'തിരിച്ചയച്ചാനുടനേ മൃഗപക്ഷിഗണങ്ങളെ'; വിരഹവും വീണ്ടെടുപ്പും കലര്‍ന്ന രാമായണത്തിലെ പ്രകൃതിദര്‍ശനം


കെ.സി. നാരായണന്‍

4 min read
Read later
Print
Share

"പ്രകൃതിയില്‍നിന്ന് ഉദ്ഭവിച്ച ഒരു സ്ത്രീ അനേകം കര്‍മങ്ങളിലൂടെ കടന്നുപോന്ന് ഒടുവില്‍ ആ പ്രകൃതിയിലേക്കുതന്നെ തിരിച്ചുപോകുന്ന ഒരു ജീവിതത്തിന്റെ കഥയായി വേണമെങ്കില്‍ രാമായണത്തെ വീക്ഷിക്കാം."

വരകൾ: ബാലു, മദനൻ

ഭൂമിയും സ്വര്‍ഗവും മനുഷ്യനും മൃഗവും ഒരേ തുടര്‍ച്ചയിലെ കണ്ണികളാകുന്ന അനുഭവമുണ്ട് 'രാമായണ'ത്തില്‍. അതിലെ നായികയായ സീത ഭൂമിയുടെ മകളാണ്; നായകനായ രാമന്‍ സൂര്യവംശത്തില്‍ പിറന്നവനും. സൂര്യന്‍ ഭൂമിയെ വേള്‍ക്കുന്ന പുരാതനകഥയുടെ മറ്റൊരു രംഗാവതരണമാണ് രാമസീതാ കാവ്യം. മഹാഭാരതത്തില്‍ ഗംഗയുടെ പുത്രനാണ് ഗാംഗേയനായ ഭീഷ്മര്‍. കാറ്റിന്റെ മകനാണ് ഭീമന്‍. പര്‍വതത്തിനും നദിക്കും നക്ഷത്രത്തിനും മനുഷ്യവംശത്തില്‍ തുടര്‍ച്ചയുണ്ടാകുന്നവിധം മനുഷ്യനും പ്രകൃതിയും തമ്മില്‍ അഭിന്നതയും അനുസ്യൂതിയും കാണുന്ന ഒരു ലോകബോധമാണ് മഹാഭാരതത്തില്‍ എന്നപോലെ രാമായണത്തിലും ഉള്ളത്.

'വനദേവതമാരോടു യാത്ര ചൊല്ലി മുനീശ്വരന്‍' എന്ന് രാമായണത്തില്‍ വിവരിക്കുന്നുണ്ട്. 'തിരിച്ചയച്ചാനുടനേ മൃഗപക്ഷിഗണങ്ങളെ' എന്ന് രാമന്‍ കാട്ടിലേക്കു പോകുമ്പോള്‍ ഒപ്പം അനുഗമിക്കുന്ന ചരാചരങ്ങളെ തിരിച്ചയച്ചു എന്നും വിവരിക്കുന്നതു കാണാം. ഇന്നത്തെ ലോകബോധത്തിന് അപരിചിതവും അസാധാരണവും ഒരുപക്ഷേ, അശാസ്ത്രീയവും ആയി തോന്നുന്ന ഈ പ്രകൃതിമനുഷ്യത്തുടര്‍ച്ചയാണ് ഇതിഹാസങ്ങളില്‍ കാണുന്ന പരിസ്ഥിതി ദര്‍ശനത്തിന്റെ ആധാരം.

പ്രകൃതിയോടു തോന്നുന്ന കടുത്ത പ്രേമവും ലയവും അദ്ഭുതവും വാത്സല്യവും ആണ് രാമായണത്തിലെ നദീവനശൈലഋതുവര്‍ണനകളില്‍ കാണുന്നത്. ഉദാഹരണത്തിന് രാമായണം ആരണ്യകാണ്ഡത്തിലെ പഞ്ചവടിവര്‍ണനവും അവിടെ വന്നുചേരുന്ന ഹേമന്തത്തിന്റെ വിവരണവും മാത്രം നോക്കിയാല്‍ മതി. പൂങ്കാടുപോലെ നിത്യരമ്യമായ പഞ്ചവടിയില്‍ ആശ്രമം നിര്‍മ്മിക്കാന്‍ നിശ്ചയിച്ച രാമന്‍ ലക്ഷ്മണനോടു പറയുന്നു, 'നല്ലതാണ് ഈ സ്ഥലം. പൂമരങ്ങള്‍ എങ്ങും നിറഞ്ഞുനില്ക്കുന്നു.'
'രമ്യഗോദാവരിയിതാ
പൂമരങ്ങള്‍ ചൂഴ്ന്നതായ്
അന്നം നീര്‍ക്കോഴി തിങ്ങി
ചക്രവാകം വിളങ്ങിയും
അകന്നും തൊട്ടുമല്ലാതെ
മൃഗക്കൂട്ടം തിമര്‍ത്തവ,
ഗുഹവായ്ചവ, രമ്യങ്ങള്‍
സൗമ്യ മൈലൊലി ചേര്‍ന്നവ'
എന്നിങ്ങനെ തുടങ്ങുന്ന ആ വനവര്‍ണന എല്ലാ മരങ്ങളുടെയും പേരുകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് നീളുന്നത്.
'തൊട്ടകാര പയന്‍ പ്ലാവ്
നീര്‍ക്കടമ്പീത്ത, പുന്നയും
തേന്മാവശോകം മൈലെള്ളും
ചമ്പകം കേതകങ്ങളും
കടംപയിനി, പാടീരം
കുഞ്ജകം, കാര, പാതിരി
ഞമയും മരുതും, വന്നി
കരിങ്ങാലി, പലാശുമേ'
എന്നിങ്ങനെ സൂക്ഷ്മമായി ആ മരപ്പേരുകളുടെ സവിസ്തര പട്ടികയുണ്ട്. ഇതിഹാസങ്ങളിലെ പ്രകൃതിവര്‍ണനയുടെ ഒരു സ്വഭാവവും ഇതാണ്. അത് അമൂര്‍ത്തമായോ, അവ്യക്തമായോ, വിശേഷണപദങ്ങള്‍ കോരിച്ചൊരിഞ്ഞോ വരച്ചിട്ട ചിത്രങ്ങളല്ല. വസ്തുക്കളെ പേരെടുത്തു പറഞ്ഞ് വിശദമാക്കിക്കാട്ടുന്ന സൂക്ഷ്മരേഖകള്‍ ആണ്. ഉപമകള്‍ അധികം ഇല്ലെന്നുതന്നെ പറയാം. നാമത്തിന് ഒരു വിപരീത പദമേയുള്ളൂ അത് വിശേഷണമാണ് എന്ന പില്‍ക്കാല ചൊല്ലിനെ ശരിവെക്കുന്നു രാമായണം. ഇതേരീതിയിലാണ് ഋതുവര്‍ണനകളും. പഞ്ചവടിയില്‍ ഹേമന്തം വന്നണയുന്ന ഭാഗം (സര്‍ഗം 16) മറ്റൊരുദാഹരണമാണ്.

പുസ്തകത്തിന്റെ കവര്‍

'മഞ്ഞാലുണര്‍ന്നുപോയ് ലോകം' എന്നാണ് ആ വര്‍ണന തുടങ്ങുന്നത്.
'അഭോഗ്യമായ്ത്തീര്‍ന്നു ജലം,
തിയ്യോ സൗഭാഗ്യശാലിയായ്' എന്ന് അതു തുടരുന്നു.
'ഉച്ചയ്ക്കുണ്ടൊരിളംചൂട്,
നടക്കാന്‍ വളരെ സുഖം
മഞ്ഞാല്‍ സൂര്യനു കെല്‍പ്പില്ല
കാറ്റുണ്ടേറ്റം തണുപ്പുമേ
മഞ്ഞാല്‍ മുഷിഞ്ഞതായ് കാണ്മൂ
പൗര്‍ണമാസി നിലാവുമേ.'
മഞ്ഞിന്റെ ധൂസരമായ ആവരണംകൊണ്ട് സമസ്തലോകവും ആച്ഛാദിതമായിരിക്കുന്നു.
'മഞ്ഞുനീരിരുളാപ്പെട്ട്
മഞ്ഞാമിരുളില്‍ മൂടിയും
ഉറങ്ങുംപോലെ കാണുന്നൂ
പൂക്കളില്ലാത്ത കാടുകള്‍.'
എന്നിങ്ങനെ അതിസൂക്ഷ്മമായ വിശദാംശങ്ങള്‍കൊണ്ട് ഒരു വലിയ ചിത്രം അതു വരച്ചുനല്കുന്നു. പ്രകൃതിയോടുള്ളത് സൗമ്യവും സ്‌നേഹനിര്‍ഭരവുമായ ഒരു ബന്ധമാണ്. ചുറ്റുപാടുകളും മനുഷ്യനും തമ്മില്‍ എങ്ങനെ ബന്ധപ്പെടുന്നു എന്നതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് 'ഇക്കോളജി.'

ഭൗതികശാസ്ത്രവിഷയമായ ആ ബന്ധത്തിന്റെ മാനസികമായ ഒരു മാനമാണ് ഈ പ്രകൃതിമനുഷ്യ ചിത്രത്തില്‍ ഉള്ളത്. ആ ബന്ധം ഇതല്ലാതെ മറ്റു തരത്തിലും ആവാം. അത് ഉടമസ്ഥനും അയാളുടെ കൈവശത്തിലിരിക്കുന്ന ഭൂമിയും തമ്മിലെ ബന്ധമാവാം; അല്ലെങ്കില്‍ താന്‍ അതിവിശാലമായ ആ പ്രകൃതിചിത്രത്തിന്റെ ഒരു ഭാഗമാണ് എന്ന ബോധ്യത്തിന്റേതാവാം; പ്രകൃതിയിലെ ഓരോ വസ്തുവും ഒരു ദേവതയാണ് എന്ന അനിമിസത്തിന്റെ ബന്ധമാവാം; പ്രകൃതിയെന്നത് നമുക്കു മതിവരുവോളം ഉപയോഗിക്കാനും അടിച്ചുതീര്‍ക്കാനും ചൂഷണം ചെയ്യാനും ഉള്ള അസംസ്‌കൃത വസ്തുവാണ് എന്ന ആധുനിക പരിസ്ഥിതിയുടെയും മുതലാളിത്തത്തിന്റെയും ബന്ധമാവാം. ഈ ബന്ധം കലയിലും സംസ്‌കാരത്തിലും പ്രതിഫലിക്കും. ഉദാഹരണത്തിന് ജാപ്പനീസ് ചലച്ചിത്രകാരനായ കുറസോവയുടെ ചലച്ചിത്രങ്ങള്‍.

ക്ലോസപ്പുകള്‍ ഇല്ലാത്തവയാണ് ആ ചിത്രങ്ങള്‍. ക്ലോസപ്പുകളെ കുറസോവ വര്‍ജിച്ചു എന്നുതന്നെ പറയാം. ക്ലോസപ്പ് എന്നാല്‍ ഒരു ഭാഗം അനുതാപരഹിതമെന്നോണം പ്രത്യേകിച്ച് എടുത്തു വലുതാക്കി കാണിക്കലാണ്. അതു പാടില്ല എന്നാണ് കുറസോവയുടെ പ്രകൃതിബോധം പറയുന്നത്. വേറിട്ടുനില്ക്കരുത്. പശ്ചാത്തലത്തിന്റെ ഭാഗമായിരിക്കണം ഓരോ മനുഷ്യനും. ഇത്തരത്തില്‍ കലയുടെ രൂപത്തിന്റെ വിശദാംശങ്ങളെ നിര്‍ണയിക്കുന്ന തത്ത്വമാവുന്നു, അത് നിര്‍മിച്ച ആളുടെയും അയാള്‍ ഭാഗമായ സംസ്‌കാരത്തിന്റെയും ഉള്ളിലെ പ്രകൃതിപുരുഷ ബന്ധം. സീത ഉഴവുചാലില്‍ അച്ഛന്‍ ജനകന്‍ വയല്‍ ഉഴുമ്പോള്‍ ജനിച്ചവളാണ്. വാല്മീകിരാമായണം ബാലകാണ്ഡത്തില്‍ ജനകന്‍ പറയുന്നു:
'പിന്നെ ഞാന്‍ ക്ഷേത്രമുഴുത
കരിച്ചാലില്‍ പിറന്നവള്‍
ക്ഷേത്രം നന്നാക്കിടുമ്പോള്‍ മേ
കൈവന്നു സീതയെന്നവള്‍.'
(ബാല. 14)

ഇവിടെ സീത ഭൂമിപുത്രിയാണ് എന്നു വ്യക്തമാക്കുന്നു. ഇനി ഉത്തരകാണ്ഡത്തിലോ? സീത അതേ ഭൂമി പിളര്‍ന്ന് അതിലേക്കുതന്നെ തിരിച്ചുപോകുന്നു. നിറഞ്ഞ സദസ്സില്‍ വെച്ച് പാതിവ്രത്യശപഥം ചെയ്യാന്‍ രാമന്‍ ആവശ്യപ്പെട്ടപ്പോള്‍ സീത പറയുകയാണ്:
'നിനയ്ക്കാറില്ല ഞാന്‍ രാമ
നൊഴിഞ്ഞാരെയുമെങ്കിലോ
എനിക്കു മാധവീദേവി
പഴുതൊന്നു തരേണമേ
മനസാ കര്‍മണാ വാചാ
ചെയ്‌തോന്‍ രാമാര്‍ച്ചയെങ്കിലോ
എനിക്കു മാധവീദേവി
പഴുതൊന്നു തരേണമേ
രാമേതരനെയോര്‍വ്വീലെ
ന്നീയെന്‍ ചൊല്‍ സത്യമെങ്കിലോ
എനിക്കു മാധവീദേവി
പഴുതൊന്നു തരേണമേ.'
(ഉത്തര. സര്‍ഗം 97)

എന്ന് സീത ഭൂമിയോട് അപേക്ഷിക്കുകയാണ്. അപ്പോഴാണ് അദ്ഭുതകരമായ ആ കാഴ്ച. ഭൂമി ഒരു സിംഹാസനം ഉയര്‍ത്തിക്കാട്ടി. തൃക്കൈകൊണ്ട് സീതയെ പിടിച്ച് ആ സിംഹാസനത്തിലിരുത്തി. സ്വാഗതവാക്കുകള്‍കൊണ്ടു കൊണ്ടാടി. സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് പാതാളത്തിലേക്കു താഴ്ന്നു താഴ്ന്ന് സീത അപ്രത്യക്ഷയായി. ചിലര്‍ അദ്ഭുതത്തോടും മറ്റു ചിലര്‍ അമ്പരപ്പോടും കൂടി ഇതെല്ലാം കണ്ടുനിന്നു. സീത എവിടന്നു വന്നുവോ ആ ഭൂമിഗര്‍ഭത്തിലേക്കുതന്നെ തിരിച്ചു പോകുന്നു. പ്രകൃതിയില്‍നിന്ന് ഉദ്ഭവിച്ച ഒരു സ്ത്രീ അനേകം കര്‍മങ്ങളിലൂടെ കടന്നുപോന്ന് ഒടുവില്‍ ആ പ്രകൃതിയിലേക്കുതന്നെ തിരിച്ചുപോകുന്ന ഒരു ജീവിതത്തിന്റെ കഥയായി വേണമെങ്കില്‍ രാമായണത്തെ വീക്ഷിക്കാം.

അരവിന്ദന്‍ സംവിധാനം ചെയ്ത കാഞ്ചനസീത എന്ന ചലച്ചിത്രത്തില്‍ സീതയെ പ്രകൃതിയായാണ് ചിത്രീകരിക്കുന്നത്. ആ ചിത്രത്തില്‍ സീത രംഗത്തു വരുന്നില്ല. കാറ്റായി, ജലമായി, ഇലകളായി, മരങ്ങളായി സീത ഉടനീളം വ്യാപിച്ചിരിക്കുന്നു അതില്‍. ഇങ്ങനെ ഭൂമിപുത്രിയായ സീത ആ ഭൂമിയിലേക്കുതന്നെ ലയിച്ചുചേര്‍ന്നപ്പോള്‍ പുരുഷനായ രാമന്റെ പ്രതികരണം എന്തായിരുന്നു? യാഗദണ്ഡം നിലത്ത് ഊന്നി, തളര്‍ന്നുപോയ രാമന്‍, കണ്ണീര്‍ ചിതറുന്ന കണ്ണുകളോടെ, തല ചായ്ച്ച്, അതിയായ ദുഃഖംകൊണ്ട് മനസ്സു തളര്‍ന്നു പറഞ്ഞു:
'അഭൂതപൂര്‍വമഴല്‍മേ
തീണ്ടാന്‍ നോക്കുന്നു ഹൃത്തിനെ
ഞാന്‍ കാണ്‍കവേ മറഞ്ഞല്ലോ
മൂത്തശ്രീപോലെ മൈഥിലി.'
മുന്‍പ് കടലിനപ്പുറത്തേക്ക് ലങ്കയിലേക്ക് പോയ്മറഞ്ഞ മൈഥിലിയെ താന്‍ വീണ്ടെടുത്തത് അദ്ദേഹം ഓര്‍മിച്ചു:
'പണ്ടാഴികള്‍ക്കപ്പുറം ലങ്ക
പുക്കാസ്സീതയദൃശ്യയായ്
എത്തിച്ചേനങ്ങുനിന്നു ഞാന്‍.'

അതുപോലെ ഈ തവണയും ഭൂമിദേവി സീതയെ തിരിച്ചുതരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു:
'ഭൂദേവി, ഭദ്രേ, തിരിയെ
ത്തന്നേക്കു മമ സീതയെ,
നീ മമശ്വശ്രുതാന്‍, നിങ്കല്‍
നിന്നല്ലയോ സ്വയം
കലപ്പ കൈകൊണ്ടുഴുതി
ട്ടെടുത്ത ജനകന്‍ പുരാ
സീതയെത്തിരികേ നല്ക,
പഴുതോ തന്നു കൊള്‍കമേ,
പാതാളത്തോ വിണ്ണിലോ ഞാ-
നവളോടൊത്തു പാര്‍ക്കുവന്‍.'
ഭൂമിയോട് ശോകപൂര്‍വമായും പിന്നീട് ക്രോധത്തോടു കൂടിയും രാമന്‍ വീണ്ടും വീണ്ടും സീതയ്ക്കായി അഭ്യര്‍ഥിച്ചു.

ഭൂമിയുടെ മകളെ വേള്‍ക്കുക, നഷ്ടപ്പെടുക, തിരിച്ചെടുക്കുക, വീണ്ടും ആ മകളെ പരിത്യജിക്കുക, തിരിച്ചുകിട്ടാനായി അതേ ഭൂമിയോടുതന്നെ വീണ്ടും വീണ്ടും അപേക്ഷിക്കുക. ഈ കൃത്യങ്ങളുടെ ഒരു പരമ്പരയായി രാമായണത്തെ വായിക്കാം. പുരുഷനും പ്രകൃതിയും തമ്മിലുള്ള നീണ്ട ബന്ധത്തിലെ വിവിധ ഘട്ടങ്ങളാണ് അങ്ങനെ നോക്കിയാല്‍ രാമായണം ചിത്രീകരിക്കുന്നതെന്നും കാണാം. പ്രകൃതിയോടുള്ള വിരഹത്തിന്റെയും വീണ്ടെടുപ്പിന്റെയും നിത്യലീലയുടെ ഒരു കഥാരൂപമാണ് രാമായണകാവ്യം എന്നും നമുക്കു കാണാം.

(ഡോ. മോത്തി വര്‍ക്കി എഡിറ്റ് ചെയ്ത 'പരിസ്ഥിതി ദര്‍ശനം മതങ്ങളില്‍' എന്ന പുസ്തകത്തില്‍നിന്ന്)

Content Highlights: Paristhithidarsanam mathangalil, Book excerpt, K.C. Narayanan, Mathrubhumi books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cyber sex addiction

4 min

സൈബര്‍ സെക്‌സ് ആസക്തി; കുടുംബം തകര്‍ക്കും സമാധാനം കെടുത്തും, വേണ്ടത് ബോധവല്‍ക്കരണം

Sep 29, 2023


awaara

5 min

രാജ്കപൂര്‍ പറഞ്ഞു; 'എന്റെ ചിത്രത്തിലേക്ക് എനിക്ക് ആ പെണ്‍കുട്ടിയെ വേണം... തിരക്കഥ തിരുത്തിയെഴുതൂ'

Jul 8, 2022


Art by Madanan

4 min

എന്തുകൊണ്ട് ഒരു ഇന്ത്യന്‍ കുടുംബനിയമത്തിലേക്ക് നടന്നുനീങ്ങാന്‍ നമുക്ക് സാധിക്കാതെപോയി?

Sep 26, 2023


Most Commented