സൗമ്യ സാജിദ്
രണ്ടു കാലിലും നാലു കാലിലും എട്ടു കാലിലും ആയിരം കാലിലുമെല്ലാം ജന്തുജീവജാലങ്ങളുടെ സഞ്ചാരങ്ങള്‍ പലവിധം. ഇഴഞ്ഞും പറന്നും നീന്തിയും നിരങ്ങിയുമെല്ലാം സഞ്ചരിക്കുന്ന ജന്തുജാലങ്ങളില്‍നിന്ന് രണ്ടുകാലില്‍ എഴുന്നേറ്റു നില്‍ക്കാനും നട്ടെല്ലു നിവര്‍ന്നു നടക്കാനും പഠിച്ചത് മനുഷ്യവര്‍ഗ്ഗം. അല്ലെങ്കില്‍, മനുഷ്യനിലേക്കുള്ള പരിണാമദിശയിലെ ആദിമരൂപങ്ങള്‍. എന്തിനുവേണ്ടിയായിരിക്കാം രണ്ടുകാലില്‍ നടുനിവര്‍ന്ന ആദിമമനുഷ്യന്റെ ആദ്യസഞ്ചാരങ്ങള്‍! നിന്ന നിലയില്‍നിന്ന് ഒരു ചുവടു മുന്നോട്ടുവെക്കാന്‍ മനുഷ്യമസ്തിഷ്‌കം കാലുകള്‍ക്ക് ആദ്യ നിര്‍ദ്ദേശം കൊടുത്തത് എത്തിപ്പിടിക്കാന്‍വേണ്ടിയാവണം. ഇരയെ എത്തിപ്പിടിക്കാന്‍... അല്ലെങ്കില്‍ ഇണയെ എത്തിപ്പിടിക്കാന്‍... അടിസ്ഥാനചോദനകളും അടിസ്ഥാനകാമനകളും തന്നെയാവണം മനുഷ്യനെ മുന്നോട്ടു ചുവടുവെക്കാന്‍ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും. കാല്‍നടയുടെയും കുതിപ്പുകളുടെയും വേഗം മനുഷ്യന് മതിയാവാതെവന്നതും തേടലുകളുടെ ഭാഗമായിത്തന്നെയാവണം.
അതൊരുപക്ഷേ, രക്ഷ തേടലുമാകാം. ഒഴുക്കിലിട്ട പൊങ്ങുതടിപ്പുറത്തെ യാത്ര പിന്നെ ഒഴുക്കിനെതിരേയും ഒഴുക്കുമുറിച്ചും സഞ്ചരിക്കാനുള്ള വ്യഗ്രതയില്‍ വഞ്ചികള്‍ കൊത്തിയെടുത്തു. സ്വന്തം കുതിപ്പിന്റെ പോരായ്മകള്‍ മനുഷ്യന്‍ കുതിരപ്പുറമേറ്റി. ആനപ്പുറമേറിയ സംഹാരവാസനകള്‍ സഞ്ചാരസാദ്ധ്യതകളെ യുദ്ധസാദ്ധ്യതകളാക്കി പരിവര്‍ത്തനം ചെയ്തു. കാറ്റിനു കുറുകേ കെട്ടിയ പായകള്‍ കരകാണാക്കടലുകള്‍ അധീനപ്പെടുത്തി. കാല്‍നടയില്‍ ഒതുങ്ങാത്ത സഞ്ചാരവ്യഗ്രതകള്‍ മനുഷ്യനെ പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലേക്കെത്തിച്ചു. സമുദ്രയാനങ്ങള്‍, ചക്രവാഹനങ്ങള്‍, വിമാനങ്ങള്‍, ബഹിരാകാശപേടകങ്ങള്‍... ശമിപ്പിക്കാനാവാത്ത സഞ്ചാരാകാംക്ഷകള്‍ അനന്തമായി വളരുകയാണ്. യാത്രകള്‍ക്കിടയില്‍ എവിടെയൊക്കെയോ കാഴ്ചകളുടെ കൗതുകങ്ങളില്‍ ഉടക്കിപ്പോയിട്ടുണ്ട് മനുഷ്യഹൃദയങ്ങള്‍.
കാഴ്ചകള്‍ തേടി, സംസ്‌കാരങ്ങള്‍ തേടി, കാഴ്ചയ്ക്കുമപ്പുറമുള്ള ദൂരങ്ങളിലെ അറിവുകളും അനുഭവങ്ങളും തേടിയുള്ള യാത്രകള്‍ മനുഷ്യനെ സഞ്ചാരിയാക്കി. കഴുതപ്പുറത്തും കാല്‍നടയായും അല്ലാതെയുമെല്ലാം അനേകസഹസ്രം മൈലുകള്‍ താണ്ടി, രാജ്യങ്ങളും സമുദ്രങ്ങളും ജനസഞ്ചയങ്ങളും താണ്ടി മനുഷ്യനെയും പ്രകൃതിയെയും അറിയാന്‍ പുറപ്പെട്ടവര്‍ എത്രയോപേരുണ്ട്. ലോകമറിയുന്ന സഞ്ചാരികളുടെ പേരുകള്‍ നാം ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. അവരുടെ സഞ്ചാരവിവരങ്ങള്‍ എത്രയോ പഠിച്ചിട്ടുണ്ട്. ഓരോ സഞ്ചാരിയും അറിഞ്ഞോ അറിയാതെയോ കാലത്തെ രേഖപ്പെടുത്തുന്ന ചരിത്രകാരനോ ചരിത്രകാരിയോ ആകുന്നു. നമ്മുടെ ഭാഷയില്‍ എസ്.കെ. പൊറ്റെക്കാട്ടാണ് വിദൂരദേശകാഴ്ചകളുടെയും കാലഘട്ടങ്ങളുടെയും അക്ഷരപ്പകര്‍ച്ച ഏറെ വിളമ്പിത്തന്ന മാതൃകാസഞ്ചാരസാഹിത്യകാരന്‍. പലരുടെതായി യാത്രാവിവരണങ്ങളുടെ ഒരു ബൃഹദ് ശേഖരംതന്നെയുണ്ട് അച്ചടിയായും കാഴ്ചാവിവരണമായുമൊക്കെ നമുക്കു മുന്നില്‍. എങ്കിലും ഒരാള്‍ കാണുന്നതുപോലെയല്ല മറ്റൊരാള്‍ ഒന്നിനെയും കാണുന്നത്. ഒരു സഞ്ചാരി കണ്ടതാവണമെന്നില്ല ഒരേ ദേശത്തുതന്നെ മറ്റൊരു സഞ്ചാരി കണ്ടെത്തുന്നത്.
ഇവിടെ അതീവ ലളിതമായ ശൈലിയില്‍ നമ്മോടു യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സൗമ്യ സാജിദ്. യാത്രാവിവരണം എഴുതാന്‍വേണ്ടി ഒരു സുപ്രഭാതത്തില്‍ പെട്ടിയെടുത്ത് പുറപ്പെട്ട ആളല്ല സൗമ്യ. കലാകാരിയെന്ന നിലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ നടത്തിയ ദേശ-വിദേശ യാത്രകള്‍, പിന്നെ വിവാഹാനന്തരജീവിതം ഒരുക്കിയ വിനോദയാത്രകള്‍, ബിസിനസ് സാദ്ധ്യതകള്‍ തേടി മാത്രം നടത്തിയ വിദേശയാത്രകള്‍... ഇങ്ങനെ ബഹുമുഖമായ യാത്രകള്‍ സൗമ്യയില്‍നിന്ന് ഒരു സഞ്ചാരസാഹിത്യമെഴുത്തുകാരിയെ രൂപപ്പെടുത്തി എന്നുവേണം അനുമാനിക്കാന്‍. പുരുഷന്റെ ദേശാന്തരസഞ്ചാരങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് സ്ത്രീയുടെ യാത്രകള്‍. പുരുഷന്റെ യാത്രാഭാരങ്ങളല്ല സ്ത്രീയുടേത്. അപരിചിതദേശങ്ങളില്‍ പുരുഷന്‍ അനുഭവിക്കുന്ന തരത്തിലാവണമെന്നില്ല സ്ത്രീയുടെ ഹൃദയമിടിപ്പ്. യാത്രാവേളകളിലെ അവിചാരിതസന്ദര്‍ഭങ്ങളും യാദൃച്ഛികതകളും സ്ത്രീയെ സ്പര്‍ശിക്കുന്നത് പുരുഷന്‍ അനുഭവിക്കുന്ന തരത്തിലാവണമെന്നില്ല. സ്ത്രീയുടെയും പുരുഷന്റെയും യാത്രാനുഭവങ്ങള്‍ എങ്ങനെ വ്യത്യസ്തമാവുന്നു എന്ന് സൗമ്യയുടെ യാത്രാക്കുറിപ്പുകളില്‍ ഉടനീളം വായിക്കാം.
കൈക്കുഞ്ഞുമായി യാത്രചെയ്യുമ്പോള്‍ അഥവാ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ദേശം വിട്ടു യാത്ര ചെയ്യുമ്പോള്‍ സ്ത്രീയുടെ അനുഭവങ്ങള്‍ കേവലമൊരു സഞ്ചാരിയുടേതു മാത്രമല്ല. ഈ പുസ്തകത്തിലെ കുറിപ്പുകളിലേറെയും ഒരു സ്ത്രീയുടെ അല്ലെങ്കില്‍ അമ്മയുടെ യാത്രാനുഭവസാക്ഷ്യങ്ങളാണ്. എന്നാല്‍ ഇവയിലൊന്നുപോലും പുരുഷനെ അനുധാവനം ചെയ്യുന്ന അല്ലെങ്കില്‍ ഭര്‍ത്താവിനു കൂട്ടുപോകുന്ന സ്ത്രീയുടെ കുറിപ്പുകളേയല്ല. സ്വന്തം വ്യക്തിത്വത്തിന്റെയും നിലപാടുകളുടെയും രാഷ്ട്രീയ സാമൂഹികബോധത്തിന്റെയും ചരിത്രാവബോധത്തിന്റെയും അടിത്തറയില്‍ നിന്നുകൊണ്ടുതന്നെയാണ് സൗമ്യ താന്‍ കണ്ട കാഴ്ചകളെ വരച്ചിടുന്നത്. വായനയുടെ പല ഘട്ടങ്ങളിലും സൗമ്യയുടെ കുറിപ്പുകളിലെ മനുഷ്യത്വം നമ്മുടെ മനസ്സിനെ തൊട്ടും, എഴുത്തിലെ ആര്‍ദ്രത പലപ്പോഴും യാത്രാവിവരണത്തിന്റെ സ്വാഭാവികപരിമിതികളെ ഭേദിച്ചും നമ്മെ ആര്‍ദ്രഹൃദയരാക്കും. വെറും കാഴ്ചകളുടെ പ്രത്യക്ഷത്തില്‍നിന്നും അതിനപ്പുറത്തെയോ അതിനു പിന്നിലെയോ ജീവിതത്തെക്കുറിച്ചുകൂടി അന്വേഷിച്ചും അനുഭവിച്ചും ചില കുറിപ്പുകള്‍ കൂടുതല്‍ പ്രിയതരങ്ങളാവുന്നു. മുതിര്‍ന്നവരുടേതു മാത്രമല്ല സൗമ്യ എഴുതുന്ന യാത്രാനുഭവങ്ങള്‍. തങ്ങള്‍ക്കൊപ്പം മക്കളെ കൂടെ കൂട്ടിയുള്ള യാത്രകളില്‍ മുതിര്‍ന്നവരുടെ മനോവിചാരങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ സൂക്ഷ്മവിവരണങ്ങള്‍ കാണാം. തിരക്കിട്ട യാത്രകളുടെ ഭാഗമായി എഴുതപ്പെട്ട ചില കുറിപ്പുകളില്‍ തിടുക്കം കലര്‍ന്നുപോയതാവണം എഴുത്തുകാരിയുടെ അനുഭവമപ്പാടെ വാര്‍ന്നുവീഴാതെപോയത്. വീണ്ടുമൊരു സന്ദര്‍ശനത്തിന്റെ സാദ്ധ്യതകള്‍ ബാക്കിവെക്കുന്നു അങ്ങനെയുള്ള ചില ഹ്രസ്വവിവരണങ്ങള്‍ എന്നു തോന്നിച്ചു.
പുറംകാഴ്ചകളുടെയും വേഷവിധാനങ്ങളുടെയും സംസ്‌കാരത്തിന്റെയും ആമുഖങ്ങള്‍ മറികടന്നു താന്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ ജീവിതം എഴുതുമ്പോള്‍ സൗമ്യയുടെ ഭാഷയും നിരീക്ഷണവും വേറിട്ട ഔന്നത്യം കൈവരിക്കുന്നതു കാണാം. ഈ സമാഹാരത്തിലെ ഒട്ടുമിക്ക കുറിപ്പുകളിലുമുണ്ട് എടുത്തുപറയാന്‍പോന്ന ഇത്തരം സന്ദര്‍ഭങ്ങള്‍. 'ചമയങ്ങള്‍ അഴിച്ചുവെച്ച ആട്ടക്കാരന്റെ അണിയറയിലെ മുഖംപോലെ ചൈനയുടെ മറ്റൊരു മുഖം' എന്ന ഒറ്റവാചകം ഉണ്ടാക്കുന്ന നടുക്കം മതിയാവും സൗമ്യയുടെ എഴുത്തിന്റെ മൂര്‍ച്ചയും സൗന്ദര്യവും തിരിച്ചറിയാന്‍. കേവലം യാത്രാനുഭവക്കുറിപ്പില്‍നിന്ന് ജീവിതാഖ്യാനത്തിന്റെ നിലയിലേക്ക് ഈ പുസ്തകത്തിലെ താളുകള്‍ വേറിട്ട് മാറുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അമ്മയായും മകളായും ഭാര്യയായും മരുമകളായുമൊക്കെ സൗമ്യ നടത്തിയ യാത്രകള്‍ മിക്കതും വായനക്കാരനെ ഒപ്പം കൂട്ടാന്‍പോന്ന വിവരണങ്ങളിലൂടെ വ്യത്യസ്തമാകുന്നു. എഴുത്തിന്റെ യാത്രാപഥങ്ങള്‍ ഓരോ കുറിപ്പിലും സ്‌നേഹവും വാത്സല്യവും കരുതലും കലര്‍ന്ന് കഥകള്‍പോലെ നമ്മെ കൂടെ നടത്തുന്നു. പൊടിപ്പും തൊങ്ങലുമില്ലാത്ത സ്വാഭാവികനിരീക്ഷണങ്ങള്‍ സൗമ്യയുടെ യാത്രാനുഭവങ്ങളെ ഹൃദ്യവും ലളിതവുമാക്കുന്നു. ലോകസഞ്ചാരത്തിന്റെ ഭൂപടങ്ങളില്‍ സൗമ്യയുടെ എഴുത്ത് ഇനിയും പുതിയ ദേശങ്ങള്‍ താണ്ടി വരട്ടെ എന്ന് ആശംസിക്കുന്നു.
Content Highlights: nile muthal niagara vare mathrubhumi books travelogue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..