'ധാരാളം പരാതികളും ശാപങ്ങളും ഏല്ക്കേണ്ടിവന്ന തൊഴിലായിരുന്നു അനേകം വര്‍ഷം ചെയ്തുകൊണ്ടിരുന്നത്'- എം.ടി


By എം.ടി വാസുദേവന്‍ നായര്‍

7 min read
Read later
Print
Share

എം.ടി (ഫോട്ടോ: കെ.കെ സന്തോഷ്)

എം.ടിയുടെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളുടെ രേഖകളാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ സ്വീകരിക്കുമ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍, തകഴി, ബഷീര്‍, എം.പി. നാരായണപിള്ള അനുസ്മരണങ്ങള്‍, ദേശീയ സെമിനാറുകളിലെ പ്രഭാഷണങ്ങള്‍, സാഹിത്യരചനയും കലാസ്വാദനവും സാമൂഹികജീവിതവും അപഗ്രഥിക്കുന്ന വര്‍ത്തമാനങ്ങള്‍ തുടങ്ങിയവ ഉള്ളടക്കമായിട്ടുള്ള പുസ്തകമാണ് വാക്കുകളുടെ വിസ്മയം. എം.എന്‍ കാരശ്ശേരി എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം എം.ടിയുടെ ആദ്യത്തെ പ്രസംഗസമാഹാരം കൂടിയാണ്. കാലിക്കറ്റ് സര്‍വകലാശാല ഓണററി ഡോക്ടറ്റേറ്റ് നല്‍കി ആദരിച്ചവേളയില്‍ എം.ടി നടത്തിയ പ്രസംഗം.

ഹതികളേ, മഹാന്മാരേ,

ഈ സര്‍വകലാശാലയുടെ പരമോന്നതബിരുദം എനിക്കു നല്കാന്‍ സന്മനസ്സു തോന്നിയ അഭിവന്ദ്യരായ ഭാരവാഹികളോട് ഞാനെന്റെ നിസ്സീമമായ കൃതജ്ഞതയും സന്തോഷവും ആദ്യമായി അറിയിച്ചുകൊള്ളട്ടെ.
ആഗ്രഹിച്ചത്ര പഠിക്കാന്‍ അവസരം കിട്ടാതെപോയ ഒരു ഗ്രാമീണബാലന് നിയതി പില്ക്കാലത്തൊരിക്കല്‍ നല്കിയ സമാശ്വാസമോ അനുഗ്രഹമോ ആയിരിക്കാം ഈ നിമിഷം എന്ന് മനസ്സ് നിശ്ശബ്ദമായി മന്ത്രിക്കുന്നു. എനിക്കു മുന്‍പേ ആരംഭിച്ച ആ കഥ കുടുംബസദസ്സുകളില്‍ പലപ്പോഴും കേട്ടിരുന്നു. ഇപ്പോള്‍ ജീവിതത്തിന്റ അപരാഹ്നത്തില്‍ ഞാനതു വീണ്ടും ഓര്‍ത്തുപോവുന്നു.

മൂന്ന് ആണ്‍കുട്ടികള്‍ക്കു ശേഷം എന്റെ അമ്മ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരു പെണ്‍കുട്ടി പിറക്കാന്‍ ആഗ്രഹിച്ചു. കുടുംബക്കാരുടെ മുഴുവന്‍ പ്രാര്‍ഥനയും അതായിരുന്നു. പക്ഷേ, അമ്മയുടെ ആരോഗ്യം മോശമായിരുന്നു. നാട്ടിലെ പ്രധാന വൈദ്യന്മാര്‍ മറ്റൊരു പ്രസവം അമ്മയുടെ ആരോഗ്യത്തിന് അപകടമാണെന്ന് വിധിച്ചു. ഗര്‍ഭമലസിപ്പിക്കാന്‍തന്നെ തീരുമാനമെടുത്തു. നാട്ടുവൈദ്യത്തിലെ അംഗീകൃതമായ അറിവുകള്‍ വെച്ചുകൊണ്ട് തീക്ഷ്ണമായ മരുന്നുകള്‍ വിധിച്ചു. പക്ഷേ, ഗര്‍ഭസ്ഥശിശു മരിക്കാന്‍ തയ്യാറായില്ല. പരീക്ഷണങ്ങളിലൂടെ മാസങ്ങള്‍ നീങ്ങിയപ്പോള്‍ ഇനി ശ്രമം തുടരേണ്ട എന്ന് നല്ലവരായ വൈദ്യന്മാര്‍ വിധിച്ചു.

തറവാടുഭാഗത്തില്‍ വീടില്ലാത്തതുകൊണ്ട് അമ്മയും ആങ്ങളമാരും അനിയത്തിയും മുത്തശ്ശിയും എല്ലാം ഒരു വലിയമ്മയുടെ വീട്ടുപറമ്പിലെ-കൊത്തലങ്ങാട്ടേതില്‍-കൊട്ടിലില്‍ കഴിയുകയായിരുന്നു. അവിടെവെച്ചാണത്രേ എന്നെ പ്രസവിച്ചത്. വീണ്ടും ഒരാണ്‍കുട്ടി എന്ന നിരാശയെക്കാളേറെ അമ്മയെ വിഷമിപ്പിച്ചത് എന്റെ ആരോഗ്യസ്ഥിതിയായിരുന്നു. ഗര്‍ഭമലസിപ്പിക്കാന്‍ ചെയ്ത ഔഷധപ്രയോഗങ്ങള്‍കൊണ്ടാവാം, കുട്ടിക്ക് പലവിധ അസുഖങ്ങളുണ്ടായിരുന്നു. ജീവിക്കുമോ എന്ന ആശങ്ക.
പിന്നീട് ഞാന്‍ കുറെ മുതിര്‍ന്നശേഷം അമ്മ അയല്‍ക്കാരോട് വിഷമത്തോടെ പറയുന്നതു കേട്ടിട്ടുണ്ട്: 'അന്ന് എല്ലാവരുംകൂടി കൊല്ലാന്‍ നോക്കിയ കുട്ടിയാണിത്!'

ആരോഗ്യമില്ലാത്ത കുട്ടി ശാഠ്യക്കാരനായിരുന്നു. വീട്ടില്‍ ശല്യം സഹിക്കാനാവാതെവന്നപ്പോള്‍ അമ്മ നിശ്ചയിച്ചു: 'ഇവനെ കോപ്പന്‍മാഷടെ സ്‌കൂളില്‍ കൊണ്ടുപോയി ഇരുത്താം.'
ഗ്രാമത്തിന്റെ വടക്കേ പകുതിയില്‍ കോപ്പന്‍മാസ്റ്റര്‍ കുടിപ്പള്ളിക്കൂടംപോലെ ഒരു സ്‌കൂള്‍ നടത്തിയിരുന്നു. അവിടെ വലിയമ്മയുടെ ഇളയ മകന്‍ കുട്ടനുണ്ട്. കുട്ടന്‍ രണ്ടാംക്ലാസിലായിരുന്നു. അതുകൊണ്ട് ആരോ കൊണ്ടുപോയി എന്നെ കുട്ടന്റെ അടുത്തിരുത്തി. എന്നെക്കാള്‍ രണ്ടു വയസ്സുണ്ട് കുട്ടന്. കുട്ടന്‍ ഇന്ന് ജീവിച്ചിരിപ്പില്ല.

അക്ഷരങ്ങള്‍ പഠിച്ചത് എന്നാണ് എന്നോര്‍മയില്ല. കോപ്പന്‍മാസ്റ്ററുടെ ക്ലാസിലിരുന്ന് ശ്രീകൃഷ്ണചരിതം മണിപ്രവാളം കാണാപ്പാഠം ചൊല്ലിയിരുന്നത് ഓര്‍മയുണ്ട്. ശ്ലോകങ്ങള്‍ കാണാതെ പഠിക്കാന്‍ ഉത്സാഹം തോന്നിയിരുന്നു. കുറച്ചു മാസങ്ങള്‍ക്കുശേഷം സ്‌കൂളവധിയായി. കുട്ടിയുടെ ശാഠ്യം കുറഞ്ഞിരിക്കുന്നു. മലമക്കാവിലെ ഡിസ്ട്രിക്ട് ബോര്‍ഡ് വകയായുള്ള എലിമെന്ററി സ്‌കൂളില്‍ പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍, എന്നെ ചേര്‍ക്കാമെന്ന് വീട്ടുകാര്‍ നിശ്ചയിച്ചു. ഒന്നര നാഴിക അകലെയാണ് സ്‌കൂള്‍. മറ്റൊരു താവഴിയിലെ ഒരമ്മാവന്‍ അവിടെ അധ്യാപകനാണ്. അമ്മ അദ്ദേഹത്തെ വിളിച്ചുവരുത്തി കാര്യം പറഞ്ഞു. തുറന്നപ്പോള്‍ പരമേശ്വരമ്മാവന്‍ നാലാംക്ലാസിലെ അധ്യാപകനായതിനാല്‍ എന്നെ നാലിലിരുത്തി. നാലു മാസം മാത്രം കോപ്പന്‍മാസ്റ്ററുടെ ക്ലാസില്‍ ഇരുന്ന ഞാന്‍ പെട്ടെന്ന് നാലാംക്ലാസില്‍. അന്ന് കായക്കണക്കും മനക്കണക്കും ഒക്കെ നാലാംക്ലാസില്‍ പഠിക്കണം. നാട്ടിന്‍പുറത്തെ കാര്‍ഷികജീവിതത്തിന്റെ ഭാഗമാണ് കായക്കൃഷി. കുട്ടികള്‍ കളിമണ്ണുകൊണ്ട് കൗതുകവസ്തുക്കള്‍ ഉണ്ടാക്കിയിരുന്നു. കൈവേലയ്ക്ക് ഒരു ക്ലാസ്. തോട്ടപ്പണിയും പഠിപ്പിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പുണ്ടായിരുന്ന നമ്മുടെ പ്രാഥമികവിദ്യാഭ്യാസത്തിനു ജീവിതവുമായി ഇന്നത്തെക്കാളേറെ ബന്ധമുണ്ടായിരുന്നു എന്ന സത്യം ഇപ്പോള്‍ ഞാന്‍ ഓര്‍മിക്കുന്നു.

പ്രയാസപ്പെട്ട് നാലും അഞ്ചും കഴിഞ്ഞ് ഞാന്‍ കുമരനെല്ലൂര്‍ ഹൈസ്‌കൂളിലെത്തി. ആറാംക്ലാസ് എന്നാല്‍ ഫസ്റ്റ്ഫോം. എസ്.എസ്.എല്‍.സി. സിക്സ്ത് ഫോമാണ്. മറ്റു കുട്ടികളുടെ ഒപ്പമെത്തുന്നുണ്ട് എന്നു തോന്നിയിരുന്നു. അദ്ഭുതമെന്നു പറയട്ടെ, ആദ്യവര്‍ഷത്തെ വാര്‍ഷികാഘോഷത്തില്‍ ക്ലാസിലെ കൂടുതല്‍ മാര്‍ക്കുള്ള കുട്ടിക്കു നല്കുന്ന ജനറല്‍ പ്രൊഫിഷ്യന്‍സി പ്രൈസ് എനിക്കാണ്!
ഭേദപ്പെട്ട മാര്‍ക്കോടെ എസ്.എസ്.എല്‍.സി. പാസായി. കോളേജില്‍ സെക്കന്‍ഡ് ഗ്രൂപ്പെടുക്കണം. വീട്ടുകാര്‍ പറയുന്നത് കേട്ടിട്ടുണ്ട്: 'അവനെ മെഡിസിനയയ്ക്കണം.'

ജ്യേഷ്ഠന്മാര്‍ പഠിക്കുമ്പോള്‍ പ്രശ്നമുണ്ടായിരുന്നില്ല. അച്ഛന്‍ സിലോണില്‍നിന്നു വേണ്ട പണമയച്ചിരുന്നു.
സിലോണിലെ രാഷ്ട്രീയാന്തരീക്ഷം മാറിക്കഴിഞ്ഞിരുന്നു. മലയാളികള്‍ പൗരത്വമെടുക്കണം. അല്ലെങ്കില്‍ തിരിച്ചുപോകണം. പണമയയ്ക്കുന്നതിലും പുതിയ നിയന്ത്രണങ്ങള്‍ വന്നു. ഒരാള്‍ക്ക്, ഒരു റേഷന്‍ കാര്‍ഡിന്, പുറത്തേക്ക് ഇരുപത്തഞ്ചുറുപ്പികയേ അയയ്ക്കാന്‍ അനുവാദമുള്ളൂ.
ഞാന്‍ എസ്.എസ്.എല്‍.സി. എഴുതിക്കഴിഞ്ഞപ്പോള്‍ എന്റെ നേരെ മൂത്ത ജ്യേഷ്ഠന്‍ (എം.ടി.എന്‍. നായര്‍ എന്ന കൊച്ചുണ്ണിയേട്ടന്‍) മംഗലാപുരം ഗവണ്‍മെന്റ് കോളേജില്‍ പഠിക്കുകയാണ്. രണ്ടുപേര്‍ക്ക് ഒരേ സമയത്ത് കോളേജില്‍ പഠിക്കാന്‍ വേണ്ട പണമയയ്ക്കാന്‍ പ്രയാസമാവുമെന്ന് അച്ഛന്‍ എഴുതി. മൂത്ത ജ്യേഷ്ഠന്മാര്‍ രണ്ടുപേരും ജോലിയില്‍ പ്രവേശിച്ചിരുന്നു. പക്ഷേ, അനുജന്മാരെ പഠിപ്പിക്കാന്‍ അല്പം പണം നീക്കിവെക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല അവര്‍ രണ്ടുപേരും. അതുകൊണ്ട് എന്നെ തത്കാലം കോളേജിലയയ്ക്കുന്നില്ല.

വിഷമം പുറത്തു കാണിച്ചില്ല. കാണിച്ചിട്ടും കാര്യമില്ല എന്നതുകൊണ്ടുതന്നെ. 'വയസ്സ് തികയാത്തതുകൊണ്ട് അവന് കോളേജില്‍ ചേരാന്‍ പറ്റിയില്ല' എന്ന് അമ്മ മറ്റുള്ളവരോട് ഒരു കളവു പറഞ്ഞു. അത് വേഗം പ്രചരിച്ചു.
ഗ്രാമത്തില്‍ ഒരു കൊല്ലം തനിയേ. പുസ്തകങ്ങളോ മാസികകളോ വല്ലപ്പോഴുമാണ് കിട്ടിയിരുന്നത്. ആറേഴു നാഴിക നടന്ന് അക്കിത്തത്തിന്റെ വീട്ടില്‍ പോയാല്‍ പുസ്തകങ്ങളെടുക്കാം. വായിച്ച് അടുത്താഴ്ചയില്‍ തിരിച്ചുകൊണ്ടുചെന്ന് ഏല്പിക്കും. വായിക്കാത്തവ വീണ്ടും തിരഞ്ഞെടുക്കും. ഏകാകിതയില്‍ ഈ പുസ്തകങ്ങള്‍ എന്റെ കൂട്ടുകാരായി. വായനയ്ക്കു പുറമേ എഴുത്തുമുണ്ട്. പലതും എഴുതിനോക്കുന്നു. വിലാസമറിയുന്ന മാസികകള്‍ക്കെല്ലാം അയയ്ക്കുന്നു.

താന്നിക്കുന്നിന്റെ നെറുകയില്‍ നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍പാലം കടക്കുന്നതു കാണാം. ഉച്ചതിരിഞ്ഞ് കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലര മണിയാവും. തപാലാപ്പീസ് സന്ദര്‍ശനം ഒരു നിത്യച്ചടങ്ങായിരുന്നു. ഏതെങ്കിലും ഒരു മാസികയില്‍ എന്റെ... എന്നും നിഗൂഢമായ പ്രതീക്ഷയോടെയാണ് തപാലാപ്പീസിലെത്തുന്നത്. കുറെക്കഴിഞ്ഞപ്പോള്‍ ചിലത് അച്ചടിച്ചു വന്നു. ബി.കോം. പൂര്‍ത്തിയാക്കാതെ കൊച്ചുണ്ണിയേട്ടന്‍ പഠിപ്പു നിര്‍ത്തി, ഉദ്യോഗമന്വേഷിക്കാന്‍ നിശ്ചയിച്ചു. ഒരുപക്ഷേ, എന്നെ കോളേജിലയയ്ക്കാന്‍ സൗകര്യമാവട്ടെ എന്നു കരുതിയിട്ടാവണം. അടുത്ത വര്‍ഷം ഞാന്‍ വിക്ടോറിയ കോളേജില്‍ ചേര്‍ന്നു. വലിയ ലൈബ്രറി. പുസ്തകമെടുക്കാനുള്ള കാര്‍ഡ് ഉപയോഗപ്പെടുത്താത്തവരായിരുന്നു ഹോസ്റ്റലില്‍ അധികം പേരും. അതുകൊണ്ട് എനിക്ക് ഇഷ്ടംപോലെ പുസ്തകങ്ങളെടുക്കാം. വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളുമായി പരിചയപ്പെടാന്‍ തുടങ്ങുന്നത് ആ കാലത്താണ്. വായനയില്‍ താത്പര്യമുള്ള വിദ്യാര്‍ഥി എന്ന നിലയ്ക്ക് കുശലന്‍മാസ്റ്റര്‍ക്കും ബാലകൃഷ്ണന്‍മാസ്റ്റര്‍ക്കും മറ്റും എന്നില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നു.

അമ്പതുറുപ്പിക മാസത്തിലയയ്ക്കാനുള്ള ഒരു പെര്‍മിറ്റ് അച്ഛനു കിട്ടിയിരുന്നു. നാല്പതിനടുത്ത് ഹോസ്റ്റല്‍ ഡ്യൂസ് വരും. ടേം തികയുമ്പോള്‍ ഫീസു കൊടുക്കണം. മറ്റു കുട്ടികളുടെ മാതിരി നല്ല ഉടുപ്പുകളില്ല, പുറത്തെ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കലില്ല, സിനിമ കാണലില്ല. ഒരു കലാലയവിദ്യാര്‍ഥിയുടെ പതിവുജീവിതാഘോഷങ്ങള്‍ ഒന്നുംതന്നെയില്ല. പക്ഷേ, ലൈബ്രറിപ്പുസ്തകങ്ങളില്‍ മുഴുകിയ എനിക്ക് സ്വന്തമായ ഒരാന്തരലോകമുണ്ടാവുകയായിരുന്നു. പുറത്തെ ചെറിയ ആഘോഷങ്ങളെക്കാള്‍ വലിയ ഉത്സവങ്ങളിലൂടെയാണ് ഞാന്‍ മറ്റുള്ളവരറിയാതെ സഞ്ചരിക്കുന്നത് എന്നു കണ്ടെത്തി. അക്കാലത്ത് ഏന്‍ എനിമി ഓഫ് ദി പീപ്പിള്‍ എന്ന ഇബ്സന്‍നാടകവും ടോള്‍സ്റ്റോയിയുടെ പ്രിസണര്‍ ഇന്‍ ദി കാക്കസസ്സും വിവര്‍ത്തനം ചെയ്തത് അച്ചടിപ്പിക്കാന്‍ കൊടുക്കണമെന്നുദ്ദേശിച്ചിട്ടല്ല; എന്റെ സ്വകാര്യമായ ആഘോഷപ്രകടനങ്ങള്‍ മാത്രം. യാദൃച്ഛികമായി നോട്ടീസ് ബോര്‍ഡില്‍ ഒരു പരസ്യം കണ്ടു. സാമ്പത്തികശേഷിയില്ലാത്ത വിദ്യര്‍ഥികള്‍ക്ക് പകുതി ഫീസ് ഇളവു കിട്ടുന്ന ഒരു പരീക്ഷയുണ്ട്. എഴുതി. അതിന്റെ ഫലമായി പകുതി ഫീസ് മതിയെന്നായി. വലിയ ആശ്വാസം. ടേം ഫീസ് അടയ്ക്കേണ്ട മാസം മറ്റേതോ ഒരു വിലാസത്തില്‍ അച്ഛന്‍ കൂടുതലായി അയച്ചിരുന്നത് ഇരുപത്തഞ്ചുറുപ്പികയായിരുന്നു.

പട്ടാളത്തില്‍ കുടുംബക്കാരുള്ളതുകൊണ്ട് എന്റെ കൂട്ടുകാര്‍ പലര്‍ക്കും ഒരുപാട് ആനുകൂല്യങ്ങളുണ്ടായിരുന്നു. ഇടത്തരം കുടുംബങ്ങളില്‍നിന്ന് വരുന്നവരാണവര്‍. എന്നാലും ആവശ്യത്തിലധികം പണമുണ്ട്. അവരുടെ ആതിഥ്യത്തില്‍നിന്ന് എന്നും ഒഴിഞ്ഞുമാറി. പകരം ഒന്നു ക്ഷണിക്കാന്‍ എനിക്ക് കഴിവില്ല എന്ന് അവരറിയരുതല്ലോ.

ഫോട്ടോ: സന്തോഷ് കെ.കെ

ഇന്റര്‍മീഡിയറ്റിന് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. സെക്കന്‍ഡ് ഗ്രൂപ്പുകാര്‍ പലരും മദ്രാസില്‍ മെഡിസിനു സീറ്റു കിട്ടാന്‍ കോയമ്പത്തൂരില്‍വെച്ചു നടത്തുന്ന പരീക്ഷയ്ക്കെഴുതുന്നു. ഞാന്‍ അതിനെപ്പറ്റി ആലോചിച്ചില്ല. ഒരു കോളേജില്‍ അധ്യാപകനാവുക എന്നതായിരുന്നു മനസ്സിലെ നിഗൂഢമായ ആഗ്രഹം. ധാരാളം ഒഴിവുദിവസങ്ങള്‍. നീണ്ട വെക്കേഷന്‍. എല്ലാറ്റിലുമുപരി വലിയ ലൈബ്രറി. അതിനു വേണ്ട ഒരു മാസ്റ്റര്‍ ഡിഗ്രിക്കു പഠിക്കാന്‍ ഒരിക്കലും എനിക്ക് അവസരമുണ്ടാവില്ല. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ ഉന്നതശ്രേണികളില്‍ എത്തിപ്പെടില്ല എന്നറിയാമായിരുന്നതുകൊണ്ട് വായനയുടെ ലോകത്തിലേക്ക് കൂടുതലായി കടന്നുചെന്നു. പുസ്തകങ്ങള്‍ എനിക്ക് ആശ്രയവും ആശ്വാസവുമായി മാറി. പുതിയ അര്‍ഥതലങ്ങള്‍ കാണുമ്പോള്‍, പുതിയ തിരിച്ചറിവുകള്‍ ഉണ്ടാവുമ്പോള്‍ ഞാന്‍ എന്തൊക്കെയോ നേടുന്നു എന്ന വിശ്വാസം വളര്‍ന്നു.

വാക്കുകളുടെ വിസ്മയം എന്നെ എഴുത്തിന്റെ ലോകത്തിലെത്തിച്ചു. കഥയെഴുത്തുകാരന്റെ ആരംഭവും ആദ്യകാലാനുഭവവുമെല്ലാം ഞാന്‍ മുന്‍പേ എഴുതിയതാണ്, പറഞ്ഞതുമാണ്. അതുകൊണ്ട് ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ല. എന്റെ ആനന്ദവും ആത്മവിശ്വാസവും, എന്നെക്കൊണ്ടും ഈ പ്രപഞ്ചത്തിന് ചെറിയ ഒരു പ്രയോജനമുണ്ട് എന്ന തോന്നലും എല്ലാം എനിക്കു സ്വായത്തമായ വാക്കുകളെ ആശ്രയിച്ചിരിക്കുന്നു. വിസ്മയം മുഴുവന്‍ ആവാഹിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. കഴിയുമെന്നും തോന്നുന്നില്ല. ലോകത്തില്‍ പല ഭാഷകളില്‍, പല കാലത്ത് എഴുതപ്പെട്ട മഹത്തായ കൃതികള്‍ വായിച്ചതുകൊണ്ട് എന്റെ പരിമിതികള്‍ ഞാന്‍ മനസ്സിലാക്കുന്നു.

സാഹിത്യത്തിലെ സജീവതാത്പര്യംകൊണ്ടാണ് പത്രപ്രവര്‍ത്തനരംഗത്തെ ഒരു ജോലിക്കു വേണ്ടി ശ്രമിക്കാന്‍ നിശ്ചയിച്ചത്. സാഹിത്യാഭിരുചിയുള്ള, ബിരുദധാരിയായ ഒരു ചെറുപ്പക്കാരനെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് 1957-ല്‍ ഞാന്‍ മാതൃഭൂമിയില്‍ ഒരു സബ് എഡിറ്റര്‍ ട്രെയിനിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു. കുറച്ചു കഥകള്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ എനിക്കൊരു സമ്മാനവും കിട്ടിയിരുന്നു. പാലക്കാട് എം.ബി. ട്യൂട്ടോറിയലില്‍ പഠിപ്പിച്ച് നിത്യച്ചെലവിനുള്ള വരുമാനം കഷ്ടിച്ചു നേടിയിരുന്ന കാലം. ഇന്റര്‍വ്യൂവിനു വിളിച്ചു. കോഴിക്കോട്ട് രാവിലെ വണ്ടിയിറങ്ങി ഞാന്‍ മാതൃഭൂമി ആപ്പീസിലെത്തി. ശ്രീ. കെ.പി. കേശവമേനോനാണ് എന്നെ ഇന്റര്‍വ്യൂ ചെയ്തത്.
'എന്‍.വി. കൃഷ്ണവാരിയരാണ് ആഴ്ചപ്പതിപ്പ് നോക്കുന്നത്. അദ്ദേഹം തിരക്കുള്ള ആളാണ്. ധാരാളം യാത്ര ചെയ്യേണ്ടിവരും. കൃഷ്ണവാരിയര്‍ ഇല്ലാത്തപ്പോള്‍ ആഴ്ചപ്പതിപ്പിന്റെ കാര്യങ്ങള്‍ നോക്കാമെന്ന് തോന്നുന്നുണ്ടോ?' കേശവമേനോന്‍ ചോദിച്ചു.

ശ്രമിക്കാമെന്ന് മറുപടി പറഞ്ഞു. ഹ്രസ്വമായ കൂടിക്കാഴ്ച. വിവരമറിയിക്കാമെന്നു പറഞ്ഞപ്പോള്‍ ഞാനെഴുന്നേറ്റു. വാതില്‍ക്കലെത്തിയപ്പോള്‍ എന്നെ തിരിച്ചുവിളിച്ചു. അദ്ദേഹത്തിന് അന്ന് കാഴ്ചയുണ്ടായിരുന്നു. പിന്നീടാണ് കാഴ്ച നഷ്ടപ്പെട്ടത്.
'ഉദ്യോഗക്കാര്യം ഉറപ്പു പറയുന്നില്ല. പക്ഷേ, നിയമനം കിട്ടിയാല്‍ ഇങ്ങനെയൊന്നും പോരാ. വൃത്തിയായി വസ്ത്രധാരണം ചെയ്തു വരണം. ഇപ്പോഴത്തെ ചെറുപ്പക്കാര്-ഉം.'
അദ്ദേഹം ആ വാചകം മുഴുമിച്ചില്ല.

വെളുപ്പിനുള്ള വണ്ടിക്ക് കയറി പാലക്കാട്ടുനിന്ന് വന്നെത്തിയ എന്റെ വേഷം വളരെ അരോചകമായി അദ്ദേഹത്തിനു തോന്നിയതില്‍ അദ്ഭുതമില്ല. നിയമിച്ചതായുള്ള കമ്പി ഒരാഴ്ചയ്ക്കുള്ളില്‍ വന്നു.
പത്രമാപ്പീസിലെ ലോകം. പുസ്തകങ്ങളുടെയും സാഹിത്യത്തിന്റെയും സാന്നിധ്യം. മേലധികാരിയായി അറിവിനുവേണ്ടി എന്നും അന്വേഷണം നടത്തുന്ന ശ്രീ. എന്‍.വി. കൃഷ്ണവാരിയര്‍. അങ്ങനെ കോളേജധ്യാപകനാവാന്‍ ആഗ്രഹിച്ച എനിക്ക് ഈ പുതിയ ലോകവുമായി ഇണങ്ങിച്ചേരാന്‍ ഒട്ടും പ്രയാസമുണ്ടായില്ല.

സാഹിത്യവുമായി ബന്ധപ്പെട്ട പത്രപ്രവര്‍ത്തനമാണ് ഞാന്‍ അനേകവര്‍ഷങ്ങള്‍ ചെയ്തത്. ധാരാളം പരാതികളും ശാപങ്ങളും ഏല്ക്കേണ്ടിവരുന്ന തൊഴിലാണിത്. വിരസമായ കൈയെഴുത്തുപ്രതികള്‍ നിത്യവും ഒരുപാടു വായിച്ചുതീര്‍ക്കണം. പക്ഷേ, അതിനിടയ്ക്ക് വല്ലപ്പോഴും ഒരു പ്രകാശനാളംപോലെ ഒരു നല്ല കഥ, ഒരു നല്ല കവിത, ഒരു നല്ല നോവല്‍ പ്രത്യക്ഷപ്പെടുന്നു. എല്ലാ വിരസതയും അപ്പോള്‍ മാഞ്ഞുപോകുന്നു. വൈകുന്നേരം കോഴിക്കോട്ടെ സാഹിത്യസുഹൃത്തുക്കളെ കാണുമ്പോള്‍ പറയും: 'പുതിയ ഒരാളുടെ ഒരു സാധനം വായിച്ചു. അസ്സല്!'
അന്ന് അങ്ങനെ എഴുതിത്തുടങ്ങിയവര്‍ പലരും ഇപ്പോള്‍ മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരാണ്. അവരെ ഞാന്‍ കണ്ടെത്തിയതല്ല. അവരവിടെ ഉണ്ടായിരുന്നു. ഏതെങ്കിലും പത്രപംക്തികളിലൂടെ അവര്‍ വരാതിരിക്കില്ല. ഒരു നിമിത്തംപോലെ, അവര്‍ക്കും വായനക്കാര്‍ക്കുമിടയില്‍ നില്ക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി എന്നതാണ് സത്യം.

സാഹിത്യത്തിന്റെ ഒരു ചെറിയ പിന്‍ബലം മാത്രം വെച്ചുകൊണ്ടാണ് ഞാന്‍ പില്‍ക്കാലത്ത് ധാരാളം പ്രവര്‍ത്തിച്ച ചലച്ചിത്രരംഗത്തേക്കു കടന്നുചെന്നത്. സാഹിത്യം അതിന്റെ ഘടകങ്ങളില്‍ ഒന്നു മാത്രമാണെന്ന് വ്യക്തമാവുകയും ചെയ്തു. ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും പ്രായം കുറഞ്ഞ കല. പല കലകളുടെയും അന്തര്‍ധാരകള്‍ സ്വീകരിച്ച് രൂപംകൊണ്ട സങ്കീര്‍ണമായ ഈ കലയില്‍, എഴുതുന്ന വാക്കിന്, അഥവാ പറയുന്ന വാക്കിന് എന്തു സംഭാവന ചെയ്യാനാവും? അതായിരുന്നു എന്റെ അന്വേഷണം.

ഈ മാധ്യമത്തില്‍ മഹാകവികളെന്നു വിശേഷിപ്പിക്കാവുന്നവര്‍ പലരുമുണ്ടായിട്ടുണ്ട്. ഐസന്‍സ്റ്റീന്‍, ഗ്രിഫിത്ത്, ബുനുവല്‍, ബെര്‍ഗ്മന്‍, കുറസോവ, ഫെല്ലിനി, അന്‍ടോണിയോനി, സത്യജിത് റേ തുടങ്ങിയവര്‍. അവരുടെ മഹത്തായ സൃഷ്ടികളുമായി തുലനം ചെയ്തു നോക്കുമ്പോള്‍ നാം നേടിയത് എത്ര നിസ്സാരമാണ് എന്ന് നമുക്കു ബോധ്യമാവും. ആ മഹാപ്രതിഭകളുടെ ലോകങ്ങളുമായി പരിചയപ്പെടാനും ഈ ആധുനിക കലാരൂപത്തിന്റെ വിചിത്രസാധ്യതകളെപ്പറ്റി ഒരു സാമാന്യധാരണയുണ്ടാവാനും കഴിഞ്ഞുവെന്നതുതന്നെ ചാരിതാര്‍ഥ്യത്തിനു വക നല്കുന്നു.

അറിവ് അവസാനിക്കാത്ത അദ്ഭുതമാണ്; ശക്തിയും സ്വാതന്ത്ര്യവുമാണ്. അതിന്റെ അതിരുകള്‍ ചക്രവാളംപോലെ എന്നും അകലെയകലെയാണ്. അപ്രാപ്യമെന്ന് അറിയുമെങ്കിലും അതിന്റെ നേര്‍ക്കു സഞ്ചരിക്കുമ്പോള്‍ സാഹസികത നിറഞ്ഞ ഒരു തീര്‍ഥാടനത്തിന്റെ സാഫല്യം അനുഭവപ്പെടുന്നു.
വാക്കുകളുടെ വിസ്മയത്തിനു മുന്‍പില്‍ ആരാധനയോടെ നില്ക്കാന്‍ എന്നെ പ്രേരിപ്പിച്ച ഭൂതകാലത്തിന്റെ അകലത്തെ ആ നിമിഷത്തിനു ഞാന്‍ നന്ദി പറയുന്നു. ഇന്ന് ഈ മഹാസദസ്സിന്റെ മുന്‍പില്‍ ഈ അസുലഭവേളയില്‍ എന്നെ എത്തിച്ച യാത്ര അവിടെനിന്നാണല്ലോ ആരംഭിക്കുന്നത്.
നേടിയ അറിവുകളുടെ പേരിലല്ല, നേടാനിരിക്കുന്നവയെ ആരാധനാപൂര്‍വം എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരുവന്റെ ആത്മാര്‍ഥമായ ഉത്കണ്ഠയ്ക്കുള്ള അംഗീകാരമായി ഞാനീ ബഹുമതി വിനയാന്വിതനായി, നമ്രശിരസ്‌കനായി സ്വീകരിക്കുന്നു.
മഹാജനങ്ങളേ, സുഹൃത്തുക്കളേ, സഹപ്രവര്‍ത്തകരേ നിങ്ങള്‍ക്ക് നന്ദി. എല്ലാവര്‍ക്കും നന്ദി.

കാലിക്കറ്റ് സര്‍വകലാശാലാ
ഡി.ലിറ്റ്. സ്വീകാരപ്രഭാഷണം.
തേഞ്ഞിപ്പലം: 22 ജൂണ്‍ 1996.

Content Highlights: M.T Vasudevan Nair, Vakkukalude Vismayam, M.N Karassery, Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Debashis

9 min

'എന്തിനാണ് സ്‌കൂള്‍ വിടുന്നത്? വിദ്യാര്‍ത്ഥികള്‍ ഗണ്യമായ ഹൃദയവേദനയോടെയാണ് ചോദിച്ചത്'

Jun 5, 2023


Ramayanam

4 min

'തിരിച്ചയച്ചാനുടനേ മൃഗപക്ഷിഗണങ്ങളെ'; വിരഹവും വീണ്ടെടുപ്പും കലര്‍ന്ന രാമായണത്തിലെ പ്രകൃതിദര്‍ശനം

Jun 5, 2023


N.A. Naseer

5 min

'കാട്ടിലാകുന്ന ഓരോ നിമിഷവും തുറന്ന മനസ്സോടെ കാടായിത്തീരുക'

Jun 5, 2023

Most Commented