-
പരിസ്ഥിതിയെക്കുറിച്ചും ധനകാര്യത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും വര്‍ത്തമാനകാലത്തെക്കുറിച്ചും എഴുതുകയും പ്രസംഗിക്കുകയും ചെയ്ത എം.പി വീരേന്ദ്രകുമാര്‍, തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ ഇനിയും മനുഷ്യനാവേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവ് മനസ്സുണര്‍ത്താന്‍ ഹേതുവായ സന്ദര്‍ഭത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. ആ മഹാമനീഷിയ്ക്ക് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ ''ആ ദു:ഖകഥ ആരും എഴുതിയിട്ടില്ല!'' എന്ന ലേഖനത്തിന്റെ ഒരു ഭാഗം വായിക്കാം.
എന്റെ അനുജത്തി രേണുകയുടെ വിവാഹം ആര്‍ഭാടമായി നടന്നത് 1965-ലായിരുന്നു- ഒരു ഞായറാഴ്ച. അന്നെനിക്ക് ഒരു മകനുണ്ടായിരുന്നു. അവന് ഒരുവയസ്സ് തികഞ്ഞിരുന്നു. ആരു കണ്ടാലും അവനെയെടുത്ത് ഓമനിക്കും; ചുംബിക്കും. ഞാന്‍ ഏത് അസമയത്ത് കയറിച്ചെന്നാലും അവനെന്റെ ശബ്ദം കേട്ടാല്‍, നെഞ്ചിലേക്കിഴഞ്ഞുകയറി ഒരൊറ്റ കിടപ്പാണ്. അവന് ഞാനെന്റെ അച്ഛന്റെ പേരാണ് നല്ലിയത്. പത്മപ്രഭ!
അനുജത്തിയുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റത്തെ ഞായറാഴ്ച, അവന് തികച്ചും ആകസ്മികമായി മരണപ്പെട്ടു. 1965-ലെ പൊതുതിരഞ്ഞെടുപ്പുകാലമായിരുന്നു. എന്റെ കുഞ്ഞിന്റെ ശവസംസ്കാരം കഴിഞ്ഞ ഉടനെ പാര്‍ട്ടിയുടെ കൊടി കെട്ടിയ കാറുമായി ഞാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി, എന്റെ ദുഃഖപരവശയായ ഭാര്യയെ ഒറ്റയ്ക്ക് കരയാന്‍ വിട്ടിട്ട്. ഞാനക്കാലത്ത് ഒരു രാഷ്ട്രീയമൃഗമായിരുന്നു. ദിവസങ്ങള്‍ ഏറെക്കഴിഞ്ഞു. എന്റെ ഭാര്യ എന്നോട് ഒരു പരാതിയും പറഞ്ഞില്ല.
1975-ല്‍ അടിയന്തരാവസ്ഥ എന്ന കരിംഭൂതം നാട്ടിലിറങ്ങി നടക്കാന്‍ തുടങ്ങി. അത് എന്നെയും പിടികൂടി. ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നാളുകള്‍. സ്വാതന്ത്ര്യത്തിന്റെ വില എത്രമാത്രം വലുതാണെന്ന് അത് നഷ്ടപ്പെട്ടപ്പോഴാണറിഞ്ഞത്. മനസ്സ് സഞ്ചരിക്കുന്നിടത്തേക്ക് ശരീരത്തിനെത്തിച്ചേരാന് പറ്റാത്ത അവസ്ഥ. ജയിലിന്റെ കനത്ത മതില്‍ക്കെട്ടിനകത്ത് അധികാരികള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം മാത്രം. ഡോസ്റ്റോവ്സ്കിയുടെ സമ്പൂര്‍ണകൃതികള്‍ ഞാനവിടെവെച്ചാണ് ശ്വാസംമുട്ടലോടെ വായിച്ചുതീര്‍ത്തത്. കൂടാതെ ഒട്ടേറെ വിശ്വസാഹിത്യ ക്ലാസിക്കുകള്‍ എനിക്ക് വായിക്കാന്‍ സാധിച്ചുവെങ്കിലും, എന്തുകൊണ്ടും മുന്‍പന്തിയില്‍ നിന്നിരുന്നത് ഡോസ്റ്റോവ്സ്കിയായിരുന്നു. സ്വാതന്ത്ര്യവാഞ്ഛയുടെയും ആത്മവേദനകളുടെയും അനശ്വരകാഥികനാണല്ലോ, ഈ മഹാനായ സാഹിത്യകാരന്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുതന്നെ വരാം. ജയിലില്‍ കണ്ട മുഖങ്ങള്‍ വീണ്ടും വീണ്ടും കാണുന്നു. ഒരിക്കല്‍ പറഞ്ഞതുമാത്രമേ പിന്നെയും പിന്നെയും പറയാനും കേള്ക്കാനുമുണ്ടായിരുന്നുള്ളൂ. പല ജയിലുകളിലും 'മൂന്നാം മുറകള്‍' അരങ്ങേറുന്ന വിവരം കിട്ടിക്കൊണ്ടിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരേ സംസാരിച്ചവരെയെല്ലാം ജയിലിലടച്ച് പീഡിപ്പിച്ചുകൊണ്ടിരുന്നു. അകത്തും പുറത്തും ഭീകരതയുടെ തേര്‍വാഴ്ച. 'നാവടക്കു, പണിയെടുക്കൂ' എന്ന മുദ്രാവാക്യത്തിന്റെ അലയൊലി നാടെങ്ങും കേട്ടുകൊണ്ടിരുന്നു. എന്തുകൊണ്ടും ദുര്‍ദശയുടെ കാലം. സ്വേച്ഛാധികാരത്തിന്റെ ഉരുക്കുദണ്ഡ് ഉപയോഗിച്ച് എണ്പത്തിയെട്ടുകോടി ജനങ്ങളെ അടക്കിഭരിക്കാമെന്ന ധാര്‍ഷ്ട്യം. ഒരിക്കല്‍ കൈവന്ന സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോവുകയോ? ഇത്തരം സന്ദര്‍ഭങ്ങളിലാണ് ലോക ക്ലാസിക്കുകള്‍, സുഹൃത്തുക്കളും ആത്മസംവേദികളുമായി മാറുന്നത്.
ഞാന്‍ എന്റെ ഭാര്യയെക്കുറിച്ചോര്ത്ത ദിനങ്ങള്‍ അധികവും ജയിലില്‍വെച്ചായിരുന്നു. എന്റെ കുഞ്ഞ് മരിച്ചപ്പോള്‍ ഞാനവളില്‍ എന്റെ ഭാര്യയെ മാത്രമേ കണ്ടുള്ളു. പുത്രവിയോഗംകൊണ്ട് ദീനയായി കേഴുന്ന അവളിലെ അമ്മയെ കാണാന്‍ അന്നെനിക്ക് സാധിച്ചില്ല. ഞാനവളുടെ കൂടെ ദുഃഖം പങ്കിടേണ്ടവനായിരുന്നു. അവളെ സമാശ്വസിപ്പിച്ച് കവിളിലൂടെ ധാരധാരയായി ഒഴുകുന്ന ചുടുകണ്ണുനീര്‍ തുടയ്ക്കേണ്ടവനായിരുന്നു. ഒന്നും നടന്നില്ല. എന്നിലെ രാഷ്ട്രീയഭ്രാന്തന് ചങ്ങലപൊട്ടിച്ച് മുന്നോട്ടുകുതിക്കുകയായിരുന്നു.
ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളിലും മുദ്രാവാക്യങ്ങളിലും ഉപരിപ്ലവമായി അനുഭവപ്പെടുന്ന വികാരാവേശങ്ങളാണ് ജീവിതമെന്ന ധാരണയ്ക്ക് മാറ്റംവന്നത് പിന്നീടാണ്. അവളോട് ഉള്ളഴിഞ്ഞ് പ്രായശ്ചിത്തം ചെയ്യണമെന്ന അദമ്യമായ ഒരന്തര്‍ദാഹം എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. കാലം പിന്നേയും കഴിഞ്ഞു.
ഞാനും എന്റെ ഭാര്യ ഉഷയും ഇന്നത്തെ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അദ്ദേഹത്തിന്റ ഭാര്യ ഹേമലതയും ഒരു വിദേശപര്യടനത്തിനിടയില്‍, ഒരുനാള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ 'ലോസോണ്‍' എന്ന തടാകക്കരയിലെത്തി. ഈ തടാകം ലോകപ്രസിദ്ധമാണ്. നല്ല നിലാവുള്ള രാത്രി. പൂര്ണചന്ദ്രന് ആകാശത്തില്‍ തെളിഞ്ഞുനില്ക്കുന്നു. ഉദിച്ചുയരുന്ന - പൂര്ണചന്ദ്രനെയും അസ്തമയത്തില്‍ മറയാന്‍ പോകുന്ന സൂര്യബിംബത്തെയും എത്രതവണ നോക്കിനിന്നാലും മതിവരുകയില്ലല്ലോ. സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളെക്കുറിച്ച് ഒരു ഭാരതീയ മഹാകവി പ്രകീര്‍ത്തിച്ചത് എന്റെ മനസ്സിലേക്ക് ഓടിയെത്തി.
ഞങ്ങളൊരു ലക്ഷ്വറി ടൂറിസ്റ്റ് ബോട്ടില്‍ കയറി. ലോസോണ്‍ തടാകത്തിലൂടെയുള്ള കന്നിയാത്ര. ഞാന്‍ ഉഷയോടൊപ്പം ബോട്ടിന്റെ ഏറ്റവും മുകളിലത്തെ തട്ടില്‍ കയറിനിന്നു.
ഞാന്‍ ഉഷയോട് പറഞ്ഞു: ''ഈ രാത്രി വളരെ ആനന്ദപ്രദമായി തോന്നുന്നില്ലേ? എന്തൊരഭൗമമായ കാഴ്ച!'' ഒരു ഭാഗത്ത് ആല്‍പ്സ് പര്‍വതം. നിലാവൊളിയില്‍ മൂടിനില്ക്കുന്ന ആല്‍പ്സ് പര്‍വതത്തില്‍ മഞ്ഞുരുകിയിരുന്നു. മഞ്ഞിന്റെയും നിലാവിന്റെയും ധവളിമ ആത്മാവിനെ കോരിത്തരിപ്പിച്ചു. കാലത്തിന്റെ നീണ്ട യാത്രയില്‍, ചുറ്റിലും വന്ന മാറ്റങ്ങള്‍ക്കൊക്കെ നിതാന്ത സാക്ഷിയായി വര്‍ത്തിക്കുന്ന പര്വതരാജന്. വെള്ളിനീരാളംകൊണ്ട് മൂടുപടമിട്ട കൊടുമുടി. ഞാനെന്റെ പ്രേയസിയുടെ ചെകിട്ടിലോതി:
''ഈ രാത്രി എന്റെതും നിന്റെതുമാക്കണം.'' ഞാനവളെ അടുപ്പിച്ചുനിര്‍ത്തി: ''ഒരുപക്ഷേ, നമ്മള്‍ക്കുവേണ്ടി കാത്തുവെച്ചതാവാം ഈ അനര്‍ഘനിമിഷം, ഈ രാത്രി.''
അവള് എന്നെത്തന്നെ നിര്‍ന്നിമേഷയായി നോക്കി. അവളുടെ കണ്ണുകളില്‍ ഒരു പ്രകാശബിന്ദുവിന്റ തിളക്കം. ചുറ്റിലും നിറഞ്ഞുതുളുമ്പിയിരുന്ന സൗന്ദര്യത്തിന്റെ സ്വര്ഗഭൂമിയിലും കണ്ണുനീര്‍ത്തുള്ളികളോ? അവളില്‍, ആത്മാവിനെ കരണ്ടുതിന്നുന്ന നീറിപ്പിടിക്കുന്ന ദുഃഖമുണ്ടെന്ന വസ്തുത എനിക്കറിഞ്ഞുകൂടായിരുന്നു.
''എല്ലാം തുറന്നുപറയുന്ന താങ്കള്‍, നമ്മുടെ പ്രിയപ്പെട്ട ഓമനമകന് മരിച്ചതിന്റെ പിറ്റേന്ന്, ആ ദുഃഖം അല്പമെങ്കിലുമൊന്ന് ശമിക്കുന്നതിനു മുമ്പുതന്നെ കാറില്‍ കൊടിയും കെട്ടി പ്രസംഗിക്കാന്‍ പോയവനല്ലേ? നിങ്ങളറിയുമോ, നിങ്ങളുടെ മാറില്‍ തലവെച്ച് കരഞ്ഞ് എല്ലാം മറക്കണമെന്നുതോന്നിയ വേദനയുടെ നാളുകളില്‍ ഞാന്‍ തനിച്ചായിരുന്നു... നിങ്ങളെന്നില്‍ ഭാര്യയെ മാത്രമേ കണ്ടുള്ളു. അമ്മയെ കാണാന്‍ മറന്നു. ഇനി എന്ത് സൗന്ദര്യം? ഏത് സൗന്ദര്യം? ഞാനെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്...'' അതുപോലെ മുന്‍പൊരിക്കലും അവള് സംസാരിച്ചിട്ടില്ല. മൗനത്തിന്റെ വെണ്‍കൊറ്റക്കുട ചൂടിനില്‍ക്കുന്ന ആല്പ്സും ശാന്തമായ തടാകവും ഉദിച്ചുയര്‍ന്ന ചന്ദ്രനും പൂനിലാവും മനസ്സിന് ശാന്തിപകരുമോ?
ഹൃദയവേദനകളെയും മനസ്സില്‍ സംഘര്‍ഷം വിതയ്ക്കുന്ന വിവിധ വികാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരില്നിന്ന് സൗന്ദര്യബോധത്തിന്റെ ഉറവകള്‍ നിര്ഗളിക്കുമോ? സൗന്ദര്യം ആത്മസൃഷ്ടിയാണ്. ഞാന്‍ എന്തൊക്കെയോ ഓര്‍ത്തുപോയി. മൂകനായിപ്പോയ ഞാന്‍ ചിന്തിച്ചു: മകന്റെ മരണം ഒരമ്മയ്ക്ക് താങ്ങാനാവില്ല. ആ ദുഃഖം സീമാതീതമാണ്. സുഖത്തിന് മാത്രമേ അതിരുകളുള്ളൂ. ഞാന്‍ തുറന്നുപറയട്ടെ- അന്നുമുതലാണ് എന്നിലെ ക്രൂരനായ രാഷ്ട്രീയക്കാരന് മനുഷ്യനാവാന്‍ ശ്രമിച്ചത്. അങ്ങനെ എന്നില്‍ ഒരച്ഛനും ഭര്‍ത്താവും സഹോദരനും രാഷ്ട്രീയക്കാരനുമുണ്ടെന്ന തിരിച്ചറിവുണ്ടായി. പല പല ഭാവങ്ങളും മുഖങ്ങളും ഓരോ വ്യക്തിയിലും അന്തര്‍ലീനമായിട്ടുണ്ടെന്ന സത്യം സ്വാനുഭവത്തില്‍നിന്ന് പഠിക്കാനിടവന്നു.
അദ്വൈതവും അനേകാന്തവാദവും പരസ്പരപൂരകങ്ങളാണെന്ന ദാര്‍ശനികമായ കാഴ്ചപ്പാടും എന്നില്‍ ഉരുത്തിരിയാനിടയായി. ഞാന്‍ മാറുകയായിരുന്നു. മനസ്സിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലായി ഞാന്‍. ഏകാന്തതയിലും ധ്യാനത്തിലും അദ്വൈതിയും ജീവിതത്തിന്റെ കുരുക്ഷേത്രത്തില്‍ അനേകാന്തവാദിയുമാകുന്നവനാണ് മനുഷ്യനെന്ന് എനിക്ക് തോന്നിത്തുടങ്ങി.
Content Highlights: MP Veerendrakumar Writes About personal experiences
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..