. ഗവേഷണം തുടങ്ങിയപ്പോള്‍ രണ്ടു മേഖലകളാണ് താത്പര്യകരമായി തോന്നിയത്. പ്രപഞ്ചവിജ്ഞാനീയവും മൗലികകണങ്ങളുടെ ഭൗതികവുമായിരുന്നു അവ. കണങ്ങളുടെ ഭൗതികം വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നതും പല നല്ല ഗവേഷകരെയും ആകര്‍ഷിച്ചതുമായിരുന്നു. എന്നാല്‍, സാമാന്യ ആപേക്ഷികതയും പ്രപഞ്ചവിജ്ഞാനീയവും 1930കളിലെ അവസ്ഥയില്‍ത്തന്നെ തുടര്‍ന്നുവന്നു. കണികാഭൗതികം സസ്യശാസ്ത്രംപോലെയാണ് ഹോക്കിങ്ങിനു തോന്നിയത്. അക്കാലത്ത് ക്വാണ്ടം ഇലക്ട്രോഡൈനാമിക്‌സ്, പ്രകാശത്തെക്കുറിച്ചുള്ളതും ഇലക്ട്രോണുകളെക്കുറിച്ചുള്ളതുമായ സിദ്ധാന്തങ്ങള്‍, ആറ്റത്തിന്റെ ഘടന എന്നിവ പൂര്‍ണമായും രൂപീകരിച്ചിരുന്നു. ആറ്റങ്ങളുടെ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അതിശക്തബലം, അശക്തബലം എന്നിവയില്‍ പലരും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഗുരുത്വാകര്‍ഷണം, പ്രപഞ്ചവിജ്ഞാനീയം എന്നിവയെ പലരും അവഗണിക്കുന്ന മട്ടായിരുന്നു. സാമാന്യ ആപേക്ഷികതയില്‍ കൂടുതല്‍ പ്രവര്‍ത്തനം സാധ്യമാക്കാനായി പുതിയ ഒരു തലമുറ രംഗത്തുവന്നു. പാസ്‌കല്‍ ജോര്‍ഡാന്റെ കീഴില്‍ ഹാംബര്‍ഗിലും, ഹെര്‍മന്‍ ബോണ്ടിയുടെ കീഴില്‍ ലണ്ടനിലെ കിങ്‌സ് കോളേജിലുമായിരുന്നു അത്. ഹാംബര്‍ഗ് കേന്ദ്രത്തില്‍നിന്നുള്ള പ്രബന്ധങ്ങള്‍ കാമ്പുള്ളവയാണെന്ന് ഹോക്കിങ്ങിനു തോന്നി. മാക് തത്ത്വത്തെക്കുറിച്ച് ഹോക്കിങ്ങിന് സ്വന്തമായ ഒരു ആശയമുണ്ടായിരുന്നു. അത് അദ്ദേഹം വിപുലീകരിച്ചു.

ആധുനിക പ്രപഞ്ചവിജ്ഞാനീയത്തിന്റെ ഉപജ്ഞാതാക്കളിലൊരാളാണ് ഡെന്നീസ് ഷാമ. ആദ്യമൊക്കെ ഹോയ്‌ലിന്റെ സ്ഥിരസ്ഥിതിസിദ്ധാന്തത്തെ ഷാമ പിന്താങ്ങിയിരുന്നെങ്കിലും നിരീക്ഷണത്തെളിവുകള്‍ ആ സിദ്ധാന്തത്തിനെതിരായതോടെ വേറിട്ട ആശയങ്ങള്‍ക്കായി പ്രയത്‌നിച്ചു. ഷാമയുടെ ഏറ്റവും പ്രശസ്തനായ ശിഷ്യന്‍ ഹോക്കിങ് തന്നെ. പ്രമുഖ ഭൗതികശാസ്ത്രജ്ഞരായ ജോര്‍ജ് എല്ലിസ്, ബ്രന്‍ഡന്‍ കാര്‍ട്ടര്‍, മാര്‍ട്ടിന്‍ റീസ്, ഗാരി ഗിബ്ബണ്‍സ്, ജോണ്‍ ബാരോ, ഡേവിഡ് ഡോഷ് തുടങ്ങിയവര്‍ ഷാമയുടെ കീഴില്‍ ഗവേഷണം നടത്തി വിജയിച്ചവരാണ്.വിഖ്യാത ശാസ്ത്രജ്ഞന്‍ റോജര്‍ പെന്റോസിന്റെ ചിന്തകളെയും ഷാമ സ്വാധീനിച്ചിട്ടുണ്ട്. പെന്റോസ് തന്റെ റോഡ് ടു റിയാലിറ്റി എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നു.

കേംബ്രിജില്‍ ചേര്‍ന്നതിനുശേഷമുള്ള ക്രിസ്മസിന് ഹോക്കിങ് വീട്ടിലെത്തിയ വേളയില്‍ സെയ്ന്റ് ആല്‍ബന്‍സിലെ തടാകത്തില്‍ സ്‌കേറ്റിങ്ങിനു പോയി. അതിശൈത്യമായിരുന്നു അക്കാലത്ത്. അവിടെവെച്ച് തെന്നിമറിഞ്ഞു വീണതിനുശേഷം ഹോക്കിങ്ങിന് പെട്ടെന്ന് എഴുന്നേല്ക്കാന്‍ കഴിയാതായി. അതിനു മുന്‍പൊരിക്കല്‍ കോളേജിലെ കോണിപ്പടിയില്‍നിന്നും തെന്നിവീണിരുന്നു. ആശുപത്രിയില്‍ ആഴ്ചകള്‍ ചെലവഴിച്ചു. അവിടെ അനേകം ടെസ്റ്റുകളും അവര്‍ നടത്തി. ഗുരുതരമായ രോഗമായതിനാല്‍ ഹോക്കിങ്ങിനെ ആദ്യം പരിശോധിച്ച ഡോക്ടര്‍ കൈയൊഴിഞ്ഞു.

ഹോക്കിങ്ങിനെ ബാധിച്ച മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിനു ചികിത്സയില്ല. പതിയെ പേശികളുടെ ശേഷി നഷ്ടപ്പെട്ട് അനിവാര്യമായ മരണത്തിനു കീഴടങ്ങാനായിരുന്നു വിധി. തുടര്‍ന്ന് ഹോക്കിങ്ങിന്റെ പിതാവുതന്നെ ചികിത്സ ഏറ്റെടുത്തു. ഹോക്കിങ് ആദ്യമൊക്കെ വളരെ വിഷാദവാനായിരുന്നു. അദ്ദേഹത്തിന്റെ നില പെട്ടെന്ന് മോശമായിത്തുടങ്ങി. പിഎച്ച്.ഡി ചെയ്യുന്നതില്‍ ഒരു കാര്യവുമില്ലെന്നു തോന്നി. കാരണം, അതു പൂര്‍ത്തീകരിക്കുവോളം ജീവിച്ചിരിക്കുമോ എന്നറിയില്ലായിരുന്നു. പിന്നീട് അവസ്ഥ മോശമായി വരുന്നതിന്റെ വേഗം കുറയുകയും ഏതാണ്ട് ഒരേപടി നിലനില്ക്കുകയും ചെയ്തുതുടങ്ങിയപ്പോള്‍ ഗവേഷണത്തില്‍ പുരോഗതിയുണ്ടായി. പ്രതീക്ഷകള്‍ പൂജ്യമായിരുന്നപ്പോള്‍ ഓരോ ദിവസവും ബോണസായി തോന്നിയിരുന്നു എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓരോ ദിവസത്തെയും, ഹോക്കിങ് വളരെ പ്രധാന്യത്തോടെ കണ്ടു. ജേന്‍ എന്ന ചെറുപ്പക്കാരിയെ ഒരു വിരുന്നുസത്കാരത്തിനിടയില്‍ വെച്ചാണ് ഹോക്കിങ് കണ്ടുമുട്ടിയത്. ജേനുമായുള്ള വിവാഹനിശ്ചയം അദ്ദേഹത്തെ ഉത്സാഹഭരിതനാക്കി.എന്നാല്‍, വിവാഹം കഴിക്കണമെങ്കില്‍ ഒരു ജോലി കൂടിയേതീരൂ. അതിനായി പിഎച്ച്.ഡി പൂര്‍ത്തീകരിക്കുകയും വേണം.അതിനായി വളരെ കഠിനമായി പ്രയത്‌നിച്ചുതുടങ്ങുകയും ആ ശ്രമം വളരെയധികം ആസ്വദിക്കുകയും ചെയ്തു.

