കുട്ടികളെ വീട്ടുജോലികളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, തീരുമാനങ്ങള്‍ എടുക്കാന്‍ പഠിപ്പിക്കുന്നതിലൂടെ, വ്യക്തിത്വരൂപീകരണത്തില്‍ പങ്കുവഹിക്കുന്നതിലൂടെ, അവരുടെ മാനസികാരോഗ്യം ശ്രദ്ധിക്കുന്നതിലൂടെ, എങ്ങനെ രക്ഷാകര്‍ത്തൃത്വം രസകരവും സര്‍ഗാത്മകവുമാക്കാമെന്ന പുതുവഴികള്‍ പരിചയപ്പെടുത്തുന്ന പുസ്തകമാണ് സന്ധ്യാവര്മയുടെ 'പാരന്റിങ് പാഠങ്ങള്‍'. പുസ്തകത്തില്‍ നിന്നുള്ള ഒരു അധ്യായം വായിക്കാം.
കുട്ടികളെ വളര്‍ത്തുക എന്നത് വെല്ലുവിളികള്‍ നിറഞ്ഞ ഒരു ഉത്തരവാദിത്വമാണ്. ദത്തെടുക്കുന്ന കുഞ്ഞുങ്ങളുടെ പരിപാലനത്തിലാകുമ്പോള് ഈ ഉത്തരവാദിത്വത്തിന്റെ ഭാരം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ജീവിതത്തില്‍ ഉടനീളം, നിര്‍ണാകമായ സ്വാധീനം ചെലുത്താന്‍ ദത്തെടുക്കല്‍ പ്രക്രിയയ്ക്ക് സാധിക്കും. ഇക്കാര്യം ദത്തെടുക്കലിലൂടെ മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ദത്തെടുത്ത കുഞ്ഞിനൊപ്പം ജീവിതം ആരംഭിക്കുന്ന ദമ്പതിമാര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. വേറെ രക്ഷിതാക്കള്‍ക്കു ജനിച്ച കുഞ്ഞിനെ വളര്‍ത്തുക എന്നതാകും ഇതില്‍ ഏറ്റവും വലുത്. ദത്തെടുക്കല്‍, ദത്തെടുത്ത കുഞ്ഞിന്റെ പരിപാലനം- വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണിത്. ഓരോരുത്തര്‍ക്കും നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അവയ്ക്ക് അനുസൃതമായി വേണം നാം പരിഹാരം കാണാന്‍.
കുഞ്ഞിനോടുള്ള നിങ്ങളുടെ പരിഗണനയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് നിങ്ങളുടെ ചിന്തയും കാഴ്്ചപ്പാടുകളും. 'നിനക്ക് ജന്മം നല്‍കിയത് ഞാനല്ല. പക്ഷേ, എന്റെ ഹൃദയത്തിനറിയാം എനിക്കു നിന്നോടുള്ള സ്നേഹം എത്രത്തോളം യഥാര്ഥമാണന്നും സത്യമാണെന്നും. നീയും ഞാനും ഒന്നായത് ഒരു സ്വപ്നം സത്യമായതിനു സമാനമാണ്. അല്ല ഞാനല്ല നിനക്ക് ജന്മം നല്‍കിയത്. ഈ ജീവിതം എനിക്കു തന്ന സമ്മാനമാണ് നീ...'
മറ്റൊരു സ്ത്രീ ജന്മം നല്കിയ കുഞ്ഞിനെ സ്വന്തം കുഞ്ഞായി വളര്‍ത്തുന്ന ഒരമ്മയുടെതാണ് ഈ മനോഹരമായ വരികള്‍. ദത്തെടുക്കലിലൂടെ മാതാപിതാക്കളാകുന്നവരോട് മറ്റുള്ളവര്‍ പറയുന്ന ചില സ്ഥിരം അഭിപ്രായപ്രകടനങ്ങളുണ്ട്. 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, എത്ര കരുണാര്‍ദ്രമായ ഹൃദയമാണ് നിങ്ങളുടേത്, എത്ര ആത്മാര്‍ഥതയുള്ള ഹൃദയമാണ് നിങ്ങളുടേത്' ഇങ്ങനെ. നമുക്ക് നമ്മളെക്കുറിച്ചുതന്നെ അഭിമാനം തോന്നുന്ന രീതിയിലാകും ഇവരുടെ അഭിനന്ദനങ്ങള്‍. മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്നതു കുറ്റമാണെന്നല്ല. എന്നാല്‍ ഇവ നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു കുടുംബം എന്ന സ്വപ്നം സഫലമാക്കാന്‍ നിങ്ങളാണ് കുഞ്ഞിനെ ദത്തെടുത്തത്. നിങ്ങളുടെ പൂര്‍ണമായ താത്പര്യത്തോടെയാണ് കുഞ്ഞിനെ ദത്തെടുത്തത്. നിങ്ങള്‍ ഒരു കുട്ടിയുടെ ജീവിതം രക്ഷിച്ചു എന്നു വിചാരിക്കരുത്. കാരണം, കുഞ്ഞിന്റെ വരവോടെ നിങ്ങളാണ് രക്ഷപ്പെട്ടത്. ദത്തെടുത്ത കുഞ്ഞാണ് നിങ്ങളുടേതെന്ന് ഒരിക്കലും വിചാരിക്കാതിരിക്കുക. അവന് അല്ലെങ്കില്‍ അവള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകാനുള്ള ഒരു വഴി മാത്രമായിരുന്നു ദത്തെടുക്കല്‍. കുടുംബത്തിലെത്തിയതോടെ അവന്/ അവള് പൂര്‍ണമായും നിങ്ങളുടെ കുഞ്ഞാണ്. ഈ കാഴ്ചപ്പാടാണ് നിങ്ങളുടെ മനസ്സില്‍ ഉണ്ടാകേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും. കുഞ്ഞുമായി ആത്മബന്ധം വളര്‍ത്തിയെടുക്കാന്‍ ഈ കാഴ്ചപ്പാട് സഹായിക്കുകയും ചെയ്യും.
ദത്തെടുക്കലിലൂടെയാണ് അവന്/ അവള് കുടുംബത്തിന്റെ ഭാഗമായതെന്ന് കുഞ്ഞിനോട് എപ്പോള്‍ പറയണമെന്ന് മാതാപിതാക്കള്‍ തീര്‍ച്ചയായും തീരുമാനിക്കണം. എത്ര നേരത്തേ പറയുന്നുവോ അത്രയും നല്ലതാണെന്നാണ് പൊതുവേ കണക്കാക്കുന്നത്. എന്നാല്‍ ഘട്ടംഘട്ടമായി ഇക്കാര്യം കുഞ്ഞുങ്ങളോടു പറയുന്നതാകും ഉചിതം. കാരണം, ദത്തെടുക്കല്‍ എന്ന വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രായം കുഞ്ഞിനില്ലെങ്കില് പിന്നെ അതിനെക്കുറിച്ചു പറയുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടാവുകയില്ല. എന്നു കരുതി പറയാന്‍ ഒരുപാട് വൈകുകയും അരുത്. കുഞ്ഞ് വളരുന്നതിനനുസരിച്ച്, വിഷയങ്ങള്‍ മനസ്സിലാക്കാന്‍ പഠിക്കുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാം. ഒരുപാട് വൈകി കാര്യങ്ങള്‍ പറയുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. കുഞ്ഞുങ്ങളുടെ അഭിമാനബോധത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇതു കാരണമായേക്കാം.
നാലഞ്ച് വയസ്സിനിടയ്ക്കുള്ള കുട്ടികള്‍ 'ഞാന്‍ എവിടെനിന്നാണ് വന്നത്' എന്ന് അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിക്കുന്നതായി കാണാറുണ്ട്. ദത്തെടുത്തതാണ് എന്ന കാര്യം കുഞ്ഞിനോടു പറയാന്‍ അനുകൂലസാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ചോദ്യമാണ് ഇത്. ഇനി കുഞ്ഞ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്നു കരുതുക. മോനറിയാമോ/ മോള്‍ക്കറിയാമോ എന്ന ചോദ്യത്തോടെ വിഷയത്തെ അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. ദത്തെടുക്കലിലൂടെയാണ് നീ ഈ കുടുംബത്തിന്റെ ഭാഗമായതെന്നു കുഞ്ഞിനോടു പറയാം. ഇത്തരം അവസരങ്ങളില്‍ ഈ വാചകങ്ങളും ഉപയോഗിക്കാം.
1. മറ്റെല്ലാവരെയുംപോലെയാണ് നീയും ഈ ലോകത്തേക്കു പിറന്നു വീണത്.
2. വേറെ ഒരമ്മയുടെ ഉദരത്തിലാണ് നീ വളര്‍ന്നത്. പക്ഷേ, ആ സമയത്ത് ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല.
3. ഒരു കുഞ്ഞു വേണമെന്ന് ഞങ്ങള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു.
4. ഞങ്ങളാണ് നിന്നെ ഈ കുടുംബത്തിലേക്കു ചേര്‍ത്തത്. നീയെന്നും ഞങ്ങളുടെ കുഞ്ഞായിരിക്കും.
ദത്തെടുത്തതിനെക്കുറിച്ച് ഒന്നിലേറെ തവണ കുഞ്ഞിനോടു പറയാന്‍ ശ്രദ്ധിക്കണം. ആവര്‍ത്തിച്ചു പറയുന്നത് കാര്യങ്ങള്‍ കുഞ്ഞിന്റെ മനസ്സില്‍ പതിയാന്‍ സഹായിക്കും. ഒന്നോ രണ്ടോ തവണ പറഞ്ഞതുകൊണ്ട്, കുഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കിയെന്ന് ധരിക്കരുത്. അതിന് ആവശ്യമായ സമയം കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുക. ബാല്യം കടന്നു തുടങ്ങുമ്പോഴേക്കും ജനനത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ കുട്ടികള്‍ ഇങ്ങോട്ടു ചോദിക്കാന്‍ തുടങ്ങും. അവരുടെ സംശയങ്ങള്‍ക്ക് പക്വതയോടെ മറുപടി നല്‍കുക. ജൈവികമായി നിങ്ങളുടെ കുഞ്ഞല്ല എന്നു മനസ്സിലാക്കുമ്പോള്‍ പലതരത്തിലാകും കുട്ടികള്‍ ആ യാഥാര്‍ഥ്യത്തോടു പ്രതികരിക്കുക. ചില കുഞ്ഞുങ്ങള്‍ അവരുടെ വിഷമത്തെക്കുറിച്ച് തുറന്നുപറയും. ചിലര്‍ വാസ്തവത്തെ അംഗീകരിക്കാന്‍ വിമുഖത കാണിച്ചേക്കാം. ചില കുട്ടികള്‍ ദേഷ്യപ്പെടുകയും അക്രമവാസന കാണിക്കുകയും ചെയ്തേക്കാം. ദത്തെടുക്കുക എന്നത് ഒരു വലിയ കാര്യമായി പരിഗണിക്കാതിരിക്കുന്നവരും ഉണ്ടായേക്കാം.
കുഞ്ഞുങ്ങളുമായി തുറന്ന് സംസാരിക്കുകയാണ് ഇതിനുള്ള പോംവഴി. അവര്‍ എന്താണ് ചിന്തിക്കുന്നതെന്നു മനസ്സിലാക്കുകയും എന്തെങ്കിലും തരത്തിലുള്ള മാനസികവിഷമം അനുഭവിക്കുകയാണെങ്കില്‍ അതിന് പരിഹാരം പറഞ്ഞുകൊടുക്കുകയും ചെയ്യുക. കൗമരപ്രായം മുതല്ക്കാണ് കുഞ്ഞുങ്ങള്‍ അവരുടേതായ വ്യക്തിത്വം സൃഷ്ടിക്കാന്‍ ആരംഭിക്കുന്നത്. അതുവരെ മാതാപിതാക്കളെ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിച്ചിരുന്ന കുട്ടികള്‍ അവരുടേതായ നിലപാടുകള്‍ കണ്ടെത്താന്‍ ശ്രമിക്കും. വ്യക്തിത്വരൂപവത്കരണത്തില് കുഞ്ഞുങ്ങള്‍ക്ക് എവിടെയെങ്കിലും പിഴവ് പറ്റുന്നുണ്ടെങ്കില്‍ അത് തിരുത്താനും മാതാപിതാക്കള്‍ തയ്യാറാകണം. മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള തുറന്ന ആശയവിനിമയം ഇതിനു സഹായകമാകും.
കുടുംബത്തിലേക്കുള്ള ഒരു കുഞ്ഞിന്റെ കടന്നുവരവ് ദമ്പതികളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പിന്നീട് കുട്ടികള്‍ എന്തെങ്കിലും അനുസരണക്കേട് കാണിക്കുകയാണെങ്കില്‍ അത് തിരുത്താന്‍ മാതാപിതാക്കള്‍ പലപ്പോഴും തയ്യാറാകാത്തത് ഈ സന്തോഷത്തിന്റെ ശോഭ കെടാതിരിക്കാനാണ്. ദത്തെടുത്തതോ സ്വന്തം കുട്ടികളോ ആകട്ടെ; കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നതിനെ മാതാപിതാക്കള്‍ നിയന്ത്രിക്കാതിരിക്കുന്നത് വലിയ തെറ്റാണ്. ആവശ്യമായ തിരുത്തലുകള്‍ കൃത്യസ്ഥലത്ത് കുട്ടികള്‍ക്കു നല്‍കുക. അത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അതില്‍ ദത്തെടുത്ത കുഞ്ഞെന്നോ ജന്മം നല്കിയ കുഞ്ഞെന്നോ വ്യത്യാസമില്ല. ദത്തെടുക്കലിലൂടെ ഒരു കുഞ്ഞ് നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി മാറുകയാണ്. ദത്തെടുക്കുന്നതും ജന്മം നല്‍കുന്നതിനും വളരെയേറെ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഒരു കാര്യം എപ്പോഴും മനസ്സിലുണ്ടാകണം, നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളാണ്. എന്നും എപ്പോഴും.
പാരന്റിങ് പാഠങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: Parenting Padangal is a malayalam self help book by sandhya varma