തെംസ് നദി | ഫോട്ടോ: എ.പി
പി.എ. രാമചന്ദ്രന്റെ, 'നദികള്‍: മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ'എന്ന പുസ്തകത്തില്‍നിന്ന്;
നൂറ്റാണ്ടുകളോളം ലോകത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന ലണ്ടന്‍ നഗരത്തിലൂടെ ഒഴുകുന്ന നദി, ആംഗലേയസാഹിത്യത്തില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച സാക്ഷാല്‍ വില്യം വേര്‍ഡ്‌സ് വര്‍ത്തിന്റെ ഹൃദയത്തിലൂടെ ഒഴുകിയ നദി, ലോകചരിത്രത്തെത്തന്നെ മാറ്റിയെഴുതിയ, ആധുനികകാലത്തെ ആദ്യത്തെ മഹാനഗരത്തിനു ജീവജലം നല്‍കിയ തെംസ് എന്ന പ്രസിദ്ധമായ നദി... വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. ഭാരതീയര്‍ക്ക് ഗംഗയെന്നപോലെയാണ് ബ്രിട്ടീഷുകാര്‍ക്ക് തെംസ് നദി. അതിന്റെ തീരത്താണ് ആംഗലേയ സംസ്‌കൃതി പിറന്നുവളര്‍ന്നത്. ആ നദിയാണ് ആദിമകാലത്ത് അവര്‍ക്ക് സുരക്ഷാകവചമായിരുന്നത്.
മദ്ധ്യ-ദക്ഷിണ ഇംഗ്ലണ്ടിലെ മഞ്ഞുമൂടിയ കോട്‌സ്വോള്‍ഡ് മലനിരകളില്‍നിന്ന് നാലു ചെറിയ അരുവികളായി ഉത്ഭവിക്കുന്ന തെംസ് 350 കിലോമീറ്റര്‍ കിഴക്കോട്ടു സഞ്ചരിച്ച് 29 കിലോമീറ്ററോളം വീതിയുള്ള ഒരു അഴിമുഖത്തുവെച്ച് ഉത്തരസമുദ്രത്തില്‍ പതിക്കുന്നു. വലിപ്പം യശസ്സിനെ ബാധിക്കുന്നില്ല എന്നതിന്റെ അടയാളമാണ് ഈ ചെറിയ നദി.
ലണ്ടനില്‍ ഒരു ശ്രീധരേട്ടനുണ്ടായിരുന്നു. ഏറെ പ്രസിദ്ധനായ ഒരു കോസ്റ്റ് അക്കൗണ്ടന്റായിരുന്നു അദ്ദേഹം. അറുപതുകളിലും എഴുപതുകളിലും ലണ്ടന്‍ സന്ദര്‍ശിച്ചിരുന്ന പ്രമുഖരായ മലയാളികളെല്ലാം ശ്രീധരേട്ടന്റെ അതിഥികളായിരുന്നു. പത്തുപന്ത്രണ്ടു തവണയെങ്കിലും ഞാന്‍ ശ്രീധരേട്ടന്റെ അതിഥിയായി താമസിച്ചിട്ടുണ്ടാകും. എന്റെ അളിയന്റെ അനുജനാണ്, മലയാളികളുടെ പ്രിയങ്കരനായ ശ്രീധരേട്ടന്‍.
ദുബായ് ഗവണ്മെന്റിനുവേണ്ടി ഞാന്‍ ജോലിചെയ്തിരുന്നപ്പോള്‍ ലണ്ടനിലെ പല ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും എനിക്ക് ഔദ്യോഗികമായി സന്ദര്‍ശിക്കേണ്ടിയിരുന്നു. പിന്നീട് ഞാന്‍ ടി.യു.വി. നോര്‍ഡ് എന്ന കമ്പനിയുടെ മസ്‌കറ്റിലെ മാനേജരായിരുന്ന കാലത്ത് ഹെഡ്ഓഫീസായ ജര്‍മ്മനിയിലേക്കു പോകുമ്പോഴെല്ലാം ലണ്ടനിലിറങ്ങി രണ്ടുദിവസം ശ്രീധരേട്ടനോടൊപ്പം താമസിക്കാറുണ്ട്. രാവിലെ ഓഫീസില്‍ പോകുമ്പോള്‍ എന്നെയും കാറില്‍ കയറ്റും. ഹൈഡ് പാര്‍ക്കിന്റെ പരിസരങ്ങളിലെവിടെയെങ്കിലും ഞാനിറങ്ങും.
ലണ്ടന്‍ പാര്‍ലമെന്റും ബക്കിങ്ഹാം പാലസും തെംസ് നദിയും ക്യൂ ഗാര്‍ഡനുമൊക്കെക്കണ്ട് വെറുതേ കറങ്ങിനടക്കുമ്പോള്‍ ഞാന്‍ ഇന്ത്യാചരിത്രത്തിലെ ആ കറുത്ത ഏടുകള്‍ ഓര്‍ത്തുപോകും. അധിനിവേശത്തിന്റെ രാക്ഷസക്കാലുകള്‍ അമര്‍ത്തിച്ചവിട്ടി ലോകത്തെയൊന്നാകെ ദ്രോഹിച്ച മഹാസാമ്രാജ്യത്തിന്റെ അധികാരകേന്ദ്രമായിരുന്നു ഈ നഗരം. ഭാരതീയരുടെ ശിരസ്സില്‍ അടിച്ചേല്‍പ്പിച്ച ദത്താവകാശനിരോധന നിയമവും റെഗുലേറ്റിങ് ആക്ടും ചാര്‍ട്ടര്‍ ആക്ടുമൊക്കെ രൂപപ്പെടുത്തിയത് ഇവിടെയായിരുന്നു. വെല്ലസ്ലിയും വാറന്‍ ഹേസ്റ്റിങ്‌സും റോബര്‍ട്ട് ക്ലൈവും ഡല്‍ഹൗസിയും മൗണ്ട്ബാറ്റണുമൊക്കെ ഇവിടെനിന്നു വലിക്കുന്ന ചരടിനൊപ്പമാണ് ചലിച്ചിരുന്നത്. ലോകത്തെ നടുക്കിയ മഹായുദ്ധങ്ങള്‍ക്ക് നടുനായകത്വം വഹിച്ച നഗരം... ഓര്‍മ്മകള്‍ തെംസ് നദിയെന്നപോലെ കലങ്ങിമറിഞ്ഞൊഴുകുന്നു.
ചരിത്രം എഴുതപ്പെടുന്ന കാലത്ത് ഇംഗ്ലണ്ട് ഒരു സാമ്രാജ്യമോ പ്രസിദ്ധമായ ഒരു പ്രദേശമോ ആയിരുന്നില്ല. കാലാകാലങ്ങളിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു കീഴടങ്ങി അതാതു സംസ്‌കൃതികള്‍ക്കടിമപ്പെട്ടുകഴിഞ്ഞ നാട്. ഇംഗ്ലീഷ് എന്നൊരു ഭാഷപോലും അന്നു രൂപപ്പെട്ടിരുന്നില്ല. എ.ഡി. 55 കാലത്താണ് ഇംഗ്ലണ്ടിലേക്കുള്ള ആദ്യ റോമന്‍സൈനിക മുന്നേറ്റം നടക്കുന്നത്. ജൂലിയസ് സീസറുടെ സേനയ്ക്കു പക്ഷേ, ആ പ്രദേശം കീഴടക്കാനായില്ല. റ്റാമെസിസ് എന്ന് റോമന്‍ ഭാഷയില്‍ പരാമര്‍ശിക്കപ്പെട്ട തെംസ് നദിയായിരുന്നു സീസര്‍ക്ക് വൈതരണിയായത്. എന്നാല്‍ ഒരുനൂറ്റാണ്ടിനു ശേഷം ക്ലോഡിയസ് എന്ന റോമന്‍ ചക്രവര്‍ത്തി തെംസ് കടന്നെത്തി ഈ പ്രദേശത്തെ ആദ്യമായി കീഴടക്കി.
ആ കാലത്ത്, തെംസിന്റെ ഇരുവശങ്ങളും ചതുപ്പുനിലങ്ങളായിരുന്നു. റോമന്‍സൈന്യമാണ് തെംസിനു കുറുകെ ആദ്യമായി ഒരു തടിപ്പാലം നിര്‍മ്മിച്ചത്. നദിയുടെ വടക്കേ തീരത്തായി ഒരു തുറമുഖവും അവരുണ്ടാക്കി. അതിന് ലോണ്ടിന്യം എന്നു പേരുമിട്ടു. ഈ പേരാണ് പിന്നീട് ലണ്ടന്‍ എന്നായിത്തീര്‍ന്നത്. പിന്നീട് യൂറോപ്പിന്റെ ഇതരഭാഗങ്ങളിലേക്കുള്ള ചരക്കുഗതാഗതത്തിന് ഈ തുറമുഖം വേദിയായി. ഉള്‍പ്രദേശങ്ങളില്‍നിന്ന് ചരക്കുകള്‍ എത്തിക്കാന്‍ അവര്‍ തെംസ് നദിയുടെ സഹായവും തേടി. അതോടെ ലോണ്ടിന്യം യൂറോപ്പിലെ ഒരു പ്രമുഖ വാണിജ്യകേന്ദ്രമായിത്തീര്‍ന്നു. നാലാം നൂറ്റാണ്ടിനുശേഷം റോമാസാമ്രാജ്യത്തിന് ശക്തി കുറഞ്ഞു. അവരുടെ അധികാരപരിധികള്‍ ചുരുങ്ങി. വൈകാതെ റോമക്കാര്‍ ഈ പ്രദേശത്തെ ഉപേക്ഷിച്ചു. തെംസ് നദിയും തുറമുഖ നഗരവും ആരും ശ്രദ്ധിക്കാതെയായി.

ഏതാണ്ടു പതിനൊന്നാം നൂറ്റാണ്ടുവരെ ആംഗ്ലോ-സാക്‌സണ്‍ രാജാക്കന്മാരുടെ കിരീടധാരണം കിങ്സ്റ്റണില്‍വെച്ചു നടത്തപ്പെട്ടിരുന്നു. എ.ഡി. 1066-ല്‍ വില്യം രാജാവാണ് ലണ്ടന്‍ഗോപുരം നിര്‍മ്മിച്ചത്. ഒരു നഗരമെന്ന നിലയില്‍ ലണ്ടന്‍ വീണ്ടും ശ്രദ്ധനേടാന്‍ തുടങ്ങിയതും അക്കാലത്താണ്. പിന്നെ ബ്രിട്ടന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. 1209 ലാണ് ലണ്ടനില്‍ തെംസ് നദിക്കു കുറുകെ ഒരു കല്‍പ്പാലം നിര്‍മ്മിക്കപ്പെട്ടത്. ചരിത്രം പഠിക്കുന്ന ആര്‍ക്കും മറക്കാനാവാത്ത വാക്കാണ് മാഗ്‌നകാര്‍ട്ട. ഇംഗ്ലണ്ടിലെ ജോണ്‍ രാജാവ് 1215-ല്‍ ചരിത്രപ്രസിദ്ധമായ ഈ ഉടമ്പടി ഒപ്പുവെച്ചത് തെംസ് നദീതീരത്തുള്ള റണ്ണിമിഡ് എന്ന പുല്‍മൈതാനത്തുവെച്ചാണ്.
പത്താംനൂറ്റാണ്ടിനു ശേഷം ലണ്ടന്‍ നഗരവും തെംസ് നദിയും ലോകശ്രദ്ധ നേടി, നദിക്കരയില്‍ വാണിജ്യം തഴച്ചുവളര്‍ന്നു. അതോടെ നദിയില്‍ സാങ്കേതികസൗകര്യങ്ങളും വര്‍ദ്ധിച്ചു. 1840-ല്‍ ലോകത്തില്‍ ആദ്യമായി വെള്ളത്തിനടിയിലൂടെയുള്ള തുരങ്കം നിര്‍മ്മിച്ചുകൊണ്ട് തെംസ് നദിയുടെ ഇരുകരകളും തമ്മില്‍ ബന്ധിപ്പിച്ചു. 459 മീറ്റര്‍ നീളമുള്ള ഈ തുരങ്കം ഗ്രെയ്റ്റര്‍ ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍പ്പാതകളുടെ ഭാഗമായി ഇപ്പോഴും ഉപയോഗിച്ചുവരുന്നു. ആധുനികകാലത്തെ വിനോദസഞ്ചാരികളുടെ ആകര്‍ഷണമായ ലണ്ടന്‍ ടവര്‍ പാലം 1894-ല്‍ പൂര്‍ത്തിയായി. ഇതിന് ഇരട്ടപ്പാളികളുള്ള ഉയര്‍ത്താവുന്ന ഒരു ഭാഗമുണ്ട്. പാലത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ക്കിടയിലൂടെ വലിയ കപ്പലുകള്‍ക്കു കടന്നുപോകുന്നതിനായി 76 മീറ്റര്‍ വിസ്താരം സൃഷ്ടിക്കത്തക്കവിധം ആവശ്യാനുസരണം ഉയര്‍ത്താവുന്നവയാണ് ഈ പാളികള്‍.
പതിനെട്ടാം നൂറ്റാണ്ടിന്റെ പാതിയോടെ വെസ്റ്റ്മിന്‍സ്റ്റര്‍ പാലം നിര്‍മ്മിക്കുന്നതുവരെ തെംസ് നദി കാല്‍നടയായി കുറുകെ കടക്കാനുള്ള ഏകമാര്‍ഗ്ഗം ലണ്ടന്‍ പാലമായിരുന്നു. ഇതു പിന്നീട് പുനര്‍നിര്‍മ്മിക്കപ്പെടുകയും അവസാനം 1820 കളില്‍ തല്‍സ്ഥാനത്തു മറ്റൊന്നു പണിയുകയും ചെയ്തു. കല്ലുകൊണ്ടു നിര്‍മ്മിച്ച ലണ്ടന്‍ പാലത്തിന്റെ പത്തൊമ്പത് ആര്‍ച്ചുകളെ താങ്ങിയിരുന്ന തൂണുകള്‍ നദിയുടെ ഒഴുക്കിനെ ഗണ്യമായി തടസ്സപ്പെടുത്തിയിരുന്നു. തത്ഫലമായി, ഈ പാലം നിലവിലുണ്ടായിരുന്ന ഏകദേശം 600 വര്‍ഷത്തിനിടയില്‍ എട്ടു പ്രാവശ്യമെങ്കിലും തെംസ് നദി തണുത്തുറഞ്ഞിട്ടുണ്ട്.
എഴുപതുകളിലൊരിക്കല്‍ ഞാന്‍ തെംസ് സന്ദര്‍ശിച്ചപ്പോള്‍ തെംസിന്റെ പരിതാപകരമായ അവസ്ഥ നേരിട്ടുകാണാന്‍ കഴിഞ്ഞു. ഒരുതരം മഞ്ഞകലര്‍ന്ന ചാരനിറമായിരുന്നു നദിക്കപ്പോള്‍. അതിരൂക്ഷമായ മലിനീകരണം കൊണ്ടായിരുന്നു അത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കോളറപോലും പടര്‍ന്നുപിടിച്ചത് തെംസ് നദിയില്‍നിന്നാണെന്ന വസ്തുത നമുക്കു മറക്കാന്‍ കഴിയില്ല. നദീജലത്തില്‍ ഓക്‌സിജന്റെ അളവും ക്രമാതീതമായി കുറഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ നദിയെ 'Biologically Dead' എന്ന് 1957-ല്‍ ഇംഗ്ലണ്ടിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം വിധിയെഴുതിയത്.
ഇരുപതാം നൂറ്റാണ്ടിന്റെ സാംസ്‌കാരിക അധഃപതനത്തെക്കുറിച്ച് ടി.എസ് ഇലിയറ്റ് എഴുതിയ ദി വേസ്റ്റ് ലാന്‍ഡ് (The Waste land) എന്ന കാവ്യത്തില്‍ 'London bridge is falling down, falling down, falling down' എന്നെഴുതിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്. എന്നാല്‍ പിന്നീട് ജലമലിനീകരണത്തിനെതിരായ നിയമം ലണ്ടനില്‍ കര്‍ശനമായി പ്രാബല്യത്തില്‍ വരുത്തി. ഏതാനും വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായി വംശനാശം നേരിട്ട് തെംസ് നദിയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന പല ജീവികകളും തിരിച്ചെത്തി.
ഞാനും ദുബായ് ഗവണ്‍മെന്റിന്റെ പരിസ്ഥിതി വിഭാഗത്തിന്റെ ഇപ്പോഴത്തെ തലവനായ ഹംദാനും ഒരിക്കല്‍ തെംസ് നദി അതോറിറ്റി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ രണ്ടാം ലോകഹായുദ്ധകാലം മുതല്‍ തെംസ് നദിക്കുണ്ടായ ദുര്യോഗം അവര്‍ വിവരിച്ചുതന്നു. അക്കാലത്തുണ്ടായിരുന്ന പഴയ വിക്ടോറിയന്‍ അഴുക്കുചാലുകളും മലിനജലസംസ്‌കരണ പ്ലാന്റുകളും ലോകമഹായുദ്ധകാലത്ത് ശത്രുസൈന്യം ബോംബിട്ടു തകര്‍ത്തിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു ബയോളജിക്കല്‍ യുദ്ധമുറയായിരുന്നു. തെംസ് നദി മലിനമായതോടുകൂടിയാണ് കോളറപോലുള്ള സാംക്രമികരോഗങ്ങള്‍ വ്യാപിക്കാന്‍ ഇടയായത്. ഈ ഓടകള്‍ പുനഃസ്ഥാപിക്കാന്‍ യുദ്ധം കഴിഞ്ഞു പാപ്പരായ ബ്രിട്ടീഷ് സര്‍ക്കാരിനപ്പോള്‍ കഴിഞ്ഞില്ല. ഇരുപതോളം വര്‍ഷം കഴിഞ്ഞ് 1960 നു ശേഷമാണ് ഈ ഓടകള്‍ പുനഃസ്ഥാപിക്കപ്പെട്ടത്.
തെംസ് നദി ശുദ്ധീകരിക്കപ്പെട്ടതിനുശേഷവും നദിയിലെ ജലവിനോദങ്ങളും ജനങ്ങള്‍ കുളിക്കുന്നതും നിരോധിച്ചിരുന്നു. ഇരുപതിനായിരം കപ്പലുകളാണ് ഈ നദിയില്‍ക്കൂടി ഓരോ ആണ്ടിലും കടന്നുപോകുന്നത്. നാനൂറിലധികം ഉത്സവങ്ങളും തെംസില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. നദിയുമായി ബന്ധപ്പെട്ട് ഇത്രയധികം കാര്യങ്ങള്‍ നടത്തപ്പെടുന്നതുകൊണ്ടായിരുന്നു ഈ നിരോധനം. ഏകദേശം 14250 സ്‌ക്വയര്‍ കിലോമീറ്ററില്‍ തെംസ് നദീതടം വ്യാപിച്ചു കിടക്കുന്നു.
തെംസ് തീരത്തെ ലണ്ടന്‍ നഗരമുഖം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പലപ്പോഴും വലിയ രീതിയിലുള്ള വേലിയേറ്റം ഉണ്ടാകാറുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ലണ്ടന്‍ബ്രിഡ്ജ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയ ഘടകമാണ്. കുളിര്‍മ്മയുള്ള കാറ്റേറ്റ് വന്‍തിരകളെ നോക്കിനില്‍ക്കുക എന്നത് വലിയ ഒരനുഭൂതിയാണ്. പതിനെട്ടടിയോളം ഉയരമുള്ള തിരകള്‍വരെ തെംസ് തീരത്തെ പ്രത്യേകതയാണ്. തെംസ് ആംഗലേയ ജീവിതത്തിന്റെ ഒരടിസ്ഥാന വികാരമാണ്. ഒരു പക്ഷേ, യൂറോപ്പിലെ മറ്റൊരു നദിക്കും അവകാശപ്പെടാനില്ലാത്തത്ര ചരിത്രസംഭവങ്ങള്‍ അരങ്ങേറിയ നദീതീരമാണിത്.
ബ്രിട്ടന്റെ ചരിത്രത്തില്‍ ഓരോ ഭരണമാറ്റത്തിലുമുണ്ടായ സ്വജനപക്ഷപാതവും പ്രീണനവും നാടിനെ കലാപകലുഷിതമാക്കിയ കാലങ്ങള്‍, യുദ്ധങ്ങളാല്‍ ഇംഗ്ലണ്ടിന്റെ ആകാശം നിരന്തരം മുഖരിതമായ നാളുകള്‍, പതിനഞ്ചാം നൂറ്റാണ്ടിലെ കൊടുംപട്ടിണിയുടെ കാലം, ഷെല്ലിയും കീറ്റ്‌സും മില്‍ട്ടണും വേര്‍ഡ്‌സ്വര്‍ത്തും സാക്ഷാല്‍ ഷേക്‌സ്പിയറും സമ്പന്നമാക്കിയ ആംഗലസാഹിത്യത്തിന്റെ സുവര്‍ണ്ണകാലം, പ്ലേഗുപോലുള്ള മാരകരോഗങ്ങളാല്‍ ജനങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ ദുരന്തകാലം, ബ്രിട്ടീഷ് റാണിയുടെ കീഴില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയും വൈസ്രോയിമാരും തെംസ് നദിയുടെ തീരത്തെ പാര്‍ലമെന്റിലിരുന്ന് ലോകം മുഴുവന്‍ അടക്കിഭരിച്ച കാലം, ലോകത്തു വിളയുന്ന നല്ല വസ്തുക്കളെല്ലാം ബ്രിട്ടനിലേക്കു കപ്പല്‍ കയറിയെത്തിയിരുന്ന സമൃദ്ധമായ ഭൂതകാലം... എല്ലാം കണ്ടുംകേട്ടും സഹസ്രവര്‍ഷങ്ങളുടെ ചരിത്രസ്മരണകളും പേറി തെംസ് ഒഴുകിക്കൊണ്ടിരിക്കുന്നു. കാലത്തിന്റെ പുതിയ തീരങ്ങള്‍ തേടി, ലോകത്തിന്റെ പുതിയ മാറ്റങ്ങള്‍ക്കായി കാത്ത്, തെംസങ്ങനെയൊഴുകുന്നു.
Content Highlights: Nadikal mahasamskritiyude theerabhumikaliloode, Book excerpts, Mathrubhumi books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..