ന്ന് മുഹമ്മദ് റഫി പ്രശസ്ത ഗായകനും നടനുമായ കുന്ദന്‍ ലാല്‍ സൈഗളിനെ ഭ്രാന്തമായി ആരാധിക്കുകയും അദ്ദേഹത്തെപ്പോലെയാവാന്‍ ആഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം അന്ന് സുഹൃത്തുക്കളുടെ വീട്ടിലും കൊച്ചുകൊച്ചു ആഘോഷങ്ങളിലും സൈഗള്‍ പാടിയ പാട്ട് പാടുമായിരുന്നു. ആ കാലത്ത് സൈഗളുമായി കണ്ടുമുട്ടിയതും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചു എന്നതും സൗഭാഗ്യമായി. അന്നദ്ദേഹത്തിന് ഏകദേശം 15 വയസ്സുകാണും. ലാഹോറിലെ ഒരാഘോഷത്തില്‍ സൈഗള്‍ പാടുന്നുണ്ടായിരുന്നു. ആ പാട്ട്  കേള്‍ക്കാനായി റഫി സഹോദരനോടൊപ്പം എത്തിയതായിരുന്നു സംഭവം. പരിപാടി തുടങ്ങുന്നതിനു മുന്‍പ് സ്റ്റേജിലെ മൈക്ക് കേടായി. പരിപാടി വൈകുന്നത് കണ്ട് ജനം ബഹളംവെക്കാന്‍ തുടങ്ങി. ജനങ്ങളെ എങ്ങനെ ശാന്തരാക്കുമെന്ന് സംഘാടകര്‍ വിഷമിച്ചു. ആ സമയത്ത് റഫിയുടെ മൂത്ത സഹോദരന്‍ സംഘാടകരുടെ അടുത്തു ചെന്ന് മൈക്ക് ശരിയാക്കുംവരെ ജനങ്ങളെ ശാന്തരാക്കാന്‍ തന്റെ സഹോദരനു പാടാന്‍ അവസരം നല്കണം എന്ന് അപേക്ഷിച്ചു.

സംഘാടകര്‍ക്ക് ഈ നിര്‍ദേശം സ്വീകാര്യമായില്ല. കാരണം മൈക്കില്ലാതെ പാടുന്നത് തമാശയാണോ? പക്ഷേ, അവരും ആകെ വിഷമിച്ചിരുന്നു. മറ്റു പോംവഴിയില്ലാതെ അവര്‍ റഫിക്കു പാടാന്‍ അനുമതി കൊടുത്തു. റഫിക്ക് മാറ്റുരയ്ക്കാനുള്ള ഒരവസരമായിരുന്നു ഇത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. മൈക്കില്ലാതെതന്നെ പാടി അദ്ദേഹം ശ്രോതാക്കളെ ശാന്തരാക്കി. അപ്പോഴേക്കും സൈഗളും എത്തിച്ചേര്‍ന്നു. അദ്ദേഹം കൗതുകവും പ്രശംസയും നിറഞ്ഞ ദൃഷ്ടിയോടെ ആ കൊച്ചുഗായകനെ നോക്കിനില്പായി. റഫി മൈക്കില്ലാതെതന്നെ ഉച്ചസ്വരത്തില്‍ പാടുകയും ശ്രോതാക്കള്‍ 'വണ്‍സ് മോര്‍' എന്നു പറഞ്ഞ് റഫിയുടെ ഉത്സാഹത്തെ വര്‍ധിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും മൈക്ക് ശരിയായി, സൈഗള്‍ തന്റെ മധുരസ്വരത്തില്‍ പാട്ടു തുടങ്ങി. എന്നാല്‍ അതിനു മുന്‍പുതന്നെ ഈ വളര്‍ന്നുവരുന്ന പാട്ടുകാരനെ പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല. റഫിയുടെ ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'ഒരിക്കല്‍ നിന്റെ ശബ്ദം വിദൂരങ്ങളില്‍ വ്യാപിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.'

പിന്നീട് റഫിക്ക് സംഗീതജ്ഞനായ ഫിറോസ് നിസാമിയുടെ സംഗീതസംവിധാനത്തില്‍ ലാഹോര്‍ റേഡിയോയില്‍ പാടാന്‍ അവസരം ലഭിച്ചു. അവിടെ അദ്ദേഹത്തിന് പ്രസിദ്ധി ലഭിക്കുകയും ലാഹോര്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ കാരണമാകുകയും ചെയ്തു. ആ സമയത്ത് റഫിയുടെ വിവാഹം, ബന്ധുവായ ബശീറനുമായി നടന്നു. ഈ വിവാഹം കോട്ട്‌ല-സുല്‍ത്താന്‍സിംഹില്‍വെച്ചാണ് നടന്നത്. അന്ന് റഫിക്ക് 20 വയസ്സ് പ്രായമാണ്. ആ കാലത്താണ് അന്നത്തെ പ്രശസ്ത സംഗീതജ്ഞനായ ശ്യാംസുന്ദറും മികച്ച അഭിനേതാവും നിര്‍മാതാവുമായ നാസിര്‍ഖാനുമായി റഫി കണ്ടുമുട്ടുന്നത്. അവര്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുകയും മുംബൈയില്‍ ചെല്ലാന്‍ ക്ഷണിക്കുകയും ചെയ്തു.

മുഹമ്മദ് റഫി ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു: 'നാസിര്‍ഖാന്‍ എന്നെ മുംബൈയില്‍ കൊണ്ടുപോയി സിനിമാപ്പാട്ടുകാരനാക്കാന്‍ അച്ഛനോട് അനുവാദം വാങ്ങി. എന്നാല്‍ അച്ഛന്‍ അത് ഒറ്റയടിക്ക് നിരസിച്ചു. കാരണം, അദ്ദേഹം പാട്ടിനെ ഇസ്‌ലാംവിരോധിയായി കണക്കാക്കിയിരുന്നു. നാസിര്‍ഖാന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ എന്റെ മൂത്ത സഹോദരന്‍ എന്നെ മുംബൈയില്‍ കൊണ്ടുപോകാന്‍ അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചു. ഏറെ പ്രതിഷേധങ്ങള്‍ക്കു ശേഷം എന്റെ അച്ഛന്‍ സിനിമാപ്പാട്ട് പാടുന്നത് എന്റെ തൊഴിലാക്കാന്‍ അനുവദിച്ചു.'

മുംബൈയില്‍ സംഘര്‍ഷം

റഫി മൂത്ത സഹോദരനോടൊപ്പം സ്ഥലമറിയാതെ മുംബൈയിലെത്തി. രണ്ടുസഹോദരങ്ങള്‍ക്കും മുംബൈയിലെത്തിയപ്പോഴാണ് ഈ വഴി എത്ര ദുര്‍ഘടമാണെന്ന് മനസ്സിലായത്. അവരുടെ കൈയില്‍ പണവും കുറവായിരുന്നു. അവര്‍ ഭിണ്ടി ബസാറിലാണ് താമസിച്ചത്. അവിടെനിന്നും ശ്യാംസുന്ദറിനെ കാണാനായി എല്ലാ ദിവസവും ദാദറിലുള്ള സ്റ്റുഡിയോയില്‍ പോകും. അവര്‍ രണ്ടു തലയണ ഉറകളില്‍ കടല നിറച്ചുകൊണ്ടുവന്നിരുന്നു. ദിവസങ്ങളോളം അവര്‍ കടല തിന്ന് കഴിച്ചുകൂട്ടി. അവസാനം ഒരുദിവസം ശ്യാംസുന്ദറിനെ കാണാനുള്ള അവരുടെ ശ്രമം വിജയിച്ചു. അദ്ദേഹം തന്റെ വാഗ്ദാനപ്രകാരം റഫിക്ക് പഞ്ചാബി സിനിമയായ ഗുല്‍ബലോചില്‍ സീനത്തിനൊപ്പം പാടാന്‍ അവസരം നല്കി. 1944ലെ കാര്യമാണിത്. അങ്ങനെ റഫി ഗുല്‍ബലോചിലെ 'ഗൊരിയേനി, ഹിരിയേ നി തേരീ യാദ് ന യാന് സതായാ' എന്ന ഗാനത്തോടെ പിന്നണിഗാനമേഖലയില്‍ കാല്‍വെച്ചു. പഞ്ചാബി ഗാനത്തില്‍ ജനപ്രിയനായ ശേഷം റഫി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ശ്യാംസുന്ദറിന്റെ ക്ഷണപ്രകാരം മുംബൈയില്‍ പോയി. ഇത്തവണ അദ്ദേഹം ഗാവ് കീ ഗോരിയില്‍ പാടി. അതദ്ദേഹത്തിന്റെ ആദ്യ ഹിന്ദി സിനിമയായിരുന്നു.

നൗഷാദിനൊപ്പം

അക്കാലത്ത് റഫി അന്നത്തെ പ്രശസ്ത സംഗീതകാരനായ നൗഷാദുമായി കണ്ടുമുട്ടി. നൗഷാദ് ഒരു അഭിമുഖത്തില്‍ റഫിയുമായുള്ള തന്റെ കണ്ടുമുട്ടലിനെക്കുറിച്ചു ഇങ്ങനെ പറഞ്ഞു: റഫി ആദ്യമായി തന്നെ അറിയുന്ന ഒരാളുടെ ശിപാര്‍ശക്കത്തുമായാണ് കാണാന്‍ വന്നത്. കത്തില്‍ പറഞ്ഞിരുന്നത്, വ്യക്തി വളരെ സുന്ദരമായ ശബ്ദത്തിനുടമയാണെന്നും അയാള്‍ക്ക് പാടാന്‍ അവസരം നല്കണമെന്നുമായിരുന്നു. നൗഷാദ് പറഞ്ഞു, 'ഞാന്‍ ആ യുവാവിന്റെ ഒന്നുരണ്ടു ഗാനങ്ങള്‍ കേട്ട് അതില്‍ വളരെയധികം സ്വാധീനിക്കപ്പെട്ടു. അയാള്‍ ഒരു വലിയ ഗായകനായിത്തീരുമെന്ന് ഞാനയാളോട് പറഞ്ഞു. ബന്ധം തുടരണമെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. തുടക്കത്തില്‍ ഞാന്‍ ആ യുവാവിന് കോറസില്‍ പാടാന്‍ അവസരം നല്കി. 'ഹിന്ദുസ്ഥാന്‍ കെ ഹം, ഹിന്ദുസ്ഥാന്‍ ഹമാരാ ഹേ' പോലുള്ള കോറസ്.'

നൗഷാദുമായി പരിചയപ്പെടുന്നതിന്റെ ആരംഭദശയില്‍ത്തന്നെ റഫി താന്‍ സൈഗളിന്റെ ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പം പാട്ടുപാടാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. നൗഷാദ് അന്ന് ഷാജഹാന്‍ എന്ന സിനിമ ചെയ്യുകയായിരുന്നു. ഇത് സൈഗളിന്റെ അവസാനകാലസിനിമകളിലൊന്നായിരുന്നു. ഈ ഫിലിമിലെ ഒരു പാട്ട് സൈഗളിനൊപ്പം പാടാന്‍ നൗഷാദ്, റഫിക്ക് അവസരം കൊടുത്തു. കേവലം രണ്ടു വരികളേ പാടാനുണ്ടായിരുന്നുള്ളൂ- 'മേരേ സപ്‌നോംകീ റാണി... രൂഹി, രൂഹി, രൂഹി.' ഈ പാട്ടിന്റെ പശ്ചാത്തലം ഏകദേശം ഇപ്രകാരമാണ്: സുഹൈല്‍ എന്നു പേരായ കവി (സൈഗള്‍) ഈ പാട്ടിലൂടെ രൂഹി എന്നു പേരായ ഒരു സുന്ദരി (സല്‍മാ ആഗായുടെ അമ്മ)യുടെ ആകാരം വിവരിക്കുകയാണ് ചെയ്യുന്നത്. കവിയുടെ ഈ പാട്ടുകാരണം ആ സുന്ദരിയുടെ മനോഹാരിതയുടെ ഖ്യാതി എങ്ങുമെത്തുന്നു. ആസ്വാദകര്‍ ഈ പാട്ടുപാടി നടക്കുന്നു. ഫിലിമില്‍ ആസ്വാദകരില്‍ ഒരാള്‍ ഈ പാട്ടിന്റെ അവസാനത്തെ രണ്ടു വരികള്‍ പാടുന്നതായി കാണിക്കുന്നു. ഈ രണ്ടു വരികളാണ് റഫി പാടുന്നത്.

mohammed rafi: sangeethavum jeevithavum
പുസ്തകം വാങ്ങാം

നൗഷാദ് അതിനുശേഷം 1946-ല്‍ റഫിയുടെ ശബ്ദത്തില്‍ അന്‍മോല്‍ ഘഡിയുടെ ഒരു പാട്ട് റെക്കോഡ് ചെയ്യിച്ചു. 'തേരാ ഖിലൗനാ ടൂട്ടാ ബാലക്ക്, തേരാ ഖിലൗനാ ടൂട്ടാ'. ഈ സിനിമയില്‍ സുരയ്യ, സുരേന്ദ്ര, നൂര്‍ജഹാന്‍ എന്നിവര്‍ അഭിനയിച്ചു. മൂന്നുപേരും പാടുകയും ചെയ്തു. ഇത് തന്റെ കാലത്തെ വിജയപ്രദമായ സംഗീതാത്മകപ്രേമകഥയാണ്. റഫിയുടെ ശബ്ദത്തിലുള്ള പാട്ട് സിനിമയില്‍ അണിയറഗാനശൈലിയില്‍ ചിത്രീകരിക്കപ്പെട്ടു.

മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ മുഹമ്മദ് റാഫി സംഗീതവും ജീവിതവും എന്ന പുസ്തകത്തില്‍ നിന്നും

മുഹമ്മദ് റാഫി സംഗീതവും ജീവിതവും ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mohammed Rafi Music And life Malayalam Mathrubhumi Books