ഇന്ത്യയില്‍ നമ്മള് അഭിമുഖീകരിക്കുന്ന പ്രശ്നം രാഷ്ട്രീയമല്ല, സാമൂഹികമാണ്. ഇന്ത്യയുടെ മാത്രമല്ല, എല്ലാ ദേശരാഷ്ട്രങ്ങളുടെയും അവസ്ഥയാണിത്. ഏതെങ്കിലും പ്രത്യേകമായ ഒരു രാഷ്ട്രീയത്തില്‍ എനിക്കു വിശ്വാസമില്ല. പടിഞ്ഞാറിന്റെ രാഷ്ട്രീയം അതിന്റെ ആദര്‍ശങ്ങളെ ഭരിക്കുന്നുണ്ട്. ഞങ്ങള്‍ ഇന്ത്യക്കാരാകട്ടെ, നിങ്ങളെ അനുകരിക്കുകയും ചെയ്യുന്നു. വംശീയമായി ഐക്യപ്പെട്ട ജനങ്ങളും പ്രകൃതിവിഭവങ്ങളുടെ ദൗര്ലഭ്യതയുമുണ്ടായിരുന്ന യൂറോപ്പിന്റെ സംസ്കാരം, തുടക്കംമുതലേ രാഷ്ട്രീയവും വാണിജ്യപരവുമായ കൈയേറ്റത്തിന്റെ സ്വഭാവമാര്ജിച്ചിരുന്നു എന്നത് നമുക്ക് ഓര്മ വേണം. ഒരുഭാഗത്ത്, അവര്‍ക്ക് ഒരിക്കലും ആഭ്യന്തരമായ സങ്കീര്‍ണതകള്‍ നേരിടേണ്ടിവന്നിരുന്നില്ല. മറുഭാഗത്താകട്ടെ, അവര്‍ക്കു നേരിടേണ്ടിവന്നത് ശക്തരും പിടിച്ചുപറിക്കാരുമായ അയല്ക്കാരെയുമായിരുന്നു. അതിനുള്ള പരിഹാരമായി അവര്‍ കണ്ടത്, സ്വയം സംഘടിക്കലും മറ്റുള്ളവര്‍ക്കെതിരേ ശത്രുതാപൂര്വമുള്ള നിതാന്തജാഗ്രതയുമായിരുന്നു. ആദ്യകാലങ്ങളില്‍ അവര്‍ സംഘടിക്കുകയും കൊള്ളയടിക്കുകയുമാണ് ചെയ്തിരുന്നതെങ്കില്‍, വര്‍ത്തമാനകാലത്തും അതേ ആവേശം നിലനിര്‍ത്തിക്കൊണ്ട് അവര്‍ സംഘടിക്കുകയും ചൂഷണം നടത്തുകയും ചെയ്യുന്നു.
പക്ഷേ, ചരിത്രാരംഭം മുതല്‍ എല്ലാക്കാലത്തും ഇന്ത്യയുടെ മുന്നിലുണ്ടായിരുന്നത് അവളുടെ വംശത്തിന്റെ പ്രശ്നങ്ങളായിരുന്നു. ഓരോ ദേശത്തിനും അതിന്റെ ദൗത്യത്തെക്കുറിച്ച് കൃത്യമായ ഒരു അവബോധമുണ്ടായിരിക്കണം. എന്നാല്‍, കാലം നമുക്കായി കരുതിവെച്ച ദൗത്യങ്ങളെ പൂര്‍ണമായി പരിഹരിക്കാതെ രാഷ്ട്രീയമായി അവയെ നേരിടാന്‍ ശ്രമിച്ചാല്‍, നമ്മള് അപഹാസ്യരാവുകതന്നെ ചെയ്യും.
എത്രയോ വര്‍ഷങ്ങളായി ഞങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ വംശീയൈക്യത്തിന്റെ പ്രശ്നം, ഇവിടെ അമേരിക്കയില്‍ നിങ്ങളും നേരിടുന്നുണ്ട്. ഇന്ത്യയിലെ ജാതിവിവേചനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ഈ നാട്ടിലെ പലരും എന്നോടു ചോദിക്കുകയുണ്ടായി. പക്ഷേ, അവര്‍ ഈ ചോദ്യം ചോദിക്കുന്നത്, സ്വയം ഉന്നതരാണെന്ന നാട്യത്തോടെയാണ്. അല്പം വ്യത്യാസത്തോടെ ഇതേ ചോദ്യം ഞങ്ങളുടെ അമേരിക്കന്വിമര്ശകരോട് തിരിച്ചു ചോദിക്കാന്‍ ഞാനും പ്രചോദിതനാവുന്നുണ്ട്, 'റെഡ് ഇന്ത്യക്കാരുടെയും കറുത്തവര്‍ഗക്കാരുടെയും കാര്യത്തില്‍ നിങ്ങളെന്തു ചെയ്തു?' എന്ന്. അവരോടുള്ള നിങ്ങളുടെ ജാതിമനോഭാവത്തില്നിന്നു നിങ്ങളിനിയും വിമോചിതരായിട്ടില്ല. മറ്റു വംശങ്ങളില്‍നിന്നു വ്യത്യസ്തരായി നില്ക്കാന് നിങ്ങളുപയോഗിക്കുന്നത് അക്രമത്തിന്റെ മാര്‍ഗമാണ്. അമേരിക്കയില്‍, നിങ്ങള്‍ ഈ പ്രശ്നം പരിഹരിക്കുന്നതുവരെ, ഇന്ത്യയെ ചോദ്യംചെയ്യാന്‍ നിങ്ങള്‍ക്കൊരു അവകാശവുമില്ല.
വലിയ ബുദ്ധിമുട്ടുകളുണ്ടായിട്ടുപോലും ഇന്ത്യ ചിലതൊക്കെ ചെയ്തിട്ടുണ്ട്. ഭിന്നതകള്‍ യഥാര്‍ഥമായി നിലനില്ക്കുന്നിടങ്ങളിലെല്ലാം, അവയെ അംഗീകരിച്ചുകൊണ്ടും, ഏതെങ്കിലും വിധത്തിലുള്ള അടിസ്ഥാനപരമായ ഐക്യത്തിനുവേണ്ടിയുള്ള അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടും വംശങ്ങള്‍ തമ്മിലുള്ള നീക്കുപോക്കുകള്‍ക്ക് ഇന്ത്യ എന്നും ശ്രമിച്ചിട്ടുണ്ട്. നാനാക്കിനെയും ചൈതന്യയെയും അവരെപ്പോലുള്ള ഋഷിമാരിലൂടെയും ഏകദൈവത്തെക്കുറിച്ച് ഇന്ത്യയിലെ എല്ലാ വംശങ്ങള്‍ക്കിടയിലും പ്രചാരണം നടത്തിക്കൊണ്ടാണ് ആ അടിസ്ഥാനങ്ങള്‍ അവള് സ്വായത്തമാക്കിയത്.
ഞങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തുന്നതിലൂടെ ലോകത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനും ഞങ്ങള്‍ സഹായിച്ചിട്ടുണ്ടാവണം. ഒരുകാലത്ത് എന്തായിരുന്നുവോ ഇന്ത്യ, അതാണ് ഇന്നു ലോകം. ശാസ്ത്രത്തിന്റെ സൗകര്യങ്ങളിലൂടെ ലോകം മുഴുവന്‍ ഒരു രാജ്യമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. രാഷ്ട്രീയത്തിന്റേതല്ലാത്ത ഒരു ഐക്യത്തിന്റെ അടിസ്ഥാനം നിങ്ങളും കണ്ടെത്തേണ്ട സമയം ആഗതമായിരിക്കുന്നു. ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ അവള്‍ക്ക് കഴിയുമെങ്കില്‍ അതു മനുഷ്യത്വത്തിനുതന്നെ വലിയൊരു സംഭാവനയായിരിക്കും. ഒരേയൊരു ചരിത്രമേയുള്ളൂ. അതു മനുഷ്യന്റെ ചരിത്രമാണ്. ആ വലിയ ചരിത്രത്തിലെ കേവലം അധ്യായങ്ങള്‍ മാത്രമാണ് എല്ലാ ദേശീയചരിത്രങ്ങളും. ആ ഒരു വലിയ ലക്ഷ്യത്തിനുവേണ്ടി എന്തു നഷ്ടം നേരിടുന്നതിലും ഇന്ത്യയ്ക്ക് സന്തോഷമേയുള്ളൂ.
ഓരോ വ്യക്തിക്കും അവനവന്റെതായ ഒരു സ്വാര്‍ഥ താത്പര്യമുണ്ടായിരിക്കും. അതു നേടിയെടുക്കാന്‍ മറ്റുള്ളവരുമായി പോരാടുന്നതിന് അവന്റെ നിഷ്ഠുരമായ ചോദനകള്‍ അവനെ നയിക്കുകയും ചെയ്യും. എന്നാല്‍ അതേസമയം, അനുകമ്പയുടെയും പരസ്പരസഹായത്തിന്റെയും ഉയര്‍ന്ന ചോദനകളും മനുഷ്യനിലുണ്ട്. ആ സമുന്നതമായ ചോദനകള്‍ ഉള്ളിലില്ലാത്തവരും, അന്യരുമായി സഹവര്‍ത്തിത്വത്തില്‍ കഴിയാനാവാത്തവരുമായ മനുഷ്യര്‍ ഒന്നുകില്‍ നശിക്കും, അതല്ലെങ്കില്‍ അധഃപതിക്കും. സഹവര്‍ത്തിത്വത്തിന്റെ ഉള്‍പ്രേരണ ഉള്ളിലുള്ളവര്‍ക്കു മാത്രമേ അതിജീവിക്കാനും സംസ്കാരസമ്പന്നത കൈവരിക്കാനുമാവൂ. അതിനാല്‍, പരസ്പരം പോരടിക്കുകയാണോ സഹകരിക്കുകയാണോ വേണ്ടത്, സ്വാര്ഥതാത്പര്യങ്ങള്ക്കുവേണ്ടിയാണോ പൊതുനന്മയ്ക്കുവേണ്ടിയാണോ ജീവിക്കേണ്ടത് എന്ന തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ആരംഭകാലം മുതല്ക്കുതന്നെ മനുഷ്യനു നേരിടേണ്ടിവന്നു.
എല്ലാ രാജ്യങ്ങളുടെയും ഭൂമിശാസ്ത്രപരിധിയും വിനിമയസൗകര്യങ്ങളും പരിമിതമായിരുന്ന ചരിത്രാരംഭകാലത്ത്, ഈ പ്രശ്നത്തിന്റെ വ്യാപ്തി താരതമ്യേന ചെറുതായിരുന്നു. അവരവരുടെ വേറിട്ട ചുറ്റുവട്ടത്തു മാത്രം ഐക്യബോധം നിലനിര്‍ത്തിയാല്‍ മതിയായിരുന്നു അന്നു മനുഷ്യന്. അന്ന് അവര്‍ തമ്മില്‍ ഒരുമിക്കുകയും മറ്റുള്ളവര്‍ക്കെതിരേ പൊരുതുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഒരുമയുടെ ആര്‍ജവമാണ് അവരുടെ മഹത്ത്വത്തിന്റെ ശരിയായ അടിസ്ഥാനം. അവരുടെ കലയെയും ശാസ്ത്രത്തെയും മതത്തെയും വളര്‍ത്തിയതും ഈ ഒരുമയാണ്. ഏതൊരു സവിശേഷ വംശത്തിലെ മനുഷ്യര്‍ക്കും ഇതരവംശത്തിലെ മനുഷ്യരുമായി അടുത്ത ബന്ധം ഉണ്ടാക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യമാണ് ആരംഭകാലത്ത് മനുഷ്യനു നേരിടേണ്ടിവന്ന സുപ്രധാനമായ ഒരു യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവര്‍ അവരുടെ സമുന്നതമായ പ്രകൃതത്തിലൂടെ ചരിത്രത്തില്‍ അവരുടെ അടയാളം രേഖപ്പെടുത്തുകയും ചെയ്തു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ടാഗോറിന്റെ 'ദേശീയത' എന്ന പുസ്തകത്തില്‍ നിന്നും
Content Highlights: Nationalism by Rabindranath Tagore Malayalam translation Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..