1964-ലെ റോയല്‍ സൊസൈറ്റിയുടെ ഒരു സമ്മേളനത്തില്‍ ഹോയ്ല്‍ പ്രപഞ്ചത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള തന്റെ സിദ്ധാന്തം അവതരിപ്പിച്ചു. ഹോക്കിങ് ആ സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. സ്ഥിരസ്ഥിതി പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ സ്വാധീനം ദ്രവ്യമാനത്തെ അനന്തമാക്കുമെന്ന് ഹോക്കിങ് അഭിപ്രായപ്പെട്ടു. എന്തിനിപ്രകാരം അഭിപ്രായപ്പെട്ടു എന്ന് ഹോയ്ല്‍ ചോദിച്ചപ്പോള്‍ താന്‍ അത് കണക്കുകൂട്ടി എടുത്തതാണെന്ന് ഹോക്കിങ് പറഞ്ഞു. അദ്ദേഹം മനക്കണക്കിലൂടെ ഇതു ചെയ്തതാണെന്ന് എല്ലാവരും കരുതി. എന്നാല്‍, ഈ പ്രബന്ധത്തിന്റെ പകര്‍പ്പ് ഹോയ്‌ലിന്റെ വിദ്യാര്‍ഥിയായ ജയന്ത് നാര്‍ലിക്കറിന്റെ മുറിയില്‍ വെച്ച് അദ്ദേഹം വായിച്ചിരുന്നു. ഏതായാലും ഈ സംഭവത്തില്‍ ഹോയ്ല്‍ രോഷാകുലനായി. ഹോയ്ല്‍ സ്വന്തമായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനുദ്ദേശിച്ചിരുന്നു. അതിനുള്ള പണം ലഭിച്ചില്ലെങ്കില്‍ അമേരിക്കയിലേക്ക് പോയ്ക്കളയും എന്നും ഹോയ്ല്‍ അധികൃതരോട് പറഞ്ഞിരുന്നു. ഈ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഹോക്കിങ്ങിന്റെ പ്രവര്‍ത്തനംവഴി നടന്നതെന്ന് അദ്ദേഹം കരുതി. ഏതായാലും ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുകയും അവിടെ ഹോക്കിങ്ങിനൊരു സ്ഥാനം നല്കുകയും ചെയ്തു. അദ്ദേഹത്തോട് ഹോയ്‌ലിന് രോഷമുണ്ടായിരുന്നതായി തോന്നുന്നില്ല.

അറുപതുകളുടെ തുടക്കത്തില്‍ പ്രപഞ്ചവിജ്ഞാനീയത്തിലെ ഏറ്റവും വലിയ ചോദ്യം പ്രപഞ്ചത്തിനൊരു തുടക്കമുണ്ടായിരുന്നോ എന്നതായിരുന്നു. പ്രപഞ്ചാരംഭത്തിലെ അവസ്ഥയില്‍ ശാസ്ത്രത്തിലെ സങ്കല്പനങ്ങള്‍ക്ക് സാധുതയില്ല എന്ന കാര്യത്തിനാല്‍ തുടക്കം എന്ന ആശയത്തിന് ശാസ്ത്രജ്ഞര്‍ പൊതുവേ എതിരായിരുന്നു. പ്രപഞ്ചോത്പത്തിയുണ്ടായ നിമിഷം എന്ന ആശയം സൃഷ്ടി എന്നതിലേക്കു നയിക്കുമെന്ന് അവര്‍ കരുതി. അത്തരം അവസ്ഥകളില്‍ ശാസ്ത്രത്തിന് പ്രത്യേകം ഭാഗമൊന്നുമില്ലെന്ന് അതിന്റെ വക്താക്കള്‍ അവകാശപ്പെട്ടിരുന്നല്ലോ.

മതം, സ്രഷ്ടാവ് എന്നീ കാര്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പൊതുവേ പ്രപഞ്ചമെങ്ങനെ തുടങ്ങി എന്നു വിവരിച്ചിരുന്നത്. വ്യത്യസ്തമായ ആശയങ്ങള്‍ ആ കാലഘട്ടത്തില്‍ മുന്നോട്ടുവെയ്ക്കപ്പെട്ടു. പ്രപഞ്ചം വികസിക്കുന്നതോടെ പുതിയ ദ്രവ്യം തുടര്‍ച്ചയായി ഉണ്ടാകുന്നു എന്നും, അതുവഴി ദ്രവ്യസാന്ദ്രത ഒരേപോലെ നിലനിര്‍ത്തുന്നു എന്നും അനുമാനിക്കുന്ന സ്ഥിരസ്ഥിതിസിദ്ധാന്തം അക്കാലത്ത് ഫ്രെഡ് ഹോയ്‌ലും കൂട്ടരും ചേര്‍ന്ന് അവതരിപ്പിച്ചു. അതിന് ശക്തമായ ഒരു സൈദ്ധാന്തിക അടിത്തറയില്ലായിരുന്നു. കാരണം, ദ്രവ്യമുണ്ടാകണമെങ്കില്‍ അതില്‍ ഋണ ഊര്‍ജമണ്ഡലം വേണമായിരുന്നു. ഇപ്രകാരമായിരുന്നെങ്കില്‍ പ്രപഞ്ചം അസ്ഥിരമായി ദ്രവ്യവും ഋണ ഊര്‍ജവും തുടര്‍ച്ചയായി ഉണ്ടാകുമായിരുന്നു. ഹോയ്‌ലിന്റെ കീഴിലുള്ള വിദ്യാര്‍ഥിയാണ് ഹോക്കിങ്ങെങ്കില്‍ സ്ഥിരസ്ഥിതിസിദ്ധാന്തത്തെ പിന്തുണയ്‌ക്കേണ്ടിവരുമായിരുന്നു. ഹോക്കിങ് ഗവേഷണം തുടങ്ങിയ കാലത്തുതന്നെ നിരീക്ഷണത്തെളിവുകള്‍ ഈ സിദ്ധാന്തത്തിന് എതിരായിരുന്നു. 1964-ല്‍ കണ്ടെത്തിയ പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന വളരെ ചെറിയ തോതിലുള്ള പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലവികിരണം, പ്രപഞ്ചത്തിന്റെ തുടക്കത്തിലുണ്ടായി എന്നു കരുതപ്പെടുന്ന മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടം, ഈ സിദ്ധാന്തത്തിനെതിരായ ഏറ്റവും വലിയ തെളിവായി.

1963-ല്‍ത്തന്നെ സ്ഥിരസ്ഥിതിസിദ്ധാന്തത്തിന്റെ മുന്നോട്ടുപോക്ക് ശ്രമകരമായിരുന്നു. കാവെന്‍ഡിഷ് ലാബിലെ മാര്‍ട്ടിന്‍ റൈലിന്റെ നേതൃത്വത്തിലുള്ള റേഡിയോ അസ്‌ട്രോണമി ഗ്രൂപ്പ് വളരെ ദുര്‍ബലമായ റേഡിയോ സ്രോതസ്സുകളെക്കുറിച്ച് ഒരു സര്‍വേ നടത്തി. ആ സ്രോതസ്സുകളല്ലാം നമ്മുടെ ഗാലക്‌സിക്കു പുറത്താണെന്ന് തെളിഞ്ഞു. കാരണം, ആകാശത്തിന്റെ എല്ലാ ദിശകളിലും അവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതുമൂലം അവ ആകാശഗംഗയ്ക്കു പുറത്താണെന്നു വ്യക്തമായി. റേഡിയോ സ്രോതസ്സുകളും അവയുടെ തീവ്രതയും സ്ഥിരസ്ഥിതിസിദ്ധാന്തത്തിന്റെ അനുമാനങ്ങള്‍ക്കെതിരായിരുന്നു. ദുര്‍ബലമായ സ്രോതസ്സുകള്‍ ഏറെയുണ്ടായിരുന്നു. പണ്ടുകാലത്ത് സ്രോതസ്സുകളുടെ സാന്ദ്രത അധികമായിരുന്നു എന്ന സൂചനയാണിതു നല്കിയത്. ഇത്തരം നിരീക്ഷണങ്ങളെക്കുറിച്ച് ഹോയ്‌ലിനും അദ്ദേഹത്തെ പിന്താങ്ങുന്നവര്‍ക്കും പലതരം അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്.

പ്രപഞ്ചത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഭൂമിയിലെത്തുന്ന പ്രാപഞ്ചിക പശ്ചാത്തലവികിരണം കണ്ടെത്തിയത് സ്ഥിരസ്ഥിതിസിദ്ധാന്തത്തിന്റെ സാധുതയില്ലാതാക്കി. ഈ വികിരണമെന്തെന്ന് വിവരിക്കാന്‍ ഹോയ്‌ലിനും നാര്‍ലിക്കര്‍ക്കും സാധിച്ചില്ല. പണ്ടുകാലത്ത് അതിശക്തമായ താപമുള്ള അതിസാന്ദ്രമായ ഒരവസ്ഥ പ്രപഞ്ചത്തിനുണ്ടായിരുന്നു എന്നാണ് പ്രാപഞ്ചിക പശ്ചാത്തലവികിരണം തെളിയിച്ചത്. പക്ഷേ, അത്തരമൊരവസ്ഥയില്‍നിന്നാണ് പ്രപഞ്ചമുണ്ടായതെന്ന് അനുമാനിക്കാന്‍ ആ തെളിവ് മതിയാകുമായിരുന്നില്ല. പ്രപഞ്ചം വികസിച്ചുവന്നതോടെ വികിരണം തണുക്കുകയും നാമിന്നു കാണുന്ന വളരെ സൂക്ഷ്മമായ അവശിഷ്ടത്തിന്റെ നിലയിലെത്തുകയും ചെയ്തു. ഡെന്നീസ് ഷാമ ഈ ആശയത്തെ പിന്താങ്ങുകയും ഗവേഷണങ്ങള്‍ ആ മേഖലയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

1965-ല്‍ പെന്റോസ്, ലണ്ടനിലെ കിങ്‌സ് കോളേജില്‍ ഒരു പ്രഭാഷണം നടത്തി. ഹോക്കിങ്ങിന് ഇതില്‍ പങ്കുകൊള്ളാനായില്ല. എങ്കിലും അവിടെ അവതരിപ്പിച്ച കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധയൂന്നി. സില്‍വര്‍ സ്ട്രീറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്‌സിലെ സഹപ്രവര്‍ത്തകനായ കാര്‍ട്ടറാണ് ഇതു ഹോക്കിങ്ങിനെ ധരിപ്പിച്ചത്. ആദ്യം ഈ പ്രഭാഷണത്തിന്റെ യഥാര്‍ഥ ആശയം വ്യക്തമായില്ല. മൃതമായിക്കൊണ്ടിരിക്കുന്ന ഒരു നക്ഷത്രം സങ്കോചിച്ച് നിശ്ചിത അളവിലെത്തുമ്പോള്‍ സ്ഥലം, കാലം എന്നിവ അവസാനിക്കുന്ന സിന്‍ഗുലാരിറ്റി എന്ന അവസ്ഥ സംജാതമാകുമെന്നാണ് പെന്റോസ് അഭിപ്രായപ്പെട്ടത്. സ്വന്തം ഗുരുത്വം താങ്ങാനാവാതെ ഒരു നക്ഷത്രം അനന്തമായ സാന്ദ്രതയുള്ള അവസ്ഥയില്‍ എത്തിച്ചേരുന്നതിനെ തടയാന്‍ ഒന്നിനുമാവില്ല എന്ന് ഗവേഷകര്‍ക്കറിയാമായിരുന്നു. അന്നു നിലവിലിരുന്ന സമീകരണങ്ങള്‍ ഗോളാകൃതിയിലുള്ള നക്ഷത്രത്തിനു മാത്രം ബാധകമായിരുന്നു. എന്നാല്‍, ഒരു യഥാര്‍ഥ നക്ഷത്രം ഗോളാകൃതിയിലല്ല ഉള്ളത്.

സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിന്റെ വക്താക്കളായിരുന്ന റഷ്യക്കാരായ ലിഫ്ഷിസ്, കലാറ്റ്‌നിക്കോവ് എന്നിവര്‍ വളരെയധികം സമീകരണങ്ങള്‍ എഴുതിയുണ്ടാക്കി ഒരു അനുമാനത്തിലെത്താന്‍ ശ്രമിച്ചു. ലിഫ്ഷിസും കലാറ്റ്‌നിക്കോവും ഗ്രഹിച്ചതു ശരിയാണെങ്കില്‍ നക്ഷത്രം തകര്‍ന്നടിയുമ്പോള്‍ അതിന്റെ ഗോളാകൃതി നഷ്ടപ്പെട്ട് നക്ഷത്രത്തിന്റെ പല ഭാഗങ്ങളും പല തലങ്ങളിലാകുകയും അനന്തമായ സാന്ദ്രതയുള്ള സിന്‍ഗുലാരിറ്റി ഒഴിവാകുകയും ചെയ്യും. എന്നാല്‍ ഈ ചിന്ത തെറ്റാണെന്നു പെന്റോസ് തെളിയിച്ചു.ഗോളാകൃതിയിലെ സമമിതിയില്‍ അല്പമൊക്കെ വ്യതിയാനം വരുന്നത് സിന്‍ഗുലാരിറ്റിയില്‍ എത്തുന്നതിനെ തടയുകയില്ല. ഇത്തരം വാദങ്ങള്‍ പ്രപഞ്ചത്തിന്റെ വികാസത്തെക്കുറിച്ചുള്ള ആശയങ്ങളിലും പ്രയോഗിക്കാമെന്ന് ഹോക്കിങ് കണ്ടെത്തി. സ്ഥലം, കാലം എന്നിവയ്ക്ക് തുടക്കമായ അവസ്ഥയാണ് സിന്‍ഗുലാരിറ്റി എന്ന് തെളിയിക്കാന്‍ ഹോക്കിങ്ങിനു കഴിഞ്ഞു. സാമാന്യ ആപേക്ഷികതപ്രകാരം പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടാകണം എന്നു തെളിയിക്കാന്‍ ഈ ആശയത്തിനു കഴിഞ്ഞു.

സമയത്തിന്റെ തുടക്കത്തിന് മറ്റൊരു സാധ്യതയുണ്ടായിരുന്നു. സങ്കോചിക്കുന്ന അവസ്ഥയ്‌ക്കൊടുവില്‍ എത്തിച്ചേരുന്ന അതിസാന്ദ്രമായ ബിന്ദുവില്‍നിന്നും പെട്ടെന്നുള്ള വികാസം. ഇതൊരു അടിസ്ഥാനപരമായ പ്രശ്‌നമായിരുന്നു. ഹോക്കിങ്ങിന്റെ പിഎച്ച്.ഡി തീസീസ് പൂര്‍ത്തീകരിക്കാന്‍ വേണ്ടതും അതുതന്നെയായിരുന്നു. റോജര്‍ പെന്റോസ് അവതരിപ്പിച്ച ആശയത്തില്‍ ഐന്‍സ്റ്റൈന്റെ സമീകരണങ്ങള്‍ പൂര്‍ണമായും തെളിയിക്കേണ്ട ആവശ്യമില്ല. അതില്‍ ഊര്‍ജം ധനാത്മകവും ഗുരുത്വം ആകര്‍ഷിക്കുന്നതുമായിരുന്നു. അന്ത്യാവസ്ഥയിലുള്ള നക്ഷത്രം ഒരു നിശ്ചിത വലിപ്പത്തിലും ചെറുതാകുമ്പോള്‍ സ്ഥലവും കാലവും ഒടുങ്ങുന്ന ബിന്ദുവായ സിന്‍ഗുലാരിറ്റിയിലേക്ക് ചുരുങ്ങുമെന്ന് റോജര്‍ പെന്റോസ് തെളിയിച്ചു. പ്രപഞ്ചത്തിന്റെ വികാസത്തിലും ഈ ആശയം ഉപയോഗിക്കാമെന്ന് ഹോക്കിങ് തിരിച്ചറിഞ്ഞു. ഇരുപത്തിമൂന്നാം വയസ്സില്‍ തന്റെ ഗവേഷണം പൂര്‍ത്തിയാക്കി. 'വികസിക്കുന്ന പ്രപഞ്ചത്തിന്റെ സവിശേഷതകള്‍' എന്ന ഗവേഷണപ്രബന്ധത്തില്‍ ഫ്രെഡ് ഹോയ്ല്‍, ജയന്ത് നാര്‍ലിക്കര്‍ എന്നിവര്‍ അവതരിപ്പിച്ച ഗുരുത്വാകര്‍ഷണസിദ്ധാന്തം, പ്രപഞ്ചം വികസിക്കുന്നു എന്ന നിരീക്ഷണവുമായി ഒത്തുപോകുന്നില്ല എന്നു വ്യക്തമായി സ്ഥാപിച്ചിരുന്നു. പ്രപഞ്ചത്തിന്റെ ഏകത്വാവസ്ഥകളെക്കുറിച്ചുള്ള അനുമാനങ്ങളും ഗവേഷണപ്രബന്ധത്തില്‍ അവതരിപ്പിച്ചിരുന്നു.

ഗുരുത്വാകര്‍ഷണം ദ്രവ്യത്തെ തമ്മിലടുപ്പിക്കുന്നു. എന്നാല്‍ കറക്കം അതിനെ വേര്‍പെടുത്തി നിര്‍ത്തുന്നു. ഹോക്കിങ്ങിന്റെ ആദ്യത്തെ ചോദ്യം, കറക്കംമൂലം പ്രപഞ്ചം വീണ്ടും വികസിക്കുമോ എന്നതായിരുന്നു. അതായത് സങ്കോചാവസ്ഥയുടെ പാരമ്യത്തില്‍നിന്നും വികാസത്തിലേക്കുള്ള ഒരു കുതിച്ചുചാട്ടം. ജോര്‍ജ് എല്ലിസുമൊത്ത് ഹോക്കിങ് തെളിയിച്ചത് ഇത്തരമൊരു സാധ്യത പ്രപഞ്ചത്തിലില്ല എന്നാണ്. പ്രപഞ്ചം എല്ലായിടത്തും സജാതീയമാണ്. എവിടെ നോക്കിയാലും ഒരേപോലെയിരിക്കുന്നു എന്നു കാണാം. ലിഫ്ഷിസ്, കലാറ്റ്‌നിക്കോവ് എന്നിവര്‍ സമമിതിയില്ലാതെ ഉണ്ടാകുന്ന പ്രപഞ്ചത്തിന്റെ സങ്കോചം പെട്ടെന്നുള്ള വികാസത്തിനു വഴിവെക്കും എന്നു തെളിയിച്ചിരുന്നു. ഇതില്‍ പ്രപഞ്ചസാന്ദ്രത അനന്തമല്ല.

പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ സിന്‍ഗുലാരിറ്റി എന്ന ഏകത്വാവസ്ഥയായിരുന്നെന്നും ഭാവിയില്‍ പ്രപഞ്ചം സങ്കോചിച്ച് വീണ്ടും ഒരു ഏകത്വാവസ്ഥയില്‍ എത്തിച്ചേരുമെന്നും അനുമാനിച്ചു. പിന്നീടുവന്ന നിരീക്ഷണഫലങ്ങളെല്ലാം ഈ അനുമാനത്തെ പിന്താങ്ങുന്നവയായിരുന്നു. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു എന്ന് സാമാന്യ ആപേക്ഷികതപ്രകാരം പറയാം. സ്ഥലത്തിന്റെയും കാലത്തിന്റെയും തുടക്കത്തില്‍ ഒരു സിന്‍ഗുലാരിറ്റി ഉണ്ടായിരുന്നു എന്നു തെളിയിക്കാന്‍ ഹോക്കിങ്ങിനു കഴിഞ്ഞു. അതിര്‍ത്തിയില്ലാത്ത പ്രപഞ്ചത്തെ വിവരിക്കുന്ന കാല്പനിക കാലം എന്ന സങ്കല്പനം, ബ്ലാക്‌ഹോളില്‍നിന്നുള്ള ഹോക്കിങ് വികിരണം, ടോപ്പ് ഡൗണ്‍ കോസ്‌മോളജി തുടങ്ങി പ്രപഞ്ചവിജ്ഞാനീയത്തിന്റെ മിക്ക മേഖലകളിലും ഹോക്കിങ്ങിന്റെ സംഭാവനകളുണ്ട്.

ഹോക്കിങ്, റോജര്‍ പെന്റോസ്, ബോബ് ജെറോച്ച് എന്നിവര്‍ ചേര്‍ന്ന് സാമാന്യ ആപേക്ഷികതയുടെ ഘടനയെക്കുറിച്ചുള്ള ഒരു സിദ്ധാന്തം രൂപീകരിച്ചു. 1970 വരെ ഹോക്കിങ്ങിന്റെ പ്രവര്‍ത്തനമെല്ലാം പ്രപഞ്ചവിജ്ഞാനീയത്തിലെ മഹാവിസ്‌ഫോടനം, സിന്‍ഗുലാരിറ്റി എന്നീ മേഖലകളിലായിരുന്നു. 1967-ല്‍ വെര്‍നെര്‍ ഇസ്രായേല്‍ ഒരു പുതിയ ആശയം അവതരിപ്പിച്ചു. തകര്‍ന്നടിയുന്ന നക്ഷത്രത്തിന്റെ അവശിഷ്ടത്തിനു ഗോളാകൃതിയല്ലെങ്കില്‍ അതിന്റെ അവസ്ഥ നേക്കഡ് സിന്‍ഗുലാരിറ്റിയെന്ന പുറമേയുള്ള നിരീക്ഷകര്‍ക്കു കാണാവുന്ന തരത്തിലുള്ളതായിരിക്കും എന്ന് ഇസ്രായേല്‍ അനുമാനിച്ചു. തകര്‍ന്നടിയുന്ന നക്ഷത്രത്തിലെ സിന്‍ഗുലാരിറ്റിയില്‍ സാമാന്യ ആപേക്ഷികത പ്രാവര്‍ത്തികമാകാതിരിക്കുകയും ബാക്കിയുള്ള പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യും. യഥാര്‍ഥ നക്ഷത്രങ്ങള്‍ ഗോളാകൃതിയിലല്ല നിലനില്ക്കുന്നത്. അതിനാല്‍ അവ തകര്‍ന്നടിയുമ്പോള്‍ നേക്കഡ് സിന്‍ഗുലാരിറ്റി എന്ന അവസ്ഥ സംജാതമാവുകയും പ്രവചനത്തിനുള്ള സാധ്യത ഒട്ടുംതന്നെ ഇല്ലാതാകുകയും ചെയ്യും. റോജര്‍ പെന്റോസും ജോണ്‍ വീലറും ചേര്‍ന്ന് വ്യത്യസ്തമായൊരു അനുമാനം മുന്നോട്ടുവെച്ചു. കോസ്മിക് സെന്‍സര്‍ഷിപ്പ് എന്ന ആശയമായിരുന്നു അത്. പ്രകൃതി ഇത്തരം സംഭവങ്ങള്‍ പുറത്തുകാട്ടാന്‍ മടിക്കുന്നു. അതിനാല്‍ ബ്ലാക്‌ഹോളുകള്‍ എന്ന അദൃശ്യമായ ഇടങ്ങളിലാണ് സിന്‍ഗുലാരിറ്റിയെ ഒളിപ്പിക്കുന്നത്. പുറത്തുള്ള നിരീക്ഷകര്‍ക്കിതു കാണാന്‍ സാധിക്കില്ല. ഡി.എ.എം.ടി.പിയിലെ ഹോക്കിങ്ങിന്റെ മുറിക്കു പുറത്ത് അദ്ദേഹം ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. 'ബ്ലാക്‌ഹോളുകള്‍ ദൃശ്യമല്ല' (ബ്ലാക് ഹോള്‍സ് ആര്‍ ഔട്ട് ഓഫ് സൈറ്റ്) എന്നതായിരുന്നു അത്. വര്‍ഗീയ പരാമര്‍ശംപോലെ തോന്നിയതിനാല്‍ ആ വിഭാഗത്തിന്റെ മേധാവി ഹോക്കിങ്ങിനെ മറ്റൊരു നല്ല ഓഫീസ് മുറിയിലേക്കു മാറ്റുകയും സ്റ്റിക്കര്‍ സ്വയം കീറിക്കളയുകയും ചെയ്തു.

1970ലാണ് ഹോക്കിങ്, ബ്ലാക്‌ഹോളുകളെക്കുറിച്ചുള്ള പഠനം തുടങ്ങിയത്. ഒരു ദിവസം ഉറങ്ങാനായി കിടക്കയിലേക്കു ചരിയുമ്പോള്‍ പുതിയൊരാശയം മനസ്സിലുദിച്ചു. രണ്ടു ബ്ലാക്‌ഹോളുകള്‍ കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ ബ്ലാക്‌ഹോളിന്റെ വിസ്തീര്‍ണം കൂട്ടിയിടിച്ചവയുടെ ആകെ വിസ്തീര്‍ണത്തെക്കാള്‍ കൂടുതലായിരിക്കും. ബ്ലാക്‌ഹോളുകള്‍ പൂര്‍ണമായും ഇരുണ്ടവയല്ല. താപവികിരണം അവയില്‍നിന്നുണ്ടാകാനും ഇടയുണ്ട്. ജിംഹാര്‍ട്ടില്‍, ബ്രണ്ടന്‍ കാര്‍ട്ടര്‍ എന്നിവരൊത്ത് ബ്ലാക്‌ഹോളിന്റെ എന്‍ട്രോപ്പിയെക്കുറിച്ചു പഠിച്ചു. 1972-ല്‍ ബ്ലാക്‌ഹോള്‍ സിദ്ധാന്തത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയിരുന്നു. ബ്ലാക്‌ഹോളുകള്‍ നിലനില്ക്കുന്നു എന്നതിനെക്കുറിച്ചുള്ള നിരീക്ഷണത്തെളിവുകള്‍ ലഭിക്കുന്നതിനും വളരെ മുന്‍പായിരുന്നു അത്. എന്നാല്‍ കോസ്മിക് സെന്‍സര്‍ഷിപ്പ് എന്ന പരികല്പന അപ്പോഴും തെളിയിക്കപ്പെടാതെ നിലനിന്നു. ആ പരികല്പന തെറ്റാണെന്നു തെളിയിക്കാനുള്ള ശ്രമമെല്ലാം പരാജയപ്പെടുകയും ചെയ്തു. അതു ശരിയാണെന്നുള്ള അടിസ്ഥാനത്തിലാണ് ബ്ലാക്‌ഹോള്‍ സിദ്ധാന്തങ്ങള്‍ പടുത്തുയര്‍ത്തിയത്. കിപ്‌തോണ്‍, ജോണ്‍ പ്രെസ്‌കില്‍ എന്നിവരുമായി ഹോക്കിങ് പന്തയം വെച്ചതും ഇതിനുതന്നെ.

സാമാന്യ ആപേക്ഷികതാസിദ്ധാന്തത്തിലെ പ്രയത്‌നങ്ങള്‍ വളരെ വിജയകരമായിരുന്നു. 1973-ല്‍ ജോര്‍ജ് എല്ലിസുമൊത്ത് ദി ലാര്‍ജ് സ്‌കേല്‍ സ്ട്രക്ചര്‍ ഓഫ് സ്‌പേസ് ടൈം എന്ന കൃതി പുറത്തിറക്കി. പെന്റോസും ഹോക്കിങ്ങും കണ്ടെത്തിയത് സിന്‍ഗുലാരിറ്റി എന്ന അവസ്ഥയില്‍ സാമാന്യ ആപേക്ഷികത തകരുന്നു എന്നാണ്. അതിനാല്‍ അടുത്തപടിയായി സാമാന്യ ആപേക്ഷികതയെ ക്വാണ്ടം സിദ്ധാന്തവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങി. അതായത്, സ്ഥൂലവസ്തുക്കളില്‍ പ്രായോഗികമായ സിദ്ധാന്തത്തെ സൂക്ഷ്മതലത്തിന്റെ സിദ്ധാന്തങ്ങളുമായി സംയോജിപ്പിക്കുന്നതായിരുന്നു ദൗത്യം. ക്വാണ്ടം സിദ്ധാന്തത്തില്‍ ആഴത്തിലുള്ള അറിവ് ഹോക്കിങ്ങിനില്ലായിരുന്നു. അതിനാല്‍ ബ്ലാക്‌ഹോളിനു സമീപം ക്വാണ്ടം സിദ്ധാന്തമനുസരിച്ചു പ്രവര്‍ത്തിക്കുന്ന കണങ്ങളും മണ്ഡലങ്ങളും എപ്രകാരം പ്രതികരിക്കും എന്നതിനെക്കുറിച്ചുള്ള പഠനമാരംഭിച്ചു. ആണവകേന്ദ്രം അതിസൂക്ഷ്മമായ ബ്ലാക്‌ഹോളായുള്ള ആറ്റങ്ങള്‍ ആദ്യകാലപ്രപഞ്ചത്തില്‍ നിലനില്ക്കാനിടയുണ്ടോ എന്നതും മുഖ്യവിഷയമായി. ബ്ലാക്‌ഹോളിനു സമീപം ക്വാണ്ടം മണ്ഡലങ്ങള്‍ എപ്രകാരം ചിതറിപ്പോകും എന്നതുവെച്ച് മേല്പറഞ്ഞ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിച്ചു. ഇതുമൂലമുണ്ടാകുന്ന തരംഗത്തിന്റെ ഒരു ഭാഗം ആഗിരണം ചെയ്യപ്പെടുകയും ബാക്കിവരുന്നത് ചിതറിപ്പോകുകയും ചെയ്യും എന്നാണ് ഹോക്കിങ് ആദ്യം അനുമാനിച്ചത്. ബ്ലാക്‌ഹോളില്‍നിന്നും ഒരു വികിരണം ഉണ്ടാകും എന്ന കണ്ടെത്തല്‍ ഹോക്കിങ്ങിന് വളരെ ആശ്ചര്യകരമായി തോന്നി. കണക്കുകൂട്ടലുകളില്‍ തെറ്റുപറ്റിയോ എന്നാദ്യം ശങ്കിച്ചു. പിന്നീടത് ശരിയെന്നു വീണ്ടും തെളിഞ്ഞു. ജിംഹാര്‍ട്ടില്‍, ഗാരി ഗിബ്ബണ്‍സ്, മാല്‍ക്കം പെറി എന്നിവരുമൊത്ത് തുടര്‍പഠനം നടന്നു. ഇതേക്കുറിക്കുന്ന സമീകരണം തന്റെ അന്ത്യവിശ്രമസ്ഥലത്ത് ആലേഖനം ചെയ്യണമെന്ന് ഹോക്കിങ് ആഗ്രഹം പ്രകടിപ്പിച്ചു. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ ഐസക് ന്യൂട്ടന്റെയും ചാള്‍സ് ഡാര്‍വിന്റെയും അന്ത്യവിശ്രമസ്ഥലത്തിനടുത്തായി ഹോക്കിങ്ങിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത ഫലകത്തില്‍ ഈ സമീകരണം രേഖപ്പെടുത്തിയിരിക്കുന്നു.

സാമാന്യ ആപേക്ഷികതയെ ക്വാണ്ടം സിദ്ധാന്തവുമായി സംയോജിപ്പിക്കാന്‍ സാധാരണകാലത്തിന്റെ സ്ഥാനത്ത് കാല്പനികകാലത്തെ കണക്കിലെടുക്കണമെന്ന് ഹോക്കിങ് അഭിപ്രായപ്പെട്ടു. പലയവസരങ്ങളിലും കാല്പനികകാലത്തെ വിശദീകരിക്കാന്‍ ഹോക്കിങ് ശ്രമിച്ചിട്ടുണ്ട്. കുറച്ചൊക്കെ വിജയിച്ചിട്ടുണ്ട്. 'കാല്പനികം' എന്ന പേര് അല്പം കുഴപ്പിക്കുന്ന ഒന്നാണെന്നു തോന്നുന്നു. പ്രത്യക്ഷവാദ കാഴ്ചപ്പാടാണ് ഇവിടെ നല്ലത്. അതായത്, ഒരു സിദ്ധാന്തം ഒരു ഗണിതശാസ്ത്രമാതൃക മാത്രമെന്നു കരുതുക. കാല്പനികകാലത്തെ അടിസ്ഥാനമാക്കിയുള്ള ക്വാണ്ടം ഗുരുത്വത്തില്‍ കേംബ്രിജില്‍ ഗവേഷണം നടന്നു. ഹോക്കിങ്ങിന് ഈ മേഖലകളില്‍ വളരെയധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.

1969-ല്‍ തന്റെ സൂക്ഷ്മതയേറിയ ഉപകരണങ്ങളില്‍ ഐന്‍സ്റ്റൈന്‍ പണ്ടു പ്രവചിച്ച ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ കണ്ടെത്തിയതായി ജോസഫ് വെബെര്‍ അവകാശപ്പെട്ടു. ഉപകരണത്തിലെ നിര്‍വാതത്തില്‍ രണ്ടു ലോലമായ അലൂമിനിയം ദണ്ഡുകള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. ഐന്‍സ്റ്റൈന്‍ പണ്ടു പ്രവചിച്ച തരംഗങ്ങളാണിവ. ഹോക്കിങ്ങിന്റെ ഗവേഷണപ്രബന്ധത്തിലും ഈ തരംഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇത്തരം തരംഗങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഒരു നക്ഷത്രം ഗുരുത്വാകര്‍ഷണത്തില്‍ തകര്‍ന്നടിഞ്ഞ് ഒരു ബ്ലാക്‌ഹോളായി മാറുന്ന തരം പ്രവൃത്തി ഗാലക്‌സിയില്‍ ഉണ്ടാകണം. അല്ലെങ്കില്‍ രണ്ടു ബ്ലാക്‌ഹോളുകള്‍ ചേര്‍ന്ന് വലിയൊരെണ്ണമായി മാറുന്ന സംഭവം. അത്തരം സംഭവങ്ങള്‍ ചിലപ്പോള്‍ ഒരു നൂറ്റാണ്ടിനിടയില്‍ ഒരെണ്ണമൊക്കെ മാത്രമേ കാണാനിടയുള്ളൂ. എന്നാല്‍ വെബെര്‍ ദിനംപ്രതി രണ്ടു സംഭവങ്ങള്‍ ഉപകരണം രേഖപ്പെടുത്തുന്നതായി കണ്ടു. കുറച്ചുകൂടി സൂക്ഷ്മതയുള്ള ഉപകരണം വേണ്ടിവരും എന്നു നിശ്ചയിച്ച് ഗാരി ഗിബ്ബണ്‍സുമായി ചേര്‍ന്ന് ഒരു പ്രബന്ധം ഹോക്കിങ് അവതരിപ്പിച്ചു. പല ഗവേഷകരും ഈ മേഖലയില്‍ ശ്രമം തുടങ്ങിയിരുന്നു. അക്കാര്യത്തില്‍ പിന്നീട് വളരെയൊന്നും മുന്നോട്ടുപോകാന്‍ ഹോക്കിങ്ങിനു സാധിച്ചില്ല. വളരെക്കാലത്തിനുശേഷം യു.എസ്സിലെ ലിഗോ നിരീക്ഷണത്തില്‍ ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ നിലനില്ക്കുന്നു എന്ന് സ്ഥിരീകരിച്ചു.

1974-ല്‍ റോയല്‍ സൊസൈറ്റി ഫെല്ലോ എന്ന സ്ഥാനം പ്രാപ്തമായി. തുടര്‍ന്ന് കിപ് തോണിന്റെ ക്ഷണപ്രകാരം കുറച്ചുകാലം ഹോക്കിങ്ങും കുടുംബവും കാലിഫോര്‍ണിയയില്‍ ചെലവഴിച്ചു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഹോക്കിങ് പ്രവര്‍ത്തിക്കുന്ന സമയത്ത് കണികാഭൗതികത്തിലെ പ്രമുഖരായ റിച്ചാര്‍ഡ് ഫൈന്‍മാനും മറെ ഗെല്‍മാനും അവിടെയുണ്ടായിരുന്നു. സംഭവബഹുലമായിരുന്നു ആ കാലഘട്ടം. കണികാഭൗതികത്തിലും ക്വാണ്ടം ഭൗതികത്തിലും അനേകം ആശയങ്ങള്‍ അക്കാലത്ത് അവതരിപ്പിക്കപ്പെട്ടു. ഹോക്കിങ്ങാകട്ടെ ബ്ലാക്
ഹോളുകളുടെ സവിശേഷതകളില്‍ ശ്രദ്ധയൂന്നി.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ബ്ലാക്‌ഹോളുകള്‍, ക്വാണ്ടം ഗുരുത്വത്തില്‍ യൂക്ലീഡിയന്‍ ജ്യാമിതി ഉപയോഗിച്ചുള്ള പഠനം എന്നിവയിലാണ് ഹോക്കിങ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യകാലപ്രപഞ്ചം പെട്ടെന്നുള്ള പെരുപ്പത്തിനു (ഇന്‍ഫ്‌ളേഷന്‍) വിധേയമായി എന്ന നിര്‍ദേശം പ്രപഞ്ചവിജ്ഞാനീയത്തില്‍ താത്പര്യം വര്‍ധിക്കാന്‍ കാരണമായി. പെരുപ്പമുണ്ടായ പ്രപഞ്ചത്തില്‍ അവസ്ഥാമാറ്റങ്ങളും ആന്ദോളനങ്ങളും വിവരിക്കാന്‍ യൂക്ലീഡിയന്‍ രീതികളായിരുന്നു നല്ലത്. 1982-ല്‍ കേംബ്രിജില്‍ വെച്ച് ഒരു സമ്മേളനം നടന്നു. പെരുപ്പം എന്ന അവസ്ഥയെക്കുറിച്ചായിരുന്നു ചര്‍ച്ച. ആന്ദോളനങ്ങള്‍, ഗാലക്‌സിയുണ്ടാകാന്‍ കാരണമാകുന്നവയെന്ന് അനുമാനിച്ചു. പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തല വികിരണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമാകുന്നതിനും ഒരു ദശകം മുന്‍പായിരുന്നു ഈ ചര്‍ച്ച നടന്നത്. ബിഗ് ബാങ് സിന്‍ഗുലാരിറ്റി എന്ന അവസ്ഥയിലാണ് പ്രപഞ്ചം ഉണ്ടായതെന്ന കണക്കുകൂട്ടലില്‍നിന്നും പെരുപ്പം എന്ന ആശയം വിപുലീകരിച്ചു. പ്രപഞ്ചം വികസിക്കാന്‍ തുടങ്ങിയതോടെ അത് പെരുകുന്ന അവസ്ഥയിലെത്തി. ഹോക്കിങ്ങിന് ഈ ആശയങ്ങള്‍ അപൂര്‍ണമായി തോന്നി. കാരണം, സിന്‍ഗുലാരിറ്റി എന്ന അവസ്ഥയില്‍ എല്ലാ സമീകരണങ്ങളും തകര്‍ന്നടിയുന്നു. ഭൗതികത്തിലെ നിയമങ്ങള്‍ അവിടെ പ്രാവര്‍ത്തികമാകുന്നില്ല. സിന്‍ഗുലാരിറ്റിയില്‍നിന്നും പുറത്തുവന്നത് എന്തെന്നറിയാതെ പ്രപഞ്ചം വികസിച്ചതെങ്ങനെ എന്നറിയാനാവില്ല.

കേംബ്രിജിലെ സമ്മേളനത്തിനുശേഷം സാന്റാബാര്‍ബറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കല്‍ ഫിസിക്‌സില്‍ വേനല്‍ക്കാലം ചെലവഴിക്കാന്‍ ഹോക്കിങ് തീരുമാനിച്ചു. പ്രപഞ്ചവിജ്ഞാനീയത്തില്‍ യൂക്ലിഡിന്റെ ആശയങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതിനെക്കുറിച്ച് ഹോക്കിങ്, ജിം ഹാര്‍ട്ടിലുമായി ചര്‍ച്ച നടത്തി. പ്രപഞ്ചത്തെ തരംഗഫലനത്തിന്റെ (വേവ് ഫങ്ഷന്‍) അടിസ്ഥാനത്തില്‍ വിവരിക്കാമെന്ന് ഡിവിറ്റും മറ്റുള്ളവരും അനുമാനിച്ചു. യൂക്ലീഡിയന്‍ രീതിയില്‍ പ്രപഞ്ചത്തിന്റെ തരംഗഫലനത്തെ വിവരിക്കുന്നത് കാല്പനികകാലത്തില്‍ ചരിത്രങ്ങളുടെ ആകത്തുക എന്ന ആശയം കണക്കിലെടുത്താണ്. കാല്പനികകാലം സ്‌പേസിലെ മറ്റൊരു ദിശപോലെ പെരുമാറുന്നു. അതിനാല്‍ കാല്പനികകാലത്തിലെ ചരിത്രങ്ങള്‍ ഭൂമിയുടെ ഉപരിതലംപോലെ അടഞ്ഞ പ്രതലങ്ങളാകാന്‍ ഇടയുണ്ട്. അതായത്, തുടക്കവും ഒടുക്കവും നിര്‍വചിക്കാനാകാത്തവ. ഒരു തുടക്കമുണ്ടായിരുന്നുവോ എന്ന തത്ത്വചിന്താപരവും ശാസ്ത്രീയവുമായ ദര്‍ശനത്തെ മറ്റൊരു ദിശയാക്കിയതിലൂടെ ഉത്തരം നല്കി.

സൈദ്ധാന്തിക ഭൗതികത്തിന്റെ അന്ത്യമടുത്തുവോ? എന്ന പ്രഭാഷണവുമായാണ് ഹോക്കിങ് കേംബ്രിജിലെ ലൂക്കേസിയന്‍ പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് എന്ന സ്ഥാനമേറ്റത്. സൈദ്ധാന്തിക ഭൗതികത്തിലെ പല സമസ്യകളുടെയും ഉത്തരം കാലവിളംബമില്ലാതെ കണ്ടെത്താനിടയുണ്ട് എന്ന ചിന്തയായിരുന്നു ഈ പ്രഭാഷണത്തിന്റെ കാതല്‍. അതായത്, നാമിന്നു നടത്തുന്ന നിരീക്ഷണങ്ങളെയെല്ലാം വിവരിക്കാനാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഗ്രഹിക്കാനാകുന്ന സര്‍വതിന്റെയും സിദ്ധാന്തത്തെക്കുറിച്ചാണ് ഹോക്കിങ് അന്ന് പരാമര്‍ശിച്ചത്. സൈദ്ധാന്തിക ഭൗതികത്തിലെ മിക്ക ഗവേഷകരും സാമാന്യ ആപേക്ഷികതയ്ക്കു പകരം കണികാഭൗതികത്തിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത്. കണികാത്വരിത്രങ്ങളില്‍ നിരീക്ഷിക്കുന്ന കാര്യങ്ങളെവെച്ച് കണക്കുകൂട്ടലുകള്‍ നടത്താനാണ് ഇന്നത്തെ ഗവേഷകര്‍ക്കു താത്പര്യം. കാലത്തിന്റെ തുടക്കത്തെക്കുറിച്ചോ ഒടുക്കത്തെക്കുറിച്ചോ അവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമില്ല. 1985-ല്‍ സ്ട്രിങ് തിയറി സര്‍വതിനെയും വിവരിക്കുന്ന സിദ്ധാന്തമെന്ന വാദം ഉയര്‍ന്നിരുന്നു. എന്നാല്‍, തുടര്‍ന്നുണ്ടായ പഠനങ്ങള്‍ തെളിയിച്ചത് സര്‍വതിന്റെയും സിദ്ധാന്തം ഇനിയും സ്വായത്തമാകാനുണ്ടെന്നാണ്. എം തിയറി, സൂപ്പര്‍ ഗ്രാവിറ്റി, ക്വാണ്ടം ഗ്രാവിറ്റി എന്നിവ കൂടുതല്‍ ഗഹനമായി പഠനവിധേയമാക്കേണ്ടവയാണ്. ഭൂമിയില്‍ ഈ വേളയില്‍ ജീവിക്കാന്‍ സാധിച്ചത് വലിയൊരു നേട്ടമായി കണക്കാക്കുന്നു എന്ന് ഹോക്കിങ് പറഞ്ഞിരുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളിലെ കുറച്ചുഭാഗം കഴിഞ്ഞ നാലു ദശകങ്ങളിലായി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രപഞ്ചം സിന്‍ഗുലാരിറ്റി എന്ന അവസ്ഥയില്‍നിന്നും ഒരു മഹാവിസ്‌ഫോടനത്തില്‍ ഉദ്ഭവിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പെരുപ്പത്തോടെയുള്ള വികാസം എന്ന ആശയം നിലകൊള്ളുന്നത്. ആദ്യത്തെ സിന്‍ഗുലാരിറ്റിയില്‍നിന്ന് എന്താണ് ഉണ്ടായത് എന്നറിയാതെ പ്രപഞ്ചം വികസിച്ചു വലുതാകുന്നതു കണക്കുകൂട്ടാന്‍ കഴിയില്ലായിരുന്നു. വിശദീകരണം നല്കാന്‍ ഒരു സിദ്ധാന്തവും അനുയോജ്യമായിരുന്നില്ല. അങ്ങനെയെങ്കില്‍ പ്രപഞ്ചവിജ്ഞാനീയത്തിന്റെ പ്രവചനശേഷിയില്‍ ഗണ്യമായ കുറവുണ്ടാകുമായിരുന്നു. പ്രപഞ്ചത്തിന്റെ തരംഗഫലനം, അതായത് വേവ് ഫങ്ഷന്‍, കാല്പനികകാലത്തിലെ ചരിത്രങ്ങളുടെ ആകെത്തുകയായി കണക്കാക്കാവുന്നതാണ്. കാല്പനികകാലം മറ്റൊരു സ്ഥലമാനംപോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ കാല്പനികകാലത്തിലെ ചരിത്രങ്ങള്‍ സംവൃതപ്രതലങ്ങളാകാന്‍ ഇടയുണ്ട്. ഭൂമിയുടെ ഉപരിതലംപോലെ, തുടക്കവും ഒടുക്കവുമില്ലാത്ത ഒന്ന്.

ശാസ്ത്രം ഇതുപോലെയാണ് മുന്നോട്ടുപോകുന്നത്. പ്രതിഭാസങ്ങളെ നിരീക്ഷിച്ച് സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നതാണ് സാധാരണ അവലംബിക്കുന്ന രീതി. എന്നാല്‍, പ്രപഞ്ചവിജ്ഞാനീയത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. സിദ്ധാന്തരൂപീകരണം നടന്നതിനുശേഷം ചിലപ്പോള്‍ ഒരു നൂറ്റാണ്ട് കഴിഞ്ഞാകും അതിന്റെ നിരീക്ഷണപരീക്ഷണ തെളിവുകള്‍ ലഭ്യമാകുക. ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതയുടെ തെളിവായ, കുറച്ചുനാള്‍ മുന്‍പ് കണ്ടെത്തിയ ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ ഒരു ഉദാഹരണമാണ്. ഹോക്കിങ് തന്റെ ഗവേഷണപ്രബന്ധത്തില്‍ ഗുരുത്വാകര്‍ഷണതരംഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന മേഖലകളില്‍ നിസ്തുലമായ സംഭാവനകള്‍ അദ്ദേഹം നല്കിയിട്ടുണ്ട്. ബ്ലാക്‌ഹോളുകളില്‍നിന്നുള്ള വികിരണം, ഹോക്കിങ് വികിരണം എന്നറിയപ്പെടുന്നത്, ആ മേഖലയിലെ സുപ്രധാനമായ ഒരു ആശയമാണ്.

മഹാവിസ്‌ഫോടനസിദ്ധാന്തത്തെ സാധൂകരിക്കുന്ന ആശയങ്ങളാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. കാലം കടന്നുചെല്ലുന്തോറും പ്രപഞ്ചത്തെ നമുക്കു കൂടുതലായി മനസ്സിലാക്കാനാകുന്നു. എന്നാല്‍, നമ്മുടെ സിദ്ധാന്തങ്ങള്‍ അതിസങ്കീര്‍ണവും ദുര്‍ഗ്രഹവുമായി മാറുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ ചിന്തയുടെ പരിണാമത്തെക്കുറിച്ചും താന്‍ കടന്നുവന്ന ജീവിതാവസ്ഥകളെക്കുറിച്ചും ഹോക്കിങ് എപ്പോഴും പറയുമായിരുന്നു. പ്രപഞ്ചത്തിനൊരു തുടക്കമുണ്ടായിരുന്നോ? ഒരു തുടക്കമുണ്ടായിരുന്നെങ്കില്‍ അതിനു മുന്‍പെന്തായിരുന്നു? കാലത്തിന്റെ പ്രകൃതമെന്താണ്? പ്രപഞ്ചത്തിനൊരു ഒടുക്കമുണ്ടാകുമോ എന്നെങ്കിലും? ആധുനികശാസ്ത്രം അത്യന്തം ദുര്‍ഗ്രഹമായി വരുന്നു. അതിനാല്‍ത്തന്നെ സാധാരണക്കാര്‍ക്ക് അതിലെ കണ്ടെത്തലുകള്‍ അപ്രാപ്യമാകുന്നു. എന്നാല്‍ പ്രപഞ്ചത്തിന്റെ ഉദ്ഭവം, പരിണാമം, ഭാവിയിലെ അതിന്റെ സ്ഥിതി എന്നിവയുടെ അടിസ്ഥാനാശയങ്ങള്‍ വിവരിക്കാന്‍ ഗണിതശാസ്ത്രത്തിന്റെയോ ദുര്‍ഗ്രഹമായ സമീകരണങ്ങളുടെയോ ആവശ്യമില്ല. പ്രപഞ്ചത്തിനൊരു തുടക്കമുണ്ടായിരുന്നെന്നും, അതിസാന്ദ്രവും അത്യുഗ്രവുമായ അവസ്ഥയില്‍നിന്നും ഒരു മഹാവിസ്‌ഫോടനത്തിന്റെ ഫലമായി സ്ഥലവും കാലവും നിലവില്‍വന്നു എന്നും വിശദീകരിക്കുന്ന ബിഗ്ബാങ് സിദ്ധാന്തം ശാസ്ത്രലോകത്ത് വേരുറപ്പിച്ചിരിക്കുന്നു. തൃപ്തികരമായ മറ്റൊരു ആശയം ലഭ്യമാകുന്നതുവരെ ഈ സിദ്ധാന്തം അജയ്യമായി നിലകൊള്ളും എന്നാണ് തോന്നുന്നത്. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടായിരുന്നു എന്ന് സാമാന്യ ആപേക്ഷികതപ്രകാരം പറയാം. സ്ഥലത്തിന്റെയും കാലത്തിന്റെയും തുടക്കത്തില്‍ ഒരു സിന്‍ഗുലാരിറ്റി ഉണ്ടായിരുന്നു എന്നു തെളിയിക്കാന്‍ ഹോക്കിങ്ങിനു കഴിഞ്ഞു.

ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയെക്കുറിച്ചു മനസ്സിലാക്കാനായി കുറച്ചുനാള്‍ മുന്‍പ് ഹോക്കിങ്ങൊരു വിമാനയാത്ര നടത്തി ആരാധകരെ ഞെട്ടിച്ചു. വളരെ ഉയരത്തില്‍നിന്ന് വേഗത്തില്‍ താഴേക്കു പതിക്കുമ്പോള്‍ വിമാനത്തിനുള്ളില്‍ ഗുരുത്വാകര്‍ഷണം ഒട്ടുമില്ലാത്തതുപോലെയുള്ള അവസ്ഥ സംജാതമാകും. പ്രത്യേക അനുഭവത്തിനാണ് ആ സാഹസത്തിനു ശ്രമിച്ചത്. വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ സ്‌പേസിലേക്കുള്ള കന്നിയാത്രയില്‍ അദ്ദേഹത്തിനു സൗജന്യമായി ഒരു സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഭൂമിയിലെ പരാധീനതകള്‍ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ അദ്ദേഹത്തെ അലട്ടാനിടയില്ലായിരുന്നു.

പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചും അതിന്റെ പരിണാമത്തെക്കുറിച്ചുമുള്ള ആശയങ്ങള്‍ പുതിയ നിരീക്ഷണത്തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാനാണ് ഹോക്കിങ് ശ്രമിച്ചിരുന്നത്. ഇനിയും ഭൗതികശാസ്ത്രത്തില്‍ അനേകം കാര്യങ്ങള്‍ കണ്ടെത്താനുണ്ടെന്നും അതിന് സാങ്കേതികത സഹായത്തിനെത്തുമെന്നും ഹോക്കിങ് പറഞ്ഞിരുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള സമ്പൂര്‍ണമായ വിവരണമായിരുന്നു ലക്ഷ്യം. പ്രപഞ്ചത്തിലെ അടിസ്ഥാനകണങ്ങളെ വ്യത്യസ്ത കമ്പനങ്ങളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന സ്ട്രിങ് സിദ്ധാന്തത്തിലെ ആഴമേറിയ പഠനങ്ങളും പ്രകൃതിനിര്‍ധാരണം വഴി ആര്‍ജിച്ച കഴിവുകളും ഈ ലക്ഷ്യത്തിലേക്ക് നമ്മെ അടുപ്പിക്കുമെന്ന് ഹോക്കിങ് പ്രത്യാശിച്ചു. പലവിധ പ്രതിഭാസങ്ങളെ വിവരിക്കുന്ന ഭാഗികസിദ്ധാന്തങ്ങള്‍ വഴി പരിമിതമായ സംഭവങ്ങളെ വിവരിക്കുകയും ബാക്കിയുള്ളവയെ ഏകദേശനങ്ങള്‍ വഴി പരിഹരിക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ആണ് ഇപ്പോള്‍ ചെയ്യുന്നത്. എല്ലാ ഭാഗികസിദ്ധാന്തങ്ങളെയും ഒരു ചട്ടക്കൂട്ടിലാക്കി സമ്പൂര്‍ണവിവരണം സാധ്യമാകും എന്നു ഹോക്കിങ് പ്രതീക്ഷിച്ചു.

ഏതായാലും ഭൗതികശാസ്ത്രം അവസാനിക്കുമെന്നു തോന്നുന്നില്ല. കൂട്ടിച്ചേര്‍ക്കലുകളും മിനുക്കുപണികളും സിദ്ധാന്തങ്ങളില്‍ ഇനിയും വേണ്ടിവന്നേക്കും. വലിയ ചോദ്യങ്ങള്‍ അപ്രകാരംതന്നെ നിലനില്ക്കാനാണ് സാധ്യത. അടുത്ത കുറച്ചു നൂറുവര്‍ഷത്തിനിടയില്‍ മനുഷ്യര്‍ സ്വയം നശിപ്പിച്ചില്ലെങ്കില്‍ പ്രപഞ്ചത്തെക്കുറിച്ച് സാധ്യമായതില്‍ വെച്ചേറ്റവും പൂര്‍ണതയുള്ള വിവരണം പ്രാപ്യമാകും. ഏതായാലും മനുഷ്യര്‍ മറ്റുഗ്രഹങ്ങളില്‍ കുടിയേറുകയും നക്ഷത്രാന്തരയാത്രകള്‍ക്ക് തയ്യാറെടുക്കുകയും വേണം. മറ്റു നക്ഷത്രയൂഥങ്ങളില്‍ നമ്മെക്കാള്‍ വികസിച്ച സംസ്‌കൃതികളുണ്ടാകാം. അവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതുതന്നെ സൂക്ഷിച്ചുവേണം. കാരണമറിയാന്‍ മനുഷ്യന്റെ ചരിത്രം പരിശോധിച്ചാല്‍ മതിയെന്ന് ഹോക്കിങ് പറഞ്ഞിരുന്നു.
സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ഏറ്റവും പ്രമുഖമായ ജനപ്രിയ ശാസ്ത്രകൃതിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം: ഫ്രം ദ ബിഗ് ബാങ് റ്റു ബ്ലാക് ഹോള്‍സ്. പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഉത്പത്തിപരിണാമങ്ങളെക്കുറിച്ചുമുള്ള ലളിതമായ വിവരണം അതിനെ ഏറെ ആകര്‍ഷകമാക്കി. ഈ പുസ്തകത്തിന്റെ ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 1988ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്. അതിനുശേഷം അനേകം പതിപ്പുകള്‍ ഇതിനുണ്ടായി.ലണ്ടന്‍ സണ്‍ഡേ ടൈംസിന്റെ ബെസ്റ്റ്‌സെല്ലര്‍ ലിസ്റ്റില്‍ നാലുവര്‍ഷത്തോളം ഇതുണ്ടായിരുന്നു.

കൈയെഴുത്തുപ്രതിയില്‍ അനേകം സമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും എഡിറ്ററുടെ ആവശ്യപ്രകാരം ഒരേയൊരു സമീകരണം, ഐന്‍സ്റ്റൈന്റെ ഊര്‍ജ / ദ്രവ്യമാന തുല്യതയെ വിവരിക്കുന്ന ഋ=ാര2 മാത്രമാണ് ഇതിലുള്‍പ്പെടുത്തിയത്. ഓരോ സമീകരണവും പുസ്തകത്തിന്റെ വില്പന പകുതിയാക്കുമെന്ന് പ്രസാധകര്‍ കരുതി. ഈ പ്രപഞ്ചം എവിടെനിന്നു വന്നു? അതെങ്ങനെ തുടങ്ങി? ഒരു തുടക്കമുണ്ടായിരുന്നെങ്കില്‍ അതിനു മുന്‍പ് എന്തായിരുന്നു? അതിനൊരവസാനമുണ്ടാകുമോ? എന്തിനാണ് പ്രപഞ്ചം തുടങ്ങിയത്? കാലത്തിന്റെ പ്രകൃതമെന്താണ്? പ്രപഞ്ചത്തില്‍ ഒരു സ്രഷ്ടാവിന്റെ സ്ഥാനം എവിടെയാണ്? എന്നിങ്ങനെയുള്ള ഭൗതികശാസ്ത്രത്തിലെയും നമ്മുടെ നിലനില്പിനെ സംബന്ധിച്ചതുമായ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്കാനാണ് ഹോക്കിങ് യത്‌നിച്ചിരിക്കുന്നത്. 1982ലാണ് ഇത്തരമൊരു പുസ്തകത്തെക്കുറിച്ചുള്ള ആശയം ഹോക്കിങ്ങിന്റെ മനസ്സില്‍ വേരൂന്നിയത്. മകളുടെ പഠനാവശ്യത്തിനുള്ള പണം സ്വരൂപിക്കാനാണ് ഒരു ജനപ്രിയ ശാസ്ത്രകൃതി എഴുതാന്‍ ഹോക്കിങ് തീരുമാനിച്ചത്. അതു മാത്രമല്ല പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് എങ്ങനെ പുരോഗമിച്ചു എന്നും നാമിപ്പോള്‍ എവിടെ എത്തിനില്ക്കുന്നു എന്നും വിവരിക്കാന്‍ ഹോക്കിങ് താത്പര്യപ്പെട്ടിരുന്നു. നാമെങ്ങനെ പ്രപഞ്ചത്തിലെ സര്‍വതിനെയും വിവരിക്കാന്‍ ശേഷിയുള്ള സിദ്ധാന്തത്തിന് അടുത്തെത്തി എന്നുള്ളതും. ഹോക്കിങ്ങിന്റെ സങ്കേതികപുസ്തകങ്ങളെല്ലാം കേംബ്രിജ് യൂണിവേഴ്‌സിറ്റി പ്രസ്സാണ് പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ ഈ കൃതി വിമാനത്താവളങ്ങളിലെ പുസ്തകശാലകളിലും ലഭ്യമാകണം എന്ന ഉദ്ദേശ്യത്തോടെയാണ് ജനപ്രിയഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രസാധകനെ സമീപിച്ചത്.

പുസ്തകം എഴുതിയതിനുശേഷം നാലുവര്‍ഷം കഴിഞ്ഞാണ് പുറത്തിറങ്ങിയത്. പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്. ആദ്യകാലപ്രപഞ്ചത്തെക്കുറിച്ചും അതിലെ ഘടകങ്ങളെക്കുറിച്ചും വിവരിക്കുന്ന കുറെയേറെ പുസ്തകങ്ങള്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍, പ്രപഞ്ചവിജ്ഞാനീയത്തില്‍ ഗവേഷണം ചെയ്യാന്‍ ഹോക്കിങ്ങിന് പ്രചോദനമായ കാര്യങ്ങളെ ഒരൊറ്റ കുടക്കീഴില്‍ വിവരിക്കുന്ന ഒന്നുംതന്നെ ലഭ്യമല്ലായിരുന്നു. പുസ്തകം വിപണിയില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് പ്രസാധകര്‍ നേച്ചര്‍ വാരികയ്ക്ക് റിവ്യൂകോപ്പി അയച്ചിരുന്നു. ആ പുസ്തകത്തില്‍ അക്ഷരത്തെറ്റുകള്‍ ധാരാളമുണ്ടായിരുന്നു എന്നു മാത്രമല്ല ചിത്രങ്ങളുടെ വിശദീകരണങ്ങളും തെറ്റായാണ് നല്കിയിരുന്നത്. ഇതു തിരിച്ചറിഞ്ഞയുടനെ പുസ്തകം പിന്‍വലിച്ച് തെറ്റുകള്‍ തിരുത്തി ഉദ്ദേശിച്ച സമയത്തുതന്നെ വായനക്കാരിലെത്തിച്ചു. നാല്പതു ഭാഷകളില്‍ ഇതു വിവര്‍ത്തനം ചെയ്യപ്പെട്ടു.


Content Highlights: Stephen Hawking, Dr. A. Rajagopal Kammath, mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented