'ഭാസ്‌കരാ, രാഷ്ട്രീയമല്ല കവിതയാണ് തന്റെ മേഖല'


കലാലയജീവിതം ഉപേക്ഷിച്ചു. അമ്മയും സഹോദരങ്ങളുമടങ്ങിയ ഗൃഹാന്തരീക്ഷത്തിലെ സ്വാഭാവികജീവിതത്തില്‍നിന്നും അകന്നുനില്ക്കാനിടയായി. ഒരു നിരാലംബനെപ്പോലെ 'കാടാറുമാസം നാടാറുമാസം' എന്ന ജീവിതശൈലി സ്വീകരിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണസമയപ്രവര്‍ത്തകനായി മാറിയ പി. ഭാസ്‌കരന് ജീവിതവഴിയില്‍ അനവധി ദുരിതങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. കലാലയജീവിതം ഉപേക്ഷിച്ചു. അമ്മയും സഹോദരങ്ങളുമടങ്ങിയ ഗൃഹാന്തരീക്ഷത്തിലെ സ്വാഭാവികജീവിതത്തില്‍നിന്നും അകന്നുനില്ക്കാനിടയായി. ഒരു നിരാലംബനെപ്പോലെ 'കാടാറുമാസം നാടാറുമാസം' എന്ന ജീവിതശൈലി സ്വീകരിച്ചു. ജയില്‍ജീവിതത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സങ്കേതങ്ങളിലും തൊഴിലാളികള്‍ക്കിടയിലും ശക്തിസാരഥിയായി, പട്ടിണിയും പാതിയുറക്കവും ഒക്കെയായി വിപ്ലവത്തിന്റെ തീപ്പന്തവും പേറി 'വയലാര്‍ ഗര്‍ജിക്കുന്നു' എന്ന രക്താക്ഷരങ്ങളും കുറിച്ചിട്ട് മുന്നോട്ടു നീങ്ങിയ ഈ 'സഖാവ്' എങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഞ്ചാരവഴികളില്‍നിന്നും അകന്നു?
സങ്കീര്‍ണതകളുടെ വഴിക്കവലയില്‍നിന്നു നോക്കുമ്പോള്‍ അകലെ ചക്രവാളത്തിലെ പ്രകാശരശ്മികള്‍ക്കു പ്രകാശം കുറഞ്ഞു പോകുന്നു എന്ന് ഭാസ്‌കരന് അനുഭവപ്പെട്ടിരിക്കുമോ? മുഖ്യധാരയില്‍നിന്നും വ്യതിചലിച്ച തീരുമാനങ്ങള്‍, പാര്‍ട്ടിയില്‍ പ്രമേയരൂപത്തില്‍ അവതരിപ്പിക്കേണ്ടി വന്നപ്പോള്‍ പാര്‍ട്ടിതീരുമാനങ്ങള്‍ അനുസരിക്കേണ്ടത് അച്ചടക്കവിധേയനായ ഒരു സഖാവിന്റെ ചുമതലയാണെന്ന ബോധംകൊണ്ടു മാത്രം അനുസരിക്കേണ്ടി വന്നപ്പോള്‍ ഭാസ്‌കരന്റെ മനസ്സില്‍ അകല്ചയുടെ മര്‍മരമുണര്‍ന്നിരിക്കാം. തന്റെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനുള്ള മനസ്സുകളുടെ സാമീപ്യം ഇല്ലാതെയോ തക്കതായ അംഗീകാരം കിട്ടാതെയോ നഷ്ടപ്പെടലുകളെപ്പറ്റിയുള്ള ചിന്തകള്‍ മനസ്സിനെ മഥിച്ചിരുന്നോ.

1949-ല്‍ ചൈനയില്‍ വിപ്ലവം നടക്കും മുന്‍പുതന്നെ ഇന്ത്യയില്‍ വിപ്ലവം നടക്കണമെന്ന നയപ്രഖ്യാപനവുമായി രണദിവേ മുന്നോട്ടു വന്നത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശിഥിലമാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. 'കല്‍ക്കട്ട തീസിസ്' എന്നറിയപ്പെട്ടിരുന്ന ഈ വിപ്ലവവഴി സ്വാഗതം ചെയ്യാതിരുന്നവര്‍ നിഷ്പക്ഷത പാലിക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്യുകയായിരുന്നു. ഒരു 'കേഡര്‍ പാര്‍ട്ടി' എന്ന നിലയില്‍ പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ ദീര്‍ഘനാള്‍ തുടരാന്‍ കഴിഞ്ഞിട്ടുള്ള ബൗദ്ധികപ്രതിഭകള്‍ ചരിത്രലോകത്തെങ്ങും വളരെ കുറച്ചു മാത്രമേയുള്ളൂ. പാര്‍ട്ടിയില്‍നിന്നുള്ള പി. ഭാസ്‌കരന്റെ മാറ്റം വ്യാഖ്യാനത്തിനോ വിമര്‍ശനത്തിനോ വിധേയമായി എങ്കിലും ഭാസ്‌കരന്‍ 1948 കളില്‍ വിപ്ലവവഴികളില്‍നിന്നും വേര്‍പെട്ടിരുന്നു. ദൈനംദിന സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനിന്നിരുന്നു എന്നു രേഖപ്പെടുത്തുന്നതാവും ശരി.

സംഘര്‍ഷഭരിതമായിരുന്നു ഭാസ്‌കരന്റെ മാനസികാവസ്ഥ. 'ഭാസ്‌കരാ, രാഷ്ട്രീയമല്ല കവിതയാണ് തന്റെ മേഖല' എന്ന ആഹ്വാനം ഭാസ്‌കരന്റെ കാതില്‍ വന്നലച്ചിരുന്നു. കോഴിക്കോട് ആകാശവാണിയുടെ അന്തരീക്ഷത്തിലാണ് അതുയര്‍ന്നുകേട്ടത്. ഭാസ്‌കരനിലെ കവിതയെയും ഗാനങ്ങളെയും തിരിച്ചറിഞ്ഞിരുന്ന അഭ്യുദയകാംക്ഷികളുടേതായിരുന്നു ഈ താത്പര്യം. ഭാസ്‌കരനു പുരോഗമനസാഹിത്യത്തിലെ ആശയത്തോടും അതിനോടുള്ള പാര്‍ട്ടിയുടെ സമീപനത്തോടുമൊക്കെ അഭിപ്രായഭിന്നതയുണ്ടായിരുന്നു. തൃശ്ശൂരിലെയും (1948) കൊല്ലത്തെയും (1949) പുരോഗമനസാഹിത്യസമ്മേളനങ്ങള്‍ ഇതേച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളുടെ വേദിയായിരുന്നു. തൃശ്ശൂര്‍സമ്മേളനത്തില്‍ മുണ്ടശ്ശേരി മാസ്റ്റര്‍ രൂപഭംഗിക്കുവേണ്ടി വാദിച്ചപ്പോള്‍ പാര്‍ട്ടിയനുഭാവികള്‍ സാഹിത്യത്തില്‍ കൈകാര്യം ചെയ്യപ്പെടുന്ന പ്രമേയത്തിനു പ്രാധാന്യം നല്കി. എഴുത്തുകാര്‍ക്ക് എഴുത്തിന് മാനിഫെസ്റ്റോ എന്ന ആവശ്യമുയര്‍ന്നത് ആ കാലഘട്ടത്തിലാണ്. എം.പി. പോള്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.എസ്. ദേവദാസ്, അച്യുതക്കുറുപ്പ്, വി.ടി. ഇന്ദുചൂഡന്‍, തകഴി, മുണ്ടശ്ശേരി എന്നിവരൊക്കെ ഇതില്‍ മുന്നിട്ടുനിന്നു. ദേവിനെപ്പോലുള്ളവര്‍ എതിര്‍ത്തുനിന്നു.

കൊല്ലംസമ്മേളനത്തില്‍ ഭാസ്‌കരന്‍ ഇ.എം.എസ്സുമായി സാഹിത്യത്തെപ്പറ്റി സംവദിച്ചിരുന്നു. സാഹിത്യത്തോടുള്ള പാര്‍ട്ടിയുടെ അന്നത്തെ കാഴ്ചപ്പാടിനെ ഭാസ്‌കരന്‍ എതിര്‍ത്തിരുന്നു. 'രണദിവേ തീസിസ്' നടപ്പാക്കുന്നതിനോടുള്ള വിയോജിപ്പും ഭാസ്‌കരന്‍ പ്രകടിപ്പിച്ചിരുന്നു. ആ അവസ്ഥയ്ക്കുശേഷം ഭാസ്‌കരന്‍ പാര്‍ട്ടിയംഗത്വം പുതുക്കിയില്ല. എന്നു കരുതി പാര്‍ട്ടി വിരുദ്ധനായി എന്നര്‍ഥമില്ല. ഉദാത്തമായ സാഹിത്യം ആസ്വദിക്കുന്നതിനു പ്രത്യയശാസ്ത്രം വിഘാതമാകരുതെന്ന പക്ഷത്തേക്കായിരുന്നു ഭാസ്‌കരന്റെ മനസ്സു നീങ്ങിയത്. കലയിലെ സൗന്ദര്യമാണ് പ്രധാനം, പ്രത്യയശാസ്ത്രമേലങ്കി പാടില്ല. ഈ ചിന്തകള്‍ അന്ന് സാഹിത്യലോകത്തു നിലനിന്നിരുന്ന അഭിപ്രായങ്ങളാണ്. തീര്‍ത്തും അച്ചടക്കവിധേയമായി സാഹിത്യരചന നടത്തുന്നതിന്റെ അശാസ്ത്രീയതയും അന്നു നിലവിലുണ്ടായിരുന്നു. എം.ആര്‍. ചന്ദ്രശേഖരനെപ്പോലുള്ള സാഹിത്യവിമര്‍ശകരും ക്വിറ്റിന്ത്യാസമരം, സ്റ്റാലിനിസം, കല്‍ക്കട്ടാ തീസിസ് എന്നിവയോടൊക്കെയുള്ള പാര്‍ട്ടിയുടെ സമീപനത്തെ വിമര്‍ശിച്ചിരുന്നു. സംഘര്‍ഷങ്ങളുടെ നടുവില്‍ ഭാസ്‌കരന്‍, തന്റെ തട്ടകമായ കാവ്യകലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ചെയ്തത്.

വിശ്വാസപ്രമാണങ്ങളുടെ കൂടാരങ്ങളില്‍നിന്നും മാറിനിന്ന് അനിഷ്ടസത്യങ്ങളെ ചോദ്യംചെയ്യുക എല്ലുറപ്പുള്ള കവികള്‍ മുന്‍പും അനുവര്‍ത്തിച്ചിരുന്ന പ്രവൃത്തിയാണ്. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ ചില നിലപാടുകളെ എതിര്‍ത്തിരുന്ന കവിയാണ് ഭാസ്‌കരന്‍ എന്നു സൂചിപ്പിച്ചിരുന്നല്ലോ. മറ്റു പല പുരോഗമനകവികളും അപ്രകാരം ചെയ്തിട്ടുണ്ട്. ചിലിയില്‍ അലെന്റയുടെ കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കെ, കവിയും മാര്‍ക്‌സിയന്‍ സൗന്ദര്യചിന്തകനുമായ പാബ്ലോ നെരൂദ അങ്ങനെ ചെയ്തിട്ടുണ്ട്. യവനകഥയിലെ പ്രൊക്രൂസ്റ്റുകളെ അവതരിപ്പിക്കെ,

പ്രൊക്രൂസ്റ്റുകള്‍ രാഷ്ട്രീയക്കാര്‍

നില്ക്കുകയാണീ നാട്ടില്‍

കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍

നില്ക്കുകയാണീ നാട്ടില്‍

പ്രത്യയശാസ്ത്രങ്ങളൊരുക്കി
പ്രകടനപത്രിക നീട്ടി,

ഇരുണ്ട ഗുഹകളിലിവിടെയൊരായിരം

ഇരുമ്പുകട്ടിലു കൂട്ടി

എന്നൊക്കെ വയലാര്‍ രാമവര്‍മ നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണനേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. കമ്യൂണിസമായാലും മനുഷ്യസ്‌നേഹമില്ലാത്ത അവസ്ഥയെ നോക്കി വയലാര്‍ കടുപ്പിച്ചു പറഞ്ഞു,

സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ

സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.

പ്രതീക്ഷയുടെ മന്ദഗതിയെയും പ്രഖ്യാപനത്തിലെ ശൂന്യതകളെയും തടഞ്ഞുനിര്‍ത്തി കമ്യൂണിസ്റ്റുനേതൃത്വത്തോട് ഒ.എന്‍.വി. ചോദിച്ചു,
എവിടെയാ വാഗ്ദത്തഭൂമി?

ഭൂമികന്യയെ വേള്‍ക്കാന്‍ വന്ന മോഹമേ, ഇന്ദ്ര

കാര്‍മുക മെടുത്തു നീ കുലച്ചുതകര്‍ത്തല്ലോ

എന്നും ഒ.എന്‍.വി. പാടി.
തൊഴിലാളികളുടെ ഗവണ്മെന്റിന്റെ കീഴില്‍ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത തങ്ങളുടെ തൊഴിലാളി വെടിയേറ്റു വീഴാനിടയായപ്പോള്‍ 'തീമഴ പെയ്യരുതേ കാര്‍മുകിലേ' എന്നു കമ്യൂണിസ്റ്റുകാരനായ കവി പുതുശ്ശേരി താക്കീതു ചെയ്തു.

വിപ്ലവത്തെയും വിപ്ലവാനന്തരാവസ്ഥയിലെ തൊഴിലാളിവര്‍ഗയാതനയെയും സസൂക്ഷ്മം നിരീക്ഷിച്ച വൈലോപ്പിള്ളി കുടിയൊഴിക്കലില്‍ ചോദിച്ചതിങ്ങനെയായിരുന്നു:

കുറ്റമാര്‍ക്കിതില്‍? പോംവഴി പക്ഷേ,

മറ്റൊരു വിധമായിരുന്നെങ്കില്‍!

മര്‍ത്ത്യലോകമഹിമ പുലര്‍ത്താന്‍

പറ്റിയ വിധമായിരുന്നെങ്കില്‍?

കമ്യൂണിസ്റ്റുസഞ്ചാരികള്‍ക്ക് നേരിന്റെ ദിശ ചൂണ്ടിക്കൊടുക്കുകയായിരുന്നു ഈ ബൗദ്ധികചിന്തകരൊക്കെ.

പെരുമ്പുഴ ഗോപാലകൃഷ്ണന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പി ഭാസ്‌കരന്‍: ഉറങ്ങാത്ത തംബുരു എന്ന പുസ്തകത്തില്‍ നിന്നും

Content Highlights: P Bhaskaran biography Mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented