ലോകപ്രശസ്ത നര്‍ത്തകി, ഗവേഷക, നൃത്തസംവിധായിക, അധ്യാപിക, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പത്മാസുബ്രഹ്മണ്യത്തിന്റെ ആത്മകഥയാണ് പത്മദളം. ഭാരതീയ നൃത്തകലയുടെ നര്‍ത്തകീബിംബമായ പത്മാസുബ്രഹ്മണ്യത്തിന്റെ ജീവിതവും കലയും പറയുന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.
വായനക്കാര്‍ക്കു സ്വാഭാവികമായി മനസ്സിലുദിക്കുന്ന ഒരു ചോദ്യമുണ്ട്. ആ ചോദ്യം പലരും പല സന്ദര്‍ഭങ്ങളിലും ചോദിച്ചിട്ടുമുണ്ട്. കുട്ടിക്കാലം മുതല്‍ അനവധി അവസരമുണ്ടായിട്ടും എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചില്ല? എന്താണിതിനു കാരണം? അഞ്ചാം വയസ്സില്‍ പിതാവിന്റെ തന്നെ നിര്‍മാണത്തിലുള്ള സിനിമയിലഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഗീതഗാന്ധി കൂട്ടുകുടുംബം പ്രമേയമാക്കിയുള്ള ചലച്ചിത്രമായിരുന്നു. അതില്‍ രണ്ടു പാട്ടുകളും പാടിയിട്ടുണ്ട്. പിന്നീട് മുംബൈയില്‍ നിര്‍മിച്ച കുട്ടികളുടെ സിനിമയില്‍ ഒരു നൃത്തവും ചെയ്തു. അതില്‍ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള സീതയായും അഭിനയിച്ചിരുന്നു.
അച്ഛന്‍ ഭംഗിയായി സിനിമാതിരക്കഥ എഴുതും. തുടര്‍ന്ന് ഓരോ സംഭാഷണവും പറയും. തിരുത്തിയെഴുതി പഠിക്കും. മറ്റൊരു വ്യക്തി ആ തിരക്കഥ വായിച്ചാല്‍ത്തന്നെ സിനിമ കാണുന്നതുപോലെയാണ്. ഈ സ്‌ക്രിപ്റ്റ് ഉപയോഗിച്ച് സാങ്കേതികപരിജ്ഞാനം കുറഞ്ഞവര്‍ക്കും നല്ല സിനിമ നിര്‍മിക്കാനാവുമായിരുന്നു. ജോലിഭാരത്താല്‍ ചില ദിവസങ്ങളില്‍ രാത്രി അച്ഛന്‍ പാതിമയക്കത്തിലാവും. അപ്പോള്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ എഴുതിയെടുത്തു നല്കും. ഈ സ്‌ക്രിപ്റ്റ് എഴുതിയത് പിന്നീട് തൃത്തരംഗത്തു കൊറിയോഗ്രാഫിയില്‍ സഹായിച്ചു.
ജ്യേഷ്ഠന്‍ ബാലകൃഷ്ണ Temples by festivals of Tamilnadu എന്നൊരു ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു. ഒരു മണിക്കൂര്‍ സമയദൈര്‍ഘ്യം മാത്രമേയുള്ളൂ എങ്കിലും വര്‍ഷങ്ങളെടുത്ത് വ്യക്തമായി വിഷയത്തെക്കുറിച്ചു പഠിച്ചാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. അതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തവേ ജ്യേഷ്ഠനു പെട്ടെന്ന് ടൈഫോയ്ഡ് പിടിപെട്ടു കിടപ്പായി. ഈ സമയത്ത് ഞാനാണ് പുസ്തകം വായിച്ചുകൊടുത്തിരുന്നത്. അതിനാലാണ് തമിനാട്ടിലടക്കമുള്ള ഓരോ ക്ഷേത്രത്തെയും കുറിച്ച് എനിക്കറിയാന്‍ കഴിഞ്ഞത്. ഈ ഡോക്യുമെന്ററി നിര്‍മാണത്തിനിടയിലാണ് ആര്‍ക്കിയോളിജിസ്റ്റ് ടി.എന്‍. രാമചന്ദ്രനെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹമായിരുന്നു ഗവേഷണത്തിനു ഗൈഡായത്.
വോക്കല്‍ മ്യൂസിക്കിന് ആദ്യഗുരു സലില്‍ ചൗധരിയാണ്. ചെറിയ കുട്ടിയായപ്പോഴാണ് ഈ ശിക്ഷണത്തിനുള്ള അവസരം ലഭിക്കുന്നത്. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ (കജഠഅ) എന്ന സംഘടനയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു സലില്‍ ചൗധരി. പ്രസിഡന്റായിരുന്നു അച്ഛന്‍. പല മീറ്റിങ്ങുകളിലും പങ്കെടുക്കാനായി സലില്‍ ചൗധരി ചെന്നൈയില്‍ വരുന്നത് ശിഷ്യപ്പെടാന്‍ അവസരമൊരുക്കി.
ഇത്തരത്തില്‍ അച്ഛനുമായുള്ള ബന്ധത്തില്‍ ഞാനറിയാതെ അറിവു വളരുകയായിരുന്നു. അച്ഛന്റെ മനസ്സും ലോകവും വിശാലം. മാതാവ് ആചാരങ്ങള്‍ പിന്തുടരുന്നതില്‍ കണിശക്കാരിയും. ഇരുവരുടെയും കൂടെയാണ് വളര്‍ന്നത്. അച്ഛന്റെ താത്പര്യങ്ങള്‍ക്ക് ഒരിക്കലും അമ്മ എതിര്‍ത്തുനിന്നിട്ടില്ല. അതിനാലാകണം ഞങ്ങള്‍ക്ക് അസൂയ, കുശുമ്പ് തുടങ്ങിയ ചീത്ത സ്വഭാവങ്ങള്‍ അകന്ന് മനസ്സു വിശാലമാക്കാന്‍ കഴിഞ്ഞത്. എല്ലാവരുടെയും സംസ്‌കാരങ്ങള്‍ എന്നിലേക്ക് ആവാഹിക്കാനായിട്ടുണ്ട്. ഈ സ്വാധീനത്തിലാണ് റഷ്യന്‍ സംഗീതജ്ഞനായ ചൈക്യോസ്തിയുടെ പാട്ടിനനുസരിച്ച് ജടായുമോക്ഷം ആടിയത്. ഏതു നല്ല സംഗീതം കേട്ടാലും ആസ്വദിക്കാനാകും. അതിനു ഭാഷ മാനദണ്ഡമല്ല. മനസ്സു സാന്ത്വനിപ്പിക്കുന്ന ഗാനം എവിടെനിന്നു വന്നാലും സ്വീകരിക്കണം. അതാണ് ഗാനം. ഇന്നു ഗാനങ്ങളുടെ പേരില്‍ ശബ്ദം പുറപ്പെടു വിക്കുകയാണ് ചെയ്യുന്നത്.
സിനിമാ സ്റ്റുഡിയോയ്ക്കുള്ളിലാണ് കുട്ടിക്കാലം കഴിച്ചത്. ഷൂട്ടിങ് കാണാറുമുണ്ട്. ജ്യേഷ്ഠന്റെ കൂടെ ഫോട്ടോഗ്രാഫിയും. അക്കാലത്തെ സിനിമാതാരങ്ങളെല്ലാവരും സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കും അച്ഛനെ അറിയാം. അച്ഛന്റെയും ജ്യേഷ്ഠന്റെയും അധ്വാനഭാരം, ഒരു ചലച്ചിത്രം രൂപപ്പെടാന്‍ എത്രത്തോളം കഷ്ടപ്പാടുണ്ട് എന്ന് കണ്ടും അനുഭവിച്ചും അറിഞ്ഞു. അതിനാല്‍ സിനിമാരംഗത്തോടുള്ള ബഹുമാനം മനസ്സില്‍ വളര്‍ന്നു. എത്ര സമയമാണ് ഒരു സിനിമാനിര്‍മാണത്തിനായി ചെലവഴിക്കേണ്ടി വരുന്നത്? പുറമേനിന്ന് നോക്കുമ്പോള്‍ കേവലം രണ്ടുമുന്നു മണിക്കൂറുകള്‍ മാത്രം. ഇതു കണ്ടുവളര്‍ന്നതിനാല്‍ ചലച്ചിത്രരംഗത്തോട് അതിയായ ബഹുമാനമായിരുന്നു. ഈ മേഖലയില്‍ കൈവെച്ച്, അഭിനയരംഗത്തിറങ്ങി ഞാനായിട്ട് നശിപ്പിക്കരുത്.
സിനിമയിലഭിനയിക്കാന്‍ ധാരാളം അവസരങ്ങള്‍ കൈവരുമ്പോള്‍ ഒഴിഞ്ഞുമാറും. വിളിച്ചവരെല്ലാവരും ആ മേഖലയിലെ പ്രധാനപ്പെട്ടവരായിരുന്നു. അച്ഛന്റെ സുഹൃത്തുക്കളായിരുന്നവര്‍. ഈ ആവശ്യമുന്നയിച്ച് സമീപിക്കുന്നവരോട് അച്ഛന്‍ പറയുക, 'പത്മ സമ്മതിച്ചാല്‍ നിങ്ങള്‍ ചെയ്‌തോളൂ. ഞാന്‍ അവളെ ഒരിക്കലും നിര്‍ബന്ധിക്കില്ല.' പഠിക്കുന്ന സമയത്തു വന്ന ഇത്തരം അവസരങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ കോളേജ് വിദ്യാഭ്യാസം ലഭിക്കുമായിരുന്നില്ല. അതുവഴി ഗവേഷണത്തിനും എന്നതാണ് സത്യം.
പത്മദളം ഓണ്‍ലൈനില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
ഞാന്‍ അച്ഛനു തുല്യം കാണുന്ന വ്യക്തിയാണ് സിനിമാതാരം എം.ജി.ആര്‍. കുട്ടിക്കാലം മുതല്‍ എം.ജി.ആറുമായി ഇടപഴകാന്‍ അവസരമുണ്ടായിട്ടുണ്ട്. ചിറ്റപ്പ് എന്നാണ് വിളിക്കാറുമുള്ളത്. അദ്ദേഹത്തിന്റെ ഫോണ്‍കോള്‍ വന്നാല്‍ എടുക്കാന്‍ വരെ ബഹുമാനം. എം.ജി.ആര്‍. സിനിമയിലഭിനയിക്കാന്‍ ക്ഷണിച്ചു. താത്പര്യമില്ല എന്നറിയിച്ചു. അതിനു കാരണമെന്തെന്നറിയില്ല. സംവിധായകനും നടനുമായ രാജ്കപൂര്‍ ചലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ഒരാഴ്ചക്കാലം സമ്മതം തേടി ചെന്നെയില്‍ താമസിക്കുകയും ചെയ്തു. അവസാനം അച്ഛന്‍ പറഞ്ഞു: ''പത്മ വരില്ല. പുതിയ നടിയെ തിരഞ്ഞെടുക്കാം.' അങ്ങനെയാണ് ഹേമമാലിനിയുടെ ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനമാകുന്നത്. സപ്‌നോം കാ സൗദാഗര്‍ എന്നതായിരുന്നു ഈ ചലച്ചിത്രം.
സത്യജിത് റേ, എന്‍.ടി. രാമറാവു, എം.ജി.ആര്‍. തുടങ്ങിയവരെല്ലാം സിനിമയില്‍ അഭിനയിക്കാനായി ക്ഷണിച്ചിരുന്നു. ഒരാളുടെ ക്ഷണം സ്വീകരിച്ച് അഭിനയിച്ചാല്‍ നിറയെ പടങ്ങള്‍. പിന്നെ എല്ലാറ്റിലും അഭിനയിക്കേണ്ടിവരും. ഗവേഷണവും വിദ്യാഭ്യാസവുമാണ് താത്പര്യം. പഠിച്ചും നിരീക്ഷിച്ചുമാണ് നാം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത്. സിനിമയില്‍ എനിക്കിതിനു സാധിക്കില്ല. സിനിമാ അഭിനയം തുടങ്ങിയാല്‍ മറ്റൊരാളുടെ അവസരമാണ് നഷ്ടപ്പെടുന്നത്. എത്രയാളുകളാണ് സിനിമയിലഭിനയിക്കാന്‍ ആഗ്രഹവുമായി നടക്കുന്നത്. എന്തുകൊണ്ടോ ആഗ്രഹം തോന്നിയില്ല, ഇന്നുമില്ല. അന്ന് അഭിനയരംഗത്തേക്കു പ്രവേശിച്ചിരുന്നെങ്കില്‍ ജീവിതത്തിന്റെ അര്‍ഥതലങ്ങള്‍തന്നെ മാറിപ്പോയേനേ. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഈ തീരുമാനം എങ്ങനെ കൈക്കൊണ്ടു എന്നറിയില്ല. ശരിയായ തീരുമാനം. ഈ ജീവിതത്തിന് എന്തോ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിനായി മനസ്സു പറഞ്ഞതാവാം. അതിനു പ്രേരിപ്പിച്ച ശക്തിക്കു നന്ദി പറയുന്നു. അവസരം ധാരാളം ലഭിച്ചു. അച്ഛന്റെ സുഹൃദ് സമ്പത്തിന്റെ ഫലം.
Content Highlights: Padmadalam, autobiography, Padma Subrahmanyam