കറുപ്പും വെളുപ്പും വരകളുള്ള ഒരു സീബ്രയായിരിക്കും വിജയന് ചേരുന്ന വളര്‍ത്തുമൃഗം എന്ന് ഞാന്‍ ചിന്തിച്ചിരുന്നു


എന്‍.എസ്. മാധവന്‍

മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി. വിജയന്‍ വിട പറഞ്ഞിട്ട് 15 വര്‍ഷം.

-

.വി. വിജയന്‍ കഥയും നോവലുമെഴുതിയത് മലയാളത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ചത് അധികവും ഇംഗ്ലീഷിലും.

മറാത്തിയിലെ ചില എഴുത്തുകാരെപ്പോലെ, ഇംഗ്ലീഷില്‍ എഴുതണമെന്ന് തോന്നിയിട്ടുണ്ടോ എന്ന് ഞാനൊരിക്കല്‍ വിജയനോട് ചോദിച്ചിരുന്നു. പതിവിനു വ്യത്യസ്തമായി, കണിശമായിരുന്നു മറുപടി. 'ഭാഷ എത്ര പരിമിതമാണെന്നിരിക്കിലും എനിക്കു മലയാളത്തിലേ എഴുതാന്‍ കഴിയൂ.'

ദില്ലിയില്‍ സത്യമാര്‍ഗിലെ വീട്ടിലാണ് വിജയന്‍ മടിയില്‍ പൂ എന്നു പേരുള്ള സയാമീസ് വളര്‍ത്തുപൂച്ച. യജമാനനേക്കാള്‍ ഫിലോസഫിക്കല്‍ ലുക്ക് ഉണ്ടെന്നു തോന്നും അവള്‍ക്ക്. കറുപ്പും വെളുപ്പും വരകളുള്ള ഒരു സീബ്രയായിരിക്കും വിജയന് കൂടുതല്‍ ചേരുന്ന വളര്‍ത്തുമൃഗം എന്നു ഗൂഢമായി ഞാന്‍ ആലോചിച്ചു. പേപ്പറിന്റെ വെളുപ്പില്‍ മഷിയുടെ കറുപ്പുകൊണ്ടുള്ള മാസ്മരികമായ കോറിയോഗ്രാഫിയായിരുന്നു വിജയന്റെ എഴുത്തും കാര്‍ട്ടൂണ്‍വരയും. മലയാളിമനസ്സിലേക്ക് എന്നാണു വിജയന്‍ ആദ്യമായി കടന്നുവന്നത്?

ov vijayan

കഥയിലൂടെയല്ല കാര്‍ട്ടൂണിലൂടെയായിരുന്നു അത് എന്നാണെന്റെ ഊഹം. 1966-ല്‍ (അന്നു വിജയന്റെ ഒറ്റനോവലും ഇറങ്ങിയിട്ടില്ല) ഇന്ത്യയില്‍ ഭക്ഷ്യക്ഷാമത്തിന്റെ നാളുകളാണ് ധാന്യക്കൃഷി കാര്യമായില്ലാത്ത കേരളത്തില്‍ കാര്യങ്ങള്‍ തീര്‍ത്തും വഷളാണുതാനും. നിത്യഭക്ഷണത്തിനു റേഷന്‍ഷോപ്പുകളെ ആശ്രയിച്ചിരുന്ന മലയാളിയെ മരവിപ്പിച്ചതായിരുന്നു ആളൊന്നിന് രണ്ടാഴ്ചയിലൊരിക്കലുള്ള റേഷന്‍ വിഹിതം ആറ് ഔണ്‍സാക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം.

ഇതേസമയംതന്നെ അമേരിക്കയും സോവിയറ്റ് യൂനിയനും കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന തിരക്കിലാണ്. രണ്ടുനാള്‍ കഴിഞ്ഞ് മാതൃഭൂമിയില്‍ വിജയന്റെ കാര്‍ട്ടൂണ്‍ കണ്ടാണ് മലയാളി ഉണര്‍ന്നത്. സ്‌പേസില്‍ ഒരുപഗ്രഹത്തിനു മുകളില്‍ ഇരിക്കുന്ന ഒരു വിദ്വാന്‍ ടെലസ്‌കോപ്പിലൂടെ താഴെ ഭൂമിയിലേക്ക് നോക്കിയിട്ട് കൂട്ടുകാരനോട് പറയുന്നത്: 'ആ ഗ്രഹത്തില്‍, ആറ് ഔണ്‍സ് അരികൊണ്ട് നിലനില്ക്കുന്നതരം ഒരു ജീവിവര്‍ഗമുണ്ട്.'

ns madhavan
പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

വിജയന്റെ പ്രതിഭയുടെ ആദ്യ മിന്നലാട്ടങ്ങളിലൊന്നായിരുന്നു അത്. 1960 കളിലെ ദില്ലിയില്‍ കഴിയാനിടവന്ന മലയാളി എഴുത്തുകാരിലൊരാളായതുകൊണ്ടുതന്നെ നാട്ടില്‍ തീരേ അപരിചിതനാണ് അന്നു വിജയന്‍. 'മലയാളനോവലിലെ സുവര്‍ണകാലം' എന്നു പിന്നീട് പ്രസിദ്ധമായ കൂട്ടായ്മ ചമച്ചത് ഇവരൊക്കെയായിരുന്നുതാനും. സ്വന്തം സൃഷ്ടികള്‍ ഉറക്കെ വായിച്ചുകേള്‍പ്പിക്കാനും, ക്രിയാത്മകവിമര്‍ശനങ്ങള്‍ കേള്‍ക്കാനുംവേണ്ടി കൊണോട്ട് പ്ലെയ്‌സിലുള്ള കേരള ക്ലബ്ബില്‍ അവരൊത്തുകൂടുമായിരുന്നു.

1967-ലാണ് ഖസാക്കിന്റെ ഇതിഹാസം, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നുതുടങ്ങുന്നത്. ശീലിച്ച വായനാശീലങ്ങളെ ചോദ്യംചെയ്യുന്ന ഒന്നായിരുന്നു വിജയന്റെ ഈ ആദ്യനോവല്‍. നാലോ അഞ്ചോ ലക്കങ്ങള്‍ പിന്നിട്ടപ്പോഴാണ് അപരിചിതത്വം ആദരവിന് വഴിമാറിയതും തങ്ങള്‍ സാക്ഷ്യംവഹിക്കുന്നത് ഒരു ക്ലാസിക്കിന്റെ സൃഷ്ടിക്കാണെന്നു വായനക്കാര്‍ അറിഞ്ഞുതുടങ്ങുന്നതും.

ഇതേ കാലത്തുതന്നെ, അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു കൊളമ്പിയന്‍ നോവലിസ്റ്റ് തന്റെ അഞ്ചാമത്തെ നോവലുമായി ഭാഗ്യപരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ സ്പാനിഷ് സാഹിത്യത്തില്‍ ചെയ്തതെന്തോ, അതുതന്നെ ഖസാക്കിന്റെ ഇതിഹാസം മലയാളത്തില്‍ ചെയ്തു.

അതിലൂടെ എഴുത്തുകാര്‍ക്ക് ഒരു മാനദണ്ഡം നിര്‍ണയിക്കുകയായിരുന്നു വിജയന്‍. ആ കാലത്തിന്റെ നോവലാണ് ഖസാക്ക് സ്ഥലകാലചരിത്രമെങ്കിലും ദശാബ്ദങ്ങള്‍ക്കപ്പുറമെത്തുന്ന രചനാവിശേഷങ്ങളുള്ള ഒരു കൃതി. പാലക്കാട്ടെ ഒരു സാങ്കല്പികഗ്രാമത്തിലാണ് കഥാനായകന്‍ രവി ഒരു സ്‌കൂള്‍ തുടങ്ങാനെത്തുന്നത്. അല്പകാലത്തെ ഈ താമസത്തിനിടയ്ക്ക് ജീവിതത്തിന്റെ സകല തീക്ഷ്ണചോദനകളും അയാള്‍ അനുഭവിക്കുന്നുണ്ട്. രതി, രാഷ്ട്രീയം, മതബോധം.

വായനക്കാര്‍ക്കു ചുറ്റും ഒരു മാസ്മരികത നെയ്യുന്നുണ്ടായിരുന്നു ഈ നോവല്‍. ചപ്രത്തലമുടിയും കാളിമയാളുന്ന കണ്ണുകളുമുള്ള ഒരു കോളേജ് പയ്യന്‍ റെയില്‍വേസ്റ്റേഷനില്‍ ചെന്ന് ഖസാക്കിലേക്ക് ടിക്കറ്റ് ചോദിച്ച ഒരു കഥയുണ്ട്. അങ്ങനെയൊരു സ്ഥലമില്ലെന്ന് എന്തായിട്ടും അവനെ ബോധ്യപ്പെടുത്താനായില്ല. താന്‍ ഖസാക്കുകാരനാണ് എന്നുതന്നെ ശഠിച്ചു അവന്‍. പല മലയാളികളുടെയും സങ്കല്പലോകത്തെ സ്വന്തം നാടായിരുന്നു രവിയുടെ സ്വന്തം ഖസാക്ക്.

ഖസാക്കിന്റെ ചട്ടക്കൂടില്‍നിന്നു മാറി അലിഗറി സങ്കേതത്തിലാണ് വിജയന്‍ രണ്ടാമത്തെ നോവല്‍, ധര്‍മപുരാണം എഴുതിയത്. ജീര്‍ണിച്ചുതുടങ്ങിയ ഒരേകാധിപതിയുടെ അമേധ്യപുരാണം. ആറു നോവലുകള്‍, ഒന്‍പതു കഥാസമാഹാരങ്ങള്‍, ഒരു കാര്‍ട്ടൂണ്‍ പുസ്തകം, പിന്നെ കുറേ ലേഖനസമാഹാരങ്ങള്‍. ഇത്രയുമാണ് പ്രസിദ്ധീകൃതമായിട്ടുള്ളത്.

എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന ദര്‍ശനസമഗ്രതകൊണ്ട് അനന്യനായിരുന്നു വിജയന്‍. കാര്യങ്ങളെ ഒന്നുചേര്‍ക്കാനുള്ള കഴിവ്, അസദൃശതകളുടെ മുകളിലൂടെയും സമാനതകളുടെ സേതുപണിയാനുള്ള സിദ്ധി-ഗ്രാമത്തിലെ റേഷന്‍കടയും റഷ്യന്‍ ബഹിരാകാശപേടകവും പോലെ. ഇതൊക്കെയാണ് മലയാളസാഹിത്യത്തില്‍ വിജയന്റെ കൈയൊപ്പുകള്‍.

സമ്മിശ്രപദങ്ങള്‍ സൃഷ്ടിക്കുന്നതിലുള്ള കഴിവും ഭാഷാശൈലിയിലെ അപാരമായ വൈഭവവും ഈ പ്രതിഭാവിലാസത്തിന്റെ പ്രതിഫലനങ്ങള്‍തന്നെ. അന്താരാഷ്ട്ര കാഴ്ചപ്പാടുകളുള്ള ആദ്യത്തെ മലയാള എഴുത്തുകാരന്‍ വിജയനാണ്. ഇരിങ്ങാലക്കുടയിലെയും ചെങ്ങന്നൂരിലെയും ജീവിതങ്ങള്‍പോലെത്തന്നെ പരിചിതമായിരുന്നു വിജയന് ഓഷ്വിറ്റ്‌സും, ഹോങ്കോങ്ങിലെ കൊടുങ്കാറ്റും, ഇമ്രേ നാഗിയുടെ വധവുമൊക്കെ.

ov vijayan

മറ്റൊരു ഭാഷയില്‍, മറ്റൊരവതാരമായി വിജയന്‍ കാര്‍ട്ടൂണുകള്‍ വരച്ചു- ഇംഗ്ലീഷില്‍. കോഴിക്കോടുള്ള ഒരു കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നപ്പോഴാണ് 1958-ല്‍ വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റായി ചേരാന്‍ പരേതനായ ശങ്കര്‍, വിജയനെ ക്ഷണിക്കുന്നത്. അവിടം വിട്ട് പാട്രിയറ്റിലും ഹിന്ദുവിലുമൊക്കെ ചേര്‍ന്നുവെങ്കിലും അടിയന്തരാവസ്ഥയില്‍ വീക്കിലി പൂട്ടുന്നതുവരെ ശങ്കേഴ്‌സുമായുള്ള ബന്ധം വിട്ടിരുന്നില്ല, വിജയന്‍. ആ കാലത്ത് ഇംഗ്ലീഷില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നുണ്ടായിരുന്നില്ല. എങ്കിലും അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ഏറ്റവും പ്രസിദ്ധമായ കാര്‍ട്ടൂണ്‍ വിജയന്റേതുതന്നെയാണ്. പോലീസ് ലോക്കപ്പുകള്‍ മാതിരിയുള്ള കമ്പാര്‍ട്ടുമെന്റുകളുമായി ഓടുന്ന ഒരു ട്രെയിന്‍, കൂടെ കുറിപ്പ്: തീവണ്ടികള്‍ കൃത്യസമയത്ത് ഓടുന്നു!

വാര്‍ത്താവിശകലനങ്ങളോടോ എഡിറ്റോറിയലിനോടോ, ബന്ധപ്പെടാതെ സ്വതന്ത്രമായി നില്ക്കുന്ന കാര്‍ട്ടൂണുകളായിരുന്നു അധികവും. പ്രതിദിനവിശേഷങ്ങള്‍ക്കു പകരം ചരിത്രാന്വേഷണങ്ങളായിരുന്നു അധികവും ഇതിവൃത്തം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതും-അന്ന് സ്റ്റേറ്റ്‌സ്മാനിലാണ്. വിജയന്‍ കാര്‍ട്ടൂണ്‍വര നിര്‍ത്തിയതും ഒരേസമയത്താണ്. സോവിയറ്റ് യൂണിയന്‍ പ്രത്യേക വിശകലനത്തിനെടുക്കാറുണ്ടായിരുന്നെങ്കിലും

ഒ.വി. വിജയന്‍ ഒരിക്കലും ഒരു ശീതസമരപ്പോരാളിയായി താഴ്ന്നിരുന്നില്ല. നാട്ടിലെ പാരമ്പര്യവാദികളെ കളിയാക്കാനുള്ള ഒരുപാധിയായിരുന്നു അദ്ദേഹത്തിന് ഈ കാര്‍ട്ടൂണുകള്‍ എന്നുവേണം കരുതാന്‍. അമ്പു കൊള്ളാത്ത കുരുക്കളുണ്ടായിരുന്നുമില്ല കൂട്ടത്തില്‍. ശാരീരികാവശതകള്‍ അനുവദിക്കാതായപ്പോഴാണ് വിജയന്‍ വര നിര്‍ത്തിയത്. മലയാളത്തില്‍ എഴുത്ത്-കൃത്യമായി പറഞ്ഞാല്‍, പറഞ്ഞെഴുതിക്കല്‍-തുടരുകയും ചെയ്തു.

എഴുത്തിന്റെയും വരയുടെയും തുടക്കത്തില്‍ വിജയന്റെ വാക്കുകളില്‍ മൂര്‍ച്ചയുള്ള പരിഹാസത്തിന്റെ ഊര്‍ജം തുളുമ്പിനിന്നിരുന്നു. ആന്തരികജീവിതസമൃദ്ധമായ കഥാപാത്രങ്ങള്‍ ഇത്രയധികം വന്നത് ആദ്യമായി ഖസാക്കിലാണ്. പ്രായമേറുന്നതിനനുസരിച്ച്, ഇദ്ദേഹത്തിന്റെ എഴുത്തും ചിന്താസ്വഭാവമേറിയതായി വന്നു. മരണത്തോടെ ഒ.വി. വിജയന്റെ എഴുത്ത് പൂര്‍ണമാകുന്നു. മലയാളസാഹിത്യചരിത്രത്തില്‍ ഇതിഹാസതുല്യമായ ഒരധ്യായമാണ് അദ്ദേഹം തുടങ്ങിവെച്ചത്.

(എന്‍.എസ്.മാധവന്റെ പുറം മറുപുറം എന്ന പുസ്തകത്തില്‍ നിന്ന്. പരിഭാഷ: കെ.പി. പ്രേംകുമാര്‍)

Content Highlights: ov vijayan death anniversary, NS Madhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented