'സര്‍, എനിക്ക് രാജ്കപൂറിനെ വിവാഹം ചെയ്യണം', മൊറാര്‍ജി ദേശായിയോട് നര്‍ഗീസ് പറഞ്ഞു


ടി.ജെ.എസ്. ജോർജ്

ഇന്ത്യൻ സിനിമയിലെത്തന്നെ എക്കാലത്തെയും സ്വപ്നനായികയായ നർഗീസിന്റെ ജീവിതത്തിൽനിന്നുള്ള ഒരു ഏടാണിത്. രാജ്കപൂറുമായുള്ള പ്രണയവും ജീവിതവും ബന്ധത്തകർച്ചയുമെല്ലാം കടന്നുവരുന്ന ഈ കുറിപ്പിൽ ഒരേകാലത്തെ രണ്ടു വലിയ താരങ്ങളുടെ പ്രണയബന്ധങ്ങളോടുള്ള സമീപനവും വെള്ളിവെളിച്ചങ്ങൾക്കുപിറകിലെ തമോഗർത്തങ്ങളുമെല്ലാം കടന്നുവരുന്നു

രാജ് കപൂറും നർഗീസും

പൃഥ്വിരാജ്‌ കപൂറി​ന്റെ ബന്ധുവായ കൃഷ്ണയെ രാജ്‌കപൂർ വിവാഹം ചെയ്യുന്നത് 1946 മേയിൽ. അതിനും നാലുമാസം കഴിഞ്ഞാണ് അദ്ദേഹം നർഗീസിനെ കണ്ടെത്തുന്നത്. വിധിയുടെ ആ വിളയാട്ടം അവരെ അധാർമികതയുടെ വലയിൽ കുടുക്കുകയും സ്നേഹിക്കാനൊരു കുടുംബം എന്ന സ്ത്രീയുടെ മൗലികമായ അഭിലാഷവും ഒരു പുരുഷനുണ്ടെന്നു കരുതപ്പെടുന്ന നാടുവാഴിത്ത മനോഭാവവും തമ്മിൽ സംഘർഷത്തിനു ഹേതുവാകുകയും ചെയ്തു.

പ്രണയത്തെപ്പറ്റിയുള്ള വാർത്തകൾ മുളപൊട്ടിയ ഉടൻതന്നെ അപായസൂചനകളും ഉയർന്നിരുന്നു. ആഗ്‌ എന്ന സിനിമയുടെ ചിത്രീകരണത്തിന്‌ നഗരപ്രാന്തത്തിലുള്ള ഖണ്ഡാലെയിലേക്ക് യൂണിറ്റ് പോയപ്പോൾ ഒരു തള്ളക്കോഴിയെപ്പോലെ നർഗീസിന്റെ മാതാവ്‌ ജദ്ദൻ ബായ് അവിടെ പറന്നെത്തി മകളെ ബോംബെയിൽ തിരികെയെത്തിക്കാൻ തിരക്കുകൂട്ടി. ചിത്രീകരണം മുടങ്ങിയാലും അവർക്ക് വിരോധമില്ലായിരുന്നു. ബുദ്ധിമതിയായ ജദ്ദൻ ബായ് 1948 ഒക്ടോബറിൽ ബർസാത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോൾത്തന്നെ മകളെപ്പറ്റി വേവലാതിപ്പെടാൻ തുടങ്ങിയിരുന്നു. പുറംവാതിൽ ചിത്രീകരണത്തിന് നർഗീസിനെ കശ്മീരിൽ കൊണ്ടുപോകാനുള്ള രാജ്കപൂറിന്റെ പദ്ധതി അവർ നിരോധിച്ചു. അതുകാരണം ചിത്രീകരണം മഹാബലേശ്വറിൽ നടത്തേണ്ടിവന്നു. അങ്ങനെ നർഗീസിനെ സംരക്ഷിക്കുന്നത് ജദ്ദൻ ബായിക്കോ സഹോദരൻ അഖ്തർ ഹുസൈനോ സൗകര്യപ്രദമായിത്തീർന്നു. പക്ഷേ, അൻപതുകളിൽപ്പോലും ചലച്ചിത്രലോകത്ത് സംരക്ഷണം എന്നത് താത്കാലികവ്യവസ്ഥയായിരുന്നു. നർഗീസിനെയും രാജ്കപൂറിനെയും സംബന്ധിച്ചിടത്തോളം തങ്ങളുടെ വികാരങ്ങളുടെ പരിശുദ്ധി അവരെ തള്ളിപ്പറയുന്നവരെ ധിക്കരിക്കാൻ പര്യാപ്തമായിരുന്നു.

മതപരമായ വ്യത്യാസംകൊണ്ടും രാജ്കപുർ ഗൃഹസ്ഥനായിരുന്നതുകൊണ്ടും രണ്ടുപേരുടെയും കുടുംബാംഗങ്ങൾ ഈ ബന്ധത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. പക്ഷേ, പ്രണയത്തിന്റെ ആവേഗത്തെ പ്രതിരോധിക്കാൻ രണ്ടു കുടുംബങ്ങൾക്കും ആവതല്ലായിരുന്നു. നർഗീസിന്റെ ഭാഗത്ത് ജദ്ദൻ ബായിക്കു മാത്രമാണ് മകളെ നിയന്ത്രിക്കാൻ ശേഷിയുണ്ടായിരുന്നത്. കുറച്ചുകാലം അവർക്കതിനു സാധിക്കുകയും ചെയ്തു. പക്ഷേ, നർഗീസിനെ പൂർണമായും തടഞ്ഞുനിർത്താൻ അവർക്കു കഴിഞ്ഞില്ല. 1950-ൽ ‘ആവാര’യുടെ ചിത്രീകരണം നടക്കുമ്പോൾ ജദ്ദൻ ബായ് ഹൃദയസ്തംഭനത്താൽ അന്തരിച്ചു. രണ്ടുവർഷം മുമ്പ് ബർസാത്തിന്റെ ചിത്രീകരണവേളയിൽ പിതാവ്‌ മോഹൻബാബു ഈ ലോകത്തോടു വിടപറഞ്ഞിരുന്നു. മാതാപിതാക്കളുടെ വേർപാട്, ഒരു താരമെന്ന നിലയിൽ തന്റെ കാര്യങ്ങൾ നോക്കിനടത്തിയിരുന്ന അമ്മയുടേത്‌, പ്രത്യേകിച്ചും നർഗീസിനെ പിടിച്ചുകുലുക്കി. അലഹാബാദിൽനിന്നും കൊൽക്കത്തയിൽനിന്നും കുടുംബത്തെ രക്ഷിച്ചുകൊണ്ടുവന്ന അമ്മയുടെ ദീർഘവീക്ഷണത്തെ അവർ ആരാധിക്കാൻ തുടങ്ങിയിരുന്നു; ആ ദീർഘവീക്ഷണമാണ് സിനിമാലോകത്ത് തനിക്ക്‌ ഒരു ഭാവി സൃഷ്ടിച്ചത് എന്നതിനാൽ.

പക്ഷേ, ജദ്ദൻ ബായിയുടെ വേർപാടിനെത്തുടർന്ന് കുറച്ചുനാൾക്കകം തനിക്കിഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാനവസരം ലഭിച്ചിരിക്കുകയാണെന്ന് നർഗീസിന് മനസ്സിലായി. അഖ്തർ ചിലപ്പോൾ സഹോദരിയെ നിയന്ത്രിക്കാൻ ഒരുമ്പെടുമായിരുന്നു. അടുത്ത കുടുംബസുഹൃത്തുക്കൾ രഹസ്യമായി പറയുംപോലെ -‘നർഗീസിനെ മർദിച്ചുകൊണ്ടും.’- അത് നർഗീസിലുള്ള നിഷേധിയെ പുറത്തുകൊണ്ടുവരാനേ പര്യാപ്തമായുള്ളൂ. ജദ്ദൻ ബായിയുടെ മരണത്തിനുശേഷം നർഗീസ് രാജ്കപൂറിനോടുള്ള പ്രേമം ഒളിച്ചുവെക്കാൻ ഒരു ശ്രമവും നടത്തിയില്ല. ജദ്ദൻ ബായ് കുറച്ചുകാലംകൂടി ജീവിച്ചിരുന്നെങ്കിൽ നർഗീസ്-രാജ്കപൂർ ബന്ധം ഇത്രത്തോളം പോവുകയില്ലായിരുന്നുവെന്ന് ഷമ്മികപൂർ പറയുന്നു. നർഗീസിന്റെ നായകനായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരാൾ അഭിപ്രായപ്പെടുന്നത്, മകളിൽ ജദ്ദൻ ബായിക്കുള്ള സ്വാധീനം രാജ്കപൂറിന്റെ വരവോടെ ക്ഷയിക്കാൻ തുടങ്ങി എന്നത്രേ. നർഗീസ്-രാജ് ബന്ധം അമ്മയും മകളും തമ്മിൽ വീട്ടിൽ വലിയ സംഘർഷത്തിനിടയാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കപൂർ കുടുംബത്തിൽ ബഹളം

നർഗീസ് അഭിമുഖീകരിച്ചതിനെക്കാൾ വലിയ ബഹളമാണ് രാജ് കപൂറിന്റെ കുടുംബത്തിലുണ്ടായത്. അദ്ദേഹം അടുത്തിടെമാത്രം വിവാഹിതനായ ഒരാളായിരുന്നു എന്നതാണ് കാരണം. കൃഷ്ണയെ പരിചയപ്പെട്ടവരെല്ലാം വിവേകവും ത്യാഗവും സമ്മേളിച്ച ഒരു വ്യക്തിയായിട്ടാണ് അവരെ വിലയിരുത്തിയിട്ടുള്ളത്. അവരുടെ അന്തർലീനമായ നന്മ രാജ്കപൂറിന്റെ ദുർനടപ്പിനെ കൂടുതൽ ഹീനമാക്കിയെന്നുവേണം പറയാൻ. കുട്ടികളുണ്ടായിട്ടും അവർക്ക് ഭർത്താവിന്റെ സാമീപ്യമുണ്ടായില്ല. കണ്ണീരും കഷ്ടപ്പാടുമായിട്ടാണ് അവർ ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. അവർ ആത്മഹത്യയ്ക്കു ശ്രമിച്ച വാർത്തപോലും ഉണ്ടായിരുന്നു.

കപൂർകുടുംബത്തിൽ കൃഷ്ണയ്ക്ക് എക്കാലവും അനുതാപവും പിന്താങ്ങലും ലഭിച്ചത് കുടുംബനാഥനായ പൃഥ്വിരാജ്‌ കപൂറിൽനിന്നുമാത്രം. ദുരിതകാലത്ത് കൃഷ്ണയുടെ ഏക ആശ്വാസം അദ്ദേഹമായിരുന്നു. രാജ് കപൂറിന്റെ സഹോദരനായ ശശികപൂർ ഓർമിക്കുന്നു: ‘‘ബാബിജി കരയുന്നതും പപ്പാജി കണ്ണിൽക്കണ്ടവരെയെല്ലാം ഉപദേശിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്; ബാബിജി, രാജ്ജി, നർഗീസ്ജി തുടങ്ങിയവരെയെല്ലാം. ഇത്തരം അവസരങ്ങളിൽ ഗൃഹത്തിലെ സ്ത്രീകൾ ബാബിജിയുടെ തോളിൽ തലവെച്ച് കണ്ണീർ വാർക്കുമായിരുന്നു.’’ കൃഷ്ണയുടെ ഹതാശയോ പൃഥ്വിരാജിന്റെ ഗുണദോഷിക്കലോ കമിതാക്കളെ അവരുടെ മാർഗത്തിൽനിന്ന് വ്യതിചലിപ്പിക്കാൻ പര്യാപ്തമായില്ല.

അകലാൻ അവർക്ക് ഒരു കാരണവും കണ്ടെത്താനായില്ല. രാജ് കപൂറിന്റെ വീക്ഷണത്തിൽ അവസാനിപ്പിക്കാനല്ല കാരണങ്ങളുണ്ടായിരുന്നത്. താനൊരു പുരുഷനാണെന്നും സ്ത്രീസൗന്ദര്യം ആരാധിക്കുന്നവനാണെന്നും തനിക്കു മനസ്സിലാക്കാൻ കഴിഞ്ഞേടത്തോളം തങ്ങളുടെ അവകാശമാണെന്ന് പുരുഷന്മാർ കരുതുന്നതിനെ പാരമ്പര്യവും അനുവദിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എല്ലാറ്റിനും ഉപരിയായി താനൊരു കലാകാരനാണെന്നും ജോലിയുടെ പൂർണതയ്ക്ക് നർഗീസുമായി അടുത്ത ബന്ധം ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം സങ്കല്പിച്ചു; ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അദ്ദേഹത്തിന്റെ കണ്ണുകൾ സഞ്ചരിച്ചുവെങ്കിലും അൻപതുകളിൽ നർഗീസ് തന്നെയായിരുന്നു എല്ലാം. നർഗീസായിരുന്നു അന്നുണ്ടായിരുന്ന ഏറ്റവും മികച്ച താരം. നർഗീസിന്റെ വീക്ഷണത്തിൽ, ആ ബന്ധം ഒരു പ്രണയമല്ലാത്തതിനാൽ അതവസാനിപ്പിക്കാൻ കാരണങ്ങളൊന്നുമില്ല എന്നതായിരുന്നു. അവർ വെറുതേയല്ല അങ്ങനെ പറഞ്ഞത്. രാജ്കപൂറിനെ വിവാഹംചെയ്യാൻ അവർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്ന് രണ്ടുപേരുടെയും സുഹൃത്തുക്കൾ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു. വെറുമൊരു ബന്ധത്തിനുപരിയായി അത് വളർന്നുകഴിഞ്ഞിരുന്നു. അതിന്റെ തീവ്രത നടി നീലത്തിന്റെ ചിത്രീകരണാത്മകമായ ഈ വാക്കുകളിൽ ഉൾക്കൊള്ളുന്നുണ്ട്: ‘‘ഒന്നിനും അവരെ തടഞ്ഞുനിർത്താൻ കഴിയുമായിരുന്നില്ല; ഒന്നിനും അവരെ വേർപ്പെടുത്താനാകുമായിരുന്നില്ല. അദ്ദേഹത്തിനു ജീവിതത്തിൽ വേണ്ടതെല്ലാം അവരിലുണ്ടായിരുന്നു... പ്രേമം, വഴക്ക്, കണ്ണുനീർ, പോരാട്ടം, അനുരഞ്ജനം, ഏകത്വം... അവർ ഒരേയൊരു ആത്മാവായിരുന്നു.’’

മൊറാർജി ദേശായി ഇടപെടുന്നു.

രാജ്കപൂർ ഹിന്ദുവും ഭാര്യയും കുഞ്ഞുങ്ങളുമുള്ള വ്യക്തിയുമായതിനാൽ അദ്ദേഹവുമായുള്ള വിവാഹം അനായാസമായിരിക്കുകയില്ലെന്ന് നർഗീസിന് തുടക്കംമുതലേ അറിയാമായിരുന്നു. എന്നിട്ടും അവർ പ്രശ്നപരിഹാരത്തിന് ഒരു ശ്രമം നടത്തി. അവരുടെ സാഹസികത സുഹൃത്തുക്കൾക്കുപോലും വിസ്മയമായിരുന്നു. ബോംബെയിലെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ സഹായം തേടാനാണ് നർഗീസ് ശ്രമിച്ചത്. അന്നത്തെ ഏറ്റവും കരുത്തനായ രാഷ്ട്രീയനേതാവായിരുന്ന ദേശായ് വിട്ടുവീഴ്ചയില്ലാത്ത സദാചാരനിലപാടുകൾകൊണ്ട് കുപ്രസിദ്ധനായിരുന്നു. പ്രണയമെന്നത് വൃത്തികെട്ട ഒരിടപാടായതിനാൽ അഗണ്യകോടിയിൽ തള്ളണമെന്ന് ചിന്തിച്ചിരുന്ന ഒരു വ്യക്തിയെത്തന്നെ തന്റെ ഭാഗം നിൽക്കാൻ നർഗീസ് ആശ്രയിച്ചത് അവരുടെ ഗതികെട്ട സ്ഥിതികൊണ്ടായിരുന്നു. ഹിന്ദുവിവാഹനിയമത്തിൽ മാറ്റങ്ങൾക്ക് ചുക്കാൻപിടിച്ചത് ദേശായ് ആയതിനാൽ അദ്ദേഹമാണ് തന്നെ ഉപദേശിക്കാൻ ഏറ്റവും നല്ല വ്യക്തി എന്ന് നർഗീസ് കരുതി. ‘സദാചാരമന്ത്രി’യുടെ സന്നിധാനത്തിലേക്ക് പ്രവേശിച്ചപ്പോൾ നർഗീസ് അങ്ങേയറ്റം ചകിതയായിരുന്നു എന്ന്‌ നീലം ഓർക്കുന്നുണ്ട്‌. അവരുടെ തുറന്നടിക്കുന്ന പ്രകൃതം അസ്തമിച്ചിരുന്നു, വാക്കുകൾ പുറത്തേക്കു വന്നില്ല. നീലം അവരുടെ കൈമുട്ടിൽ തട്ടിയപ്പോൾ ഉപക്രമമോ വിശദീകരണമോ ഇല്ലാതെ വാക്കുകൾ പുറത്തുചാടി: ‘‘സർ, എനിക്ക് രാജ്കപൂറിനെ വിവാഹംചെയ്യണം.’’ മേശയുടെ മറുപുറത്തിരിക്കുന്ന മിതഭാഷിയായ പാരമ്പര്യവാദിയുടെ മുഖത്ത് അതു കേട്ടതും ബീഭത്സതയാണ് നിഴലിച്ചത്. വികാരങ്ങൾ മൂടിവെക്കാറുള്ള ദേശായി ആ നിമിഷം അത് പുറത്തെടുക്കുകയും നർഗീസിനോടും നീലത്തിനോടും ഉടനടി പുറത്തുപോകാൻ ആജ്ഞാപിക്കുകയും ചെയ്തു.

പ്രതീകാത്മക വിവാഹം

നർഗീസ് തികച്ചും വിഷണ്ണയായെങ്കിലും അതവരെ പിന്തിരിപ്പിക്കാൻ പര്യാപ്തമായില്ല. അവർ മുന്നോട്ടുതന്നെ നീങ്ങി. മനസ്സാക്ഷിയെ കുത്തിനോവിച്ചുകൊണ്ടിരുന്ന സദാചാരപരമായ സംക്ഷോഭത്തിനും ജീവിതത്തിലെ എല്ലാ ‘യുദ്ധങ്ങൾക്കും സമാധാനങ്ങൾക്കും’ ഇടയ്ക്കും അവർ രാജ്കപൂറുമായി ഒരു പ്രതീകാത്മകവിവാഹത്തിനുവരെ സന്നദ്ധയായി. ബർസാത്തും അതിന്റെ വിജയവും അവരുടെ വൈകാരിക ഐക്യത്തിനെ അരക്കിട്ടുറപ്പിച്ചപ്പോൾ, 1949 ഡിസംബർ 31-ന്, രാജ്കപൂർ നർഗീസിന്റെ കഴുത്തിൽ മംഗല്യസൂത്രം അണിയിച്ചു എന്ന് നീലം ഫിലിം ഫെയറിനോട് വെളിപ്പെടുത്തുകയുണ്ടായി. ആ രാത്രി ഉന്മത്തയായി, സന്തോഷവതിയായി നർഗീസ് നീലത്തോട് അലറിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘ആ സുന്ദര അലൗകികമന്ദഹാസം ഞാൻ ഒരിക്കലും മറക്കില്ല.’’

തന്റെ പ്രേമഭാജനത്തെ വരിക്കാൻ കൊതിച്ചിരിക്കുകയായിരുന്നു നർഗീസ്. രാജ്കപൂറിനോ പുതുവർഷപ്പുലരി ആഘോഷിക്കുന്നതിലപ്പുറം ആ ‘മംഗളസൂത്രം’ അണിയിക്കലിലുണ്ടായിരുന്നോ? ആരംഭനാളുകളിൽ പ്രകടമായില്ലെങ്കിലും രണ്ടുപേരും തമ്മിൽ സ്പഷ്ടമായ ഭിന്നത ഉണ്ടായിരുന്നു. രാജ്കപൂർ ഒരു പ്ലേ ബോയ് ആയിരുന്നു- എല്ലാം ശരിയെങ്കിൽ കഴിവ് പുറത്തെടുക്കാൻ ശേഷിയുള്ളവനും. പക്ഷേ, ഒരു പ്ലേ ബോയ്, പ്ലേ ബോയ് തന്നെ ആണല്ലോ! നർഗീസിന് പ്രകൃത്യാൽത്തന്നെ ആത്മാർഥതയുണ്ടായിരുന്നു; രാജ് അതതു ദിവസങ്ങളിൽ ജീവിച്ചു; നർഗീസ് ഭാവിയെ സ്വപ്നംകണ്ടു. നല്ലൊരു ഗൃഹനാഥനാവാൻ രാജിന് കഴിയുമായിരുന്നില്ല; നർഗീസ് സ്വന്തമൊരു കുടുംബം സ്വപ്നംകണ്ടു. രാജ് മെട്രിക്കുലേഷൻപോലും നേടിയിരുന്നില്ല, വായനശീലവും ഉണ്ടായിരുന്നില്ല. സീനിയർ കേംബ്രിജ് ജയിച്ച നർഗീസ് മെഡിസിൻ പഠനത്തിന് തയ്യാറെടുത്തിരുന്നു. കസാൻദ്‌ സാക്കിസ്, ജോൺ ഗാൽ ബ്രെയ്ത്, മാർട്ടിൻ ലൂഥർ കിങ്, മൗലാന ആസാദ് തുടങ്ങിയവരെ നർഗീസ് വായിച്ചിരുന്നു. അഭിജാതകുടുംബത്തിൽനിന്നായിരുന്നുവെങ്കിലും രാജ് അന്തസ്സില്ലാതെയാണ് പെരുമാറിയിരുന്നത്; കുലമഹിമയൊന്നും അവകാശപ്പെടാനില്ലെങ്കിലും നർഗീസ് സാമൂഹികചാരുതകളുടെ സാരാംശമായിരുന്നു.

വ്യക്തിപരമായ അസമാനതയാണ് ഒടുവിൽ അവരെ കൂട്ടിയിണക്കുക അസാധ്യമാണെന്നു തെളിയിച്ചത്. സമ്പൂർണസ്നേഹം നർഗീസ് കൊതിച്ചു-അതിൽ നിയമപരമായി വിവാഹിതനായ ഒരു ഭർത്താവും ലാളിക്കാൻ കുഞ്ഞുങ്ങളും എല്ലാം ഉൾപ്പെട്ടിരുന്നു. രാജ്കപൂർ വിവാഹിതനായിരുന്നു എന്നു മാത്രമല്ല അദ്ദേഹത്തിന്റെ ‘ഈഗോ’ സ്പഷ്ടവുമായിരുന്നു. തനിക്കൊരു അനുബന്ധം എന്നതൊഴിച്ചാൽ അദ്ദേഹത്തിന് ഒരിക്കലും ഒരു സ്ത്രീയുടെ വ്യക്തിപരമായ ആഗ്രഹങ്ങൾ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. സമഗ്രമായ സ്നേഹം അദ്ദേഹവും ആഗ്രഹിച്ചിരുന്നെങ്കിലും അത് തന്റെ നിർദേശത്തിലും തന്റെ നിശ്ചയത്തിലും ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. തന്റെ സിനിമാ ഉദ്ദേശ്യങ്ങൾ നേടിയെടുക്കാൻവേണ്ടി മാത്രമായിരുന്നു രാജ് കപൂറിന് സ്ത്രീകൾ. നായികമാരുമായി ഇരമ്പുന്ന പ്രേമമില്ലാതെ അദ്ദേഹത്തിന് സിനിമയെടുക്കാൻ കഴിയുമായിരുന്നില്ലെന്നു പറയാം. അദ്ദേഹം സർഗധനനായ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ തൊഴിൽശൈലിക്ക് ഓരോ നിമിഷവും നായികമാർ പൊരുത്തപ്പെട്ടുപോകണമെന്നുമാണ് ഇതിനു നൽകിയിട്ടുള്ള കലാപരമായ വിശദീകരണം. മറ്റു വാക്കുകളിൽ, പ്രേമം സിനിമ സൃഷ്ടിക്കുന്നതിന് നിർബന്ധമായും ആവശ്യമായ ഒരു രാസത്വരകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നായികയുടെ മേൽ പൂർണ അവകാശം സ്ഥാപിച്ചുകഴിഞ്ഞാലല്ലാതെ അദ്ദേഹത്തിന്റെ ഈഗോ തൃപ്തിപ്പെടുമായിരുന്നില്ല. അന്ദാസിനുശേഷം നർഗീസ് ദിലീപ് കുമാറുമൊന്നിച്ച് അഭിനയിക്കുന്നതിന്‌ വഴിവിട്ട് അദ്ദേഹം ശ്രമിക്കുകയും അതിൽ ഒരളവോളം വിജയിക്കുകയും ചെയ്തതാണ്. അദ്ദേഹത്തിന്റെ താത്പര്യങ്ങൾ വൈജയന്തിമാലയിലേക്ക് തിരിഞ്ഞപ്പോൾ, ദിലീപിൽനിന്ന് ഈ ദക്ഷിണേന്ത്യക്കാരിയെ അടർത്തിയെടുക്കാൻ തീവ്രമായ പോരിനുവരെ സന്നദ്ധമായി. നായികമാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് ദോഷദർശനമായ ഒരു കാരണം സിനിമാവൃത്തങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു: തന്റെ ചിത്രങ്ങൾക്ക് പരമാവധി പബ്ലിസിറ്റി നേടിയെടുക്കുകയാണ് എന്നതത്രേ അത്. വൈജയന്തിമാലയുടെയും പത്മിനിയുടെയും ഒപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം തന്റെ ക്രീഡകൾക്ക് വ്യാപകമായ പ്രചാരണം നൽകാൻ ഉദ്യമിച്ച്, വിജയിച്ചിരുന്നു.

മധുരം തീരുമ്പോൾ..

പുതിയ കീഴടക്കലുകളിൽ രാജ്കപൂറിനുണ്ടായിരുന്ന പരസ്യമായ താത്പര്യമാണ് ഒടുവിൽ നർഗീസിന്റെ കണ്ണുതുറപ്പിച്ചത്. നർഗീസിന്റെ കൂടെ പത്തുകൊല്ലം ചെലവിട്ട അദ്ദേഹത്തിന്റെ പ്രായം മുപ്പതു കടന്നിരുന്നു. പുതിയ മുഖങ്ങളും പുതിയ കൂട്ടുകെട്ടുകളും അവതരിപ്പിക്കാൻ അദ്ദേഹത്തിലെ ‘ഷോമാൻ’ പ്രേരിപ്പിച്ചിരിക്കണം. അദ്ദേഹത്തിലെ പുരുഷൻ ഒരു മാറ്റത്തിനുവേണ്ടി കൊതിച്ചിരിക്കണം. ദക്ഷിണേന്ത്യയിലെ ‘അസാധാരണമായ മധുര’ത്തിന്റെ ക്ഷണം വന്നുചേർന്നതും അക്കാലത്തുതന്നെ. പദ്‌മിനിയുടെ മാംസപ്പൊലിമയും വൈജയന്തിമാലയുടെ മാദകത്വവും ബോംബൈയിലെ കൃത്രിമ കാമവികാരജനകമായ പഞ്ചാബികളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്‌ ഒരു പുനർയൗവനം നൽകാൻ പര്യാപ്തമായി. തിരക്കഥാകൃത്തും സംവിധായകനുമായ ഒരു സുഹൃത്തിനോട് നർഗീസ് ഇങ്ങനെ പറഞ്ഞത് നടൻ അജിത് ഓർക്കുന്നു: ‘‘അമ്രോഹിയുടെ സ്നേഹത്തിനുവേണ്ടി മധു (ബാലതാരമായി മീനാകുമാരി രംഗപ്രവേശം ചെയ്തത് മാധുരി എന്ന പേരിലായിരുന്നു) അഞ്ചുലക്ഷം രൂപ നൽകാൻ സന്നദ്ധയായിരുന്നു. രാജ് കപൂറിന് പണം ആവശ്യമില്ല; നേരേമറിച്ച് വ്യത്യസ്തതയാണ് വേണ്ടിയിരുന്നത്.’’ 1957-ൽ പറഞ്ഞ കഠിനമായ ഈ വാക്കുകൾ, തന്നെ വെറുമൊരു ഉപകഥാപാത്രമായി മാറ്റിയ ബന്ധം അവസാനിപ്പിക്കാനുള്ള നർഗീസിന്റെ തീരുമാനത്തെ പ്രതിനിധീകരിക്കുന്നു. വ്യക്തമായും ഇന്ദ്രജാലം അവസാനിച്ചിരുന്നു. രാജ് തന്റെ നേരേ ഉദാസീനമനോഭാവം കൈക്കൊണ്ടപ്പോൾ നർഗീസ് വിഷാദമഗ്നയായി. അവർ തമ്മിലുള്ള ആശയവിനിമയം ആയാസപ്പെട്ടു. ഭാഷ, പ്രത്യേകിച്ചും രാജ്കപൂറിന്റേത് പതിവിനു വിരുദ്ധമായി പരുക്കനായിത്തീർന്നു. രണ്ടുപേരുടെയും അടുത്ത സുഹൃത്തായ ഒരു പ്രധാനതാരം ഇങ്ങനെ പറയുന്നു: ‘‘മറ്റൊരാളോട് മാനസികമായി അടുപ്പം ഒരാൾക്ക് തോന്നുന്നത്, ഇത്തരമൊരു വ്യവസായത്തിൽ അപരാധമൊന്നുമല്ല. പക്ഷേ, അതിൽ മാന്യത സൂക്ഷിക്കണമെന്നു മാത്രം. ബന്ധങ്ങളിൽ, സ്വകാര്യരംഗത്തും പൊതുരംഗത്തും, അവർ നല്ല പെരുമാറ്റത്തിൽ ശ്രദ്ധിക്കണം. പക്ഷേ, രാജ് കാര്യഗൗരവമില്ലാതെ, പലപ്പോഴും ആഭാസമായി സംസാരിക്കുമായിരുന്നു. അദ്ദേഹം നർഗീസിനോട് ഫോണിൽ സംസാരിക്കുന്നതുകേട്ട ഞാൻ ഞെട്ടിപ്പോയി. ഞാൻ രണ്ടുപേരോടുമായി ചോദിച്ചു: ഇതാണോ നിങ്ങളുടെ ബന്ധത്തിന്റെ പ്രകൃതവും യോഗ്യതയും..?’’

സന്തോഷകാലത്ത് രാജിന്റെ ഭാഷ നർഗീസ് ശ്രദ്ധിച്ചിരുന്നതേയില്ല. ഉണ്ടെങ്കിൽത്തന്നെ അവർ തമ്മിലുള്ള അടുപ്പത്തിന്റെ സൂചകമായിട്ടേ അവർ ഇതിനെ കണ്ടിരുന്നുള്ളൂ. ബന്ധം ക്ഷയിച്ചു തുടങ്ങിയ കാലത്ത് രാജിന്റെ ഭാഷയും ശൈലിയും കൂടുതൽ പരുക്കനായിത്തീർന്നു. ആ ബന്ധം കലാശക്കൊട്ടിന്റെ സമയത്തെത്തി. അതു വന്നത് നർഗീസിൽനിന്നായിരുന്നു. പ്രശ്നം പരിഹരിക്കാൻ രണ്ടുപേരും തമ്മിൽ ഒരു ചർച്ചയും നടന്നില്ല. അതിഭാവുകത്വമാർന്ന വേർപിരിയൽരംഗങ്ങൾ ഉണ്ടായതുമില്ല. ഒരുകാലത്ത് അവരുടെ ബന്ധത്തിന് ആസ്വാദ്യമായ മാധുര്യം നൽകിയിരുന്ന പോരാടുക- സമരസപ്പെടുക എന്ന സംയോഗം അപ്രത്യക്ഷമായിരുന്നു. പോരാടുന്നതിൽ താത്പര്യമില്ലാതായി; അതിനെക്കാൾ കൂടുതലായിരുന്നു യോജിപ്പിലെത്തുന്നതിലുള്ള നിസ്സംഗത. പുറത്തുനിന്ന് കാര്യമായ ക്ഷണം വരുകയാണെങ്കിൽ താനത് സ്വീകരിക്കാൻ തയ്യാറാണെന്ന് നർഗീസ് സൂചനകൾ നൽകിത്തുടങ്ങിയതോടെ എല്ലാം അവസാനിച്ചു; ആ സൂചനകളിലൊന്നിന് പ്രാധാന്യമുണ്ടായിരുന്നു. വി.പി. സാഥെ പറയുന്നു: ‘‘മെഹ്ബൂബിന്റെ മദർ ഇന്ത്യയിൽ അഭിനയിക്കാനുള്ള ക്ഷണം സ്വീകരിച്ചപ്പോൾ അവർ രാജ്കപൂറിൽനിന്നു വിടവാങ്ങുകയാണെന്നും ഒരു പുതുജീവിതം ആരംഭിക്കാൻ പോവുകയാണെന്നും ഞങ്ങൾക്കെല്ലാം മനസ്സിലായി.’’ചലച്ചിത്രരംഗത്തെ ഒട്ടേറെപ്പേർ പങ്കിടുന്ന ഈ വീക്ഷണഗതി നർഗീസിന്റെ തീരുമാനത്തിലെ ശക്തമായ പ്രതീകാത്മകത്വത്തിൽനിന്ന് മുളപൊട്ടിയതാണ്. ഇതിനു മുമ്പ് ആർ.കെ. ഫിലിംസ് നിർമിക്കാനുദ്ദേശിച്ചിരുന്ന ഒരു ചിത്രത്തിൽ വൃദ്ധയുടെ കഥാപാത്രം അവർ നിരാകരിച്ചിരുന്നു. വൃദ്ധയുടെ റോൾ തന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും എന്നായിരുന്നു അവരുടെ വാദം. എന്നിട്ടും മദർ ഇന്ത്യയിൽ വയസ്സായ, വശ്യതയില്ലാത്ത ഒരമ്മയുടെ റോളാണ് അവർ സ്വീകരിച്ചത്. രാജ്കപൂറിന് ഇതിനെക്കാൾ വ്യക്തമായി ഒരു സൂചന നൽകാനില്ലായിരുന്നു.

ബന്ധം വേർപെടുത്താൻ നിശ്ചയിച്ചപ്പോൾ നിർവികാരയായിട്ടാണ് നർഗീസ് അത് നിർവഹിച്ചത്. തന്നോടും തന്റെ പുതിയ ജീവിതത്തോടും സത്യസന്ധത പുലർത്തണമെന്ന് അവർ സ്വയം കല്പിച്ചിരുന്നു. അതിനെപ്പറ്റി അവർ പക്വമതിയായിരുന്നു. കുറ്റപ്പെടുത്തലോ ഉൾപ്പകയോ ഇല്ലാതെയാണ് അവർ പുതിയ ദൗത്യത്തിൽ നിമഗ്നയായത്. ബോംബെയിലെ ഗോസിപ്പ് കോളങ്ങളുടെ മുൻഗാമിയായ ദേവയാനി ചൗബൽ, ഒരിക്കൽ രാജ്കപൂറുമായുള്ള വേർപിരിയിലിനെത്തുടർന്ന് നർഗീസ് അദ്ദേഹത്തെ ആക്ഷേപിക്കുകയും മോശം വാക്കുകളിൽ ചിത്രീകരിക്കുകയും സ്വന്തം നേട്ടത്തിനായി തന്നെ ഉപയോഗിച്ചതിന് കുറ്റപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണയായി ദേവയാനി വാർത്തകൾ പടച്ചുണ്ടാക്കാറില്ല. സ്വകാര്യസംഭാഷണങ്ങളിൽ രാജ്കപൂറിനെതിരായി നർഗീസ് സംസാരിച്ചിരുന്നിരിക്കാം. പക്ഷേ, പൊതുരംഗത്ത് അവർ അന്തസ്സിന്റെ പ്രതീകമായിരുന്നു. മദർ ഇന്ത്യ പൂർത്തിയായതോടെ അവർ സിനിമയിൽനിന്ന് സ്വയം വിരമിക്കുകയും തന്റെ പുതിയ ജീവിതത്തിൽ ആമഗ്നയാവുകയും ചെയ്തു.


(മാതൃഭൂമി ബുക്‌സ് ഉടൻ പുറത്തിറക്കുന്ന ‘നർഗീസ്: ജീവിതവും കാലവും’ എന്ന പുസ്തകത്തിൽനിന്ന് എഡിറ്റ് ചെയ്ത ഒരുഭാഗം)

Content Highlights: Nargis Dutt Life Story by TJS George

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented