പ്രതീകാത്മക ചിത്രം
മലയാളസാഹിത്യത്തിലെ വേറിട്ട പേരായ എം.പി നാരായണപ്പിള്ളയുടെ കൃതികള്‍ പോലെ തന്നെ രസകരമാണ് അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളില്‍ കൈകാര്യം ചെയ്തിരുന്ന പംക്തികളും. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ 'ഉരുളയ്ക്ക് ഉപ്പേരി' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. പുസ്തകത്തിന് വിജു.വി നായര്‍ എഴുതിയ അവതാരിക വായിക്കാം.
പത്രപ്രവര്‍ത്തനരംഗത്ത് മലയാളികള്‍ ഇതര ഇന്ത്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണിന്ന്. പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിലും വൈപുല്യത്തിലും മാത്രമല്ല, ആശയപരമായ വൈവിദ്ധ്യത്തിന്റെ കാര്യത്തിലും നമുക്ക് വലിയൊരു മാദ്ധ്യമപ്രപഞ്ചമുണ്ട്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും മുഖ്യധാരാ എഴുത്തും പോലെ സമാന്തര പ്രസിദ്ധീകരണങ്ങളും റിബല്‍ പ്രസിദ്ധീകരണങ്ങളും പൈങ്കിളികളും പരീക്ഷണ വഹകളുമൊക്കെച്ചേര്‍ന്ന ലോകമാണത്. എന്നാല്‍, വായനക്കാരുമായി നേരിട്ടു സംവദിക്കുന്ന പംക്തികളും പത്രപ്രവര്‍ത്തകരും ചരിത്രപരമായിത്തന്നെ ഇവിടെ നന്നേ വിരളമാണ്. സ്ഥിരം തമാശകളും തട്ടാമുട്ടികളുമില്ലാതെ ഗൗരവമായി വായനക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നൊരു വേദിയുണ്ടായിരുന്നത്, പ്രഗല്ഭനായ കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പംക്തിയാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇ.എം.എസും മറ്റും നടത്തിയ ചോദ്യോത്തര പംക്തികള്‍ക്കാകട്ടെ, ഭാഗികമായ പ്രസക്തിയേയുള്ളു. ജീവിതത്തിന്റെ വിവിധ അംശച്ഛേദങ്ങള്‍ കണക്കിലെടുക്കുന്ന സമഗ്രമായൊരു ചോദ്യോത്തരപംക്തി നമുക്കില്ലായിരുന്നു. ഈ ശൂന്യതയ്ക്കുള്ള മറുപടിയായിരുന്നു എം.പി. നാരായണപിള്ള മുംബൈയിലിരുന്നു നടത്തിയ ചോദ്യോത്തര പംക്തി. ഇതു നിത്യേനയുള്ള ചിന്താപരമായ അഭ്യാസമായിരുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോഴേ ഈ പംക്തിയുടെ മാറ്ററിയൂ.
ചുടിപ്പുള്ള കഥകളും ചിന്തയെ ചൊടിപ്പിക്കുന്ന ലേഖനങ്ങളും വഴി മലയാളികള്‍ക്കിടയില്‍ ഒറ്റയാന്‍പട്ടം നേടിയ നാരായണപിള്ള മുംബൈയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന കലാകൗമുദി ദിനപത്രത്തില്‍ തുടക്കംതൊട്ടേ ആനുകാലിക കുറിപ്പുകള്‍ എഴുതിയിരുന്നു. കേരളത്തിലെ പല പ്രസിദ്ധീകരണങ്ങള്‍ക്കും വേണ്ടി ആഴ്ചതോറുമുള്ള എഴുത്തിനു പുറമെയായിരുന്നു മിക്കവാറും നിത്യേനയുള്ള ഈ ഏര്‍പ്പാട്. ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു: 'ഈ നിത്യത്തൊഴിലഭ്യാസം ഇനി വയ്യ. ദിവസവും വിഷയം കണ്ടെത്തി, അതിന്റെ മേല്‍ തലപുകച്ചിട്ട് എഴുതണം. പിന്നെയതിന്റെ മെക്കാനിക്കലായ വശങ്ങള്‍. വേറെ പണിയില്ലേ?'
അപ്പോള്‍ മനസ്സില്‍ തോന്നിയ ആശയം ഞാന്‍ മുന്നോട്ടുവെച്ചു
വായനക്കാരില്‍നിന്നു ചോദ്യം വരുത്തിയാലോ? അദ്ദേഹത്തിന് അതില്‍ സംശയമുണ്ടായിരുന്നു: 'അതിന് പോക്കറ്റില്‍നിന്നു കാശുമുടക്കി ഇന്‍ലന്‍ഡിലോ കാര്‍ഡിലോ എഴുതി മെനക്കെടാന്‍ മുംബൈയില്‍ ആളെ കിട്ടുമോ?'
കിട്ടിയാലും ഇല്ലെങ്കിലും പരീക്ഷിച്ചുനോക്കുന്നതില്‍ എന്തു തെറ്റ്? പത്രത്തില്‍ ഒരു ചെറിയ പരസ്യം വഴി ചോദ്യങ്ങള്‍ ക്ഷണിച്ചു. ഒരാഴ്ചയ്ക്കകം ചോദ്യങ്ങളുടെ ഒഴുക്കായി. ആറു കൊല്ലം നീണ്ട ആ ഒഴുക്ക്, എം.പി. നാരായണപിള്ളയുടെ അപ്രതീക്ഷിതവിയോഗം വരെ അനുസ്യൂതം തുടര്‍ന്നു. അതൊരു പുതിയ അനുഭവമായിരുന്നു. പത്രത്തിനും വായനക്കാര്‍ക്കും 'മറുപടിച്ച'യാളിനും.
എട്ടു പേജ് മാത്രമുള്ളാരു ദിനപത്രത്തിന് അതിന്റെ വാര്‍ത്താത്താളില്‍ത്തന്നെ ദിവസവും ഒരു പംക്തിക്ക് സ്ഥലം നീക്കിവെയ്ക്കുക സാധാരണഗതിയില്‍ വിമ്മിട്ടമുള്ള കാര്യമാണ്. എന്നാല്‍ അസാധാരണത്വം മുഖമുദ്രയാക്കിയ എം.പി. നാരായണപിള്ളയിലുള്ള വിശ്വാസം അത്തരം വിമ്മിട്ടങ്ങള്‍ക്കതീതമായി. അതിലുപരി, വായനക്കാരുടെ ചോദ്യങ്ങളിലെ വൈവിദ്ധ്യവും അവയോട് ഉത്തരമെഴുതുന്നയാള്‍ പുലര്‍ത്തിയ സമീപനവും ആ കൊച്ചുസ്ഥലത്തിന് വാര്‍ത്തകള്‍ക്കപ്പുറത്തെ വായനാകൗതുകം നേടിക്കൊടുത്തു.
സാമ്പത്തിക കുടിയേറ്റക്കാരുടേതായ ഒരു സമൂഹത്തില്‍ സ്വാഭാവികമായുണ്ടാവുന്ന എതിര്‍പ്പുകളും മുറുമുറുപ്പുകളും തുടക്കത്തില്‍ പല ചോദ്യകര്‍ത്താക്കള്‍ക്കുമുണ്ടായിരുന്നു. കൂടാതെ, നാരായണപിള്ളയിലെ കിഴുക്കാംതൂക്കു ചിന്തകനെ അറിയാത്തതുകൊണ്ടുള്ള വൈക്ലബ്യങ്ങളും. പക്ഷേ, ബുദ്ധിയുള്ള റിങ്മാസ്റ്റര്‍ക്ക് പുലിയും പുല്ലുമൊക്കെ തുല്യം. ഏതാനും മാസങ്ങള്‍കൊണ്ട് അദ്ദേഹം മുംബൈ മലയാളികളുടെ പ്രിയപ്പെട്ട 'പിള്ളച്ചേട്ട'നായി.
ഈ ജനപ്രിയത്വം കേവലമായ പഞ്ചാരയെഴുത്തിന്റെയോ സുഖിയന്‍ ചിന്തകളുടെയോ ഓളത്തില്‍പ്പൂട്ടിന്റെയോ ഫലമായിരുന്നില്ല. നാരായണപിള്ളയിലെ ആര്‍ജ്ജവമുള്ള മനുഷ്യന്റെയും സര്‍ഗ്ഗധനനായ സാമൂഹികചിന്തകന്റെയും ഹൃദയമുദ്രയുടെ സ്വാഭാവിക വിധിയായിരുന്നു.
ചോദ്യങ്ങള്‍ക്ക് പൊതുവെ വ്യതിരിക്തമായ പ്രകൃതങ്ങളുണ്ടായിരുന്നില്ല. 'സോണിയാ ഗാന്ധിയുടെ അച്ഛനാര്, ഞങ്ങള്‍ക്കിടയിലെ ഒരു പന്തയത്തിനു തീര്‍പ്പുണ്ടാക്കാനാണ്. ദയവായി ചേട്ടനൊരു മറുപടി എത്രയും വേഗം തരിക' എന്നു തുടങ്ങി, മരണത്തിന്റെ ഉദ്വിഗ്‌നതകളെക്കുറിച്ച് ആത്മീയ പ്രശ്നങ്ങള്‍ വരെ മനുഷ്യന്റെ ആലോചനാമണ്ഡലത്തിന്റെ ആഴവും പരപ്പും ആഴക്കേടും കുടിലതകളുമെല്ലാം വ്യക്തമാക്കുന്ന നൂറായിരം പ്രശ്നങ്ങളായിരുന്നു ചോദ്യകര്‍ത്താവിനു മുന്നില്‍. കക്ഷിരാഷ്ട്രീയം, രാഷ്ട്രീയതത്ത്വചിന്ത, സാമൂഹികസാംസ്‌കാരിക പ്രശ്നങ്ങള്‍, സാഹിത്യം, മതം, കുടുംബബന്ധങ്ങള്‍, വിദ്യാഭ്യാസം, ചരിത്രം, ധനതത്ത്വം, മനഃശാസ്ത്രം തുടങ്ങി ഒട്ടുമിക്ക ജീവിതമേഖലകളെയും സ്പര്‍ശിക്കുന്ന മറുപടികളും അദ്ദേഹം നല്‍കി. അവിടെവെച്ച് പംക്തിക്ക് ചോദ്യോത്തരങ്ങള്‍ക്കതീതമായ ഒരു ആശയനഭസ് കൈവന്നു.
മറുപടി എഴുതുമ്പോള്‍, സമൂഹത്തിലെ പ്രബല ധാരണകളും വ്യവസ്ഥാപിത ചിന്തകളും മനസ്സില്‍നിന്നു മാറ്റി, തികച്ചും മൗലികമായ ഗതിയിലൂടെ സഞ്ചരിക്കുക നാരായണപിള്ളയുടെ രീതിയായിരുന്നു. ഒരുദാഹരണം.
'അടുത്ത കാലത്ത് താങ്കളുടെ ചില എഴുത്തുകള്‍ വായിക്കുമ്പോള്‍, താങ്കള്‍ ഒരു ബി.ജെ.പി. ലൈനാണോ എന്ന് സംശയം.'
ഈ സംശയത്തിനുള്ള മറുപടി: 'ഞാന്‍ സേനാബി.ജെ.പി. ലൈനല്ല. ഞാന്‍ പോകുന്നത് എന്റെ വഴിക്കാണ്. എന്നെപ്പറ്റി ഇതല്ല, ഇതിലപ്പുറമുള്ള ധാരണകള്‍ വായനക്കാര്‍ക്കുണ്ടായാലും എനിക്കൊരു ചുക്കുമില്ല. കാരണം എനിക്കു താങ്കളുടെ വോട്ടു വേണ്ട... ഇതാണോ സേനാബി.ജെ.പി. നേതാക്കന്മാരുടെ സ്ഥിതി? അവര്‍ക്കു വോട്ടു വേണം. അതുകൊണ്ട് ജനങ്ങളെ പേടിക്കണം. സ്വാഭാവികമായും അവരെക്കാള്‍ ഒരുപടി മുന്നിലല്ലേ ഞാന്‍?'
.jpg?$p=3ca10ba&&q=0.8)
ഇത്രയും എഴുതി സ്വയം ന്യായീകരിക്കാന്‍ ആര്‍ക്കുമാവും. പക്ഷേ, നാരായണപിള്ളയിലെ വ്യക്തിത്വം അത്തരം ല.സാ.ഗു. ആയിരുന്നില്ല. അദ്ദേഹം തുടര്‍ന്നു: 'മതേതരത്വം എന്ന വാക്കുച്ചരിക്കുന്നതുപോലും പാപമാണെന്നാണ് ഞാന്‍ കരുതുന്നത്. ജാതിരാഷ്ട്രീയം വിറ്റ് ഉപജീവനം കഴിക്കുന്നവന്‍ എന്റെയടുത്തു മതേതരത്വം പറഞ്ഞാല്‍ കാലുമടക്കി അടിക്കാന്‍ തോന്നില്ലേ? എനിക്ക് താക്കറെയെ ഇഷ്ടമാണ്. അതിലും ഇഷ്ടമാണ് മദനിയെ. എന്റെ ബോറിവിലി മണ്ഡലത്തില്‍ രാംനായിക്കിനെതിരെ മദനി നിന്നാല്‍ ഞാന്‍ മദനിക്കു വോട്ടു ചെയ്യും. കാരണം, ഇവരില്‍ കള്ളത്തരമില്ല. ആത്മാര്‍ത്ഥതയുള്ളവരെ പേടിക്കണ്ട.'
നിലപാടുകളിലെ ആത്മാര്‍ത്ഥതയാണ് ഈ ചോദ്യോത്തര പംക്തിയെ ജനങ്ങള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. കാരണം, നാരായണപിള്ള നുണപറയില്ല. നുണയില്ലാത്തവര്‍ ആരും പ്രതീക്ഷിക്കാത്ത കരുത്തു പ്രകടിപ്പിക്കും.
നുണയില്ലായ്മയുടെ കരുത്തുകൊണ്ടു മാത്രം വൈവിദ്ധ്യമാര്‍ന്ന ചോദ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ല. വിശേഷിച്ചും പല തലമുറകളിലും പല തട്ടിലുംപെട്ടവരില്‍നിന്നുള്ള ചോദ്യങ്ങള്‍. അതിന് ഉറപ്പുള്ള ചരിത്രാവബോധം വേണം. ഈ ചരിത്രബോധത്തിന്റെ അസ്ഥിവാരം മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള സത്യസന്ധമായ ഉള്‍ക്കാഴ്ചയാവണം. വ്യക്തമായ ഒരു നോണ്‍ ലീനിയര്‍ ചരിത്രദര്‍ശനം. നാരായണപിള്ളയുടെ മറുപടികളില്‍ ചരിത്രം ഒളിഞ്ഞും തെളിഞ്ഞും തിരയടിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. നോക്കൂ.
'കേരള രാഷ്ട്രീയത്തില്‍ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും രാഷ്ട്രീയത്തെപ്പറ്റി താങ്കളുടെ അഭിപ്രായമെന്ത്?
മറുപടി: അടിസ്ഥാനപ്രശ്നം, ഉള്ളിന്റെയുള്ളിലെ വ്യത്യാസം, എ.കെ. ആന്റണി പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ്സിലെ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പൈതൃകവും കരുണാകരന്‍ പ്രതിനിധീകരിക്കുന്നത് മലബാര്‍ അഖിലേന്ത്യാ ലൈനുമാണ് എന്നതത്രെ. ഇതു പുരോഗമിച്ചാല്‍, നായനാര്‍ ആന്റണിയുടെ കൂടെപ്പോകും. ഈഴവരും മുസ്ലിങ്ങളും കരുണാകരന്‍ ഗ്രൂപ്പിലെത്തും. ചരിത്രപരമാണ് പ്രശ്നം.'
ഇത്തരം ഉള്‍ക്കാഴ്ചകളുടെ വിപുലീകരണം നടത്തിയിരുന്നെങ്കില്‍, നാരായണപിള്ള കേരളത്തിന് ഒട്ടൊക്കെ അന്യമായ 'സാമൂഹിക ചിന്തക'രുടെ ജനുസ്സില്‍പ്പെടുമായിരുന്നു. ആനുകാലികക്കുറിപ്പുകളുടെ തിരതള്ളലില്‍ മുഴുകിയതുകൊണ്ട് ആ സാദ്ധ്യത കരിന്തിരി കത്തിപ്പോയി.
സാദ്ധ്യതയുടെ ആര്‍പ്പുമൈതാനമായിരുന്നു നാരായണപിള്ളയുടെ ചിന്താപ്രപഞ്ചം. ആഢ്യവിഷയങ്ങളുടെ കെട്ടിച്ചമയ്ക്കപ്പെടുന്ന ആര്‍ഭാടങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്ന് എലി, നായ, നായര്‍മതം, ആത്മഹത്യ, കള്ളക്കടത്ത്, എയ്ഡ്സും കൊതുകും, മൂത്രചികിത്സ തുടങ്ങി പ്രത്യക്ഷത്തില്‍ നിസ്സാരങ്ങളെന്നു ജനം കരുതുന്ന വിഷയങ്ങളിലൂടെ ജീവിതവീക്ഷണത്തിന്റെ അസാധാരണ സാദ്ധ്യതകളിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. കൊതുകുവഴി എയ്ഡ്സ് എന്തുകൊണ്ട് പകര്‍ന്നുകൂടാ എന്ന ചോദ്യം വായനക്കാരെ മാത്രമല്ല മുംബൈയിലെ പല എയ്ഡ്സ് നിര്‍മ്മാര്‍ജ്ജന സംഘടനക്കാരെയും മരുന്നുകമ്പനികളെയും കുഴച്ചുവശാക്കിയിരുന്നു. അദ്ദേഹത്തിന്റെ യുക്തി വളരെ ലളിതമാണ്. 'സൂചി വഴി എയ്ഡ്സ് പകരാമെങ്കില്‍, എന്തുകൊണ്ട് കൊതുകിന്റെ കൊമ്പുവഴി പകര്‍ന്നുകൂടാ? കൊതുകിന്റെ കൊമ്പുവഴി പകരില്ലെന്നുള്ള ശാഠ്യമൊന്നും എയ്ഡ്സ് വൈറസിനില്ലല്ലോ.'
ഡിസ്പോസിബിള്‍ സിറിഞ്ച് എന്ന പുതിയ അവതാരത്തിനു പിന്നിലെ ഔഷധവ്യവസായികളുടെ തട്ടിപ്പുനാടകത്തിനുള്ള ആഘാതചികിത്സകൂടിയായിരുന്നു ഇത്. സമാനമായ ചികിത്സയാണ് ജാതിമതങ്ങളുടെ ചരിത്രത്തെപ്പറ്റി ഗ്രന്ഥധാരണ പുലര്‍ത്തുന്നവര്‍ക്ക് 'നായര്‍ ജാതിയല്ല, മതമാണെ'ന്ന കണ്ടുപിടിത്തം വഴി നല്‍കിയതും. വ്യവസ്ഥാപിത തത്ത്വങ്ങളുടെ ഉടുമുണ്ടില്ലായ്മ വിളിച്ചുപറയുന്ന ഈ ശീലത്തിന് നന്ദിപറയേണ്ടത് നാരായണപിള്ളയിലെ അരാജകവാദിയായ കലാകാരനോടാണ്. കഥയിലും നോവലിലും പ്രകടമായ ഈ അഭിരതി, കേവലമായ ചോദ്യോത്തരങ്ങളില്‍പ്പോലും ഒഴിവായില്ല എന്നതാണ് ഈ പരമ്പരയെ സമാനമായ മറ്റു പംക്തികളില്‍നിന്ന് ഉയര്‍ത്തി പ്രതിഷ്ഠിക്കുന്നത്.
ഇപ്പറഞ്ഞ അസാധാരണത്വങ്ങളും ആര്‍ജ്ജവവുമൊക്കെയുണ്ടെങ്കിലും ഉപയോഗിക്കുന്ന ഭാഷയ്ക്ക് ഒരു പംക്തിയുടെ സ്വരജതികളെ ഹനിക്കാനാവും. ചോദ്യം ചോദിച്ചത് സാധാരണ പത്രവായനക്കാര്‍, മറുപടികളിലുള്ളത് തന്റെ സ്വകീയ ചിന്തകള്‍, അവയ്ക്ക് സാമാന്യഭാവങ്ങളില്ലതാനും. പക്ഷേ, വായിക്കേണ്ടത്, സാമാന്യചിന്താഗതിക്കാര്‍. നാരായണപിള്ളയുടെ ആറ്റിക്കുറുക്കിയ ലളിതഭാഷാശൈലി ഇവിടെ അദ്ദേഹത്തിനു തുണയായി. പഴഞ്ചൊല്ലുകളും നാടന്‍ പ്രയോഗങ്ങളും, തികച്ചും നാടകീയമായ ഇടമുറികളും അര്‍ദ്ധവിരാമങ്ങളുംകൊണ്ട് അദ്ദേഹം വായനയുടെ ജനസാമാന്യത്തോട് നേരിട്ടു സംവദിച്ചു. പലപ്പോഴും ഒരു പരകായ പ്രവേശത്തിന്റെ 'ലൈനിലു'ള്ള ഈ ഭാഷാപ്രയോഗം, ചോദ്യകര്‍ത്താക്കളെ അവരുടെ വാമൊഴിയില്‍ത്തന്നെ ഹൃദയം തുറന്നു ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവുമായി. കൊല്ലത്തുകാരന്‍ പി.എം. പിള്ള ന്യൂ മുംബൈയില്‍നിന്നു ചോദിച്ചു:
'77 വയസു പിന്നിട്ടു. ഇതിനകം മാരകരോഗങ്ങളൊന്നും ഏശാതെ തടിതപ്പിക്കഴിയുന്ന എനിക്ക് രോഗശയ്യയിലടിയാതെ നിരുപദ്രവം മരിക്കാന്‍ പറ്റുമോ?' ബോറിവിലിയിലിരുന്ന് പെരുമ്പാവൂര്‍ക്കാരന്‍ കഥാനായകന്‍ മറുപടിച്ചു: 'പറ്റുമെന്നല്ല, ഒരു പാടുമില്ല. തന്നെത്താന്‍ കര്‍ട്ടനിടാനുള്ള ആത്മധൈര്യം ഉണ്ടായാല്‍ മതി.'
ജീവിതത്തിന്റെ കാതലായ സത്യപ്രമേയങ്ങളെ നുള്ളിയെടുക്കാന്‍ പ്ലക്കറും പിക്കാക്സും വേണ്ട, ഒരു നഖമുന മതിയെന്ന പ്രമാണമായിരുന്നു, ഈ ചോദ്യോത്തര 'നിത്യത്തൊഴിലഭ്യാസ'ത്തിന്റെ സൂത്രവാക്യം. കാരണം, പലരും കരുതുമ്പോലെ ജീവിതം അത്രകണ്ടൊരു പിടികിട്ടാപ്പുള്ളിയല്ല. സ്പര്‍ധകളുടെ വിഴുപ്പ് മാറ്റി, ആര്‍ജ്ജവമുള്ളാരു സത്യകൗതുകത്തിന്റെ അച്ചുതണ്ടില്‍ മനസ്സിനെ പ്രതിഷ്ഠിച്ചാല്‍ ജീവിതം നമുക്കു മറുപടികള്‍ തരും. ലളിതസുന്ദരങ്ങളായ അകം പൊരുളുകള്‍. നാരായണപിള്ളയുടെ കൈയില്‍ അത് ഒരിക്കലും ലളിതവത്കരണമായതുമില്ല. അപ്പോള്‍ എന്തായിരുന്നു ഈ ചോദ്യോത്തരമെഴുത്തിന്റെ വിജയരഹസ്യം? വ്യത്യസ്ത മനസ്സുകളെ കൈകാര്യം ചെയ്യാനുള്ള മനഃശാസ്ത്രപരമായ വൈഭവമോ? ജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രബോധമോ? എന്തും ഏതും സ്വകീയമായി നോക്കാനുള്ള കൗതുകക്കണ്ണോ?
ഇതെല്ലാം ഉറവയെടുക്കുന്നൊരു ഭൂമികയുണ്ട്. അടിസ്ഥാനപരമായ സ്വാതന്ത്ര്യബോധം. വിട്ടുവീഴ്ചയില്ലാത്ത ഉല്‍ക്കട സ്വാതന്ത്ര്യത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ് ആ മറുപടികളിലെ മൗലികത. അതാണതിന്റെ ആകര്‍ഷണവും വിജയരഹസ്യവും. നാരായണപിള്ള സ്വതന്ത്രനായിരുന്നു; ആ മറുപടികളും.
ചെറിയൊരു കുസൃതിക്കോളത്തിലൂടെ സ്വാതന്ത്ര്യമുദ്രകളുടെ ഒരു കൂമ്പാരം ഇറ്റിച്ചുതന്ന, മനുഷ്യപ്പറ്റുള്ള ആ ധിഷണാശാലിയുടെ മരിക്കരുതാത്ത ഓര്‍മ്മയ്ക്കു മുമ്പില്‍ ഞാനീ പുസ്തകം അവതരിപ്പിക്കട്ടെ.
Content Highlights: M.P Narayana Pillai, Viju V Nair, Mathrubhumi Books, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..