സ്‌നേഹത്തോടെ കൈ പിടിച്ച് കാടിന്റെ ഹരിതനിഗൂഢതകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ഒരാള്‍... തീരാനൊമ്പരങ്ങളും ഓര്‍മകളും അവശേഷിപ്പിച്ച് തിരികെയെത്താതേ...

മഴക്കാടുകളിലേക്കുള്ള എന്റെ സഞ്ചാരങ്ങളിലൊക്കെ ഒരു ആദിവാസിമുഖം തെളിഞ്ഞുവരും. ഏറെ ചെറുപ്പമായിരുന്നു എനിക്കന്ന്. നേച്ചര്‍ ക്ലാസുകളെക്കുറിച്ചോ അവയുടെ പ്രാധാന്യത്തെക്കുറിച്ചോ അറിവില്ലായിരുന്നു. കാടിനോടുള്ള ഒടുങ്ങാത്ത പ്രണയംമൂലം നേരേ മഴക്കാട്ടിലേക്ക് ചെന്നുവീഴുകയായിരുന്നു. ക്യാമറ വിദൂരസ്വപ്‌നത്തില്‍പ്പോലും ഇല്ലാത്ത കാലം. കാടിന്റെ വിസ്മയിപ്പിക്കുന്ന സൗകുമാര്യത്തില്‍ ഭ്രാന്തനാവുകയായിരുന്നു.

മുപ്പതു വര്‍ഷം മുന്‍പാണ് ഷോളയാര്‍ക്കാടിന്റെ നിഗൂഢതകളിലേക്കെന്നെ കുമാരന്‍ എന്ന മുതുവാന്‍ കൂട്ടിക്കൊണ്ടുപോയത്. ഒരു ഇലയില്‍ തൊടുമ്പോള്‍ അയാള്‍ ആ കാട്ടുസസ്യത്തിന്റെ വംശാവലിയെപ്പറ്റിയും അവയെ സംരക്ഷിച്ചുനിര്‍ത്തുന്ന വനദേവതയെക്കുറിച്ചും പറയും. ഇരുള്‍മൂടിയ ഈറ്റക്കാടുകളിലൂടെ നടന്നുനീങ്ങുമ്പോള്‍ 'കൂടപാമ്പ്' (രാജവെമ്പാല) എന്ന നാഗരാജനെക്കുറിച്ചും അതിനെ കാത്തുസംരക്ഷിക്കുന്ന വനദേവതയെക്കുറിച്ചും പറയും.

ചില ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ അവയെക്കുറിച്ച് പഠിപ്പിച്ചുതന്ന കാര്‍ന്നോന്മാരെക്കുറിച്ചും അവയ്ക്കു കാവല്‍ നില്ക്കുന്ന വനദേവതകളെക്കുറിച്ചും പറയും. ഒരു നീര്‍ച്ചാല്‍ മുറിച്ചുകടക്കുമ്പോള്‍ അതിലെ മത്സ്യങ്ങളെക്കുറിച്ചും അവയെ പുഴയിലേക്ക് എത്തിക്കുന്ന വനദേവതയെക്കുറിച്ചും പറയും. അതായിരുന്നു എനിക്ക് അടിച്ചില്‍തൊട്ടി മുതുവാക്കുടിയിലെ കുമാരന്‍.

കുമാരനും തൊപ്പക്കയ്യനും നടരാജനും മുത്തയ്യയുമൊക്കെയായിരുന്നു എനിക്ക് പ്രകൃതിനിരീക്ഷണങ്ങളുടെ ലോകത്തേക്കുള്ള ആദ്യപാഠങ്ങള്‍ ചൊല്ലിത്തന്നവരെന്നു പറയാം. ഈ കൂട്ടുകാര്‍ക്കൊപ്പം ഷോളയാര്‍ക്കാടിന്റെ നിഗൂഢതകളില്‍ അലയുകയായിരുന്നു ഞാന്‍. ഇവരില്‍ കുമാരനായിരുന്നു എന്നെ ഏറ്റവും ആകര്‍ഷിച്ച ആദിവാസി. അടിച്ചില്‍തൊട്ടി മുതുവാക്കുടിയില്‍ കുമാരനോളം സാഹസികനായ മുതുവായുവാക്കള്‍ അക്കാലത്ത് കുറവായിരുന്നു.

Kattil Oppam Nadannavarum Pozhinjupoyavarumആദിവാസികളുടെ ആരണ്യസംസ്‌കാരം എങ്ങനെയെന്ന് പതുക്കപ്പതുക്കെ ഞാന്‍ അയാളില്‍നിന്നും അറിയുകയായിരുന്നു. ജൈവവൈവിധ്യംകൊണ്ട് അതിസമ്പന്നമായ ആ വനാന്തരങ്ങളിലെ കാട്ടുപഴങ്ങളും കാട്ടുകിഴങ്ങുകളും കാട്ടുതേനുമൊക്കെ മാറിമാറി വരുന്ന ഋതുക്കളില്‍ എവിടെയൊക്കെ കാണും എന്ന് കുമാരന്‍ എന്നെ പഠിപ്പിക്കുകയായിരുന്നു. മഞ്ഞുകാലങ്ങളിലും വേനല്‍ക്കാലങ്ങളിലും വര്‍ഷകാലങ്ങളിലും ഏറെ ആഹ്ലാദത്തോടെ ഞങ്ങള്‍ ആ മഴക്കാട്ടില്‍ സഞ്ചരിച്ചു.

ഒരിക്കല്‍ കപ്പായം വഴി വാരിയംകുടിയിലേക്കൊരു യാത്ര പോയി ഞങ്ങള്‍. അടിച്ചില്‍തൊട്ടിയില്‍നിന്നും വാരിയംകുടിക്ക് നടക്കുക എന്നു പറഞ്ഞാല്‍ ഒരുമാതിരി മുതുവാന്മാരൊന്നും ആ വഴി പോകില്ല. അവര്‍ തേരക്കുടി, തലവെച്ചപ്പാറ വഴിയേ പോവുകയുള്ളൂ. ദൂരം കൂടുതലെടുക്കുമെങ്കിലും അത്ര കഠിനമല്ല. കുമാരനും ഞാനും തിരഞ്ഞെടുത്ത വഴിയിലൂടെ അടുത്തകാലത്തൊന്നും മനുഷ്യരാരും പോയിട്ടില്ല. ബകരിമലയുടെ ചുവട്ടിലൂടെ കുത്തനെ താഴോട്ടിറങ്ങിച്ചെല്ലുമ്പോള്‍ത്തന്നെ വശംകെടും. ഇടമലയാറ്റില്‍ നിറയെ വെള്ളാരംകല്ലുകളാണ്. പുഴയുടെ നടുവില്‍ മഴവെള്ളപ്പാച്ചിലില്‍ വിചിത്രാകൃതി പൂണ്ടുനില്ക്കുന്ന ചില ഭീമന്‍പാറകളുണ്ട്. ശക്തമായ ഒഴുക്കില്‍പ്പോലും കാലിടറാത്ത കുമാരന്റെ കൈ പിടിച്ചാണ് ഞാന്‍ അക്കരെ എത്തിയത്. പിന്നെ കുത്തനെ ഒരു കയറ്റമാണ്. കുത്തനെ എന്നു പറഞ്ഞാല്‍ മുന്നിലേക്ക് കാലെടുത്തുവെച്ചാല്‍ മുട്ടുകാല്‍ നെഞ്ചില്‍ മുട്ടും! ഈറ്റക്കാടുണ്ട് കുറച്ചു ദൂരം.

നിലത്തു പൊഴിഞ്ഞുകിടക്കുന്ന ഈറ്റയിലകളില്‍ ചവിട്ടിയാല്‍ താഴേക്ക് തെന്നിയൊരു പോക്കുണ്ട്. അപ്പോഴേക്കും ഏതെങ്കിലും കുറ്റിച്ചെടിയില്‍ പിടുത്തംകിട്ടിയിട്ടുണ്ടാകും. വീണ്ടും മുകളിലേക്ക്. എത്ര മണിക്കൂര്‍ കയറ്റം തുടര്‍ന്നെന്നു തിട്ടമില്ല. വാരിയംകുടിയിലെത്തുമ്പോഴേക്കും സന്ധ്യയായിട്ടുണ്ടാകും. അതിനിടയില്‍ പൂയംകുട്ടിക്കാടുകളിലെ 'ഓര്‍കുത്തി'ലെ പ്രത്യേക സ്വാദുള്ള ജലം തേടി പോകുന്ന വലിയ ആനക്കൂട്ടങ്ങളുടെ മുന്നിലായിരിക്കും ചെന്നുപെടുക. അപ്പോള്‍ കുമാരന്റെ ചുണ്ടുകള്‍ മുതുവാമന്ത്രം ഉരുവിടുന്നതു കേള്‍ക്കാം. ആനക്കൂട്ടം വഴിമാറി പോകും!'പണ്ടുകാലത്ത് മന്ത്രം ചൊല്ലി കടുവി (കടുവ)യായി മാറുന്ന കാര്‍ന്നോന്മാര്‍ ഉണ്ടായിരുന്നത്രേ!' കുമാരന്‍ മൃദുവായി പറയും.

ആ യാത്രയിലാണ് ഏറ്റവും വലിയ മലയായ ചൂലിമുടിയുടെ അരികിലാണ് ഞങ്ങള്‍ എത്തിയിരിക്കുന്നതെന്നു കുമാരന്‍ കാണിച്ചുതന്നത്. മലക്കപ്പാറയില്‍നിന്നും ഷോളയാറില്‍നിന്നും നോക്കിയാല്‍ ഏറ്റവും ഉയരമാര്‍ന്ന് ചൂലിമുടി അങ്ങകലെ കാണാം. (അതിനും അപ്പുറം എവിടെയോ ആണ് പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമാര്‍ന്ന ആനമുടി.) അവിടം വനദൈവങ്ങളുടെ വിഹാരരംഗമാണത്രേ. വനദൈവങ്ങളോടൊപ്പം വിളയാടുന്ന വരയാട്ടിന്‍പറ്റങ്ങളുമുണ്ടവിടെ. കുമാരന്‍ ഭയഭക്തിപൂര്‍വം ചൂലിമുടിയെ തൊഴുതൊരു നില്പുണ്ട്. അപ്പോള്‍ അയാളുടെ മുഖത്ത് ഒരു പ്രത്യേക ശാന്തത നിറയും.

വാരിയംകുടിയില്‍ ഞങ്ങള്‍ രണ്ടുനാള്‍ തങ്ങി. അന്ന് മാണിയായിരുന്നു വാരിയംകുടിയിലെ കാണിക്കാരന്‍ (മൂപ്പന്‍). എണ്‍പതു വയസ്സിനു മുകളിലുള്ള അദ്ദേഹം നല്ല ആരോഗ്യവാനായിരുന്നു. ചൂലിമുടിയില്‍ കയറി മലദൈവങ്ങളെ നേരില്‍ക്കണ്ട ആളാണത്രേ! മൂന്നാംനാള്‍ ഞാനും കുമാരനും പൂയംകുട്ടിക്കു നടന്നു. അവിടെ മണികണ്ഠന്‍ചാലിലെ ഈറ്റയോല മേഞ്ഞ വനംവകുപ്പിന്റെ ഷെഡ്ഡില്‍ ഒരുനാള്‍ തങ്ങി. പിന്നെ പൂയംകുട്ടി 'സിറ്റി'യിലെ ചായക്കടയില്‍നിന്നും പുട്ടും കടലയും കഴിച്ചു. കള്ളുഷാപ്പില്‍ കയറി കുമാരന്‍ കുടിച്ചു. അന്നു രാത്രി കടയുടെ വരാന്തയില്‍ ചാക്കു വിരിച്ച് ഞങ്ങളുറങ്ങി.
അടുത്ത ദിവസം വീണ്ടും കാടു കയറി. പിന്നെ തേരക്കുടിയില്‍ രണ്ടുനാള്‍ തങ്ങി.

ഇടമലയാര്‍ മുളംചങ്ങാടത്തില്‍ കടന്ന് ഒരാഴ്ച കഴിഞ്ഞാണെന്നു തോന്നുന്നു ഞങ്ങള്‍ അടിച്ചില്‍തൊട്ടിയില്‍ തിരിച്ചെത്തിയത്. അപ്പോഴേക്കും പൊങ്കലായി. പൊങ്കല്‍നാളുകളില്‍ കുമാരനും കൂട്ടുകാര്‍ക്കും തിരക്കാണ്. വേഷംകെട്ടുകളും ഉണ്ടാകും. കുമാരനും നടരാജനും തൊപ്പക്കയ്യനുമൊക്കെ പലവിധ വേഷങ്ങളില്‍ വിലസിനടക്കും. കുമാരന്‍ മിക്കവാറും വെള്ളക്കാരന്റെ വേഷത്തിലായിരിക്കും. വലിയ വെള്ളമീശയൊക്കെ വെച്ച് തോളില്‍ ഒരു മരത്തിന്റെ തോക്കും തൂക്കിയിട്ട് (തബകമരത്തിന്റെ തടിയില്‍ സ്വന്തം വാക്കത്തികൊണ്ടുമാത്രം നിര്‍മിച്ച മനോഹരമായ തോക്കാണത്.) കാല്‍സിറായിയും ധരിച്ച് അയാള്‍ കുടിലുകളില്‍ കയറിയിറങ്ങി ചറപറ ഇംഗ്ലീഷ് പറയും.

അപ്പോള്‍ മുതുവാന്മാരും മുതുവാത്തികളും കുട്ടികളുമൊക്കെ പൊട്ടിച്ചിരിക്കും. ഏത് കുടിയില്‍നിന്നും എപ്പോള്‍ വേണമെങ്കിലും അവിടെയുള്ള എന്ത് ആഹാരവും വേഷംകെട്ടുകാര്‍ക്ക് ശാപ്പിടാം. അതാര്‍ക്കും തടയുവാന്‍ പാടില്ല. രാത്രി ആഴികൂട്ടി ഞങ്ങളൊക്കെ നൃത്തം ചെയ്യും. മുതുവാത്തികള്‍ പുതിയ തൂവെള്ളത്തുണികള്‍ വെച്ച് ഒരു പ്രത്യേക രീതിയില്‍ മനോഹരമായി നൃത്തം ചെയ്യുന്നതു കാണാം. പാതിരാവുവരെ അത് തുടരും. മുതുവാന്മാരുടേതായ പ്രത്യേക വാദ്യോപകരണങ്ങളാണ് അതിനായി ഉപയോഗിക്കുക. വെള്ളച്ചാമി മുതുവാനാണ് അതിന്റെ മേല്‍നോട്ടക്കാരന്‍. വനദൈവങ്ങളെ പ്രീതിപ്പെടുത്താനായി കാടിനകത്തളങ്ങളില്‍ കോഴിവെട്ടുണ്ടാകും.

ഒരിക്കല്‍ കുമാരന്‍ എന്നെ ആ കാനനത്തിന്റെ ഒരു പ്രത്യേക ഇടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആകാശംമുട്ടെ വളര്‍ന്നുനില്ക്കുന്ന ഭീമാകാരങ്ങളായ വൃക്ഷങ്ങളും അവയെ ചുറ്റിവരിഞ്ഞു നില്ക്കുന്ന പിടിച്ചാല്‍ പിടിയെത്താത്ത കാട്ടുവള്ളികളും.NANaseer സൂര്യപ്രകാശം വീഴുവാന്‍ മടിക്കുന്ന കാടിനകത്തട്ട് ഈര്‍പ്പമാര്‍ന്നും പല വലിപ്പങ്ങളിലുള്ള അട്ടകളും നിറഞ്ഞതായിരുന്നു. വലിയ വലിയ മൂങ്ങകള്‍ ഇടയ്ക്കിടെ മൂളി ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചുനോക്കി. അവ വലിയ കണ്ണുകള്‍വെച്ച് ഇരുള്‍ വീണുകിടക്കുന്ന പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഞങ്ങളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. ഇരുളടഞ്ഞ വനം. തേനെടുക്കാന്‍ പോയതാണ് ഞങ്ങള്‍. കുമാരന്റെ ജ്യേഷ്ഠന്മാരായ മുത്തയ്യയും ചെമ്പനും ഉണ്ടായിരുന്നു. കൂടാതെ നടരാജന്‍, തൊപ്പക്കയ്യന്‍, ശെല്യന്തന്‍....
അന്ന് ആ കൊടുംവനത്തിലെ വലിയൊരു ചീനിമരത്തിനു ചുവട്ടിലാണ് അന്തിയുറങ്ങിയത്. ഉറക്കമൊന്നും ഉണ്ടായില്ല. പാതിരാവായപ്പോള്‍ കാടിനകത്തുനിന്നും പലവിധ ശബ്ദങ്ങള്‍ ഉയര്‍ന്നു.

'ശാറെ... അത് കടുവി ചത്തം, അത് ചിര്‍ത്ത (പുള്ളിപ്പുലി), അത് കാട്ടുപോത്ത്, മൂങ്ങ... ആനവരണ്ണ്ട് പേടിക്കണ്ട...' കുമാരന്‍ ധൈര്യം തന്നു. 'നടരാജ... നീ അഞ്ചാറ് ഈറ്റവെട്ടി വാ, തൊപ്പക്കയ്യാ തീ എരിക്ക്...' അയാള്‍ നിര്‍ദേശങ്ങള്‍ കൊടുത്തു. കുറച്ചുസമയംകൊണ്ട് അവിടെ ഒരു തീക്കുണ്ഡം ഉയര്‍ന്നു. അപ്പോഴേക്കും നടരാജനും ചെമ്പനും നീളമേറിയ പച്ചയീറ്റകള്‍ കൊണ്ടുവന്നു.
'ആന വര്ണ്...' മുത്തയ്യ തിരക്കുകൂട്ടി.
കുമാരന്‍ പച്ചയീറ്റകളില്‍ ഒന്നെടുത്ത് തീക്കുണ്ഡത്തിലേക്കിട്ടു. ഏതാനും നിമിഷങ്ങള്‍ കടന്നുപോയി. ആനക്കൂട്ടം ചീനിമരത്തിനു പിന്നിലെത്തിക്കാണും. വെടിപൊട്ടുംപോലെ ഒരു ശബ്ദം! ഞാന്‍ ഞെട്ടിപ്പോയി. അപ്പോഴേക്കും അടുത്ത ഈറ്റയും കുമാരന്‍ തീയിലേക്കിട്ടു. വീണ്ടും വെടിശബ്ദം. കാടിനകത്ത് എന്തൊക്കെയോ ഓടിയകലുന്ന ശബ്ദങ്ങള്‍. കാട് നിശ്ശബ്ദമായി.
'ആന കളിക്കണ്ട, കളി പഠിപ്പിക്കും മുതുവാന്‍...' കുമാരന്‍ എല്ലായ്‌പോഴും പറയുന്ന വാചകം.

കുമാരന്റെ പാചകം ബഹുകേമമാണ്. കാട്ടുചക്കസീസണാണെങ്കില്‍ അയാള്‍ പ്ലാവില്‍ കയറി പച്ചച്ചക്ക വെട്ടിയിടും. പിന്നെ അതുമായി ഏതെങ്കിലും കാട്ടുറവയുടെ അരികിലെത്തും. ഒരു വടി ചക്കയുടെ ഞെട്ട് തുടങ്ങുന്ന ഭാഗത്തുകൂടി അടിച്ച് അകത്തേക്കു കയറ്റും. പിന്നെ ചക്കയുടെ പുറന്തോടെല്ലാം ചെത്തിക്കളയും. അതുകഴിഞ്ഞ് പുറത്തേക്ക് നീണ്ടുനില്ക്കുന്ന വടിയുടെ അഗ്രഭാഗം എന്റെ കൈയില്‍ തരും. ചക്ക ഒരു പാറയില്‍ വെക്കും ഞാന്‍. അതു കഴിഞ്ഞാണ് അടി തുടങ്ങുന്നത്. നല്ല കനമുള്ള വടി വെച്ച് ചക്കയെ കുമാരന്‍ പൊതിരെ തല്ലും! ഞാന്‍ പിടിച്ചിരിക്കുന്ന വടി തിരിച്ചുകൊടുക്കുമ്പോള്‍ അടി കൊള്ളേണ്ട ഭാഗത്തൊക്കെ കൃത്യമായി അടികള്‍ വന്നിരിക്കും. അപ്പോഴേക്കും ചക്കക്കുരുക്കള്‍ മുഴുക്കെ വെളിയില്‍ ചാടിയിട്ടുണ്ടാകും. ചക്കക്കുരുക്കള്‍ പെറുക്കിയെടുത്ത് കുമാരന്‍ അതിന്മേല്‍ കുറച്ചു വെള്ളം ഒഴിക്കും.

പിന്നെ ആ പാറപ്പുറത്തിട്ട് കൈപ്പത്തികള്‍ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കും. ഇടയ്ക്കിടെ കാട്ടുറവയില്‍നിന്നും വെള്ളം എടുത്ത് നനച്ചും കൊടുക്കും. അപ്പോഴേക്കും ചക്കക്കുരുകളെല്ലാം തോടെല്ലാം പോയി വെണ്‍മയാര്‍ന്നിരിക്കും. അടുത്തപടി അതില്‍ അല്പം ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് തിരുമ്മും. പിന്നെ ഒരു പച്ചയീറ്റ വെട്ടിയെടുത്ത് അതില്‍ അവ നിറയ്ക്കും. ഈറ്റയുടെ തുറന്ന ഭാഗം ഇലകള്‍ തിരുകി അടയ്ക്കും. തീ കൂട്ടും. അതില്‍ ചക്കക്കുരു നിറച്ച ഈറ്റ എടുത്തുവെക്കും. ഇടയ്ക്കിടെ തിരിച്ചുകൊടുക്കും. ഈറ്റയുടെ പച്ചനിറം തീകൊണ്ട് മാറുമ്പോള്‍ അതെടുത്ത് പാറയില്‍ വെക്കും. വാക്കത്തികൊണ്ട് അതില്‍ നീണ്ട ഒരു വരയല്‍. ഈറ്റ ഇരുവശത്തേക്കും പിളര്‍ന്നു മാറും. അപ്പോള്‍ സ്വാദിഷ്ഠമായ ഒരു ഗന്ധം അവിടം പടരും. ചക്കക്കുരു വെണ്ണപോലെ വെന്തിട്ടുണ്ടാകും! രുചിയുടെ കാര്യം പറയുകയും വേണ്ട. അത്തരത്തില്‍ കുമാരന്‍ മുളക്കുമ്പം, ഈറ്റക്കുമ്പം എന്നിവയിലൊക്കെ കപ്പ, ചോറ്, കറികള്‍, പുഴുക്കുകള്‍, തേനും റാഗിമാവും ചേര്‍ത്ത പലഹാരങ്ങള്‍ ഒക്കെ പാകം ചെയ്യും.

kadine-chennu-thodumbolഏതു കയം കണ്ടാലും എത്ര ഉയരത്തില്‍നിന്നായാലും അയാള്‍ക്ക് എടുത്തുചാടുന്നത് ഏറെ ഇഷ്ടമാണ്. പിന്നെ അതില്‍ നീന്തി തിമിര്‍ക്കും. ചൂണ്ടല്‍ ഇട്ട് മീന്‍ പിടിച്ച് ഈറ്റക്കുമ്പത്തില്‍ ഉപ്പുപോലുമില്ലാതെ വേവിച്ചു തിന്നും. ഒരിക്കല്‍ കുടിയില്‍ ചെന്നപ്പോള്‍ കുമാരന്‍ തന്റെ നീളമേറിയ ആ മുടി മുറിച്ചുകളഞ്ഞ് പരിഷ്‌കാരിയായിരിക്കുന്നു! പല മുതുവായുവാക്കളും ഇത്തരം പരിഷ്‌കാരങ്ങള്‍ക്ക് പിന്നീട് ഏറെ പ്രാധാന്യം കൊടുത്തു. ട്രാന്‍സിസ്റ്റര്‍ റേഡിയോ തോളില്‍ തൂക്കി സ്വര്‍ണച്ചെയിനുള്ള റിസ്റ്റുവാച്ച്, പോളിയസ്റ്റര്‍ ഷര്‍ട്ട് എന്നിവയൊക്കെ അണിഞ്ഞും ഇങ്ങനെ പല പരിഷ്‌കാരങ്ങളിലേക്കുമവര്‍ ചെന്നുകയറി. പ്രായമായവരുടെ തലയില്‍ മാത്രം മുതുവാക്കെട്ട് അവശേഷിച്ചു. കാതില്‍ കടുക്കനും.

ഏറെ മാസങ്ങള്‍ക്കുശേഷം (2002) ഞാനും ജലീലും മീരയും വീണ്ടും അടിച്ചില്‍തൊട്ടിയിലേക്കു ചെന്നു. അന്ന് നടരാജനെയും ഞങ്ങള്‍ക്കൊപ്പം കൂട്ടി. കുമാരന്‍ വേഴാമ്പലുകളുടെ കൂടുകള്‍ തേടി കാടിനന്തര്‍ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. മീരയുടെ ഗവേഷണവിഷയം വേഴാമ്പലുകളായിരുന്നു. അന്ന് ഏഴോളം കൂടുകള്‍ കുമാരന്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു.

പിന്നെ ബകരിമലയിലെ വരയാടുകളെ തേടി ഞങ്ങള്‍ പോയി. വല്ലാത്ത ഒരു കയറ്റമായിരുന്നു അത്. കുത്തനെ കിടക്കുന്ന പാറയിലൂടെ കുമാരനെ പിന്തുടരുമ്പോള്‍ അങ്ങ് അഗാധതയില്‍ ഇടമലയാര്‍പുഴ, മലക്കപ്പാറ... ആ യാത്രയില്‍ പന്ത്രണ്ടു വരയാടുകളെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ചെങ്കുത്തായ പാറയിലൂടെ എന്റെ കൈ പിടിച്ച് കുമാരന്‍ വരയാടുകള്‍ക്കൊപ്പം ഓടിയത് മറക്കാനൊക്കില്ല. അത്തരം പാറയിലൂടെയുള്ള അയാളുടെ സഞ്ചാരവേഗത നമ്മെ ഭയപ്പെടുത്തും.

ഒരിക്കല്‍ ഒരു വൈകുന്നേരം കുടിയിലെത്തിയ ഞങ്ങള്‍ കുമാരനും കൂട്ടുകാരും തേനെടുക്കാനായി രണ്ടാഴ്ചയായി കാടിനകത്തളങ്ങളിലെവിടെയോ ആണെന്നറിഞ്ഞു. അന്ന് കുമാരന്റെ കുടിലില്‍ അന്തിയുറങ്ങിയ ഞങ്ങള്‍ പാതിരാവിലെപ്പോഴോ പട്ടികുര കേട്ട് ഉണര്‍ന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ആരോ വരുന്ന കാല്‍പ്പെരുമാറ്റം. വിളക്കു കത്തിച്ചുവെച്ചു. പെട്ടെന്ന് ചാരിവെച്ച വാതില്‍ തുറന്ന് കുമാരന്‍ പ്രവേശിച്ചു.
പുറത്തെ ഇരുളില്‍നിന്നും അടര്‍ന്നുപോന്നപോലെ അയാള്‍ അവിടെ, ഞങ്ങളുടെ മുന്നില്‍ നിന്നു. തലയില്‍ തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കെട്ടിവെച്ച ടോര്‍ച്ച്. അത് ഹെഡ്‌ലൈറ്റുപോലെ ഇരുന്നു. കൈയില്‍ നീളമേറിയ വാക്കത്തി. മുതുകില്‍ മാറാപ്പുകെട്ട്. നനഞ്ഞുകുതിര്‍ന്ന വസ്ത്രങ്ങള്‍. കാലില്‍ അട്ടകള്‍.

'ശാറെ... തേനുണ്ട്...'
അയാള്‍ മുകളിലെ കെട്ടഴിച്ച് തറയില്‍ വെച്ചു. ഈറ്റയിലകളില്‍ ഭദ്രമായി പൊതിഞ്ഞുവെച്ചിരിക്കുന്ന ഇളം തേനടരുകള്‍! ഞങ്ങളുടെ ഉറക്കമെല്ലാം ഓടിയൊളിച്ചു. ഞൊടിയിടകൊണ്ട് ഞങ്ങളതു കൈക്കലാക്കി. കാലില്‍ കടിച്ചുതൂങ്ങിയ അട്ടകളെ ഒന്നൊന്നായി പറിച്ച് വെളിയിലേക്കെറിഞ്ഞ് കുമാരന്‍ ഞങ്ങളെ നോക്കി ചിരിച്ചു.

'ഞാന്‍ പറഞ്ഞില്ലേ ശാറേ, നിങ്ങള് വന്നത് അവനറിഞ്ഞാല്‍ ഏതു കാട്ടിലായാലും അവന്‍ ഇവിടെ എത്തും...' കുമാരന്റെ ജ്യേഷ്ഠന്‍ മുത്തയ്യ അകത്തുനിന്നും പയുന്നതു കേട്ടു. കുമാരന്റെ ആ വരവ് ഞാന്‍ മറക്കില്ല. ഈ മനുഷ്യന്‍ കൊടുംകാടിനുള്ളില്‍ വെച്ച് ഞാന്‍ വന്നത് എങ്ങനെ അറിഞ്ഞു? തനിച്ച് മുതുവാന്മാര്‍പോലും സഞ്ചരിക്കാത്ത ആ രാത്രി എന്നെ തേടി എത്തുക? കാടിന് അതിന്റെതായ സന്ദേശങ്ങളുണ്ട്, കുമാരനെപ്പോലുള്ളവര്‍ക്കായി.
വീണ്ടും കുമാരനൊത്ത് മറ്റൊരു യാത്ര പോയി ഞാന്‍. പറമ്പിക്കുളത്തെ പൂപ്പാറ മുതുവാക്കുടിയിലേക്ക്. മുതുവാന്മാര്‍ കൊച്ചിക്കുടി എന്നാണ് പൂമ്പാറക്കുടിയെ വിളിക്കുന്നത്. അവിടെവെച്ചാണ് ഞാന്‍ പറമ്പിക്കുളത്തേക്ക് നടന്നുപോയതും. കുമാരന്‍ തിരികെ പോന്നതും.

നാട്ടിലെത്തിയ ഞാന്‍ വീണ്ടും ഗള്‍ഫിലേക്കു പോയി ഒരു വര്‍ഷത്തിനു ശേഷം തിരികെയെത്തി. മറ്റു കാടുകളിലൊക്കെ അലഞ്ഞുതിരിഞ്ഞു നടന്നു. ഷോളയാര്‍ മലക്കപ്പാറ വഴി വാല്‍പ്പാറയ്ക്കു പോയെങ്കിലും അടിച്ചില്‍തൊട്ടിയിലേക്കു പോയില്ല. ഒരിക്കല്‍ വാഴച്ചാല്‍ ഡി.എഫ്.ഒ. ഇന്ദുചൂഡനെ കാണുവാന്‍ അദ്ദേഹത്തിന്റെ ചാലക്കുടിയിലെ ഓഫീസില്‍ എത്തിയപ്പോഴാണ് ആ വാര്‍ത്ത അറിഞ്ഞത്.

'കുമാരന്‍ മരിച്ചുപോയി...' വല്ലാത്ത ഒരു വിങ്ങലായിരുന്നു അകത്ത്. ഹൃദയത്തിലെവിടെയോ ആഴത്തിലൊരു മുറിവ്... അതിന്റെ നീറ്റല്‍... എന്തു പറയണം എന്നറിയാതെ തരിച്ചിരിക്കുമ്പോള്‍ ഡി.എഫ്.ഒ. പറഞ്ഞു: 'ഏതോ മലയുടെ kadum-camerayumമുകളില്‍നിന്നും വീണതാണ്. പത്തു ദിവസം കഴിഞ്ഞാണ് ബോഡി കിട്ടിയത്!' ഞങ്ങളൊക്കെ സ്തംഭിച്ചുപോയി; ഒരു മഴക്കാടു മുഴുക്കെ നഷ്ടപ്പെട്ടപോലെ. വരയാടിനൊപ്പം ഏതു വഴുക്കലുള്ള പാറയും കയറുന്ന കുമാരന് പാദങ്ങള്‍ ഇടറിയോ?

ആ കാലങ്ങളില്‍ കാട്ടില്‍വെച്ച് ഏതോ നായാട്ടുസംഘത്തിനോടോ കഞ്ചാവുകൃഷിക്കാരോടോ കുമാരന് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായി എന്നു കേട്ടിരുന്നു. കുമാരന്റെ ഭാര്യ പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ പറഞ്ഞു: 'ശാറെ, അവന്മാര് കുമാരനെ കൊന്നതാ...' കുമാരനില്ലാത്ത ആ കാട്ടിലേക്ക് ഞങ്ങള്‍ ചെന്നു. ഈറ്റയിലകള്‍കൊണ്ടു മേഞ്ഞ് സുന്ദരമായിരുന്ന ആ ചെറുകുടിലില്‍ ഇപ്പോള്‍ ആരും താമസമില്ല.

ഭാര്യ ചാവടിപ്പുരയിലേക്ക് താമസം മാറ്റി. കുടിലിന്റെ മേല്‍ക്കൂരയിലെല്ലാം സുഷിരങ്ങള്‍ വീണിരിക്കുന്നു. കുമാരന്റെ ചില പഴയ വസ്ത്രങ്ങള്‍, എപ്പോഴും കൊണ്ടുനടക്കുന്ന തോള്‍സഞ്ചി... പിന്നെ ചുമരില്‍ ഞങ്ങള്‍ രണ്ടുപേരും പരസ്പരം തോളില്‍ കൈവെച്ചു നില്ക്കുന്ന പഴയ ഒരു ഫോട്ടോ. അത് കരിപിടിച്ചും മങ്ങിയും കഴിഞ്ഞു. കുമാരനില്ലാത്ത അന്ന് ഞങ്ങളവിടെ അന്തിയുറങ്ങുവാന്‍ കിടന്നു. ഉറക്കം വന്നില്ല. കുമാരന്‍ അവിടെയെവിടെയൊക്കെയോ ഉണ്ടെന്നു തോന്നല്‍.

എപ്പോഴും നമ്മോടൊപ്പം കൂടെ നടക്കുവാന്‍ ഇവരൊക്കെ കാണും എന്നു നിനച്ചിരിക്കുമ്പോള്‍, ഒരു പ്രഭാതത്തില്‍ അവര്‍എങ്ങനെയോ മഴക്കാടിന്റെ ഹരിതത്തിലേക്കു പൊഴിയുന്നു. ചിലപ്പോള്‍ ഒരു കാടിന്റെ മനസ്സിനെ നാം തൊട്ടിരുന്നത് ഇവരുടെ വിരല്‍ത്തുമ്പിലൂടെയായിരിക്കണം. ചിലപ്പോള്‍ ഒരു കയറ്റം കയറി മലയുടെ ഉച്ചിയിലെത്തി താഴെ വിശാലമായി കിടക്കുന്ന ഇരുണ്ട കാട് ദര്‍ശിക്കുമ്പോള്‍ ആരുടെയൊക്കെയോ സാമീപ്യം നാം ആഗ്രഹിച്ചുപോകും. ഇതിനു മുന്‍പ് ഇതേ സ്ഥലത്ത് എത്തിയത് അവരുമായാണല്ലോ. എന്തൊക്കെയോ മനസ്സിനകത്ത് സ്‌നേഹത്തോടെ നിറച്ചുതന്നവര്‍.

അടിച്ചില്‍തൊട്ടിയിലെ പല മുതുവാന്മാരും എന്നോടൊപ്പം എന്റെ നാട്ടില്‍ വന്നപ്പോള്‍ കുമാരനുമാത്രം വരുവാന്‍ പറ്റിയില്ല. പലപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും അയാള്‍ മറ്റെന്തെങ്കിലും കാഴ്ചകളുമായി കാട്ടിലലയുകയായിരുന്നു. ഇടയ്ക്കിടെ നാട്ടില്‍ വരുന്ന കാര്യവും അയാള്‍ സൂചിപ്പിക്കുമായിരുന്നു. ആ ആഗ്രഹം മനസ്സില്‍ ഇട്ടിട്ട് അയാള്‍ പോയി; മഴക്കാടിന്റെ ഇരുണ്ട ഉള്‍ത്തടങ്ങളിലേക്ക്, ഒരു ഇലപൊഴിയുംപോലെ...
മഴക്കാട്ടില്‍ പൊലിഞ്ഞുവീഴുന്ന ഇലകള്‍ക്കു മരണമില്ല. അവ തറയില്‍ വീണ് വളമായി വീണ്ടും വൃക്ഷങ്ങളിലൂടെ പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു...

( എന്‍.എ. നസീറിന്റെ കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും എന്ന  പുസ്തകത്തില്‍ നിന്ന്‌ )