
ഫോട്ടോ- പുനലൂർ ബാലൻ
ഒ.എന്‍.വി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഫെബ്രുവരി 13ന് നാല് വര്‍ഷം തികയുകയാണ്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹൃദയഗീതങ്ങള്‍ എന്ന പുസ്തകത്തില്‍ ഒ.എന്‍.വിയുടെ സിനിമാഗാനങ്ങളെക്കുറിച്ച് രവി മേനോന് എഴുതിയ ഒരു കുറിപ്പ് വായിക്കാം..
കവിതയെയും ഗാനത്തെയും വേര്‍തിരിക്കുന്ന രേഖ നേര്‍ത്തുനേര്‍ത്ത് ഇല്ലാതാകുന്ന അനുഭവം നാം ഏറെയും അറിഞ്ഞിട്ടുള്ളത് ഒ.എന്‍.വിയുടെ രചനകളിലാണ്. 'കവിത എനിക്ക് ഉപ്പാണ്; സന്തോഷത്തിന്റെതായാലും സന്താപത്തിന്റെതായാലും അശ്രുനീര്‍ വറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീരുന്ന ഉപ്പ്', ഒ.എന്‍.വി. പറയും. 'അതു പാകത്തിനു ചേര്‍ത്ത് ഞാനെന്റെ സഹയാത്രികര്‍ക്ക് നല്കുന്ന പാഥേയമാണ് പാട്ട്.' എന്നാല്‍, ആ പാഥേയമൊരുക്കുമ്പോഴും അതിനു വേണ്ട ഘടകങ്ങളെല്ലാം ഒ.എന്‍.വിക്ക് നല്‍കുന്നത് അദ്ദേഹം ആര്‍ജിച്ച കാവ്യബോധംതന്നെ.
സൃഷ്ടി എന്ന ചിത്രത്തില്‍ ബാബുരാജ് ചിട്ടപ്പെടുത്തി യേശുദാസിന്റെ സ്വരത്തില്‍ അനശ്വരമായിത്തീര്‍ന്ന 'സൃഷ്ടിതന്‍ സൗന്ദര്യം മുന്തിരിച്ചാറിനായ്' എന്ന ഗാനമോര്‍ക്കുക. നേരത്തേ എഴുതിയ ഒരു കവിത, സിനിമാസന്ദര്ഭത്തിന് അനുയോജ്യമായി രൂപാന്തരപ്പെടുത്തുകയാണ് ഒ.എന്‍.വി. ചെയ്തത്.
അഗ്നിശലഭങ്ങള്‍ എന്ന സമാഹാരത്തിലെ 'ഞാന്‍' എന്ന കവിത സിനിമയില്‍ ഉള്‍പ്പെടുത്തിയാലോ എന്ന നിര്‍ദേശം സൃഷ്ടിയുടെ രചയിതാവ് കെ.ടി. മുഹമ്മദിന്റെതായിരുന്നു. 'ഒരു തത്ത്വശാസ്ത്രത്തിന് തൈ നട്ടു ഞാനെന്നും പിഴുതുനോക്കുന്നു വേരെണ്ണാന്‍' എന്ന വരികള്‍ കഥാസന്ദര്‍ഭത്തിന് ഉചിതമാകുമെന്ന് ഒ.എന്‍.വിക്കും തോന്നി. അതിനുശേഷമാണ് 'സൃഷ്ടിതന്‍ സൗന്ദര്യം മുന്തിരിച്ചാറിനായ്' എന്നു തുടങ്ങുന്ന ആദ്യത്തെ നാലുവരി എഴുതിച്ചേര്‍ത്തതെന്ന് ഒ.എന്‍.വി. ഓര്‍ക്കുന്നു.

ബാബുരാജിന്റെ ഹാര്‍മോണിയത്തില്‍ ആ കവിതയുടെ ഈണം പിറന്നുവീണ കഥ വിസ്മയത്തോടെയേ ഒ.എന്‍.വിക്ക് ഓര്‍ക്കാനാകൂ. 'കോഴിക്കോട് മഹാറാണി ഹോട്ടലിലെ ഏതോ മുറിയില്‍വെച്ചായിരുന്നു കംപോസിങ് എന്നാണ് ഓര്മ. വെറും പത്തു മിനിട്ടേ വേണ്ടിവന്നുള്ളൂ ബാബുരാജിന് ആ വരികള്‍ രാഗമാലികയില്‍ ചിട്ടപ്പെടുത്താന്‍. തുറന്നിട്ട ജനലിലൂടെ ആ ദൃശ്യം ആകാംക്ഷാപൂര്‍വം നോക്കിനിന്ന ഹോട്ടല്‍ ബോയ്സിന്റെ മുഖങ്ങള്‍ ഇന്നും ഓര്‍മയിലുണ്ട്.'
മറ്റു പല സംഗീതസംവിധായകരേയുംപോലെ ശാന്തമായ അന്തരീക്ഷവും ഏകാന്തതയുമുണ്ടെങ്കിലേ ഗാനത്തിന് ഈണം നല്‍കാനാവൂ എന്ന ശാഠ്യമൊന്നുമുണ്ടായിരുന്നില്ല ബാബുരാജിന്. ഏതു തിരക്കിലും ബഹളത്തിലും അതീവഹൃദ്യമായ ഈണങ്ങള്‍ സൃഷ്ടിക്കും അദ്ദേഹം. ആത്മാവിലെ സംഗീതം കൈവിരലുകളിലേക്കും ഹാര്‍മോണിയത്തിന്റെ കീബോര്‍ഡിലേക്കും ഇറങ്ങിവരുമ്പോള്‍ ഒരുപക്ഷേ, ബാബുരാജ് തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയുന്നുണ്ടാവില്ല.
മലയാള ചലച്ചിത്രഗാനചരിത്രത്തില്‍ ഒറ്റപ്പെട്ട ഒരനുഭവമായി നിലനില്‍ക്കുന്ന 'സൃഷ്ടിതന്‍' എന്ന കവിത ചിട്ടപ്പെടുത്താന്‍ മൂന്നു രാഗങ്ങളാണ് ബാബുരാജ് ഉപയോഗിച്ചത്- പുര്യാധനാശ്രീ, കല്യാണി, കലാവതി. പശ്ചാത്തലത്തില്‍ സിതാറും തംബുരുവും മാത്രം. പണ്ഡിറ്റ് രവിശങ്കറിന്റെ അരുമശിഷ്യന് ജനാര്‍ദന്‍ റാവുവാണ് സിതാര്‍ കൈകാര്യം ചെയ്തത്. ('താമസമെന്തേ വരുവാന്‍' എന്ന പ്രശസ്ത ഗാനത്തില്‍ ഉപയോഗിച്ച സിതാര്‍ ബിറ്റുകളും റാവുവിന്റേതുതന്നെ).
'ഒരുവട്ടംകൂടിയെന്' എന്ന കവിത ഒരു ബാലപ്രസിദ്ധീകരണത്തിനുവേണ്ടി എഴുതിയതാണ് ഒ.എന്‍.വി. സിനിമയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 'ഒരു വട്ടംകൂടിയെന്‍ പഴയ വിദ്യാലയതിരുമുറ്റത്തെത്തുവാന് മോഹം' എന്ന ആദ്യവരി, 'ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്നാക്കി മാറ്റിയെന്നു മാത്രം. ആ ഗാനത്തിന്റെ പിറവിക്കു പിന്നിലുമുണ്ട് വിഷാദമധുരമായ ഒരു ഓര്മ. യവനികയുടെ റെക്കോഡിങ്ങിനായി ചെന്നൈയില്‍ ചെന്ന സമയം. എം.ബി. ശ്രീനിവാസനുമുണ്ട് ഒപ്പം. ജോലിയൊക്കെ തീര്‍ത്തശേഷം പിറ്റേന്നു നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഞാന്‍,' ഒ.എന്‍.വി. ഓര്‍ക്കുന്നു.

വൈകുന്നേരമായപ്പോള്‍ എം.ബി.എസ്. പറഞ്ഞു: പാട്ടൊക്കെ തീര്ത്തില്ലേ? ഇനി നമുക്കല്പം ശുദ്ധവായു ശ്വസിക്കാന്‍ മറീനാ ബീച്ചിലേക്കു നടന്നാലോ? കവിക്ക് പൂര്‍ണസമ്മതം. കടപ്പുറത്തെ ആളൊഴിഞ്ഞ ഒരു കോണില്‍ ഇരുന്നുകൊണ്ട് എം.ബി. എസ്സിനുവേണ്ടി ഒ.എന്‍.വി. കവിതചൊല്ലി; 'ഒരുവട്ടം കൂടിയെന്‍...' കണ്ണുകളടച്ച് കവിതയില്‍ ലയിച്ചിരുന്ന എം.ബി.എസ് പറഞ്ഞു: എക്സലന്റ്. ഇതു ഞാന്‍ കംപോസ് ചെയ്യും. നമുക്കിത് സിനിമയില്‍ ഉപയോഗിക്കണം. എം.ബി. ശ്രീനിവാസന്റെ ആ ഉത്സാഹമാണ് ചില്ലിലെ അവിസ്മരണീയഗാനമായി മാറിയതെന്ന് ഒ.എന്‍.വി. ഓര്‍ക്കുന്നു. 'ഇന്നും ഈ ഗാനം കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മവരിക എം.ബി. എസ്സിനെയാണ്.'
ഉള്‍ക്കടലിലെ പ്രശസ്തമായ 'നഷ്ടവസന്തത്തിന് തപ്തനിശ്വാസമേ', 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ' എന്നീ ഗാനങ്ങളും ഒ.എന്‍.വി. മുന്‍പ് രചിച്ച കവിതകളാണ്. 'സിനിമാഗാനത്തിന്റെ സ്കെയിലില്‍ നില്ക്കാന് പല്ലവിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താറുണ്ടെന്നല്ലാതെ, കവിത പൂര്‍ണമായി മാറ്റിയെഴുതേണ്ടിവന്നിട്ടില്ല,' ഒ.എന്‍.വി. പറയുന്നു.
Content Highlights: ONV Ravi Menon Malayalam book excerpt Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..