കുട്ടികളുണ്ടാകുന്നത് നഷ്ടക്കച്ചവടമല്ല,ഓട്ടക്കലത്തില്‍ കഞ്ഞിവെക്കുന്ന പരിപാടി | ഉരുളയ്ക്ക് ഉപ്പേരി


By എം.പി നാരായണപ്പിള്ള

8 min read
Read later
Print
Share

പ്രതീകാത്മക ചിത്രം/ ഫോട്ടോ: മധുരാജ്

സാഹിത്യകാരന്‍ എം.പി. നാരായണപ്പിള്ള വര്‍ഷങ്ങളോളം കലാകൗമുദിയില്‍ എഴുതിയ പംക്തിയാണ് ഉരുളയ്ക്ക് ഉപ്പേരി. സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങള്‍, കക്ഷിരാഷ്ട്രീയം, കല, സാഹിത്യം, മതം, ചരിത്രം, കുടുംബബന്ധങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രസകരമായ ചോദ്യങ്ങള്‍ക്ക് അതിലും രസകരമായ ഉത്തരം നല്‍കിക്കൊണ്ടാണ് നാരായണപ്പിള്ള പംക്തിയെ വ്യത്യസ്തമാക്കിയത്. ഉരുളയ്ക്ക് ഉപ്പേരിയുടെ മാതൃഭൂമി പതിപ്പ് പ്രസിദ്ധീകൃതമായിരിക്കുന്നു. കുട്ടികള്‍, കുടുംബം, സമൂഹം, സ്വാര്‍ഥത, മാതാ-പിതാബന്ധം തുടങ്ങിയ വിഷയങ്ങളെ നാരായണപ്പിള്ള കൈകാര്യം ചെയ്തവിധം ചോദ്യോത്തരങ്ങളായി അവതരിപ്പിച്ചത് വായിക്കാം.

കുട്ടികളില്ലാത്തവര്‍
? കുട്ടികള്‍ ഉണ്ടാകാത്തത് ദൈവവിധി എന്നു വിശ്വസിക്കുന്നവരെ ഷണ്ഡന്മാരെന്നു വിളിക്കുന്നത് ശരിയാണോ?
-മമ്മൂഞ്ഞി ഹാജി, മുംബൈ.
തെറ്റാണ്. ബ്രഹ്‌മചാരികളെന്ന് വിളിക്കാം. അല്ലെങ്കില്‍ ഭാഗ്യവാന്മാരെന്നു വിളിക്കാം. ഞാന്‍ ഇഷ്ടപ്പെടുന്നത് ഭാഗ്യവാന്മാര്‍ എന്നു വിളിക്കാനാണ്.
മക്കളുടെ മേല്‍ മോഹം പാടില്ല.

? എനിക്കൊരു കുഞ്ഞു ജനിക്കാന്‍ പോകുന്നു. ആണായാലും പെണ്ണായാലും കുട്ടിയെ വളര്‍ത്തി വലുതാക്കി ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു ജേണലിസ്റ്റാക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്താണ് ചെയ്യേണ്ടത്?
- മിസ്സിസ് സേതു പി. മച്ചായത്ത്.
കുട്ടികളുടെ പുറത്ത് ഇത്തരം മോഹങ്ങളൊന്നും പാടില്ല. ഒരു നായക്കുട്ടിയാണെങ്കില്‍ പരിശീലിപ്പിച്ച് പോലീസ് നായയോ സര്‍ക്കസ് നായയോ ആക്കാന്‍ പറ്റും. എന്നാല്‍ മനുഷ്യക്കുട്ടികള്‍ പ്രായമാകുന്തോറും സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളും അഭിപ്രായങ്ങളും ഉള്ള പൗരന്മാരായി മാറും. ഇതിനെ സ്വാധീനിക്കാന്‍ കഴിയുമെന്നത് അച്ഛനമ്മമാരുടെ തെറ്റിദ്ധാരണയാണ്.
മുജ്ജന്മത്തെ ശത്രു ഈ ജന്മത്തെ പുത്രന്‍

? ഭ്രൂണമായ് അമ്മതന്‍ പ്രാണഞരമ്പുകളില്‍ പടര്‍ന്നുപിടിക്കുന്ന ജീവന്റെ തുടിപ്പുകളെ പറിച്ചെറിയുന്നതു പാപമാണെന്നൊരു പക്ഷം. എണ്ണിച്ചുട്ട അപ്പംപോലെ ലഭിക്കുന്ന വേതനംകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബദ്ധപ്പെടുമ്പോള്‍, ഓര്‍ക്കാപ്പുറത്തൊരു അഡീഷണല്‍ കുഞ്ഞു കൂടി ജനിക്കാന്‍ സാദ്ധ്യതയുണ്ടെന്നു കണ്ടാല്‍, വേണ്ടെന്നു തീരുമാനിക്കുന്നെങ്കില്‍ അത്രത മഹാപാപമല്ലെന്ന് മറ്റൊരു പക്ഷം. ചേട്ടന്റെ അഭിപ്രായം എന്താണ്?
-മാമ്പുഴ ജോര്‍ജ്ജ് സേവ്യര്‍, കാഞ്ചൂര്‍ ഈസ്റ്റ്.
ശരിക്കാലോചിച്ചാല്‍ കുഞ്ഞുങ്ങളില്ലാതിരിക്കുന്നതല്ലേ ബുദ്ധി? ഇതു മനസ്സിലാക്കിയാണ് മുജ്ജന്മത്തെ ശത്രുക്കള്‍ ഈ ജന്മത്ത് മക്കളായി ജനിക്കുന്നു എന്ന് ഞാന്‍ പറയുന്നത്.

എം.പി നാരായണപ്പിള്ള

മക്കളുടെ ഗുണദോഷവും അച്ഛനമ്മമാരും
? 'മഹാത്മാഗാന്ധിയുടെ മൂത്തമകന്‍ ഹരിലാല്‍ തേരാപാരയായി പോയതു മാതാപിതാക്കളുടെ പോരായ്മയായിരുന്നോ?' എന്ന താങ്കളുടെ മറുചോദ്യം കണ്ടു. രാജ്യം ചുറ്റി നടക്കുന്ന ഒരു നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനു വീടിനെയോ മക്കളെയോ നോക്കാനോ, പരിചരിക്കുവാനോ സമയമെവിടെ? സമൂഹത്തിലെ ഒരു നിസ്വാര്‍ത്ഥസേവകന് അഥവാ ആദര്‍ശശാലിക്ക് സ്വന്തം വീട്ടില്‍ ഒരു മാതൃകാഭര്‍ത്താവോ (ഭാര്യയോ) ഒരു നല്ല അച്ഛനോ (അമ്മയോ) ആവാന്‍ കഴിയില്ല. ഈ തത്ത്വത്തോടുള്ള താങ്കളുടെ പ്രതികരണം എങ്ങനെ?
-എം.എം. ശശി, കാന്തിവലി.
കുട്ടികള്‍ നന്നാവുന്നതിനും മോശമാകുന്നതിനും മാതാപിതാക്കള്‍ ഉത്തരവാദികളല്ല. ഒരു കുട്ടി നന്നായാല്‍ അത് അച്ഛനമ്മമാരുടെ കഴിവാണെന്നും, മറിച്ചാണെങ്കില്‍ അവരുടെ പോരായ്മയാണെന്നും ഉള്ള ധാരണ വെറും അന്ധവിശ്വാസമാണ്. ജീനുകളെപ്പറ്റി കഴിഞ്ഞ പത്തു പന്ത്രണ്ടു വര്‍ഷക്കാലത്തുണ്ടായ പുതിയ അറിവുകള്‍ അദ്ഭുതകരമായ പലതും നമ്മളെ മനസ്സിലാക്കിക്കുന്നു.
അച്ഛന്‍ വഴിയും അമ്മ വഴിയും പല തലമുറകളായി കിട്ടുന്ന ഗുണങ്ങളാണ് ഓരോ കുട്ടിയിലും പ്രവര്‍ത്തിക്കുന്നത്. ഈ ഗുണങ്ങള്‍ ഓരോ പ്രായത്തിലുമാണ് പുറത്തുവരുന്നത്. അച്ഛനുമമ്മയും നല്ല സ്വഭാവക്കാരായിരിക്കെ അസുരവിത്തുകള്‍ ജനിക്കാം. കാരണം അവരുടെ മുന്‍തലമുറയിലെവിടെയെങ്കിലുമുണ്ടായിരുന്ന അസുരഗുണം പുറത്തുവരുന്നതാകാം. വളരുന്ന അന്തരീക്ഷവും പഠിക്കുന്ന സ്‌കൂളുമൊക്കെ വളരെ ഉപരിപ്ലവമായി മാത്രമേ ഒരു കുട്ടിയെ സ്വാധീനിക്കുന്നുള്ളൂ. സ്വാധീനിച്ചാല്‍ത്തന്നെ ചുരുങ്ങിയ കാലയളവില്‍ മാത്രം. സമയം കിട്ടുമ്പോള്‍ കുട്ടിയുടെ ജനറ്റിക്‌സ് പുറത്തുവരും. ഈ സ്വഭാവവിശേഷങ്ങള്‍ അലക്കിയ കുപ്പായമിട്ട് മറയ്ക്കാന്‍ പറ്റുന്നതല്ല. ഓരോ സംഭവത്തിനോടുമുള്ള പലരുടെ പ്രതികരണം താരതമ്യം ചെയ്യാന്‍ നമ്മള്‍ പഠിച്ചാല്‍ മതിയാകും. ക്രിമിനല്‍ മനസ്സുള്ള കോടീശ്വരന്മാരുണ്ട്. മഹാത്മാക്കളെപ്പോലെ ചിന്തിക്കുന്ന പാവങ്ങളുണ്ട്. അതേസമയം സമൂഹത്തിന് പൊതുവായ ചില തെറ്റിദ്ധാരണകളുണ്ട്. ഒരു കുട്ടി കള്ളനോ കൊലപാതകിയോ ആയാല്‍ അച്ഛനമ്മമാരാണ് ഉത്തരവാദികളെന്ന് പറഞ്ഞുണ്ടാക്കുക. നന്നായിട്ടു പഠിച്ചാല്‍ അച്ഛനമ്മമാരുടെ ശ്രമം കൊണ്ടാണെന്നും പറയും. ഒരു മനുഷ്യജീവിയുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ പരിസരത്തിന് പറ്റും എന്ന പാവ്‌ലോവിയന്‍ ബയോളജി പോലുള്ള അസംബന്ധങ്ങള്‍ ഈ അന്ധവിശ്വാസത്തിന്റെ പുറത്തുണ്ടായി. നായകളെ ട്രെയിന്‍ ചെയ്യിക്കുന്നതുപോലെ മനുഷ്യക്കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാന്‍ പറ്റില്ല എന്നിപ്പോള്‍ ലോകത്തിന് ബോദ്ധ്യമായിരിക്കുന്നു.

മഹാത്മാഗാന്ധിയുടെ ജീവചരിതം ശ്രദ്ധിച്ചുപഠിച്ചാല്‍ മൂത്ത മകന്റെ കാര്യത്തില്‍ അദ്ദേഹം വേണ്ടത്ര താത്പര്യമെടുത്തു എന്ന് നമുക്കു മനസ്സിലാകും. അയാള്‍ തേരാപാരയാകാന്‍ കാരണം ഗാന്ധിജിയോ കസ്തൂര്‍ബ ഗാന്ധിയോ ആയിരുന്നില്ല, തലയിലെഴുത്ത് അല്ലെങ്കില്‍ 'ജീന്‍്' എന്നു കരുതിയാല്‍ മതി.
നിസ്വാര്‍ത്ഥസേവനം മാത്രമല്ല, ഗൗരവമായിട്ടുള്ള എന്തെങ്കിലും കാര്യം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു മനുഷ്യനും ഒരു 'മാതൃകാ' കുടുംബാംഗമാകാന്‍ പറ്റില്ല. കാരണം, കുടുംബം അയാളുടെ/അവളുടെ പുറത്ത് വലിയ ഡിമാന്റുകള്‍ നിറവേറ്റാന്‍ നിന്നാല്‍ ചെയ്യാനിറങ്ങിത്തിരിച്ചതൊന്നും ശരിയായി ചെയ്യാന്‍ പറ്റില്ല. പകരം, കുടുംബം ഒരു വ്യക്തിക്ക് സുരക്ഷിതത്വവും ഏകാന്തതയില്‍നിന്ന് മോചനവും കൊടുക്കുന്നു. ഈ സുഖവും കൂടി വേണ്ടെന്നു വെക്കാന്‍ ആ വ്യക്തി തയ്യാറാകണം. ഇതുകൊണ്ടാണ് പല മതങ്ങളും തങ്ങളുടെ പുരോഹിതന്മാരും സന്ന്യാസിമാരും കുടുംബമില്ലാത്തവരായിരിക്കണമെന്ന നിബന്ധന മുന്നോട്ടു വെച്ചിട്ടുള്ളത്. നിസ്വാര്‍ത്ഥസേവനത്തിനിറങ്ങുന്നവര്‍ കുടുംബം വേണ്ടെന്ന് വെക്കുകയല്ലേ ബുദ്ധി?

ഇന്നത്തെ കുടുംബം കാര്‍ഷിക സമ്പദ്വ്യവസ്ഥിതിയില്‍ നിന്നാണുദ്ഭവിച്ചത്. വ്യാവസായികയുഗത്തില്‍ കുടുംബങ്ങള്‍ ചെറുതായി. ന്യൂക്ലിയസ് കുടുംബം അല്ലെങ്കില്‍ സ്വാര്‍ത്ഥത മൂര്‍ത്തീകരിച്ച കുടുംബങ്ങളായി. ആ സ്വാര്‍ത്ഥതയുടെ ഒരു പ്രധാന ലക്ഷണമാണ് സ്വന്തം മക്കളെ എന്തു വിലകൊടുത്തും ഉന്നത സ്ഥാനത്തിലെത്തിക്കാനുള്ള വ്യഗ്രത. അനേകം അംഗങ്ങളുള്ള വലിയ കാര്‍ഷിക കുടുംബങ്ങളില്‍ സ്വാര്‍ത്ഥത ഇത്രയധികമുണ്ടായിരുന്നില്ല. സ്വന്തം മക്കളുടെ ഭാവി സംരക്ഷിക്കാനായി അമ്മയെയും അച്ഛനെയും ഓള്‍ഡ് ഏജ് ഹോമില്‍ ആക്കുന്ന ഇന്നത്തെ കുടുംബബന്ധങ്ങള്‍ പ്രോത്സാഹനമര്‍ഹിക്കുന്നുണ്ടോ? ഈ മാറ്റത്തെ മുന്‍കൂട്ടി കണ്ടുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും ഉള്ളതെല്ലാം ചെലവാക്കുന്ന വൈകാരികദൗര്‍ബല്യങ്ങളില്‍നിന്ന് മനുഷ്യര്‍ സ്വതന്ത്രരാകണം. മാതൃകാപിതാവും മാതൃകാമാതാവും തലകുത്തിനിന്ന് തപസ്സുചെയ്താലും കുട്ടികള്‍ വളരുന്നത് 'തലയിലെഴുത്ത്' അല്ലെങ്കില്‍ 'ജീനി'ന്റെ നിശ്ചയ മനുസരിച്ചായിരിക്കും. ഇതറിഞ്ഞിരുന്നെങ്കില്‍ തന്റെ മൂത്തമകനെ ഓര്‍ത്ത് മഹാത്മാഗാന്ധി ദുഃഖിക്കില്ലായിരുന്നു.

തലയിലെഴുത്തും ജീനും

? താങ്കള്‍ എഴുതി, കുട്ടികള്‍ വളരുന്നത് തലയിലെഴുത്ത് അല്ലെങ്കില്‍ ജീനിന്റെ നിശ്ചയമനുസരുച്ചായിരിക്കുമെന്ന്. ഇവയിലേതിനാണ് മുന്‍തൂക്കം?
-കെ.വി.ആര്‍.നായര്‍, കുര്‍ള.
മനുഷ്യന്റെ ഓരോ തന്മാത്രയിലും 44 ക്രോമസോമുകള്‍ ഉണ്ട് (അതോ നാല്‍പ്പത്താറോ?) ഓരോ ക്രോമസോമിലും ഒരു ലക്ഷത്തിലേറെ ജീനുണ്ട്. ഓരോ ക്രോമസോമിലുമുള്ള മൊത്തം ജീനില്‍ പകുതി അച്ഛന്റെ കൈയില്‍നിന്നും പകുതി അമ്മയുടെ കൈയില്‍നിന്നും കിട്ടുന്നു.

അച്ഛന്റെയും അമ്മയുടെയും ജീനോ? അവരുടെ മാതാപിതാക്കളില്‍നിന്നു വരുന്നു. അപ്പോള്‍ കുട്ടിയുടെ ജീനിന്റെ നാലിലൊന്ന് അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയുമാണ്. അവരുടെ ജീനും ഇക്കണക്കിനു വന്നതാണ്. അതായത് അപ്പൂപ്പന്റെയും അമ്മയുടെയുമാണ് മൊത്തം ജീനിന്റെ എട്ടിലൊന്ന്. ഇങ്ങനെ പുറകോട്ട് അനന്തമായ തലമുറകളിലെ സ്വാധീനത്തിലേക്ക് കഥപോകും. ഓരോ ജീനും വളര്‍ന്നു വരുമ്പോഴത്തെ സ്വഭാവങ്ങളുടെ മുന്‍കൂട്ടിയുള്ള നിശ്ചയം കോഡുഭാഷയില്‍ സൂക്ഷിച്ചിരിക്കുന്നു. മരുന്നുകമ്പനിക്കാരുടെയിടയ്ക്ക് വളരെ ആലോചനകള്‍ക്കിടയാക്കിയ ഒരു കണ്ടുപിടിത്തമാണ് ഒബേസിറ്റി അല്ലെങ്കില്‍ പൊണ്ണത്തടി ജീനാണ് സൃഷ്ടിക്കുന്നതെന്നത്. ഒരേ ആഹാരം കൊടുത്ത് ഒരുപോലെ വളര്‍ത്തിയ എലികളില്‍ ചിലതിന് പൊണ്ണത്തടി വന്നു. അവയെ പരിശോധിച്ചപ്പോള്‍ പൊണ്ണത്തടിക്ക് കാരണമായ ഒരു ജീനിനെ കണ്ടെത്തി. മനുഷ്യരിലും അതുപോലൊന്നിനെ കണ്ടെത്തി (മെലിയാനാഗ്രഹിക്കുന്ന പെണ്ണുങ്ങള്‍ ഇതു വായിച്ച് പഠിക്കുക).

?അനാവശ്യമായി തടിവെച്ചാല്‍ പല രോഗങ്ങളും വരുമെന്നല്ലേ അലോപ്പതിക്കാര്‍ പറയുന്നത്. ഹൃദ്രോഗം, പ്രമേഹം, വാതം, രക്തസമ്മര്‍ദ്ദം, ജലദോഷം, ചുമ തുടങ്ങി സകല രോഗങ്ങളും വണ്ണംവെക്കുന്നതുകൊണ്ടാണെന്നും ഏക ചികിത്സ തടി കുറയ്ക്കുകയാണെന്നും പറയുന്ന ഡോക്ടര്‍മാരെ കണ്ടിട്ടില്ലേ? ജീനാണ് കാരണമെങ്കില്‍ എന്തു ചെയ്താലും തടി കുറയില്ല. ഇതിനെ തലയിലെഴുത്തെന്ന് പറയാമോ?

താങ്കള്‍ കാശുവെച്ച് റമ്മി കളിച്ച് ശീലിച്ചയാളാണെങ്കില്‍ പറയില്ല. മോശമായ കൈ വന്നുകൊണ്ടിരുന്നാല്‍ നിരന്തരം സ്‌കൂട്ട് ചെയ്ത് ശാന്തമായിരിക്കണം. രണ്ടു നല്ല കൈ നേരം വെളുക്കുന്നതിനു മുമ്പ് വന്നാല്‍ മതി, സകല നഷ്ടവും തീരാന്‍. മറിച്ച് വാശിപിടിച്ച് കിട്ടുന്ന കൈ നല്ലതാണോ മോശമാണോ എന്നു നോക്കാതെ ആവേശത്തോടെ കളിച്ചുകൊണ്ടിരുന്നാലോ? പത്തുമണിയാകുമ്പോഴേക്കും വാച്ചഴിച്ച് കൊടുത്തിട്ട് ഇറങ്ങിപ്പോരേണ്ടിവരും. ഇല്ലേ? കിട്ടുന്ന കൈയ്ക്കനുസരിച്ച് പേടിക്കാനില്ല.

ജീന്‍ കാരണം ഒബേസിറ്റി അല്ലെങ്കില്‍ പൊണ്ണത്തടി എന്ന രോഗം വന്നാല്‍ കൈയില്‍ കിട്ടിയ പതിമൂന്ന് ചീട്ടായിട്ടതിനെ കണ്ടാലോ?
മുംബൈയിലോ ഡല്‍ഹിയിലോ കൊച്ചിയിലോ കോഴിക്കോട്ടോ ഏതെങ്കിലും ആപ്പീസില്‍ പേനയുന്തുന്ന ജോലിയാണ് ഉപജീവനമാര്‍ഗ്ഗമായി എടുക്കുന്നതെങ്കില്‍ പെന്‍ഷനാവുന്നതിന് വളരെ മുമ്പ് കിടപ്പിലാകും. മരണത്തിലൂടെ മോചനമാകാം. മറിച്ച് പത്തുപന്ത്രണ്ട് മണിക്കൂര്‍ ശരീരം കൊണ്ടദ്ധ്വാനിക്കുന്ന പണിയാണെങ്കിലോ? വീരാര്‍ ട്രെയിനില്‍ അഞ്ചു തവണ യാത്ര ചെയ്യേണ്ട പണിയാണെങ്കിലോ? ഒബേസിറ്റി ഗുണമായി മാറുന്നു. പൊണ്ണത്തടി കൊഴുപ്പ് റിസര്‍വ് ആക്കി ശരീരം സൂക്ഷിക്കുന്ന പണിയാണ്. ക്ഷാമകാലങ്ങളില്‍ ഈ റിസര്‍വ് ഉപയോഗിച്ച് പൊണ്ണത്തടിക്കാര്‍ ക്ഷാമത്തെ അതിജീവിക്കുന്നു.

സ്ലിം ബ്യൂട്ടികള്‍ ക്ഷാമകാലത്ത് മരിച്ചുപോകുന്നു. ഒബേസിറ്റി പ്രോത്സാഹിപ്പിക്കാന്‍ ജീനിലൂടെ കിട്ടിയ തലയിലെഴുത്തിന് സ്ഥലകാലഭേദമനുസരിച്ച് അര്‍ത്ഥമുണ്ട്. അദ്ധ്വാനശീലര്‍ക്ക് അമൃതും അദ്ധ്വാനിക്കാത്തവന് വിഷവുമാണ് പൊണ്ണത്തടി.

അതറിഞ്ഞ് ബുദ്ധിപൂര്‍വ്വം അവനവനെ മാറ്റുന്നതല്ലേ സാമര്‍ത്ഥ്യം. രോഗം ഒബേസിറ്റിയാണെങ്കില്‍ കമ്പനി എക്‌സിക്യൂട്ടീവ് തസ്തിക ഉപേക്ഷിച്ച് കൃഷിപ്പണിക്കു പോകാനുള്ള ധൈര്യമുണ്ടാകുമോ? ഇല്ല. ജീവിതനിലവാരം താഴെപോകുമെന്ന പേടിവരുന്നു. അത്രത പേടിക്കാനുള്ള കാര്യമാണോ?
സ്‌കോച്ചിന് പകരം കൊട്ടുവടിയടിച്ചാലും സുഖം ഒന്നുതന്നെയാണ്. ഇതൊക്കെ നിശ്ചയിക്കുന്ന നല്ല ബുദ്ധി- സ്വയം ഉണ്ടാക്കേണ്ടതാണ്.

ഇത്ര വിശദമായ ഉദാഹരണം തലയിലെഴുത്തിനെപ്പറ്റി എഴുതാന്‍ കാരണം തലയിലെഴുത്തുകൊണ്ട് കുട്ടികള്‍ അസുരവിത്തുകളായി മാറുന്ന ഒറിജിനല്‍ പ്രശ്‌നമാണല്ലോ. ഇവിടെ മുന്‍തൂക്കം ജീനിനും തലയിലെഴുത്തിനുമല്ല. സ്വാര്‍ത്ഥതയ്ക്കാണ്. സ്വന്തം മക്കളെ ഒരു പരിധിവിട്ട് സ്‌നേഹിക്കുന്നത് യോഗ്യതയല്ല; സ്വാര്‍ത്ഥതയാണ്. സ്വന്തം സന്തതിക്ക് ഒന്നാം റാങ്ക് മോഹിക്കുന്ന മാതാപിതാക്കളും ഡോഗ് ഷോയില്‍ സ്വന്തം പട്ടിക്ക് സമ്മാനം കിട്ടണമെന്നാഗ്രഹിക്കുന്ന മനുഷ്യരും ഒരേ വികാരത്തിന്റെ അടിമകളാണ്. വേദാന്തത്തില്‍ പറയുന്നത് 'വാസന'കളില്‍ നിന്നാണീ വികാരം വരുന്നതെന്നാണ്. പ്രായമാകുമ്പോള്‍ മക്കളെ വോട്ടവകാശമുള്ള പൗരന്മാരായിക്കണ്ട്, സ്വന്തം മനസ്സിനെ ശുദ്ധമാക്കാന്‍ പഠിച്ചാല്‍ സകല പ്രശ്‌നവും തീര്‍ന്നില്ലേ?

വ്യാപാരമര്യാദയും മക്കളും

? കശുവണ്ടി, കുരുമുളക്, കൊപ്ര എന്നീ കച്ചവടങ്ങളെപ്പോലെയാണോ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം എന്ന എന്റെ ചോദ്യത്തിന് അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്ന് പിള്ളച്ചേട്ടന്‍ മറുപടി തന്നിരുന്നു. അതുകൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കാന്‍ ആരെ വിളിച്ച് ഞാന്‍ കവടിനിരത്തണം?
-സി. അച്ചന്‍കുഞ്ഞ്, ധാരാവി.
ആരെയും വിളിച്ച് കവടി നിരത്തണ്ട, സ്വയം ആലോചിക്കുക. ചുറ്റും നടക്കുന്നത് കാണുക. പഠിക്കുക. മാതാപിതാക്കളും മക്കളുമായുള്ള ബന്ധത്തെക്കാള്‍ മാന്യമാണ് കൊപ്രക്കച്ചവടവും മത്തിക്കച്ചവടവും. വാങ്ങിയ സാധനത്തിനും കിട്ടുന്ന സേവനത്തിനും ന്യായമായ വില കൊടുക്കണമെന്ന് ഇരുഭാഗക്കാര്‍ക്കും ബോദ്ധ്യമുണ്ട്. വാങ്ങിയ പണത്തിനും കിട്ടുന്ന സേവനത്തിനും വില കണക്കാക്കി, പലിശയും വിലക്കയറ്റത്തിനുള്ള അഡ്ജസ്റ്റ്‌മെന്റും നടത്തി അച്ഛനമ്മമാര്‍ക്ക് തിരിച്ചുകൊടുക്കണമെന്ന് തോന്നല്‍, വ്യാപാരത്തില്‍ നമ്മള്‍ കാണുന്ന സാമാന്യമര്യാദ- എത്ര ശതമാനം കുട്ടികള്‍ക്കുണ്ട്. പിറന്നുവീഴുന്നയുടന്‍ അമ്മയെ ഭക്ഷിക്കുന്ന എട്ടുകാലിക്കുഞ്ഞുങ്ങളെപ്പോലല്ലേ ഇക്കാലത്ത് മക്കള്‍.

അമ്മമാരെ രക്ഷിക്കാന്‍
'മാതാ പിതാ ഗുരു ദൈവം' എന്നാണല്ലോ പറയുന്നത്. അമ്മയെ സ്വന്തം മക്കള്‍ ദൈവത്തെപ്പോലെ കരുതുന്നുണ്ടോ? നമ്മുടെ കേരളത്തില്‍ ഇന്ന് 99 ശതമാനം അമ്മമാരെ മക്കള്‍ ദ്രോഹിക്കുന്നു. എന്തുകൊണ്ടാണത്? അമ്മയും മക്കളുമായുള്ള ബന്ധത്തെപ്പറ്റി പറഞ്ഞുതരാമോ?
-മണികണ്ഠന്‍ എം., മാഹിം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അമ്മയോട് ഭേദമായിട്ട് പെരുമാറുന്ന മക്കളുള്ള നാടാണ് കേരളം. എന്നാല്‍ കഴിഞ്ഞ ഒരമ്പതു വര്‍ഷമായി ഈ നില മാറിവരികയാണ്. പണ്ടത്തത്ര സ്‌നേഹാദരവുകള്‍ ഇപ്പോഴത്തെ മക്കള്‍ക്ക് അമ്മയോടില്ല എന്ന താങ്കളുടെ അഭിപ്രായം ശരിയാണ്.
'മാതാ പിതാ ഗുരു ദൈവം' എന്ന സങ്കല്‍പ്പത്തില്‍ ഗുരുവിനാണ് ഏറ്റവും വലിയ വിലയിടിവു സംഭവിച്ചത്. സംഘടിതരായ ശിഷ്യന്മാരെ പേടിച്ച് വെളിയിലിറങ്ങി നടക്കാന്‍ മടിക്കുന്ന അദ്ധ്യാപകരില്ലേ? പെന്‍ഷന്‍ പറ്റുന്നതുവരെ, അല്ലെങ്കില്‍ കൈയില്‍ നാലുകാശുണ്ടെന്ന ധാരണ നിലനിര്‍ത്താന്‍ പറ്റുന്ന കാലം വരെ, പിതാവിന് കഷ്ടിച്ചു രക്ഷപ്പെടാം. ഒട്ടുമുക്കാലും സന്തതികള്‍ പിതാവിനെക്കാള്‍ സ്‌നേഹിക്കുന്നത് പിതാവിന്റെ സ്വത്താണ്. പുതിയ ദായക്രമങ്ങളും സ്വത്തവകാശങ്ങളും വന്നപ്പോള്‍ ഡിമാന്റില്ലാതായത് മാതാവിനാണ്. കൂട്ടത്തില്‍ വേറൊരാപത്തും സംഭവിച്ചു. ശരാശരി ആയുസ്സിന്റെ ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് കൂടുതലാണ്. കല്യാണം കഴിക്കുമ്പോള്‍ പുരുഷന് സ്ത്രീയേക്കാള്‍ അഞ്ചോ പത്തോ വയസ്സ് പ്രായം കൂടുതലായിരിക്കുമല്ലോ? അപ്പോള്‍ ഏകാന്തമായ ഒരു നീണ്ട വാര്‍ദ്ധക്യത്തെ ദാരുണമായി നേരിടേണ്ടിവരുന്ന അമ്മമാരുടെ സംഖ്യ കൂടിവരുന്നു. ഒന്നാമത്തെ ദൈവമായിരിക്കേണ്ട മാതാവ് പലപ്പോഴും മക്കള്‍ക്കൊരു ഭാരമാകുന്നു. വേഗം ചാവാത്തതിലുള്ള വിഷമമാണ് പല മക്കള്‍ക്കും.

ഇതെങ്ങിനെ സംഭവിച്ചു? കഴിഞ്ഞ അരനൂറ്റാണ്ടുകാലത്ത് കേരളത്തിലേക്ക് ഉത്തരേന്ത്യന്‍ സംസ്‌കാരം അടിച്ചുകയറി. ഉത്തരേന്ത്യയില്‍ പൊതുവില്‍ സ്ത്രീകള്‍ക്കു വിലയില്ല. അച്ഛനാണവിടെ പ്രാധാന്യം. ആ സംസ്‌കാരത്തോടൊപ്പം 'ന്യൂക്ലിയര്‍ ഫാമിലി' എന്നറിയപ്പെടുന്ന ലോഡ്ജുകളും കേരളത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. ഭാര്യയും ഭര്‍ത്താവും അവരുടെ രണ്ടു കുട്ടികളും ചേരുന്ന ചെറിയ കുടുംബങ്ങള്‍. ഇതിനകത്ത് വില്‍പ്പത്രമെഴുതാന്‍ പോന്ന സ്വത്തില്ലാത്ത അമ്മ ഏറിവന്നാല്‍ ഒരു വേലക്കാരിയാകാനല്ലേ പറ്റൂ.

ഇത്ര ക്രൂരമായ ഒരു മാറ്റം വെറും അമ്പതുവര്‍ഷംകൊണ്ടാണ് സംഭവിച്ചതെന്നോര്‍ക്കണം. ഇത് മാറുമോയെന്നതാണ് സ്വാഭാവികമായി വരുന്ന ചോദ്യം. എന്താണ് അമ്മയുമായുള്ള നല്ല ബന്ധമെന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല. അത്തരം ബന്ധങ്ങള്‍ ഉരുത്തിരിയാനുള്ള സാമൂഹ്യമായ നിര്‍ബ്ബന്ധങ്ങള്‍ ഇല്ലാതെ മനുഷ്യര്‍ മാറില്ല. എന്തായിരിക്കണം അത്തരം മാറ്റങ്ങള്‍?

ഉദാഹരണത്തിന്, അമ്മമാരുടെ ജീവിതസായാഹ്നത്തിലെ ഈ ദുരന്തം മനസ്സിലാക്കി സ്വത്തവകാശത്തിന് പുതിയ നിയമങ്ങള്‍ വേണം. അച്ഛന്‍ മരിച്ചാല്‍ മുഴുവന്‍ സ്വത്തും അമ്മയ്ക്കു പോകണം. മക്കള്‍ക്കു പോകരുത്. അച്ഛനും അമ്മയും മരിച്ചാലേ കുടുംബസ്വത്ത് മക്കള്‍ക്കു പോകൂ എന്ന നിയമം മാത്രം പോരാ, അമ്മയ്ക്കിഷ്ടമുള്ളയാള്‍ക്ക് ആ സ്വത്ത് കൊടുക്കാനുള്ള പരമാധികാരവും കൂടി കിട്ടണം. അപ്പോള്‍ മക്കള്‍ സ്വത്തിനുവേണ്ടിയെങ്കിലും അമ്മയെ നോക്കും. അതേസമയം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി സ്വത്ത് നേരത്തെ തന്നെ നേടിയാല്‍ മക്കള്‍ മാര്‍ക്കറ്റ് വിലയുടെ 50 ശതമാനം ഗിഫ്റ്റ് ടാക്‌സ് കൊടുക്കേണ്ടതായും വരണം.

മറ്റൊരു വഴി മക്കളുടെ മാറിവരുന്ന സ്വഭാവം മനസ്സിലാക്കി അമ്മമാരും പെരുമാറുകയാണ്. കെട്ടുതാലി വിറ്റും കുടുംബം പണയപ്പെടുത്തിയും മക്കളെ പഠിപ്പിച്ച് വലുതാക്കാനും മറ്റും ശ്രമിക്കുന്ന ഇപ്പോഴത്തെ വൈകാരികബന്ധങ്ങള്‍ മാറണം. മക്കളോടുള്ള സ്‌നേഹത്തിന് അതിര്‍ത്തികള്‍ സൃഷ്ടിക്കണം. ചുറ്റുവട്ടത്തു സംഭവിക്കുന്ന ദുരന്തം തനിക്കും സംഭവിക്കില്ലെന്ന തെറ്റിദ്ധാരണ മാറ്റണം. സ്വന്തം മക്കള്‍ക്കുവേണ്ടി ത്യാഗം സഹിക്കുന്നത് യോഗ്യതയല്ല; സ്വാര്‍ത്ഥതയാണ്. അതിന്റെ പത്തിലൊന്ന് താത്പര്യം മറ്റുള്ളവരുടെ മക്കളോടു കാണിക്കാത്തതെന്താണ്? മക്കളെ അമിതമായി സ്‌നേഹിച്ചിട്ടുള്ള എല്ലാ അമ്മമാരും ദുഃഖിച്ചിട്ടുണ്ട്.

കുട്ടികളില്ലാതെ ജീവിക്കാന്‍ പഠിക്കുക
? ഉന്നതനിലവാരമുള്ള സാഹിത്യരചനകള്‍ നടത്തിയിട്ടുള്ള താങ്കള്‍, ഉമിക്കരിപ്പരുവത്തിലുള്ള ആര്‍ക്കും വേണ്ടാത്ത സത്യങ്ങള്‍ കലാകൗമുദിയില്‍ എഴുതുന്നു. കുട്ടികള്‍ നഷ്ടക്കച്ചവടമാണെന്നും മറ്റും എഴുതുമ്പോള്‍ ഗണിതശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങള്‍ ഉടച്ചുവാര്‍ക്കുന്നതുപോലെയുണ്ട്. മറിച്ച് താങ്കള്‍ക്ക് ഉത്കര്‍ഷമായ ജീവിതത്തിന് അനുരൂപമാകുന്നവിധത്തില്‍ പ്രശ്‌നങ്ങളെ സമീപിച്ചുകൂടേ?
-പി.കെ.വിഷ്ണുദാസ്, ബോറിവ്‌ലി.
താങ്കള്‍ എഴുതിയിരിക്കുന്നതു ചോദ്യമല്ല. എനിക്കുള്ള ഉപദേശങ്ങളാണ്. അവ മാറ്റിയിട്ട് കുട്ടികളുണ്ടാകുന്നതിന്റെ ഗുണദോഷങ്ങള്‍ ആലോചിച്ചു നോക്കൂ. മനുഷ്യവര്‍ഗ്ഗത്തിന്റെ ആരംഭം മുതല്‍ ഒരു അമ്പതുവര്‍ഷം മുമ്പുവരെ മനുഷ്യാദ്ധ്വാനത്തിന്റെ ആവശ്യമുണ്ടായിരുന്നു. കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ഭൂമി കൃഷിചെയ്യാന്‍ പറ്റുമെന്ന തത്ത്വം. ഏഴെണ്ണായിരം വര്‍ഷങ്ങളിലെ അനുഭവത്തില്‍നിന്ന് കുട്ടികളുണ്ടാകുന്നത് സ്വാഭാവികമായ ഒരു പുരോഗതിയായി മനുഷ്യര്‍ കണ്ടുവന്നു. കാലം മാറി, മനുഷ്യാദ്ധ്വാനത്തിന് വിലയില്ലാത്ത ഒരു യുഗത്തിലേക്ക് നമ്മള്‍ പ്രവേശിക്കുകയാണ്. ഇവിടെ കുട്ടികളില്ലാതെ ജീവിക്കാന്‍ പഠിക്കുന്നതായിരിക്കും നല്ലത്. സമാധാനമായി ജീവിക്കണോ, കുട്ടികള്‍ പാടില്ല.

? മക്കള്‍ എന്നത് നഷ്ടക്കച്ചവടമാണെന്ന് താങ്കള്‍ ആവര്‍ത്തിച്ച് അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായത്തോട് എല്ലാവരും യോജിക്കുകയാണെങ്കില്‍ പിന്നെയെങ്ങിനെ ഭാവിതലമുറയുണ്ടാകും?
-ടോമി കുര്യാക്കോസ്, മലാഡ്.
ഭാവിതലമുറയുടെ ആവശ്യം ആര്‍ക്കാണ്? മക്കളുണ്ടാകണം; വംശം വര്‍ദ്ധിക്കണം തുടങ്ങിയ മോഹങ്ങള്‍ മനുഷ്യസമുദായത്തിന് ഉണ്ടായത് മനുഷ്യന്റെ അദ്ധ്വാനം ആവശ്യമുള്ള കാലത്തായിരുന്നു. എണ്ണായിരം വര്‍ഷത്തോളം മനുഷ്യര്‍ കൂടുതല്‍ക്കൂടുതല്‍ ഭൂമികയ്യേറി കൃഷി ചെയ്ത് കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിച്ചു. പിന്നെയൊരു 150 വര്‍ഷം വ്യവസായത്തിന്റെ കാലമായിരുന്നു. അതിനും തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലത്തിനിടയില്‍ യന്ത്രവത്കരണം, റോബാട്ടുകള്‍, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങി പലതും വായുവേഗത്തില്‍ മുന്നേറി. തല്‍ഫലമായി ഉത്പാദനക്ഷമത- അല്ലെങ്കില്‍ പ്രൊഡക്ടിവിറ്റി- വര്‍ദ്ധിക്കാന്‍ തുടങ്ങി.

അതായത് മനുഷ്യാദ്ധ്വാനത്തിന്റെ ഡിമാന്‍ഡു കുറയാന്‍ തുടങ്ങി. അമേരിക്ക, ജപ്പാന്‍, ജര്‍മനി തുടങ്ങിയ സമ്പന്നരാജ്യങ്ങളില്‍പ്പോലും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. ശാസ്ത്രസാങ്കേതികവിദ്യകളും ഉത്പാദനക്ഷമതയും ചേര്‍ന്നുണ്ടാക്കിയിരിക്കുന്ന ഇപ്പോഴത്തെ പുതിയ തൊഴിലില്ലായ്മക്ക് പരിഹാരമില്ല. ഇനി പിറക്കുന്ന കുട്ടികളില്‍ ആയിരത്തിനൊന്നുപോലും സ്ഥിരമായ തൊഴില്‍ കിട്ടില്ല. അവര്‍ ഒ.ബി.സി. ആയാല്‍ പോലും. കുട്ടികളുണ്ടാകുന്നത് വെറും നഷ്ടക്കച്ചവടമല്ല, ഓട്ടക്കലത്തില്‍ കഞ്ഞിവെക്കുന്നതുപോലത്തെ പരിപാടിയാണ്. വരാനിരിക്കുന്ന മാറ്റങ്ങളെ കണ്ടറിഞ്ഞ് സന്തതികളെ വേണ്ടെന്നു വെക്കുന്നവര്‍ക്ക് സമാധാനമായി ജീവിക്കുവാനുള്ള ചാന്‍സ് കൂടുതലാണ്.

Content Highlights: M.P Narayanapillai, Urulakk Upperi, Mathrubhumi Books, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Manu S Pillai, Book Cover

12 min

എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായാത്ത മുഗള്‍ചരിത്രം; മനു എസ്. പിള്ളയുടെ റിബല്‍ സുല്‍ത്താന്‍മാര്‍!

Jun 3, 2023


REPRESENTATIVE IMAGE

5 min

'നമ്മള് ഇരുളരാ,ഒന്നിന് നാലുവട്ടം പോയാ നമ്മളെന്താ തേഞ്ഞുപോമോ'; പൊരുതിപ്പോരാടുന്ന 'തമിഴ് ദളിത് കഥകള്‍'

Jun 1, 2023


Sulichana Nalappat and Kamala Das

8 min

അച്ഛനെപ്പോഴും അഭിമാനത്തോടെ പറഞ്ഞു; ആമിയെ കണ്ടുപഠിക്ക്- സുലോചന നാലാപ്പാട്ട്

May 31, 2023

Most Commented