കുഞ്ഞബ്ദുള്ള എന്നെ വന്നുകണ്ട് പറഞ്ഞു, രണ്ടാഴ്ചയായി ഒന്നും എഴുതാന്‍ കഴിയുന്നില്ല


ഞാനതിന്റെ പിറ്റേന്ന് മദ്രാസില്‍ പോകാനിരിക്കുകയായിരുന്നു. എന്റെ കൂടെ മദ്രാസിലേക്ക് വന്നോളൂ, നമുക്കവിടെയൊക്കെ ഒന്നു കണ്ടുവരുമ്പോള്‍ മനസ്സ് ശരിയാവും എന്നു പറഞ്ഞപ്പോള്‍ കൂടെ വന്നു. ഞാന്‍ താമസിച്ച ഹോട്ടലില്‍ എന്റെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ കുഞ്ഞബ്ദുള്ളയെയും താമസിപ്പിച്ചു

പുനത്തിൽ കുഞ്ഞബ്ദുള്ളയും എം.ടി വാസുദേവൻ നായരും

പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി എന്ന പുസ്തകത്തിന് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ അവതാരിക വായിക്കാം

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്റെ കൊട്ടാരംവൈദ്യനായിരുന്നു. ഞാനത് കുഞ്ഞബ്ദുള്ളയോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കോഴിക്കോട്ട് ഞാനറിയുന്ന പല ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വടകരയില്‍ പോയി കുഞ്ഞബ്ദുള്ളയെ കണ്ടാല്‍ എല്ലാം ശരിയാവും എന്ന വിശ്വാസമായിരുന്നു എനിക്ക്. എനിക്കെന്തെങ്കിലും ചില്ലറ അസുഖങ്ങള്‍ ഉണ്ടെന്നു തോന്നുമ്പോള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കുഞ്ഞബ്ദുള്ളയെ യായിരുന്നു. അതിനായി ഞാന്‍ കുഞ്ഞബ്ദുള്ളയുടെ വടകരയിലെ വീട്ടില്‍ പോയി പലതവണ താമസിച്ചിട്ടുണ്ട്. ഒരാഴ്ചവരെയൊക്കെ ഇങ്ങനെ തങ്ങുമായിരുന്നു. അതിനിടയ്ക്ക് ചില മരുന്നൊക്കെ തരും.

ചികിത്സയ്ക്കു മാത്രമല്ല അവിടെ പോവുന്നത്. പല വര്‍ത്തമാനങ്ങളും പറയാം. ആ വീട്ടിലെ ഭക്ഷണം കഴിക്കാം. അങ്ങനെയായിരുന്നു.
കുഞ്ഞബ്ദുള്ള മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയായ കാലംമുതല്‍ എനിക്കറിയാം. അന്ന് മാതൃഭൂമി ഓഫീസില്‍ എന്നെ വന്നു കണ്ട് കഥകള്‍ തന്നിട്ടുണ്ട്. ബാലപംക്തിയിലേക്ക് തന്ന കഥ മുതിര്‍ന്നവരുടെ കൂട്ടത്തില്‍ പ്രസിദ്ധീകരിച്ചു. പിന്നെ കുഞ്ഞബ്ദുള്ള എം.ബി.ബി.എസ്. പഠിക്കാന്‍ അലിഗഢിലേക്കു പോയി. അക്കാലത്തൊരിക്കല്‍ ഞാന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ അലിഗഢ് സര്‍വകലാശാലയില്‍ പ്രസംഗിക്കണമെന്നു പറഞ്ഞ് കുഞ്ഞബ്ദുള്ള എന്നെ ക്ഷണിച്ചു. അന്ന് ഡല്‍ഹിയില്‍ മുകുന്ദനും സേതുവും ഉണ്ടായിരുന്നു. ഞാന്‍ ഡല്‍ഹിയിലെ കാര്യങ്ങള്‍ കഴിഞ്ഞ് അലിഗഢില്‍ പോയി പ്രസംഗിച്ചു. അന്ന് അവരുടെലൈബ്രറി കാണിക്കാന്‍ കുഞ്ഞബ്ദുള്ള എന്നെ കൊണ്ടുപോയി.

ഒരിക്കല്‍ കുഞ്ഞബ്ദുള്ള എന്നെ വന്നുകണ്ട് പറഞ്ഞു, രണ്ടാഴ്ചയായി ഒന്നും എഴുതാന്‍ കഴിയുന്നില്ല. മനസ്സിന് ആകപ്പാടെ ഒരസ്വസ്ഥത എന്ന്. ഞാനതിന്റെ പിറ്റേന്ന് മദ്രാസില്‍ പോകാനിരിക്കുകയായിരുന്നു. എന്റെ കൂടെ മദ്രാസിലേക്ക് വന്നോളൂ, നമുക്കവിടെയൊക്കെ ഒന്നു കണ്ടുവരുമ്പോള്‍ മനസ്സ് ശരിയാവും എന്നു പറഞ്ഞപ്പോള്‍ കൂടെ വന്നു. ഞാന്‍ താമസിച്ച ഹോട്ടലില്‍ എന്റെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ കുഞ്ഞബ്ദുള്ളയെയും താമസിപ്പിച്ചു. പകല്‍ എനിക്കവിടെ ഓരോ കാര്യങ്ങളുണ്ടാവും. ഇതിനിടയ്ക്ക് എന്നെ കാണാന്‍ വരുന്ന സുഹൃത്തുക്കളെ കുഞ്ഞബ്ദുള്ളയ്ക്കും പരിചയപ്പെടുത്തും. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്നോട് കുഞ്ഞബ്ദുള്ള പറഞ്ഞു. ഞാനിതിനിടയ്ക്ക് ഹോട്ടലില്‍ ഇരുന്ന് ഒരു കഥയെഴുതി. ഇപ്പോള്‍ മനസ്സിന് നല്ല സമാധാനം.
ആ പഴയ മൗഢ്യമൊക്കെ പോയി. ഉന്മേഷം തോന്നുന്നു എന്ന്.

മദ്രാസില്‍ ചലച്ചിത്രരംഗത്തെ ഒരു സുഹൃത്ത് എന്നെ താജ് ഹോട്ടലില്‍ അത്താഴവിരുന്നിനു ക്ഷണിച്ചു. ബുഫേ ഡിന്നര്‍ ആയിരുന്നു അത്. ഞാന്‍ സുഹൃത്തിനോടു പറഞ്ഞു, ബുഫേ ആവുമ്പോള്‍ എത്രവേണമെങ്കിലും കഴിക്കാമെന്നാണല്ലോ. നന്നായി ഭക്ഷണം കഴിക്കുന്നവര്‍ വന്നാലേ കാര്യമുള്ളൂ. കുഞ്ഞബ്ദുള്ള നല്ല ഭക്ഷണപ്രിയനായതിനാല്‍ അദ്ദേഹത്തെയും കൂട്ടാമെന്ന്. അങ്ങനെ ഞങ്ങളൊന്നിച്ചു പോയി. കുഞ്ഞബ്ദുള്ള അന്നേ വളരെ നല്ല ഫാഷനില്‍ വസ്ത്രം ധരിക്കുകയും തലമുടിയുടെ സ്‌റ്റൈലിലൊക്കെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. താജ് ഹോട്ടലിലെ സലൂണില്‍ അന്ന് നല്ല ഫാഷനില്‍ തലമുടി വെട്ടുമെന്നറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതുപ്രകാരം കുഞ്ഞബ്ദുള്ള അവിടെ പോയി തലമുടി വെട്ടി. അന്ന് നാല്പതുരൂപയോ മറ്റോ ആയിരുന്നു അതിന് ചാര്‍ജ്. അങ്ങനെ രണ്ടാഴ്ച മദ്രാസില്‍ താമസിച്ചിട്ട് ഞങ്ങളൊന്നിച്ചാണ് തിരിച്ചുപോന്നതും. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിനെക്കുറിച്ച് ഒരിക്കല്‍ എന്നോടു പറഞ്ഞു. ആ അനുഭവങ്ങളൊക്കെ പിന്നീട് ഒരു പുസ്തകമായി എഴുതാമെന്ന് ഉദ്ദേശിച്ചിരുന്നു എന്ന്.

കൃത്രിമത്വം തീരേയില്ലാത്ത രചനാശൈലിയായിരുന്നു കുഞ്ഞബ്ദുള്ളയുടേത്. ലാളിത്യമുള്ള ഭാഷ. അദ്ദേഹം ലോകത്തെ നോക്കിക്കാണുന്നതുതന്നെ നര്‍മത്തോടെയായിരുന്നു. കുഞ്ഞബ്ദുള്ള എഴുതാനുള്ളത് മുഴുവന്‍ എഴുതിക്കഴിഞ്ഞിട്ടല്ല പോയത്.

Content Highlights: mt vasudevan nair punathil kunjabdulla mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented