''രി,''
അദ്ദേഹം പറഞ്ഞു, ''കാര്യം പറ.''
''എന്റെ ആത്മാവിന്റെ നൊമ്പരം,''
അവന്‍ പറഞ്ഞുതുടങ്ങി.
''ഫാ! തെമ്മാടി!''
''എറാന്‍.''
''തോന്ന്യാസം പറയുന്നോടാ?'',
അദ്ദേഹം പറഞ്ഞു.
''എറാന്‍,''
അവന്‍ പറഞ്ഞു, ''ഞാന്‍ ഏങ്ങലടിച്ചു, ഞാന്‍ വേച്ചുവേച്ചു നടന്നു. ഇരുട്ടിലേക്ക്.''
അത്രയും കേട്ടപ്പോള്‍ അദ്ദേഹത്തിനു നേരമ്പോക്കു തോന്നി.
''നിന്റെ പേരെന്താ?'',
അദ്ദേഹം ചോദിച്ചു.
''കഥാപാത്രം,''
അവന്‍ പറഞ്ഞു.
''നിനക്ക് നേരാംവണ്ണം വര്‍ത്തമാനം പറയാന്‍ അറിഞ്ഞൂടേ, തെണ്ടി?''
''എറാന്‍, അറിയാം,''
അവന്‍ പറഞ്ഞു, ''പക്ഷേ ഏമാന്‍ സമ്മതിക്കത്തില്ല.''
''യജമാനനോ? ആരാണവന്‍?''
''സാഹിത്യകാരന്‍.''
''ശരി,''
അദ്ദേഹം പറഞ്ഞു, ''പൊയ്‌ക്കോ. പക്ഷേ, ഈ പ്രദേശത്തൊന്നും കാണരുത്. പ്രത്യേകിച്ചും കുട്ടികള്‍ അക്ഷരം പഠിക്കുന്നേടത്ത്.''

ഇത്രയുമേയുള്ളൂ ഒ.വി. വിജയന്റെ 'കഥാപാത്രം' എന്ന കഥ. ഇന്നത്തെ പുതിയ തലമുറയിലെ വായനക്കാരില്‍ സ്വാഭാവികമായ ഫലിതപ്രസരം മാത്രം സൃഷ്ടിക്കാവുന്ന 'കഥാപാത്ര'ത്തിന്റെ രൂക്ഷമായ പരിഹാസം ഇത്രയുംകൊണ്ടവസാനിക്കുന്നതായിരുന്നില്ല, നാലുപതിറ്റാണ്ടുമുമ്പുള്ള അതിന്റെ രചനാസന്ദര്‍ഭത്തില്‍. സാഹിത്യചരിത്രപരമായ ഒരു വിധ്വംസകപ്രസ്താവമായിരുന്നു അത്, പാരമ്പര്യത്തോട് ആധുനികത പ്രകടിപ്പിച്ച ആക്ഷേപഹാസ്യം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആധുനികതാ പ്രസ്ഥാനത്തിന്റെ വരവറിയിച്ചുകൊണ്ട് വിജയന്‍ കഥയെഴുതിത്തുടങ്ങുമ്പോള്‍ മലയാളചെറുകഥയില്‍ രണ്ടു കല്പിതാഖ്യാനധ്രുവങ്ങളുണ്ടായിരുന്നു. സാമൂഹികവും കാല്പനികവുമായ യഥാതഥാഖ്യാനത്തിന്റെയും ഭാവഗീതാത്മകമെന്ന് സാഹിത്യചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിരുന്ന ആത്മനിഷ്ഠാഖ്യാനത്തിന്റെയും ഭിന്നധ്രുവങ്ങള്‍. ആദിമധ്യാന്തപ്പൊരുത്തത്തിലും ഇതിവൃത്തത്തിന്റെ സാമൂഹികതയിലുമൂന്നിയ യഥാതഥപാരമ്പര്യത്തില്‍നിന്നു വിടപറഞ്ഞ് പുതിയ ഭാവുകത്വമായി വേരുറച്ചുനിന്ന ഭാവഗീതാത്മക കഥയിലെ ആത്മനിഷ്ഠതയുടെ അതിഭാവുകത്വം തിരസ്‌കരിക്കാന്‍ വിജയന്‍ സ്വീകരിച്ച വഴി സറ്റയറിന്റേതായിരുന്നു. സാഹിത്യസ്ഥാപനത്തോടുമാത്രമല്ല സമൂഹത്തിലെ ബൃഹദാഖ്യാനകങ്ങളോടെല്ലാമുള്ള നിര്‍ദയമായ ആക്രമണമായി ആക്ഷേപഹാസ്യത്തിന്റെ ആ ലീല വികസിച്ചു. വിഡംബനവും വിദ്രോഹവും വിലക്ഷണീകരണവും നിന്ദയുമെല്ലാമടങ്ങുന്ന ആ ഹാസ്യലീലയ്ക്കു സമാന്തരമായി വേദനയും കരുണയും തിങ്ങിയ മറുപാതികൂടി ചേരുമ്പോള്‍ വിജയന്റെ കഥാലോകം പൂര്‍ണമാകുന്നു.

1950-1995 കാലത്തിനിടയില്‍ പ്രസിദ്ധീകരിച്ച ആകെ 122 രചനകളടങ്ങുന്നതാണ് ഒ.വി. വിജയന്റെ കഥാലോകം. കലാലയവിദ്യാര്‍ഥിയായിരുന്നപ്പോള്‍ തിരുവനന്തപുരത്തുനിന്നുള്ള 'കലാനിധി' മാസികയില്‍ 1950-ല്‍ പ്രസിദ്ധീകരിച്ച 'പരാജിതന്‍' ആണ് ആദ്യത്തെ ചെറുകഥ. പാലക്കാട് വിക്ടോറിയ കോളേജ് മാഗസിനില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച 'പ്ലം കേക്ക്' (1952), 'പറയൂ, ഫാദര്‍ ഗണ്‍സാലെസ്' (ജയകേരളം വാരിക, 1953), മലബാര്‍ എലിമെന്ററി സ്‌കൂള്‍ ടീച്ചേഴ്സ് ഫെഡറേഷന്റെ സ്മരണികയ്ക്കുവേണ്ടി എഴുതിയ 'പതഞ്ജലി ശാസ്ത്രി എന്ന സംസ്‌കൃതം പണ്ഡിറ്റ്' (1955), 'വാല്‍നക്ഷത്രം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 6, 1955), 'ജീവന്റെ സംഗീതം' (ജയകേരളം, ജനുവരി 12, 1957), 'അരക്ഷിതാവസ്ഥ' (ജയകേരളം, ജൂലായ് 6, 1957) എന്നീ രചനകള്‍കൂടിയായാല്‍ വിജയന്റെ കഥയെഴുത്തിന്റെ പരിശീലനഘട്ടം പൂര്‍ത്തിയായെന്നു പറയാം. 'ഫാദര്‍ ഗണ്‍സാലെസും' 'വാല്‍നക്ഷത്ര'വും ഒഴികെയുള്ള കഥകള്‍ വിജയന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച 'അരക്ഷിതാവസ്ഥ' (2007) എന്ന സമാഹാരത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1957-ല്‍ പ്രസിദ്ധപ്പെടുത്തിയ 'മൂന്നു യുദ്ധങ്ങള്‍' ('ഒരു യുദ്ധത്തിന്റെ ആരംഭം', 'ഒരു യുദ്ധത്തിന്റെ അവസാനം', 'വാല്‍നക്ഷത്രം') എന്ന സമാഹാരത്തോടെ ഒ.വി. വിജയന്‍ മലയാളസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നു പറയാം. വ്യത്യസ്ത ലോകവീക്ഷണങ്ങളും പരസ്പരവിരുദ്ധംപോലുമായ രചനാരീതികളുമായിട്ടാണെങ്കിലും ഭാവുകത്വപരമായ സമാനതകള്‍ പങ്കുവെച്ച് പ്രസ്ഥാനസ്വഭാവമാര്‍ജിച്ച ആധുനികതയിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായി പ്രതിഷ്ഠിക്കപ്പെട്ടുവെങ്കിലും വിജയന്റെ അടുത്ത ചെറുകഥാസമാഹാരം പുറത്തുവന്നത് 'ഖസാക്കിന്റെ ഇതിഹാസം' (1969) പ്രസിദ്ധീകരിച്ച് ഒരു പതിറ്റാണ്ടിനുശേഷമാണ്- 1978-ല്‍ പ്രസിദ്ധപ്പെടുത്തിയ 'വിജയന്റെ കഥകള്‍.' അതുകഴിഞ്ഞ് 'ഒരു നീണ്ട രാത്രിയുടെ ഓര്‍മയ്ക്കായി' (1979), 'അശാന്തി' (1985), 'ബാലബോധിനി' (1985), 'കടല്‍ത്തീരത്ത്' (1988), 'കാറ്റു പറഞ്ഞ കഥ' (1989), 'പൂതപ്രബന്ധവും മറ്റു കഥകളും' (1993), 'കുറേ കഥാബീജങ്ങള്‍' (1995) എന്നീ സമാഹാരങ്ങള്‍ മാത്രമേ വിജയന്‍ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ആധുനികതാപ്രസ്ഥാനത്തിലെ മറ്റ് എഴുത്തുകാരെ അപേക്ഷിച്ച് എണ്ണത്തിലും വണ്ണത്തിലും കുറഞ്ഞ നിര്‍മാണക്ഷമതയാണ് വിജയന്‍ പ്രകടിപ്പിച്ചിട്ടുള്ളത്. പ്രമേയം, ആഖ്യാനം, ലോകവീക്ഷണം, രാഷ്ട്രീയദര്‍ശനം തുടങ്ങിയവയില്‍ ആധുനിക ചെറുകഥയുടെ പൊതുസ്വഭാവങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന വിജയന്റെ കഥകള്‍ മലയാളത്തിലെ ആധുനികത നോവലിലോ ചെറുകഥയിലോപോലും ഒരു ഏകീകൃതധാരയോ പ്രവണതയോ ആയിരുന്നില്ലെന്നു വ്യക്തമാക്കുന്നു.

ഇതിവൃത്തകേന്ദ്രിതമായ യഥാതഥ കഥനരീതിയോടും 1950-കളില്‍ സമകാലികഭാവുകത്വമായി വികസിച്ച മിനിമലിസ്റ്റ് സ്വഭാവമുള്ള ഭാവഗീതാത്മക കഥനരീതിയോടുമുള്ള വിപ്രതിപത്തിയോ സമരസന്നദ്ധതയോ പ്രകടിപ്പിക്കുന്നവയാണ് തുടക്കംതൊട്ടുള്ള ഒ.വി. വിജയന്റെ ചെറുകഥകള്‍. അടിസ്ഥാനവര്‍ഗജനതയുടെ ജീവിതത്തിന്റെയും സാമൂഹികയാഥാര്‍ഥ്യത്തിന്റെയും ദര്‍പ്പണബിംബമായി നടിച്ച് റിയലിസത്തിലും മധ്യവര്‍ഗത്തിന്റെ വൈകാരിക യാഥാര്‍ഥ്യങ്ങളിലേക്കു നീങ്ങിയ ഭാവഗീതാത്മക മിനിമലിസത്തിലുമുണ്ടായിരുന്ന പ്രതിനിധാനത്തിന്റെ പരിമിതികള്‍ വ്യക്തമാക്കുന്ന, അഥവാ 'യാഥാര്‍ഥ്യ'ത്തെ ചോദ്യംചെയ്ത ഒരുതരം പ്രതി-യാഥാതഥ്യകഥകളാണ് 'ഒരു യുദ്ധത്തിന്റെ ആരംഭവും' 'ഒരു യുദ്ധത്തിന്റെ അവസാന'വും. ഭാഷ യാഥാര്‍ഥ്യത്തെ വെറുതേ പ്രതിഫലിപ്പിക്കുകയല്ല, നിര്‍മിക്കുകതന്നെയാണ് എന്ന ബോധം അവ പ്രകടിപ്പിക്കുന്നു. ഭാഷയെയും യാഥാര്‍ഥ്യാവിഷ്‌കാരത്തെയും കുറിച്ചുള്ള ആത്മാവബോധപരത എന്നുവിളിക്കാവുന്ന ഈ ആഖ്യാനപ്രകാരത്തില്‍ നാടോടിക്കഥയുടെ വാമൊഴിത്തവും അമാനുഷികം, പൈശാചികം, അപരിചിതം, ഗ്രാമ്യം, അസംബന്ധം തുടങ്ങിയ വിലക്ഷണീകരണഘടകങ്ങളും കാണാം. യുക്തിപരമായ ദര്‍പ്പണയാഥാര്‍ഥ്യത്തിനു വിരുദ്ധമായ പ്രതി-യാഥാതഥ്യത്തിന്റെ ആ ലീലാത്മകത്വമാണ് ആദ്യകാലകഥകളിലൊന്നായ 'ചവിട്ടുവണ്ടി'യില്‍ നാം കാണുന്നത്.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

വാമൊഴിക്കഥാഖ്യാനത്തിന്റെ ഭാഷണരീതിയും നാടോടിക്കഥയിലെ പരിഹാസകഥനരീതിയും കലര്‍ന്ന രചനയാണ് 'ചവിട്ടുവണ്ടി.' യഥാതഥ ചെറുകഥയിലേതിനു സമാനമായ ഗ്രാമീണപശ്ചാത്തലമാണ് 'ചവിട്ടുവണ്ടി'യുടേതെങ്കിലും യഥാതഥപാരമ്പര്യം ശുദ്ധീകരിച്ചുപയോഗിച്ച് പ്രതിനിധാനാത്മക ദര്‍പ്പണശൈലിയും ഭാഷയും കഥാപാത്രമാതൃകകളുമല്ല വിജയന്‍ സൃഷ്ടിക്കുന്നത്. ആധുനികമായ യഥാതഥകഥയിലെ മുഖാമുഖമുള്ള കഥപറച്ചിലിനു പകരം വാമൊഴിപാരമ്പര്യത്തിലെ പങ്കാളിത്ത കഥാഖ്യാനരീതിയാണ് 'ചവിട്ടുവണ്ടി'യില്‍ കാണാനാവുക. കൊളോണിയല്‍ അധിനിവേശം തദ്ദേശീയ സാംസ്‌കാരികാനുഭവങ്ങളെ ഉന്മൂലനംചെയ്യുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തുകഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട യഥാതഥ കഥാപാരമ്പര്യത്തിന്റെ വൈയക്തികമായ മുഖാമുഖാഖ്യാനത്തിനുപകരം സ്വീകരിക്കുന്ന വാമൊഴി/നാടോടിക്കഥയുടെ പങ്കാളിത്താഖ്യാനരീതി സാംസ്‌കാരികാതിജീവനത്തിന്റെകൂടി തെളിവാണ്. ''പാലക്കാടിനു സമീപമുള്ള പ്ലായിനിയെന്ന ഗ്രാമത്തില്‍ ഒരു നഞ്ചനും നീലിയുമുണ്ടായിരുന്നു. പറയത്തക്ക സൗന്ദര്യമില്ലാത്തവരായിരുന്നു നഞ്ചനും നീലിയും. എന്നിട്ടും അവര്‍ക്ക് അസാധാരണസൗന്ദര്യമുള്ള ഒരു മകനുണ്ടായി'' എന്ന് വാമൊഴി/നാടോടിക്കഥാരീതിയില്‍ ആരംഭിക്കുന്ന 'ചവിട്ടുവണ്ടി'യുടെ ആഖ്യാനം യഥാതഥകഥനരീതി തിരസ്‌കരിക്കുന്നു. പ്രാചീനമായ ഈ ആഖ്യാനരീതിയിലൂടെ പൂര്‍വാധുനികമെന്നു പറയാവുന്ന ഒരു തദ്ദേശീയസംസ്‌കാരത്തില്‍ കൊളോണിയല്‍ ആധുനികത്വത്തിന്റെ വരവ് സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് വിജയന്‍ ആവിഷ്‌കരിച്ചത്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: OV Vijayan, PK Rajasekharan