അക്രമികളെ അക്രമംകൊണ്ട് നേരിട്ട, കടുത്ത ചീത്തവിളിയോട് അതേ സ്വരത്തില്‍ പ്രതികരിച്ച കൃഷ്ണപിള്ള


മറ്റുള്ളവര്‍ക്കു കിട്ടുന്ന അടിയും സ്വന്തം പുറത്ത് ഏറ്റുവാങ്ങും. ജയിലില്‍ ഹിന്ദി ക്ലാസും പ്രസംഗപരിശീലന ക്ലാസുകളും നടത്തിയത് കൃഷ്ണപിള്ളയായിരുന്നു.

പി കൃഷ്ണപിള്ള

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി. കൃഷ്ണപിള്ളയുടെ ഓര്‍മ്മ ദിനമാണ് ഓഗസ്റ്റ് 19. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ. ബാലകൃഷ്ണന്റെ കമ്യൂണിസ്റ്റ് കേരളം എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം)

1937 സെപ്റ്റംബറില്‍ കോഴിക്കോട്ടെ ഒരു വ്യാപാരസ്ഥാപനത്തിന്റെ മാടത്തില്‍ നാല്‍വര്‍സംഘം ഒത്തുകൂടി. പി. കൃഷ്ണപിള്ള, എന്‍.സി. ശേഖര്‍, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, കെ. ദാമോദരന്‍ എന്നിവര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ്‌യൂണിയന്‍ നേതാവുമായ എസ്.വി. ഘാട്ടെ അവര്‍ക്കു മുന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടി വിശദീകരിച്ചു. കുറച്ചുനാള്‍ മുമ്പൊരു കൂടിക്കാഴ്ചാവേളയില്‍ അടിസ്ഥാനഗ്രന്ഥങ്ങള്‍ കൈമാറിയിരുന്നതിനാല്‍ ആ ചര്‍ച്ചയില്‍ പ്രത്യയശാസ്ത്രത്തെപ്പറ്റി അധികം ചര്‍ച്ച വേണ്ടിവന്നില്ല. പരിപാടികളായിരുന്നു പ്രധാനചര്‍ച്ച; സംഘടന അതീവരഹസ്യമായി എങ്ങനെ കെട്ടിപ്പടുക്കുമെന്ന ആലോചനയും. അവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് കെ. ദാമോദരനായിരുന്നു. ഒത്തുകൂടിയ നാല്‍വറില്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നു. മറ്റൊരാളായ എന്‍.സി. ശേഖറാകട്ടെ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സംഘടനയുടെ സ്ഥാപകനും. കമ്യൂണിസ്റ്റ് ലീഗ് എന്ന സംഘടന രൂപവത്കരിച്ച് നീണ്ട ഏഴുവര്‍ഷത്തിനു ശേഷമാണ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി ഇവിടെ ഘടകമുണ്ടാക്കുന്നത്. ഏഴുവര്‍ഷക്കാലത്തെ ക്ഷമാപൂര്‍ണവും ത്യാഗനിര്‍ഭരവുമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പാര്‍ട്ടി രൂപവത്കരണം നടന്നത്. നിരവധി പടവുകളിലൂടെയുള്ള യാത്ര.

വൈക്കം ക്ഷേത്രത്തിനടുത്ത് പറവൂര്‍ വീട്ടില്‍ പാര്‍വതിയുടെയും മയിലേഴത്ത് മണപ്പിള്ളി നാരായണന്‍ നായരുടെയും മകനാണ് പി. കൃഷ്ണപിള്ള. സാമ്പത്തികമായി തകര്‍ന്ന തറവാട്. പതിമൂന്നുവയസ്സുള്ളപ്പോള്‍ വസൂരി ബാധിച്ച് അമ്മയും അടുത്തവര്‍ഷം അച്ഛനും മരിച്ചപ്പോള്‍ അഞ്ചാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തി തറവാട്ടുഭരണം ഏറ്റെടുക്കുകയാണ് കൃഷ്ണപിള്ള. അല്‍പ്പകാലം ആലപ്പുഴയില്‍ ഒരു കയര്‍ഫാക്ടറിയില്‍ ജോലി ചെയ്തു. പിന്നീട് സ്വന്തമായി ബീഡിമുറുക്കാന്‍ അനാദികട നടത്തി പാപ്പരാകുന്നു. അടുത്തതായി വൈക്കം ക്ഷേത്രത്തിനടുത്ത് ഒരു സൈക്കിള്‍ഷോപ്പിലെ സഹായിയും ഒരു ചായക്കടയിലെ സഹായിയും. അതില്‍നിന്നു കിട്ടുന്ന പൈസയില്‍ മിച്ചം വെച്ച് ഹിന്ദി പഠിക്കാന്‍ ചേരുന്നു. ആ സന്ദര്‍ഭത്തിലാണ് 1924ല്‍ വൈക്കം സത്യഗ്രഹം നടക്കുന്നത്. അവിടെ നടക്കുന്ന പ്രസംഗങ്ങള്‍ ശ്രവിച്ചും സത്യഗ്രഹത്തിന് സാക്ഷിയായും കൃഷ്ണപിള്ള രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ഒരു ദിവസം സത്യഗ്രഹത്തിന് നേതാവായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ജാത്യാധിപത്യത്തിന്റെ ഗുണ്ടകള്‍ മര്‍ദിക്കുന്നത് കൃഷ്ണപിള്ളയും കൂട്ടുകാരും നേരില്‍ കണ്ടു. അത് ചെയ്തവരെ ഒരു പാഠംപഠിപ്പിക്കുന്നതിന് കൃഷ്ണപിള്ള തീരുമാനിച്ച് സുഹൃത്തുക്കളോടൊപ്പം തീവ്രമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെതന്നെ തുടക്കമെന്നു പറയാം. തറവാട്ടില്‍ സ്വാഭാവികമായുണ്ടായ സ്വത്തുതര്‍ക്കം ഭാഗംവെപ്പിലെത്തുകയും അതെല്ലാം പറഞ്ഞുവെച്ച് കൃഷ്ണപിള്ള നാടുവിടുകയാണ്. ദൂരയാത്ര ആദ്യമാണെങ്കിലും അതിനു മുന്‍പ് തിരുവിതാംകൂറില്‍ ചില യാത്രകളുണ്ടായിരുന്നു; നൃത്തനാടക സംഘത്തില്‍ നടനായും സഹായിയായും.

1927ലാണ് കൃഷ്ണപിള്ള ഉത്തരേന്ത്യയില്‍ സഞ്ചരിക്കുന്നത്. അല്‍പ്പകാലത്തിനുശേഷം അലഹബാദിലെ സാഹിത്യസമ്മേളന്‍ എന്ന ഹിന്ദിവിദ്യാലയത്തില്‍ ചേരുന്നു. സാഹിത്യ വിശാരദ് ബിരുദമെടുത്തശേഷം മദിരാശിയില്‍ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിമാസം 30 രൂപ ശമ്പളത്തില്‍ തൃപ്പുണിത്തുറയില്‍ ഹിന്ദി പ്രേരകായി നിയമനം. ഹിന്ദിയില്‍ നല്ല പാണ്ഡിത്യവും വാഗ്മിത്വവും നേടിയ കൃഷ്ണപിള്ള എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയാണ്. പ്രേംചന്ദ് ഉള്‍പ്പെടെയുള്ള ഹിന്ദി എഴുത്തുകാരുടെ കൃതികളുമായുള്ള ബന്ധം കൃഷ്ണപിള്ളയില്‍ സാമ്യവാദത്തിന്റെ അനുരണനങ്ങളുണ്ടാക്കിയിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, ഭഗത്‌സിങ്ങിന്റെയും മറ്റും നേതൃത്വത്തിലുള്ള തീവ്രവാദപ്രവര്‍ത്തനം എന്നിവയെക്കുറിച്ചെല്ലാം മനസ്സിലാക്കി കരുത്തെടുക്കുകയായിരുന്നു കൃഷ്ണപിള്ള. തുറന്നുകിട്ടുന്ന ആദ്യ അവസരത്തില്‍ത്തന്നെ ദേശീയപ്രസ്ഥാനത്തിലേക്കാണ്ടിറങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് എറണാകുളത്ത് താമസമാക്കിയത്. എറണാകുളത്ത് വൈക്കം മുഹമ്മദ് ബഷീര്‍ കൃഷ്ണപിള്ളയുടെ അടുത്ത സുഹൃത്തും സഹതാമസക്കാരനുമായിരുന്നു കുറച്ചുനാള്‍.

ഉപ്പുസത്യഗ്രഹം നടത്തുന്നതിന് കെ.പി.സി.സി. തീരുമാനിച്ചതോടെ ഹിന്ദി പ്രചാരക് ജോലി വിട്ട് കൃഷ്ണപിള്ള കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ദേശീയപ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തനം. കെ. ദാമോദരനൊഴികെ കേരളത്തിലെ ആദ്യത്തെ മറ്റ് മൂന്നു കമ്യൂണിസ്റ്റുകാരുടെയും തടവുജീവിതം തുടങ്ങുന്നത് 1930-32 കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

ഉപ്പുസത്യഗ്രഹവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജയിലിലായ കൃഷ്ണപിള്ള സി. ക്ലാസ് തടവുകാര്‍ക്കെതിരായ കൊടിയമര്‍ദനത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി തടവുകാരുടെ പ്രധാനനേതാവായിക്കഴിഞ്ഞിരുന്നു. അക്രമത്തെ അക്രമംകൊണ്ട് നേരിടുന്ന, കടുത്ത ചീത്തവിളിയോട് അതേ സ്വരത്തില്‍ പ്രതികരിക്കുന്ന പ്രകൃതം. മറ്റുള്ളവര്‍ക്കു കിട്ടുന്ന അടിയും സ്വന്തം പുറത്ത് ഏറ്റുവാങ്ങും. ജയിലില്‍ ഹിന്ദി ക്ലാസും പ്രസംഗപരിശീലന ക്ലാസുകളും നടത്തിയത് കൃഷ്ണപിള്ളയായിരുന്നു. കൃഷ്ണപിള്ളയും കെ.പി.ഗോപാലനും ജയിലില്‍വെച്ച് ഉത്തരേന്ത്യന്‍ ഭീകരപ്രസ്ഥാന നേതാക്കളായ രവീന്ദ്ര സെന്‍ഗുപ്ത, ടി.എന്‍. ചക്രവര്‍ത്തി, രമേഷ്ചന്ദ്ര ആചാര്യ എന്നിവരുമായി അടുത്ത് ബന്ധപ്പെട്ടു. കമല്‍നാഥ് തിവാരി, ജയ്‌ദേവ് കപൂര്‍ എന്നിവരുമായും കൃഷ്ണപിള്ളയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ബംഗാളിലെ തീവ്രവാദഗ്രൂപ്പായ അനുശീലന്‍ സമിതിയുടെ ലഘുലേഖകളും മറ്റും സംഘടിപ്പിച്ച അവര്‍ ജയിലില്‍നിന്ന് പുറത്തുവന്ന ഉടന്‍ അതിന്റെ ഒരു ഘടകം കേരളത്തില്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുകയുണ്ടായി. കോഴിക്കോട് അനുശീലന്‍ സമിതിയുടെ പോസ്റ്ററുകള്‍ കൃഷ്ണപിള്ളയും കെ.പി. ഗോപാലനും രഹസ്യമായി ചുമരില്‍ പതിക്കുമ്പോള്‍ പോലീസിന്റെ പിടിയിലാവുകയും കുതറിരക്ഷപ്പെടുകയും ചെയ്ത അനുഭവമുണ്ടായി. അക്കാലത്ത് കൃഷ്ണപിള്ളയുടെ കൈയില്‍ സ്ഥിരമായുണ്ടായിരുന്ന പുസ്തകം എമില്‍ബേണ്‍സിന്റെ വാട്ടീസ് കമ്യൂണിസം എന്നതിന്റെ ഹിന്ദിപരിഭാഷയായ കമ്യൂണിസം ക്യാഹെയായിരുന്നു. റൊട്ടി കാ സവാല്‍ അഥവാ ചോറിന്റെ കഥ എന്ന ഗ്രന്ഥവും.

വ്യക്തിസത്യഗ്രഹം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 1933 സെപ്റ്റംബറോടെ നിയമലംഘനസത്യഗ്രഹികള്‍ ജയില്‍മോചിതരായിക്കഴിഞ്ഞിരുന്നല്ലോ. കോണ്‍ഗ്രസ്സിനകത്ത് ദേശീയതലത്തില്‍ത്തന്നെ വലിയ പ്രതിഷേധം അലയടിക്കുകയായിരുന്നു അന്ന്. മതിയായ കൂടിയാലോചനയില്ലാതെ സമരം നിര്‍ത്തിയതിലും മറ്റുമുള്ള പ്രതിഷേധം. സമരരൂപങ്ങളെക്കുറിച്ചുള്ള വിയോജിപ്പ്. കണ്ണൂര്‍ ജയിലില്‍ ഉത്തരേന്ത്യന്‍ വിപ്ലവകാരികളുടെ സ്വാധീനവലയത്തില്‍പ്പെട്ട് രൂപംകൊണ്ടിരുന്ന തീവ്രവാദി കോണ്‍ഗ്രസ് ഗ്രൂപ്പുകാരെ സംഘടിപ്പിക്കാന്‍ പി. കൃഷ്ണപിള്ള ശ്രമം തുടങ്ങി. കണ്ണൂരിലെ വിഷ്ണുഭാരതീയന്‍, കെ.എ. കേരളീയന്‍, കെ.പി. ഗോപാലന്‍, കെ.പി.ആര്‍. ഗോപാലന്‍ എന്നിവര്‍ക്കു പുറമേ ഇ.എം.എസുമുള്‍പ്പെടെയുള്ള തീവ്രവാദിഗ്രൂപ്പിന്റെ സൂത്രധാരന്‍ കൃഷ്ണപിള്ളയല്ലാതെ മറ്റാരുമായിരുന്നില്ല. 1933 അവസാനം കൃഷ്ണപിള്ള ഇ.എം.എസ്. അടക്കമുള്ളവരുടെ വീട്ടിലെത്തി ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്തു. കൃഷിക്കാരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ വ്യാപൃതരാകണമെന്ന ധാരണയിലെത്തുന്നു. സംഘടനാപരമായി തികച്ചും സ്തംഭനാവസ്ഥയിലായ കോണ്‍ഗ്രസ്സിനെ ഉണര്‍ത്തുന്നതിന് പുതിയ പരിപാടികള്‍ വേണമെന്നും തീരുമാനിക്കുന്നു. നിയമലംഘനസമരത്തിന്റെ പരാജയത്തോടെ ദുര്‍ബലമായ സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ കെ.പി.സി.സിയുടെ ഒരു നേതൃയോഗം ചേരുകയും എ.കെ.ജിയെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. കോഴിക്കോട് റോബിന്‍സണ്‍ റോഡിലെ മാതൃഭൂമി ഓഫീസില്‍ അനുവദിച്ചുകിട്ടിയ ഒരുമേശയും കസേരയുമാണ് കെ.പി.സി.സി. ഓഫീസ്. അവിടം കേന്ദ്രീകരിച്ച്, അവിടെനിന്ന് സൗജന്യമായി അടിച്ചുകിട്ടിയ മെമ്പര്‍ഷിപ്പ് രശീതിയുപയോഗിച്ച് 1934ല്‍ കോണ്‍ഗ്രസ്സിന്റെ പുനസംഘടനാപ്രവര്‍ത്തനം നടത്തിയതിനെപ്പറ്റി എ.കെ.ജി. ജീവിതകഥയില്‍ വിവരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ ദേശീയതലത്തില്‍ത്തന്നെ ഇങ്ങനെയൊരു അവ്യവസ്ഥിതിത്വത്തിന്റെ അവസ്ഥയിലാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം.

Content Highlights: p krishna pillai communist party ems mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented