ഈ കൃതി മലയാളത്തിലെയെന്നല്ല, ഞാന്‍ വായിച്ച ആത്മകഥകളില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നു


ഹൃദയദ്രവീകരണശക്തിയുടെ കാര്യത്തില്‍ അതിനോടു താരതമ്യപ്പെടുത്താവുന്ന ഒരു കൃതി ചാര്‍ലി ചാപ്ലിന്റെ ആത്മകഥ മാത്രമാണ്.

എം.ടി വാസുദേവൻ നായർ, ചെറുകാട്‌

ചെറുകാടിന്റെ ചെറുകഥകള്‍ എന്ന പുസ്തകത്തിന് എം.ടി എഴുതിയ അവതാരിക വായിക്കാം

ചെറുകാടുമായി അധികസമയം ഞാന്‍ കൂടിക്കഴിഞ്ഞിട്ടില്ല. പലപ്പോഴും കണ്ടു, സംസാരിച്ചു. ആപ്പീസില്‍വെച്ചായിരിക്കും കൂടുതല്‍. അല്ലെങ്കില്‍ സമ്മേളനസ്ഥലങ്ങളില്‍വെച്ച്. പക്ഷേ, എനിക്ക് എപ്പോഴും 'ഇതാ എന്റെ സ്വന്തം ഒരാള്‍' എന്ന തോന്നല്‍ ഉണ്ടായിരുന്നു, ചെറുകാടിനെ കാണുമ്പോഴും ചെറുകാടിനെപ്പറ്റി കേള്‍ക്കുമ്പോഴുമെല്ലാം. ഇതെന്തുകൊണ്ട്? ഞാനിടയ്ക്ക് ആലോചിച്ചിരുന്നു. വ്യക്തമായ ഉത്തരമില്ല. വള്ളുവനാടന്‍മണ്ണിനടിയില്‍ എന്റെ വളരുന്ന വേരുകള്‍ ഒരു തായ്‌വേരുമായി എവിടെയൊക്കെയോവെച്ച് അറിയാതെ കെട്ടുപിണഞ്ഞതുകൊണ്ടാവാം എന്നൊരു നിഗമനത്തിലെത്തിച്ചേര്‍ന്നു. ഹ്രസ്വമായ കത്തുകളിലും നേരിട്ടുള്ള വാക്കുകളിലും, എന്റെ മനസ്സിന്റെ അടിത്തട്ടിലെ വികാരം വായിച്ചെടുത്തിട്ടോ എന്നു തോന്നുമാറ്, നിശ്ശബ്ദമായ ഒരു വാത്സല്യഭാവം പ്രകാശനാളംപോലെ എന്റെ നേര്‍ക്ക് ഒഴുകിയെത്തി എന്നെ തലോടുന്നത് ഞാന്‍ അനുഭവിച്ചറിയുകയും ചെയ്തു.

ആ വാത്സല്യത്തില്‍നിന്നുള്ള അധികാരവും കത്തുകളില്‍ പ്രകടമായിരുന്നു: വാടാനംകുറിശ്ശിയില്‍ ഒരു സാഹിത്യസമ്മേളനമുണ്ട്. താന്‍ നേരത്തേ എന്റെ വീട്ടിലെത്തുക. ഇന്ന തിയ്യതിക്ക്. കഴിഞ്ഞു. ഒരു സമ്മേളനം നടത്തിപ്പുകാരന്റെ ക്ഷണം! ഞാന്‍ എന്തു തിരക്കായാലും എത്തുമെന്ന് ചെറുകാടിനറിയാം.
ഞാന്‍ കോഴിക്കോട്ടെത്തിയ കാലത്ത് സന്ധ്യയ്ക്കു പുതിയറയിലുള്ള തിക്കോടിയന്റെ വീട്ടില്‍ പോയി. പ്രായവ്യത്യാസം മറന്ന് തിക്കോടിയനുമായി സ്വാതന്ത്ര്യത്തോടെ ഇടപെടുന്നത് പിന്നീടാണ്. അന്ന് എന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ സുഹൃത്ത്, സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം ഒരു രക്ഷിതാവിന്റെ സ്ഥാനത്തായിരുന്നു. സ്‌നേഹം കലര്‍ന്ന ആദരവ്. ഞാന്‍ കോഴിക്കോട്ടെ ഒരു ലോഡ്ജുമുറിയില്‍ താവളമുറപ്പിച്ച വിവരം പറയാന്‍ ചെന്നതാണ്. പുറത്തിറങ്ങുമ്പോള്‍ മുറ്റത്ത് ഇരുട്ടാണ്. ഇടവഴിയിലേക്ക് കുറെ പടവുകള്‍ ഇറങ്ങണം.

'നില്ക്ക്, ടോര്‍ച്ചടിച്ച് തരാം.'
'വേണ്ട.'
അപ്പോള്‍ ഇരുട്ടില്‍നിന്ന് പടികയറി ഒരാള്‍ മുറ്റത്തേക്കു വരുന്നു. മുറിക്കയ്യന്‍ നീല ഷര്‍ട്ട്, പരുക്കന്‍ മീശ, ചുമലില്‍ തൂങ്ങുന്ന സഞ്ചി, മടക്കിക്കുത്തിയ മുണ്ട്.
'ആ ഇതാര്?'
തിക്കോടിയന്‍ ആഗതനെ കുശലം പറഞ്ഞ് സ്വീകരിച്ചു, ഒരു നാടന്‍ചട്ടമ്പിയെപ്പോലെ... എവിടെയോ കണ്ടിട്ടുള്ളപോലെ തോന്നി. ഏതോ പത്രറിപ്പോര്‍ട്ടിലെ ചിത്രത്തിലാണോ?
'വാസൂന് മനസ്സിലായില്ലേ? ഇതാണ് ചെറുകാട്.'
വരാന്തയിലെ മുനിയുന്ന ബള്‍ബിന്റെ പ്രകാശത്തിലേക്കു കയറിനിന്ന ആള്‍ എന്നെ ഒന്നു നോക്കി. തിക്കോടിയന്‍ പറഞ്ഞു:
'ഇത് വാസു. എം.ടി.'
അപഗ്രഥിക്കുംപോലെ ഒന്നുകൂടി എന്നെ നോക്കി പറഞ്ഞു:
'ഓപ്പോള്, അല്ലേ?'
ഓപ്പോള് എന്ന കഥ അതിന്റെ തൊട്ടുമുന്‍പത്തെ ആഴ്ചയിലാണ് വന്നത്.
ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു. പിന്നെ നിശ്ശബ്ദം രണ്ടാളോടും യാത്ര പറഞ്ഞ് ഇറങ്ങി
അപ്പോള്‍ ഇതാണ് ചെറുകാട്. മനസ്സില്‍ ഉണ്ടായിരുന്ന ചിത്രത്തില്‍നിന്ന് ഏറെ വ്യത്യസ്തം.

എന്റെ ഇളംപ്രായത്തില്‍ വീട്ടില്‍ ചെറുകാടിന്റെ ഒരോട്ടന്‍തുള്ളല്‍ കണ്ടിട്ടുണ്ട്. തവിട്ടുകടലാസില്‍ ലഘുലേഖപോലെ അടിച്ചത്. 'മേനോന്റെ മേനി'യും 'അച്ചാരം മടക്കി'യും. എന്റെ ജ്യേഷ്ഠന്മാരിലാരോ എവിടെനിന്നോ കൊണ്ടുവന്നതാണ്. പിന്നീട് ചെറുകാടിന്റെ നാടകങ്ങളെപ്പറ്റി കേട്ടു. ഞാന്‍ കോഴിക്കോട്ടെത്തിയ കൊല്ലം കലാസമിതിയുടെ നാടകോത്സവത്തിന് ചെറുകാടിന്റെ നാടകമുണ്ടായിരുന്നു.
അതിനുമുന്‍പു വന്ന 'തറവാടിത്ത'ത്തെപ്പറ്റി ചെറുകാട് പ്രസംഗിച്ചത് ഞാന്‍ ജയകേരളത്തില്‍ വായിച്ചിരുന്നു. ഏതോ ഒരു വിമര്‍ശനത്തിനു മറുപടിയാണ്: 'മൂപ്പില്‍ നായരും ഭാഗക്കേസുകളും ഒക്കെ ഇന്നും പ്രശ്‌നമാണ്. ഇവയൊക്കെ പഴങ്കഥകളല്ല, മാനുഷികപ്രശ്‌നങ്ങളാണ്.' വളരെ പ്രാധാന്യത്തോടെയാണ് ആ പ്രസംഗം കൊടുത്തിരുന്നത്.
പിന്നീട് കോഴിക്കോട്ടുവെച്ച് ചെറുകാടിനെ പലപ്പോഴും കണ്ടു.
ഒരിക്കല്‍ മാതൃഭൂമി ആപ്പീസില്‍ കയറിവന്നു. എന്‍.വി. ഇല്ല. പതിവുപോലെ സഞ്ചി മേശപ്പുറത്തു വെച്ച്, മുറുക്കാന്‍സാമഗ്രികള്‍
പുറത്തെടുത്തു. പിന്നെ ബീഡിക്കെട്ടും.
'ചായ പറയട്ടെ?'
'ആദ്യം വെള്ളം. പിന്നെ ചായ.' എന്നിട്ട് മുറുക്കാന്‍ചെല്ലം മാറ്റിവെച്ച് എന്റെ മുന്‍പിലിരിക്കുന്ന സിഗരറ്റില്‍നിന്ന് ഒന്നെടുത്ത് കത്തിച്ചു.
'ഇപ്പോള്‍ പട്ടാമ്പി കോളേജിലല്ലേ?'
'എടോ, ഇനി കുറേക്കൂടി ബഹുമാനത്തില്‍ സംസാരിയ്ക്കണം. ഞാനിപ്പോള്‍ ഒരു പ്രൊഫസറാണ്.'
എന്നിട്ട് മുറുക്കാന്‍കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു:
'താനിനി വിലാസമെഴുതുമ്പോള്‍ സൂക്ഷിക്കൂ, പ്രൊഫസര്‍ ചെറുകാട്!'

വര്‍ഷങ്ങള്‍ക്കുശേഷം. നിര്‍മാല്യത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ കിട്ടിയതിന്റെ പേരില്‍ പാലക്കാടിനടുത്തുവെച്ച് ഒരനുമോദനയോഗം. ചെറുകാട് അധ്യക്ഷന്‍. എനിക്ക് ഒരുപഹാരം തന്ന് പ്രസംഗിക്കുമ്പോള്‍ ചെറുകാട് പറഞ്ഞു: 'ഞാന്‍ ചെയ്യാനാഗ്രഹിച്ച ചിലതൊക്കെയാണ് ഇയാള്‍, ഈ എം.ടി ചെയ്യുന്നത്.' ഉപചാരങ്ങളോ പുറത്തു കാട്ടുന്ന സ്‌നേഹപ്രകടനങ്ങളോ പതിവില്ലാത്ത ചെറുകാട് നിലവിളക്കു തന്ന ശേഷം എന്നെ പതുക്കെ ഒന്നാശ്ലേഷിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. വികാരാധീനനാക്കി എന്നതാണ് സത്യം. ഞാനത് മറച്ചുപിടിക്കാന്‍ ശ്രമിച്ചു.
സ്റ്റേജില്‍നിന്നും പിന്നിലേക്കിറങ്ങുമ്പോള്‍ ഞാന്‍ എന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു പാര്‍ക്കര്‍ പേന ചെറുകാടിനു സമ്മാനിച്ചു. ചെറുകാടിന്റെ പോക്കറ്റില്‍ എന്നും ഒരു തടിച്ച പേനയുണ്ട്. പഴയ ബ്ലാക്ക് ബേര്‍ഡായിരിക്കണം.
'ഉം. നല്ല പെന്ന്. അപ്പോ തനിക്ക് വേണ്ടേ?'
'എന്റെ കൈയില്‍ വേറെയും ഒരു പാര്‍ക്കര്‍ പേനയുണ്ട്.'

ഒരിക്കല്‍ പകുതി കളിയായും പകുതി കാര്യമായും ചെറുകാട് എനിക്കെഴുതി.
'താന്‍ അടുത്ത ഒരു സിനിമയില്‍ എന്നെയും വിളിച്ച് അഭിനയിപ്പിച്ച് എന്നെ സുന്ദരനാക്കണം.'
പിന്നീട് ചെറുകാടിന്റെ നോവല്‍ ദേവലോകം ഒരു ചലച്ചിത്രമാക്കാന്‍ ശ്രമം നടന്നു. അതിന്റെ തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനും എന്നെയാണ് ഏല്പിച്ചത്. ജനശക്തി ഫിലിംസിന് രണ്ടു സിനിമകള്‍ ചെയ്യാന്‍ ഉദ്ദേശ്യമുണ്ടായിരുന്നു. കയ്യൂര്‍ സഖാക്കളെപ്പറ്റി ഒരു ചിത്രവും ചെറുകാടിന്റെ ദേവലോകവും. ഈ ആവശ്യത്തിനായി മൃണാള്‍ സെന്‍ വന്നു. ഒരസുഖം കഴിഞ്ഞ് ഞാന്‍ വീട്ടിലിരിപ്പായിരുന്നു. മൃണാള്‍ സെന്‍ വിളിച്ചു. ഞാന്‍ ഹോട്ടലിലേക്കു ചെന്നു. 'ആദ്യം എം.ടി. ഒരു പടം ചെയ്യ്. നിങ്ങളിവിടത്തുകാരനായതുകൊണ്ട് പ്രശ്‌നമില്ല. ഇവര്‍ പുതിയ ആളുകളാണ്. അതു കഴിയുമ്പോഴേക്ക് ഇവരുടെ സെറ്റപ്പ് ഒന്ന് ശരിയാവും. രണ്ടാമത്തേത് ഞാന്‍ ചെയ്യാം.'
(മൃണാള്‍ സെന്‍ ശരിക്കും ദീര്‍ഘദര്‍ശിയാണ്)
ചെറുകാടിന്റെ പേരിലുള്ള ഒരു ചിത്രമായതുകൊണ്ട് ഞാന്‍ സമ്മതിച്ചു. ചെറുകാടിന്റെ മരണശേഷമാണത്. പുതിയ ആളുകളെ വെച്ച് പടം ചെയ്യാന്‍ ജനശക്തി പ്രവര്‍ത്തകര്‍ക്കു താത്പര്യം. അതും എനിക്കൊരു പ്രേരണയായിരുന്നു. മഞ്ചേരിയില്‍ പ്രാക്ടീസ് തുടങ്ങിയ ഒരു വക്കീല്‍പയ്യനടക്കമുള്ള പുതുമുഖങ്ങളെ തിരഞ്ഞെടുത്തു. മുഹമ്മദുകുട്ടിയെന്ന ആ വക്കീല്‍പയ്യന്‍ പിന്നീട് മമ്മൂട്ടി എന്ന അതിപ്രധാന നടനായത് മറ്റൊരു കഥ. ദേവലോകം പാതിവഴിക്കു നിന്നു.
പക്ഷേ, ചെറുകാടുണ്ടായിരുന്നെങ്കില്‍ എന്ന് വിചാരിച്ച് വിഷാദം തോന്നിയ സന്ദര്‍ഭങ്ങള്‍ നിരവധിയായിരുന്നു.
'ഈ റോളില്‍ ചെറുകാടിനെ വിളിക്കാമായിരുന്നു,'
ഞാന്‍ പാലക്കാടന്‍ കൊടുംചൂടില്‍ പണിയെടുക്കുമ്പോഴെല്ലാം ചെറുകാട് ആദ്യവസാനക്കാരനായി എന്റെ കൂടെയുണ്ടെന്നു തോന്നി.

ചെറുകാടിന്റെ ആത്മകഥ എന്നെ ഏറ്റവും ആകര്‍ഷിച്ച പുസ്തകങ്ങളിലൊന്നാണ്. ലാളിത്യത്തിന്റെ ചാരുതയും ആത്മാര്‍ഥതയുടെ തിളക്കവും ഒത്തുചേര്‍ന്ന ഈ കൃതി മലയാളത്തിലെയെന്നല്ല, ഞാന്‍ വായിച്ച ആത്മകഥകളില്‍ മുന്നിട്ടുനില്ക്കുന്നു. ഹൃദയദ്രവീകരണശക്തിയുടെ കാര്യത്തില്‍ അതിനോടു താരതമ്യപ്പെടുത്താവുന്ന ഒരു കൃതി ചാര്‍ലി ചാപ്ലിന്റെ ആത്മകഥ മാത്രമാണ്.
ജീവിതത്തിന്റെ ഒരു നിര്‍ണായകഘട്ടത്തില്‍വെച്ച് ആത്മകഥ അവസാനിക്കുന്നു. രംഗത്ത് നാടകീയതയുടെ മര്‍മങ്ങള്‍ മുഴുവന്‍ പ്രയോഗിക്കാനറിയുന്ന ചെറുകാട് സ്വന്തം ജീവിതനാടകത്തിന്റെ ഒരു സന്ധി അവസാനിപ്പിക്കുന്നത് എത്ര ലാഘവത്തോടെയാണ്‍ വേദനിപ്പിക്കുന്ന ലാഘവഭാവം.
പോലീസില്‍ കീഴടങ്ങുന്ന ആ രംഗം നാടകീയത പൂര്‍ണമായും ഒഴിവാക്കി എഴുതപ്പെട്ടതാണ്. എന്നാലും അതു വല്ലാത്ത വേദനയും വിങ്ങിപ്പൊട്ടലുമുണ്ടാക്കുന്നു.
'മാന്യനായ എന്നെ പോലീസ് അടിക്കുകയുണ്ടാവില്ലെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ആദ്യത്തെ അടി എന്റെ അഭിമാനത്തിന്റെ പടത്തിന്മേല്‍ വന്നുവീണപ്പോള്‍ത്തന്നെ ഞാന്‍ ശരാശരി മനുഷ്യനായി.'
ഞാന്‍ നാലുവട്ടം വായിച്ചിട്ടുണ്ട് ജീവിതപ്പാത. എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണത്.

പാലക്കീഴ് നാരായണന്‍ പറയുന്നു, ചെറുകാടിന്റെ ചെറുകഥകള്‍ മുഴുവന്‍ തേടിപ്പിടിച്ച് ഒരു പുസ്തകമാക്കുന്നു എന്ന്. ഞാന്‍ ആമുഖമെഴുതണമെന്നും. ചെറുകഥകള്‍ തന്ന് അതെല്ലാം വായിച്ച് ഒരാമുഖമെഴുതാന്‍ ഞാനുദ്ദേശിക്കുന്നില്ല എന്ന് പാലക്കീഴിനെ അറിയിച്ചു. ചെറുകാടിനെ ഓര്‍മിക്കാനുള്ള ഒരവസരമായി ഇതുപയോഗപ്പെടുത്താന്‍ ആഗ്രഹമുണ്ടുതാനും.
ആലോചിച്ചപ്പോള്‍ ചെറുകാടിന്റെ ഒരു ചെറുകഥ എന്റെ ഓര്‍മയില്‍, ഇപ്പോഴും സജീവമായി നിലനില്ക്കുന്നു. 'പനങ്കഴു.' ശുദ്ധതയുള്ള ഒരു അധ്യാപികയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വിടന്‍ സഹപ്രവര്‍ത്തകന്‍ സ്വാമിയുടെ ചിത്രം ഞാനിന്നും ഓര്‍ക്കുന്നു. ദുഷ്ടനാണ് കഥയില്‍ ജയിക്കുന്നത്. ശുദ്ധതയ്ക്കു പനങ്കഴു! ദുഷ്ടനെ യഹോവ പനപോലെ വളര്‍ത്തി, സുവിശേഷത്തില്‍. ശുദ്ധതയെ ലോകത്തിന് ഒരിക്കലും പൊറുപ്പിക്കാനാവില്ല. നശിപ്പിച്ചേ മതിയാവൂ. വായിച്ച് നാല്പതു കൊല്ലത്തിലധികം കാലത്തിനു ശേഷവും ഈ കഥ അതിന്റെ വിശദാംശങ്ങളോടെ എന്റെ മനസ്സില്‍ മായാതെ നില്ക്കുന്നു. ചെറുകാടിന്റെ ആയതുകൊണ്ടല്ല, കഥയുടെ ഉള്‍ക്കരുത്തുകൊണ്ട്. നോവലിലും കഥയിലും ഇന്നയിന്ന ചിട്ടവട്ടങ്ങള്‍ പാലിക്കണമെന്ന യാതൊരു മുന്‍ധാരണയും ചെറുകാടിനുണ്ടായിരുന്നില്ല. അധ്യാപകസംഘടനയുടെ യോഗത്തില്‍ അവതരിപ്പിച്ച ഒരു പ്രമേയം ഒരധ്യായമാക്കാന്‍ ഒരു മടിയുമില്ല. അന്നൊക്കെ അതിന്റെ പേരില്‍ എനിക്ക് മനസ്സില്‍ അതൃപ്തി തോന്നിയിരുന്നു. ചട്ടക്കൂടുകള്‍ ലംഘിക്കലാണ് സര്‍ഗസൃഷ്ടി എന്നു പിന്നീട് മനസ്സിലായപ്പോള്‍ അതൊരു ധീരതയാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. കണ്ടും കേട്ടും അനുഭവിച്ചുംകൊണ്ട് ജീവിതത്തിന്റെ നെടുംപാതയില്‍ നിന്ന് വിഭവങ്ങള്‍ നേടിയെടുത്തതുകൊണ്ടുള്ള ആത്മവിശ്വാസം. അതൊക്കെ സമകാലികരുമായി പങ്കിടേണ്ടത് തന്റെ ഉത്തരവാദിത്വമാണ് എന്ന ഉറച്ച ബോധം. ചെറുകാടിന്റെ രചനകള്‍ പ്രസക്തമാവുന്നത് അതുകൊണ്ടാണ്.
നമ്മള്‍ 'സെക്യുലര്‍ സംസ്‌കാരം' തുടങ്ങിയ പ്രയോഗങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് എത്രയോ ദശാബ്ദങ്ങള്‍ക്കു മുന്‍പ് വള്ളുവനാടന്‍ജീവിതത്തിന്റെ അന്തര്‍ധാരകളിലൊന്നായ ഈ ഉദാരഭാവത്തെ അവിസ്മരണീയമാംവിധം അവതരിപ്പിച്ച ഈ എഴുത്തുകാരനോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.

എം.ടി എഴുതിയ അവതാരികളുടെ സമാഹാരമായ എം.ടി പുസ്തകത്തിന്റെ പൂമുഖം എന്ന പുസ്തകത്തില്‍ നിന്നും

Content Highlights: mt vasudevan nair cherukad mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented