മാതൃഭൂമിയില്‍ സബ് എഡിറ്ററെ ആവശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കണ്ടാണ് അപേക്ഷിച്ചത്.  സാഹിത്യതാത്പര്യം വേണം. സയന്‍സ് ബിരുദധാരികള്‍ക്ക് മുന്‍ഗണന എന്നും ഉണ്ടായിരുന്നു. ഇത് രണ്ടും ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചത്. ഇന്റര്‍വ്യു കാര്‍ഡ് വന്നു. ഞാനന്ന് പാലക്കാട്ട് എം.ബി. ട്യൂട്ടോറിയലില്‍ പഠിപ്പിക്കുകയാണ്. രാവിലത്തെ വണ്ടിക്ക് പോന്നു. യാത്രാവേഷത്തില്‍ തന്നെയാണ് മാതൃഭൂമിലെത്തിയത്. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും. അവിടെവെച്ച് എന്‍.പി.ദാമോദരനെ കണ്ടു. എന്നെ മനസ്സിലായി. എന്തിനാണ് ഇവിടേക്ക് വന്നത്, ബി.ടി. എടുത്ത് മാഷായിക്കൂടെ എന്നൊക്കെ എന്‍.പി.ദാമോദരന്‍ ചോദിച്ചു.

കെ.പി.കേശവമേനോനാണ് ഇന്റര്‍വ്യു ചെയ്തത്. എന്‍.വി.കൃഷ്ണവാരിയരാണ് വീക്കിലി നോക്കുന്നത്. എന്‍.വി. നല്ല തിരക്കുള്ളയാളാണ്. എന്‍.വി. ഇല്ലാത്തപ്പോള്‍ വീക്കിലി നോക്കാന്‍ പറ്റുമോ എന്നാണ് കേശവമേനോന്‍ ചോദിച്ചത്. നോക്കാം എന്ന് ഞാന്‍ പറഞ്ഞു. എം.ബി. ട്യൂട്ടോറിയലിലെ സി. ബാലറാം മൂസിന്റെ നേതൃത്വത്തില്‍ മലയാളി ദ്വൈവാരിക പ്രസിദ്ധീകരിച്ചിരുന്നു. വി.കെ.എന്നൊക്കെ അതില്‍ എഴുതിയിട്ടുണ്ട്. അതുമായി പ്രവര്‍ത്തിച്ച പരിചയത്തിന്റെ ബലത്തിലാണ് കേശവമേനോനോട് അങ്ങനെ പറഞ്ഞത്.

weekly
വിഷുപ്പതിപ്പ് വാങ്ങാം

അച്ഛന്‍ സിലോണിലുണ്ടായിരുന്നകാലത്ത് സമ്പന്നനായിരുന്നു. നാട്ടില്‍ സ്ഥലങ്ങളൊക്കെ വാങ്ങിയിട്ടു. സിലോണിന് സ്വാതന്ത്ര്യം കിട്ടിയ സന്ദര്‍ഭത്തില്‍ സിലോണ്‍പൗരത്വം സ്വീകരിക്കാന്‍ അച്ഛന്‍ തയ്യാറായില്ല. സിലോണിലെ ഇന്ത്യക്കാര്‍ക്ക് മാസം ഇരുപത്തഞ്ച് ഉറുപ്പികയേ ഇന്ത്യയിലേക്ക് അയയ്ക്കാന്‍പറ്റൂ എന്ന നിയമം വന്നു. അച്ഛന്റെ ചില സ്വാധീനങ്ങള്‍ കാരണം അറുപത് ഉറുപ്പിക അയയ്ക്കാനുള്ള അനുവാദം കിട്ടി. നാല്‍പത്തഞ്ച് ഉറുപ്പിക ഹോസ്റ്റല്‍ ഫീ അടയ്ക്കണം. നാട്ടിലെത്തിയ അച്ഛന് സാമ്പത്തികപ്രയാസങ്ങള്‍ വന്നു. മഹാധനികനായിരുന്ന അച്ഛന്‍ ഒരു നിലം പണയംവെക്കേണ്ടിവന്നു. നാനൂറ് ഉറുപ്പിക ഉണ്ടെങ്കിലേ വീണ്ടെടുക്കാനാവൂ. അക്കാലത്താണ് എനിക്ക് നാലുകെട്ടിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുന്നത്. അഞ്ഞൂറ് ഉറുപ്പികയാണ് അവാര്‍ഡ് തുക. അതില്‍ നിന്ന് നാനൂറ് ഉറുപ്പിക അച്ഛന് കൊടുത്ത് പണയസ്ഥലം തിരിച്ചെടുപ്പിച്ചു.

മാതൃഭൂമി വിഷുപ്പതിപ്പില്‍ എം.ടി വാസുദേവന്‍ നായരുമായി എന്‍.പി വിജയകൃഷ്ണന്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും..

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: MT Vasudevan Nair interview Mathrubhumi weekly