വിശ്വാസം 
അതായിരുന്നു എല്ലാം 
സ്‌നേഹിക്കപ്പെടുക 
എന്നതിനെക്കാള്‍ 
വലിയ പുരസ്‌കാരം 
വിശ്വസിക്കപ്പെടുക 
എന്നതാണ്.

( ജോര്‍ജ് മക്‌ഡൊണാള്‍ഡ് )

എന്റെ സര്‍വകലാശാല ദുബായ് വിപണിയായിരുന്നു. യുവാവായിരിക്കുമ്പോഴേ അവിടെ ചേര്‍ന്ന് ഞാന്‍ വ്യാപാരത്തിന്റെ പാഠങ്ങള്‍ പഠിച്ചു. മനുഷ്യപ്രകൃതിയുടെയും വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളുടെയും സങ്കീര്‍ണതകളിലേക്കുള്ള സൂക്ഷ്മവും അഗാധവുമായ ചില ഉള്‍ക്കാഴ്ചകളും എനിക്ക് അവിടെനിന്ന് ലഭിച്ചു. തുടക്കംമുതലേ അത് താരതമ്യേന സ്വതന്ത്രവും സാര്‍വജനീനവുമായ ഒരു വീക്ഷണം എന്നില്‍ വളര്‍ത്തി. വ്യാപാരകേന്ദ്രമെന്ന നിലയില്‍ ദുബായ്ക്ക് അന്താരാഷ്ട്രസമൂഹത്തോട് ബന്ധപ്പെടേണ്ടതുണ്ടായിരുന്നു; ആ പരസ്പരബന്ധം അതിന്റെ സവിശേഷസ്വഭാവം രൂപപ്പെടുന്നതില്‍ നിശ്ചയമായും സഹായിച്ചിട്ടുണ്ട്.

ആധുനിക ദുബായിയുടെ വളര്‍ച്ചയിലെ ഒരു നിര്‍ണായകഘട്ടമായിരുന്നു 1960 കള്‍. സാമ്പത്തികവികസനത്തിന്റെ അതിവേഗപാതയിലേക്ക് മേഖലയെ കൊണ്ടെത്തിച്ച എണ്ണവ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്‍പുതന്നെ ദുബായ് അതിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനാരംഭിച്ചിരുന്നു; മേഖലയില്‍ വ്യാപകമായിക്കൊണ്ടിരുന്ന എണ്ണഖനനപ്രവര്‍ത്തനങ്ങളുടെ ഫലമായി വളര്‍ന്നുവന്ന സേവനമേഖലയുടെ ആവശ്യങ്ങളെ നേരിടാനായിരുന്നു അത്.

വിദേശത്തുനിന്ന് വിദഗ്ധരായ തൊഴിലാളികളുടെ പ്രവാഹത്തിന് എണ്ണഖനനം വഴിയൊരുക്കി. വിമാനത്താവളത്തിന്റെ നിര്‍മാണം, ക്രീക്ക് വികസന പദ്ധതി, നാഗരികമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള മറ്റു വന്‍കിട പദ്ധതികള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിന് വിദഗ്ധരും അല്ലാത്തവരുമായ തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. വിദേശത്തൊഴിലാളികളുടെ പ്രവാഹം പ്രളയമായി മാറി. അവരെ പാര്‍പ്പിക്കേണ്ട ആവശ്യം വന്നു. പാര്‍പ്പിടസൗകര്യമൊരുക്കാനുള്ള തത്രപ്പാട് എമിറേറ്റില്‍ നിര്‍മാണമേഖലയിലെ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടി.

ദക്ഷിണേഷ്യ ഒരു തൊഴില്‍വിപണിയായി പരിഗണിക്കപ്പെട്ടു. ഭൂമിശാസ്ത്രപരമായ സാമീപ്യവും സാംസ്‌കാരികമായ അഭിനിവേശവുമായിരുന്നു അത്. വന്‍കരയിലെ മിക്കവരുടെയും സംസാരഭാഷകളായിരുന്നു ഹിന്ദിയും ഉറുദുവും. അതിനാല്‍ ദേശവാസികള്‍ക്കു തൊഴിലാളികളോടുള്ള ആശയവിനിമയത്തിന് അസൗകര്യമൊന്നുമുണ്ടായില്ല. അക്കാരണത്താല്‍ ആ മേഖലയില്‍ നിന്നുള്ളവരെ അവര്‍ ജോലിക്കായി പരിഗണിച്ചു. വിസ അനായാസം ലഭിക്കുന്നതും അത്തരം തൊഴിലാളികളുടെ പതിവായുള്ള വരവ് ഉറപ്പാക്കി.

ദുബായ് ദിനംപ്രതി മാറാന്‍ തുടങ്ങി. അതിന്റെ സമ്പദ്വ്യവസ്ഥ കൂടുതല്‍ കരുത്തും വീര്യവും നേടി. അതിന്റെ മുഖച്ഛായയില്‍ വന്ന മാറ്റങ്ങള്‍ ആധുനികരീതിയിലെ പഠനമായിരുന്നു. ഈ പ്രക്രിയയില്‍ വ്യാപാരസമൂഹത്തിന് പുതുതായി പ്രാമുഖ്യം കൈവന്നു. വ്യത്യസ്തമായൊരു വ്യാപാരസമൂഹമായിരുന്നു അക്കാലത്തേത്. ആ വ്യത്യാസം തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ എന്റെ മനസ്സിലേക്കു വരുന്നത് മഹാത്മാഗാന്ധിയുടെ വാക്കുകളാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യനാളുകളില്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും നേരിട്ട് ഇന്ത്യയില്‍ ഒരു വ്യവസായസാമ്രാജ്യം പടുത്തുയര്‍ത്തിയ ജി.ഡി. ബിര്‍ള ഗാന്ധിജിയുടെ ഉറ്റ സുഹൃത്തും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ ധനദാതാവുമായിരുന്നു. ഇതു പലരെയും അമ്പരപ്പിച്ചു, പ്രത്യേകിച്ചും ഇടതുപക്ഷ ബുദ്ധിജീവികളെ. പക്ഷേ, ഗാന്ധിജി ബിസിനസുകാരില്‍നിന്ന് പണം സ്വീകരിക്കുന്നതില്‍ യാതൊരു അനൗചിത്യവും ദര്‍ശിക്കാതെ പതറാതെ നിലകൊണ്ടു. കാരണം, അവരുടെ സമ്പത്ത് സമൂഹത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടി സുരക്ഷിതമായിരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

നടന്നു തീര്‍ത്ത വഴികള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1950 കളിലും 1960 കളുടെ തുടക്കത്തിലും ദുബായിലെ ബിസിനസ്സമൂഹം രാഷ്ട്രനിര്‍മാണത്തില്‍ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് വ്യാപാരത്തിനെ ചുറ്റിപ്പറ്റിയായിരുന്നു സമൂഹം നിലനിന്നത്; വ്യാപാരികളാവട്ടെ, തങ്ങള്‍ക്കു ശക്തിതരുന്ന സമൂഹത്തോടു പ്രതിബദ്ധത കാട്ടുകയും ചെയ്തു. അത്യാഗ്രഹമെന്നത് വ്യാപാരത്തിലെ ഒരു ചാലകശക്തിയായിരുന്നില്ല. ധാര്‍മികതയും നീതിയും അപവാദമല്ല, നിയമമായിരുന്നു. സ്വന്തം വരുമാനത്തില്‍ വ്യാപാരികള്‍ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു. വില്‍ക്കാവുന്നതിലധികം വാങ്ങിച്ചുകൂട്ടുന്ന ഏര്‍പ്പാട് അവര്‍ക്കില്ലായിരുന്നു. ശേഷിക്കനുസരിച്ചു മാത്രമാണ് അവര്‍ സാധനങ്ങള്‍ വാങ്ങിയത്. വാങ്ങാനിരിക്കുന്നതും കൈയിലുള്ളതും അവരുടെ സാമ്പത്തികശേഷിക്കുള്ളില്‍ പൊരുത്തപ്പെട്ടു നിന്നു. വിതരണത്തിലെ ക്രമരാഹിത്യവും കാലതാമസവും മൂലം സ്റ്റോക്ക് അപര്യാപ്തമായിരുന്നു. വിതരണത്തിന് അഞ്ചു മാസംവരെയെടുത്തു. എങ്കിലും തങ്ങള്‍ക്കാവുന്നതിലപ്പുറം വ്യാപാരികള്‍ വാങ്ങിച്ചുകൂട്ടിയില്ല. കൈകാര്യം ചെയ്യാനാവുന്നത്ര ചരക്കുകള്‍ മാത്രം സംഭരിച്ചു.

ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. പ്രതീക്ഷിക്കുന്ന ആവശ്യമനുസരിച്ചാണ് ഇറക്കുമതിക്കാര്‍ ഓര്‍ഡര്‍ നല്കുന്നത്. അതിനനുസരിച്ചുള്ള വ്യാപാരം നടന്നില്ലെങ്കില്‍ അവര്‍ സാമ്പത്തികപ്രതിസന്ധിയിലകപ്പെടും. ഇതു വിപണിയില്‍ മാന്ദ്യമുണ്ടാക്കും. സാമ്പത്തികബാധ്യത വളരെ വലുതായാല്‍ പലരും നശിക്കും.മുന്‍കാലങ്ങളില്‍ വ്യാപാരികള്‍ സാമ്പത്തിക അച്ചടക്കം പുലര്‍ത്തിയിരുന്നു. അത് അവരെ വിപണിയില്‍ മാന്ദ്യമുണ്ടായപ്പോഴും സംരക്ഷിച്ചു. വിപണിയില്‍ ഉണര്‍വുണ്ടാകുന്നതുവരെ അവര്‍ ചരക്കുകള്‍ സൂക്ഷിച്ചുവെച്ചു; കാരണം, അതിനുള്ള ശേഷി അവര്‍ക്കുണ്ടായിരുന്നു. നഷ്ടം സഹിച്ച് വില്‍ക്കേണ്ടിവന്നില്ല. ഇന്നത്തെ സ്ഥിതി ഇതല്ല. വിപണിയില്‍ മാന്ദ്യമനുഭവപ്പെട്ടാല്‍ വ്യാപാരികള്‍ നഷ്ടത്തില്‍ സാധനങ്ങള്‍ വില്‍ക്കും. കാരണം കൂടിവരുന്ന പലിശയും ബാങ്കുകളില്‍നിന്നുള്ള സമ്മര്‍ദവുമാണ്.

nadannu theertha vazhikalമുന്‍കാലങ്ങളില്‍ ദുബായില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നു. 1950 കളിലും 1960 കളുടെ വലിയൊരു ഭാഗം നാളുകളിലും സ്വന്തം പണംകൊണ്ടായിരുന്നു വ്യാപാരികള്‍ കച്ചവടം ചെയ്തിരുന്നത്. കച്ചവടം പോഷിപ്പിക്കാന്‍ അവര്‍ സഹായം തേടി വിരളമായേ ബാങ്കുകളെ സമീപിച്ചിരുന്നുള്ളൂ. ഇനി അങ്ങനെ ആഗ്രഹിച്ചിരുന്നുവെങ്കില്‍ത്തന്നെ ബാങ്കുകളില്‍നിന്ന് എളുപ്പത്തില്‍ പണം കിട്ടുമായിരുന്നില്ല. ദി ബ്രിട്ടീഷ് ബാങ്ക് ഓഫ് ദി മിഡില്‍ ഈസ്റ്റ് എന്ന ഒരേയൊരു ബാങ്ക് മാത്രമേ അന്ന് ദുബായില്‍ ഉണ്ടായിരുന്നുള്ളൂ. നല്ലൊരു തുക നിക്ഷേപിച്ചാല്‍ മാത്രമേ ഈ ബാങ്ക് ലെറ്റര്‍ ഓഫ് ക്രെഡിറ്റ് അനുവദിച്ചിരുന്നുള്ളൂ. അതിനാല്‍ സ്വന്തം പണമുപയോഗിച്ച് കച്ചവടം ചെയ്യുകയായിരുന്നു എളുപ്പം. ബാങ്കില്‍ അക്കൗണ്ട് തുറക്കാന്‍പോലും പല കച്ചവടക്കാരും വിസമ്മതിച്ചു. 'നമ്മുടെ കാര്യം നോക്കാനറിയാമെങ്കില്‍ എന്തിനാണ് ബാങ്കില്‍ പണം കൊണ്ടുക്കൊടുക്കുന്നത്?' എന്നതായിരുന്നു മിക്ക വ്യാപാരികളുടെയും വിചാരം.

പ്രദേശവാസികളായ ചില കച്ചവടക്കാര്‍ ഇന്ത്യന്‍ ബിസിനസുകാരെ പണമേല്പിച്ചിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനം എന്നും കുറച്ചു മണിക്കൂറുകളല്ലേയുള്ളൂ, എന്നാല്‍ ഇന്ത്യന്‍ ബിസിനസുകാര്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടല്ലോ എന്നതാണതിന്റെ യുക്തി. ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് കിട്ടുന്ന പലിശ അവിടത്തെ കച്ചവടക്കാര്‍ കാര്യമായി ഗൗനിച്ചില്ല. ഇന്ത്യന്‍ ബിസിനസുകാരാണ് ബാങ്കിനെക്കാള്‍ ഭേദമെന്നാണവര്‍ കരുതിയത്.
വിപണിയിലെ മിക്ക ഇടപാടുകളും വിശ്വാസത്തിലധിഷ്ഠിതമായാണ് നടന്നിരുന്നത്. ശംബേദി എന്നാണ് ശമ്പളദിനം അറിയപ്പെട്ടിരുന്നത്. ഇത് ശനിയാഴ്ചയാണ്. സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നവര്‍ വാങ്ങിയ വിലയുടെ പത്തു ശതമാനം നല്‍കും. പത്താഴ്ച അല്ലെങ്കില്‍ എഴുപതു ദിവസം എന്ന കണക്കിലാണ് കടം നല്‍കിയിരുന്നത്. ഇതു തെറ്റിക്കുന്നവര്‍ തീരേ കുറവായിരുന്നു. ബാക്കി തുക അടയ്ക്കുമ്പോള്‍ അതിനുള്ള രസീതി വാങ്ങാന്‍പോലും ആര്‍ക്കും താത്പര്യവുമുണ്ടായിരുന്നില്ല.

വിശ്വാസവും സത്യസന്ധതയും- ഈ രണ്ടു തൂണുകളിലാണ് ബിസിനസ് കെട്ടിയുയര്‍ത്തിയിരുന്നത്. കച്ചവടക്കാര്‍, പ്രത്യേകിച്ചും ഇറാനിയന്‍ വ്യാപാരികള്‍, മനസ്സിലാണ് കണക്കുസൂക്ഷിച്ചത്. എഴുതിസൂക്ഷിച്ച കണക്കും അവരുടെ മനസ്സിലെ കണക്കും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിപണിയുടെ സവിശേഷമുദ്രയായിരുന്നു ആരോഗ്യകരമായ ബിസിനസ് അന്തരീക്ഷം, പൊരിഞ്ഞ മത്സരങ്ങളുടെ കാലം ആഗതമായതോടെ ഒരു പരിധിവരെ തകര്‍ന്നു.വിശ്വാസത്തെയും സത്യസന്ധതയെയും കുറിച്ചു പറയുമ്പോള്‍ എന്റെ മനസ്സിലേക്കു വരുന്നത് ഹവാലബിസിനസാണ്. ഇന്ത്യയില്‍ മുന്‍പും ഇപ്പോഴും നിയമവിരുദ്ധമായ ഒരു പ്രവൃത്തിയാണ് അത് എങ്കില്‍പ്പോലും ഇവിടെ നിയമാനുസൃതമായിരുന്നു. കാരണം, കറന്‍സികളിലെ കച്ചവടത്തിന് ഇവിടെ നിയന്ത്രണമുണ്ടായിരുന്നില്ല.

ഇന്ത്യയിലെ പണമിടപാടുകളെ നിയന്ത്രിച്ചിരുന്ന കര്‍ശനനിയമങ്ങളെയും കണിശതയാര്‍ന്ന ഔദ്യോഗികനടപടികളെയും ഹവാല ഇടപാടുകാര്‍, പ്രത്യേകിച്ചും ഗള്‍ഫിലെ സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ കാലത്ത് ചൂഷണം ചെയ്തു. നാട്ടിലേക്കു പണമയയ്ക്കാനുള്ള അനായാസവും ലാഭകരവുമായ മാര്‍ഗം അവര്‍ പ്രവാസികള്‍ക്കു തുറന്നുകൊടുത്തു. ബാങ്കുമുഖേന പണമയയ്ക്കുന്നതിനെക്കാള്‍ ലാഭം ഹവാലവഴി കിട്ടും. ഹവാലവഴി പണമയയ്ക്കുന്നതിന് ആളുകള്‍ താത്പര്യം കാട്ടി. കാരണം, വന്‍കരയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. സാധാരണ ബാങ്കുകളെക്കാള്‍ ഫലപ്രദമായി ഹവാല ഇടപാടുകാര്‍ തങ്ങളുടെ ജോലി ചെയ്തു. ഈ വസ്തു കാരണം ഹവാല ഇടപാടുകള്‍ ജനങ്ങളുടെ വിശ്വാസം നേടി.

ബാങ്കുവഴിയും ഹവാലവഴിയുമുള്ള പണമടയ്ക്കലിന്റെ വ്യത്യാസം ഒരുകാലത്ത് 50 ശതമാനത്തോളമെത്തി- ആര്‍ക്കും അതിനെ ചെറുക്കാനായില്ല. വന്‍കരയിലെ ഗവണ്‍മെന്റുകളുടെ സാമ്പത്തികനയത്തിലെ പിഴവുകളും ഹവാല ഇടപാടുകളെ സഹായിച്ചു. യു.എ.ഇ. കറന്‍സിയെ യു.എസ്. ഡോളറുമായി താരതമ്യപ്പെടുത്തിയായിരുന്നു ബാങ്കുനിരക്കില്‍ നിശ്ചയിക്കപ്പെട്ടിരുന്നതെങ്കില്‍ ഹവാലനിരക്കുകള്‍ നിശ്ചയിച്ചിരുന്നത് വിപണിയിലെ ശക്തികളായിരുന്നു.
ഇന്ത്യയിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും ദുബായില്‍നിന്ന് കൂട്ടത്തോടെ പായ്ക്കപ്പലുകളിലൂടെയോ യാത്രക്കാര്‍ മുഖേനയോ അയച്ച ചരക്കുകളില്‍ മിക്കതും 'പുനര്‍കയറ്റുമതി'യായാണ് കണക്കാക്കപ്പെട്ടത്. അതേസമയം വന്‍കരയില്‍ അവ എത്തിയ രാജ്യങ്ങളാവട്ടെ, അവയെ 'കള്ളക്കടത്തു'വസ്തുക്കളായി പരിഗണിച്ചു. അതുപോലെത്തന്നെ ഇന്ത്യന്‍ കയറ്റുമതിയിനങ്ങള്‍ക്ക് ഇന്‍വോയ്സില്‍ വില കൂട്ടിയോ കുറച്ചോ കാണിച്ചു. ഈ ഘട്ടങ്ങള്‍ ഹവാലനിരക്കുകളെ നിയന്ത്രിച്ചു. 

അമിതമായി പണം ഇന്ത്യയില്‍ വന്നുകുമിഞ്ഞു. ഇതു രാജ്യത്തുനിന്ന് പുറത്തു കടത്താനുള്ള കാത്തിരിപ്പ് ഹവാലനിരക്ക് കുത്തനെ ഉയര്‍ത്തി. അതില്‍ ആകൃഷ്ടരായി കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക് ധാരാളം പണമയച്ചു. എന്നാല്‍പ്പോലും ഹവാലനിരക്കുകള്‍ അസ്ഥിരമായി തുടര്‍ന്നു; ഇന്ത്യയില്‍ ഒരു രാഷ്ട്രീയമുന്നേറ്റമോ വന്‍കരയില്‍ സംഘര്‍ഷമോ ഉണ്ടായപ്പോള്‍ ദുബായ് വിപണി സൂക്ഷ്മമായി പ്രതികരിച്ചു. ഇന്ത്യ തുമ്മിയപ്പോള്‍ ദുബായ്ക്ക് ജലദോഷം പിടിച്ചല്ലോയെന്ന് എനിക്ക് എപ്പോഴും തോന്നി. അത്രയ്ക്കുണ്ടായിരുന്നു ആശ്രയത്വം.

Content highlights : Nadannu theertha vazhikal,Ram buxani, Malayalam Books, Literature News, Books, Transilated Books