ത്താംക്ലാസിനപ്പുറം പഠിക്കാന്‍ കഴിഞ്ഞില്ല.'' ഇനി എവിടെയെങ്കിലും ചെന്ന് എന്തെങ്കിലും ചെറിയ ജോലി അന്വേഷിച്ചോ. ആരെങ്കിലും ശിപായി ആയി നിയമിച്ചാല്‍, വെള്ളമെടുത്തുകൊടുക്കാനോ മറ്റോ... എങ്ങനെയെങ്കിലും അല്പം വരുമാനം ഉണ്ടാകും,'' അച്ഛന്‍ പറഞ്ഞു.

അച്ഛന് ഗ്രാമത്തില്‍ ഹരിജനങ്ങള്‍ താമസിക്കുന്ന ഭാഗത്ത് ഒരു ചെറിയ കടയുണ്ടായിരുന്നു. അച്ഛന്‍ കച്ചവടാവശ്യത്തിനു ടൗണില്‍ പോകുമ്പോള്‍ ഞാന്‍ കടയില്‍ ഇരിക്കും. എനിക്ക് പാട്ട് ഇഷ്ടമായിരുന്നു. പാട്ടിനോടുള്ള താത്പര്യം കൂടിയപ്പോള്‍ ഞാന്‍ അച്ഛനോടു പറഞ്ഞു, ''എനിക്ക് യമലാജട്ടിന്റെ ശിഷ്യനാവാന്‍ മോഹമുണ്ട്. എന്റെകൂടെ ലുധിയാനയിലേക്കു വരണം.''

അച്ഛന്‍ സ്‌നേഹപൂര്‍വം മനസ്സിലാക്കാന്‍ ശ്രമിച്ചു, ''അതുവേണ്ട മോനേ. വൈശ്യനായി ജനിച്ച് പാണന്റെ (മരാസി) ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? ഇതു നമ്മുടെ അന്തസ്സിനു ചേര്‍ന്നതല്ല. യമലാജട്ടിന്റെ ശിഷ്യനായി എന്തു കിട്ടാന്‍?''

ഞാന്‍ പാട്ടുപഠിക്കണമെന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ അച്ഛന്‍ കൂടെ വരാമെന്നു സമ്മതിച്ചു. ഞങ്ങള്‍ ലുധിയാനയിലെത്തി. ഉസ്താദ് ലാല്‍ചന്ദ് യമലാജട്ടിന്റെ വാസസ്ഥലത്ത് കൊല്ലത്തിലൊരിക്കല്‍ ബാബാ പീര്‍ കടോരേ ഷായുടെ സ്മരണയില്‍ ഒത്തുകൂടിയിരുന്നു. അവിടെവെച്ച് ഗുരു പുതിയശിഷ്യരെ എടുത്തിരുന്നു. അവിടെ കലാകാരന്മാരുടെ നല്ല തിരക്കുണ്ട്. ദക്ഷിണയായി ഞാന്‍ ഗുരുവിന് ഒരു തലപ്പാവു സമ്മാനിച്ചു. പതിവുരീതിയില്‍ ഒരു നുള്ള് ഉപ്പ് പ്രസാദമായി തന്നു. ചായയും ലഡ്ഡുവും തന്നു. അങ്ങനെ ഞാന്‍ യഥാര്‍ഥശിഷ്യനായിത്തീര്‍ന്നു. ഉണക്കമത്തങ്ങകൊണ്ട് ഉണ്ടാക്കിയ തൂംബിയില്‍ വിരലോടിക്കാന്‍ അഭ്യസിച്ചു. ഉസ്താദ് സ്വയംരചിച്ച പാട്ടുകളാണ് പാടിയിരുന്നത്.
  
ഭക്തിയോടെ പവിത്രഗുരുവാണി പാരായണം ചെയ്യാന്‍ കുട്ടിക്കാലംതൊട്ടേ ഞാന്‍ ശീലിച്ചിരുന്നു. പ്രദേശത്തെ സ്ഥിരം വായനക്കാരനായ സിങ്ങിനും ഇതറിയാം. അഖണ്ഡപാരായണത്തിനു വായനക്കാരുടെ കുറവുണ്ടായാല്‍ പല തവണ എന്നെയും കൂടെ കൂട്ടിയിരുന്നു. എന്റെ വായന കേട്ട് ആളുകള്‍ പറയാറുണ്ട്, ''കൊച്ചുകുട്ടിയാണെങ്കിലും ഗാംഭീര്യമുള്ള ശബ്ദം. നന്നായി വായിക്കുന്നുണ്ട്.''

ഭോഗ് എന്ന സാമൂഹികസദ്യയുള്ളപ്പോള്‍ അതിനുശേഷം തൂംബി മീട്ടി ഭക്തിഗാനങ്ങള്‍ ആലപിച്ചിരുന്നു. ആളുകള്‍ നോട്ടുകളുഴിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. അത് എന്റെ ഉത്സാഹം വര്‍ധിപ്പിച്ചിരുന്നു. അങ്ങനെ കുറെ പണവും കിട്ടി. നൂറുനൂറ്റമ്പതു രൂപവരെ. നെറ്റിയില്‍ കുറിയിടുന്നതിന് വേറെയും പണം ലഭിക്കും. ഉണക്കമുന്തിരി, കല്ക്കണ്ടം, ഏലക്കായ, ഈത്തപ്പഴം, സരോപ എന്നിവയും ലഭിച്ചിരുന്നു.

ഞാന്‍ ജഡ്ജിയുടെ ശിപായിയായിരുന്നു എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടെ വന്നവരിലൊരാള്‍ അസൂയയോടെ പറഞ്ഞു, 'ഈ മൊട്ട രണ്ടുനിലയ്ക്കും ലാഭമെടുക്കുന്നു. തൂംബിയും വായിക്കുന്നു, തിലകമണിയിക്കുന്നതിന്റെയും പണവും വാങ്ങുന്നു. ഇനിമുതല്‍ ഇവനെ വിളിക്കേണ്ട.'
വേറെ ചിലര്‍ പറയും, 'മകന്റെ വിവാഹനിശ്ചയമാണ്. അന്നു വരണം.' ഇത്തരം പരിപാടികളും കിട്ടും. വിളിക്കുന്ന സ്ഥലത്തെല്ലാം ഞാന്‍ പൊയ്ക്കൊണ്ടുമിരുന്നു.

njaan judgiyude sipayiyaayirunu mathrubhumiകടയില്‍നിന്നും അച്ഛനു കഷ്ടിച്ച് നൂറ്റമ്പതോ ഇരുനൂറില്‍ താഴെയോ മാത്രം വരുമാനമേ ലഭിച്ചിരുന്നുള്ളൂ. ഓരോ രൂപയ്ക്ക് ഉള്ളിയും ഉരുളക്കിഴങ്ങും അന്‍പതു പൈസയ്ക്ക് ഉപ്പും മഞ്ഞളും വിറ്റ വകയില്‍. ഞാന്‍ അഞ്ഞൂറോ അറുനൂറോ രൂപ അച്ഛന്റെ കൈയില്‍ കൊടുക്കും. അച്ഛന്‍ പറയും, ജോലിയെക്കാള്‍ ഇതാണ് നല്ലത്.
'ഇത് നല്ലതാണെന്ന് ഇപ്പോള്‍ പറയുന്നു. മുന്‍പ് എന്താണ് പറഞ്ഞത്. പാട്ടുപാടുന്നത് വൈശ്യബാലന്മാര്‍ക്ക് ചേരില്ലെന്നു പറഞ്ഞത് ഓര്‍മയില്ലേ,' ഞാന്‍ ചോദിച്ചു. അച്ഛന്‍ ചിരിച്ചു. കുറച്ചുകാലം അങ്ങനെ കഴിഞ്ഞുപോയി.

ഒരു ദിവസം കോടതിവഴി പോകുമ്പോള്‍ ബന്ധുവായ വക്കീലിന്റെ മുറിയിലിരുന്ന എഴുത്തുകാരനായ സുഹൃത്ത് എന്നെ കണ്ടു. അങ്ങോട്ടു ക്ഷണിച്ചു. 'എങ്ങോട്ടു പോകുന്നു. ഇവിടെ വാ. ഇരിക്ക്. പുതിയ വിശേഷങ്ങളെന്തെല്ലാം?'
ഞാന്‍ ഇരുന്നു. 'ഇപ്പോള്‍ എന്തു ചെയ്യുന്നു? എന്തൊക്കെയാണ് പരിപാടികള്‍?' സുഹൃത്ത് ചോദിച്ചു,
'എന്തു ചെയ്യാന്‍? പത്താംക്ലാസു മാത്രം പാസായവന് ആര് ജോലി കൊടുക്കും,' ഞാന്‍ പറഞ്ഞു.
'നീ ഒരു കാര്യം ചെയ്യ്, ജോലി ശരിയാകുന്നതുവരെ ഈ വക്കീലിന്റെയടുത്തു വന്നിരിക്ക്. എന്റെ ബന്ധുവാണ്. വക്കീല്‍ഗുമസ്തനില്‍നിന്നും പണി പഠിക്ക്. എന്നാല്‍ ശരിക്കും ഒരു ഗുമസ്തനായിത്തീരാം. ദിവസവും നല്ല കൂലി കിട്ടും.'

ഞാന്‍ അടുത്ത ദിവസംതൊട്ട് വക്കീലിന്റെ അടുത്തെത്തി. 'ഈ പയ്യനെ എല്ലാ പണിയും നന്നായി പഠിപ്പിച്ചുകൊടുക്കണം,' ഗുമസ്തനോടു പറഞ്ഞു, 'എന്റെ പരിചയക്കാരനാണ്, കലാകാരനുമാണ്. എഴുത്തുകാരന്‍.'
കുറച്ചുദിവസങ്ങള്‍ക്കുശേഷം ഞാന്‍ കക്ഷികള്‍ക്ക് കോടതിയില്‍ ഹാജരാകുന്നതിനുള്ള തീയതി ലഭിക്കാനായി കോടതിക്കകത്തുപോകാന്‍ തുടങ്ങി. ജഡ്ജിമാരെ കണ്ടപ്പോള്‍ നേരേ മുന്നില്‍ച്ചെല്ലാന്‍ ശ്രമിച്ചില്ല. പിന്നില്‍ നിന്നതേയുള്ളൂ. ജഡ്ജിയോട്, 'സര്‍, ഇത് ഞങ്ങളുടെ കേസ്. ദിവസം നിശ്ചയിച്ചുതരണം' എന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.

ഒരു ദിവസം  സീനിയര്‍ ഗുമസ്തനായ പൃഥീസിങ് പറഞ്ഞു, 'ഇങ്ങനെ പോയാല്‍ നിന്റെ പണി നടക്കില്ല. പരിഭ്രമിച്ചും പേടിച്ചും ജഡ്ജിയില്‍നിന്നും അകന്നുനിന്നാല്‍ അവിടെ നിന്നുപോകുകയേ ഉള്ളൂ. ധൈര്യപൂര്‍വം കേസ്ഫയലുമായി നേരേ കോടതിയില്‍ച്ചെന്ന് ജഡ്ജിയെ അഭിവാദ്യം ചെയ്യണം. വളരെ ഭവ്യതയോടെ സൗമ്യമായി വേണം അഭിവാദ്യം ചെയ്യാന്‍. അനാവശ്യകാര്യങ്ങള്‍ പറയരുത്. എങ്കില്‍ ജഡ്ജി മറ്റൊന്നും പറയില്ല. അദ്ദേഹവും മനുഷ്യനാണല്ലോ. നീ വെറുതേ ഭയപ്പെടരുത്. സ്വയം ആത്മവിശ്വാസം ഉണ്ടാക്കണം. നാട്ടിന്‍പുറത്തുകാര്‍ വലിയ ധൈര്യശാലികളാണല്ലോ.'

ഗുമസ്തന്റെ വാക്കുകേട്ട് എന്റെ ഉത്സാഹം വര്‍ധിച്ചു. വളരെ ശ്രദ്ധയോടെ ഗുമസ്തപ്പണിയില്‍ തുടര്‍ന്നു.
അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. വക്കീലന്മാര്‍, ഗുമസ്തന്മാര്‍, ജഡ്ജിമാര്‍, ശിപായിമാര്‍, ദൂതന്മാര്‍ എന്നിവരും മറ്റു ജീവനക്കാരുമായി നല്ല പരിചയവും ഉണ്ടാക്കി. പല ജഡ്ജിമാരും ഈ യുവഗുമസ്തന്‍ കലാകാരനും എഴുത്തുകാരനുമാണെന്ന് ഇതിനകം അറിഞ്ഞിരുന്നു. പലരും പത്രങ്ങളില്‍വന്ന ഫോട്ടോ കാണുകയും ലേഖനങ്ങളും രചനകളും വായിക്കുകയും ചെയ്തിരുന്നു.

ഞാന്‍ ചെല്ലുമ്പോഴെല്ലാം കോടതിയിലെ ഒരു ജഡ്ജി എന്നെ കാണുമ്പോള്‍ വളരെ താത്പര്യം കാണിച്ചിരുന്നു. എന്റെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ചോദിക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും പത്രത്തിലോ മാസികയിലോ എന്റെ എന്തെങ്കിലും അച്ചടിച്ചുവന്നാല്‍ അതിന്റെ കോപ്പി ജഡ്ജിക്ക് നല്കിയിരുന്നു. പഞ്ചാബിപത്രം അദ്ദേഹത്തിന്റെ വീട്ടിലും വരുത്തിയിരുന്നു. പലതവണ രാവിലെ എന്നെ വിളിച്ചു പറയാറുണ്ട്, 'ഇന്നു പത്രത്തില്‍ നിന്റെ രചന അച്ചടിച്ചുവന്നിട്ടുണ്ട്. ഞാന്‍ വായിച്ചിട്ടാണ് വരുന്നത്. നന്നായിട്ടുണ്ട്.'

കോടതിയില്‍ ജോലിചെയ്തതുകൊണ്ട് എല്ലാ ശിപായിമാരുമായി നല്ല പരിചയമായി. നീതിപീഠത്തിനു മുന്‍പില്‍നിന്ന് ഏതെങ്കിലും ശിപായി 'കക്ഷി ഹാജരുണ്ടോ?' എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുമ്പോള്‍ തോന്നാറുണ്ട്, ഇവന്‍ ആളു കൊള്ളാമല്ലോ... ജഡ്ജിയുടെ കൂടെയാണ് ജോലി. ഞാനും ഇവരെപ്പോലെ  ഇവിടെ 'വിളിച്ചുപറയുന്ന'വരുടെ കൂടെ ചേര്‍ന്നാല്‍ എന്റെ അന്തസ്സും കൂടും; ശമ്പളവും ഉറപ്പാകും.

ഒരു ദിവസം സെഷന്‍സ് കോടതിയില്‍ ഒരു നോട്ടീസ് പതിച്ചിരുന്നു. നാലു ശിപായിമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചതാണ്. ഞാന്‍ ശിപായിജോലിക്ക് അപേക്ഷ നല്കാന്‍ തീരുമാനിച്ചു. വക്കീലിനോടും ചില കൂട്ടുകാരോടും അഭിപ്രായം ചോദിച്ചു. തുടര്‍ന്ന് അപേക്ഷ നല്കി.
ഇന്റര്‍വ്യൂ ദിവസം സെഷന്‍സ് ജഡ്ജിയുടെ മുറിക്കു മുന്‍പില്‍ ഇരുപത്- ഇരുപത്തിയഞ്ച് പേര്‍ എത്തിയിട്ടുണ്ട്. എല്ലാവരും ശിപായിയാവാന്‍ തയ്യാറായി വന്നവര്‍. തരക്കേടില്ലാത്ത കുടുംബങ്ങളില്‍നിന്നുള്ളവരെങ്കിലും തൊഴിലില്ലാത്തവരായിരുന്നു അവരൊക്കെ. ഞാനും അവരുടെ കൂട്ടത്തില്‍ക്കൂടി. എന്റെ ഊഴമായി. ഞാന്‍ അകത്തു ചെന്നു. സെഷന്‍സ് ജഡ്ജിയും സീനിയര്‍ സബ് ജഡ്ജിയും സൂപ്രണ്ടുമാണ് ഇന്റര്‍വ്യൂ ചെയ്യുന്നത്. ഞാന്‍ രണ്ടു കൈയും കൂപ്പി എല്ലാവര്‍ക്കും 'നമസ്‌തേ' പറഞ്ഞു.

സെഷന്‍സ് ജഡ്ജി എന്നെ നോക്കി പറഞ്ഞു, 'ഈ പയ്യനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.'
അടുത്തിരുന്ന സബ് ജഡ്ജി പറഞ്ഞു, 'ഉവ്വ് ഞാനും കണ്ടിട്ടുണ്ട്. നീ ഇവിടെ എവിടെയെങ്കിലും ഗുമസ്തനായി നില്ക്കുന്നുണ്ടോ?'
'ശരിയാണ് സര്‍, ഞാന്‍ ഗുമസ്തനാണ്.'
'എന്നാല്‍ നീ ഗുമസ്തനായി തുടരുക. സ്വാതന്ത്ര്യമുള്ള ജോലിയാണ്. എന്തിനാണ് ശിപായി ആകുന്നത്?' ഇടതുചെവി ചൊറിഞ്ഞുകൊണ്ട് സെഷന്‍സ് ജഡ്ജി പറഞ്ഞു.

'സര്‍, ദാരിദ്ര്യം കാരണമാണ്. സഹോദരങ്ങളില്‍ മൂത്തവനാണ്. വീട്ടിലെ സാമ്പത്തികനില വളരെ മോശമാണ്.'
ഞാന്‍ പറഞ്ഞുതീരുന്നതിനു മുന്‍പുതന്നെ ജഡ്ജി ചോദിച്ചു, 'വീട്ടുജോലികള്‍ എന്തെല്ലാം ചെയ്യാനറിയാം? ചപ്പാത്തിയൊക്കെ ഉണ്ടാക്കാനറിയാമോ? അടുക്കളജോലിയാണ് ഏറ്റവും പ്രധാനം.'

'അറിയാം സര്‍. ചപ്പാത്തി ഉണ്ടാക്കും. വീട്ടിലെ മറ്റെല്ലാ ജോലികളും ചെയ്യാനറിയാം.'
സീനിയര്‍ ജഡ്ജ് തന്റെ കണ്ണട ഊരിക്കൊണ്ട് പറഞ്ഞു, 'ഇവിടെ എല്ലാ ജോലികളും ചെയ്യേണ്ടിവരും. ചപ്പാത്തി ഉണ്ടാക്കുന്നതുതൊട്ട് തുണി അലക്കുക, പാത്രം കഴുകുക, പാല്‍ കറക്കുക, കാലിത്തീറ്റ കൊടുക്കുക, ചാണകമെടുക്കുക, കുട്ടികളെ സ്‌കൂളില്‍ വിടുക, കൊണ്ടുവരുക, ബംഗ്ലാവിലും കച്ചേരിയിലുമുള്ള ജോലികള്‍ ചെയ്യുക. ലീവൊന്നുമില്ല. ഞായറാഴ്ചയും ലീവില്ല.'

'സര്‍,  എല്ലാ പണിയും ചെയ്യാം. വീട്ടിലും ഇതെല്ലാം ചെയ്യുന്നതാണ്. അമ്മയ്ക്ക് അസുഖമാണ്. ഞാന്‍തന്നെയാണ് വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത്.'
'നീ ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷം നിന്റെ അമ്മയ്ക്കു സുഖമില്ലാതായാല്‍ പിന്നെ വീട്ടിലെ ജോലികള്‍ ആരു ചെയ്യും?'
'സര്‍, എന്റെ അനുജനുണ്ട്. അവനും എല്ലാ ജോലിയും അറിയാം. അവന്‍ ചെയ്യും.'
'ശരി. നിനക്കുപോകാം. നോക്കട്ടെ, പിന്നെ അറിയിക്കാം.'

ഞാന്‍ വക്കീലിന്റെ അടുത്തു ചെന്നിരുന്നു. രണ്ടുരണ്ടര മണിക്കൂറിനുശേഷം ജഡ്ജിയുടെ ശിപായി അവിടേക്കു വന്നു. 'വാ, സാഹബ് വിളിക്കുന്നു. നിന്റെകാര്യം ശരിയായെന്നു തോന്നുന്നു.'
ഞാന്‍ വീണ്ടും ജഡ്ജിമാരുടെ സമക്ഷം ഹാജരായി. സെഷന്‍സ് ജഡ്ജി പറഞ്ഞു, 'നീ ഒരു കാര്യം ചെയ്യ്. കുറച്ചുദിവസം നിന്റെ ജോലി വിലയിരുത്തട്ടെ. ആദ്യം നീ  ജോലി ചെയ്തു കാണിക്ക്. ഈ ജഡ്ജിയുടെ വീട്ടില്‍ രാവിലെമുതല്‍ ജോലി ചെയ്യണം. ശരിയായി   ജോലി ചെയ്യുമെങ്കില്‍ നിയമിക്കാം.'

'ശരി, സര്‍. വളരെ നന്ദി.'
എനിക്കു ശിപായിജോലി ലഭിച്ച വിവരം കോടതിയിലെ എല്ലാവര്‍ക്കും മനസ്സിലായി. കച്ചേരിയിലെ പരിചയക്കാര്‍ ഓരോരുത്തരായി ആശംസകള്‍ നേരാന്‍ വന്നു.
വൈകുന്നേരം വീട്ടിലെത്തി മാതാപിതാക്കളോടു കോടതിയില്‍ ശിപായിയായി നിയമിച്ച കാര്യം പറഞ്ഞു. സര്‍ക്കാര്‍ജോലി എന്നു കേട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അമ്മ പലവട്ടം ആശീര്‍വദിച്ചു. അച്ഛന്‍ തലയില്‍ തടവിക്കൊണ്ടിരുന്നു. ഞങ്ങളുടെ പണിതീരാത്ത വീട്ടില്‍ സന്തോഷം നിറഞ്ഞു.

Ninder Ghugianvi, Ninder Ghugianvi's autobiography, corruption in judiciary in india