ഇന്ത്യയും നെഹ്രുവും ഒറ്റയാത്മാവായിരുന്നു; രാജ്യത്തിന്റ കണ്ണുകളിലേക്കു നോക്കുകയായിരുന്നു ജവാഹര്‍ലാല്‍


ശശി തരൂര്‍

നെഹ്രു, ശശി തരൂർ

ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അന്യാദൃശമായ ജീവിതവും കര്‍മരംഗവും ഓരോ ഇന്ത്യക്കാരനും വേണ്ടി അവശേഷിപ്പിച്ച മഹാപൈതൃകമാണെന്ന നിലയിലുള്ള പുനര്‍വ്യാഖ്യാനമാണ് ശശി തരൂരിന്റെ 'നെഹ്റു ഇന്ത്യയുടെ സൃഷ്ടി' എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

1930 നവംബറില്‍ ഇന്ദിരയുടെ പതിമൂന്നാം ജന്മദിനത്തില്‍ ജവാഹര്‍ലാല്‍ നെഹ്രു ജയിലില്‍നിന്നയച്ച കത്തില്‍ ഇങ്ങനെ എഴുതി: 'എന്റെ സമ്മാനങ്ങള്‍ എന്തെങ്കിലും സാധനമോ ഖരപദാര്‍ഥമോ ആകുകയില്ല. അവ നിന്നില്‍ അനുഗ്രഹം ചൊരിയാനെത്തുന്ന ഒരു ദേവദൂതികയെപ്പോലെ മനസ്സിന്റെയും ആത്മാവിന്റെയും പ്രകൃതമുള്ള ഒന്നായിരിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ- ജയിലിലെ ഉയര്‍ന്ന മതില്‍ക്കെട്ടുകള്‍ക്കുപോലും തടഞ്ഞുനിര്‍ത്താനാവാത്ത ഒന്ന്.' ഇത്തരം സമ്മാനങ്ങള്‍ അദ്ദേഹം ധാരാളമായി നല്കിക്കൊണ്ടിരുന്നു. 1964-ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ രാഷ്ട്രത്തിനും ലോകത്തിനും നെഹ്രു സമ്മാനിച്ച പൈതൃകം സുരക്ഷിതമാണെന്ന തോന്നലുളവാക്കി. ദേശീയരാഷ്ട്രീയത്തിലും അന്തര്‍ദേശീയ തലത്തിലും ഉത്തുംഗഗോപുരംപോലെ വിരാജിച്ച, ചിന്തകനും തരളചിത്തനുമായ- അസംഖ്യം ഗ്രന്ഥങ്ങളിലും പ്രഭാഷണങ്ങളിലും മാത്രമല്ല, പ്രധാനമന്ത്രിയെന്ന നിലയിലുള്ള പെരുമാറ്റത്തിലും- നെഹ്രു എന്ന വ്യക്തി, തന്റെ തലമുറയുടെയും രാജ്യത്തിന്റെയും (പലരും വിശ്വസിച്ചതുപോലെ) കോളനിയനന്തരലോകത്തിന്റെയാകെയും അഭിലാഷങ്ങളെ മൂര്‍ത്തമാക്കിയ ഒരു ലോകവീക്ഷണം വളര്‍ത്തുകയും പ്രകാശിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനാസ്ഥാപനങ്ങളിലെ സഹപ്രവര്‍ത്തകരെക്കുറിച്ച് അഭിമാനത്തോടും ആത്മാര്‍ഥതയോടുംകൂടി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നെഹ്രു മരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം, എന്നോട് പറഞ്ഞു: 'ഞങ്ങളെല്ലാവരും നെഹ്രുവിയന്മാരാണ്.'

ആ അഭിപ്രായം പറഞ്ഞിട്ട് രണ്ടര ദശകം കഴിഞ്ഞിരിക്കുന്നു. ഇനി ഓഫീസില്‍ ഏതാനും നെഹ്രുവിയന്മാര്‍ മാത്രമേയുള്ളൂ. നിശ്ചയമായും നെഹ്രുവിയനിസമെന്ന ചിന്തയ്ക്ക് ശക്തിയും വശ്യതയും നഷ്ടമായിട്ടുണ്ട്.
ഈ നാടിന്റെ മണ്ണില്‍ (അതുകൊണ്ടുതന്നെ രാജ്യത്തെ മതപാരമ്പര്യങ്ങളിലും ആചാരപരമായ മുന്‍ധാരണകളിലും) ആഴത്തില്‍ വേരുകളൂന്നിയിട്ടുള്ളവരെന്ന് അവകാശപ്പെടുന്ന, ഇന്ത്യന്‍ ദേശീയതയുടെ മറ്റൊരു ഭാവത്തിന്റെ ഭക്തന്മാരാല്‍ നെഹ്രു വിമര്‍ശിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പാളിച്ചകള്‍ പര്‍വതീകരിക്കപ്പെടുന്നു, നേട്ടങ്ങള്‍ അവമതിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പൈതൃകത്തെ നാമെങ്ങനെയാണ് ഇന്ന് അപഗ്രഥിക്കുക? ഇന്ത്യയില്‍ നെഹ്രുവിന്റെ പ്രഭാവം നാലു മഹാസ്തംഭങ്ങളിന്മേല്‍- ജനാധിപത്യത്തിലൂന്നിയ രാഷ്ട്രനിര്‍മാണം, ദൃഢവും അഖിലേന്ത്യാ സ്വഭാവവുമുള്ളതുമായ മതേരത്വം, സോഷ്യലിസ്റ്റ് സമ്പദ്ഘടന, ചേരിചേരാനയത്തിലധിഷ്ഠിതമായ വിദേശനയം- നിലകൊള്ളുന്നു. ഇവ നാലും ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ നയമായി തുടരുന്നു. പക്ഷേ, ഇവയെല്ലാം സമീപവര്‍ഷങ്ങളിലെ ചില സംഭവവികാസങ്ങളാല്‍ വെല്ലുവിളി നേരിടുകയും അന്തിമഘട്ടത്തോളം ദുര്‍ബലമാക്കപ്പെടുകയും ചെയ്യുന്നു. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യ'മെന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒരു പര്യായമായി തുടരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മൂര്‍ത്തരൂപമെന്ന നിലയില്‍ അപ്രതിരോധ്യനായ, ആരെങ്കിലും എതിര്‍ത്താല്‍ രാജിഭീഷണി മാത്രം കരണീയമായുണ്ടായിരുന്നുള്ളൂവെന്ന വിധത്തില്‍, ചോദ്യംചെയ്യാനാവാത്തൊരു നേതാവിന്റെ പരിപാലനത്തിന്‍ കീഴിലാണ് ഇന്ത്യ ആ സ്ഥിതി കൈവരിച്ചത്. നെഹ്രു സ്വതസ്സിദ്ധമായ ശൈലിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. എന്നിരുന്നാലും തന്റെ ഉന്നതിയുടെ കൊടുമുടിയിലെത്തിനില്ക്കുമ്പോള്‍, ജവാഹര്‍ലാല്‍ നെഹ്രുവിന് ഏകാധിപത്യത്തിലേക്കുള്ള പ്രലോഭനങ്ങള്‍ സമ്മാനിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ഇന്ത്യന്‍ ജനതയ്ക്കു മുന്നറിയിപ്പു നല്കുന്ന ഒരു ലേഖനം അജ്ഞാതനാമത്തിലെഴുതിയ, സ്വേച്ഛാധിപത്യത്തിന്റെ ആപത്തുകളെക്കുറിച്ച് അത്യന്തം ജാഗരൂകനായ, പ്രതിജ്ഞാബദ്ധനായ ജനാധിപത്യവാദിയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയെന്ന നിലയില്‍, രാജ്യത്തിന്റെ ഔപചാരികമായ രാഷ്ട്രപ്രതിസ്ഥാനത്തിന് ഉത്തരവാദിത്വത്തോടെ വേണ്ടത്ര ആദരവു നല്കിയും തന്റെ നയങ്ങള്‍ വിശദമാക്കിക്കൊണ്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പതിവായി കത്തുകളയച്ചും പാര്‍ലമെന്റില്‍ കലഹപ്രിയരായ പ്രതിപക്ഷാംഗങ്ങളുടെ എതിര്‍വിസ്താരങ്ങള്‍ക്കു സ്വയം വിധേയനായും നീതിന്യായസംവിധാനങ്ങളില്‍ ഇടപെടാതിരിക്കാന്‍ (ഒരു ന്യായാധിപനെ പരസ്യമായി വിമര്‍ശിച്ച ഒരു സംഭവത്തില്‍ പിറ്റേന്നുതന്നെ അദ്ദേഹത്തോടും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടും നെഹ്രു ക്ഷമാപണം നടത്തുകയുണ്ടായി.) അത്യന്തം ജാഗ്രതപുലര്‍ത്തിയും അദ്ദേഹം ജനാധിപത്യമുറകള്‍ ശ്രദ്ധാപൂര്‍വം പരിപോഷിപ്പിച്ചു. മറ്റൊരു ചെടിക്കും വളരാനാവാത്തവിധം നിഴല്‍വിരിച്ച ഒരു പടുകൂറ്റന്‍ അരയാല്‍മരമെന്ന് ആലങ്കാരികമായി വിശേഷിപ്പിക്കപ്പെടുമ്പോഴും തന്റെ വനത്തില്‍ എല്ലാ സസ്യജാലങ്ങളും തഴച്ചുവളരുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. 'മന്ദഗതിയില്‍ മുന്നോട്ടു നീങ്ങുന്ന ഒരു ജനാധിപത്യസംവിധാനത്തിന്റെ ആടയാഭരണങ്ങളെല്ലാം തട്ടിമാറ്റുന്ന' ശക്തനായ സ്വേച്ഛാധിപതിയെന്ന് സ്വയം ചിത്രീകരിച്ചുകൊണ്ട് 1937ലെ മോഡേണ്‍ റിവ്യൂവില്‍ അജ്ഞാതനാമത്തിലെഴുതിയ തന്റെ ലേഖനത്തില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരുന്നു: 'ഫാസിസത്തിന്റെ അപരിഷ്‌കൃതത്വത്തിനും നീചത്വത്തിനും പകരംനില്ക്കാനാവുന്നതിനപ്പുറമാണ് ഈ അഭിജാതവര്‍ഗക്കാരന്റെ നിലപാട്.' ഒരു കുലീനപ്രഭുകുടുംബത്തില്‍ പിറന്നിട്ടും അദ്ദേഹം സ്വേച്ഛാധിപത്യഭരണത്തെ നിന്ദിച്ചു; ഈ വൈരുധ്യം ഇന്ത്യന്‍ ജനാധിപത്യം പുഷ്ടിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ചിന്തകളെ പ്രകാശിപ്പിച്ചു.

തിക്കിത്തിരക്കുന്ന ഭക്തജനസഹസ്രങ്ങള്‍ക്ക് ഉദാരമായി നല്കുന്ന പ്രസാദംപോലെ ജനാധിപത്യം ചൊരിയുന്ന ഒരു ആരാധ്യദേവതയായി, അദ്ദേഹം ഇക്കാര്യത്തില്‍ ഒരു രക്ഷകവേഷം അഭിനയിച്ചുവെങ്കില്‍ത്തന്നെ അത് ഭൂരിഭാഗവും നിരക്ഷരരും സ്വാതന്ത്ര്യപ്രാപ്തിയോടെ സിദ്ധിച്ച അവകാശങ്ങളെയും വിശേഷാധികാരങ്ങളെയും കുറിച്ച് അജ്ഞരുമായ ദരിദ്രജനങ്ങളെ ജനാധിപത്യം പഠിപ്പിക്കുന്നതിന്റെ ഒരു അവശ്യഘട്ടമായിട്ടായിരുന്നു. ഇന്ത്യയിലെ ബഹുജനങ്ങളുമായി തനിക്കുള്ള ബന്ധത്തെ നെഹ്രു കാല്പനികവത്കരിച്ചു എന്നത് നിസ്തര്‍ക്കമാണ്. 1951-ല്‍ അദ്ദേഹം എഡ്വിനയ്ക്ക് ഇങ്ങനെ എഴുതി: 'ഞാന്‍ എവിടെയാണെങ്കിലും, എന്റെ യോഗങ്ങള്‍ക്ക് വലിയ ജനസഞ്ചയംതന്നെ വന്നുചേരാറുണ്ട്; അവരുടെ മുഖങ്ങളും വസ്ത്രങ്ങളും, അവരുടെ പ്രതികരണങ്ങളും അവരെത്തന്നെയും ഞാന്‍ എന്നോടും എന്റേതുമായും താരതമ്യം ചെയ്യാനെനിക്കിഷ്ടമാണ്... ഈ ജനസമൂഹത്തിന്റെ മനസ്സുകളിലേക്കും ഹൃദയങ്ങളിലേക്കുമുള്ള വഴി കണ്ടെത്താനുള്ള എന്റെ ശ്രമമാണത്... നമ്മുടെ പ്രശ്നങ്ങളും വൈഷമ്യങ്ങളും ലളിതമായ ഭാഷയില്‍ വിശദമാക്കാനും ഈ സാധുജനങ്ങളുടെ മനസ്സുകളില്‍ കയറിപ്പറ്റാനുമുള്ള ഈ ശ്രമം ആയാസകരവും അതേസമയം ഉന്മേഷജനകവുമാണ്.' നെഹ്രുവിന്റെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനായി, A Study of Nehru എന്ന സമാഹാരത്തിനായി ഒരു ജീവചരിത്രപ്രബന്ധത്തിന്റെ രചനയാരംഭിച്ചപ്പോള്‍ ഡോ. റഫീഖ് സക്കറിയ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് ജവാഹര്‍ലാലിനോടുള്ള സ്നേഹത്തിന്റെ 'ധാരാളിത്ത'ത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്:
'അവര്‍ ജവാഹര്‍ലാല്‍ നെഹ്രുവിനെ വിഗ്രഹമാക്കി; അവരദ്ദേഹത്തെ ആരാധിച്ചു. ദുഷ്പ്രാപ്യമായ ആദിവാസിമേഖലകളില്‍പ്പോലും അദ്ദേഹത്തിന്റെ പേര് ഒരു സുപരിചിതപദമാണ്. നിരക്ഷരരായ ഗ്രാമീണജനതയ്ക്ക് അദ്ദേഹം ഈശ്വരതുല്യനായിത്തീര്‍ന്നു. ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും അദ്ദേഹം ജിവിതത്തിലെ സമസ്ത നന്മയുടെയും കുലീനതയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്. അദ്ദേഹത്തിന്റെ തെറ്റുകള്‍ പോലും അവരെ സംബന്ധിച്ചിടത്തോളം ആദരണീയമാണ്. അദ്ദേഹത്തിന്റെ കുറവുകള്‍ അവര്‍ക്ക് സ്നേഹജനകമാണ്. വീരാരാധനയുടെ ദേശത്ത് അദ്ദേഹം വീരാധിനായകനായി മാറിയിരിക്കുന്നു. അദ്ദേഹത്തെ വിമര്‍ശിക്കുകയെന്നത് അവരെ സബന്ധിച്ചിടത്തോളം അപരാധമാണ്. അദ്ദേഹത്തെ പഴിക്കുന്നതാവട്ടെ ഈശ്വരനിന്ദയും... അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അവര്‍ അസംതൃപ്തരായിരിക്കാം; അദ്ദേഹം നയിക്കുന്ന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ അവര്‍ അസന്തുഷ്ടരായിരിക്കാം. എങ്കിലും എന്തിന്റെയെങ്കിലും പേരില്‍ പഴിക്കാനരുതാത്ത വിധം വലിയ ഭക്തിയാണ് ആ മനുഷ്യനോട് അവര്‍ക്കുള്ളത്?'

തന്റെ പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും സര്‍വോപരി സ്വന്തം ജീവിതദൃഷ്ടാന്തത്തിലൂടെയും ജവാഹര്‍ലാല്‍ ജനാധിപത്യസ്ഥാപനങ്ങളിലും പ്രക്രിയകളിലും ഭാവിസ്വേച്ഛാധിപതികളില്‍നിന്ന് ഉയര്‍ന്നേക്കാവുന്ന വെല്ലുവിളിക്കുമേല്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു അന്തസ്സ് പകര്‍ന്നുനല്കി. സാധാരണജനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ പ്രധാനമന്ത്രിക്കു മുന്നില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കാനും അദ്ദേഹവുമായി സംസാരിക്കാനും അവസരമൊരുക്കുന്ന ഒരു പൊതുവേദിയും സദസ്സും അദ്ദേഹം സ്വന്തം വീട്ടില്‍ സ്ഥാപിച്ചു. ഇന്ത്യയിലെ ജനങ്ങളോടു നടത്തിയ സംഭാഷണങ്ങളുടെ വിപുലീകൃത രൂപമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. പത്രപ്രവര്‍ത്തകനായ എ.എം. റോസെന്‍താള്‍ എഴുതി: 'ചിലപ്പോള്‍ അദ്ദേഹം തന്റെ ഇന്ത്യയുടെ നേര്‍ക്ക് ക്ഷുഭിതനായി സംസാരിച്ചു. ചിലപ്പോള്‍ സാധ്യമല്ല, സാധ്യമല്ല എന്നു പറഞ്ഞുകൊണ്ട് ഇന്ത്യയെ ആക്ഷേപിക്കുകയും ആക്രോശിക്കുകയും ചെയ്തു. ചിലപ്പോള്‍ അദ്ദേഹം ഇന്ത്യയെ പ്രണയപൂര്‍വം ഉപചരിച്ചു, അവളോടൊപ്പം കളിച്ചുചിരിച്ചു; അദ്ദേഹം ഉല്ലാസവാനും വിനീതനും സന്മനസ്സുള്ളവനുമായി. പക്ഷേ, എപ്പോഴും ഇന്ത്യയുടെ കണ്ണുകളിലേക്കു നോക്കുകയായിരുന്നു ജവാഹര്‍ലാല്‍ എന്ന മട്ടിലായിരുന്നു; ഇന്ത്യയും നെഹ്രുവും ഒറ്റയാത്മാവായിരുന്നു.'

ഇങ്ങനെയൊക്കെയാണെങ്കിലും ജവാഹര്‍ലാലിന്റെ വിമര്‍ശകര്‍ പലപ്പോഴും അദ്ദേഹത്തെ 'ഇന്ത്യയില്‍ ബാക്കിയായവശേഷിച്ച അവസാനത്തെ ഇംഗ്ലീഷുകാരന്‍' എന്നു വിശേഷിപ്പിച്ചു. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ മാര്‍ക്കം മഗരിജ് അദ്ദേഹത്തെ അവസാനത്തെ വൈസ്രോയി എന്നു വിളിച്ചു. തന്റെ യൗവനകാലജീവിതത്തെ അംഗീകരിച്ചുകൊണ്ട് നെഹ്രുതന്നെ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്:
'ഹാരോവിലെയും കേംബ്രിജിലെയും മിക്കവാറുമെല്ലാ മുന്‍വിധികളും ഞാന്‍ വശമാക്കിയിട്ടുണ്ടായിരുന്നു; എന്റെ ഇഷ്ടാനിഷ്ടങ്ങളിലെല്ലാം ഞാന്‍ ഒരുപക്ഷേ ഇന്ത്യക്കാരനെന്നതിനെക്കാള്‍ ഇംഗ്ലീഷുകാരനായിരിക്കും... അങ്ങനെ ഇംഗ്ലണ്ടിനെയും ഇംഗ്ലീഷുകാരെയും കുറിച്ച്, ഒരിന്ത്യക്കാരനു സാധ്യമാവുന്ന വിധത്തില്‍ നല്ല അഭിപ്രായങ്ങള്‍ സ്വരൂപിച്ചുകൊണ്ടാണ് ഞാന്‍ മടങ്ങിയെത്തിയത്?' 'ഇന്ത്യയിലെ കുലീനവര്‍ഗത്തിന്റെ സ്വയം വിഭജിക്കപ്പെട്ടതും ആംഗലവത്കൃതവുമായ ജിവിതമൊഴികെ, തന്റെ കാലത്തെ ഇന്ത്യന്‍ ജീവിതാവസ്ഥകളില്‍നിന്നും നെഹ്രു പൂര്‍ണമായും അകന്ന് ബന്ധമറ്റ നിലയിലായിരുന്നു'വെന്ന് എഴുത്തുകാരനായ നീരദ് സി. ചൗധരി എഴുതിയിട്ടുണ്ട്. സമകാലിക ഹിന്ദുധര്‍മത്തെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാത്ത, ഇന്ത്യന്‍ ഉച്ചാരണരീതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളോട് അവജ്ഞയുള്ള, ഡംഭും പൊങ്ങച്ചവുമുള്ള ഒരു അഹങ്കാരിയായിരുന്നു നെഹ്രു എന്ന് ചൗധരി വിശദീകരിക്കുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ തികച്ചും അവാസ്തവമല്ല. (ഷെയ്ക്സ്പിയര്‍ കാളിദാസനെക്കാള്‍ മികച്ച കവിയാണെന്ന അഭിപ്രായം നെഹ്രുവിനില്ലായിരുന്നുവെന്നും കേംബ്രിജിലെ പ്രൊഫസര്‍മാരോടെന്നപോലെ തികച്ചും സ്വാഭാവികതയോടെ അദ്ദേഹം ഒരു പഞ്ചാബികര്‍ഷകനോട് സംഭാഷണത്തില്‍ മുഴുകിയിരുന്നുവെന്നും നെഹ്രുവിന്റെ ആരാധികയായ സോവിയറ്റ് എഴുത്തുകാരി ഇല്യ എഹ്റെന്‍ബര്‍ഗ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും.) പക്ഷേ, ഇവയെല്ലാം പലപ്പോഴും വ്യക്തിവൈരാഗ്യത്താല്‍ തിളങ്ങുന്നവയാണ്. ജവാഹര്‍ലാല്‍ തന്റെ രാജ്യവുമായി ഏതാണ്ട് പൂര്‍ണമായും താദാത്മ്യം പ്രാപിച്ചുവെന്നതിനെ അമര്‍ഷത്തോടെ കരുതുന്നവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിനുള്ള അവകാശവാദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്.

Content Highlights: Nehru: The Invention of India Shashi Tharoor Malayalam mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented