കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും പ്രഭാഷകനും എഴുത്തുകാരനുമായ എന്‍.ഇ ബാലറാമിന്റെ ചരമവാര്‍ഷികദിനമാണ് ജൂലൈ 16. ബാലറാമിന്റെ മകള്‍ ഗീതാനസീര്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബാലറാം എന്ന മനുഷ്യന്‍ എന്ന മനുഷ്യന്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം. 

പിണറായിയിലെ പാറപ്രത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ സമ്മേളനം ചേരുക എന്ന ആശയം വളരെ ശ്രദ്ധാപൂര്‍വമാണ് ഉയര്‍ന്നുവന്നത്. ദേശീയതലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട നിരോധനം, അത് തീവ്രവാദികളുടെ സംഘമാണെന്ന ബ്രിട്ടീഷ് നാടുവാഴി അധികാരികളുടെ പ്രചാരണം, കോണ്‍ഗ്രസ്സിലെ യാഥാസ്ഥിതികര്‍ ഉത്പതിഷ്ണുക്കളായ ചെറുപ്പക്കാര്‍ക്കു നേരേ അഴിച്ചുവിട്ട ആക്രമണം- ഇതെല്ലാം കൂടിച്ചേര്‍ന്ന ഒരു പരിസരം നിലനില്ക്കവേയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം കേരളത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളായി അതുവരെ പ്രവര്‍ത്തിച്ചിരുന്നവര്‍ അതുകൊണ്ടുതന്നെ നോട്ടപ്പുള്ളികളായിരുന്നു. കലാപകാരികള്‍ എന്നാണ് അവരെ വിശേഷിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഒരു രാഷ്ട്രീയകാലാവസ്ഥയില്‍ ഒത്തുകൂടുക ഇവരെ സംബന്ധിച്ചിടത്തോളം ജീവന്‍മരണപോരാട്ടമാണ്. 

പിണറായിയുടെ സവിശേഷത അതൊരു തുരുത്താണെന്നതാണ്. കടത്തുവഴി മാത്രമേ അവിടേക്ക് എവിടെനിന്നും അന്നു പ്രവേശിക്കാനാകൂ. ഈയൊരു അനുകൂല പാരിസ്ഥിതികഘടകം പ്രയോജനപ്പെടുത്താനുള്ള ബുദ്ധി കൃഷ്ണപിള്ളയുടെതും, അതിനാവശ്യമായ സംവിധാനമൊരുക്കല്‍ അച്ഛനടക്കമുള്ള ചില ചെറുപ്പക്കാരുടെതുമായിരുന്നു. ഉത്തരമലബാറിലെ കര്‍ഷകരുടെ ദയനീയാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞ് അതിനു മുന്‍പേതന്നെ കൃഷ്ണപിള്ള ഈ ഭാഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 1931ലെ ഉപ്പുസത്യാഗ്രഹം മുതലാണ് ഇവിടെ കൃഷ്ണപിള്ള സജീവമാകാന്‍ തുടങ്ങിയത്. കൃഷിക്കാരുടെ ആദ്യസംഘടനയായ കര്‍ഷകസംഘം 1935ലാണ് മലബാറില്‍ രൂപീകരിക്കുന്നത്. ചിറയ്ക്കല്‍ താലൂക്കിലാണ് ഏറ്റവുമധികം കര്‍ഷകജാഥകള്‍ നടന്നിട്ടുള്ളത്. ഇതിനിടെ പിണറായിഗ്രാമത്തിലെ കര്‍ഷകര്‍ 1938-ല്‍ ഒരു കര്‍ഷകജാഥ കോട്ടയം കോവിലകത്തേക്കു മാര്‍ച്ച് ചെയ്യുകയുണ്ടായി. പാളത്തൊപ്പിയൊക്കെയിട്ട് എ. കെ. ഗോപാലന്‍, എന്‍. ഇ. ബാലറാം, ടി. വി. അച്യുതന്‍ നായര്‍, കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍, പാണ്ട്യാല ഗോപാലന്‍ മാസ്റ്റര്‍, ടി. വി. ഗോവിന്ദന്‍ നായര്‍, ചെറായി അനന്തന്‍, പയ്യമ്പിള്ളി കൃഷ്ണന്‍, പി. നാണു തുടങ്ങിയവരാണ് ജാഥയ്ക്കു നേതൃത്വം കൊടുത്തത്. ജന്മിത്തത്തിനെതിരായ കര്‍ഷകമുന്നേറ്റംകൊണ്ട് പിണറായി മുഖരിതമായിത്തുടങ്ങിയിരുന്നു. 

പിണറായിയിലാണ് അധ്യാപകപ്രസ്ഥാനത്തിന് വലിയ തോതില്‍ സ്വാധീനമുണ്ടായിരുന്നത്. കര്‍ഷസംഘത്തിലെ പലരും അധ്യാപകരുമായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട അധ്യാപകയൂണിയന്റെ പ്രവര്‍ത്തനമേഖല എന്നതും പാറപ്രം സമ്മേളനത്തിനു സഹായകമായി. പാറപ്രത്ത് കമ്യൂണിസ്റ്റുകാരുടെ ഒത്തുചേരല്‍ നടക്കുന്ന ദിവസങ്ങളില്‍ത്തന്നെ പിണറായിയിലെ ഓലയമ്പലം ആര്‍. സി. അമല ബെയ്‌സിക് യു. പി. സ്‌കൂളില്‍ അധ്യാപകസമ്മേളനം നടത്താന്‍ തീരുമാനിച്ചത് അടവുനയത്തിലൊന്നായിരുന്നു. അച്ഛനവിടെ വിദ്യാര്‍ഥിയും പിന്നീട് കുറച്ചുകാലം അധ്യാപകനുമായിരുന്നു. 

മൂന്നു വശവും അഞ്ചരക്കണ്ടിപ്പുഴ, മമ്മാക്കുന്നുപുഴ, ധര്‍മടംപുഴ എന്നിവയാല്‍ ചുറ്റപ്പെട്ട കോട്ടപോലെ യുദ്ധതന്ത്രം മെനയാന്‍ പറ്റിയ പ്രദേശംകൂടിയായിരുന്നു പിണറായി. അതിന്റെ മുഖം കടലിലേക്കു നോക്കിയാണ് കിടപ്പ്. ധര്‍മടംതുരുത്തെന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് ധാരാളം ഉപ്പടിയുമായിരുന്നതുകൊണ്ട് ഇവിടെ ഉപ്പുപാടങ്ങളുമുണ്ടായിരുന്നു. കടപ്പുറത്ത് നിറയെ കക്കകളും അടിയും. കടല്‍, പുഴകള്‍ ഇവയാലൊക്കെ ചുറ്റപ്പെട്ട പാറപ്രംകുന്ന്, പാര്‍ട്ടി രൂപീകരിക്കാന്‍ ഏറ്റവും സുരക്ഷിതസ്ഥാനമായി കമ്യൂണിസ്റ്റ് ചെറുപ്പക്കാര്‍ കണ്ടെത്തിയത് രണ്ടാമത്തെ അടവുനയം. 

നെയ്ത്തുശാലകള്‍, ആറോണ്‍ തുണിമില്‍ക്കമ്പനി, കൃഷി, ബീഡിക്കമ്പനി തുടങ്ങി പിണറായിദേശത്ത് നിരവധിയായ തൊഴില്‍ശാലകളും തൊഴിലവസരങ്ങളും അക്കാലത്ത് സജീവമായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തൊഴില്‍ചൂഷണവും വേണ്ടുവോളമുണ്ട്. ഈ സ്ഥിതിവിശേഷം ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കു വിളനിലമായി എന്നു പറയുന്നതാകും കൂടുതല്‍ ശരി. 

ne balaram
ബാലറാം

അധ്യാപകസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാടിന്റെ പല ഭാഗങ്ങളില്‍നിന്നും എത്തുന്നവരെ കടത്ത് കടത്തിവിടുന്ന ജോലിക്ക് വിശ്വസ്തരെ നിയമിക്കുകയാണ് പാറപ്രം സമ്മേളനസംഘാടകര്‍ ആദ്യം ചെയ്തത്. ആര്‍ക്കും ഒരു സംശയത്തിനും ഇടനല്കാതെ കൃഷ്ണപിള്ള, ഇ.എം.എസ്., എ.കെ.ജി. അടക്കമുള്ളവരെ പാറപ്രത്തേക്ക് എത്തിച്ചു. എല്ലാം അതീവരഹസ്യമായും നല്ല കൈയടക്കത്തോടെയുമാണ് സംഘാടകര്‍ ചെയ്തത്. പിണറായി കൃഷ്ണന്‍ നായര്‍, ടി.വി. അച്യുതന്‍ നായര്‍, പി. കൃഷ്ണന്‍, പാണ്ട്യാല ഗോപാലന്‍, കെ.എന്‍. ചാത്തുക്കുട്ടി, എന്‍.ഇ. ബാലറാം എന്നിവരടങ്ങിയതാണ് ആ സംഘം. പാറപ്രം കുന്നിനു മുകളിലെ വായനശാലയില്‍ എത്തിയവര്‍ പരസ്പരം ആശ്ലേഷിച്ചു. എല്ലാം അവിശ്വസനീയമായി അവര്‍ക്ക് അനുഭവപ്പെട്ടു. അതേ, കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി ജന്മംകൊള്ളുന്നു- ആശയപരമായും സംഘടനാപരമായും ഒന്നിനൊന്ന് കേമന്മാരായ ധീരയോദ്ധാക്കള്‍ അടിത്തറയിട്ട സി.പി.ഐ. കേരളഘടകം. എല്ലാവരുംതന്നെ അവരുടെ പ്രായംകൊണ്ട് പത്തൊന്‍പതിലും ഇരുപതുകളിലും നില്ക്കുന്നവര്‍.

balaram
പുസ്തകം വാങ്ങാം

അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ കൊത്തിയ ഒരു ഫലകം ആദ്യ സി.പി.ഐ. രൂപീകരണത്തിന്റെ ഓര്‍മയ്ക്കായി നമുക്കിന്ന് പാറപ്രത്ത് കാണാന്‍ കഴിയും. വിവേകാനന്ദ ലൈബ്രറിയിലായിരുന്നു സമ്മേളനം. സമ്മേളനം നടന്ന സ്ഥലത്തുനിന്നും അല്പം മാറിയാണ് ആ സ്തൂപം സ്ഥാപിച്ചിട്ടുള്ളത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്., സി. എച്ച്. കണാരന്‍, കെ. ദാമോദരന്‍, സുബ്രഹ്മണ്യശര്‍മ, എ.കെ.ജി., എം. കെ. കേളു, എ.വി. കുഞ്ഞമ്പു, കെ.എ. കേരളീയന്‍, എന്‍. ഇ. ബാലറാം, സുബ്രഹ്മണ്യഷേണായി, വി.വി. കുഞ്ഞമ്പു, പി. നാരായണന്‍ നായര്‍, കെ.കെ. വാരിയര്‍, കെ.പി. ഗോപാലന്‍, ഇ. പി. ഗോപാലന്‍, പി. എസ്. നമ്പൂതിരി, സുബ്രഹ്മണ്യന്‍ തിരുമുമ്പ്, വില്യം സ്റ്റെലക്‌സ്, ചന്ദ്രോത്ത് കുഞ്ഞിരാമന്‍ നായര്‍, കെ. കുഞ്ഞിരാമന്‍, പി. എം. കൃഷ്ണമേനോന്‍, കെ. കൃഷ്ണന്‍ നായര്‍, വടവതി കൃഷ്ണന്‍, പിണറായി കൃഷ്ണന്‍ നായര്‍, കെ. എന്‍. ചാത്തുക്കുട്ടി, മഞ്ചുനാഥറാവു, കൊങ്ങശ്ശേരി കൃഷ്ണന്‍, കെ.പി.ആര്‍. ഗോപാലന്‍, പി. വി. കുഞ്ഞുണ്ണി നായര്‍, മൊയാരത്ത് ശങ്കരന്‍, ജനാര്‍ദനഷേണായി, പി. കെ. ബാലകൃഷ്ണന്‍, പി. എം. ഗോപാലന്‍, ജോര്‍ജ് ചടയംമുറി, പി. ഗംഗാധരന്‍, ടി. കെ. രാജു, സി. ഉണ്ണിരാജ, എ. കെ. രാമന്‍കുട്ടി, ഐ.സി.പി. നമ്പൂതിരി എന്നീ പേരുകളാണ് സ്തൂപത്തിലുള്ളത്. 

'ബാലറാം എന്ന മനുഷ്യന്‍ ഓണ്‍ലൈനില്‍' വാങ്ങാം

Content Highlights: NE Balaram Memory By Geetha Naseer Mathrubhumi Books