1984, ലാവോത്സുഭവനം, രജനീഷ്പുരം, ഓറിഗോണ്‍, അമേരിക്ക

ഇന്നത്തെ ആദ്യപുസ്തകം ഇര്‍വിങ് സ്റ്റോണിന്റെ ലസ്റ്റ് ഫോര്‍ ലൈഫ് (ജീവിതാസക്തി)ആണ്. വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണിത്. സ്റ്റോണ്‍ അത്യുജ്ജ്വലമായ കൃതിയാണ് രചിച്ചിരിക്കുന്നത്; മറ്റാര്‍ക്കെങ്കിലും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. മറ്റൊരാളെക്കുറിച്ച് ഇത്രയും അഗാധമായി, തന്റെ സ്വന്തം ആത്മാവില്‍നിന്നെന്നപോലെ, മറ്റാരും എഴുതിയിട്ടില്ല. ലസ്റ്റ് ഫോര്‍ ലൈഫ് വെറുമൊരു ആഖ്യായികയല്ല, ആത്മീയഗ്രന്ഥമാണത്. എന്റെ കണ്ണില്‍ അത് ആത്മീയമാണ്. ജീവിതത്തിന്റെ എല്ലാ മാനങ്ങളെയും ഒരൊറ്റ സമന്വയത്തില്‍ ഇണക്കിച്ചേര്‍ക്കേണ്ടതുണ്ട്, അപ്പോള്‍ മാത്രമേ ഒരാള്‍ ആത്മീയമാകൂ. ഇര്‍വിങ് സ്റ്റോണിന് സ്വയം മറികടക്കാന്‍പോലുമുള്ള സാധ്യത വിദൂരമാക്കുന്നത്രയ്ക്ക് മനോഹരമായാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.

അതിനുശേഷം അദ്ദേഹം നിരവധി പുസ്തകങ്ങളെഴുതി; എന്റെ രണ്ടാം പുസ്തകവും ഇര്‍വിങ് സ്റ്റോണിന്റേതാണ്. ഞാനതിനെ രണ്ടാമതായി എണ്ണുന്നതിനുള്ള കാരണം അത് ദ്വിതീയമാണ് എന്നതാണ്. അതിന് ലസ്റ്റ് ഫോര്‍ ലൈഫിന്റെ മേന്മയില്ല. 'ദ ആഗണി ആന്‍ഡ് എക്സ്റ്റസി' (പ്രാണവേദനയും പരമാനന്ദവും) ആണത്; മറ്റൊരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് സമാനമായരീതിയില്‍ എഴുതിയിട്ടുള്ള പുസ്തകം. അദ്ദേഹം പരാജിതനായെങ്കിലും ആ പുസ്തകം രണ്ടാം സ്ഥാനത്തുണ്ട്, മറ്റേതെങ്കിലും കൃതിയുടെ പിന്നിലല്ല, സ്വന്തം സൃഷ്ടിയുടെ പിന്നില്‍. കലാകാരന്മാരുടെ, കവികളുടെ, ചിത്രകാരന്മാരുടെ, ജീവിതങ്ങളെ അധികരിച്ച് നൂറുകണക്കിനു നോവലുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവയൊന്നും ഈ രണ്ടാംപുസ്തകത്തിന്റെ ഉയരംപോലുമെത്തുന്നില്ല. പിന്നെയല്ലേ ആദ്യഗ്രന്ഥത്തിന്റെ കാര്യം! രണ്ടും സുന്ദരങ്ങളാണ്, പക്ഷേ, ആദ്യത്തേത് സര്‍വാതിശായിയാണ്.

രണ്ടാംപുസ്തകം അല്പം താഴെയാണ്. പക്ഷേ, അത് ഇര്‍വിങ് സ്റ്റോണിന്റെ കുറ്റമല്ല. ലസ്റ്റ് ഫോര്‍ ലൈഫ് പോലെ ഒരു കൃതി രചിച്ചുകഴിഞ്ഞാല്‍ സാധാരണമനുഷ്യന്റെ സഹജമായ പ്രേരണ സ്വയം അനുകരിക്കാനായിരിക്കും, അതേ നിലവാരമുള്ള മറ്റൊന്ന് സൃഷ്ടിക്കാനായിരിക്കും. പക്ഷേ, അനുകരിച്ചുതുടങ്ങുന്ന നിമിഷംമുതല്‍ അതിന് അങ്ങനെയാകാന്‍ കഴിയില്ല. 'ലസ്റ്റ്' എഴുതുമ്പോള്‍ അദ്ദേഹം അനുകരിക്കുകയല്ലായിരുന്നു, അദ്ദേഹം ഒരു അചുംബിതദ്വീപായിരുന്നു. ദ ആഗണി ആന്‍ഡ് എക്സ്റ്റസി എഴുതുമ്പോള്‍ അദ്ദേഹം സ്വയം അനുകരിക്കുകയായിരുന്നു; അതാണ് ഏറ്റവും മോശമായ അനുകരണം. സ്വന്തം കുളിമുറിയില്‍ എല്ലാവരും അതു ചെയ്യുന്നു, കണ്ണാടിയില്‍ നോക്കിക്കൊണ്ട്... അദ്ദേഹത്തിന്റെ രണ്ടാംപുസ്തകത്തെക്കുറിച്ച് വായനക്കാരനു തോന്നുന്നത് അതാണ്. അത് കണ്ണാടിയിലെ പ്രതിബിംബം മാത്രമാണെങ്കിലും യാഥാര്‍ഥ്യത്തിന്റെ ഒരംശം പ്രതിഫലിപ്പിക്കുന്നു; അതിനാല്‍ ഞാനതും കണക്കിലെടുക്കുന്നു.

ഞാന്‍ ഗുഡിയയോട് ചോദിക്കുകയായിരുന്നു, ദ ആഗണി ആന്‍ഡ് എക്സ്റ്റസിയില്‍ ഇര്‍വിങ് സ്റ്റോണ്‍ ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന്; എന്തെന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഞാനതു പൂര്‍ണമായും മറന്നിരിക്കുന്നു. അതും വളരെ അപൂര്‍വമാണ്; വേഗത്തില്‍ മറക്കുന്നയാളല്ല ഞാന്‍. ഞാന്‍ വേഗത്തില്‍ ക്ഷമിക്കും, പക്ഷേ, വേഗത്തില്‍ മറക്കില്ല. ദേവരാജ്, നിനക്കറിയാമോ, അദ്ദേഹം ആരുടെ ജീവിതത്തെക്കുറിച്ചാണ് എഴുതിയത്? ഗോഗിന്‍? 

'ഓഷോ, മൈക്കലാഞ്ജലോയെപ്പറ്റിയായിരുന്നു.' മൈക്കലാഞ്ജലോ? മഹത്തായ ജീവിതം. എങ്കില്‍ സ്റ്റോണ്‍ ഏറെ വിട്ടുപോയിരിക്കുന്നു. ഗോഗിന്‍ ആയിരുന്നെങ്കില്‍ അത് മതിയാകുമായിരുന്നു, പക്ഷേ, അത് മൈക്കലാഞ്ജലോയെപ്പറ്റിയാണെങ്കില്‍ എനിക്ക് ദുഃഖമുണ്ട്; എനിക്കുപോലും അദ്ദേഹത്തോട് ക്ഷമിക്കാനാകില്ല. പക്ഷേ, അദ്ദേഹം മനോഹരമായാണ് എഴുതുന്നത്. കവിതപോലെയാണ് അദ്ദേഹത്തിന്റെ ഗദ്യം, അദ്ദേഹത്തിന്റെ രണ്ടാംപുസ്തകത്തിന് ലസ്റ്റ് ഫോര്‍ ലൈഫിന്റെ മേന്മ ഇല്ലെങ്കിലും. അതിന് വിന്‍സെന്റ് വാന്‍ഗോഗിനെപ്പോലെ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല എന്ന ലളിതമായ കാരണം മാത്രമാകാന്‍ വഴിയില്ല!

ആ ഡച്ചുകാരന്‍ അനുകരണീയനായിരുന്നു, അത്രതന്നെ! അദ്ദേഹം വേറിട്ടു നില്ക്കുന്നു. നക്ഷത്രങ്ങള്‍ നിറഞ്ഞ വിശാലമായ ആകാശത്ത് അദ്ദേഹം ഒറ്റയ്ക്ക്, മാറിനിന്ന്, തനിക്ക് സവിശേഷമായ രീതിയില്‍ പ്രകാശിച്ചുനില്ക്കുന്നു. അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതുക അനായാസമാണ്; മൈക്കലാഞ്ജലോയുടെ കാര്യത്തിലും അങ്ങനെയാകണമായിരുന്നു; പക്ഷേ, സ്റ്റോണ്‍ സ്വയം അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് അത് വിട്ടുപോയത്. 

ഹിമാലയത്തില്‍ വീണ്ടും എത്തിപ്പെട്ടതില്‍ എനിക്ക് അതിരറ്റ ആഹ്ലാദമുണ്ട്. ലാവോത്സുവിനെപ്പോലെ ഹിമാലയത്തില്‍ മരിക്കണമെന്ന് ഞാനാഗ്രഹിച്ചു. ഹിമാലയനിരകളില്‍ ജീവിച്ചിരിക്കുക എന്നത് വിസ്മയകരമാണ്. അവിടെ മരിക്കുക എന്നത് അതിനെക്കാള്‍ വിസ്മയകരമാണ്. മഞ്ഞ്. അതെവിടെയുണ്ടെങ്കിലും ഹിമാലയത്തിന്റെ പരിശുദ്ധിയെ, കന്യകാത്വത്തെ, പ്രതിനിധാനംചെയ്യുന്നു... നാളെ ഒരിക്കലുമെത്തുന്നില്ല, അതിനാല്‍ പേടിക്കേണ്ട കാര്യമൊന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും ഇന്നാണ്, ഹിമാലയനിരകളുടെ ലോകത്തുള്ള ഇതേ നിമിഷമാണ്.

വെളുത്ത മാര്‍ബിള്‍ മൈക്കലാഞ്ജലോയ്ക്ക് ഇഷ്ടമായിരുന്നിരിക്കണം; അതില്‍നിന്ന് അദ്ദേഹം യേശുവിന്റെ പ്രതിമ കൊത്തിയുണ്ടാക്കി. ഇത്രയ്ക്ക് സുന്ദരമായ ശില്പങ്ങള്‍ മറ്റാരും കൊത്തിയുണ്ടാക്കിയിട്ടില്ല. അതിനാല്‍ മൈക്കലാഞ്ജലോയെക്കുറിച്ച് മനോഹരമായ ഒരു കഥയുണ്ടാക്കാന്‍ സ്റ്റോണിന് അത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകേണ്ട കാര്യമില്ലായിരുന്നു. പക്ഷേ, പ്രധാനകാര്യം അദ്ദേഹത്തിന് വിട്ടുപോയി, അദ്ദേഹം സ്വയം അനുകരിക്കുകയായിരുന്നു എന്നതു മാത്രമാണ് കാരണം. കഷ്ടമെന്നു പറയട്ടെ, തന്റെ ആദ്യപുസ്തകം മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം മറ്റൊരു ലസ്റ്റ് ഫോര്‍ ലൈഫ് സൃഷ്ടിക്കുമായിരുന്നു.

മൂന്നാമത്തേത്, ലിയോ ടോള്‍സ്റ്റോയിയുടെ ഉയിര്‍ത്തെഴുന്നേല്പ്. ജീവിതകാലം മുഴുവന്‍ അദ്ദേഹം യേശുവിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിരുന്നു, കാര്യമായി ഉത്കണ്ഠപ്പെട്ടിരുന്നു; ഉയിര്‍ത്തെഴുന്നേല്പ് എന്ന ശീര്‍ഷകം അതുകൊണ്ടാണ്. ലിയോ ടോള്‍സ്റ്റോയി സൃഷ്ടിച്ചിരിക്കുന്നത് ഉജ്ജ്വലമായ കൃതിയാണ്. എനിക്ക് അതൊരു വേദപുസ്തകമാണ്. ചെറുപ്പത്തില്‍ പോകുന്നിടത്തെല്ലാം ലിയോ ടോള്‍സ്റ്റോയിയുടെ ഉയിര്‍ത്തെഴുന്നേല്പ് കൊണ്ടുപോകുന്ന എന്നെ എനിക്കിപ്പോഴും കാണാം. എന്റെ അച്ഛന്‍പോലും അസ്വസ്ഥനായി. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു, 'ഒരു പുസ്തകം വായിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. പക്ഷേ, നീയെന്തിനാണ് പകല്‍ മുഴുവന്‍ ഈ പുസ്തകം കൊണ്ടുനടക്കുന്നത്? നീയതു വായിച്ചുകഴിഞ്ഞല്ലോ.'

'അതേ, ഞാന്‍ വായിച്ചു, ഒന്നല്ല, നിരവധി തവണ. പക്ഷേ, ഇനിയും ഞാനതു കൊണ്ടുനടക്കും,' ഞാന്‍ പറഞ്ഞു.
ഉയിര്‍ത്തെഴുന്നേല്പ് കൈവശം വെക്കുന്നത്? പകല്‍ മാത്രമല്ല, രാത്രികാലത്തും അങ്ങനെത്തന്നെ. കിടക്കയിലും അത് എനിക്കൊപ്പമുണ്ടായിരുന്നു. ഞാനതിനെ പ്രണയിച്ചു... യേശുവിന്റെ സന്ദേശത്തെയാകെ ലിയോ ടോള്‍സ്റ്റോയി പ്രതിഫലിപ്പിച്ച രീതിയെ. അദ്ദേഹം അതില്‍ തോമസ് ഒഴികെയുള്ള മറ്റേത് അപ്പോസ്തലന്മാരെക്കാളും വിജയിക്കുന്നു- ഉയിര്‍ത്തെഴുന്നേല്പ് കഴിഞ്ഞാലുടന്‍ ഞാന്‍ സംസാരിക്കാന്‍ പോവുന്നത് അതിനെക്കുറിച്ചാണ്.

ബൈബിളില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുള്ള നാലു സുവിശേഷങ്ങളില്‍ യേശുവിന്റെ ആത്മാവ് പൂര്‍ണമായും നഷ്ടമായിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്പ് അതിനെക്കാളൊക്കെ വളരെ മെച്ചമാണ്. ടോള്‍സ്റ്റോയി യേശുവിനെ ശരിക്കും സ്‌നേഹിച്ചു, സ്‌നേഹം മായാജാലമാണ്. എന്തെന്നാല്‍, ആരെയെങ്കിലും നിങ്ങള്‍ സ്‌നേഹിക്കുമ്പോള്‍ കാലം അപ്രത്യക്ഷമാവുന്നു. യേശുവിനെ ടോള്‍സ്റ്റോയി അത്രമേല്‍ സ്‌നേഹിച്ചതിനാല്‍ അവര്‍ സമകാലീനരാവുന്നു. വിടവ് വളരെ വലുതാണ്, രണ്ടായിരം വര്‍ഷം; പക്ഷേ, യേശുവിനും ടോള്‍സ്റ്റോയിക്കുമിടയില്‍ അത് അപ്രത്യക്ഷമാവുന്നു. അപൂര്‍വമായാണ്, അത്യപൂര്‍വമായാണ് അത് സംഭവിക്കുക. അതുകൊണ്ടാണ് ഞാന്‍ ആ പുസ്തകം കൈയില്‍ കൊണ്ടുനടന്നത്. ഇപ്പോള്‍ ആ പുസ്തകം ഞാന്‍ കൈയില്‍ കൊണ്ടുനടക്കാറില്ല. പക്ഷേ, അതിപ്പോഴും എന്റെ ഹൃദയത്തില്‍ത്തന്നെയുണ്ട്.

അഞ്ചാംസുവിശേഷമാണ് നാലാമത്തേത്. അത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല; അതിപ്പോള്‍ ഈജിപ്തില്‍ കണ്ടെത്തിയതേയുള്ളൂ: തോമസ് രചിച്ച യേശുവിനെപ്പറ്റിയുള്ള കുറിപ്പുകള്‍. ക്ഷണത്തില്‍ അതുമായി പ്രണയത്തിലായതുകൊണ്ടാണ് ഞാന്‍ അതേക്കുറിച്ചു പറഞ്ഞത്. യേശുവിനെപ്പറ്റിയുള്ള കുറിപ്പുകളില്‍ തോമസ് തെറ്റുപറ്റാന്‍ കഴിയാത്തത്രയ്ക്ക് ലളിതമാണ്. യേശു മാത്രമേയുള്ളൂ, അദ്ദേഹമില്ല; അത്രയേറെ നിഷ്‌കപടവും സമീപസ്ഥവുമാണ് തോമസ്.

ഭാരതത്തിലെത്തിയ ആദ്യശിഷ്യന്‍ തോമസ് ആണെന്ന് നിങ്ങള്‍ക്കറിയാമോ? ലോകത്തിലേക്കും പഴക്കമുള്ള ക്രിസ്തുമതം ഭാരതത്തിലാണുള്ളത്, വത്തിക്കാനെക്കാള്‍ പഴക്കം. തോമസിന്റെ ശരീരം ഇപ്പോഴും ഇന്ത്യയില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു- വിചിത്രമായ സ്ഥലമാണത്, എങ്കിലും സുന്ദരമാണ്, അതിസുന്ദരം. അതുകൊണ്ടാണ് ഹിപ്പികള്‍ എന്നു വിളിക്കപ്പെടുന്ന ബഹിഷ്‌കൃതരെല്ലാം ഗോവയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഗോവയിലേതുപോലെ പരിശുദ്ധവും സുന്ദരവുമായ കടല്‍ത്തീരങ്ങള്‍ വേറെയില്ല... അതുപോലെ മറ്റൊരിടമില്ല.

njan snehicha pusthakangalതോമസിന്റെ ശരീരം ഇപ്പോഴും കേടുകൂടാതെ സൂക്ഷിക്കുന്നുണ്ട്, അത് സംരക്ഷിക്കുന്ന രീതി മഹാദ്ഭുതമാണ്. ശരീരം എങ്ങനെ കേടുകൂടാതെ സംരക്ഷിക്കണമെന്ന്, മരവിപ്പിക്കുന്നതെങ്ങനെയെന്ന്, ഇന്ന് നമുക്കറിയാം; പക്ഷേ, തോമസിന്റെ ശരീരം മരവിപ്പിച്ചിട്ടില്ല; ഈജിപ്തിലും ടിബറ്റിലുമൊക്കെ ഉപയോഗിച്ചിരുന്ന എന്തോ പ്രാചീനസങ്കേതമാണ് ഇവിടെയും പ്രയോഗിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞര്‍ക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. അത്തരം രാസവസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്... അല്ലെങ്കില്‍, ഏതെങ്കിലും രാസവസ്തു ഉപയോഗിച്ചുവോ എന്നുപോലും തിട്ടമില്ല.  അഞ്ചാമത്തേത്, ടോള്‍സ്റ്റോയിയുടെ മറ്റൊരു പുസ്തകം. ലോകത്തെ എല്ലാ ഭാഷകളിലെയും ഏറ്റവും മഹത്തായവയിലൊന്ന്, യുദ്ധവും സമാധാനവും. ഏറ്റവും മഹത്തായതെന്നു മാത്രമല്ല, ഏറ്റവും വലിപ്പമേറിയതും... ആയിരക്കണക്കിനു താളുകള്‍. ഞാനല്ലാതെ മറ്റാരെങ്കിലും ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അവ അത്രയേറെ വലുതാണ്, അപാരമാണ്; അവ നിങ്ങളില്‍ ഭീതി ജനിപ്പിക്കുന്നു.

മാക്‌സിം ഗോര്‍ക്കിയുടെ അമ്മയാണ് ആറാമത്തേത്. എനിക്ക് ഗോര്‍ക്കിയെ ഇഷ്ടമല്ല; അയാള്‍ കമ്യൂണിസ്റ്റാണ്, എനിക്ക് കമ്യൂണിസ്റ്റുകളെ വെറുപ്പുമാണ്. ഞാന്‍ വെറുക്കുമ്പോള്‍ വെറുതേ വെറുക്കും. പക്ഷേ, മാക്‌സിം ഗോര്‍ക്കി എഴുതിയതാണെങ്കിലും അമ്മ എന്ന കൃതിയെ ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ ജീവിതകാലം മുഴുവന്‍ ഞാനതിനെ സ്‌നേഹിച്ചിട്ടുണ്ട്. ആ കൃതിയുടെ നിരവധി കോപ്പികള്‍ എന്റെ കൈവശമുണ്ടായിരുന്നു. എന്റെ അച്ഛന്‍ ചോദിക്കും, 'നിനക്കു വട്ടാണോ? ഒരു പുസ്തകത്തിന്റെ ഒരു കോപ്പി മതി. നീയാണെങ്കില്‍ പിന്നെയും പിന്നെയും ഓര്‍ഡര്‍ കൊടുക്കുന്നു! തപാല്‍ ഉരുപ്പടികള്‍ പിന്നെയും പിന്നെയും വരുന്നു, അതിലാകട്ടെ, മാക്‌സിം ഗോര്‍ക്കിയുടെ അമ്മയും. നിനക്ക് ഭ്രാന്തോ മറ്റോ ഉണ്ടോ?'

ഞാനദ്ദേഹത്തോട് പറഞ്ഞു, 'ഗോര്‍ക്കിയുടെ അമ്മയെ സംബന്ധിച്ചിടത്തോളം എനിക്ക് വട്ടാണ്. മുഴുവട്ട്.'
എന്റെ പെറ്റമ്മയെ കാണുമ്പോള്‍ ഞാന്‍ ഗോര്‍ക്കിയെ ഓര്‍മിക്കുന്നു. ലോകമെമ്പാടുമുള്ള ഏറ്റവും മഹത്തായ കലാകാരന്മാരില്‍ മുന്‍പനായി ഗോര്‍ക്കിയെ കണക്കാക്കണം. പ്രത്യേകിച്ച്, അമ്മയില്‍ അദ്ദേഹം രചനാകലയുടെ പരമോന്നതശൃംഗത്തിലെത്തുന്നു. അതിനു മുന്‍പും അതിനു ശേഷവും ആരുമില്ല... ഹിമാലയത്തിലെ ഒരു കൊടുമുടിക്കു സമാനമാണ് അദ്ദേഹം. അമ്മയെ പഠിക്കേണ്ടതാണ്, പേര്‍ത്തും പേര്‍ത്തും പഠിക്കേണ്ടതാണ്; അപ്പോള്‍ മാത്രമേ അത് മെല്ലെമെല്ലെ നിങ്ങളിലേക്ക് കിനിഞ്ഞിറങ്ങുകയുള്ളൂ. അതേ, അതാണ് ആ പദം: അനുഭവിക്കുക- ചിന്തിക്കുകയല്ല, പാരായണം ചെയ്യുകയല്ല, അനുഭവിക്കല്‍. നിങ്ങളതിനെ സ്പര്‍ശിക്കാനാരംഭിക്കുക, അപ്പോള്‍ അതു നിങ്ങളെ സ്പര്‍ശിക്കാന്‍ തുടങ്ങും. അതിന് ജീവന്‍ വെക്കും. പിന്നെ അതൊരു പുസ്തകമല്ല, ഒരു വ്യക്തിയാണ്... വ്യക്തി. 

( ഓഷോയുടെ 'ഞാന്‍ സ്നേഹിച്ച പുസ്തകങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നും.)

ഞാന്‍ സ്നേഹിച്ച പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

content Highlights : njan snehicha pusthakanga, Osho, osho books