ഔഷധം ആഹാരമാകുന്ന അവസ്ഥയാവരുത്; ആഹാരമാണ് ഔഷധമാക്കേണ്ടത്


കെ. ഗോപാലന്‍ വൈദ്യര്‍

ഔഷധങ്ങളും ഔഷധശാലകളും ആശുപത്രിസമുച്ചയങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. രോഗങ്ങളും രോഗികളും പെരുകുന്നു എന്നതിന്റെ തെളിവാണിത്. രോഗം പിടിപെടാതിരിക്കാന്‍ ഔഷധങ്ങളേക്കാള്‍ ആവശ്യം ചിട്ടയായ ജീവിതക്രമവും ആഹാരക്രമവുമാണ്.

Excerpts

പ്രതീകാത്മക ചിത്രം

മനുഷ്യോത്പത്തിയോളം പഴക്കമുള്ള നാട്ടുപാരമ്പരൃ വൈദ്യത്തിന്റെ അറിവുകള്‍ സമാഹരിക്കുന്ന ഗ്രന്ഥമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പാരമ്പര്യവൈദ്യം. കെ. ഗോപാലന്‍ വൈദ്യര്‍ രചിച്ച പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

ജീവജാലങ്ങള്‍ പലതും എക്കാലത്തും രോഗവാഹകരായെത്തി മനുഷ്യന് ദുരിതം വിതച്ചിട്ടുണ്ട്. എലി, പന്നി, വവ്വാല്‍, പട്ടി, പക്ഷി, കൊതുക് എന്നിവയെല്ലാം പല രാജ്യങ്ങളിലും, നമ്മുടെ നാട്ടിലും മാരകരോഗങ്ങള്‍ മനുഷ്യനിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പറഞ്ഞ ജീവികളെല്ലാം ഭൂമുഖത്ത് ഇന്നും ജീവിക്കുന്നുണ്ട്. ഇവ എല്ലായ്‌പോഴും രോഗവാഹകരാവുന്നില്ല. അശ്രദ്ധ മനുഷ്യരുടെ ഭാഗത്താണ്. ആരോഗ്യവാന്മാരായി ജീവിക്കണമെന്ന ബോധം നഷ്ടപ്പെട്ട തലമുറയാണിന്നുള്ളത്. രുചിയുള്ളതെന്തായാലും അത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും; അമിതമായും അസമയങ്ങളിലും കഴിക്കുക എന്നത് പതിവായിരിക്കുന്നു. ആരോഗ്യവും മനഃസമാധാനവുമില്ലാതെ ജീവിതംകൊണ്ടെന്തു കാര്യം? ഒരുകാലത്ത് ദാരിദ്ര്യവും പട്ടിണിയും മൂലം നമ്മുടെ നാട്ടില്‍ പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങള്‍ പതിവായിരുന്നു.ഇന്ന് അമിതാഹാരം കഴിച്ച് രോഗം വിളിച്ചുവരുത്തുകയാണ്. അമിതമായി ആഹാരവും കഴിച്ച് വ്യായാമമില്ലാതെ ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് രോഗത്തിന് പിടികൊടുക്കുകയാണ് ഇന്നത്തെ യുവത്വം.

സ്വയം പ്രതിരോധശക്തിയില്ലായ്മയായിരിക്കും ഇനിയുള്ള കാലത്തെ പകര്‍ച്ചവ്യാധിമരണങ്ങള്‍ക്ക് കാരണമാവുക. ഒരുകാലത്ത് വസൂരിയും പ്ലേഗുമൊക്കെ മരണം വിതയ്ക്കാനെത്തിയപ്പോള്‍ ഭയം കാരണം രോഗികളെ ഒറ്റപ്പെടുത്തി, ഭക്ഷണമോ വെള്ളമോ പോലും ലഭ്യമാക്കാതെ മരണത്തിലേക്ക് തള്ളുകയായിരുന്നു. ഇങ്ങനെ ശുശ്രൂഷകള്‍ ലഭിക്കാതെയും, ആഹാരവും വെള്ളവും ലഭ്യമാക്കാതെയും, മനുഷ്യരെ മരണത്തിനു വിട്ടുകൊടുത്തതുകൊണ്ടാണ് കൂട്ടമരണങ്ങള്‍ സംഭവിച്ചത്.നല്ല മനോധൈര്യമുള്ളവരായിരുന്നു ഇത്തരം മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്. പ്രതിരോധശക്തിയുള്ള അവരില്‍ പലരും ഏറെ പ്രായംചെന്ന് സ്വാഭാവികമായി മരിക്കുകയായിരുന്നു.

ആധുനികവൈദ്യശാസ്ത്രം ഏറെ പുരോഗതിപ്രാപിച്ച ഇന്നുപോലും മരണം വിതയ്ക്കുന്ന രോഗങ്ങളെത്തുമ്പോള്‍ ശുശ്രൂഷിക്കാന്‍ ഭയന്ന് മാറിനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. അന്ധവിശ്വാസവും ഭയവും ഏറെ നിലനിന്ന അക്കാലത്ത് ശുശ്രൂഷ ലഭിക്കാതെ മനുഷ്യകുലം നശിച്ചുപോകാതിരുന്നതിനു കാരണം സ്വയം പ്രതിരോധശക്തി തന്നെയാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ.ആരോഗ്യമുള്ള മനസ്സ് പ്രതിരോധശക്തിയുണ്ടാക്കും. അതുകൊണ്ടുതന്നെ ഏറ്റവും പ്രാധാന്യം ആരോഗ്യത്തിനു കൊടുക്കണം. കഴിക്കുന്ന ആഹാരത്തിലൂടെയും ഔഷധങ്ങളിലൂടെയും വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും ശരീരത്തിലേക്ക് വിഷമെത്താതിരിക്കാനാണ് മനുഷ്യകുലം ശ്രമിക്കേണ്ടത്. ആരോഗ്യമുള്ള ശരീരമുണ്ടാകുമ്പോള്‍ മനസ്സില്‍ സന്തോഷമുണ്ടാകും. മനഃസമാധാനമുണ്ടായാല്‍ പ്രതിരോധശേഷി കൈവരിക്കും. സ്വയം പ്രതിരോധശേഷിയാര്‍ജ്ജിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ആരോഗ്യനയം ഏറെ വൈകാതെ ഉരുത്തിരിഞ്ഞുവന്നിട്ടില്ലെങ്കില്‍ മനുഷ്യവംശത്തിന് ഏറെ നഷ്ടം സംഭവിക്കും.

വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍

ശരീരത്തിന് വെള്ളം ആവശ്യമുള്ളപ്പോഴാണ് ദാഹമനുഭവപ്പെടുന്നത്. കുടിക്കുന്ന വെള്ളത്തിന്റെ അളവ് അമിതമായി കുറച്ചാല്‍ ദാഹമില്ലാത്ത അവസ്ഥയുണ്ടാവും. ഇത് പല രോഗങ്ങള്‍ക്കും കാരണമാവും (ഹഠയോഗത്തിലെ ഖേചരിമുദ്ര ശീലിച്ചവര്‍ക്ക് ദാഹശമനത്തിന് വെള്ളം ആവശ്യമില്ല). രോഗമില്ലാത്ത അവസ്ഥയില്‍ ദാഹമനുഭവപ്പെടുമ്പോള്‍ ദാഹശമനത്തിനു മാത്രം വെള്ളം കുടിച്ചാല്‍ മതി. ആവശ്യമില്ലാതെ അമിതമായി വെള്ളം കുടിക്കുന്നവര്‍ക്ക് ജലോദരം ബാധിക്കും. അടിവയര്‍ തൂങ്ങിയ നിലയിലാവും. മൂത്രത്തില്‍ കല്ല്, മൂത്രച്ചുടിച്ചില്‍ തുടങ്ങിയ രോഗമുള്ളവരും അമിതമായി വെള്ളം കുടിക്കുന്നത് നന്നല്ല. ഔഷധപാനീയങ്ങള്‍ നിശ്ചിത അളവില്‍ കുടിച്ചും ചികിത്സയിലൂടെയും രോഗശമനം വരുത്തണം.
വെള്ളം കുടിച്ചാല്‍ മതിയാവാത്ത അവസ്ഥയായ അന്തര്‍ദ്ദാഹമുള്ളവരും ചികിത്സയിലൂടെയും ഔഷധപാനീയങ്ങളിലൂടെയും കുടിക്കുന്ന വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്തണം. തിളയ്ക്കുമ്പോള്‍ കളര്‍ കലരുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ന്ന ദാഹശമനികള്‍ ദോഷം ചെയ്യും. ശുദ്ധമായ കിണര്‍വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുന്നത് ഉത്തമം. ശുദ്ധമല്ലെങ്കില്‍ തിളപ്പിച്ചാറിയ വെള്ളമാവാം. തിളപ്പിച്ച വെള്ളം തണുപ്പിക്കാന്‍ തിളപ്പിച്ചാറാത്ത തണുത്ത വെള്ളം ഉപയോഗിക്കരുത്. ഭക്ഷണത്തിനൊപ്പം കുടിക്കുന്ന വെള്ളം ഭക്ഷണത്തിനു മുമ്പ്, ഒപ്പം, ശേഷം എന്നിങ്ങനെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വിശപ്പിന് ആഹാരവും ദാഹത്തിന് വെള്ളവും എന്നതാണ് രീതി. ഭക്ഷണത്തിനു മുമ്പും ഒപ്പവും ശേഷവും ശരീരപ്രകൃതിക്കനുസരിച്ച് ദഹനത്തിനെ ബാധിക്കാത്ത രീതിയില്‍ വെള്ളം കുടിക്കാം. അമിതദാഹമുള്ളപ്പോള്‍ ഭക്ഷണത്തിനിരിക്കുന്നതിനു മുമ്പ് കാല്‍ തണുത്ത വെള്ളംകൊണ്ട് നനയ്ക്കുന്നതു നന്ന്. കൈകള്‍ക്കൊപ്പം കാലും കഴുകിയിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം ഇന്നില്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുന്നതും കാലത്തുണര്‍ന്ന് വെറുംവയറ്റില്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുന്നതും നന്ന്.

ചൂയിങ്ഗം ചവയ്ക്കല്‍, വെറ്റിലമുറുക്ക്

കൊച്ചുകുട്ടികളും ചെറുപ്പക്കാരും ചൂയിങ്ഗം ചവച്ചുണ്ടാക്കുന്ന ആമാശയപ്രശ്‌നങ്ങളേറെയാണ്. ലഹരിപദാര്‍ത്ഥങ്ങള്‍പോലെതന്നെ വിദ്യാലയപരിസരത്തുനിന്നും അകറ്റിനിര്‍ത്തേണ്ടവയിലൊന്നാണ് ചൂയിങ്ഗവും. പുകവലി നിര്‍ത്താനും, വെറുതേയിരിക്കുമ്പോള്‍ രസത്തിനും, ചവച്ച് മധുരരസമിറക്കാനും ചൂയിങ്ഗമുപയോഗിക്കുമ്പോള്‍ ആമാശയപ്രശ്‌നങ്ങള്‍ക്കും തുടക്കമാവുന്നു. കുട്ടികള്‍ മധുരരസത്തിനൊപ്പം ചൂയിങ്ഗം വിഴുങ്ങുകയും ചെയ്യും. ചൂയിങ്ഗം വായിലിട്ട് ചവച്ചുതുടങ്ങുമ്പോള്‍ ആമാശയം ദഹനത്തിനാവശ്യമായ രസങ്ങള്‍ ഉത്പാദിപ്പിച്ചുതുടങ്ങും. ഭക്ഷണത്തിനായി കാത്തിരിക്കുന്ന ആമാശയത്തിലേക്ക് ഉമിനീരില്‍ പശയടങ്ങിയ മധുരരസം മാത്രമെത്തുന്നു. ഇത് അസിഡിറ്റിക്കും മറ്റ് ആമാശയപ്രശ്‌നങ്ങള്‍ക്കുമിടയാക്കുന്നു. പുകവലി നിര്‍ത്താനെന്നപേരില്‍ വിപണിയിലുള്ള നിക്കോട്ടിന്‍ അടങ്ങിയ ചൂയിങ്ഗം കൂടുതല്‍ അപകടകാരിയാണ്. വെറ്റിലമുറുക്കിലെ 'ചവയ്ക്കല്‍' പ്രശ്‌നമുണ്ടാക്കില്ലേ എന്ന സംശയം സ്വാഭാവികം. നന്നായി ആഹാരം കഴിച്ചതിനുശേഷമുള്ള വെറ്റിലമുറുക്ക് (കുറച്ചു സമയം ചവയ്ക്കല്‍) ദഹനരസോത്പാദനം വര്‍ദ്ധിപ്പിച്ച് ദഹനം എളുപ്പത്തിലാക്കും. ആഹാരം കഴിക്കാതെയുള്ള മുറുക്കും പുകയിലയുപയോഗിച്ചുള്ള മുറുക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഇടയ്ക്കിടെ വെറ്റില മുറുക്കുന്നത് ഉമിനീര്‍ നഷ്ടത്തിനും ക്ഷീണത്തിനുമിടയാക്കും. വായ്പുണ്ണും ഊനില്‍ പഴുപ്പും, വായ്ക്കകത്ത് മറ്റു പ്രശ്‌നങ്ങളുമുള്ളവര്‍ പുകയില കൂട്ടി മുറുക്കുമ്പോള്‍ കവിളരശടക്കമുള്ള രോഗങ്ങള്‍ക്കിടയാക്കും.

ഔഷധം ആഹാരമായി മാറരുത്

പുസ്തകം വാങ്ങാം

ഔഷധങ്ങളും ഔഷധശാലകളും ആശുപത്രിസമുച്ചയങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. രോഗങ്ങളും രോഗികളും പെരുകുന്നു എന്നതിന്റെ തെളിവാണിത്. രോഗം പിടിപെടാതിരിക്കാന്‍ ഔഷധങ്ങളേക്കാള്‍ ആവശ്യം ചിട്ടയായ ജീവിതക്രമവും ആഹാരക്രമവുമാണ്. ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ ആഹാരം, ശരീരത്തിനിണങ്ങിയ വ്യായാമം മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് പ്രതിരോധശക്തി നേടാന്‍ ഇതു മതി. സുഖസൗകര്യങ്ങള്‍ തേടിയുള്ള യാത്രയ്ക്കിടയില്‍ മനുഷ്യന് നഷ്ടമായതും ഇതൊക്കെയാണ്. രോഗിയായി മരുന്നുകളുടെ ബലത്താല്‍ ദുര്‍ബ്ബലനായി നൂറുവര്‍ഷം ജീവിക്കുന്നതിലും നല്ലത് രോഗപ്രതിരോധശേഷിയുള്ള ശരീരവും, അതില്‍ ആരോഗ്യമുള്ള മനസ്സുമായി ആനന്ദത്തോടെ ഒരു മണിക്കൂര്‍ ജീവിക്കുന്നതാണ്.
കൃത്യസമയം പാലിച്ചു കഴിക്കുന്ന ഔഷധം ആഹാരമാകുന്ന അവസ്ഥയില്‍നിന്ന് മാറണം. ആഹാരമാണ് ഔഷധമാക്കേണ്ടത്. അത് ശുദ്ധമായിരിക്കണം, കൃത്യസമയങ്ങളില്‍ കഴിക്കണം.

Content Highlights: parambarya vaidyam k gopalan vaidyar mathrubhuumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented