പി. ബാലചന്ദ്രന്‍ എന്ന ബാലേട്ടന്‍ തിരക്കുള്ളൊരു ചലച്ചിത്രനടനായിരുന്നു. ആളുകള്‍ അങ്ങനെ തിരിച്ചറിയുമ്പോള്‍ അദ്ദേഹം സന്തോഷിക്കാറുണ്ട്; ചലച്ചിത്രവിശേഷങ്ങളെപ്പറ്റി ആരെങ്കിലും ചോദിക്കുമ്പോള്‍ സഹജമായ ചിരിയോടെ വിശദീകരിക്കാറുമുണ്ട്. കാരണം, ബാലേട്ടന്‍ ആവര്‍ത്തിക്കാറുള്ള ഒരു ജീവിതവീക്ഷണമുണ്ട്: വര്‍ത്തമാനകാലത്തിലാണ് നമ്മുടെ ജീവിതം. അതിന്റെ ഓരോ ക്ഷണത്തിലുമുണ്ട് സുഖദുഃഖങ്ങളും അതിനൊപ്പമുള്ള വെല്ലുവിളികളും. സുഖത്തെ നാം ആഗ്രഹിക്കുന്നു; ദുഃഖത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതിന്റെ സംഘര്‍ഷങ്ങളില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. നാടകമെന്നതുപോലെ ജീവിതവും ആത്യന്തികമായ വര്‍ത്തമാനത്തെ മാത്രമേ പ്രതിനിധാനംചെയ്യുന്നുള്ളൂ. 'ഇവിടെ', 'ഇപ്പോള്‍' എന്നീ രണ്ടു സംഗതികള്‍ മാത്രമേ നാടകത്തിലെന്നതുപോലെ ജീവിതത്തിലുമുള്ളൂ. ആ നിലയില്‍ നാടകവും ജീവിതവും രണ്ടല്ല; ഒന്നുതന്നെയാണ്. വര്‍ത്തമാനകാലത്തെ മാത്രം അനുഭവിക്കുന്നതുകൊണ്ട്, ഇപ്പോള്‍ ചെയ്യുന്നതെന്ത് എന്നതാണ് കാര്യം. അത് സിനിമയാണെങ്കില്‍ അങ്ങനെ; അതിന്റെ തിരക്കുകള്‍, വെല്ലുവിളികള്‍, ആനന്ദങ്ങള്‍... അത്ര മാത്രം.

പക്ഷേ, നമുക്കറിയാം, അദ്ദേഹം സിനിമക്കാരനെന്നതുപോലെ നാടകക്കാരനുമാണ്. അതിനപ്പുറം നാടകത്തെ ജീവിതമാക്കിയ ആളാണ്. ജീവിതത്തെക്കുറിച്ച് ചോദിച്ചാലും നാടകമെന്ന രൂപകത്തെ കടമെടുത്തേ സംസാരിക്കാനാവൂ എന്നിടത്തോളം ആ കലാരൂപം അദ്ദേഹത്തില്‍ കലര്‍ന്നിരിക്കുന്നു. ഒരാള്‍ത്തന്നെ നാടകത്തിന്റെ രചയിതാവും സംവിധായകനുമാകുന്നതിനെപ്പറ്റി ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്, അങ്ങനെയാകുമ്പോള്‍ സംവിധായകനെന്ന നിലയിലുള്ള സംഘര്‍ഷം വേണ്ടത്ര അനുഭവിക്കാനാവില്ല എന്നാണ്. നാടകത്തിന്റെയെന്നല്ല, കലയുടെയാകെത്തന്നെ അടിസ്ഥാനസത്ത സംഘര്‍ഷമാണെന്ന് അദ്ദേഹം പറയും. അതാവും ജീവിതംതന്നെ നാടകമാകുന്നതിന്റെ പൊരുളെന്ന് നമ്മളും ഓര്‍ത്തേക്കും. പ്രപഞ്ചനാടകത്തെ മുന്‍പേ തിരിച്ചറിഞ്ഞ ചിലരും നാടകക്കാര്‍തന്നെ.'All the world's a stage' എന്ന് As You Like It ല്‍ ഷേക്സ്പിയര്‍; ലോകജീവിതത്തിലെ വിവിധഭാവങ്ങള്‍ നടിക്കുകയും സ്വയം അത് കണ്ടുരസിക്കുകയും ചെയ്യുന്ന മഹാനടനെപ്പറ്റി മത്തവിലാസം പ്രഹസനത്തില്‍ മയൂരവര്‍മന്‍. കാഴ്ചക്കാരനും നടനും ഒന്നെന്ന അനുഭൂതിയില്‍ നാരായണഗുരുവും പറഞ്ഞു: 'നാടകം നിഖിലവും!'

എന്റെ കണ്ണുകള്‍ക്കും പിന്നില്‍ തെളിയുന്ന ബാലേട്ടന്‍ പ്രസന്നതയുടെയും സ്നേഹത്തിന്റെയും ഒരാള്‍രൂപമാണ്. തമ്മില്‍ക്കാണുമ്പോള്‍, 'എന്തോ ഒണ്ട്' എന്നു സ്വന്തം നാടായ ശാസ്താംകോട്ടയുടെ ചൂരുള്ള ഭാഷയില്‍, ചിരിച്ചുകൊണ്ടൊരു കുശലത്തില്‍ അതു തുടങ്ങുന്നു. പിന്നെ പതിവുവാക്കുകളുടെ നിരപ്പുകള്‍ വിട്ട് നര്‍മഭാഷണങ്ങളുടെ കുത്തൊഴുക്കായേക്കാം. അല്ലെങ്കില്‍ തൊട്ടുമുന്‍പ് കഴിഞ്ഞ ഏതെങ്കിലും ആകസ്മികസംഭവങ്ങളുടെ വിവരണവുമാവാം. സംസാരത്തിനിടയില്‍ അദ്ദേഹം നാമറിയാതെ നടനായി മാറും. സംഭവങ്ങളിലെ കഥാപാത്രങ്ങളുടെ സംസാരരീതിയും അംഗചലനങ്ങളുമുള്‍പ്പെടെ സൂക്ഷ്മതയില്‍ സ്വാംശീകരിച്ചുകൊണ്ടുള്ള പകര്‍ച്ചകള്‍. സ്വാഭാവികമായും നാടകീയപരിണാമവുമുണ്ടാവും. പറഞ്ഞുവരുന്ന ഓരോ സംഭവവും ഓരോ നാടകമായി മാറും. നമുക്കു പരിചിതരോ സുഹൃത്തുക്കളോ ആയ മനുഷ്യര്‍ ബാലേട്ടന്റെ ഏകാഭിനയത്തിലെ കഥാപാത്രങ്ങളെന്ന നിലയില്‍ക്കൂടിയാവും പിന്നീട് നമ്മില്‍ ജീവിക്കുക. അദ്ദേഹത്തിന്റെ നാട്ടിലെ നാമറിയാത്ത കാരണവന്മാര്‍ മുതല്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുംവരെ അവരില്‍ ഉള്‍പ്പെടുന്നു. നമ്മള്‍ അവരെ നമ്മുടേതായ രീതിയില്‍ ഉള്ളില്‍ വീണ്ടും സൃഷ്ടിക്കുന്നു. പിന്നീടെന്നെങ്കിലും നേരില്‍ കാണുമ്പോള്‍ അവര്‍ ശരിക്കുള്ള മനുഷ്യരോ കല്പിതകഥാപാത്രങ്ങളോ എന്നു സംശയിക്കുന്നു.  പക്ഷേ, സംസാരം തുടര്‍ന്നാല്‍ അടുത്തറിഞ്ഞവര്‍ക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്; തമാശയെന്നപോലെ ചിരിച്ചുതള്ളുന്ന ഏതൊരു സംസാരത്തിനും പിന്നില്‍ കനമുള്ള ഒരു മേഘത്തെ അദ്ദേഹം സ്വന്തം ആകാശത്ത് നിലനിര്‍ത്തുന്നുണ്ട്; അതിനെ ഒരിക്കലും പെയ്യാന്‍ അനുവദിക്കില്ലെങ്കിലും. 'രിക്തഃ സര്‍വ്വോ ഭവതി ഹി ലഘുഃ പൂര്‍ണ്ണതാ ഗൗരവായ' (പൊള്ളയായതെന്തും ലഘുവായിരിക്കും; പൂര്‍ണതയിലാണല്ലോ ഗൗരവമിരിക്കുന്നത്) എന്ന് മറ്റൊരു നാടകക്കാരനായ കാളിദാസന്‍ പറഞ്ഞ മട്ടില്‍. എങ്കിലും, 'സ്വസ്ഥനായിരിക്കാനാണിഷ്ടം' എന്നാവര്‍ത്തിക്കുന്ന ഒരാള്‍ എത്ര അസ്വസ്ഥതകള്‍ക്കിടയിലൂടെയാവും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാനോര്‍ക്കാറ്. കലയെ കെട്ടുപൊട്ടിച്ചുവിടാന്‍ മാത്രമല്ല, ശരീരത്തെയും മനസ്സിനെയും വരുതിയില്‍ നിര്‍ത്താനുമുണ്ട് അദ്ദേഹത്തിന് ശ്രദ്ധ. 

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

മുക്കുറ്റിയും ചെമ്പരത്തിയുമൊക്കെ ഉള്ളില്‍ സ്വര്‍ണമൊളിപ്പിച്ച ഔഷധങ്ങളാണെന്ന് വിവരിക്കുമ്പോള്‍, ഒരുവശത്ത് യുക്തിബോധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ചില ആത്മീയാചാര്യന്മാരുടെ വാക്കുകളില്‍ ആശ്വാസം കൊള്ളുമ്പോള്‍ അദ്ദേഹത്തിന്റെ നര്‍മത്തിനുപിന്നില്‍ ഒളിച്ചിരിക്കുന്ന ചില വിപരീതങ്ങളും വായിക്കാനായിട്ടുണ്ട്. മനസ്സിനെ മുഖത്തിനുപിന്നില്‍ ഒളിപ്പിക്കുന്ന കാര്യത്തില്‍ ഒരു നല്ല നടനല്ല ബാലേട്ടന്‍. അധ്യാപകനായും സുഹൃത്തായും ജീവിതത്തിലും, എഴുത്തുകാരനായും സംവിധായകനായും നടനായും കലയിലും, പല വേഷത്തിലെത്തുമ്പോഴും അതിനൊക്കെ പിന്നിലുള്ള മനുഷ്യനെയും അങ്ങനെ ചിലപ്പോഴൊക്കെ വെളിപ്പെട്ടു കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിനുമുന്നിലിരിക്കുമ്പോള്‍ നമുക്കും കള്ളത്തരം കാണിക്കാനാവില്ല. മറ്റുമനുഷ്യരെ നിരീക്ഷിച്ച് അവരുടെ രഹസ്യങ്ങള്‍ കണ്ടുപിടിക്കുന്ന സ്വന്തം ശീലത്തെക്കുറിച്ച് അദ്ദേഹം പണ്ടേ എനിക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: P Balachandran memory by Manoj Kurur