രാജ് കപൂറൂം നർഗീസും
അമ്പതുകളിലെ സിനിമ സാക്ഷ്യംവഹിച്ച, വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞ റൊമാന്റിക് ജോഡികളാണ് നര്‍ഗീസും രാജ് കപൂറും. ഇത്രയും ആനന്ദകരമാംവിധം ഹൃദയോഷ്മളമായ ജോഡിയെ വെള്ളിത്തിര വളരെ അപൂര്‍വ്വമായേ കണ്ടിരിക്കൂ. പരസ്പരം ആകര്‍ഷിക്കപ്പെട്ട രണ്ടുപേരുടെ വ്യക്തികഥാനുവര്‍ണ്ണനയ്ക്കും ഉപരിയായി എന്തോ ആയിരുന്നു അത്. വ്യാപ്തിയിലും സങ്കീര്‍ണ്ണതയിലും സംവിധാനത്തിലും അത് തിരശ്ശീലയിലെ റൊമാന്‍സിനെപ്പറ്റിയുള്ള പൊതുധാരണകളെ തിരുത്തുകയും താരജോഡികളെന്ന ആശയത്തെ ജനകീയവത്കരിക്കുകയും ചെയ്തു; കൂടാതെ അഭിനയം എന്ന തൊഴിലിന്റെ സ്വഭാവത്തെതന്നെ തിരുത്തിക്കുറിക്കുകയും ചെയ്തു. എന്നാലോ, അത് തികച്ചും ഒരു യാദൃച്ഛികസംഭവമായിരുന്നു. നര്‍ഗീസ് അഭിനയിച്ച ചിത്രങ്ങള്‍ രാജ് കപൂര്‍ കണ്ടിരിക്കാമെങ്കിലും 1946-47 കാലത്ത് ആഗ് ആസൂത്രണം ചെയ്യുമ്പോള്‍ അദ്ദേഹം അവരെ താരനിരയില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിച്ചിരുന്നതുപോലുമില്ല. ആകസ്മികമായിട്ടാണ് അദ്ദേഹം അവരെ കാണുന്നത്. പിന്നെ അവരെ ഉള്‍പ്പെടുത്താന്‍ അദ്ദേഹം തിരക്കിട്ട് തന്റെ പരിപാടികള്‍ മാറ്റി, തിരക്കഥ തിരുത്തി എഴുതുകയായിരുന്നു.
ആഗിന്റെ ചിത്രീകരണത്തിന് രാജ് കപൂര്‍ ഒരു സ്റ്റുഡിയോ തേടിനടക്കുമ്പോഴാണ് എല്ലാറ്റിന്റെയും ആരംഭം. ബോംബെയിലെ മഹാലക്ഷ്മി എന്ന സ്ഥലത്തുള്ള ഫെയ്മസ് സ്റ്റുഡിയോയില്‍ വെച്ച്, ജദ്ദന്‍ ബായ് റോമിയോ ആന്‍ഡ് ജൂലിയറ്റ് നിര്‍മ്മിക്കുന്നുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അവരെ നേരില്‍ക്കണ്ട് അവിടെയുള്ള സൗകര്യങ്ങളെക്കുറിച്ച് അറിയാന്‍ അദ്ദേഹം സ്റ്റുഡിയോയിലേക്ക് ചെന്നു. എന്നാല്‍ അദ്ദേഹം അവിടെ എത്തിയപ്പോഴേക്കും റോമിയോവിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. നിരാശനാവാതെ അദ്ദേഹം മറൈന്‍ ഡ്രൈവിലെ ജദ്ദന്‍ ബായിയുടെ ഫഌറ്റിലേക്ക് ചെന്ന് കോളിങ് ബെല്‍ അടിച്ചു. ഇരുപത്തിരണ്ടുകാരനായ രാജിന് വാതില്‍ തുറന്നുകൊടുത്തത് പതിനെട്ടുകാരിയായ നര്‍ഗീസ്. വര്‍ഷങ്ങള്‍ക്കു ശേഷം ഈ കൂടിക്കാഴ്ചയെപ്പറ്റി രാജ് കപൂര്‍ ഇങ്ങനെ രേഖപ്പെടുത്തി: 'ഞാനാരാണെന്ന് അവര്‍ എന്നോടു തിരക്കി. അന്ന് എനിക്കുണ്ടായിരുന്ന ഒരേയൊരു മേല്‍വിലാസം പൃഥ്വിരാജിന്റെ പുത്രന്‍ എന്നായിരുന്നു. ഞാനത് അവരോടു പറഞ്ഞു. എന്നെ നന്നായിട്ടറിയാമെന്നും ദീവാറില്‍ (പൃഥ്വി തിയേറ്റേഴ്‌സിന്റെ നാടകം) ഞാന്‍ അഭിനയിക്കുന്നത് കണ്ടിട്ടുണ്ടെന്നും ആയിരുന്നു അവരുടെ മറുപടി. ബീബിജി (ജദ്ദന്‍ ബായ് അറിയപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു) സ്ഥലത്തുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞു. 'ഇല്ല, ആരുമില്ല; ഞാനൊറ്റയ്ക്കാണ് ഇവിടെ' എന്ന് മറുപടി. അകത്തേക്കു വന്ന് ഇരിക്കാന്‍ അവര്‍ ക്ഷണിച്ചു. 'ഇല്ല, ഞാന്‍ പോകട്ടെ' എന്നു പറഞ്ഞ് ഞാന്‍ സ്ഥലംവിട്ടു. പക്ഷേ, അവര്‍ എന്റെ മനസ്സില്‍ തങ്ങിനിന്നു. ഞാന്‍ നേരേ ഇന്ദര്‍രാജ് ആനന്ദിനെ സമീപിച്ച് ഇങ്ങനെ ആവശ്യപ്പെട്ടു: 'എന്റെ ചിത്രത്തിലേക്ക് എനിക്ക് ആ പെണ്‍കിടാവിനെ വേണം... അവളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തിരക്കഥ തിരുത്തിയെഴുതൂ.' അങ്ങനെയാണ് നര്‍ഗീസുമായുള്ള ആദ്യസമാഗമവും അവര്‍ ആഗില്‍ വരുന്നതും. ചിത്രത്തിനു നല്‍കിയ വമ്പന്‍ പബ്ലിസിറ്റി കാരണം പ്രേക്ഷകര്‍ക്ക് അവരെ കാണാന്‍ ആകാംക്ഷയായിരുന്നു. എന്നാല്‍, ഒമ്പതാമത്തെ റീലിലേ അവര്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ...

'തടിച്ചുരുണ്ട ഒരു ചെങ്കണ്ണന്‍ ഇന്ന് വീട്ടില്‍ വന്നിരുന്നു.' ആഗിന്റെ ചിത്രീകരണസമയത്ത് നീലത്തിനെ അവര്‍, തുടര്‍ന്നറിയിച്ചത്, 'ചെങ്കണ്ണന്‍ എന്നോട് അടുപ്പം കൂടാന്‍ ഭാവിക്കുന്നുണ്ട്' എന്നും. സാധാരണ പെരുമാറ്റത്തില്‍ നിന്നും വ്യത്യസ്തമായി ഒരാളെ അംഗീകരിച്ചതിന്റെ വ്യക്തമായ സൂചനയാണ് സ്‌നേഹപ്രകടനം വ്യക്തമാക്കുന്ന ഈ പ്രയോഗങ്ങള്‍.
'ചെങ്കണ്ണന്‍' തീര്‍ച്ചയായും പ്രത്യേകതയുള്ളവനായിരുന്നു. സിംഹമായ പൃഥ്വിരാജിന്റെ കനിഷ്ഠപുത്രന്‍ രാജ് കപൂര്‍ വായില്‍ വെള്ളിക്കരണ്ടിയുമായാണ് ജനിച്ചത്. സിനിമാപ്രവേശനത്തിന് ആഗ്രഹമുണ്ടെങ്കിലും അത് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചതിനു ശേഷമേ ആകാവൂ എന്ന് പിതാവിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. പക്ഷേ, പഠനത്തില്‍ രാജിന് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. പ്രായപൂര്‍ത്തിയായതിനു ശേഷവും രാജിന്റെ വായന കോമിക്‌സുകളിലും, ആവശ്യമായതിനാല്‍ തിരക്കഥകളിലും മാത്രം ഒതുങ്ങിനിന്നു. സ്‌കൂള്‍പഠനം പാതിവഴിക്ക് നിര്‍ത്തിയ അദ്ദേഹം സിനിമാക്കാരായ സുഹൃത്തുക്കളുമായി കൂട്ടുകൂടി നടക്കുകയായിരുന്നു. അവസാനം പൃഥ്വിരാജിന്റെതന്നെ ഇടപെടലിലൂടെ കിദാര്‍ ശര്‍മയുടെ അസിസ്റ്റന്റായി. ഒരടി മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞെങ്കിലും തിടുക്കക്കാരനായ ആ ചെറുപ്പക്കാരന്‍ അതുകൊണ്ട് സംതൃപ്തനായില്ല.
യുദ്ധാനന്തര രാഷ്ട്രീയം കാരണം ചുറ്റുമുള്ള ലോകം താറുമാറിലായിരുന്നെങ്കിലും, ചലച്ചിത്രരംഗം കര്‍മ്മനിരതമായിരുന്നു- രണ്ടാം ലോകമഹായുദ്ധവും രാജ്യവിഭജനവും സൃഷ്ടിച്ച സന്ദിഗ്ദ്ധതകള്‍ വിസ്മരിച്ച് മുന്നോട്ടു കുതിക്കാനുള്ള വെമ്പലോടെ! സ്വാതന്ത്ര്യം ലഭിച്ച് ഒരു കൊല്ലത്തിനകം കല്‍ക്കത്തയില്‍നിന്നും മദിരാശിയില്‍നിന്നുമുള്ള പ്രഭാപൂരിതമായ മന്ദമാരുതന്‍ നവയുഗപ്പുലരി വിളംബരം ചെയ്തു കഴിഞ്ഞിരുന്നു. ഭൂലി നയി (1948), പരിവര്‍ത്തന്‍ (1949) എന്നീ സിനിമകള്‍ കല്‍ക്കത്തയിലേക്ക് വിപുലമായ ആസ്വാദകവൃന്ദത്തെ ആകര്‍ഷിച്ചു; മദിരാശിയിലേക്കാവട്ടെ, എസ്.എസ്. വാസന്റെ ജെമിനി സ്റ്റുഡിയോയിലൂടെ വന്ന ചന്ദ്രലേഖ (1948) മുതല്‍ ഏറെ ജനസമ്മതി നേടിയ ഒരുകൂട്ടം സിനിമകളും. അമ്പതുകളില്‍ ഈ രംഗങ്ങള്‍ വിപുലമാകാന്‍ തുടങ്ങി. അതിന്റെ മുന്‍നിരയില്‍ മറ്റാര്‍ക്കും മുന്നേ എത്താന്‍ രാജ് കപൂറിന് തിടുക്കമായിരുന്നു.
കിദാര്‍ ശര്‍മ രാജ് കപൂറിനെ ക്ലാപ്പര്‍ ബോയിയില്‍ തുടങ്ങി നടന്‍ വരെ എത്തിച്ചു. കാര്യങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടായിരുന്നു അദ്ദേഹത്തിന്; എല്ലാവരുമായും നല്ല രീതിയില്‍ ഇടപെടാനും. സ്വാഭിപ്രായം തുറന്നുപ്രകടിപ്പിച്ചിരുന്ന അദ്ദേഹം ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി- ഉറച്ച ആത്മവിശ്വാസത്തോടെ! പാരമ്പര്യമൊന്നും ഇല്ലാത്ത മറ്റു വല്ലവരില്‍നിന്നുമായിരുന്നെങ്കില്‍ അവ അന്തസ്സാരവിഹീനമായ കൈമണിയടിക്കലായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. ഒരു പ്രായോഗിക സ്വപ്‌നജീവി സഫലമാക്കുമായിരുന്ന രീതിയിലായിരുന്നു യുവ കപൂറിന്റെ അഭിപ്രായങ്ങള്‍. അദ്ദേഹത്തിന് സംവിധായകനും സ്റ്റുഡിയോ ഉടമയും പ്രയോക്താവും ഉത്തേജകനും എല്ലാം ആകണമെന്നുണ്ടായിരുന്നു. ഏകാഗ്രചിത്തനല്ലാതെ മറ്റൊന്നുമായിരുന്നില്ല അദ്ദേഹം. സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദം അലയടിച്ചുതുടങ്ങുന്നതില്‍ തനിക്കൊന്നുമില്ലെന്ന മട്ടില്‍ അദ്ദേഹം 1947 ജനുവരിയില്‍ സ്വന്തം കമ്പനി തുടങ്ങി, ആഗിന്റെ നിര്‍മ്മാണം ആരംഭിച്ചു. 1948-ല്‍ ആ ചിത്രം റിലീസ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ഇരുപത്തിമൂന്നു വയസ്സു മാത്രം. അവിടെ നിര്‍ത്താതെ 1948-ല്‍ത്തന്നെ അദ്ദേഹം ബര്‍സാത്തും പുറത്തിറക്കി.
ഒരു നല്ല യുവമുഖം മാത്രമായിരുന്നില്ല രാജ് കപൂര്‍. അദ്ദേഹം പുതിയൊരു മന്ദമാരുതനായിരുന്നു- ഭാവനാശക്തിയും മാമൂലുകളെ ധിക്കരിക്കാനുള്ള സിദ്ധിയുമുള്ള ആള്‍. അഭിനേതാവാകാന്‍ വേണ്ടി ജനിച്ച ഒരാള്‍ എന്നാണ് അദ്ദേഹം വിലയിരുത്തപ്പെട്ടിട്ടുള്ളത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ അഭിനയം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയില്‍. പിതാവ് പൃഥ്വി തിയേറ്റേഴ്‌സ് ആരംഭിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. കോമഡിയോട് അദ്ദേഹത്തിന് ജന്മസിദ്ധമായ ഇഷ്ടമുണ്ടായിരുന്നു. കിദാര്‍ ശര്‍മ നീല്‍ കമലിലെ നായകവേഷത്തിലേക്ക് പൊടുന്നനെ ക്ഷണിച്ചപ്പോള്‍, ഹാസ്യകഥാപാത്രത്തിന്റെ റോളിലാണ് തനിക്കു താല്‍പ്പര്യമെന്നായി രാജ് കപൂര്‍ (അദ്ദേഹംതന്നെയായി ചിത്രത്തിലെ നായകന്‍; അന്ന് മുംതാസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മധുബാലയും ബീഗം പാരയും നായികമാരും.) സംഗീതത്തോട് അദ്ദേഹത്തിന് അവികലമായ അടുപ്പമുണ്ടായിരുന്നു. അഭിനേതാ- സംവിധായകനായില്ലെങ്കില്‍ അദ്ദേഹം സംഗീത സംവിധായകനാകുമായിരുന്നെന്ന് അടുപ്പക്കാര്‍ എപ്പോഴും പറയാറുണ്ടായിരുന്നു. എക്കാലത്തെയും ഹിറ്റുകളായ ബര്‍സാത്തിലും ആവാരയിലും എല്ലാ മേഖലകളിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നുവെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.
വിനോദവ്യവസായത്തില്‍ ജന്മനാ താല്‍പ്പര്യമുണ്ടായിരുന്ന രാജ് കപൂറിന് വിദ്യാഭ്യാസത്തിലൂടെ ലഭ്യമാകുന്ന ബൗദ്ധിക അടിത്തറകൂടി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കുമെന്നു ചിന്തിക്കുന്നത് കൗതുകകരമായിരിക്കും. സ്വന്തം സ്ഥാപനമായ ആര്‍.കെ. ഫിലിംസ് ആരംഭിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ നേതൃത്വപരമായ കഴിവ് തികച്ചും പ്രകടമായത്. പ്രഭാതിന്റെയോ, ബോംബെ ടാക്കീസിന്റെയോഇടയ്ക്ക് ഒരു വന്‍കിട സ്ഥാപനമായിരുന്നില്ല അത്. എന്നാലും അനുഗൃഹീതരായ ഒരുകൂട്ടം പ്രതിഭകളെ സംഘടിപ്പിക്കാനും, അവരെ കൂടെ നിര്‍ത്താനും ആര്‍.കെ. ഫിലിംസിനു കഴിഞ്ഞു. സ്റ്റുഡിയോയുടെ പ്രധാന പ്രകാശധാരകള്‍- കെ.എ. അബ്ബാസ്, ശൈലേന്ദ്ര, മുകേശ്, ശങ്കര്‍- ജയ് കിഷന്‍, എം.ആര്‍. അച്‌രേക്കര്‍, രാധു കാര്‍മാര്‍കര്‍- എല്ലാവരുംതന്നെ അനിതരസാധാരണമായ കഴിവുള്ളവരായിരുന്നു. അവരൊരുമിച്ച് ആര്‍.കെ. മുദ്രയെ അനിര്‍വ്വചനീയമായ കലയുടെ കേന്ദ്രസ്ഥാനമായി മാറ്റി, ഒരു ഇതിഹാസത്തിന്റെ തലത്തോളം എത്തിക്കുകയും ചെയ്തു. എന്നിരുന്നാലും, ആ സംഘത്തെ മുന്നില്‍നിന്നു നയിച്ച താരജോഡികളായിരുന്നു അതിന്റെ പ്രലോഭിപ്പിക്കുന്ന പ്രഭവകേന്ദ്രം.

നര്‍ഗീസും രാജ് കപൂറും തങ്ങള്‍ പ്രണയജോഡികളാകാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട ദ്വന്ദ്വങ്ങളാണെന്ന പ്രതീതി മാത്രമല്ല പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ഒരാള്‍ മറ്റെയാളുടെ മുഴുവന്‍ കഴിവും പുറത്തുകൊണ്ടുവരികയും ചെയ്തു. രാജ് കപൂറിന്റെ ഉല്‍ക്കടാവേശം നര്‍ഗീസിനെ സ്വാധീനിച്ചുവെങ്കില്‍, നര്‍ഗീസിന്റെ ആത്മപ്രചോദിതത്വം അദ്ദേഹത്തിന് പുഷ്ടിധാരയായി വര്‍ത്തിച്ചു. രാജിന്റേത് കന്നിസംരംഭമായിരുന്നു; നര്‍ഗീസാവട്ടെ അഞ്ചു വര്‍ഷത്തെ അനുഭവസമ്പത്തുള്ള താരവും. അവരുടെ മുന്‍ സംവിധായകരെല്ലാം കഥാഗതിക്കനുസൃതമായി മാത്രമേ അവരെ ഉപയോഗപ്പെടുത്തിയിരുന്നുള്ളൂ; വ്യക്തിപരമായ ഒരു സമാനത അവരിലാരുമായും ഉണ്ടായിരുന്നില്ല. ദിലീപ് കുമാറുമായി ചേര്‍ച്ച ഉണ്ടായിരുന്നെങ്കിലും അത് ഒരു തീപ്പൊരിപോലും ഉയര്‍ത്തിയിരുന്നില്ല. രാജ് കപൂറുമൊന്നിച്ചുള്ള പ്രഥമ പ്രത്യക്ഷപ്പെടല്‍തന്നെ അഗ്നിപ്രളയം സൃഷ്ടിച്ചു. ഒരുനാള്‍കൊണ്ട് അവര്‍ രണ്ടുപേരും ഇഴചേരുകയും വൈകാതെ നര്‍ഗീസ് ആര്‍.കെ. ഫിലിംസിന്റെ അവിഭാജ്യഘടകം മാത്രമല്ല, അതിന്റെ ആവേശശക്തിതന്നെയായിത്തീരുകയും ചെയ്തു. അവര്‍ തമ്മിലുള്ള രസതന്ത്രം അത്രയും കൃത്യമായതിനാല്‍ ബര്‍സാത്തിലെ ഒരു ദൃശ്യം ആര്‍.കെ. ഫിലിംസിന്റെ പ്രസിദ്ധമായ ചിഹ്നമായിത്തീരുകയുമുണ്ടായി.
രാജ് കപൂറിനും നര്‍ഗീസിനുമിടയില്‍ ഒരു പ്രത്യേകതരം മമതാബന്ധം നിലനിന്നിരുന്നുവെന്നത് ആര്‍ക്കും കാണാമായിരുന്നു. രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് അത് അനുഭവവേദ്യമായി, സുഹൃത്തുക്കള്‍ അതിനെപ്പറ്റി അഭിപ്രായം പ്രകടിപ്പിച്ചു; സിനിമയെ അത് ബാധിക്കുന്നത് വ്യവസായവൃത്തങ്ങളില്‍ ചര്‍ച്ചയ്ക്ക് വിധേയമായി. ഒരഭിമുഖസംഭാഷണത്തില്‍ അശോക് കുമാര്‍ രത്‌നച്ചുരുക്കമായി ഇങ്ങനെ തുറന്നടിച്ചു:
'നര്‍ഗീസ് മികച്ചൊരു അഭിനേത്രിയാണ്. എന്നാലവര്‍ ഒരു നായികയെപ്പോലെ തോന്നിച്ചിരുന്നില്ല. അവരെപ്പോഴും ഗൃഹപാഠം ചെയ്തതിനു ശേഷമാണ് സെറ്റുകളിലെത്താറുണ്ടായിരുന്നത്. സംഭാഷണം ഹൃദിസ്ഥമാക്കുക അവരുടെ പതിവായിരുന്നു. റിഹേഴ്‌സല്‍ സമയത്തെ അതേ ആത്മപ്രചോദിത്വത്തോടുകൂടിയാണ് അവര്‍ ഓരോ രംഗവും അഭിനയിച്ചുതീര്‍ത്തിരുന്നത്. മാദകഭംഗി അവര്‍ക്കുണ്ടായിരുന്നില്ല. രാജ് കപൂറിനോടൊപ്പമാണെങ്കില്‍ അവര്‍ തികച്ചും ആവേശഭരിതയായിരിക്കും. അവര്‍ തമ്മിലുള്ള പ്രണയകഥ ഐതിഹാസികമാണ്; ആ പ്രണയം വെള്ളിത്തിരയെയും ജാജ്ജ്വല്യമാനമാക്കി.' (ടൈംസ് ഓഫ് ഇന്ത്യ, 18.2.1990).
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജ് രചിച്ച നര്‍ഗീസ് ജീവിതവും കാലവും എന്ന പുസ്തകത്തില്‍ നിന്നും.
Content Highlights: nargis biography malayalam tjs george raj kapoor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..