-
ഡിസംബറിലെ മഞ്ഞിനുള്ളില്‍ വിങ്ങിനിന്ന അതികഠിനമായ തണുപ്പുള്ള ഒരു പ്രഭാതമായിരുന്നു അത്. നിരത്തിന്റെ കറുപ്പിന്മേല് തൂവെള്ളനിറത്തില്‍ മഞ്ഞിന്‍പാളികള്‍ വീണുകിടന്നു. നിര്‍ത്താതെ ചിലയ്ക്കുന്ന അലാറത്തിന്റെ ശബ്ദത്തില്‍ തെല്ല് അസ്വസ്ഥയായെങ്കിലും പുറത്തെ മരവിപ്പിലേക്ക് പുതപ്പിനുള്ളില്‍നിന്നു കൈനീട്ടാന്‍ റോസയ്ക്കു മടിയായി. തണുത്ത ഡിസംബറിലെ മഞ്ഞിലേക്ക് ഉണര്ന്നുണരാന് ആര്‍ക്കാണ് മടിയില്ലാത്തതെന്നാലോചിച്ച് റോസ വീണ്ടും പുതപ്പിലേക്ക് നൂണ്ടുകയറി.
വീണ്ടും ഒരിടവേളയ്ക്കുശേഷം ചിലപ്പു തുടങ്ങിയ ടൈംപീസിനെ മുറിച്ച് കഷണങ്ങളാക്കാന്‍ റോസ ആഗ്രഹിച്ചു. ഇത്തരം നീണ്ട അലര്ച്ചയിലൊടുവില് അപ്പുറത്തെ മുറിയില്‍നിന്നും അമ്മ ശബ്ദമുണ്ടാക്കിത്തുടങ്ങും.
എന്നിട്ടും നിലയ്ക്കാതെ മുഴങ്ങുമ്പോള്‍ അമ്മ വാതില്‍ തുറന്നു വന്ന് പുതപ്പ് മാറ്റി വലിച്ചെഴുന്നേല്പിക്കും...
റോസ കുറച്ചു നേരംകൂടി അമ്മയെ കാത്തു കിടന്നു.
ഇന്നലെ രാത്രിയില്‍ കിടക്കാനായി മുറിയിലേക്കു പോകുമ്പോള്‍, അമ്മ എഴുത്തുമുറിയിലായിരുന്നു. അമ്മയുടെയും അച്ഛന്റെയും മുറിയിലെ ചെറിയൊരു ബഹളത്തിനുശേഷം അമ്മ അവരുടെ പുസ്തകങ്ങള്‍ക്കിടയില്‍ മറഞ്ഞുപോയി. അതല്ലെങ്കിലും അക്ഷരക്കട്ടകള്ക്കു മുന്നിലിരുന്നാല്‍ അമ്മ എല്ലാം മറക്കും. ടൈപ്പ് റൈറ്റിങ് ഉപകരണത്തിന്റെ കറുത്ത കട്ടകളുടെ ശബ്ദം മാത്രം ഇടയ്ക്കിടെ ഉയര്‍ന്നുകേട്ടു... അമ്മയുടെ കരച്ചിലിന്റെ ഒച്ച മറ്റാരും കേള്‍ക്കാതിരിക്കാന്‍ മനഃപൂര്‍വം കട്ടകള്‍ ശബ്ദമുണ്ടാക്കി അടിക്കുന്നതാണോ എന്ന സംശയം റോസയ്ക്ക് ഇടയ്ക്കൊക്കെ ഉണ്ടാകാറുണ്ട്. ഇന്നെന്താണ് ഇത്രയും വലിയ ബഹളം ഈ മുറിയില്‍ നടന്നിട്ടും അമ്മ ഓടിവരാത്തത്!
അലാറം നിര്‍ത്തുകയോ തന്നെ വാരിയെടുക്കുകയോ ചെയ്യാത്തത്!
റോസ കട്ടിലില്‍നിന്ന് എഴുന്നേറ്റ് അലാറത്തിന്റെ ഒച്ച ഇല്ലാതാക്കി വെച്ചു. നെറ്റിയിലെന്താണ് ഒരു ഭാരംപോലെ!
റോസ ഇറങ്ങി മുറിയിലെ കണ്ണാടിയുടെ മുന്നിലെത്തിനോക്കി.
നീലക്കണ്ണുകള്... മെലിഞ്ഞ ഫ്രോക്ക് ശരീരത്തോട് ഒട്ടിനില്‍ക്കുന്നതുകൊണ്ട് ഉടലിന്റെ ആകൃതിവരെ മനസ്സിലാകും. നീണ്ട കറുത്ത മുടിയിഴകളില്‍ തൊടുമ്പോള്‍ വിരലുകള്‍ സില്ക്കുതുണിയില് തൊട്ടതുപോലെയാണ്...
റോസയുടെ വിരലുകള്‍ അവളുടെ നെറ്റിയില്‍ തൊട്ടു. അവിടെ മാത്രം നേര്‍ത്തൊരു ചൂട് അപ്പോഴും ബാക്കിനില്ക്കുന്നുണ്ടോ?
ഉറക്കത്തിലെപ്പോഴോ റോസയൊരു സ്വപ്നം കണ്ടിരുന്നു.
മഞ്ഞുടുപ്പണിഞ്ഞ് എവിടെയോ യാത്ര പോകാന്‍ തയ്യാറായി നില്ക്കുന്ന അമ്മ. മുറിയുടെ വാതില്‍ തുറന്ന അമ്മ അകത്തേക്കു കയറിവന്ന് തന്നെ നോക്കിനില്ക്കുന്നു, പിന്നെ കുനിഞ്ഞ് നെറുകയില്‍ അമര്‍ത്തി ഉമ്മ വെക്കുന്നു. ആ ചുംബനത്തിന്റെ ചൂടില്‍ തണുപ്പില്ലാതെയാകുന്നു. ചുംബനംകൊണ്ടിടത്തു മാത്രം ചൂടനുഭവപ്പെടുന്നുണ്ട്...
അതൊരു സ്വപ്നമായിരുന്നോ? അതോ യാഥാര്‍ഥ്യമോ?
അമ്മയുടെ ചുംബനം ശരിക്കും നെറുകയില്‍ പതിഞ്ഞുവോ? റോസയ്ക്ക് അവിടം പൊള്ളി.
ചുവന്ന ചുണ്ടുകളുടെ നിറം ഒന്നുകൂടി ആസ്വദിച്ചുനോക്കിയശേഷം കുഞ്ഞുറോസ മുറിക്ക് പുറത്തേക്ക് കടന്നു. തണുപ്പ് അരിച്ചരിച്ച് മുറികളില്‍ കയറിയിറങ്ങുന്നു. അവള് നേരേ അമ്മയുടെ എഴുത്തുമുറിയിലേക്കാണ് നടന്നുചെന്നത്.
അവിടെ അമ്മ കാണുമെന്ന് അവള്‍ക്ക് അത്രയ്ക്കുറപ്പുണ്ടായിരുന്നു. പാതി തുറന്നുകിടന്ന വാതില്‍ കടന്ന് റോസ അകത്തേക്കു കയറി.
അമ്മയുടെ ഗന്ധം...
പുസ്തകത്തിന്റെയും ഗന്ധം...
അമ്മയ്ക്കും പുസ്തകങ്ങള്‍ക്കും ഒരേ ഗന്ധമാണെന്നാണ് തോന്നിയിട്ടുള്ളത്. ജനിച്ചപ്പോള്‍ മുതല്‍ അനുഭവിക്കുന്നതാണ് ആ ഗന്ധം...
'അമ്മേ...'
റോസ ഉറക്കെ വിളിച്ചു.
അവളുടെ ശബ്ദം ചുവരുകളില്‍ തട്ടി അലിഞ്ഞുപോയി. അനാഥമാക്കപ്പെട്ടതുപോലെ അമ്മയുടെ ടൈപ്പ് ചെയ്യുന്ന ഉപകരണം. മുറിയില്‍ മേശപ്പുറത്ത് വാച്ചുകള്‍, ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന മഞ്ഞുകുപ്പായവും വലിയ, പല തരത്തിലുള്ള തൊപ്പികളും.
ഇത്രയ്ക്കും അമ്മയെ ഭ്രാന്തിയാക്കുന്ന മറ്റൊന്നില്ല... അമ്മയ്ക്കെന്തിഷ്ടമാണ് അവയൊക്കെയും... അത് വെക്കുമ്പോള്‍ എന്ത് ഭംഗിയാണ് അമ്മയെ കാണാന്‍!
അമ്മയ്ക്ക് സ്വന്തം പുസ്തകങ്ങളെക്കാള്‍ പ്രിയങ്കരം ആ തൊപ്പികളാണെന്ന് തോന്നിയിട്ടുണ്ട് കുഞ്ഞുറോസയ്ക്ക്.
'അതൊന്നും ഒരു ഏഴുവയസ്സുകാരി ശ്രദ്ധിക്കേണ്ടതില്ല' എന്നു പരിചാരികയായ ഗ്ലാഡിസ് പറയാറുണ്ട്. എന്നാലും റോസയ്ക്ക് അമ്മ ഒരു കൗതുകം തന്നെയാണ്. ഗ്ലാഡിസ് അടുക്കളയില്‍ എന്തോ തിരക്കിട്ട പണിയിലാണ്. അവരല്ലെങ്കിലും ഏതു നേരവും കഠിനമായി പണിയെടുക്കും. ഗ്ലാഡിസിന് വീട്ടില്‍ രണ്ടു പെണ്മക്കളാണ്. അവരുടെ വിശപ്പാണ് ഏറ്റവും വലിയ പ്രശ്നമെന്ന് അവര്‍ അമ്മയോട് പറയുന്നത് റോസ കേട്ടിട്ടുണ്ട്. അടുക്കളയിലും അമ്മയെ കാണാതെ റോസ സ്വീകരണമുറിയിലെത്തി.
അമ്മയെവിടെയാണ്...?
'അമ്മേ...'
റോസ ഉറക്കെ വിളിച്ചു. ഉത്തരമില്ലാതെ ചുവരിലെ ഘടികാരം അപ്പോള്‍ ഏഴു തവണ സമയം വിളിച്ചറിയിച്ചു. എഴുത്തിനുവേണ്ടി അമ്മ എവിടെയെങ്കിലും പോയതാവും. എന്നാലും തന്നോടൊന്നും പറയാതെ പോയതില്‍ റോസയ്ക്ക് സങ്കടം വന്നു.
ഗ്ലാഡിസ് അകത്തുനിന്നും വീണ്ടും ഒച്ചയുയര്ത്തുന്നുണ്ട്,
'റോസാ, അച്ഛന് രാവിലെ പുറത്തേക്കു പോയി. അദ്ദേഹം കുറച്ചു ദിവസം കഴിഞ്ഞേ എത്തുകയുള്ളൂ എന്നറിയിച്ചിട്ടുണ്ട്. നിനക്ക് എന്തെങ്കിലും വേണ്ടതുണ്ടോ?'
'ഗ്ലാഡിസ്, എവിടെയാണ് എന്റെ അമ്മ?'
'റോസയുടെ മുറിയില്‍ അമ്മയില്ലേ? മറ്റെങ്ങും ഞാന്‍ കണ്ടില്ല, ഞാന്‍ കരുതി റോസയുടെ മുറിയില്‍ ഉണ്ടാകുമെന്ന്.'
കാരണമൊന്നും ഉണ്ടായില്ലെങ്കിലും എന്തെന്ന് തിരിച്ചറിയാനാകാത്തൊരു ആധി ഗ്ലാഡിസിനുണ്ടായി. അവര്‍ റോസയുടെ മുറിയിലേക്ക് നടന്നു. അവിടെ റോസയുടെ അമ്മയെ കാണാതെ മറ്റു മുറികളിലേക്ക് നടന്നു.
എവിടെയാണ് അവര്‍..?
ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളും പറച്ചിലുകളും തന്നെ വലയം ചെയ്യുന്നതുപോലെ ഗ്ലാഡിസിനു തോന്നി. പരിചാരികയ്ക്കൊപ്പം റോസ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് മഞ്ഞിലേക്കിറങ്ങി. ഈ അതികഠിനമായ തണുപ്പില്‍ അഗത എവിടെ പോകാനാണ്!
കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന കനത്ത മഞ്ഞുപാളി... അങ്ങ് ദൂരെനിന്നും നിത്യേനയെത്തുന്ന മഞ്ഞു വകഞ്ഞു മാറ്റുന്ന വാഹനത്തിന്റെ കണ്ണുകളില്‍നിന്ന് മഞ്ഞിലൂടെ അരിച്ചെത്തുന്ന വെളിച്ചം ഗ്ലാഡിസിന്റെ കണ്ണുകളിലേക്ക് തുളഞ്ഞുകയറി. മഞ്ഞു മാറ്റിയാലേ എവിടെയെങ്കിലും അഗതയെ അന്വേഷിക്കാനാകൂ...
റോസ പുറത്തേക്കിറങ്ങിയെങ്കിലും അവളുടെ കാലുകള്‍ പുതഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ ഗ്ലാഡിസ് റോസയെ വലിച്ചെഴുന്നേല്പിച്ച്, അകത്തേക്കു കയറ്റി.
'ഗ്ലാഡിസ്, എവിടെയാണ് എന്റെ അമ്മ?'
എന്താണ് റോസയോട് ഉത്തരം പറയേണ്ടതെന്നറിയാതെ ഗ്ലാഡിസ് വിദൂരവെളിച്ചത്തിലേക്ക് നോക്കിനിന്നു.
'സ്റ്റൈല്‍സ്' എന്ന വീട് ദൂരക്കാഴ്ചയില്‍ തലയുയര്‍ത്തി നിലകൊണ്ടു. മഞ്ഞിന്പാളികള്ക്കിടയിലൂടെ നോക്കുമ്പോള്‍ നേര്‍ത്ത പുലര്‍വെളിച്ചത്തില്‍ കറുത്തിരുണ്ട ഒരു ഗേഹംപോലെ അത് ഏകാകിയായി.
അപ്പോഴാണ് അഗതയുടെ സെക്രട്ടറി ഷാര്‍ലെറ്റ് ഫിഷര്‍ ഓടിക്കിതച്ച് എത്തിയത്. മഞ്ഞുപാളിയെ നീക്കം ചെയ്യുന്ന വാഹനത്തിനൊപ്പമാണോ അവര്‍ വന്നതെന്ന് ഗ്ലാഡിസിനു തോന്നി. തണുത്തു മരവിച്ച അവരുടെ കൈകള്‍ കൈയുറയില്നിന്ന് പുറത്തെടുത്തപ്പോഴും തണുത്തുതന്നെയിരുന്നു. ഷാര്‍ലെറ്റിന്റെ മുഖമാകെ പരിഭ്രമിക്കപ്പെട്ടതുപോലെയിരുന്നു.
ഗ്ലാഡിസ് ആധിപ്പെട്ടു.
'എന്താണ് ഷാര്‍ലെറ്റ്?'
'രാത്രിയില്‍ എനിക്കൊരു സന്ദേശം ലഭിച്ചു, ഗ്ലാഡിസ്...'
'പറയൂ.'
'മിസ്റ്റര്‍ ആര്‍ച്ചിബാള്‍ഡ് ഇവിടെയുണ്ടോ?'
'ഇല്ല. അദ്ദേഹം പുറത്തൊരിടത്തേക്ക് പ്രഭാതത്തില്ത്തന്നെയിറങ്ങി. രണ്ടു ദിവസം കഴിഞ്ഞേ മടക്കമുള്ളൂ എന്നാണ് പറഞ്ഞത്.'
ഷാര്‍ലെറ്റ് റോസയെ ചേര്‍ത്തുപിടിച്ചു. അവര്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും റോസയുടെ സമീപം നില്ക്കുമ്പോള് അവരത് പറയാന്‍ ബുദ്ധിമുട്ടുന്നതുപോലെ ഗ്ലാഡിസിനു തോന്നി.
'ഞാന്‍ നിങ്ങള്‍ക്ക് ഒരു കപ്പ് ചായ തരട്ടെ. ഇരിക്കൂ ഷാര്‍ലെറ്റ്.'
'നന്ദി. പക്ഷേ, എനിക്ക് ചായ വേണ്ട. ഒരു സന്ദേശം ലഭിച്ചു, അത് പറയാനാണ് ഞാന്‍ ഈ പ്രഭാതത്തില്‍ത്തന്നെ എത്തിയത്.'
ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതെന്തെന്നു പറയാതെ അവര്‍ ആ തണുപ്പിലും വിയര്‍ക്കുന്നതുപോലെ ഗ്ലാഡിസിനു തോന്നി.
'എന്താ ഷാര്‍ലെറ്റ്, അമ്മയ്ക്ക് എന്തു പറ്റി?'
റോസ ഒച്ചയുയര്‍ത്തി.
ഷാര്‍ലെറ്റ് മുഖമുയര്‍ത്തി നോക്കിയത് ചുമരിന്മേല് തൂക്കിയ അഗതയുടെയും അവരുടെ മടിയിലിരിക്കുന്ന കുഞ്ഞു റോസയുടെയും ചിത്രത്തിലേക്കായിരുന്നു. മരവിച്ച ശബ്ദത്തില്‍ അവര്‍ പറഞ്ഞു:
'അഗത യോര്‍ക്കിലേക്ക് പോവുകയാണെന്നൊരു സന്ദേശം എനിക്ക് ലഭിച്ചു. പക്ഷേ, അതെപ്പോള്‍, ആര് കൊണ്ടുവന്നുവെച്ചു എന്നൊന്നും അറിയില്ല. വീടിന്റെ മുന്നില്‍നിന്നു ലഭിച്ച സന്ദേശമാണ്. അങ്ങനെയൊരു കാര്യത്തെക്കുറിച്ച് അഗത എന്നോട് പറഞ്ഞിരുന്നതേയില്ല. എനിക്കെന്തോ അസ്വാഭാവികത തോന്നുന്നു.'
അത് കേട്ടപ്പോള്‍ ഗ്ലാഡിസ് ഒന്ന് ആശ്വസിക്കുകയാണ് ചെയ്തത്. സെക്രട്ടറിയോട് പറഞ്ഞിട്ടാണല്ലോ അഗത പോയിരിക്കുന്നത്. എങ്ങോട്ടാണ് പോയതെന്നതിനെക്കുറിച്ചും ധാരണയുണ്ട്. അതു മതി.
'അതൊരു അസ്വാഭാവിക യാത്രയാണ് ഗ്ലാഡിസ്. സന്ദേശം ഇത്തരത്തില്‍ വീടിന്റെ പടിയില്‍ ആരും കാണാതെ കൊണ്ടുവെക്കുക, നേരത്തേ അറിയിക്കാതെയിരിക്കുക, എനിക്കെന്തോ വല്ലായ്ക തോന്നുന്നു. ആര്ച്ചിബാള്ഡിനോട് അദ്ദേഹത്തിന്റെ ഭാര്യയെ ഒന്ന് അന്വേഷിക്കാന്‍ പറയുമല്ലോ.'
'നിങ്ങള്‍ പരിഭ്രമിക്കാതെയിരിക്കൂ ഷാര്‍ലെറ്റ്. അഗതയ്ക്ക് ഒന്നും സംഭവിക്കില്ല. അവര്‍ പെട്ടെന്നുണ്ടായ അത്യാവശ്യത്തിനു പോയതാവാനാണ് സാധ്യത.'
'അങ്ങനെയല്ല ഗ്ലാഡിസ്, പതിവില്ലാതെ പോയതില്‍ എനിക്കെന്തോ തോന്നി. ആര്ച്ചിബാള്ഡിന് ഞാനൊരു സന്ദേശം ഇടുന്നുണ്ട്. അദ്ദേഹം എവിടേക്കാണ് പോയതെന്നറിയാമോ?'
'ഇല്ല, അത് അദ്ദേഹം പറഞ്ഞില്ല.'
'ഞാനിത് പോലീസിനെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു ഗ്ലാഡിസ്.'
'ഷാര്‍ലെറ്റ് നിങ്ങള്‍ ഭയപ്പെടാതെയിരിക്കൂ, അഗത തിരികെയെത്തുമല്ലോ...'
ഷാര്‍ലെറ്റ് റോസയെ വീണ്ടും മുറുകെ പിടിച്ചു. റോസയ്ക്ക് അവിടെ എന്തൊക്കെയോ വിഷമിപ്പിക്കുന്നത് നടക്കുന്നുവോ എന്ന് സംശയം തോന്നി. അവള് ഷാര്ലെറ്റിനെയും ഗ്ലാഡിസിനെയും മാറി മാറി നോക്കി.
എന്തോ തീരുമാനിച്ചതുപോലെ ഷാര്‍ലെറ്റ് വീടിനു പുറത്തേക്ക് നീങ്ങി.
'ചായ കുടിച്ചിട്ട് പോകൂ ഷാര്‍ലെറ്റ്.'
പിന്നില്‍നിന്ന് ഗ്ലാഡിസിന്റെ വിളി മുഴങ്ങിയെങ്കിലും അസ്വാഭാവികമായ പരിഭ്രമത്തെക്കരുതി ഷാര്‍ലെറ്റ് ഓടുകയായിരുന്നു. ഒന്നും പതിവില്ലാത്തതാണ്. ഓരോ കാര്യവും കൃത്യമായി തന്റെ അറിവോടെ ചെയ്യുന്ന അഗതാ ക്രിസ്റ്റി ഇത്തവണ മാത്രമെന്താണ് ഇത്തരത്തില്‍ ഒരു നിഗൂഢത ഉണ്ടാക്കിയത്? മാത്രവുമല്ല, മനസ്സില്‍ അസ്വസ്ഥത പെരുകുന്നു. എന്തോ സംഭവിച്ചതുപോലെ ഒരു പ്രതീതി. വഴിയിലെ മഞ്ഞു നീക്കം ചെയ്തെങ്കിലും വെളുത്ത ശകലങ്ങള്‍ പുല്ലിലും മരത്തിലും അപ്പോഴും ബാക്കിനിന്നിരുന്നു. ഷാര്‍ലെറ്റിന്റെ വേഗം കൂടിയ ഓട്ടത്തില്‍ പുല്‍നാമ്പില്‍ പറ്റിപ്പിടിച്ചിരുന്ന മഞ്ഞുതുള്ളികള്‍ ചിതറിത്തെറിച്ചുപോയി.
തണുപ്പില്‍നിന്ന് അപ്പോഴും പകല്‍ ഒട്ടും മോചനം നേടിയിരുന്നില്ല.
സ്കൂളില്‍ പോകാതെ റോസ അമ്മയോട് കലഹിച്ചിരിക്കാന് ആരംഭിച്ചിരുന്നു. സ്റ്റൈല്‍സ് എന്ന വീട്ടില്‍ ധ്യാനത്തിലെന്നവണ്ണം അഗതാ ക്രിസ്റ്റിയുടെ എഴുത്തുമുറിയും അവരുടെ പുസ്തകങ്ങളും ടൈപ്പ് ചെയ്യുന്ന ഉപകരണവും വിറങ്ങലിച്ചു കിടന്നു.
Content Highlights: Nayika Agatha Christie Malayalam novel first part
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..