ന്ത്യന്‍ സിനിമയുടെ സംഗീതചരിത്രം പരിശോധിച്ചാല്‍ അഭിനേതാക്കള്‍തന്നെ പാടിക്കൊണ്ട് അഭിനയിച്ചിരുന്ന ആദ്യഘട്ടത്തില്‍നിന്ന് പിന്നണിഗായകരിലേക്ക് പാട്ടുകള്‍ പറിച്ചുനടപ്പെട്ട ഒരു സമയമുണ്ടായിരുന്നു. ഇക്കാലത്ത് പിന്നണിഗായകരെ സിനിമാലോകത്ത് ആരുംതന്നെ ഗൗരവത്തോടെ കാണുകയോ അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, പിന്നീട് പ്രഗത്ഭരായ പല പിന്നണിഗായകരും രംഗപ്രവേശം ചെയ്തതോടെ ഗാനങ്ങളുടെ സംഗീതാത്മകവും സാങ്കേതികവുമായ തലങ്ങളില്‍ വികാസം വരികയും അതു സിനിമയുടെ വിജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ വലിയ രീതിയില്‍ത്തന്നെ സ്വാധീനം ചെലുത്താന്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ സിനിമാരംഗത്തും അതുവഴി പൊതുസമൂഹത്തിലും അഭിനേതാക്കളെപ്പോലെ പിന്നണിഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും ഒരളവില്‍ ഗാനരചയിതാക്കള്‍ക്കുംവരെ ജനസമ്മതി ലഭിക്കാന്‍ തുടങ്ങി. അതിനുശേഷമാണ് സിനിമയില്‍ പിന്നണിഗാനരംഗത്തും താരങ്ങള്‍ ഉദയംകൊള്ളുന്നത്.

കെ.എല്‍. സൈഗാള്‍, ജി.എം. ദുരാനി, ഹേമന്ത്കുമാര്‍, തലത്ത് മെഹമൂദ്, മുഹമ്മദ് റഫി, മുകേഷ്, മന്നാഡെ, കിഷോര്‍കുമാര്‍, സുരയ്യ, ഷംഷദ് ബീഗം, നൂര്‍ജഹാന്‍, ഗീതാ ദത്ത്, ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ എന്നിവരൊക്കെയാണ് ഹിന്ദിസിനിമയുടെ ആദ്യകാലത്ത് ഉദിച്ചുവന്ന പിന്നണിഗായകനക്ഷത്രങ്ങള്‍. അക്കാലത്ത് ഹിന്ദിഭാഷയില്‍ നിര്‍മിക്കപ്പെട്ടിരുന്ന സിനിമകള്‍ക്കും അവയിലെ സംഗീതത്തിനും ഇന്ത്യയൊട്ടുക്കു നേടാനായിരുന്ന സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ അവയിലെ അഭിനേതാക്കളെപ്പോലെ സംഗീതസംവിധായകര്‍ക്കും പിന്നണിഗായകര്‍ക്കും ദേശീയമായ പ്രസിദ്ധി കൈവന്നിരുന്നു. സ്വാഭാവികമായും പിന്നണിഗാനരംഗത്തെ ഈ നക്ഷത്രങ്ങള്‍ക്കും രാജ്യം മുഴുവന്‍ ആസ്വാദകരും ആരാധകരുമുണ്ടായി. അങ്ങനെ ഇവര്‍ ഇന്ത്യന്‍സിനിമയുടെതന്നെ പിന്നണിഗാനലോകത്തെ ആദ്യത്തെ താരങ്ങളായി മാറുകയും ചെയ്തു.

ഇന്ത്യന്‍ സിനിമാസംഗീതലോകം ഇന്നോളം കണ്ട ഏറ്റവും പ്രഗത്ഭനായ ഗായകന്‍ മുഹമ്മദ് റഫിയാണ്. ശബ്ദസുഖം എന്നതിനെക്കാള്‍ ആലാപനസിദ്ധിയാണ് റഫിയെ സംഗീതലോകത്ത് ഇത്രമേല്‍ ഉയരത്തില്‍ പ്രതിഷ്ഠിച്ചത്. ഇതിനൊപ്പം, മേല്‍സ്ഥായിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഗാനങ്ങള്‍ ആലപിക്കാനുള്ള പ്രത്യേക പ്രാവീണ്യം ആ കലാഗമനത്തില്‍ അദ്ദേഹത്തിന് അനശ്വരപ്രഭാവം നേടിക്കൊടുത്തു. സാധാരണഗതിയില്‍, ശാസ്ത്രീയസംഗീതത്തിലായാല്‍പ്പോലും ഗായകര്‍ താരസ്ഥായിയിലേക്കു പ്രവേശിക്കുമ്പോഴാണ് അവരുടെ ശബ്ദവും കണ്ഠവും കുറച്ചൊന്നു പതറുക. എന്നാല്‍, മുഹമ്മദ് റഫിയെ സംബന്ധിച്ച് അദ്ദേഹം ഉയര്‍ന്ന സ്ഥായിയില്‍ പാടുമ്പോഴാണ് ആ കണ്ഠത്തില്‍നിന്ന് പുറത്തേക്കൊഴുകുന്ന ശബ്ദത്തിന് കൂടുതല്‍ ആത്മവിശ്വാസത്തിന്റെ സ്വരസ്ഫുടനാനുഭൂതി സ്ഫുരിപ്പിക്കാന്‍ കഴിഞ്ഞിരുന്നത്. ഒരു ശരംകണക്കേയാണ് മേല്‍സ്ഥായിയിലേക്ക് റഫിയുടെ ശബ്ദം പാഞ്ഞുകേറിയിരുന്നത്. താരസപ്തകത്തില്‍, ലക്ഷ്യംവെച്ച സ്വരസ്ഥാനത്ത് തുളഞ്ഞുകയറുകയും ചെയ്യുമായിരുന്നു ആ ശബ്ദശരം. ഉച്ചസ്ഥായിയില്‍ ഉയര്‍ത്തി പാടുമ്പോഴും ശബ്ദത്തില്‍ ഒരു ഇടര്‍ച്ചയോ ഒരു വിറയലോ പോലുമില്ലാതെ ഒരേ സ്വരത്തില്‍ത്തന്നെ തൂങ്ങിതങ്ങിനില്ക്കാന്‍തക്ക ശാരീരശേഷിയും ഗായകഗുണവും മുഹമ്മദ് റഫിക്കുണ്ടായിരുന്നു. പരിചയസമ്പന്നനായ ഒരു ഡ്രൈവര്‍ ഒരു കയറ്റത്തിലൂടെ ഓടിച്ചുകൊണ്ടിരിക്കുന്ന വണ്ടി ഇടയില്‍ ബ്രേക്ക് ചവുട്ടി പകുതി ക്ലച്ചില്‍ നിര്‍ത്തിയിടുന്നതു പോലെയാണിത്. താത്ത്വികമായി പറയുമ്പോള്‍  ആ സമയത്തും വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അനുഭവതലത്തിലാകട്ടെ, ആ വണ്ടി ആ സമയം നിര്‍ത്തിയിട്ടിരിക്കുകയുമാണ്. ഇതുപോലെയാണ് റഫിയുടെ ഈ പറഞ്ഞ ആലാപനസവിശേഷത. ആലാപനത്തിനിടയില്‍ മേല്‍സ്ഥായിയിലെത്തുമ്പോള്‍ ഒരു സ്വരത്തില്‍ത്തന്നെ അങ്ങനെ തൂങ്ങിനില്ക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ആ സമയം അദ്ദേഹത്തിന്റെ ഹൃദയം പാടുകയും എന്നാല്‍ സംഗീതം ശബ്ദരൂപത്തില്‍ കണ്ഠത്തിലൂടെ പുറത്തു വരാതിരിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞതിനെ അദ്ദേഹം ആലപിച്ച ഒരു ഗാനത്തിലൂടെതന്നെ സ്പഷ്ടമാക്കാം.

rafi
പുസ്തകം വാങ്ങാം

ബൈജു ബാവ്‌ര (1952, നൗഷാദ് അലി) എന്ന സിനിമയിലെ 'ഭഗ്‌വാന്‍...' എന്നു തുടങ്ങുന്ന ഗാനമാണത്. ഗാനാന്ത്യത്തില്‍, 'ഓ ദുനിയാ കെ രഖ്‌വാലെ രഖ്‌വാലെ രഖ്‌വാലെ രഖ്‌വാലെ...' എന്നു പാടിക്കൊണ്ട് റഫി അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം താരസ്ഥായീമധ്യമത്തില്‍ എത്തിനില്ക്കുകയും ഒപ്പമുള്ള ഓര്‍ക്കെസ്ട്ര (ഛൃരവലേെൃമ) അതിനടുത്ത സ്വരസ്ഥാനമായ പഞ്ചമത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു. സിനിമയിലെ ഈ സീനില്‍, പാടിക്കൊണ്ടിരിക്കുന്ന ബൈജുവിന്റെ വായ് ആള്‍ക്കൂട്ടത്തിലൊരാള്‍ പൊടുന്നനേ കൈകൊണ്ട് മൂടിപ്പിടിക്കുകയാണു ചെയ്യുന്നത്. അങ്ങനെ ബൈജുവിന്റെ പാട്ട് ഇടയ്ക്കുവെച്ചു മുറിയുകയും പശ്ചാത്തലത്തിലുള്ള ഉപകരണസംഗീതം തുടര്‍ന്നുപോകുകയും ചെയ്യുന്നു. എന്നാല്‍, ചിത്രത്തിലുള്ള ആ രംഗത്തെ വിസ്മരിച്ചുകൊണ്ട് ഗാനത്തെ മാത്രം കേള്‍ക്കുകയാണെങ്കില്‍ നമുക്കു കണ്ടെത്താവുന്ന സംഗീതസവിശേഷത ഇതു മാത്രമല്ല. നമ്മുടെ അനുഭവത്തില്‍ അല്ലെങ്കില്‍ കേള്‍വിയില്‍ മേല്‍സ്ഥായീമധ്യമത്തില്‍വെച്ച് റഫിയുടെ ആലാപനം അവസാനിക്കുന്നുവെങ്കില്‍ക്കൂടി ആ ഹൃദയം തുടര്‍ന്നും പാടുന്നുണ്ട്, അടുത്ത സ്വരസ്ഥാനമായ പഞ്ചമത്തിലേക്ക്. മുന്‍പു പറഞ്ഞ വണ്ടിയുടെ താത്ത്വികസഞ്ചാരം പോലൊന്നാണ് ഇവിടെയും സംഭവിക്കുന്നത്. അതായത് പശ്ചാത്തലസംഗീതം മുന്നോട്ടു പോകുമ്പോള്‍ ഇടയില്‍ ഗാനം മുറിയുന്ന ഗായകന്‍ തന്റെ ആലാപനത്തിനു വിരാമംകുറിക്കാതെ അര്‍ധവിരാമമിടുന്നു. എന്നുവെച്ചാല്‍, ഉപകരണസംഗീതം മേല്‍സ്ഥായീപഞ്ചമത്തില്‍ ചെന്നെത്തി ഗാനം തീരുംവരെ ഗായകന്‍ അതിനു തൊട്ടുതാഴത്തെ സ്വരസ്ഥാനമായ മധ്യമത്തിന്റെ ശ്രുതിയില്‍ത്തന്നെ ആലംബലയം കണ്ടെത്തുകയാണ്. ഈ രീതിയില്‍ സ്വരങ്ങളെ 'പാടാതെ പാടിക്കൊണ്ട്' പ്രണയിക്കാന്‍ കഴിഞ്ഞിട്ടുള്ള (കഴിവുകളുള്ള) ഗായകര്‍ ശാസ്തീയസംഗീതത്തില്‍ പലരും ഉണ്ടായിട്ടുണ്ട്. എന്നാല്‍, മേല്‍സ്ഥായിയില്‍ ഗാനമാലപിക്കുമ്പോള്‍ ശബ്ദത്തിനോ ശാരീരത്തിനോ യാതൊരു ഇടര്‍ച്ചയോ പതറലോ സംഭവിക്കാതെ ഇതുപോലെ സ്വരപ്രണയം പ്രകടമാക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരേയൊരു ചലച്ചിത്ര പിന്നണിഗായകന്‍ മുഹമ്മദ് റഫിയാണ്. മുഹമ്മദ് റഫിക്കു സമാന്തരമായി താരസപ്തകത്തിലെ 'സ്വരംതൂങ്ങല്‍പ്രണയത്തില്‍' അതിവിദഗ്ധയായിരുന്ന ഒരു സംഗീതകാരി ഉണ്ടായിരുന്നത് ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിലായിരുന്നു. കിരാന ഘരാനയില്‍പ്പെട്ട ഹീരാബായ് ബറോഡേക്കറായിരുന്നു ആ സംഗീതജ്ഞ. സംഗീതാവിഷ്‌കാരത്തില്‍ ഓരോ സ്വരത്തിലും സൗന്ദര്യാനുഭൂതി പകര്‍ന്നിരുന്ന ഹീരാബായിയുടെ താരസ്ഥായീഗമനം അതീവഹൃദ്യമായിരുന്നു. ആ ആലാപനത്തിനിടയില്‍ മേല്‍സ്ഥായീഷഡ്ജത്തിലുള്ള അവരുടെ ആലംബനം (തൂങ്ങിക്കിടപ്പ്) ആസ്വാദകരുടെ മനം കവര്‍ന്നിരുന്നു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മുഹമ്മദ് റഫി- ഓര്‍മകളിലെ സംഗീതം എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mohammed Rafi music and life