എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ അവതാരികകളില്‍നിന്ന് തിരഞ്ഞെടുത്തവയുടെ സമാഹാരമാണ് 'എം.ടി. പുസ്തകത്തിന്റെ പൂമുഖം'. കവിത, ചെറുകഥ, നോവല്‍, നാടകം, തിരക്കഥ, സിനിമ, ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകള്‍ എഡിറ്റുചെയ്തത് എം.എന്‍. കാരശ്ശേരിയാണ്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ആക്സെല്‍ മുന്‍തേയുടെ ക്ലാസിക് ഗ്രന്ഥമായ 'ദ സ്റ്റോറി ഓഫ് സാന്‍ മിഷേലി'ന്റെ മലയാള പരിഭാഷ 'സാന്‍മിഷേലിന്റെ കഥ' എന്ന പുസ്തകത്തിന് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ അവതാരികയില്‍നിന്ന്

ന്നത്തെ ലോകപ്രശസ്തനായ റഷ്യന്‍ കവി യെവ്തുഷെങ്കോ വളരെ ചെറുപ്പത്തില്‍ എഴുതിത്തുടങ്ങി. ഇളംപ്രായത്തില്‍ത്തന്നെ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ ഭാഗ്യമുണ്ടായി. റോയല്‍റ്റിയായി പ്രസിദ്ധീകരണശാല പണവുമയച്ചിരുന്നു. തന്റെ കവിതാസമാഹാരം ആളുകള്‍ വാങ്ങിപ്പോവുന്നതുകാണാന്‍ യെവ്തുഷെങ്കോ ഒരു ബുക്ക്സ്റ്റാളില്‍ ചുറ്റിപ്പറ്റിനിന്നു.

ചെറുപ്പക്കാരായ ഒരു ഭാര്യയും ഭര്‍ത്താവും അപ്പോഴാണ് കടയിലേക്കു കയറിവന്നത്. ആശുപത്രിയില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോവുകയാണ് അവരെന്ന് സംഭാഷണത്തില്‍നിന്ന് വ്യക്തമായി. തിരച്ചിലിനിടയില്‍ ഏറ്റവും പുതുതായി ഇറങ്ങിയ കവിതാസമാഹാരവും അവരുടെ മുമ്പിലെത്തി.

പുതിയതായതുകൊണ്ട് അതുവാങ്ങാമെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഓര്‍മിപ്പിച്ചു: അവര്‍ ആശുപത്രിയില്‍ കിടക്കുന്ന ആള്‍ക്കു കൊടുക്കാനാണ് പുസ്തകം വാങ്ങുന്നത്. ആ ഗ്രന്ഥത്തിലെ കവിതകള്‍ അദ്ദേഹം മുമ്പുവായിച്ചതാണ്. ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഒന്നുംതന്നെ താനതില്‍ കണ്ടിട്ടില്ല എന്നദ്ദേഹം പറയുമ്പോള്‍ കവി കേട്ടുനില്‍ക്കുകയായിരുന്നു.

ആ രാത്രിയില്‍ മോസ്‌ക്വാ നദിയുടെ പാലത്തിനു മറവില്‍നിന്ന് റോയല്‍റ്റിയായി കിട്ടിയ റൂബിള്‍ നോട്ടുകള്‍ താഴേക്കെറിഞ്ഞു എന്ന് യെവ്തുഷെങ്കോ ആത്മകഥയില്‍ പറയുന്നു. (എ പ്രിക്കോഷ്യസ് ഓട്ടോബയോഗ്രാഫി). ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതില്‍പ്പെടുന്നു ആക്സെല്‍ മുന്‍തേ എഴുതിയ സാന്‍ മിഷേലിന്റെ കഥ. പ്രശസ്തനായ ഒരു ഡോക്ടറുടെ ഓര്‍മക്കുറിപ്പുകള്‍. ബ്രിട്ടനില്‍മാത്രം എണ്‍പതുപതിപ്പുകള്‍വന്ന ഈ ഗ്രന്ഥം മുപ്പതു ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 'ആത്മാവിലൊരു ഗോപുര'മെന്നും 'അദ്ഭുതസംഭവ'മെന്നും 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥങ്ങളിലൊന്ന് ' എന്നും ഈ പുസ്തകത്തെ നിരൂപകര്‍ വിശേഷിപ്പിച്ചു.

ജീവിച്ചിരുന്ന കാലത്ത് ഈ ഡോക്ടര്‍ ഒരു ഇതിഹാസമായിരുന്നു. രാജകുടുംബങ്ങള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ തെണ്ടികളുടെ സങ്കേതത്തിലും ചാവാലിപ്പട്ടികളെ ശുശ്രൂഷിച്ചും വല്ലപ്പോഴും കിട്ടുന്ന ഒഴിവുസമയം അദ്ദേഹം ചെലവഴിച്ചു.

ആക്സെല്‍ മുന്‍തേ 1887-ല്‍ സ്വീഡനില്‍ ജനിച്ചു. പാരീസില്‍ വൈദ്യപഠനം നടത്തി. വളരെ ചെറുപ്പത്തില്‍ത്തന്നെ ഡോക്ടറെന്ന നിലയ്ക്ക് പ്രശസ്തനായി. ചിട്ടവട്ടങ്ങളനുസരിച്ചുള്ള ഒരാത്മകഥയോ ഓര്‍മക്കുറിപ്പുകളോ അല്ല ഈ ഗ്രന്ഥം. ജീവിതകാലത്ത് കണ്ടുമുട്ടിയ മനുഷ്യര്‍, പങ്കാളിയാവേണ്ടിവന്ന സംഭവങ്ങള്‍, അവിസ്മരണീയമായ ചില ജീവിതസന്ധികള്‍ -ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന ഈ ചിത്രങ്ങളെ വീണ്ടും വരച്ചെടുക്കാന്‍ ശ്രമിക്കയാണ് സാന്‍ മിഷേലിന്റെ കഥാകാരന്‍ ചെയ്യുന്നത്.

പരിഭാഷ: എന്‍.പി. അബ്ദുന്നാസര്‍

എം.ടി. പുസ്തകത്തിന്റെ പൂമുഖം വാങ്ങാം​

Content Highlights: MT Vasudevan Nair's selected Introductions Mathrubhumi books