വിവാഹം കഴിഞ്ഞ് ആദ്യത്തെ രണ്ടു മാസം ഷീല പറപ്പൂരില്‍ എന്റെ വീട്ടിലും ഷീലയുടെ വീട്ടിലും മാറിമാറി നില്ക്കുകയായിരുന്നു. വൈകാതെ കൊച്ചിയിലേക്ക് ഒപ്പം കൂട്ടി. കൊച്ചിയില്‍ ഒരു താമസസൗകര്യം സംഘടിപ്പിക്കാന്‍ കുറെ ബുദ്ധിമുട്ടി. അവസാനം 350 രൂപയ്ക്ക് ഒരു ചെറിയ വാടകവീട് സംഘടിപ്പിച്ചു. വാഹനങ്ങളൊന്നും കയറിച്ചെല്ലില്ല. കഷ്ടിച്ച് എന്റെ സ്‌കൂട്ടര്‍ മാത്രം പോവുന്ന ഒരു ഇടുക്കുവഴി കടന്നുവേണം വീട്ടിലെത്താന്‍. കലൂരില്‍ മെയിന്‍ റോഡില്‍നിന്ന് ഒരു പോക്കറ്റ് റോഡുണ്ട്. അതിലെ കുറച്ചുദൂരം യാത്ര ചെയ്താല്‍ ഈ വീടായി. ഞങ്ങളെ സംബന്ധിച്ച് വളരെ സൗകര്യപ്രദമായിരുന്നു ആ വീട്. ഒരു നേവി ഓഫീസറായിരുന്നു ഉടമസ്ഥന്‍. അദ്ദേഹം സ്ഥലത്തില്ലാതിരുന്നതുകൊണ്ട് ഗ്യാസ് കുറ്റി ഉള്‍പ്പെടെ എല്ലാ ഫര്‍ണിച്ചറുകളും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് അത്യാവശ്യം പാത്രങ്ങളൊഴികെ അധികമൊന്നും ഞങ്ങള്‍ക്കു വാങ്ങേണ്ടിവന്നില്ല. രണ്ടു വര്‍ഷം അവിടെ താമസിച്ചു.

വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ ഞാന്‍ ഷീലയോടു പറഞ്ഞു:
'വിവാഹത്തിനു മുന്‍പ് എനിക്ക് ഒരു കുട്ടിയുണ്ട്.'
ഷീല പെട്ടെന്ന് വല്ലാതായി. ഏതൊരു ഭാര്യയ്ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റിയെന്നുവരില്ല. പെട്ടെന്ന് ഞാന്‍ ചിരിച്ചു.
'ആ കുട്ടിയുടെ പേരാണ് വി-ഗാര്‍ഡ്.'
തമാശയായി പറഞ്ഞതാണെങ്കിലും സത്യമാണ്. ഇന്നും അക്കാര്യത്തില്‍ മാറ്റമില്ല. വി-ഗാര്‍ഡ് കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ആ മനോഭാവമാണ് വി-ഗാര്‍ഡിന്റെ വിജയരഹസ്യങ്ങളിലൊന്ന്. പക്ഷേ, കുടുംബകാര്യങ്ങള്‍ക്കും വിനോദത്തിനും യാത്രകള്‍ക്കും ഒന്നും സമയം കണ്ടെത്താതിരുന്നിട്ടുമില്ല.

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഷീല ഗര്‍ഭിണിയായി. ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികത്തിന്റെ അന്നാണ് ഷീല അരുണിനെ പ്രസവിക്കുന്നത്. അതൊരു തിങ്കളാഴ്ചയാണ്. തലേദിവസം ഞായറാഴ്ച ഞാനും ഷീലയും ഒരുമിച്ച് റെസ്‌റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ച് വിവാഹവാര്‍ഷികം കാലേക്കൂട്ടി ആഘോഷിച്ചു. അന്ന് വൈകുന്നേരം ഞാന്‍ പറപ്പൂരിലേക്കു പോയി. പിറ്റേ ദിവസം രാവിലെ എറണാകുളത്തേക്കു പോരാനായി റെയില്‍വേ സ്‌റ്റേഷനില്‍ നില്ക്കുകയാണ്. അന്ന് മൊബൈലില്ലല്ലോ? ഷീലയുടെ ആങ്ങള ഓടിവന്ന് പെയിന്‍ തുടങ്ങി ആശുപത്രിയിലാക്കിയ വിവരം പറഞ്ഞു. ഞാന്‍ ഉടന്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് ഒപ്പം പോയി. ഷീല ലേബര്‍ റൂമിലാണ്. ആങ്ങളമാരും സഹോദരിമാരുമെല്ലാം പുറത്ത് കാത്തുനില്ക്കുകയാണ്. ഭര്‍ത്താവായ ഞാന്‍ ചെന്നിട്ട് ആശുപത്രി അധികൃതര്‍ മൈന്‍ഡ് ചെയ്യുന്നില്ല. ഇന്നത്തെപ്പോലെ ലേബര്‍ റൂമില്‍ കയറ്റി കാണിക്കുന്ന പതിവൊന്നുമില്ല.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഓര്‍മകളിലേക്ക് ഒരു യാത്ര വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക​

അവിടെ നിന്നിട്ട് കാര്യമില്ലെന്ന് എനിക്കു തോന്നി. ഞാനാണെങ്കില്‍ കടുത്ത ടെന്‍ഷനിലാണ്. തിങ്കളാഴ്ചയായതുകൊണ്ട് അത്യാവശ്യമായി എറണാകുളത്ത് പോയേ തീരൂ. ചില ചെക്കുകള്‍ ബാങ്കില്‍ പ്രസന്റു ചെയ്യാനുണ്ട്. ബാങ്കില്‍ പ്രസന്റ് ചെയ്യുന്ന ചെക്കുകള്‍ കളക്ട് ചെയ്താല്‍ മാത്രമേ ഞാന്‍ ഇഷ്യൂ ചെയ്ത ചെക്കുകള്‍ പാസാവുകയുള്ളൂ. ചെക്കുകളെല്ലാം എന്റെ കൈയിലാണ്. സഹായത്തിന് ഒരാള്‍ പോലുമില്ല. അതായിരുന്നു അന്നത്തെ അവസ്ഥ. ഞാന്‍ കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് ഷീലയുടെ ഇളയ ആങ്ങളയുടെ അടുത്തു ചെന്ന് പതുക്കെ പറഞ്ഞു:

'ഞാന്‍ ഒന്ന് എറണാകുളത്തു പോയിട്ട് വരാട്ടോ?'
എന്നിട്ട് സൂത്രത്തില്‍ മുങ്ങി.
ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറി കൊച്ചിയില്‍ വന്ന് ചെക്ക് എല്ലാം മാറി തിരിച്ച് തൃശൂരിലെത്തിയപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. ഇപ്പോഴും അക്കാര്യം പറഞ്ഞ് ഷീല കളിയാക്കും:
'അന്ന് പ്രസവസമയത്ത് ഓടിപ്പോയ ആളല്ലേ?'
ഞാന്‍ തിരിച്ചടിക്കും.
'ഈ പ്രസവം എന്നു പറയുന്നത് വലിയ കാര്യമല്ല. ലോകത്ത് എത്രയോ സ്ത്രീകള്‍ പ്രസവിക്കുന്നു. എന്റെ അമ്മ എന്നെ പ്രസവിച്ചത് ഞങ്ങളുടെ വീട്ടിലാണ്. അന്ന് ഡോക്ടറും നേഴ്‌സും ഒന്നും ഉണ്ടായിരുന്നില്ല. നാട്ടിലെ ഒരു വയറ്റാട്ടി മാത്രം.'
സത്യത്തില്‍ ഇതൊന്നുമല്ല കാരണം. അന്നും ഇന്നും എന്റെ മുന്‍ഗണന വി-ഗാര്‍ഡിനാണ്.

എനിക്കു തോന്നുന്നത് നമ്മള്‍ ചെയ്യുന്ന കാര്യത്തോട് തീവ്രമായ അഭിനിവേശമുണ്ടെങ്കില്‍ മാത്രമേ അര്‍പ്പണബോധം വരൂ. ഇത് രണ്ടും ഉണ്ടെങ്കിലേ ആ പ്രവര്‍ത്തനം ഫലപ്രദമാവൂ. ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഒരമ്മ കുട്ടികളെ വളര്‍ത്തിയെടുക്കുന്നത് എത്ര കഷ്ടപ്പെട്ടാണ്. പക്ഷേ, അതൊരു ബുദ്ധിമുട്ടായി അവര്‍ക്ക് തോന്നുന്നതേയില്ല. മറിച്ച്, ആ പ്രയാസങ്ങള്‍ അവര്‍ ആസ്വദിക്കുകയാണ്. കുഞ്ഞിനോടുള്ള ഉത്കടമായ ഇഷ്ടംകൊണ്ടാണിത് സംഭവിക്കുന്നത്. അതുപോലെ സ്വന്തം കര്‍മമേഖലയോടും ഇഷ്ടം നമുക്കുണ്ടെങ്കില്‍ എങ്ങനെയും അധ്വാനിക്കാന്‍ സാധിക്കും. 150 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കാലത്തും എന്റെ മനോഭാവം ഇതായിരുന്നു. വൈകുന്നേരം അഞ്ചു മണി വരെയാണ്
ജോലിസമയം. ഞാന്‍ വീട്ടിലെത്തുമ്പോള്‍ രാത്രി ഒന്‍പതു മണി കഴിയും. പെങ്ങള്‍ കളിയാക്കും:

'നൂറ്റമ്പത് രൂപയ്ക്ക് പാതിരാത്രിവരെ ജോലി ചെയ്യുന്നു.'
ഞാന്‍ ചിരിക്കും. ആ സ്പിരിറ്റ് മറ്റൊരാള്‍ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല. ആ കാലം എന്നെ സംബന്ധിച്ച് പരിശീലനക്കളരിയായിരുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ഉത്സാഹം ഉണ്ടായിരുന്നു. പണത്തെക്കാള്‍ വലുതായിരുന്നു ആ കാലം നല്കിയ അനുഭവസമ്പത്ത്. അതായിരുന്നു നമ്മുടെ യഥാര്‍ഥ പ്രതിഫലം.

പിന്നെ ഏതൊരു കാര്യത്തിലുമുള്ള അദമ്യമായ താത്പര്യമാണ് പലപ്പോഴും നമ്മെ തീവ്രമായ ആസക്തിയോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആ താത്പര്യം ഉള്ളില്‍നിന്നും സ്വയം വരേണ്ടതാണ്. ഒരു ഉദാഹരണം പറയാം. ചില ഓഫീസുകളില്‍ ജോലി ചെയ്യുന്നയാളുകള്‍ അവിടെ ഭയങ്കര ഉഴപ്പന്മാരും മേലുദ്യോഗസ്ഥന്റെ കണ്ണിലെ കരടുമായിരിക്കും. ഗാനമേള, നാടകം- ഇതിലൊക്കെയാവും കക്ഷിയുടെ ശരിയായ താത്പര്യം. വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞാലുടന്‍ ഇയാള്‍ അങ്ങോട്ട് ഓടും. അവിടെ സ്‌റ്റേജ് കെട്ടാനും മൈക്ക് ശരിയാക്കാനും കര്‍ട്ടന്‍ കെട്ടാനും എല്ലാം ഇയാള്‍ ഉത്സാഹിക്കുന്നതു കാണാം. അയാളുടെ ശരിയായ താത്പര്യം അതിലാണിരിക്കുന്നത്.
പിന്നെ നമ്മള്‍ എത്ര ഉത്സാഹിച്ചാലും സാഹചര്യങ്ങള്‍ അനുകൂലമായി വരണം.

വി-ഗാര്‍ഡ് നിലനില്പിനായി തീവ്രശ്രമങ്ങള്‍ നടത്തുന്ന പ്രാരംഭകാലത്ത് ഞാന്‍ നവവധുവുമൊത്ത് വാടകവീട്ടിലാണ് താമസം. ജീവിതവും പ്രസ്ഥാനവും സുരക്ഷിതം എന്നു പറയാവുന്ന തലത്തിലെത്തിയിട്ടില്ലായിരുന്നു.

( കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഓര്‍മകളിലേക്ക് ഒരു യാത്ര എന്ന പുസ്തകത്തില്‍ നിന്ന് )