കടലയ്ക്കായും കൂട്ടി ഞാനും അച്ഛനും പനങ്കള്ള് മടമടാ കുടിച്ചു; ആദ്യത്തെ കള്ളുകുടിയായിരുന്നു അത്‌


കുറച്ചു കഴിഞ്ഞ് ഒരു വലിയ മണ്‍കുടം നിറയെ കള്ളും ഒരു ചീനച്ചട്ടി നിറയെ കടലയ്ക്കാപുഴുങ്ങിയതും കൂടി മുറ്റത്തേക്കെടുത്തു. അതു മുഴുവന്‍ നിമിഷനേരംകൊണ്ട് തീരുകയും ചെയ്തു.

എൻ.എൻ പിള്ള

എന്‍.എന്‍ പിള്ളയുടെ ആത്മകഥയായ 'ഞാന്‍ 'ല്‍ നിന്നും ഒരു ഭാഗം വായിക്കാം

രു ദിവസം ഞാന്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ വീടും പരസരവുമെല്ലാം തിരിച്ചറിയാന്‍ വയ്യാത്തവിധത്തില്‍ മാറിയിരിക്കുന്നു. പല പ്രായത്തിലും പല രൂപത്തിലുമുള്ള ഒട്ടുവളരെ പുരുഷന്മാര്‍ ഞങ്ങളുടെ വീടാകെ ആക്രമിച്ച് കൈയടക്കിയിരിക്കുകയാണ്. ആ കൂട്ടത്തില്‍ സ്ത്രീകളാരുമില്ല. എന്നാല്‍ പലരും സ്ത്രീകളെ അനുസ്മരിപ്പിക്കുന്നു. മിക്കവരും സ്ത്രീകളെപ്പോലെ മുടി വളര്‍ത്തിക്കെട്ടിവെച്ചവരാണ്; വിസ്തരിച്ച് കണ്ണെഴുതിയവരാണ്; മിനുസത്തില്‍ മുഖം വടിച്ചവരാണ്; സംസാരവും ഭാവഹാവാദികളുമെല്ലാം ഒരു പ്രത്യേക രീതിയിലുമാണ്. ഒരുതരം ആണും പെണ്ണും കെട്ട മട്ട്. ആ കൂട്ടത്തില്‍ ഷര്‍ട്ടിട്ടവരാരുമില്ല. അവരെല്ലാംതന്നെ യാതൊരു കൂസലും കൂടാതെ പല ജീവിതവ്യാപാരങ്ങളില്‍ വ്യാപൃതരുമാണ്; എണ്ണ തേയ്ക്കുന്നു, പല്ലു തേയ്ക്കുന്നു, ഇഞ്ച കീറുന്നു, അടുത്തടുത്തിരുന്ന് വെടിപറയുന്നു, മലര്‍ന്നുകിടന്ന് കൂര്‍ക്കംവലിച്ചുറങ്ങുന്നു.

മുറ്റത്തും ഇറയത്തുമായി രണ്ടുമൂന്നു പടുകൂറ്റന്‍ മരപ്പെട്ടികള്‍ നിരന്നിരിക്കുന്നു; ചെറിയവ വേറെയും. മുറ്റത്തു നില്ക്കുന്ന തെങ്ങിലും കമുകിലും ഒക്കെയായി നെടുനീളത്തില്‍ കെട്ടിയ അഴകളില്‍ പല നിറത്തിലും ആകൃതിയിലുമുള്ള ഒട്ടുവളരെ വിചിത്രവസ്ത്രങ്ങള്‍ നിരത്തിത്തൂക്കിയിരിക്കുന്നു; കൂട്ടത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന, വര്‍ണപ്പകിട്ടാര്‍ന്ന, വിസ്മയാകൃതിപൂണ്ട, വലിയ വലിയ കിരീടങ്ങളും ആഭരണങ്ങളും. ഞാന്‍ ആ മായാപ്രപഞ്ചത്തിനിടയ്ക്ക് കുറച്ചു നേരം മിഴിച്ചുനിന്നു; എന്നിട്ടകത്തേക്കോടി. എനിക്കു മനസ്സിലായി: കഥകളി! കഥകളിക്കാര് വന്നിരിക്കുന്നു! അദ്ഭുതം!

ഇറയത്ത് മെത്തപ്പായില്‍ അച്ഛനും അതികായനായ മറ്റൊരു പുരുഷനുംകൂടി ആജന്മസുഹൃത്തുക്കളെപ്പോലെ അടുത്തടുത്തിരുന്ന് മുറുക്കാന്‍തട്ടവും നടുക്കു വെച്ച് സല്ലപിച്ചു രസിക്കുന്നു. ആ മനുഷ്യന്‍ അച്ഛനെ 'കൊച്ചുനാരായണച്ചേട്ടാ'ന്ന് വിളിക്കുന്നു; അമ്മ ആ മനുഷ്യനെ 'രാമുച്ചേട്ടാ'ന്നും.
അതാണ് 'വല്യപറമ്പില്‍ രാമന്‍ പിള്ള.' ഏതാണ്ട് അരനൂറ്റാണ്ടുകാലം കേരളത്തിലെ കഥകളിയരങ്ങ് അലറിവിറപ്പിച്ച അമാനുഷപ്രഭാവനായ നടനകലാസമ്രാട്ട് സാക്ഷാല്‍ 'വെച്ചൂര്‍ രാമന്‍ പിള്ള'യുടെ മുന്‍പിലാണ് ഞാനിപ്പോള്‍ നില്ക്കുന്നത്. ഒരുകാലത്ത് ഒരു നവോഢയെപ്പോലെ അമ്പലവളപ്പിലും മാടമ്പിമന്ദിരങ്ങളിലും മാത്രം നാണിച്ചു നാണിച്ചു കേളി കേള്‍പ്പിച്ചിരുന്ന കഥകളി എന്ന കലാദേവതയുടെ കൈയും പിടിച്ച് സഹ്യസാനുക്കള്‍ കടന്ന് ഭാരതഖണ്ഡമൊട്ടാകെ തീര്‍ഥയാത്ര നടത്തിയ കര്‍മയോഗിയാണ് ആ ഇരിക്കുന്നത്.

ആ അതിമാനുഷന്റെ അലര്‍ച്ച ആര്‍ഷഭാരതത്തില്‍ മാത്രമല്ല, അരക്കന്‍പര്‍വതനിരകള്‍ക്കപ്പുറത്ത് ബര്‍മായുടെ തലസ്ഥാനമായ റംഗൂണിലും കേട്ടു. എന്റെ അറിവു ശരിയാണെങ്കില്‍ അന്ന് ബര്‍മായുടെ അധിനായകനായ ഗവര്‍ണറില്‍നിന്ന് വെച്ചൂര്‍ രാമന്‍ പിള്ളയ്ക്കു കിട്ടിയ സാല്‍വയാണ് ഒരു കഥകളിനടന് വിദേശത്തുനിന്നു കിട്ടുന്ന ആദ്യത്തെ പാരിതോഷികം. തുഞ്ചന്റെ പാദുകവും കുഞ്ചന്റെ എഴുത്താണിയും ഞാന്‍ കണ്ടിട്ടില്ല. ആ സാല്‍വയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍! പക്ഷേ, അന്ന് ആ മഹത്ത്വമൊന്നും എനിക്കു മനസ്സിലായില്ല. ഇന്നു ഞാനതോര്‍ക്കുമ്പോള്‍ കോരിത്തരിച്ചുപോകുന്നു. തളര്‍ന്നു വീഴാതെ, കാലിടറാതെ കാലരഥ്യകളില്‍ക്കൂടി നടന്നുനടന്നു കയറിയ ആ നടനപാടവം വര്‍ഷങ്ങള്‍ക്കുമുന്‍പ് അസ്തമിച്ചുപോയി, ഒരു നെടുവീര്‍പ്പില്‍. എന്നാല്‍ അതിന്റെ പ്രതിധ്വനി ഇന്നും ഇടയ്ക്കിടയ്ക്കു മുഴങ്ങിക്കേള്‍ക്കാം, തിരുവനന്തപുരത്തെ അമച്വര്‍ നാടകവേദിയില്‍ അദ്ദേഹത്തിന്റെ മകനായ ടി. ആര്‍. സുകുമാരന്‍ നായരില്‍ക്കൂടി. അഭിനയസവ്യസാചിയായ ആ അച്ഛനെ കാലം വിഴുങ്ങി. മകനെ സെക്രട്ടേറിയറ്റ് വിഴുങ്ങി. കഷ്ടം! എന്തൊരു നഷ്ടം!
ആ ഇരിക്കുന്ന രാമുച്ചേട്ടനും ഞങ്ങളും ബന്ധുക്കളാണത്രേ! എനിക്ക് വല്ലാത്ത ഒരഭിമാനം! ഞാനറിയാതെ ഒന്നു പൊങ്ങിപ്പോയി.
ഞങ്ങള്‍ അടുക്കളയിലെത്തി; ഞാനും അച്ഛനും 'രാമുച്ചേട്ടന്‍' എന്ന ദീര്‍ഘകായനും. ഞാന്‍ ജീവിതത്തില്‍ ആദ്യമായി കള്ളു കുടിക്കുന്നതന്നാണ്. ആ മഹാപുരുഷന്റെ പാദമൂലത്തില്‍, ഒരു പട്ടുകോണകവുമുടുത്ത്, പടഞ്ഞിരുന്ന് ഞാന്‍ മടമടാ കുടിച്ചു; പനങ്കള്ള് കടലയ്ക്കായും കൂട്ടി. അച്ഛനും കുടിച്ചു; കുറച്ചു കഴിഞ്ഞ് ഒരു വലിയ മണ്‍കുടം നിറയെ കള്ളും ഒരു ചീനച്ചട്ടി നിറയെ കടലയ്ക്കാപുഴുങ്ങിയതും കൂടി മുറ്റത്തേക്കെടുത്തു. അതു മുഴുവന്‍ നിമിഷനേരംകൊണ്ട് തീരുകയും ചെയ്തു. കള്ളും കലയും തമ്മില്‍ സാരമായ ബന്ധമുണ്ടെന്ന് ഇന്നെനിക്കു തോന്നിപ്പോകുന്നു.
അച്ഛന്റെ ക്ഷണമനുസരിച്ച് നാട്ടുപ്രമാണികള്‍ പലരും അവിടെക്കൂടി. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കളി നിശ്ചയിച്ചു. കഥ: 'ബാലിവിജയം!'

ആ മഹാദൃശ്യം എന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവരുന്നു. ആട്ടവിളക്കില്‍നിന്ന് അന്തരീക്ഷത്തില്‍ ആടിയുലയുന്ന ദീപശിഖയുടെ പ്രകാശപ്രസരത്തില്‍ വെട്ടിത്തിളങ്ങുന്ന 'അരങ്ങ്' എന്ന അദ്ഭുതലോകം! അതിന്റെ ഒത്ത മധ്യത്തിലായി ആകാശവും ഭൂമിയും മുട്ടി രാക്ഷസാകാരമായ ഒരു ഭീകരസത്ത്വം! അത് ഇരിക്കുകയല്ല, നില്ക്കുകയുമല്ല; അതങ്ങനെ സ്ഥിതിചെയ്യുന്നു, കാലദേശങ്ങളില്‍ നിറഞ്ഞുകവിഞ്ഞ്. ആ അദ്ഭുതസത്ത്വത്തിന്റെ അസ്തിത്വം അരങ്ങിന്റെ അതിര്‍വരമ്പുകള്‍പോലും ലംഘിച്ചു പരിസരങ്ങളിലേക്കു വ്യാപിക്കുന്നു. ആ മുഖം എനിക്കു തിരിച്ചറിയാന്‍ കഴിയുന്നില്ല. പിന്നെ, അതു മുഖമല്ല; സപ്തവര്‍ണങ്ങള്‍ ഉഗ്രതാണ്ഡവം നടത്തുന്ന ഒരു സജീവമേഖല. ആ നിറങ്ങള്‍ക്ക് ശബ്ദമുണ്ട്, ഭാഷയുണ്ട്, ഭാവമുണ്ട്, താളമുണ്ട്. അര്‍ക്കചന്ദ്രന്മാരും അനന്തകോടി നക്ഷത്രങ്ങളും അടങ്ങിയൊതുങ്ങി മിന്നിത്തിളങ്ങുന്ന വൃത്താകാരമായ ഒരു കിരീടത്തിനു താഴെ ചോര ചിതറുന്ന രണ്ടു കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് ഇടിമിന്നലുകള്‍ സൃഷ്ടിക്കുന്നു. ഞാന്‍ ഞടുങ്ങിപ്പോകുന്നു. ആ സ്വരൂപത്തില്‍ നേരിയ ചില ചലനങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. അതിന്റെ അര്‍ഥം എനിക്കു മനസ്സിലാകുന്നില്ല. എന്നാല്‍ അതു മുഴുവന്‍ എനിക്കു മനസ്സിലാകുന്നുമുണ്ട്. എന്തൊരു താളം! എന്തൊരു ലയം! എന്തൊരു ഭാവം! അവര്‍ണ്യമായ ഒരു വികാരപ്രപഞ്ചം!
'അതാരാച്ചാ?' അച്ഛന്റെ മടിയിലിരുന്നുകൊണ്ട് ഞാന്‍ ചോദിച്ചു.
'ബാലി!' ആ മുഖത്തുനിന്നു കണ്ണെടുക്കാതെ അച്ഛന്‍ പറഞ്ഞു.
'ബാലി! അയ്യോ! എന്നാലും അതാരാച്ചാ?'
'രാമന്‍പിള്ള.'
രാമുച്ചേട്ടനോ? ഇതോ? പകലേ ഞാന്‍ കണ്ട രാമുച്ചേട്ടനാണോ ഇത്? അടുക്കളയില്‍ ഇരുന്ന രാമുച്ചേട്ടനില്‍ അരങ്ങത്തിരിക്കുന്ന ഈ 'ബാലി' ഉണ്ടായിരുന്നോ? രാമുച്ചേട്ടന്‍ ബാലിയായോ, ബാലി രാമുച്ചേട്ടനായോ? ഇതെന്തു വിദ്യ!

പുസ്തകം വാങ്ങാം

ഒരലര്‍ച്ച! അത് ആ സത്ത്വത്തില്‍നിന്നല്ല, ഭൂഗര്‍ഭത്തില്‍നിന്നാണെന്ന് എനിക്കു തോന്നി. ഞാനൊന്നു ഞെട്ടി. അതിനു മുന്‍പ് ഒരിക്കലും ഞെട്ടാത്ത ഒരു ഞെട്ടല്‍. ഞാനറിയാതെ ഞാനുടുത്തിരുന്ന കൊച്ചു മുണ്ട് നനഞ്ഞു; ആ നനവ് ഊര്‍ന്നിറങ്ങി അച്ഛന്റെ മുണ്ടും നനഞ്ഞു. എന്റെ പിടിവിട്ടുപോയി.
'നീ എന്താടാ മൂത്രമൊഴിക്കുകാണോ?' അച്ഛന്റെ ചോദ്യം.
ഞാന്‍ കിലുകിലാ വിറയ്ക്കുന്നു. അച്ഛന് കാര്യം മനസ്സിലായി. 'മക്കളു പേടിച്ചുപോയോ? ഛെ! അതു രാമന്‍ പിള്ളയല്ലേ. ബാലിയുടെ വേഷംകെട്ടിയിരിക്കുകല്ലേ,' അച്ഛന്‍ എന്നെ സമാധാനിപ്പിച്ചു. പക്ഷേ, എനിക്കു ബോധ്യമാകുന്നില്ല.
'അതു നമ്മുടെ രാമന്‍ പിള്ളയല്ലേ' എന്ന ചോദ്യത്തിനു പകരം 'അതു നമ്മുടെ ബാലിയല്ലേ' എന്നു ചോദിച്ചിരുന്നെങ്കില്‍ എനിക്ക് കുറച്ചുകൂടി ബോധ്യമാകുമായിരുന്നു. അതു ബാലിതന്നെയാണ്. കിഷ്‌കിന്ധാധിപതിയായ സാക്ഷാല്‍ ബാലി. ഈശ്വരാവതാരമായ ശ്രീരാമന്‍പോലും ആ മുഖത്തു നോക്കിയിരുന്നെങ്കില്‍ എന്റെ അവസ്ഥയില്‍ എത്തുമായിരുന്നു.
മറ്റൊരു വേഷം വന്നു. അരങ്ങു തകര്‍ക്കുന്നു. ചെണ്ട, ചേങ്കില, മദ്ദളം തുടങ്ങിയ വാദ്യമേളങ്ങളുടെ ചെകിടടപ്പന്‍ ശബ്ദം! കൈയും കലാശവും ആട്ടവും ചാട്ടവും ബഹളം! അവസാനം രാവണന്‍ എന്നു പേരായ ആ രാക്ഷസരാജാവ് ആ വാലിന്റെ അറ്റത്ത് തേരട്ടമാതിരി ചുരുണ്ടു ചുരുണ്ടു വരുന്നു. ഇതൊന്നുമറിയാത്ത ആ അദ്ഭുതരൂപി ഏതോ നിര്‍വികല്പസമാധിയില്‍ അങ്ങനെ ലയിച്ചിരിക്കുന്നു.
ഇതെല്ലാം കണ്ട് ഞാന്‍ അച്ഛന്റെ മടിയില്‍ തരിച്ചിരിക്കുന്നു; തിരശ്ശീല
ഉയരുന്നതുവരെ, ബാലി മറയുന്നതുവരെ. പിന്നെ ഞാന്‍ തളര്‍ന്ന് ഉറങ്ങിപ്പോയി.
പിറ്റേന്നു രാവിലെ രാമുച്ചേട്ടനും കഥകളിയോഗവും പിരിഞ്ഞുപോയി. പക്ഷേ, 'ബാലി' മാത്രം പിരിഞ്ഞുപോയില്ല. അതിന്നും എന്നോടൊട്ടിനില്ക്കുന്നു; സനാതനനായ ബാലി!

Content Highlights: nn pillai autobiography mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented