വിഷയങ്ങളിലെ അദ്ഭുതകരമായ വൈവിധ്യമായിരുന്നു പത്മരാജന്‍ തിരക്കഥകള്‍ക്ക്. ഒരിക്കല്‍ മദ്രാസില്‍വെച്ചായിരുന്നു, അവിചാരിതമായി ഞാന്‍ പത്മരാജനെ പരിചയപ്പെട്ടത്. ഒരു സിനിമാനടനെക്കാള്‍ സുന്ദരനായിരുന്നു പത്മരാജന്‍. നല്ല തിളങ്ങുന്ന കണ്ണുകള്‍. സുകുമാരമായ ശബ്ദം. നല്ല പെരുമാറ്റവും. ഒരുപാടു കാലത്തെ പരിചയമുള്ളതുപോലെയായിരുന്നു സംസാരവും പെരുമാറ്റവും. പരിചയപ്പെട്ട അന്നുമുതല്‍ എന്നെ സ്‌നേഹത്തോടെ വിളിച്ചത് സ്വാമീ എന്നാണ്. ഞാന്‍ ഒരു പട്ടരായതുകൊണ്ടാവാം അങ്ങനെ വിളിച്ചത്. ഞാന്‍ അദ്ദേഹത്തെ പപ്പേട്ടന്‍ എന്നും വിളിച്ചു.

ഈ പപ്പേട്ടന്‍വിളി മോഹന്‍ലാലില്‍നിന്നായിരുന്നു തുടങ്ങിയത്. ഞാന്‍ അന്ന് മദിരാശിയില്‍വെച്ച് കാണുമ്പോള്‍ പുള്ളി സിനിമകളുടെ വലിയ തിരക്കുകളിലായിരുന്നു. എന്നിട്ടും ഗുഡ്‌നൈറ്റ് ഫിലിംസിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്ന് ഞാനന്ന് ആവശ്യപ്പെട്ടു.

'തീര്‍ച്ചയായും സ്വാമിക്കുവേണ്ടി ഞാനൊരു പടം ചെയ്യും' എന്നു പറഞ്ഞാണ് പിരിഞ്ഞത്. പിന്നെ കാണാനൊന്നും ഒരവസരവും അടുത്തകാലത്തൊന്നും ഉണ്ടായതുമില്ല.

കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, പുള്ളി തിരക്കഥാകാരനില്‍നിന്ന് സംവിധാനപ്പട്ടമൊക്കെ ഏറ്റെടുത്തു നില്ക്കുന്ന കാലത്ത് ഒരിക്കല്‍ ബോംബെയില്‍ വന്നു. കൂടെ അദ്ദേഹത്തിന്റെ പുതിയ സിനിമ എടുക്കാന്‍ പോവുന്ന മണ്ണില്‍ മുഹമ്മദ് എന്ന നിര്‍മാതാവും ഉണ്ട്.

'സ്വാമീ, ഞാന്‍ ബോംബെയിലുണ്ട്,' എന്നെ ഫോണില്‍ പത്മരാജന്‍ വിളിച്ചു.
ഞാന്‍ പറഞ്ഞു, 'വൈകീട്ട് സമയമുണ്ടെങ്കില്‍ വീട്ടിലേക്കു വാ. പച്ചക്കറി ഊണ് തരാം.'
അതിനു സമ്മതം മൂളി അദ്ദേഹം വന്നു. കൂടെ മണ്ണില്‍ മുഹമ്മദ് എന്ന നിര്‍മാതാവും ഉണ്ട്. പത്മരാജന്റെ ആഗമനത്തിന്റെ ഉദ്ദേശ്യം പുതിയ പടത്തില്‍ നായകനായി നിതീഷ് ഭരദ്വാജിനെ വേണം. അതിന് എന്റെ സഹായം വേണം.

'സ്വാമീ, ആ പച്ചക്കുപ്പിയില്‍ നിറച്ചുവരുന്ന ഫ്രഞ്ച് ബ്രാണ്ടി ഉണ്ടോ?' സംസാരിച്ചിരിക്കെ, പുറത്തു ഇരുള്‍ വീഴുന്നതും നോക്കി പപ്പേട്ടന്‍ എന്നോടു ചോദിച്ചു.

ഞാന്‍ ബ്രാണ്ടിയുടെ പത്ത് അവതാരങ്ങളെ നിരത്തി. അതിലൊരു അവതാരത്തെ വഹിച്ചുകൊണ്ട് രസകരമായി തന്റെ പുതിയ സിനിമയുടെ കഥ പറയാന്‍ തുടങ്ങി:

ഒരു ഗന്ധര്‍വന്റെ കഥ. അതില്‍ ഗന്ധര്‍വന്റെ വേഷം ചെയ്യാനാണ് നിതീഷിനെ കാണാന്‍ വന്നിരിക്കുന്നത്. കഥ പറയുന്നതിലും ഗന്ധര്‍വന്‍ ആയിരുന്നു പപ്പേട്ടന്‍. ഞാന്‍ ആ കഥയില്‍ ശരിക്കും മോഹിതനായിപ്പോയി. എന്റെ ഉള്ളില്‍ അമര്‍ഷം തലപൊക്കാതിരുന്നില്ല. മുഹമ്മദ് ബാത്‌റൂമില്‍ പോയപ്പോള്‍ ഞാനത് വാക്കുകളില്‍ പപ്പേട്ടനോട് പ്രകടിപ്പിച്ചു. പപ്പേട്ടന്‍ ഈ കഥ എനിക്കല്ലേ തരേണ്ടത്. നിങ്ങളോട് ഒരു സിനിമ ചെയ്യാന്‍ പലപ്പോഴും ഞാന്‍ ആവശ്യപ്പെട്ടിരുന്നതുമാണ്. പപ്പേട്ടന്‍ ശരിക്കും വിഷമിക്കുന്നത് കാണാമായിരുന്നു.

'ഞാന്‍ സ്വാമിക്കുവേണ്ടി ഉടനെ ഒരു സിനിമ ചെയ്യും.'

അപ്പോഴേക്കും മുഹമ്മദ് മടങ്ങിവന്നു. ഞങ്ങളുടെ സംസാരം മറ്റെന്തൊക്കെയോ വിഷയങ്ങളിലേക്ക് വഴുതി മാറി. രാത്രി, പിരിയാന്‍ നേരം വാതിലില്‍ കുറച്ചു നേരം താടിയും ചൊറിഞ്ഞുനിന്ന് എന്തോ ആലോചിച്ചിട്ട്, എന്റെ മുഖത്തേക്കു നോക്കി എന്തോ പറയാനാഞ്ഞു, പറഞ്ഞില്ല. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് പപ്പേട്ടന്റെ അസിസ്റ്റന്റ് ജോഷി എന്നെ വിളിച്ചു. മദ്രാസില്‍ ഒരു ഹോട്ടലില്‍ താമസിച്ചതിന്റെ ഒരു ബില്ല് സെറ്റില്‍ ചെയ്യണം എന്നായിരുന്നു സന്ദേശം. ഞാനുടനെ എന്റെ മദ്രാസ് ഓഫീസില്‍ വിളിച്ച് ആ ബില്ല് കൊടുപ്പിച്ചു. പപ്പേട്ടന്‍ അതിനു നന്ദി പറഞ്ഞുകൊണ്ട് വിളിച്ചപ്പോള്‍, എറണാകുളത്ത് രണ്ടു ദിവസം കഴിഞ്ഞ് അത്യാവശ്യമായി ഒന്ന് കാണണം എന്ന് പറഞ്ഞു. ഞാനങ്ങനെ എറണാകുളത്ത് പോയപ്പോള്‍ പപ്പേട്ടന്‍ തിരഞ്ഞുപിടിച്ചു വന്നു. വലിയ സന്തോഷം തിരതല്ലുന്ന മൂഡിലാണ്.

'സ്വാമീ, നിങ്ങള്‍ക്ക് വിധിച്ചത് നിങ്ങള്‍ക്കുതന്നെ കിട്ടണം.'

'എന്താ പപ്പേട്ടാ?' ഞാന്‍ ചോദിച്ചു.

'അല്ല സ്വാമീ, ആ ഗന്ധര്‍വന്റെ കഥ ദാ നിങ്ങള്‍ക്ക് ഞാന്‍ തരുന്നു. എന്റെ കുറെ അഭ്യുദയകാംക്ഷികള്‍ ഈ സബ്ജക്റ്റ് ചെയ്യരുതെന്ന് പല തവണ എന്നോട് പറഞ്ഞു. ഞാന്‍ അതൊന്നും വകവെക്കാതെയാണ് അതിനു തുനിഞ്ഞത്.'

ഞാന്‍ അപ്പോള്‍ മണ്ണില്‍ മുഹമ്മദിനെപ്പറ്റിയായിരുന്നു ആലോചിച്ചത്. എന്ത് പറ്റിയിരിക്കാം അയാള്‍ക്ക്? സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ചില ഭാഗങ്ങളില്‍ ഒരു ഇഴച്ചില്‍ വരുന്നുവെന്ന് ഞാന്‍ പപ്പേട്ടനോട് സൂചിപ്പിച്ചു. 

'അതൊക്കെ വിഷ്വലൈസ് ചെയ്യുമ്പോള്‍ ശരിയായിക്കൊള്ളും. സ്വാമി അതിലൊന്നും വിഷമിക്കണ്ട.'

പത്മരാജന്‍ വലിയ എഴുത്തുകാരനാണ്. ഞാനോ വെറുമൊരു സിനിമാനിര്‍മാണക്കാരന്‍. ഞാന്‍ എന്ത് അദ്ദേഹത്തെ പഠിപ്പിക്കാനാണ്?

പഴയപോലെ ഞാന്‍ ബോംബെയില്‍ എന്റെ ജോലിത്തിരക്കുമായി അങ്ങനെ പോയി. താമസിയാതെ ഞാന്‍ ഗന്ധര്‍വന്‍ ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ തുടങ്ങി. രണ്ടോ മൂന്നോ തവണ മാത്രമേ ഞാന്‍ ലൊക്കേഷനില്‍ പോയുള്ളൂ. ഇടയ്ക്ക് പ്രൊഡക്ഷന്‍ മാനേജരാണ് വിളിച്ചുപറഞ്ഞത്, നായികയായി അഭിനയിക്കുന്ന സുപര്‍ണ ഷൂട്ടിങ് വിട്ടു പോയെന്ന്. അന്വേഷിച്ചപ്പോള്‍ പപ്പേട്ടനുമായാണ് ഇടച്ചില്‍. സുപര്‍ണ വെറുമൊരു നടിയാണ്. ആ കുട്ടിക്കറിയില്ലല്ലോ പത്മരാജന്‍ മലയാളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍കൂടിയാണെന്ന്.

ഞാന്‍ വിഷമത്തിലായി. അന്വേഷിച്ചപ്പോള്‍, പപ്പേട്ടനെ അനുസരിക്കാഞ്ഞതാണ് പ്രശ്‌നമെന്ന് അറിഞ്ഞു. ഞാന്‍ പെട്ടെന്നുതന്നെ ആ കുട്ടിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. പിന്നെയും വഴക്കൊന്നും ഉണ്ടാവാതെ നോക്കാന്‍ ഞാനും ലൊക്കേഷനില്‍ കൂടി. ഇനിയാണ് ഗന്ധര്‍വസംഭവങ്ങള്‍. പടത്തിന്റെ പ്രിന്റ് കണ്ടപ്പോള്‍ യുക്തമായ ചില അഭിപ്രായങ്ങള്‍ ഞാന്‍ പപ്പേട്ടനോട് പറഞ്ഞു. ഒന്ന്, ഒരു പാട്ട് വല്ലാതെ ബോറാവുന്നു; കേള്‍ക്കാന്‍ നല്ല പാട്ടാണെങ്കിലും. മറ്റൊന്ന്, ഗന്ധര്‍വന്‍ അവസാന സീനുകളില്‍ പറയുന്ന ദീര്‍ഘമായ സംഭാഷണങ്ങള്‍ വല്ലാതെ ഇഴയുന്നു.

എന്റെ വാദം രണ്ടും പുള്ളി വകവെച്ചില്ല: 'സ്വാമീ ഞാന്‍ പത്മരാജനാണ്, സിനിമ എന്തെന്നും പ്രേക്ഷകര്‍ക്ക് എന്ത് കൊടുക്കണമെന്നും അറിയാവുന്നവന്‍. ഞാന്‍ എടുത്തതൊന്നും, എഴുതിയതൊന്നും ആരും കട്ട് ചെയ്തിട്ടില്ല ഇതുവരെ. സ്വാമി പേടിക്കാതിരി. പത്മരാജനെ നല്ലോണം അറിയാവുന്നവരാണ് ഇവിടുത്തെ പ്രേക്ഷകര്‍.'

ഓ, ഞാന്‍ വെറുമൊരു നിര്‍മാതാവ് മാത്രമല്ലേ? പത്മരാജനെ തിരുത്താനായിട്ടില്ലല്ലോ ഞാന്‍?പത്മരാജന്‍ എടുത്ത സിനിമ അതുപോലെതന്നെ റിലീസ് ചെയ്തു. എന്റെ വിവരക്കേട് സത്യമായി. ആ പാട്ടുസീന്‍ വരുമ്പോള്‍ ആള്‍ക്കാര്‍ കോട്ടുവായിടാന്‍ തുടങ്ങി. ഗന്ധര്‍വന്റെ അവസാന ഡയലോഗുകളും കാണികള്‍ വിരസതയോടെ, തെറി കമന്റുകളോടെയാണ് സ്വീകരിച്ചത്.

പടം പൊട്ടാന്‍ പോവുന്നുവെന്ന് മനസ്സിലാക്കിയ ഞാന്‍ ആ വിരസമായ സീനുകള്‍ മാറ്റണമെന്ന് ഉറപ്പിച്ചുപറഞ്ഞു. അല്ലെങ്കില്‍ ഞാനത് സ്വയം ചെയ്യുമെന്ന് തീര്‍ത്തുപറയുകയും ചെയ്തപ്പോള്‍ പുള്ളി മനസ്സില്ലാമനസ്സോടെ കുറച്ചു ഭാഗങ്ങള്‍ കട്ട് ചെയ്തു. അതിലും ഫലമുണ്ടായില്ല. എങ്ങനെയും പടം രക്ഷിക്കാന്‍ ഞാന്‍ ഒരു അടിയന്തരനടപടിക്കു തുനിഞ്ഞു. നിതീഷ് ഭരദ്വാജിനെ ബോംബെയില്‍നിന്ന് വിളിപ്പിച്ചു. അന്ന് മഹാഭാരതം സീരിയലില്‍ കൃഷ്ണനായിട്ട് അഭിനയിച്ച പ്രശസ്തിയിലാണ്. ഞാന്‍ വിളിച്ചപ്പോള്‍ തിരക്കുകള്‍ മാറ്റിവെച്ച് നിതീഷ് എത്തി. വടക്കന്‍ജില്ലകളില്‍നിന്ന് ആരംഭിച്ച് ഗന്ധര്‍വന്‍ കളിക്കുന്ന തിയേറ്ററുകളില്‍ ഓരോന്നിലും നിതീഷിനെയുംകൊണ്ട് ഒന്ന് കറങ്ങി അതിലൂടെ പടം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ചാല്‍ ചിലപ്പോള്‍ പടം ഓടിയെങ്കിലോ എന്ന വിചാരമായിരുന്നു മനസ്സില്‍.

ഒരു അറ്റകൈപ്രയോഗം. ഇതറിഞ്ഞപ്പോള്‍ പത്മരാജനും അതില്‍ കൂടണം എന്നായി. ഞാന്‍ സന്തോഷപൂര്‍വം അത് സമ്മതിച്ചു. അങ്ങനെ തിരുവനന്തപുരത്തുനിന്ന് പത്മരാജന്‍ എത്തി. ഒപ്പം ഗാന്ധിമതി ബാലനും.  കണ്ണൂരായിരുന്നു ഞങ്ങളുടെ ആദ്യത്തെ പരിപാടി. അന്ന് ചാനലുകളുടെ ഘോഷയാത്രകളൊന്നും വന്നിട്ടില്ല. പത്രപ്പരസ്യം കണ്ടു മാത്രം ആയിരക്കണക്കിന് ആളുകള്‍ ഗന്ധര്‍വന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ പരിസരത്ത് തടിച്ചുകൂടി.

ഈ ജനങ്ങളെ കണ്ട് പപ്പേട്ടന്‍ ആഹ്ലാദവാനായി എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, 'സ്വാമീ, ഞാന്‍ നിങ്ങളെ സമ്മതിച്ചുതന്നിരിക്കുന്നു.' പടം തുടങ്ങിയപ്പോള്‍ തിയേറ്ററിന്റെ ഉള്ളില്‍ മുപ്പതു പേര്‍കൂടി ഇല്ല. ഈ വന്ന ജനമൊക്കെ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി അഭിനയിക്കുന്ന നിതീഷിനെ കാണാന്‍ മാത്രം വന്നവരായിരുന്നു. പപ്പേട്ടന്റെ കാറ്റു പോയി. സ്വതവേ ഇത്തരം പരാജയങ്ങളെ സമചിത്തതയോടെ കാണുന്നവനായിരുന്നതുകൊണ്ട് എന്റെ കാറ്റ് അവിടെത്തന്നെ നിന്നു.

പടം പൊളിഞ്ഞു എന്ന് മനസ്സിലായതോടെ, സിനിമയില്‍ വിജയക്കൊടി നാട്ടിയ ആള്‍ എന്ന നിലയില്‍നിന്നുള്ള പതനം പത്മരാജന്റെ സകല ചൈതന്യവും കെടുത്തി. ഒരല്പം വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കില്‍ ആ പടം ഹിറ്റാവുമായിരുന്നു. അത്രമാത്രം പുതുമയുള്ള ഒരു കഥയായിരുന്നു ഞാന്‍ ഗന്ധര്‍വന്റെത്. ഒരുപാടുസിനിമകളെ കാശു വാരിച്ച സംവിധായകനും തിരക്കഥാകാരനും ആയിരുന്നല്ലോ അദ്ദേഹം.

ഞങ്ങള്‍ കണ്ണൂരില്‍നിന്ന് അന്നുതന്നെ കോഴിക്കോട്ടു വന്ന് മുറികളെടുത്തു. ഞാനും നിതീഷും ഒരു മുറിയിലായിരുന്നു. രാത്രി രണ്ടു ഡ്രിങ്ക് അത്യാവശ്യമാണെന്നു തോന്നിയതിനാല്‍ ഞങ്ങള്‍ അത് തുടങ്ങിയപ്പോള്‍ ഗാന്ധിമതി ബാലന് പത്മരാജന്റെ സഹധര്‍മിണിയുടെ ഫോണ്‍ വന്നു. ഒരു ഉഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കേണ്ട സമയത്താണ് പത്മരാജന്‍ എത്തിയിരിക്കുന്നത്, ഒരു കാര്യം ശ്രദ്ധിക്കണം, പുള്ളിക്ക് ഡ്രിങ്ക് ഒന്നും കൊടുക്കരുത് എന്നായിരുന്നു ആ സന്ദേശം. എന്നാല്‍ ഞങ്ങള്‍ ഓരോ ഡ്രിങ്കുമായിരിക്കുന്നത് കണ്ടപ്പോള്‍, മാനസികമായി തളര്‍ന്ന അദ്ദേഹവും ഒരു ഡ്രിങ്ക് വേണമെന്ന് പറഞ്ഞു. ഞാന്‍ ഒത്തിരി എതിരു പറഞ്ഞിട്ടും പപ്പേട്ടന്‍ കേട്ടില്ല. ഒന്നില്‍ നിന്നില്ലെന്നു പറയേണ്ടതില്ലല്ലോ. കൂടുതല്‍ ആവാതെ ഞാന്‍ ഇടപെട്ടു. അപ്പോള്‍ പുള്ളി മതിയാക്കി. നിതീഷിനോടും എന്നോടും യാത്ര പറഞ്ഞു പോയി. എന്നാല്‍ വാതില്‍ കടന്ന പപ്പേട്ടന്‍ തിരിച്ചുവന്നു. എന്റെ കൈക്കു പിടിച്ച് മുറിയുടെ ഒരു മൂലയിലേക്ക് മാറ്റിനിര്‍ത്തി. യുദ്ധത്തില്‍ തോറ്റുപിടയുന്നപോലെയായിരുന്നു അദ്ദേഹം. സജലങ്ങളായിരുന്നു ആ നീലക്കണ്ണുകള്‍. ആ മുഖത്ത് ചില പ്രത്യേക വെളിച്ചങ്ങളാണ്, ഞാന്‍ കണ്ടത്.

'സ്വാമി ഇനി എനിക്കൊരു പടംകൂടി തരണം. ഒന്നോര്‍ത്തോ, പത്മരാജന്‍ ജീവിതത്തില്‍ ആരോടും ഒരു പടം തരാന്‍ കെഞ്ചിയിട്ടില്ല.' ആ വാക്കുകള്‍ അദ്ദേഹത്തിന്റെ ചിറകടികളായിരുന്നു എന്നറിയാതെ ഞാന്‍ പപ്പേട്ടനെ കെട്ടിപ്പിടിച്ചു.
'പപ്പേട്ടന്‍ പോയി കിടക്ക്,'ഞാന്‍ അദ്ദേഹത്തിനോടു പറഞ്ഞു.

എന്നില്‍നിന്ന് കൈത്തലം പിന്‍വലിച്ചു പോവുമ്പോള്‍ വളരെ സ്പഷ്ടമായി മറ്റൊന്നുകൂടി പറഞ്ഞു, 'സ്വാമിക്ക് ഈ പടം നഷ്ടമായാലും, ഈ പടത്തിന്റെ പേരില്‍ ഗുഡ്‌നൈറ്റ് മോഹന്‍ എന്ന പ്രൊഡ്യൂസര്‍ ഓര്‍മിക്കപ്പെടും എക്കാലവും. തീര്‍ച്ചയാണത്.' പിറ്റേന്ന് രാവിലെ എന്റെ മുറിയുടെ വാതിലില്‍ വന്നു മുട്ടിയത് പപ്പേട്ടന്റെ മരണവാര്‍ത്തയായിരുന്നു.

ആ മരണത്തിന്റെ ഞെട്ടല്‍ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ഭീതിദമായ എന്തൊക്കെയോ അതിന്റെ പിന്നാലെ വരുമ്പോലെ തോന്നി. പത്മരാജന്റെ മരണവാര്‍ത്ത പിറ്റേന്നാണ് പരക്കേ അറിഞ്ഞത്. ഇന്നത്തെപ്പോലെ ചാനലുകള്‍ ഒന്നുമില്ലാത്ത കാലമല്ലേ. എറണാകുളംവരെ നിതീഷ് കൂടെ വന്നു. അവിടെ നിന്ന് അയാള്‍ ബോംബെയ്ക്കു പോയി. ഒരു വിലാപയാത്രയായിട്ടായിരുന്നു പപ്പേട്ടന്റെ ഭൗതികശരീരം മുതുകുളത്തെ തറവാട്ടില്‍ എത്തിച്ചത്. അപ്പോഴേക്കും രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.

ഞാന്‍ അന്ന് രാത്രി ചെറിയാന്‍ കല്പകവാടിയുടെ വീട്ടില്‍ തങ്ങി. രാവിലെ ചെറിയാന്റെ അമ്മ എനിക്ക് വിചിത്രമായ ഒരു ബ്രേക്ക്ഫാസ്റ്റ് തന്നിട്ടായിരുന്നു മുതുകുളത്തേക്ക് വിട്ടത്. മുട്ടക്കറിയും പുട്ടുമായിരുന്നു ആ പ്രാതല്‍. രാവിലെ ഒന്‍പതു മണിക്കുതന്നെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടന്നു. പപ്പേട്ടന്റെ ജീവിച്ചിരിക്കുന്ന അമ്മയുടെ നിര്‍വികാരമാര്‍ന്ന മുഖം എന്നെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ഒരിറ്റു കണ്ണീരുമില്ലാതെ, യാത്രചൊല്ലിപ്പോയ മകന്റെ മുഖവും നോക്കിയിരുന്ന ആ അമ്മയുടെ രൂപം മറക്കാനാവുന്നില്ല. മുതുകുളത്തുനിന്ന് ഞാനും ഗാന്ധിമതി ബാലനും കൂടി ഒരു കാറില്‍ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. എനിക്ക് അവിടെനിന്ന് ബോംബെയ്ക്കു പോകാമല്ലോ. ഞാന്‍ പിന്‍സീറ്റിലും ബാലന്‍ മുന്നിലുമായാണ് ഇരുന്നിരുന്നത്. ഉറക്കക്ഷീണത്താല്‍ ഞങ്ങള്‍ പെട്ടെന്നുതന്നെ ഉറങ്ങിപ്പോയി.

എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണരുമ്പോള്‍ ഞാന്‍ രക്തത്തില്‍ കുളിച്ചിരിക്കുന്നു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന കാറ് ഒരു വണ്ടിയുമായി ഇടിച്ചുതകര്‍ന്നിരിക്കുന്നു. പുറത്തു ജനക്കൂട്ടമുണ്ട്. സിനിമാക്കാരുടെ കാറാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്ന് ആരോ പറഞ്ഞറിഞ്ഞ് കാറ് വെട്ടിപ്പൊളിച്ച് എന്നെയും ബാലനെയും നാട്ടുകാര്‍ പുറത്തെടുത്തു. ഗാന്ധിമതി ബാലന് ബോധമില്ല. എന്റെ തലയില്‍ മുഴുവന്‍ ചോരയാണ്. കുപ്പിച്ചില്ലുകള്‍ തറഞ്ഞിരിക്കുന്നു. തൊട്ടടുത്തുള്ള ഒരു സര്‍ക്കാര്‍ പരിപാലനകേന്ദ്രത്തില്‍ കൊണ്ടുപോയി.

ഞങ്ങള്‍ക്കു പിന്നാലെ നിരനിരയായി മുതുകുളത്തുനിന്ന് വന്ന സിനിമാക്കാര്‍ പലരും ആ അപകടമുണ്ടായിടത്ത് ഇറങ്ങി. ഗുഡ്‌നൈറ്റ് മോഹന്‍ വന്ന കാറാണ് തകര്‍ന്നുകിടക്കുന്നത്, പുള്ളി അപ്പോള്‍ത്തന്നെ മരിച്ചു എന്ന വാര്‍ത്തയും പരന്നു. നടന്‍ ഗണേശനും മേനകാ സുരേഷുമൊക്കെ ഉറക്കെ നിലവിളിച്ചുകൊണ്ടു വന്നപ്പോള്‍ ഞാന്‍ ജീവനോടെയുണ്ട്. ഉടനെ അവര്‍ എന്നെയും ബാലനെയും വെവ്വേറെ വാഹനങ്ങളില്‍ കേറ്റി തിരുവനന്തപുരത്തേക്കു പാഞ്ഞു. ഒരു സംഘം കാറുകള്‍ പുറകെ. അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുന്‍പ് ഞാന്‍ ഒരു ഫോണ്‍ബൂത്തില്‍ കയറി ബോംബെയിലെ വീട്ടിലേക്കു വിളിച്ചു. വിചാരിച്ചപോലെ എന്റെ മരണവാര്‍ത്ത അവിടെയും എത്തിയിയിരുന്നു.

ഞാന്‍ ചത്തിട്ടില്ലെന്ന് ഭാര്യയെ പറഞ്ഞറിയിക്കാന്‍ ചില്ലറ പാടല്ല പെട്ടത്. അന്ന് എന്റെ അമ്മയും ബോംബെയിലുണ്ട്. അമ്മയുമായും ഞാന്‍ സംസാരിച്ചു. അവരെയും സമാധാനിപ്പിച്ചിട്ടാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു വാര്‍ത്തയെത്തി. ബോംബെയില്‍ നിന്ന് പുണെയ്ക്ക് പോകവേ നിതീഷ് ഭരദ്വാജിന്റെ കാറ് അപകടത്തില്‍പ്പെട്ടു, ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ടെന്ന്.
എന്തോ ശാപം പിന്തുടരുന്നപോലെ.

mohanam
പുസ്തകം വാങ്ങാം

വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വയ്യാത്ത കാര്യങ്ങളാണ്. ഏറ്റവും വിചിത്രം, ഒരുപാടു നാള്‍ക്കു ശേഷം ഞാന്‍ ആലപ്പുഴനിന്ന് തിരുവനന്തപുരത്തേക്കു വരുമ്പോള്‍ അന്ന് അപകടമുണ്ടായ അതേ സ്ഥലത്തുവെച്ചുതന്നെ സഞ്ചരിച്ചിരുന്ന കാറിന്റെ ആക്‌സില്‍ ഒടിഞ്ഞു. വിചിത്രമാണോ ഇത്? സത്യമുണ്ടോ ഈ കാര്യങ്ങളില്‍? അറിയില്ല.

ഒരു സത്യം പറയട്ടെ. ഇന്നും എന്നില്‍ ഗന്ധര്‍വന്‍ റീമേക്ക് ചെയ്യണം എന്ന വലിയ ആശ വളരുകയാണ്. അത്രമാത്രം അചുംബിതമാണ് അതിന്റെ കഥ. പത്മരാജനല്ലാതെ മറ്റാര്‍ക്കും എഴുതാനാവില്ല ഇങ്ങനെ ഒരു കഥ.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗുഡ്നൈറ്റ് മോഹന്റെ ആത്മകഥയായ മോഹനത്തില്‍ നിന്നും

മോഹനം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: njan gandharvan Padmarajan Good night Mohanan book