മാർച്ച് 31 മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമല സുരയ്‌യയുടെ ജന്മവാർഷിക ദിനമാണ്. എഴുത്തുകാരൻ എൻ.എസ് മാധവന്റെ ഓർമ.

കുട്ടിക്കാലത്ത് സാഹിത്യകാരൻ ആകണമെന്ന് ആഗ്രഹിക്കുവാൻ എനിക്കു ധൈര്യം തന്നത് എഴുതുന്നവരുടെ കൂട്ടത്തിൽ മാധവിക്കുട്ടി മാത്രമായിരുന്നു. എഴുത്തുകാർക്ക് പറഞ്ഞിട്ടുള്ള ലക്ഷണങ്ങൾ ഒന്നും എനിക്കില്ലായിരുന്നു.

എന്റെ കുട്ടിക്കാലത്തെ സങ്കടകരമായ ഒരോർമ, ചുറ്റുവട്ടത്ത് താമസിച്ചിരുന്ന നോവലിസ്റ്റ് രാജലക്ഷ്മിയുടെ ആത്മഹത്യയായിരുന്നു. സ്ത്രീയായതിന്റെ പേരിൽ അവർ എഴുത്തിനു നല്കിയ കൂലിയായിരുന്നുവേത്ര ആ മരണം.

അങ്ങനെ ഒരു മലയാളിസാഹിത്യകാരന്റെ നിർമിതിക്ക് ആവശ്യമുള്ള കോപ്പുകളൊന്നും-പുരുഷനാണെന്നൊഴിച്ചാൽ-ഞങ്ങളിൽ പലരുടെയും പക്കൽ ഉണ്ടായിരുന്നില്ല. 1950 കളിലെ എഴുത്തുകാരന് ഒന്നുകിൽ ഇംഗ്ലീഷ്, മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ അക്കാദമിക് പ്രാവീണ്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അപരിചിതദേശങ്ങളിൽ ചില്ലിക്കാശ് ഇല്ലാതെ അലഞ്ഞുനടന്ന് വേണ്ടത്ര 'ജീവിതാനുഭവങ്ങൾ' നേടിയെടുത്തിരിക്കണം. പലപ്പോഴും ഈ യാത്രകൾ സാങ്കല്പികമായിരിക്കും എന്നതു വേറെ കാര്യം. ഇതുമല്ലെങ്കിൽ കാലോചിതമായ രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുക അവ വിളിച്ചുകൂവി നടക്കുക. കുറച്ചുനാൾ കഴിഞ്ഞാൽ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ശക്തമായ സാംസ്കാരികവിഭാഗങ്ങൾ നിങ്ങളെ സുഖദമായ ഭ്രമണപഥങ്ങളിലേക്ക് വിക്ഷേപിക്കും.

മാധവിക്കുട്ടിക്ക് ഈവക ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചില്ല. അവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല എന്നു കേട്ടത് ഞങ്ങളെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. ഏതായാലും അവർ ബിരുദധാരി ആയിരുന്നില്ല. അവർക്ക് വേണ്ടത്ര പദസ്വാധീനം ഉണ്ടായിരുന്നോ എന്നതും സംശയാസ്പദമായിരുന്നു. എന്നിട്ടും മാധവിക്കുട്ടി അവരുടെ ബാല്യസ്മൃതികളുടെ സുഗന്ധാരാമത്തിൽ നിന്ന്-പൂക്കളിൽനിന്ന് തേനീച്ചകൾ മധു ശേഖരിക്കുന്നതുപോലെ-വാക്കുകൾ സഞ്ചയിച്ചു മലയാളത്തിലെ എക്കാലത്തും ഓർക്കുന്ന പല കഥകളും എഴുതി.

puram marupuram
പുസ്തകം വാങ്ങാം

മലയാളകഥയിൽ വസന്തം വന്ന കാലമായിരുന്നു അത്. എം.പി. നാരായണപിള്ള, വി.കെ.എൻ., ഒ.വി. വിജയൻ തുടങ്ങിയ പ്രബലർ തിങ്ങിനിറഞ്ഞിരുന്ന സ്ഥലത്താണ് മാധവിക്കുട്ടി വിരൽകുത്തുവാൻ ഇടം തേടിയത്. കൂസലില്ലാതെ മാധവിക്കുട്ടി അവരുടെ ഇടയിൽ പിടിച്ചുനില്ക്കുക മാത്രമല്ല ചെയ്തത് അവർ അവിസ്മരണീയമായ പല കഥകളും എഴുതി. അങ്ങനെ നാലപ്പാട്ട് കുടുംബത്തിൽ പിറന്നതുകൊണ്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതുവാൻ മാധവിക്കുട്ടിക്ക് അവസരം കിട്ടിയത് എന്നു പറഞ്ഞുനടന്നിരുന്ന ഏറ്റവും കടുത്ത ദോഷൈകദൃക്കിന്റെവരെ വായടയുന്നതും ഞങ്ങൾ കണ്ടു.

മാധവിക്കുട്ടി ഉയർത്തിയ വെല്ലുവിളി ഇതായിരുന്നു. എഴുത്തുകാരൻ ആകുവാൻ അടിസ്ഥാനയോഗ്യതകൾ ഒന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. നിങ്ങളിൽ എഴുത്ത് ഉണ്ടെങ്കിൽ, അതുമായി മുന്നോട്ടു പോകുവാനുള്ള ചങ്കൂറ്റമുണ്ടെങ്കിൽ നിങ്ങൾക്ക് എഴുത്തുകാരനാകാം.

'ഉള്ളിൽത്തട്ടി സത്യം പറയുവാനുള്ള ശേഷി എന്റെ കുടുംബത്തിൽ ആർക്കും ഉണ്ടായിരുന്നില്ല. ആ വീട്ടിലെ അന്തേവാസികൾ വായ് മൂടിക്കെട്ടിയ ചീനഭരണികളെപ്പോലെയായിരുന്നു. അവരുടെ രുചിയും ഗന്ധവും മറ്റാരെയും അറിയിക്കാതെ അവർ കഴിച്ചുകൂട്ടി,' മാധവിക്കുട്ടി ഓർമക്കുറിപ്പുകളിൽ എഴുതി. അവർ മുക്തി കണ്ടെത്തുവാൻ തിരഞ്ഞെടുത്ത മാർഗം ഒരുപക്ഷേ, എന്റെ കഥ എന്ന അവരുടെ ആത്മകഥ ആയിരിക്കണം. അതിലൂടെ വിരസവും അതിസാധാരണവും ആയ പരിസരങ്ങളുമായി ബന്ധിപ്പിച്ചുനിർത്തിയ എല്ലാ പാശങ്ങളും അത്യന്തം വേദന സഹിച്ച് അവർ മുറിച്ചുകളഞ്ഞു.

മാധവിക്കുട്ടി എഴുതിത്തുടങ്ങിയ കാലത്ത് അവരുടെ സമകാലികർ പുരുഷന്മാർ ആയിരുന്നുവെന്നതുപോട്ടെ, അവരുടെ എഴുത്തിൽനിന്നു കേട്ട സ്വരം മുഴങ്ങുന്ന ആണൊച്ച ആയിരുന്നു. അതിനിടയിലൂടെയാണ് വായനക്കാർ ആദ്യമായി വേറിട്ടൊരു ശബ്ദം കേൾക്കുന്നത്. അല്ല, അത് പെണ്ണിന്റെ ശബ്ദം ആയിരുന്നില്ല. അത് ഉഭയലിംഗങ്ങളുടെ ശബ്ദമായിരുന്നു. ആഖ്യാതാവ് സ്ത്രീപുരുഷ ശബ്ദങ്ങളിൽ സംസാരിക്കുന്നതു വായനക്കാർ ആദ്യമായി കേൾക്കാൻ തുടങ്ങി.

സമകാലികരായ പുരുഷന്മാരായ എഴുത്തുകാരിൽനിന്നു വ്യത്യസ്തയായി മാധവിക്കുട്ടിക്ക് ലോകത്തിനെ എതിർലിംഗത്തിലുള്ള, അതായത് അവരുടെ കാര്യത്തിൽ പുരുഷന്മാർ, കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെ കാണുന്നതിൽ പ്രയാസമുണ്ടായിരുന്നില്ല. ഒരർഥത്തിൽ ഞാനടക്കമുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന എഴുത്തുകാരുടെ ഒരു തലമുറയ്‍ക്ക് സ്വലിംഗത്തിന്റെ അല്ലാത്ത ശബ്ദത്തിൽ കഥ പറയുവാൻ പ്രചോദനം നല്കിയതു മാധവിക്കുട്ടിയായിരുന്നു.

സ്ത്രീപക്ഷ എഴുത്തുകാരിയായി മാധവിക്കുട്ടിയെ വിശേഷിപ്പിക്കുന്നത് അവരുടെ രാഷ്ട്രീയം വെറും ലിംഗപരമായ കളത്തിൽ തളച്ചിടുകയായിരിക്കും. മാധവിക്കുട്ടിയുടെ സ്ത്രീത്വം വന്ന വഴികളിൽ ശരീരത്തെക്കുറിച്ചുള്ള തീവ്രമായ ബോധമുണ്ടായിരുന്നു. സ്ത്രീവാദം അതിൽനിന്നു വേർപെടുത്താൻ പറ്റാത്ത അംശമായിരുന്നു. എല്ലാ വലിയ എഴുത്തുകാരെയുംപോലെ മാധവിക്കുട്ടി സ്വന്തം രാഷ്ട്രീയം സംവദിക്കുവാൻ ഉതകുന്ന ഒരു ആവിഷ്കാരരീതികണ്ടെത്തി. ശകലിതവും പ്രകോപിപ്പിക്കുന്നതും കൗശലം നിറഞ്ഞതുമായ ആവിഷ്കാരം. കീഴാളരും മേലാളരും വ്യക്തികളും തമ്മിലുള്ള പരസ്പരബന്ധങ്ങളെപ്പറ്റി മുറുക്കം തോന്നിപ്പിക്കുന്ന കവിതകളും ഓർമക്കുറിപ്പുകളും കഥകളും അവർ എഴുതി. ചുമരുകൾക്കുള്ളിലെ രാഷ്ട്രീയമായിരുന്നു അവരുടെ സാഹിത്യത്തിലെ പ്രമേയം.

സ്ത്രീവിദ്വേഷം തുളുമ്പുന്ന നമ്മുടെ സമൂഹത്തിൽ സത്യസന്ധയായ എഴുത്തുകാരിയായി ജീവിച്ചത് എളുപ്പമാകുവാൻ ഇടയില്ല. ഏതാണ്ട് ഒടുക്കംവരെ മാധവിക്കുട്ടി അതിൽനിന്ന് ഒളിച്ചോടിയില്ല. കാര്യങ്ങൾ കീഴ്മേൽ മറിക്കുവാനുള്ള അപാരകൗശലമുണ്ടായിരുന്ന അവർ എതിരാളികളുടെ വിദ്വേഷത്തെ നേരിട്ടത് എഴുത്തുകൊണ്ടും സഹജവഴിയിൽ നടന്നുമാണ്. ഇസ്ലാമിലേക്കുള്ള അവരുടെ സഞ്ചാരവും ഈ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നോ എന്ന് എനിക്കു കൃത്യമായി പറയുവാൻ പറ്റുന്നില്ല.

അവസാനമായി ഞാൻ മാധവിക്കുട്ടിയെ കണ്ടത് അവരുടെ എറണാകുളം ഫ്ലറ്റിൽ വെച്ചാണ്. അത്താഴമേശയിൽ ഞാൻ ചോദിച്ചു: 'പ്രിയപ്പെട്ട നായിക സുരയ്‌യയാണോ?'
'അല്ല വഹീദാ റഹ്മാനാണ്.'
തുടർന്ന് ആവേശത്തോടെ ഗുരുദത്തിനെയും വഹീദാ റഹ്മാനെയും
മാധവിക്കുട്ടി അനുകരിക്കുവാൻ തുടങ്ങി. ആ ജോടി അഭിനയിച്ച ചൗദ്വിൻ കാ ചാന്ദ് എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ രണ്ടു വരികളും അവർ മൂളി.

മടങ്ങുന്ന നേരത്ത് വിരുന്നുമുറിയിലെ മച്ചിൽ അലങ്കാരത്തിനായി ഒട്ടിച്ചുവെച്ചിരുന്ന ഒരു 'വെള്ളിനക്ഷത്രം' തന്നത്താനെ അടർന്നുവീണു. മാധവിക്കുട്ടി അതെടുത്ത് എന്റെ മകൾക്കു കൊടുത്തുകൊണ്ട് ഒരു പടിഞ്ഞാറൻ വിശ്വാസം ഓർമിപ്പിച്ചു, 'നക്ഷത്രം വീഴുന്നതു കാണുമ്പോൾ എന്തെങ്കിലും ആഗ്രഹിച്ചാൽ അതു നടക്കും.'
കമലേ, വിട.

(പുറം മറുപുറം എന്ന പുസ്തകത്തിൽ നിന്ന്)

Content Highlights: NS Madhavan Memory about Kamala das