മോഹൻലാൽ
ഏതു കഥാപാത്രത്തിലും ഒരു മോഹന്‍ലാല്‍ ടച്ചുണ്ട്. ആ കഥാപാത്രം ലാലല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാനാവില്ലെന്ന് ഉറപ്പാക്കുംവിധമാണ് ലാലിന്റെ വൈവിദ്ധ്യം നിറഞ്ഞ കഥാപാത്രപരിചരണം.അഹിംസ എന്ന സിനിമയിലെ ലാലിന്റെ വേഷത്തെക്കുറിച്ച് ഐ.വി. ശശി എഴുതിയത് ഈ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നു.'വലിയൊരു താരനിരതന്നെ അഹിംസയിലുണ്ടായിരുന്നു. അതിലെ പ്രധാന വില്ലന്‍വേഷം ലാലിനായിരുന്നു. ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ലാലിനെ വെച്ചെടുത്ത ആദ്യഷോട്ട്. തുറന്ന ഒരു ജീപ്പില്‍ വേഗത്തില്‍ ഓടിച്ചുവന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്ത് അതില്‍നിന്ന് ഇറങ്ങിവരണം. സ്വിറ്റ്വേഷന്‍ ലാലിനു പറഞ്ഞുകൊടുത്തു. പക്ഷേ, ഞാന്‍ പറഞ്ഞുകൊടുത്തതിനപ്പുറമാണ് ലാല്‍ ചെയ്തത്. ജീപ്പ് ബ്രേക്ക് ചെയ്തതിനുശേഷം അതില്‍നിന്ന് ഇറങ്ങിവരാതെ മുന്നിലുള്ള ഗ്ലാസില്‍ കൈയൂന്നി ചാടിവരികയാണ് ചെയ്തത്. ആ ചാട്ടത്തില്‍ത്തന്നെ വില്ലനിസത്തിന്റെ ചടുലതകള്‍ കാണാമായിരുന്നു. ഞാന്‍ ഉറപ്പിച്ചു. ഇയാള്‍ പ്രതിഭാധനനായ ആക്ടര്‍തന്നെ. സിനിമയില്‍ അതു മനോഹരമായ ദൃശ്യമായി മാറി.' (ഐ.വി. ശശി 'അഹിംസ തുറന്ന വാതില്‍') ഐ.വി. ശശിയുടെ 22 സിനിമകള്‍ ലാലിന് പാഠശാലയായിരിക്കണം. അഹിംസ, അടിയൊഴുക്കുകള്‍, അനുബന്ധം, അങ്ങാടിക്കപ്പുറത്ത്, കരിമ്പിന്‍പൂവിനക്കരെ, ഉയരങ്ങളില്‍, ഇടനിലങ്ങള്‍, അഭയംതേടി, രംഗം, ദേവാസുരം എന്നീ ചിത്രങ്ങളിലൂടെ ഗ്രാമീണനും നാഗരികനും ആന്റിഹീറോയും പ്രതിനായകനും ഫ്യൂഡല്‍പ്രഭുവും ഉള്‍പ്പെട്ട വേഷങ്ങള്‍ ലാലിനുള്ളിലൂടെ കടന്നുപോയി. ഓരോ സിനിമയിലും ലാല്‍ സ്വീകരിക്കുകയും വിട്ടുപോരികയും ചെയ്ത കഥാപാത്രങ്ങള്‍ കാണികളുടെ മനസ്സിലാണ് ഇടംപിടിച്ചത്.
സത്യന്‍ അന്തിക്കാട് എഴുതിയപോലെ, 'ലാല്‍ സ്വതസ്സിദ്ധമായ ശരീരചലനങ്ങളും കഥാപാത്രത്തിനു ചേര്‍ന്ന ചേഷ്ടകളും പ്രത്യേക മാനറിസങ്ങളുംകൊണ്ട് ചെയ്തുപോന്ന വേഷങ്ങള്‍. ഷൂട്ട് ചെയ്യുമ്പോള്‍ അത്ര അനുഭവപ്പെടുകയില്ലെങ്കിലും സ്‌ക്രീനിലെത്തുമ്പോള്‍ അതിന് അപാരമായ സ്വീകാര്യതയാണ്. ലാലിനല്ലാതെ മറ്റൊരാള്‍ക്കും ആ വേഷം ചെയ്യാനാവുകയില്ലെന്ന് തീര്‍ച്ചപ്പെടുന്ന നിമിഷമാണ്.'
ലാലിന്റെ കഥാപാത്രപരിചരണത്തിന്റെ പൊതുസവിശേഷതയായി തോന്നുന്നത് ആ കഥാപാത്രത്തിന്റെ ആന്തരികസ്വഭാവഘടനയിലേക്കും പ്രത്യക്ഷസാമൂഹികഘടനയിലേക്കും പെട്ടെന്നു കടന്നുകയറാന്‍ കഴിയുന്ന നൈസര്‍ഗ്ഗികതയാണ്. ഈ കഥാപാത്രങ്ങളുടെ സംഭാഷണം, ചലനം, ഭാവം, സൂക്ഷ്മമായ വ്യക്തിഗതശീലങ്ങള്‍ എന്നിവ സ്വന്തം നിരീക്ഷണത്തിലൂടെ ലാല്‍ പരുവപ്പെടുത്തുകയാണ്. അതിനായി പലതരം ജീവിതങ്ങളിലെ മാതൃകാസങ്കല്‍പ്പങ്ങള്‍ നടന്റെയുള്ളില്‍ എപ്പോഴും കിടപ്പുണ്ടാവും. അതിനെ വേണ്ടസമയത്തു കഥാപാത്രവുമായി കൂട്ടിയിണക്കുന്ന സിദ്ധിയാണ് നടന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നത്. ആ കഥാപാത്രം ഓരോ സീനിലും എഴുത്തുകാരന്റെ ഭാവനയില്‍ എങ്ങനെ രൂപപ്പെടുത്തുന്നുവോ, അതിന്റെ ഇരട്ടി പ്രഭാവം, സ്വന്തം ശരീരത്തിലേക്കു പടര്‍ത്തുന്ന നടനശീലം ലാലിന് സുഗമമാണ്.
കിരീടത്തിലെ സേതുമാധവനും, ഭരതത്തിലെ ഗോപിനാഥനും മാതുപ്പണ്ടാരവുമെല്ലാം ജീവിതത്തില്‍ അതിസങ്കീര്‍ണ്ണമായ അവസ്ഥകള്‍ നേരിടുന്നവരാണ്. ഒരു പോലീസ് ഉദ്യോഗം കാത്തിരിക്കുന്ന സാധാരണക്കാരനായ ഒരു യുവാവ്, തെരുവില്‍ ഒരു ഗുണ്ടയായി മാറുന്ന സാമൂഹികവിപര്യയം, സങ്കീര്‍ണ്ണമായൊരു ജീവിതത്തിന്റെ ആകസ്മികമായ യാത്രയാണ്. ഗോപിനാഥനാകട്ടെ ഇതേപോലെ ഒരു ദുരന്തത്തെ മനസ്സില്‍ പേറി നടക്കുന്ന ഗായകനാണ്. തന്റെ ജന്മവിധിയുടെ താളപ്പിഴകളെയാണ് മാതുപ്പണ്ടാരം ചുമക്കുന്നത്. ഈ സിനിമകള്‍ മികച്ച സര്‍ഗ്ഗാത്മക കൂട്ടുകെട്ടുകളുടെ ഉത്പന്നങ്ങളായിരുന്നു. എം.ടിയും ഹരിഹരനും ഭരതനും ജോണ്‍പോളും ലോഹിതദാസും സിബിയും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും പത്മരാജനും രഞ്ജിത്തും മോഹനും പ്രിയദര്‍ശനും കെ.ജി. ജോര്‍ജും നല്ല കൂട്ടുകെട്ടുകളായി വന്നതോടെ സിനിമയുടെ ആശയപരവും സാങ്കേതികാധിഷ്ഠിതവുമായ ദൃശ്യഭാഷയ്ക്ക് ചടുലമായൊരു മികവു കൈവന്നു.
കിരീടം പോലീസ് ഉദ്യോഗം മാത്രം കാത്തിരിക്കുന്ന ഒരു യുവാവിന്റെ കഥയാണോ? ലാലിന്റെ സേതുമാധവനെ കണ്ടുകൊണ്ടിരിക്കെ അതു സ്‌നേഹത്തിന്റെ ആര്‍ദ്രമായ ആവിഷ്‌കാരമാണെന്ന് ബോദ്ധ്യപ്പെടുന്നുണ്ട്. തിരക്കഥാകൃത്തും സംവിധായകനും സൃഷ്ടിച്ച സേതു എന്ന കഥാപാത്രത്തെ ലാല്‍ ആഴമുള്ളൊരു സ്‌നേഹത്തിന്റെ പ്രതീകമായി വികസിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അയാള്‍ ആന്റിഹീറോയല്ല. അയാള്‍ അച്ഛനെ, അമ്മയെ, സഹോദരിയെ ജീവനുതുല്യം സ്‌നേഹിക്കുന്നു. കൂട്ടുകാരെ അയാള്‍ സംരക്ഷിക്കുന്നു. കാമുകിയെ അയാള്‍ ഗാഢമായ അനുരാഗംകൊണ്ട് ബന്ധിതയാക്കുന്നു. അയാളില്‍ ക്രിമിനലിന്റെ അംശമില്ല. ജീവിതത്തിന്റെ നിര്‍ണ്ണയിക്കാനാവാത്ത യാദൃച്ഛികത അയാളെ വലിയൊരു വാരിക്കുഴിയിലേക്ക് എറിയുന്നു. കിരീടത്തിലെ അവസാനത്തെ സീന്‍ വരെ സേതുവിന്റെ ഉള്ളില്‍നിന്ന് 'എന്തിന് എനിക്ക് ഈ ജീവിതം നല്‍കി' എന്നൊരു നിശ്ശബ്ദമായ ആക്രന്ദനം ഉയരുന്നുണ്ട്. ആശുപത്രിയില്‍ കിടക്കുന്ന അമ്മയെ കാണാന്‍ സേതു വരുന്ന സീനില്‍ വാചാലമായ ഈ സ്റ്റേറ്റ്‌മെന്റ് കാണാം. അയാള്‍ കിടക്കയ്ക്കരുകില്‍ വന്നുനില്‍ക്കുമ്പോള്‍ അച്ഛന്‍ (തിലകന്‍) അവിടെ നില്‍ക്കുന്നുണ്ട്. സേതു അച്ഛനെ നോക്കുമ്പോള്‍ അയാള്‍ മുഖം തിരിക്കുകയാണ്. ആ നോട്ടം മകനില്‍നിന്നു മാറി മറ്റെവേേിടക്കാ ബോധപൂര്‍വ്വം മാറുന്നു. പെട്ടെന്ന് മകന്‍ ആ കാലില്‍ പിടിച്ച് മാപ്പു ചോദിക്കുമ്പോഴും അശക്തനായ അച്ഛന്‍ മകനെ നോക്കുന്നില്ല. സേതു തിരിച്ചുപോകുമ്പോള്‍, ആ പോക്കു കണ്ട് നെഞ്ചുതകര്‍ന്ന അച്ഛന്‍ വിങ്ങിപ്പൊട്ടി കട്ടിലിലേക്കു ചായുകയാണ്.
ഒരൊറ്റ വാക്കുപോലും ഉച്ചരിക്കാതെ, മൗനത്തിന്റെ ഗംഭീരമായ വാചാലതയില്‍ സൃഷ്ടിക്കപ്പെട്ട ആ സീനിലുണ്ട് സ്‌നേഹത്തിന്റെ അമൂല്യമായ വില; വിധിയുടെ ക്രൂരമായ കോമാളിത്തവും. 'ഇനി ആര്‍ക്കാടാ എന്റെ ജീവന്‍ വേണ്ട'തെന്ന് സേതു വിളിച്ചുപറയുന്നത് സ്വന്തം വിധിയോടുതന്നെയാണ്. സങ്കീര്‍ണ്ണമായ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് ലാലിന്റെ പ്രതിഭയുടെ യഥാര്‍ത്ഥവികാസം നാം കാണുന്നത്. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ ഫ്യൂഡല്‍വ്യവസ്ഥയുടെ ധൂര്‍ത്തില്‍നിന്നും ധിക്കാരത്തില്‍നിന്നും പടിപടിയായി സാമൂഹികജീവിതത്തിലേക്ക് ഇറങ്ങുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതപ്രതിസന്ധിയാണ്. സ്വയം കൃതാനര്‍ത്ഥങ്ങളാണ് നീലനെ നീചനും സദാചാരവിരുദ്ധനുമാക്കുന്നത്. അയാളില്‍ ഒളിഞ്ഞിരിക്കുന്ന തിന്മനിറഞ്ഞ വാസനകളുടെ ഗര്‍വ്വിന് മറുപടി നല്‍കുന്നത് കലയാണ്. കല, ജീവിതത്തിന്റെ വിശുദ്ധദൗത്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു നര്‍ത്തകി നീലനില്‍ ജീവിതാശകളുടെ ഒരു ദീപം ജ്വലിപ്പിക്കുന്നു. ആസക്തികളില്‍നിന്നുള്ള പിന്മാറ്റമാണിത്. ഇങ്ങനെ അകവും പുറവും പതുക്കെ മാറിക്കൊണ്ടിരിക്കുന്ന ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലേക്കുള്ള ഇറക്കം ശരീരത്തില്‍ പടര്‍ത്തിയാണ് ക്രൗര്യത്തില്‍നിന്ന് ശാന്തത്തിലേക്കുള്ള നീലന്റെ യാത്രയെ ലാല്‍ ഉള്‍ക്കൊള്ളുന്നത്.
കഥാപാത്രത്തിനു പരമാവധി പ്രഭാവം നല്‍കാനുള്ള ഒരു നടന്റെ കഠിനാദ്ധ്വാനം നമുക്ക് ഈ കഥാപാത്രങ്ങളിലൂടെ വായിച്ചെടുക്കാന്‍ കഴിയും. കാലാപാനിയില്‍ ലാല്‍, അമരീഷ് പുരിയുടെ ഷൂ നക്കുന്ന ഒരു രംഗമുണ്ട്. ലാല്‍ അതു ചെയ്യുമ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍പോലും വിസ്മയിച്ചുപോയി. സീന്‍ കഴിഞ്ഞപ്പോള്‍ ആ സമര്‍പ്പണബോധത്തില്‍ തകര്‍ന്നുപോയ അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ചു കരഞ്ഞത് പ്രിയദര്‍ശന്‍ ഓര്‍മ്മിക്കുന്നുണ്ട്.
സദയത്തിലെ സത്യനാഥന്‍ സങ്കീര്‍ണ്ണമായ മനോഘടനയുള്ള കഥാപാത്രമാണ്. സത്യനാഥന്‍ എന്ന കഥാപാത്രത്തെ ഓര്‍മ്മകളിലൂടെയാണ് തിരക്കഥാകാരനായ എം.ടി. അവതരിപ്പിക്കുന്നത്. ഫാദര്‍ ഡൊമനിക്കിലൂടെ അയാളുടെ ജീവിതത്തിന്റെ ഒരു തലം മാത്രം കാണികള്‍ക്കു ലഭിക്കുന്നു. സത്യനാഥന്‍ തന്റെ ജീവിതത്തെ ഓര്‍ത്തെടുക്കുന്നതിലൂടെ അയാളുടെ ജീവിതത്തിലേക്ക് മറ്റൊരു വെളിച്ചം കാണികള്‍ കണ്ടെത്തുന്നു. അതു കൂട്ടിച്ചേര്‍ക്കുന്നത് ജയയുടെ ഓര്‍മ്മകളാണ്. അപ്പോഴാണ് സത്യനാഥന്റെ ജീവിതത്തിന്റെ ഏകദേശക്കാഴ്ചകള്‍ പ്രേക്ഷകനു ലഭിക്കുന്നത്. ജയയിലൂടെ സത്യനാഥന്റെ മോട്ടീവുകള്‍ തെളിഞ്ഞുവരുന്നു. സമൂഹത്തിലെ ഭ്രഷ്ടനായ കഥാപാത്രമാണ് സത്യനാഥന്‍. അയാളുടെ ആദ്യകാലജീവിതത്തിലെ പലവിധത്തിലുള്ള വേട്ടയാടലുകളും തിരസ്‌കാരങ്ങളും പലതരത്തിലുള്ള കയ്പുകള്‍ നിറയ്ക്കുന്നുണ്ട്. കടപ്പുറത്ത് മണലുകൊണ്ട് അയാള്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നു. അതു തകര്‍ക്കുന്നവനെ അയാള്‍ മാരകമായി ആക്രമിക്കുന്നുണ്ട്. ഒറ്റപ്പെട്ടുപോയവന്റെ മാനസികസംഘര്‍ഷത്തില്‍നിന്നാണ് അയാളുടെ മനോഘടനയില്‍ അധോതലവാസനകള്‍ രൂപംകൊള്ളുന്നത്.
മണല്‍ശില്‍പ്പം ഉണ്ടാക്കുന്നതുപോലെ ചിത്രരചനയും അയാളുടെ രക്ഷാമാര്‍ഗ്ഗമാണ്. യഥാര്‍ത്ഥത്തില്‍ അയാള്‍ അയാളെത്തന്നെ ചികിത്സിക്കുകയാണ്. സദയം ചോദ്യംചെയ്യുന്നത് വ്യവസ്ഥിതി ചിട്ടപ്പെടുത്തിയ നീതിയുടെ തുലാസ്സിനെയാണ്. നിങ്ങളുടെ ഉള്ളിലുള്ളയാളുടെ മനോവ്യാപാരങ്ങള്‍ നീതിന്യായവിചിന്തനത്തില്‍ അപ്രസക്തമാണ്. നിങ്ങള്‍ക്കു ചുറ്റും ഒരാള്‍ക്കൂട്ടമുണ്ടെന്ന് അതു പറയാതെ പറയുന്നു. നിയമസംഹിതകളില്‍ ഒന്നിലും നിങ്ങളുടെ സങ്കീര്‍ണ്ണമായ മനോവ്യാപാരങ്ങളെ വിശ്ലേഷണം ചെയ്യുന്നില്ല. അതുകൊണ്ട് നിങ്ങളെ ശരിയായി വായിക്കാന്‍, വ്യവസ്ഥാപിതനിയമങ്ങള്‍ക്ക് കഴിയുന്നില്ല. ഇത്തരമൊരു സങ്കീര്‍ണ്ണമായ അവസ്ഥയാണ് സദയത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ഇത് 130 മിനിറ്റില്‍ ഒതുക്കുകയെന്നത് സംവിധായകന്റെ മുമ്പിലുള്ള ശ്രമകരമായ ദൗത്യമാണ്. സിബി മലയില്‍ അതിനെ സാക്ഷാത്ക്കരിക്കുന്നത് ലാലിലൂടെയും മറ്റു നടന്മാരിലൂടെയുമാണ്. കേരളത്തിലെ താളവാദ്യങ്ങളില്‍ പഞ്ചാരിമേളത്തിന്റെ പതികാലംപോലെയാണ് സദയത്തിലെ ലാലിന്റെ പതിഞ്ഞാട്ടം. ദുരന്തങ്ങള്‍ പേറുന്ന ഒരു കഥാപാത്രത്തിന്റെ പതിഞ്ഞാട്ടമാണത്. സത്യനാഥന്റെ പുറംജീവിതം, അയാളുടെ അകംജീവിതം ആ ജീവിതത്തിനുള്ളിലെതന്നെ പ്രതിലോമപരമായ മനോവ്യാപാരജീവിതം, ജയിലിനകത്തും പുറത്തുമുള്ള അയാളുടെ പ്രത്യക്ഷജീവിതം. ഈ ഘട്ടങ്ങളിലൂടെ നടനു കടന്നുപോകണം. ലാല്‍തന്നെ ചില അഭിമുഖങ്ങളില്‍ വധശിക്ഷയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യജന്മങ്ങളുടെയും സ്വന്തം അനുഭവങ്ങളുടെയും ശുദ്ധവും അഗാധവുമായ വ്യസനങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
തൂക്കിക്കൊലയ്ക്ക് നടന്‍ തയ്യാറെടുക്കുന്ന നിമിഷങ്ങളില്‍, ജയിലര്‍ അനുഭവിക്കുന്ന അസ്വാഭാവികമായ ഭാവങ്ങള്‍ ലാല്‍തന്നെ കാണുന്നു. അവരുടെ അനുഭവകഥനങ്ങളിലൂടെ അവസാനനിമിഷങ്ങളിലൂടെ കടന്നുപോകുന്ന കുറ്റവാളിയുടെ മാനസികാവസ്ഥ ലാലും ഉള്‍ക്കൊള്ളുന്നുണ്ട്. മലയാളസിനിമയിലെ ഈ അനന്യമായ കഥാപാത്രത്തിനു ലാല്‍ നല്‍കിയ സാന്ദ്രവും ഗാഢവുമായ ആവിഷ്‌കാരം ഇന്ത്യന്‍ സിനിമയിലെതന്നെ വേറിട്ടൊരു പരിചരണമാണ്. ഒരു വിത്ത് ഒരു വന്‍മരത്തിന്റെ ശാഖകളും പടര്‍പ്പുകളും ഉള്ളിലൊതുക്കിയതുപോലുള്ള സൂക്ഷ്മമായ പാറ്റേണ്‍ ആണിത്. ഇത് ശരീരമോ മനസ്സോ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ആവിഷ്‌കാരമല്ല ഇതില്‍ ചില ഘട്ടങ്ങളില്‍ ലാല്‍, മനോനില തകിടംമറിഞ്ഞ താമസഭാവം ഉന്മാദാവസ്ഥയും മറ്റൊരു ഘട്ടത്തില്‍ സാത്ത്വികമായൊരു ഭാവതലവും എടുത്തണിയുന്നു. അവസാനസീനുകളില്‍ ആ നടന്‍, കണ്ണുകളുടെ നിശ്ചലതകൊണ്ട് അനിവാര്യതയെ വരവേല്‍ക്കുന്നു.
ചിത്രങ്ങള്‍ രൂപപ്പെടുത്തുന്ന അതേ ഉപകരണംകൊണ്ടാണ് അയാള്‍ കുട്ടികളെ കൊല്ലുന്നത്.
വാസ്തവത്തില്‍ താന്‍ കൊല്ലുന്നത് സമൂഹത്തിന്റെ യഥാര്‍ത്ഥ നീതി നടപ്പാക്കാനാണെന്ന് അയാളുടെ ഉപബോധമനസ്സ് സ്ഥൈര്യപ്പെടുത്തുന്നു. അല്ലെങ്കില്‍ ഇതേ സമൂഹം കുട്ടികളെ കൊല്ലാതെ കൊല്ലുമെന്നും അതില്‍ അശ്ലീലമായ ആനന്ദം കണ്ടെത്തുമെന്നും അയാള്‍ക്കറിയാം. അവരുടെ പില്‍ക്കാലജീവിതത്തിലെ പതിതമായ പാഠങ്ങളും പീഡനങ്ങളും അയാള്‍ അതേ മനസ്സുകൊണ്ട് അറിയുന്നുണ്ട്. അതിനു ശാസ്ത്രത്തിലും സാധൂകരണമുണ്ട്. ജീവശാസ്ത്രപരവും വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ എല്ലാ മനോഘടകങ്ങളും പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ആന്തരികവ്യവസ്ഥ തകിടംമറിയുന്നത്. ഇത് ഉത്കടമായ രോഗാവസ്ഥയാണ്.
നിര്‍ഭാഗ്യവശാല്‍ സമൂഹത്തിനും നിയമവ്യവസ്ഥയ്ക്കും ഇത്തരം രോഗത്തെ സാധൂകരിക്കാന്‍ കഴിയുന്നില്ല. അവര്‍ പ്രകടമായ വസ്തുതകളെ മാത്രം ആശ്രയിക്കുന്നു. കൊന്നവനുള്ള പ്രതിഫലം കൊലതന്നെയാണ്. ആ ശിക്ഷ സമൂഹം അഭിലഷിക്കുന്നു.
.jpg?$p=9396e2d&&q=0.8)
തന്റെ സിനിമാജീവിതത്തെക്കുറിച്ച് വാചാലനാകവേ, മാര്‍ലന്‍ ബ്രാന്‍ഡോ ഒരഭിമുഖത്തില്‍ പറഞ്ഞത്. ചില കഥാപാത്രങ്ങള്‍ സങ്കീര്‍ണ്ണമായ വ്യക്തിത്വമുള്ളവരായിരിക്കുമ്പോള്‍, സംവിധായകനും എഴുത്തുകാരനും നടനും തമ്മിലൊരു ആശയസംഘര്‍ഷം രൂപമെടുക്കുന്നുണ്ടെന്നാണ്. സ്റ്റാന്‍ലി കുബ്രിക്കിന്റെ ദ ഷൈനിങ് എന്ന ചിത്രത്തില്‍ ജാക് ടൊറാന്‍സ് എന്ന കഥാപാത്രം തന്റെ നടനജീവിതത്തെ സങ്കീര്‍ണ്ണമാക്കിയെന്ന് മറ്റൊരു നടനായ ജാക് നിക്കോള്‍സണ്‍ പറയുന്നു. അയാളുടെ ഉള്ളില്‍ മനോരോഗിയായ ഒരു കൊലയാളി ഒളിഞ്ഞിരിപ്പുണ്ട്. ഈ കൊലയാളിയെ പ്രത്യക്ഷവത്കരിക്കാന്‍ പ്രയാസമില്ല. 'ടൊറാന്‍സിന്റെ രോഗാതുരമായ മാനസികാവസ്ഥയും അതിന്റെ അനസ്യൂതമായ വളര്‍ച്ചയും ആവിഷ്‌കരിക്കാന്‍ തികഞ്ഞ അദ്ധ്വാനം വേണ്ടിവന്നു. അസാധാരണമായ ഇന്ദ്രിയാനുഭവങ്ങളില്‍നിന്ന്, ക്രിമിനല്‍മനസ്സിന്റെ മസ്തിഷ്‌കവേരുകള്‍ വളരുകയാണ്. ഇതിനെ പ്രത്യക്ഷവത്കരിക്കുന്നത് പ്രാകൃതവാസനകള്‍ ഉറങ്ങിക്കിടക്കുന്ന ചിരികൊണ്ടാണ്. അതുകൊണ്ട് ആ കഥാപാത്രം എന്റെയുള്ളില്‍ ഷൂട്ടിങ് സമയത്ത് വളര്‍ന്നുകൊണ്ടിരുന്നു. താളംതെറ്റിയ ഒരു മനസ്സുമായി മരണത്തിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി അനുനിമിഷം അനുരാഗലോലനായ ഒരു കഥാപാത്രത്തെ ആവിഷ്‌കരിക്കാന്‍ ഞാന്‍ ബദ്ധപ്പെട്ടു.' നിക്കോള്‍സണ്‍ ഒരഭിമുഖത്തില്‍ പറയുന്നു.
ഒരു കഥാപാത്രത്തെ ആവിഷ്‌കരിക്കാന്‍ നടന്‍ എടുക്കുന്ന എഫര്‍ട്ട് അഥവാ സമര്‍പ്പണം ആ കഥാപാത്രത്തില്‍ മറഞ്ഞിരിക്കുന്നതാണ് നല്ല പരിചരണരീതി. ഇത് സൂക്ഷ്മമായി സാക്ഷാത്ക്കരിക്കുന്നതാണ് ലാലിന്റെ അഭിനയരീതി. ദൃശ്യത്തിലെ ജോര്‍ജ്കുട്ടിയെ, പാപനാശത്തിലെ സുയംബുലിംഗവുമായി ഒന്നിച്ചുകാണുമ്പോള്‍ ഇതു ബോദ്ധ്യമാകും. കമല്‍ഹാസന്‍, അമീര്‍ഖാന്‍ തുടങ്ങിയവരുടെ മെത്തേഡ് ആക്ടിങ്ങല്ല ലാലിന്റേത്. അത് നടനെ വിട്ട് കഥാപാത്രത്തെ മാത്രം കാണുന്ന കാണിയിലേക്കുള്ള ഒരു പാലമാണ്. ലോകസിനിമയില്‍ ഇത്തരം കഥാപാത്ര പരിചരണം നടത്തുന്ന ഒരു അഭിനേതാവ് അല്‍ പാച്ചിനോയാണ്. സെന്റ് ഓഫ് എ വുമണ്‍, സ്‌കെയര്‍ ക്രോ തുടങ്ങിയ ചിത്രങ്ങളില്‍ പാച്ചിനോ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ ഈ ഒരു അനായാസത കാണാം. കഥാപാത്രത്തിന്റെ സമഗ്രതയ്ക്കും വ്യക്തിത്വത്തിനും അനുയോജ്യമായ വിധത്തില്‍ ചില മൂലകങ്ങള്‍ ചേര്‍ക്കുന്നതിലാണ് പാച്ചിനോയുടെ രീതി. ഇതിനു ലാലിന്റെ രീതികളുമായി പലതരത്തിലുള്ള സമാനതകളുണ്ട്.
തന്മാത്രയിലെ രമേശന്‍ നായരുടെ യാത്രയയപ്പിലെ മറുപടിപ്രസംഗം കാണുമ്പോള്‍ അതു കൃത്യമായി ബോദ്ധ്യപ്പെടും. ആ സീനില്‍ രമേശന്‍ നായര്‍ തന്റെ കുട്ടിക്കാലത്തെ ഒരു പാട്ടുപാടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നത് ആ കൈകളാണ്. ഭരതത്തിലെ ഗോപിനാഥന്‍, അപകടത്തില്‍ മരണപ്പെട്ട സഹോദരന്റെ ചിത്രം കാണുമ്പോള്‍ അതേ വിരലുകള്‍ അമര്‍ത്തിപ്പിടിച്ച് തന്റെ ഉത്കടമായ മാനസികസമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ നടത്തുന്ന വിഫലശ്രമത്തിന്റെ ഭാഗമാക്കി മാറ്റുകയാണ്.
ഒരു കഥാപാത്രത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയെ, അതിന്റെ തുടര്‍ച്ചകള്‍ മുറിയാതെ എസ്റ്റാബ്ലിഷ് ചെയ്യാന്‍ ലാലിനു പ്രത്യേകമായൊരു സിദ്ധിയുണ്ട്. താഴ്വാരത്തിലെ, ബാലന്റെ ഘനീഭവിച്ച മുഖം, ചിത്രത്തിലുടനീളം നിലനിര്‍ത്തിക്കൊണ്ട് ആ കഥാപാത്രത്തിന്റെ പ്രതികാരം ഘനീഭവിച്ച ക്രൗര്യത്തെ വെളിവാക്കുന്നുണ്ട് ലാല്‍.
ദശരഥത്തിലെ കഥാപാത്രം രാജീവ് ഏറ്റവും അവസാനത്തെ സീനില്‍ 'എല്ലാ അമ്മമാരും ആനിയെപ്പോലാണോ?' എന്ന് മാഗിയോട് (സുകുമാരി) ചോദിക്കുന്നു. 'അതേ കുഞ്ഞേ' എന്ന് മാഗി മറുപടി പറയുന്നുണ്ട്. രാജീവിന്റെ അമ്മയുടെ ജീവിതത്തെക്കുറിച്ച് മാഗി ഓര്‍മ്മിക്കുമ്പോള്‍ രാജീവിന്റെ മുഖം വിവര്‍ണ്ണമാകുന്നു. ഒരു ശോകഭാവം നിഴലിക്കുന്നു. ആനി മോനെ സ്‌നേഹിക്കുന്നു അല്ലേ എന്നു ചോദിച്ചുകൊണ്ട് രാജീവ് മാഗിയുടെ ചുമലില്‍ കൈവെക്കുന്നു. പിന്നെ ആ വിരലുകളാണ് കമ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കുന്നത്.
'മാഗിക്ക് എന്നെ സ്‌നേഹിക്കാമോ?' എന്ന് ആഴമേറിയ ആര്‍ദ്രതകൊണ്ടാണ് ലാല്‍ പൂര്‍ത്തിയാക്കുന്നത്. അതേ ലാലാണ്, ആറാം തമ്പുരാനില്‍ ഭാഷയുടെ മറ്റൊരു ടോണ്‍ സൃഷ്ടിക്കുന്നത്. 'നീ കോവിലകം എന്തിനു വാങ്ങിച്ചു? നീയാരാണ്?' എന്ന് നരേന്ദ്രപ്രസാദിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ ജഗന്നാഥന്‍ മറുപടി പറയുന്നത് തത്ത്വചിന്താഭരിതമായ ഒരു ടോണ്‍ ഡയലോഗില്‍ കലര്‍ത്തിയാണ്. ഈ വിധത്തില്‍ അഭിനയത്തിന്റെ അനുപൂരകമായ എല്ലാ ഘടകങ്ങളിലേക്കും ലാല്‍ അനായാസേന സഞ്ചരിക്കുന്നുണ്ട്. ഒരു സംവിധായകന് എങ്ങനെ വേണമെങ്കിലും ലാലിനെ ഉപയോഗപ്പെടുത്താം. സംവിധായകനും തിരക്കഥാകൃത്തും നടനു നല്‍കുന്ന കഥാപാത്രസൂചനകള്‍ക്കപ്പുറം സഞ്ചരിക്കാന്‍ ഈ നടനു കഴിയുന്നത് ശരീരംകൊണ്ടും മനസ്സുകൊണ്ടും സംഭാഷണംകൊണ്ടും പരമാവധി സൂക്ഷ്മത, ആ കാരക്ടറിനു നല്‍കാനുള്ള സന്നദ്ധതയാണ്. ദേവാസുരത്തിലെ നീലകണ്ഠനും, തേന്മാവിന്‍കൊമ്പത്തെ മാണിക്യനും, സ്ഫടികത്തിലെ ആടുതോമയും, മണിച്ചിത്രത്താഴിലെ ഒരു ക്രാക്ക് ആയ ഡോ. സണ്ണിയും, കാലാപാനിയിലെ ഗോവര്‍ദ്ധനും, ഭ്രമരത്തിലെ ശിവന്‍കുട്ടിയും, വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടനും ലാലിന്റെ സൂക്ഷ്മമായ പരിചരണംകൊണ്ട് നടനില്‍നിന്നും ഭിന്നമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളായി വളര്‍ന്നുനില്‍ക്കുന്നതാണ് നാം കണ്ടത്. കേരളം ചര്‍ച്ച ചെയ്തത് ആ കഥാപാത്രങ്ങളെയാണ്.
തിരക്കഥയിലെ സന്ദര്‍ഭങ്ങളുടെ പല റേഞ്ചുകളിലുള്ള ഭാവതലങ്ങള്‍ കഥാപാത്രത്തിന്റെ സമഗ്രതയിലേക്ക് കൊണ്ടുവന്ന് കാഴ്ചക്കാരില്‍ സമ്പൂര്‍ണ്ണാനുഭവം ജനിപ്പിക്കുന്നതിനാണ് നടന്‍ തന്റെ ഉപാധികള്‍ പ്രയോഗിക്കുന്നത്. ക്രിയ, വാചികം, ഭാവം എന്നിവയുടെ ലയമാണ് ഇതില്‍ പ്രധാനം. എങ്കില്‍ മാത്രമേ എഴുത്തുകാരന്‍ സൃഷ്ടിച്ചതും സംവിധായകന്‍ ഇച്ഛിച്ചതുമായ കഥാപാത്രത്തെ, അതിനപ്പുറത്തേക്കു വളര്‍ത്താന്‍ നടനു കഴിയുകയുള്ളൂ. ഇവിടെയാണ് ലാലിന്റെ അടയാളം നാം കണ്ടെത്തുന്നത്. ഒരു ഡയലോഗിന്റെ ടോണുകളില്‍പ്പോലും ഈ പരിചരണം നാം കാണുന്നു. മണിച്ചിത്രത്താഴില്‍ ഏറ്റവും സങ്കീര്‍ണ്ണമായ സീനുകള്‍ കഥാനായകനായ സണ്ണി, ഗംഗയുടെ വര്‍ത്തമാനകാലവും ഭൂതകാലവും ഇഴപിരിച്ചെടുക്കുന്ന ആ ഫ്‌ളാഷ്ബാക്കില്‍ ലാല്‍ പറയുന്ന ഡയലോഗുകളാണ്. ഗംഗയെ മുറിയിലിട്ടുപൂട്ടിയശേഷം, മഹാദേവന്റെ സാന്നിദ്ധ്യത്തില്‍ ഡോക്ടര്‍ സണ്ണി, നകുലനോടു പറയുന്ന വെളിപ്പെടുത്തല്‍ സവിശേഷമായൊരു വാചകത്തിലൂടെയാണ് പ്രേക്ഷകരും നകുലനും അറിയുന്നത്. 'ഞാന്‍ കരുതിയതിലും വളരെ മുമ്പുതന്നെ വേദനിപ്പിക്കുന്ന ചില കാര്യങ്ങള്‍ നീ അറിയാന്‍ തുടങ്ങുകയാണ്' എന്ന സംഭാഷണത്തിലുമുണ്ട് നിഗൂഢമായ മാനസികനിലതെറ്റിയ ഗംഗയുടെ പുരാവൃത്തം മുഴുവന്‍. ലാല്‍ ഇതു പറയുമ്പോള്‍ ആ വാക്കുകളില്‍ അതിനാടകീയതയൊന്നുമില്ല. നമ്മള്‍ കോറല്‍ മ്യൂസിക്കില്‍ വിശദീകരിക്കുന്നതുപോലെ ബാസിനും ബാരിടോണ്‍ ശബ്ദത്തിനും ഇടയിലുള്ള ഒരു പിച്ചില്‍, വികാരങ്ങളെ സമ്പൂര്‍ണ്ണമായി നിയന്ത്രിച്ചുനിര്‍ത്തുകയാണ്. ഒരു വിഷാദാലാപംപോലെയാണ് മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന ആ ആത്മാലാപം കഥയുടെ സങ്കീര്‍ണ്ണമായ കുരുക്കുകള്‍ അഴിച്ചെടുക്കുന്നത്. ഇടയ്ക്കിടെ വാക്കുകള്‍ക്കിടയിലുള്ള മൗനത്തെ ജ്വലിപ്പിക്കുന്നതാണ് ലാലിന്റെ ഈ ഭാഷണരീതി.
2000-നു ശേഷം നടന്‍ എന്ന നിലയില്‍ ലാല്‍ നിര്‍മ്മിച്ചെടുത്ത സ്‌ക്രീന്‍ ഇമേജ് സ്ഥാപനവത്കരിക്കപ്പെടുന്നതാണ് നാം കണ്ടത്. നടനില്‍നിന്ന് പ്രസ്ഥാനനായകനിലേക്കുള്ള (ആരാധകര്‍ ഇതിനെ മെഗാസ്റ്റാര്‍ എന്നും മില്ലേനിയം സ്റ്റാര്‍ എന്നും മറ്റും വിശേഷിപ്പിക്കുന്നുണ്ട്) എതിരാളികളില്ലാത്ത യാത്രയാണിത്. തിയേറ്ററില്‍ വന്‍ വിജയമാകുന്ന, തന്റെ താരവ്യക്തിത്വത്തെ കൂടുതല്‍ ഉദ്ദീപനം ചെയ്യുന്ന, അധികാരസ്വരൂപങ്ങളുടെ പ്രതീകമായ, രക്ഷകസ്വഭാവമുള്ള ഇമേജുകളിലേക്കുള്ള യാത്രയാണിത്. ഇവിടെ ലാലിന്റെ നടനലാലസങ്ങളും സ്വീകാര്യതയും വിപണിസാദ്ധ്യതകളും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ സംവിധായകര്‍ രംഗത്തുവന്നു. ഇന്‍ഡസ്ട്രിയിലെ ബിഗ്ബജറ്റ് പ്രൊജക്ടുകളാണ് ലാലിനെ ഇത്തരം സംവിധായകരുടെ ഇഷ്ടനടനാക്കിയത്. വില്ലനും ഹീറോയും വീരരസവും കലര്‍ന്ന ജംബോ കഥാപാത്രങ്ങള്‍ പഴയ ധീരോദാത്തനായകന്റെ ആഗോളീകരണകാലത്തെ അധികാരസ്വരൂപങ്ങള്‍ തന്നെയാണ്. ഇതിനിടയിലും ലാലിനെ മാത്രം തേടിവന്ന ഒരുപിടി കഥാപാത്രങ്ങളാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടില്‍ ലാലിന്റെ അഭിനയദാഹത്തെ നിലനിര്‍ത്തിപ്പോന്നത്.
പക്ഷേ, ഈ റേഞ്ചുകള്‍ അദ്ഭുതകരംകൂടിയാണ്. നരസിംഹം, രാവണപ്രഭു, പ്രജ, നാട്ടുരാജാവ്, നരന്‍, ഉടയോന്‍, കീര്‍ത്തിചക്ര, ബാബാകല്യാണി, ഛോട്ടാ മുംബൈ, അലിഭായ്, ഹലോ, മാടമ്പി, റെഡ് ചില്ലിസ്, സാഗര്‍ ഏലിയാസ് ജാക്കി, ശിക്കാര്‍, കാണ്ഡഹാര്‍, ഗ്രാന്റ്മാസ്റ്റര്‍, റണ്‍ ബേബി റണ്‍, പുലിമുരുകന്‍, ലൂസിഫര്‍, ജനതാ ഗാരേജ് എന്നീ ചിത്രങ്ങള്‍ ചെയ്ത ലാലിനെക്കാള്‍ നടനലാലസനായ ലാലിനെ നമ്മള്‍ കമ്പനി, തന്മാത്ര, രസതന്ത്രം, ഉദയനാണു താരം, പരദേശി, ഭ്രമരം, പ്രണയം, സ്പിരിറ്റ്, ദൃശ്യം എന്നീ സിനിമകളില്‍ കണ്ടു. അഭിനയത്തിന്റെ രസമാപിനി ലാലിനു നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന സിനിമകളാണിത്.
ഇനി വരാനിരിക്കുന്നതാണ് നല്ലകാലം എന്ന പ്രതീക്ഷയോടെ ജീവിക്കുന്ന ഒരാളാണ് ലാല്‍. യാതൊന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ ജീവിതത്തെ വന്നപടി ആശ്ലേഷിക്കുന്ന ഒരാള്‍. ലാലിനെ ഇനിയും കഥാപാത്രങ്ങള്‍ തേടിയെത്തുന്നുണ്ട്. മലയാളത്തിന്റെ ഈ സമാനതകളില്ലാത്ത അഭിനേതാവ് അവരെയും ഷോകേസ് ചെയ്യട്ടെ.
Content Highlights: Mohanlal, M.P Surendran, Abhinayajeevitham, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..