യിരത്തിത്തൊള്ളായിരത്തി അറുപത്തെട്ടില്‍ ആണെന്നു തോന്നുന്നു തപാല്‍ വന്ന കൂട്ടത്തില്‍ എനിക്ക് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒരു കത്തുണ്ട്. ഞാനന്ന് മാതൃഭൂമിയില്‍ ജോലി ചെയ്യുകയായിരുന്നു. രമേഷ് പാല്‍ എന്ന പ്രൊഫസറുടേതാണ് കത്ത്. അദ്ദേഹം സ്‌ക്രീന്‍പ്ലേ വകുപ്പിന്റെ മേധാവിയാണ്. മൂന്നുമാസത്തില്‍ ഒരിക്കല്‍ പൂനെയില്‍ വന്ന് സ്‌ക്രീന്‍പ്ലേ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കണം.

പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. ഏഷ്യന്‍രാജ്യങ്ങളില്‍നിന്ന് കുട്ടികള്‍ പഠിക്കാന്‍ വരുന്ന സ്ഥലം. ഇന്ത്യയിലെ പല പ്രശസ്തരും അവിടെ പഠിച്ചിട്ടുണ്ട്, പഠിപ്പിച്ചിട്ടുമുണ്ട്. അതില്‍ മലയാളികളുമുണ്ട്.

ഇങ്ങനെ ഒരു ക്ഷണം വന്നത് ഞാന്‍ ആരോടും പറഞ്ഞില്ല. ഔദ്യോഗികമായ കത്താണെങ്കിലും ഇവര്‍ക്കെന്തെങ്കിലും തെറ്റുപറ്റിയിരിക്കുമോ എന്ന് മനസ്സില്‍ ഒരു സംശയം. ആറേഴു സിനിമകള്‍ക്ക് ഞാന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. കേരളത്തില്‍ തരക്കേടില്ലാതെ ഓടിയ ചിത്രങ്ങള്‍. സ്‌ക്രീന്‍പ്ലേ പഠിപ്പിക്കാനുള്ള അറിവ് എനിക്കുണ്ടോ എന്നു ഞാന്‍ ശരിക്കും സംശയിച്ചു. കേരളത്തിന്റെ പുറത്ത് ഞാനെഴുതിയ ഒരു പടം മാത്രമാണ് കാണിച്ചിട്ടുള്ളത്: ഇരുട്ടിന്റെ ആത്മാവ്.

ഒരു വെളുപ്പാന്‍കാലത്താണ് ഞാന്‍ പൂെനയില്‍ ചെന്നിറങ്ങുന്നത്. എന്നെ സ്വീകരിക്കാന്‍ വന്നിട്ടുള്ളത് രണ്ടാംവര്‍ഷത്തെ വിദ്യാര്‍ഥിയായ ആസാദ് ആണ്. അന്ന് അവിടെ പഠിക്കുന്ന മലയാളിവിദ്യാര്‍ഥികളായ കബീര്‍ റാവുത്തര്‍, ജി.എസ്. പണിക്കര്‍, കെ.ജി. ജോര്‍ജ് തുടങ്ങിയവരൊക്കെ കാണാന്‍ വന്നു. അവസാനം വന്നത് കറുത്ത് മെലിഞ്ഞ ഒരു പയ്യനായിരുന്നു. രാമചന്ദ്ര ബാബു. ക്യാമറ പഠിക്കുന്നു. പഠിച്ചതും വളര്‍ന്നതുമൊക്കെ തമിഴ്‌നാട്ടില്‍ ആയിരുന്നതുകൊണ്ട് ബാബുവിന് മലയാളം കുറച്ച് കഷ്ടിയാണെന്ന് ആസാദ് പറഞ്ഞു. 

ബാബുവുമായി എന്റെ അടുപ്പം തുടങ്ങുന്നത് ആ കാലത്താണ്. ബാബു കുറേശ്ശെ ഇംഗ്ലീഷില്‍ കവിതകളെഴുതും. ഇടയ്ക്ക് ചിത്രം വരയ്ക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുടെ പതിവുകോലാഹലങ്ങളിലൊന്നും പെടാതെ അടങ്ങിയൊതുങ്ങി കഴിയുന്ന ആള്‍. സ്വകാര്യമായി വെച്ചിരുന്ന തന്റെ ചില ഇംഗ്ലീഷ് കവിതകള്‍ ബാബു എനിക്ക് വായിക്കാന്‍ തന്നിരുന്നു. ഒരു കൊല്ലത്തിനിടയ്ക്ക് ഞാന്‍ മൂന്നുതവണ ഓരോ ആഴ്ചവീതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി താമസിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ആസാദ് ഇടയ്ക്കിടെ കത്തുകളെഴുതും. ജോണ്‍ എബ്രഹാമിനുവേണ്ടി ഒരു സ്‌ക്രിപ്റ്റ് എഴുതുന്നു എന്ന് അറിയിച്ചു. ബാബുവാണ് ക്യാമറ. പിന്നീട് പി.എന്‍. മേനോന്റെ പണിമുടക്കിലും ബാബുവാണ് ക്യാമറാമാന്‍ എന്നറിഞ്ഞു. വലിയ സന്തോഷം. അതിനടുത്ത വര്‍ഷമാണ് ഞാന്‍ കുറെക്കാലമായി ആഗ്രഹിച്ചുനടന്നിരുന്ന ഒരു സിനിമാപദ്ധതി രൂപംകൊള്ളുന്നത്.

mt
നിര്‍മാല്യം സിനിമയുടെ ചിത്രീകരണം. ഇരിക്കുന്നവരില്‍ വലത്തേയറ്റം എം.ടി

കോഴിക്കോട്ടെ രണ്ടു സുഹൃത്തുക്കള്‍ പണം കടമായി തരാമെന്നു പറഞ്ഞു. പതിവു സിനിമയുടെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ, വളരെ പിശുക്കി ചെലവഴിച്ച് സിനിമ തീര്‍ക്കാം എന്നൊരു കണക്കുകൂട്ടല്‍ എനിക്കുണ്ടായിരുന്നു. പ്രശ്‌നങ്ങളെല്ലാം അറിയുന്നതുകൊണ്ട് ബാബു എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി. മദിരാശിയില്‍നിന്ന് ഒരു ഏറിഫഌക്‌സ് ക്യാമറയും അത്യാവശ്യംവേണ്ട ലൈറ്റുകളും ട്രെയിനില്‍ കൊണ്ടുവന്നു. ജനറേറ്റര്‍ ഇല്ല. രാത്രിയില്‍ കൃഷിക്കാരുടെ വെള്ളമടിക്കല്‍ കഴിഞ്ഞാലേ ഞങ്ങള്‍ക്ക് വോള്‍ട്ടേജ് ഉണ്ടാവുള്ളൂ.

റിഫഌക്ടറുകള്‍ ഞങ്ങള്‍തന്നെ ഉണ്ടാക്കിയതായിരുന്നു. ഗ്രാമത്തിലെ പരിചയമുള്ള പല വീടുകളിലായി നടീനടന്മാരെ താമസിപ്പിച്ചു. ശുകപുരത്തെ പൂട്ടിക്കിടക്കുന്ന ഒരു പഴയ ഓയില്‍മില്ലിന്റെ കെട്ടിടത്തില്‍ ഞങ്ങളെല്ലാവരും താമസിച്ചു, പി.ജെ. ആന്റണി അടക്കം. എന്റെ ചില ചലച്ചിത്രസ്മരണകള്‍ അടങ്ങുന്ന ചിത്രത്തെരുവുകള്‍ എന്ന പുസ്തകത്തില്‍ നിര്‍മാല്യത്തിന്റെ നിര്‍മാണത്തെപ്പറ്റി വിസ്തരിച്ച് എഴുതിയിട്ടുണ്ട്. കോടമ്പാക്കത്ത് ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്ത് ഞങ്ങളെല്ലാം ചേര്‍ന്ന് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്ത കഥകള്‍ രാമചന്ദ്ര ബാബുതന്നെ ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

celluloidinte swapnadakan
പുസ്തകം വാങ്ങാം

ചെറിയ ബജറ്റിലുള്ള ചെറിയ ചിത്രങ്ങള്‍ ചെയ്യാനാണ് പലപ്പോഴും ചില അടുത്ത സുഹൃത്തുക്കള്‍ വരുന്നത്. അപ്പോഴൊക്കെയും ഞാന്‍ ആലോചിക്കുന്നത് നടീനടന്മാരുടെ കാര്യമല്ല. അര്‍ഹിക്കുന്ന പ്രതിഫലം കൊടുക്കാന്‍ കഴിയില്ല എന്ന് അറിയാം, എന്നാലും ക്യാമറാമാനായി ബാബു കൂടെ വേണം എന്ന് മനസ്സു പറഞ്ഞുകൊണ്ടിരിക്കും. ജനശക്തി ഫിലിംസിന്റെ ദേവലോകത്തിനും ബാബുവിനെയും ആസാദിനെയും വിളിച്ചു. താമസസൗകര്യം വളരെ കഷ്ടിയാണ്. ഉള്ളസ്ഥലങ്ങളില്‍ ഞങ്ങള്‍ കൂടി. വലിയ ആവേശത്തില്‍ തുടങ്ങിയതാണ് ജനശക്തി. 

മമ്മൂട്ടി ആദ്യം അഭിനയിക്കാന്‍ വന്ന ചിത്രം എന്ന പേരിലാണ് അതിപ്പോഴും ചിലരൊക്കെ ഓര്‍ക്കുന്നത്. പാലക്കാട്ടെ കൊടുംചൂടിലും കോട്ടമൈതാനത്തെ പൊള്ളുന്ന വെയിലിലും ഒക്കെ ആയി ഞങ്ങള്‍ രണ്ടാഴ്ചയിലേറെ ഷൂട്ടിങ് നടത്തി. കമ്പനിയുടെ സാമ്പത്തികസ്ഥിതി തകര്‍ന്നു. ഫിലിം വന്നില്ല. അപ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവെക്കാതെ നിവൃത്തിയില്ലെന്നായി. ക്യാമറ യൂണിറ്റിനെ അവര്‍ എങ്ങനെയോ തിരിച്ചയച്ചു. ബാബു, ആസാദ് തുടങ്ങിയവര്‍ക്ക് തിരിച്ചുപോകാനുള്ള പണം കൂടിയില്ല. അന്ന് പാലക്കാട്ട് ബ്രൂക്ക്‌ബോണ്ടില്‍ ജോലിചെയ്തിരുന്ന എന്റെ ജേ്യഷ്ഠന്റെ കൈയില്‍നിന്ന് കുറച്ച് പണം വാങ്ങിയാണ് ഞാന്‍ ബാബുവിനെയും ആസാദിനെയും അയയ്ക്കുന്നത്. 

മികച്ച പ്രതിഫലം കിട്ടാവുന്ന ക്യാമറാവര്‍ക്കൊന്നും ബാബുവിനെ ഏല്പിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ 'തമ്പി' എന്നു വിളിച്ച് കൂടെ കൊണ്ടുനടന്നിരുന്ന ആ പയ്യന്‍ ഇപ്പോഴും എന്റെ കൂടെയുണ്ട്, മനസ്സിലുണ്ട്. തന്റെ ചലച്ചിത്രാനുഭവങ്ങള്‍ ബാബു എഴുതുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. അത് പുസ്തകരൂപത്തില്‍ വരുമ്പോള്‍ ഒരു ആമുഖക്കുറിപ്പ് എഴുതാന്‍ കഴിഞ്ഞത് ഞാനൊരു ഭാഗ്യമായി കരുതുന്നു.

(രാമചന്ദ്രബാബുവിന്റെ 'സെല്ലുലോയ്ഡ് സ്വപ്നാടകന്‍' എന്ന പുസ്തകത്തിന് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ അവതാരികയില്‍ നിന്ന്‌)

'സെല്ലുലോയ്ഡ് സ്വപ്‌നാടകന്‍' വാങ്ങാം

Content Highlights: MT Vasudevan Nair's Memories about Ramachandra Babu