മോഹൻലാൽ | ഫോട്ടോ: ടി.കെ പ്രദീപ്കുമാർ / മാതൃഭൂമി
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62ാം പിറന്നാള്‍. മോഹന്‍ലാല്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ദൈവത്തിനുള്ള തുറന്ന കത്തുകള്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം..
ഞാന്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ തൃശൂര്‍ എന്ന ചരിത്രനഗരം അതിന്റെ ഏറ്റവും വലിയ ആഘോഷമായ പൂരത്തിന്റെ കൊട്ടിക്കലാശത്തിലേക്ക് ചുവടുവെക്കുകയാണ്. ഇലഞ്ഞിത്തറയുടെ ചുവട് മേളത്തിന്റെ മഴയില്‍ കുളിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതു കഴിഞ്ഞാല്‍ ആനകളുടെ പുറത്ത് അനന്തമായ വര്‍ണക്കുടകള്‍ വിരിയും, രാത്രി ആകാശത്ത് അമിട്ടുകള്‍ പൊട്ടിച്ചിരിക്കും. സത്യന് അന്തിക്കാടടക്കമുള്ള എന്റെ ഒരുപാടു സുഹൃത്തുക്കളും എണ്ണമറ്റ മറ്റു മലയാളികളും വിസ്മയത്താല്‍ വിടര്‍ന്ന കണ്ണുകളുള്ള മലയാളികളും വിയര്‍ത്തുകുളിച്ച് തിരക്കിലൂടെ തിക്കിത്തിരക്കി നടക്കും. മേളത്തിനു താളംപിടിക്കും. ആകാശക്കുടകള്‍ കണ്ട് ആവേശംകൊള്ളും. അവര്‍ ഭാഗ്യവാന്മാര്. ഈ ഭാഗ്യം ഈ ജന്മത്തില് എനിക്ക് വിധിച്ചിട്ടില്ല.
തൃശൂര്‍പൂരത്തെക്കുറിച്ച് എനിക്ക് വിചിത്രമായ ഒരനുഭവമുണ്ട്. ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഞാനും മാള അരവിന്ദനും സെറീനാ വഹാബും ചേര്‍ന്ന് കാറില്‍ വരികയാണ്. പൂരക്കാലം, കാറിന്റെ ടയര്‍ പഞ്ചറായി. കാര്‍ പൂര്‍ണമായും നിന്നു. പൂരത്തിരക്കില്‍ കുടുങ്ങി. ഞങ്ങളെ തിരിച്ചറിഞ്ഞതോടെ ജനം കാറിനു ചുറ്റും പൊതിഞ്ഞു. ഒടുവില്‍ പോലീസുകാര്‍ വളരെ പണിപ്പെട്ട് ഞങ്ങളെ അവിടെനിന്നും ഓടിക്കുകയായിരുന്നു. അങ്ങനെ തീര്‍ന്നതാണ് എന്റെ പൂരക്കാഴ്ചായോഗം.
ശക്തന്‍തമ്പുരാന്റെ കാലത്ത് തുടങ്ങിവെച്ചതാണ് തൃശൂര്‍പൂരം എന്ന് ചരിത്രം പറയുന്നു. തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും ചേര്‍ന്നുള്ള മത്സരത്തിലൂടെ പൂരം പല നിലകളിലേക്കു വികസിക്കുന്നു. കുംഭമീന മാസങ്ങള്‍ നമുക്ക് വേല പൂരങ്ങളുടെ മാസമാണ്. പെരുവനം പൂരം, ആറാട്ടുപുഴ പൂരം, തിരുമാന്ധാംകുന്ന് പൂരം തുടങ്ങി തൃശൂര്പൂരത്തിനെച്ചുറ്റി വേറെയും പല പൂരങ്ങളുണ്ട്. ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു ഉത്സവം ഉണ്ടാവില്ല. ഒരേസമയം നാദങ്ങളുടെ സിംഫണി, നിറങ്ങളുടെ സിംഫണി, മനുഷ്യരുടെ സിംഫണി, മനസ്സുകളുടെ സംഫണി, ഒന്നും ഒരു മാത്ര പിഴയ്ക്കാതെ തുടങ്ങിത്തുടര്ന്ന് തീരുന്നു.
അതിലും വലിയ അദ്ഭുതം എന്താണുള്ളത്. ആരാണ് ഈ സിംഫണിയുടെ കണ്ടക്ടര്‍? ആരാണ് അതിനു മാത്രകള്‍ കുറിക്കുന്നത്? ഒരിക്കലും പൂരപ്പരമ്പുകളില്‍ പോകാന്‍ സാധിക്കാത്ത ഞാന്‍ പൂരത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. നമ്മുടെ മനസ്സാണ് ഏറ്റവും വലിയതും വിശാലമായതുമായ പൂരത്തട്ട്. അവിടെ എപ്പോഴും പൂരങ്ങള്‍ കൊടിയേറുകയും കൊട്ടിത്തോര്ന്ന് തീരുകയും ചെയ്യുന്നു. എന്തെല്ലാം വികാരങ്ങള്‍, ആലോചനകള്‍, ആഘോഷങ്ങള്‍ ഓരോ നിമിഷവും മനസ്സിന്റെ ഈ പൂരപ്പറമ്പില്പ്പെരുകുന്നു! വികാരങ്ങള്‍ മുഖാമുഖം നിന്ന് എന്തെല്ലാം കുടകള്‍ മാറുന്നു! അമിട്ടുപോലെ പൊട്ടിച്ചിതറുന്നു! എല്ലാം കഴിയുമ്പോള്‍ മനസ്സ് എപ്പോഴൊക്കെയോ ശാന്തമാവുന്നു. ഒഴിഞ്ഞ പൂരപ്പറമ്പുപോലെ... ഒഴിഞ്ഞ പൂരപ്പറമ്പുപോലെ എന്നത് ഒരു ആന്തരികശുദ്ധീകരണത്തിന്റെ ഏറ്റവും മനോഹരമായ പേരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓരോ നിമിഷവും മനസ്സില്‍ അതു നടക്കുന്നു. ആ പ്രക്രിയയാണ് മനുഷ്യനെ ചൈതന്യത്തോടെ നിലനിര്‍ത്തുന്നത്.
പ്രിയപ്പെട്ടവരേ, പൂരത്തെക്കുറിച്ചോര്ത്ത് കൊതിയോടെ ഞാന്‍ എന്റെ അടച്ചിട്ട മുറിയില്‍ ഇരിക്കുന്നു. ഓരോ തവണയും ഞാന്‍ ജനല്പ്പാളികള് തുറക്കുമ്പോള്‍ അല്ല തുറന്നിടുകയാണ് ദൂരേ മേളം മുറുകുന്നതിന് കാതോര്‍ത്തുകൊണ്ട്, ആനച്ചൂരിന് ആഗ്രഹിച്ചുകൊണ്ട് കുടയുടെ വര്‍ണങ്ങളെ സങ്കല്പിച്ചുകൊണ്ട,് ആകാശത്തില്‍ വെളിച്ചം മഴയാവുന്ന നിമിഷം കാത്തുകൊണ്ട്.
അതിനു സാധിക്കുന്ന നിങ്ങള്‍ ഭാഗ്യവാന്മാര്..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..