കുഞ്ഞുലാമമാരെ കാണുമ്പോള്‍ ഞാന്‍ 'യോദ്ധ' സിനിമ ഓര്‍ക്കും; അവനെ ഓര്‍ക്കും


മോഹൻലാൽ

അഭിനയവിസ്മയം മോഹന്‍ലാലിന്റെ യാത്രാനുഭവങ്ങളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മോഹന്‍ലാലിന്റെ യാത്രകള്‍. ഈ പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.

മോഹൻലാൽ

ടസ്സമേതുമില്ലാതെ പറന്നാല്‍ ഡല്‍ഹിയില്‍നിന്നും ഒരു മണിക്കൂറും ഇരുപത് മിനുട്ടുമുണ്ട് ലേയിലേക്ക്. നവംബറിന്റെ ആദ്യപകുതിയിലെ പ്രഭാതത്തില്‍ കൂറ്റന്‍ പര്‍വ്വതങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ആ നഗരത്തില്‍ ഇറങ്ങിയപ്പോള്‍ എങ്ങും മഞ്ഞിന്റെ വെണ്‍മയായിരുന്നു. പര്‍വ്വത പാര്‍ശ്വങ്ങളില്‍ ആപ്രിക്കോട്ട് മരത്തിന്റെ ശിഖരങ്ങളില്‍, വഴിയോരങ്ങളില്‍, വാഹനങ്ങളില്‍ എല്ലാം മഞ്ഞുപുതപ്പുകള്‍. തണുപ്പുകൊണ്ട് തന്നിലേക്ക് ചുരുങ്ങി നടക്കുന്ന ജനങ്ങള്‍. വളരെ വൈകി മാത്രം ഉണരുന്ന ജീവിതം. മങ്ങിയ പകലുകള്‍ കൊടുംതണുപ്പിലേക്ക് താണുപോകുന്ന സന്ധ്യ... കാഴ്ചയില്‍ ലേ അങ്ങിനെയൊക്കെയായിരുന്നു.

ചെറു ടിബറ്റ് (little Tibet) എന്നറിയപ്പെടുന്ന ലേ ടിബറ്റന്‍ ബുദ്ധമത കേന്ദ്രത്തിന്റെ പ്രമുഖ കേന്ദ്രമാണ്. എങ്ങും വിഹാരങ്ങളും സ്തൂപങ്ങളും പ്രാര്‍ഥനാപതാകകളും മെറൂണ്‍ വസ്ത്രങ്ങളണിഞ്ഞ ബൗദ്ധസംന്യാസികളും കുഞ്ഞുലാമകളും നിറഞ്ഞ ദേശം. കുഞ്ഞുലാമമാരെ കാണുമ്പോള്‍ ഞാന്‍ 'യോദ്ധ' സിനിമ ഓര്‍ക്കും. ആ സിനിമയില്‍ എന്നോടൊപ്പം അഭിനയിച്ച ഒരു കുട്ടിയുണ്ട്. പേരോര്‍ക്കുന്നില്ല. അവന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കണ്ണിറുക്കിയുള്ള ചിരിയും കളികളും. അവനിപ്പോള്‍ അഴകുള്ള വലിയ ഒരാളായി മാറിക്കഴിഞ്ഞിരിക്കും. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍, പര്‍വ്വതച്ചെരിവുകളിലേക്ക് നോക്കിയാല്‍ അവിടെ കൊത്തിവെച്ചതു പോലുള്ള വിഹാരങ്ങള്‍ കാണാം. എല്ലാം ഏറെ പൗരാണികമായവ. ഏറ്റവും ഏകാന്തവും. ചരിത്രപുരുഷന്‍മാരില്‍ എനിക്കേറ്റവും പ്രിയപ്പെട്ടയാള്‍ ഗൗതമബുദ്ധനാണ്. അദ്ദേഹത്തിന്റെ ആകാരവും വാക്കുകളും മൗനവും സിദ്ധാസനത്തിലുള്ള ഇരിപ്പും എല്ലാം എപ്പോഴും എനിക്ക് വിശ്രാന്തി നല്‍കാറുണ്ട്. ബുദ്ധന്റെ 'ധര്‍മപദ'യ്ക്ക് ഓഷോ രജനീഷ് പന്ത്രണ്ട് വാല്യങ്ങളിലായി വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണത്. വീണ്ടും വീണ്ടും വായിക്കുന്നത്. ആ വായനയിലൂടെ ബുദ്ധനെ ഞാന്‍ പ്രണയിച്ചു തുടങ്ങി. അഗാധമായും ആര്‍ദ്രമായും.

ബുദ്ധനോടും ബുദ്ധമതത്തോടുമുള്ള പ്രിയം കാരണംതന്നെയാണ് ഏതെങ്കിലും ബുദ്ധവിഹാരം സന്ദര്‍ശിക്കണമെന്ന് ഞാന്‍ തീരുമാനിച്ചത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളായ മാത്യുവും കൂടെയുണ്ടായിരുന്നു. കാറ്റുപോലെയാണ് മാത്യു എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന സുഹൃത്ത്. ഏത് നിമിഷവും അപ്രത്യക്ഷമാവാം. നിസ്സംഗന്‍ എന്ന വാക്ക് ഏറ്റവും യോജിക്കുക മാത്യുവിനാണ്. ചിരിയും സ്‌നേഹവുമാണ് മുഖ്യ അലങ്കാരങ്ങള്‍. ഏതെങ്കിലും ഒരു ബുദ്ധവിഹാരം സന്ദര്‍ശിച്ച് ആഗ്രഹം തീര്‍ക്കാന്‍ മനസ്സനുവദിച്ചില്ല. അതുകൊണ്ട് ലേയിലെ ഏറ്റവും പ്രസിദ്ധമായ വിഹാരം തന്നെ തിരഞ്ഞെടുത്തു. നഗരത്തില്‍ നിന്ന് 40 കി.മീ. ദൂരത്തുള്ള ഹെമിസ് വിഹാരമായിരുന്നു അത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഒപ്പം ഏറെ എഴുതപ്പെട്ടതും സങ്കീര്‍ണ്ണമായ ചരിത്രസന്ധികള്‍ക്ക് സാക്ഷിയായതും.
മനോഹരമായ ഇന്ത്യചൈന സൗഹൃദപാത(Indo-China Friendship Road)യിലൂടെയാണ് ഹെമിസിലേക്കുള്ള യാത്ര തുടങ്ങുന്നത്. കാഴ്ചയില്‍ എങ്ങും സ്തംഭിച്ച് നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ മാത്രം. ഉച്ചയ്ക്ക് ശേഷമായിരുന്നു യാത്ര. മഞ്ഞിന്റെ നേരിയ നനവിലൂടെ തുളഞ്ഞു വരുന്ന രശ്മികള്‍. അത് വഴികള്‍ക്കും കാഴ്ചകള്‍ക്കും മധുരമാര്‍ന്ന ഒരു വര്‍ണ്ണം നല്‍കി. ചിലയിടങ്ങളില്‍ പച്ചപ്പുല്ല് നിറഞ്ഞ്, ഇടയില്‍ നീലപ്പൊയ്കകളുള്ള ജലാശയങ്ങള്‍. മറ്റു ചിലയിടങ്ങളില്‍ ബുദ്ധമത പ്രാര്‍ഥനകള്‍. കൊത്തിയ കരിങ്കല്‍ക്കൂട്ടങ്ങള്‍ ചിത്രങ്ങള്‍പോലെ തോന്നിച്ചു, ടിബറ്റന്‍ അക്ഷരങ്ങള്‍. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബുദ്ധമതമന്ത്രവും അക്കൂട്ടത്തില്‍ കൊത്തിവെച്ചിട്ടുണ്ടാവാം. ഓം മണിപത്മേ ഹും... ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത പ്രാര്‍ഥനയാണത്. ടിബറ്റിലും ബോധ്ഗയയിലും ശ്രീലങ്കയിലും ജപ്പാനിലും കാഠ്മണ്ഡുവിലുമെല്ലാമിരുന്നുകൊണ്ട് പതിനായിരങ്ങള്‍ ഉരുവിടുന്ന സംഗീതാത്മകമായ മന്ത്രം.
യാത്ര, 'കാരു' എന്ന ചെറിയ അങ്ങാടിയിലെത്തി. പട്ടാളബാരക്കുകള്‍ പശ്ചാത്തലമായ ഒരിടം. കടത്തിണ്ണകളിലും വഴിയോരത്തുമെല്ലാം വീണുകിട്ടിയ വെയില്‍ത്തുള്ളികളില്‍ നനഞ്ഞ ശരീരം ചൂടുപിടിപ്പിക്കുന്ന സ്ത്രീപുരുഷന്‍മാര്‍. ഇറുകിയ കണ്ണുകളും കുറ്റിമുടികളുമായി ചടഞ്ഞിരിക്കുന്ന കുട്ടികള്‍. മാരകമായ തണുപ്പുകാലം ഒരു ഭൂപ്രദേശത്തെയും ജനതയെയും വിഴുങ്ങാന്‍ തുടങ്ങുന്നതിന്റെ ആദ്യ ഘട്ടങ്ങള്‍. ഇനി ആറുമാസം മഞ്ഞിന്‍ പുതപ്പിനുള്ളില്‍ ഇവിടം ജീവിതം നിശ്ചലമാകും. വഴികള്‍ അടയും. നദികള്‍ ഉറയും. മരങ്ങള്‍ നഗ്‌നമാകും. മനുഷ്യന്‍ അതിനെതിരെ പോരടിച്ച് നില്‍ക്കും. അടുത്ത ആറുമാസം സുഖമായി ജീവിക്കാന്‍.

കാരു അങ്ങാടിയില്‍നിന്ന് സിന്ധുനദിക്കു കുറുകെ പണിത കറുത്ത ഇരുമ്പു പാലം കടന്നാല്‍ ഹെമിസിലേക്കുള്ള മലമ്പാതകള്‍ തുടങ്ങുകയായി. മുന്നോട്ടു പോകുന്തോറും ചിലയിടങ്ങളില്‍ കൃഷിത്തോപ്പുകള്‍ കണ്ടു. കുളങ്ങളില്‍ കുഞ്ഞുലാമമാര്‍ തുടിച്ചു കുളിക്കുന്നു. സംന്യാസ വേഷം ധരിച്ചാലും സ്‌കൂള്‍ യൂണിഫോം അണിഞ്ഞാലും ഭാഷയും ദേശവും മാറിയാലും കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ. ഭൂമിയിലെ ഏറ്റവും വലിയ സുന്ദരന്മാര്‍. ഇടുങ്ങിയ ഒരു വഴിയിലൂടെ അങ്ങേയറ്റത്ത് സമതലത്തില്‍ നിന്ന് അല്‍പ്പം മുകളിലേക്ക് കയറിയാല്‍ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ക്കു നടുവിലായാണ് ആ പുരാതന വിഹാരം. പര്‍വ്വതത്തിന്റെ പരുക്കന്‍ പ്രതലത്തില്‍ കടും ചായം തേച്ച മരങ്ങളും കല്ലും ചേര്‍ത്ത് പണിത വിഹാരം. പുറംകാഴ്ചയില്‍തന്നെ അതിന്റെ പൗരാണികത വെളിവാകുന്നു. ചുമരില്‍ ദീര്‍ഘമായ പ്രാര്‍ഥനാചക്രങ്ങള്‍. നാലുകെട്ടിന്റെ നടുമുറ്റം പോലെ തോന്നിക്കുന്ന തുറസ്സിന്റെ ചുമരുകളില്‍ പാതിയിലധികം മാഞ്ഞുപോയ ബുദ്ധമതചിത്രങ്ങള്‍. മുകളില്‍ പാറകളുടെ പൊത്തുകളില്‍ മെഷീന്‍ ഗണ്ണുമായി കാവല്‍ നില്‍ക്കുന്ന കാവല്‍ഭടന്‍മാര്‍.
ഹെമിസ് വിഹാരത്തിന്റെ പ്രധാന പ്രാര്‍ഥനാമുറിയുടെ വാതില്‍ കാഴ്ചയില്‍തന്നെ നൂറ്റാണ്ടുകളുടെ ചരിത്രം കൊത്തിവെച്ചതാണ്. പടുകൂറ്റന്‍ വാതിലും അതിന്റെ പാതിതേഞ്ഞ പടികളും കടന്നാല്‍, നിരവധി നിറങ്ങളുടെയും ചുവര്‍ചിത്രങ്ങളുടെയും അരണ്ട വെളിച്ചത്തിന്റെയും സങ്കലനം. നീളത്തില്‍ തൂങ്ങിക്കിടക്കുന്ന ബുദ്ധമത പ്രാര്‍ഥനാപതാകകള്‍. അവയ്ക്കിടയിലൂടെ എവിടെനിന്നൊക്കെയോ ഉതിര്‍ന്നുവീഴുന്ന വെളിച്ചത്തില്‍ ആ മുറി വല്ലാത്തൊരു നിഗൂഢത സൃഷ്ടിച്ചു.

ഞങ്ങള്‍ക്കു മുന്നില്‍ സ്വര്‍ണ്ണത്തില്‍ തിളങ്ങുന്ന ബുദ്ധവിഗ്രഹം. നിലത്ത് നീളത്തില്‍ ഇട്ട ഉയരം കുറഞ്ഞ മരമേശയും പ്രാര്‍ഥിച്ച് പഴകി ഏടുകള്‍ പറിഞ്ഞുപോയ പ്രാര്‍ഥനാഗ്രന്ഥങ്ങളും. തൊട്ടപ്പുറത്ത് ഏതൊക്കെയോ ഇരുട്ടുമുറികളിലേക്ക് കയറിപ്പോകുന്ന കല്ലിന്‍ഗോവണികള്‍. അതിനുള്ളില്‍ കെട്ടിനില്‍ക്കുന്ന പഴകിയ വായുവിന്റെ മണം.

പ്രമുഖ ബുദ്ധമത തീര്‍ഥാടനകേന്ദ്രം എന്നതിലുപരി ഹെമിസ് പ്രശസ്തമാവുന്നത് മറ്റൊരു വിവാദസംഭവത്തിലൂടെയാണ്. യേശുക്രിസ്തുവിന്റെ 'സന്ദര്‍ശന'ത്തിലൂടെ! 1881 ല്‍ ഈ വിഹാരം സന്ദര്‍ശിച്ച് കുറച്ച് ദിവസം താമസിച്ച നിക്കോളായ് നോട്ടോവിച്ച് എന്ന റഷ്യന്‍ യാത്രികന്റെ വിവരണത്തിലൂടെയാണ് വിവാദപരമായ ഈ പരാമര്‍ശം ആദ്യം വെളിച്ചം കാണുന്നത്. വിഹാരത്തിലെ തന്റെ താമസകാലത്ത് മുഖ്യലാമ നൂറ്റാണ്ടുകളായി സൂക്ഷിച്ച ചില ഗ്രന്ഥങ്ങള്‍ കാണിച്ചുകൊടുത്തെന്നും അതില്‍ ഈശ (ISA) എന്ന പേരില്‍ ഒരാള്‍ ഇവിടെ വന്ന് താമസിച്ചിരുന്നുവെന്നും രേഖപ്പെടുത്തിയ കാര്യം അദ്ദേഹം Unknown Life of Jesus christ എന്ന തന്റെ കോളിളക്കം സൃഷ്ടിച്ച പുസ്തകത്തില്‍ എഴുതി.

പിന്നീട് 1927 ല്‍ ഹെമിസ് സന്ദര്‍ശിച്ച സ്വാമി അഭേദാനന്ദന്‍ തന്റെ Journey into Kashmir and Tibet എന്ന ഗ്രന്ഥത്തില്‍ ഇത് ശരിവെച്ചു. ഹോള്‍ഗര്‍ കഴ്സ്റ്റണ്‍ എഴുതിയ Jesus Liv-ed in India എന്ന ഗ്രന്ഥം ഈ വിഷയത്തിലുള്ള സമഗ്രമായ ഒരന്വേഷണമാണ്. കുരിശാരോഹണത്തില്‍ ജീസസ് മരിച്ചില്ലെന്നും അദ്ദേഹം ടിബറ്റ് വഴി ഇവിടെയെത്തിയെന്നും കാശ്മീരില്‍ വെച്ച് വാര്‍ദ്ധക്യത്തില്‍ മരിച്ചുവെന്നുമാണ് ഈ അന്വേഷകന്‍ വാദിക്കുന്നത്. ഹെമിസ് വിഹാരം സന്ദര്‍ശിക്കുന്ന വിദേശികളില്‍ വലിയൊരു വിഭാഗം ഈ വിശ്വാസത്തില്‍ എത്തിച്ചേരുന്നവരാണ്. എന്നാല്‍ ഇക്കാര്യം കൗതുകത്തിനു വേണ്ടി അന്വേഷിച്ചപ്പോള്‍ എല്ലാ ലാമമാരും ഒരേ സ്വരത്തില്‍ പറഞ്ഞു: We don't know. ആ മറുപടിയില്‍ അല്‍പ്പം ഭയവും കലര്‍ന്നിരുന്നുവോ എന്ന് സംശയം. തീര്‍ച്ചയായും ഹെമിസ് വിഹാരത്തെ പര്‍വതങ്ങള്‍ മാത്രമല്ല, ഏതൊെക്കയോ നിഗൂഢതയും വലയം ചെയ്തു നില്‍പ്പുണ്ട്. വിഹാരത്തില്‍ നിന്നും മടങ്ങുമ്പോഴേക്കും പര്‍വതവഴികളില്‍ സായാഹ്നം പടര്‍ന്നിരുന്നു. മഞ്ഞും അരണ്ട വെളിച്ചവും ചേരുമ്പോള്‍ വല്ലാത്തൊരു വിഷാദാത്മകത. അത് അല്‍പ്പമൊക്കെ എന്റെ മനസ്സിനേയും ബാധിച്ചു.

പുസ്തകം വാങ്ങാം

അങ്ങിനെ വഴിയിറങ്ങി വരുമ്പോള്‍ റോഡരികില്‍ വൃദ്ധയായ ഒരു സ്ത്രീ നില്‍ക്കുന്നു. തനിച്ച്. അവര്‍ ഞങ്ങളുടെ വാഹനത്തിലേക്ക് കൗതുകത്തോടെ നോക്കി. 'ഞാനും വന്നോട്ടെ' എന്ന ചോദ്യം ആ കണ്ണുകളില്‍നിന്ന് ഉയരുന്നതുപോലെ എനിക്ക് തോന്നി. ഞാന്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. അവര്‍ അപരിചിതത്വം കലര്‍ന്ന അല്‍പ്പം നാണത്തോടെ വാഹനത്തില്‍ കയറി. ഞങ്ങള്‍ സംസാരിച്ചില്ല, പൊതുവായ ഒരു ഭാഷയില്ലാത്തതു കാരണം. പക്ഷെ സ്‌നേഹത്തോടെ കണ്ടിരുന്നു. കാരു അങ്ങാടിയില്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങാനായി ആംഗ്യം കാണിച്ചു. ഇറങ്ങി. മുന്നോട്ടു നീങ്ങുന്നതിനു മുമ്പേ ഒരിക്കല്‍കൂടി ഞാന്‍ അവരുടെ മുഖത്തേക്കു നോക്കി. ആ മുഖത്ത് നന്ദിയും സ്‌നേഹവും നിറയെ ഉണ്ടായിരുന്നു. അത് പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റാത്തതിന്റെ വിഷമവും ഉണ്ടായിരുന്നു. പക്ഷേ, എന്തിനു പറയണം? ഹൃദയങ്ങള്‍ സംസാരിക്കുമ്പോള്‍ ഭാഷ ആവശ്യമില്ല.
പത്തു മിനുട്ട് നേരത്തെ മൗനപൂര്‍ണ്ണമായ പരിചയം മാത്രം. എന്നിട്ടും അവര്‍ കണ്ണില്‍നിന്നും മറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വേദന പടര്‍ന്നു. അതു യാത്രകള്‍ക്കു മാത്രം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്ന അനുഭൂതിയാണ്. വിശുദ്ധമായ മനുഷ്യസ്‌നേഹത്തെ വെളിവാക്കിത്തരുന്ന സുകൃതം.

Content Highlights: mohanlalinte yathrakal mathrubhumi books leh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented