'ദൈവമാണ് റഫിയുടെ ശബ്ദത്തില്‍ പാടുന്നത്, മൊഹബ്ബത്ത് എന്നുച്ചരിച്ചാല്‍ അവിടെ പ്രണയം നിറയും


ജമാൽ കൊച്ചങ്ങാടി

തന്റെ ആരാധ്യഗായകന്റെ കൂടെ പാടാന്‍ കിട്ടിയ അവസരം ചുണ്ടിനും കപ്പിനും ഇടയ്ക്ക് നഷ്ടപ്പെട്ട കഥ പറയാനുണ്ട് മലയാളികളുടെ ദാസേട്ടന്.

നൗഷാദ്, രവി, സലില്‍ ചൗധരി. ഉഷാ ഖന്ന എന്നിങ്ങനെ പല ഉത്തരേന്ത്യന്‍ സംഗീതസ്രഷ്ടാക്കളും മലയാള ഗാനങ്ങള്‍ക്ക് ഈണം നല്കിയിട്ടുണ്ട്. മന്നാഡെ, തലത് മഹ് മൂദ്, ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്‌ലെ, കിഷോര്‍ കുമാര്‍ തുടങ്ങി മിക്ക ബോളിവുഡ് ഗായകരും മലയാള സിനിമാപ്പാട്ടുകള്‍ പാടിയിട്ടുണ്ട്. എന്നാല്‍ മലയാളിയുടെ എന്നത്തേയും സ്വപ്‌നഗായകനെക്കൊണ്ട് ഒരു പാട്ട് നമ്മുടെ മൊഴിയില്‍ പാടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അതൊരു സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു.

ബാബുരാജ്

സംഗീതമാന്ത്രികനായ ബാബുരാജ് റഫി സാബിനെക്കൊണ്ട് തന്റെ ഈണം പാടിക്കാന്‍ ഒന്നല്ല, രണ്ടുവട്ടം ശ്രമിക്കുകയുണ്ടായി. അറുപതുകളില്‍ കലാലയാ ഫിലിംസിന്റെ സുബൈദ എന്ന ചിത്രത്തിലെ 'പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് കെട്ടിപ്പിടിച്ച് കരയുന്ന പെണ്ണേ' എന്ന ഗാനം കേള്‍ക്കുമ്പോള്‍ത്തന്നെ അറിയാം, അത് മുഹമ്മദ് റഫിക്ക് കരുതിവെച്ച ഗാനമാണെന്ന്. വിഷാദം ഘനീഭവിച്ച ഭാസ്‌കരന്‍ മാഷിന്റെ വരികള്‍... ബാബുരാജും നിര്‍മാതാവും കൂടി ബോംബെയില്‍ പോയി ഗായകനെ കണ്ടു... പക്ഷേ, അദ്ദേഹം നല്ല തിരക്കിലായിരുന്നു. ഷെഡ്യൂള്‍ ചെയ്ത റെക്കോഡിങ്ങിന് എത്തിച്ചേരാനാവില്ലെന്ന് ഖേദപൂര്‍വം പറഞ്ഞു. നിരാശയോടെ തിരിച്ചുവന്ന സംഗീത സംവിധായകന്‍ അത് സ്വന്തം സ്വരത്തില്‍ പാടുകയായിരുന്നു.

രാമു കാര്യാട്ടിന്റെ ദ്വീപ് ആയിരുന്നു രണ്ടാമൂഴം. നിര്‍മാതാവ് എന്‍.പി. അലിക്ക് റഫിയുടെ മാനേജര്‍ സഹീറുമായി നല്ല ബന്ധമാണ്. ആ ആത്മവിശ്വാസവുമായാണ് കാര്യാട്ടും ബാബുരാജും അലിയും റഫി വില്ലയിലെത്തുന്നത്. അന്നേരം അദ്ദേഹം ഹജ്ജിന് പോകാനുള്ള തിരക്കിലായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞേ തിരിച്ചുവരൂ. അതുവരെ റെക്കോഡിങ് നീട്ടിക്കൊണ്ടുപോകാനാവില്ല. അവര്‍ തലത് മഹ്മൂദിനെക്കൊണ്ട് ഗസല്‍ ഛായയിലുള്ള ആ ഗാനം പാടിച്ചു. യൂസഫലിയുടെ മനോഹരമായ വരികള്‍: 'കടലേ... നീലക്കടലേ...' ഈ രണ്ടു ഗാനങ്ങളും നമുക്ക് പ്രിയങ്കരം തന്നെ. അവ റഫി സാബ് പാടിയിരുന്നെങ്കിലോ എന്ന് സങ്കല്പിക്കാനേ ഇന്നാവൂ.

റഫി സാബ് പാടിയ മലയാളചിത്രം

റഫിയെക്കൊണ്ട് മലയാളത്തില്‍ പാടിക്കാന്‍ മറ്റൊരു ശ്രമം കൂടി നടന്നു. പി. ഗോപികുമാര്‍ സംവിധാനം ചെയ്ത തളിരിട്ട കിനാക്കള്‍ എന്ന ചിത്രമായിരുന്നു അത്. മലയാളിയായ ജിതിന്‍ ശ്യാം ആയിരുന്നു സംഗീതസംവിധായകന്‍. റഫി, തലത്ത് എന്നിവരെക്കൊണ്ടെല്ലാം ഹിന്ദിയില്‍ പാടിച്ചിട്ടുണ്ട് ജിതിന്‍. നല്ലൊരു സംഗീതാസ്വാദകനായിരുന്ന അബ്ദുല്‍ ഖാദര്‍ വക്കീലായിരുന്നു നിര്‍മാതാക്കളുടെ നേതാവ്. വയനാട്ടില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് നടി തനൂജയാണ് നായിക. മധുമാലിനിയെന്ന മറ്റൊരു പ്രധാന നടിയും മുംബൈയില്‍നിന്നുതന്നെ. റഫി സാബിന്റെ പാട്ടുകൂടിയുണ്ടെങ്കില്‍ പടത്തിന്റെ തിളക്കം കൂടും. ഖാദര്‍ വക്കീലും ജിതിന്‍ ശ്യാമും കൂട്ടുകാരുംകൂടി മുംബൈയിലെത്തി. അനേകം ഭാഷകളില്‍ താന്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ പാടണമെന്നാഗ്രഹവുമുണ്ട്. പക്ഷേ, ഉച്ചാരണശുദ്ധിയോടെ പാടാനാവണമെങ്കില്‍ വാമൊഴി നന്നായി ഗൃഹപാഠം ചെയ്യണം. അതിനു സമയമില്ല. വേണമെങ്കില്‍ ഹിന്ദിയില്‍ പാടാം. റഫി സാബ് നിലപാട് വ്യക്തമാക്കി.

ഹിന്ദിയെങ്കില്‍ ഹിന്ദി... ഇഷ്ടഗായകന്റെ ഒരു പാട്ട് കൂടിയേ തീരൂ- വക്കീല്‍ ആശ കൈവിട്ടില്ല. ജിതിന്‍ തന്റെ ചങ്ങാതിയായ കവി പിയൂഷ് കമലിനെക്കൊണ്ട് ഒരു പാട്ടെഴുതിച്ചു.. 'ശബാബ് ലേകേ...' അപ്പോഴാണ് മറ്റൊരാലോചന വന്നത്, 'ഗ്രാമഫോണ്‍ റെക്കോഡിന്റെ മറുവശത്തേക്ക് ഒരു പാട്ടുകൂടി. വേണ്ടെ?' അങ്ങനെ മറ്റൊരു പാട്ടുകൂടി ഹിന്ദിയില്‍ പിറന്നു. യേശുദാസായിരുന്നു ഗായകന്‍. 'സാസെ ദില്‍ തോഡ് ദോ...' 'ഗസല്‍ ഛായയുണ്ട്. കൊള്ളാം, ഇതുകൂടി ചിത്രത്തില്‍ ഉള്‍പ്പെടുത്താം.'

രണ്ട് ഹിന്ദി ഗാനങ്ങളൊന്നിച്ചു കിട്ടിയപ്പോള്‍ അവയെങ്ങനെ തിരുകിക്കയറ്റണമെന്ന ചിന്തയിലായി സംവിധായകന്‍. റഫിയുടെ ഗാനം കുതിരവട്ടം പപ്പുവിന്റെ വായിലിട്ടു കൊടുത്തു, യേശുദാസിന്റെ ഗാനം, നായകന്റെ മാനസികവ്യഥ ചിത്രീകരിക്കാന്‍ ഉപയോഗിച്ചു. വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെ റഫിയുടെ ആരാധകരെ അസംതൃപ്തരാക്കി ആ ഗാനരംഗം. ആകെ ഒരാശ്വാസം, മുഹമ്മദ് റഫി പാടിയ ഏക മലയാള ചിത്രമാണ് തളിരിട്ട കിനാക്കള്‍. ഇതിന്റെ കഥയും സംഭാഷണവും രണ്ടു ഗാനങ്ങളും എഴുതാനുള്ള നിയോഗം എനിക്കായിരുന്നു. ഭാസ്‌കരന്‍ മാഷായിരുന്നു മറ്റൊരു ഗാനരചയിതാവ്. ഞാന്‍ എഴുതിയ 'എന്‍ മൂകവിഷാദം ആരറിയാന്‍,' എസ്. ജാനകിയുടെ ഹിറ്റ് ഗാനങ്ങളിലൊന്നാണ്.

ജിതിന്‍ ശ്യാം

എഴുപതുകളില്‍ സിനിമാമോഹങ്ങളുമായി ബോളിവുഡില്‍ ചേക്കേറിയ ആലപ്പുഴക്കാരന്‍ ഇസ്മായിലാണ് പില്‍ക്കാലത്ത് ജിതിന്‍ ശ്യാമായി മാറിയ സംഗീതസംവിധായകന്‍. ആദ്യകാലത്ത് ബ്രിജ് ഭൂഷന്റെ സഹായിയായി തുടങ്ങിയ അദ്ദേഹം പിന്നീട് പ്രശസ്ത സംഗീതജ്ഞന്‍ നൗഷാദ് അലിയുടെ ജൂനിയര്‍ അസിസ്റ്റന്റായി. ബോംബെ ലോക്കല്‍ ട്രെയിന്‍, അറബ് കാ സോന തുടങ്ങിയ ചില ഹിന്ദി ചിത്രങ്ങള്‍ക്ക് സംഗീതം നല്കി. തണല്‍, തളിരിട്ട കിനാക്കള്‍, വിസ, പൊന്മുടി, സുന്ദരന്‍ ഞാനും സുന്ദരി നീയും എന്നിങ്ങനെ ഏതാനും മലയാള ചിത്രങ്ങളും! റഫി, തലത് എന്നിവരുടെ ചലച്ചിത്രേതര ഗാനങ്ങള്‍ക്കും ജിതിന്‍ ശ്യാം ഈണം നല്കിയിട്ടുണ്ട്. അറബ് കാ സോനയില്‍ റഫി പാടിയ ഗാനം പ്രശസ്തമാണ്. 'ജബ് സെ പൈദാ ഹുവാ' റമദാന്‍ മാസങ്ങളില്‍ ബോംബെയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ റഫിയുടെ ശബ്ദത്തില്‍ മുഴങ്ങിക്കേള്‍ക്കാറുള്ള ഒരു ഇസ്‌ലാമിക ഭക്തിഗാനമുണ്ട്: 'ഗഫ് ലത് മേ സോനോ വാലോ' അതും ജിതിന്റെതാണ്.

ജെറി അമല്‍ദേവ്

പിന്നണിഗായകനാകാനുള്ള അദമ്യമായ ആഗ്രഹത്തോടെ ഫോര്‍ട്ടു കൊച്ചിയില്‍നിന്ന് ബോംബെയിലെത്തിയ കൗമാരക്കാരനോട് നൗഷാദ് സാബ് ചിരിച്ചുകൊണ്ട് ചോദിച്ചത് ഇങ്ങനെയായിരുന്നു: മുഹമ്മദ് റഫി ജീവിച്ചിരിക്കുമ്പോഴോ! അറുപതുകളില്‍ നൗഷാദ് തിരക്കഥയെഴുതി സംഗീതം നല്കിയ പാല്‍കി എന്ന ചിത്രത്തിന്റെ പണികള്‍ തിരക്കിട്ടു നടക്കുന്ന സമയമായിരുന്നു അത്. തന്റെ അസിസ്റ്റന്റുമാരുടെ സഹായിയായി ജെറി എന്ന മലയാളി പയ്യനെ നൗഷാദ് നിയോഗിച്ചു. റെക്കോഡിങ്ങിന് മുന്‍പ് പാശ്ചാത്യരീതിയില്‍ നൊട്ടേഷന്‍ എഴുതിയെടുത്ത് ശക്കീല്‍ ബദായനിയോടും നൗഷാദിനോടുമൊപ്പം റഫി സാബിനെ പാട്ട് പഠിപ്പിച്ചത് ജെറി അമല്‍ദേവ് എന്ന സംഗീതസംവിധായകന്റെ മറക്കാനാവാത്ത ഓര്‍മയാണ്. ആ പാട്ടിന്റെ വരികളിതാണ്,
'കല്‍ രാത് സിന്ദഗീ സെ മുലാക്കാത്ത് ഹോ ഗയി.' ഇടയ്ക്ക് റഫി സാബ് പറയും, 'ജെറി സാബ്, ആ രണ്ടാമത്തെ വരി ഒന്നുകൂടി പറഞ്ഞു തരൂ.'
പതിവിനു വിപരീതമായി പാല്‍കിയുടെ ഓര്‍ക്കെസ്ട്ര നേരത്തേ തയ്യാറാക്കിയിരുന്നു. അതുകാരണം കൃത്യമായി ബീറ്റിട്ടു കൊടുക്കണമെന്നും ഇന്റര്‍ല്യൂഡ് വരുമ്പോള്‍ കൈ കാണിക്കണമെന്നും റഫി, ജെറിയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ നാഷാദ് ഒരു ഗാനം പന്ത്രണ്ടു വട്ടം റെക്കോഡ് ചെയ്തു. പക്ഷേ, രണ്ടാമത്തേതാണ് തിരഞ്ഞെടുത്തത്.

പാല്‍കിയുടെ ഗാനങ്ങള്‍ ആദ്യം തലത് മഹ്മൂദിന്റെ സ്വരത്തിലാണ് ശബ്ദലേഖനം ചെയ്തത്. പടത്തിന്റെ നിര്‍മാണം നീണ്ടുപോയതുകാരണം തലത്തിന്റെ താരമൂല്യമിടിഞ്ഞു. അദ്ദേഹം പാടി റെക്കോഡ് ചെയ്ത പാട്ടുകള്‍ പാടാന്‍ റഫി ആദ്യം മടിച്ചു. തലത്തിന്റെ അനുവാദത്തോടെ മാത്രമേ അദ്ദേഹം അതിന് തയ്യാറായുള്ളു. ബോളിവുഡില്‍നിന്ന് ലഭിച്ച ഇത്തരം പാഠങ്ങളാണ് മലയാളത്തില്‍ മികച്ച ഗാനങ്ങള്‍ ട്യൂണ്‍ ചെയ്യാന്‍ ജെറി അമല്‍ദേവിനെ സഹായിച്ചത്.

യേശുദാസിന്റെ നഷ്ടപ്പെട്ട അവസരം

തന്റെ ആരാധ്യഗായകന്റെ കൂടെ പാടാന്‍ കിട്ടിയ അവസരം ചുണ്ടിനും കപ്പിനും ഇടയ്ക്ക് നഷ്ടപ്പെട്ട കഥ പറയാനുണ്ട് മലയാളികളുടെ ദാസേട്ടന്.
എഴുപതുകളുടെ അവസാനത്തില്‍ സംഗീതസംവിധായകന്‍ രവീന്ദ്ര ജെയിന്‍ ആണ് ഒരു ഹിന്ദി ചിത്രത്തില്‍ റഫി-ദാസ് യുഗ്മഗാനം ചിട്ടപ്പെടുത്തിയത്. റഫിയോടൊപ്പം റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ ആ മഹാഗായകന്റെ പാട്ടുകള്‍ പാടിനടന്ന ബാല്യകാലമോര്‍ത്ത് പുളകംകൊള്ളുകയായിരുന്നു. ഒരിക്കലും വിചാരിക്കാത്ത ഭാഗ്യം. എന്നാല്‍ നിര്‍മാതാവ് ആ ഗാനത്തിലൊരു കുഴപ്പം കണ്ടെത്തി, രണ്ടു പേരുടെയും സ്വരം ഒരുപോലിരിക്കുന്നു. രണ്ടു കഥാപാത്രങ്ങള്‍ക്കു വേണ്ടി പാടുമ്പോള്‍ സ്വരങ്ങളും വ്യത്യസ്തമാകണ്ടെ? ആ യുക്തിയെ നിഷേധിക്കാനായില്ല. എങ്കിലും, അതൊരു അഭിനന്ദനംകൂടിയായി യേശുദാസിനു തോന്നി. താനേറ്റവും വിലമതിക്കുന്ന ശബ്ദലാവണ്യവുമായാണല്ലൊ തന്റെ സ്വരത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

ജയചന്ദ്രന്റെ ആഹ്ലാദം

മലയാളത്തിന്റെ ഭാവഗായകനായ പി. ജയചന്ദ്രന് ഒരു തെലുങ്കുചിത്രത്തില്‍ അഞ്ചു പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചത് എന്തുകൊണ്ടാണെന്നോ? അദ്ദേഹത്തിന്റെ സ്വരവും റഫി സാബിന്റെ ശബ്ദവുമായി നിര്‍മാതാവിന് സാദൃശ്യം തോന്നി. മഹാഗായകന്റെ കടുത്ത ആരാധകനായിരുന്നു അയാള്‍. പണ്ടൊരിക്കല്‍ പാടിയതിന്റെ പ്രതിഫലം നല്കിയപ്പോള്‍ തന്റെ സഹധര്‍മിണിക്ക് ഒരു സാരി വാങ്ങിക്കൊടുത്താല്‍ മതിയെന്ന് പറഞ്ഞ മഹാനുഭാവനെ മറക്കാനാവുമോ?

rafi
പുസ്തകം വാങ്ങാം

'താങ്കള്‍ പാടുമ്പോള്‍ റഫി സാബിനെ ഓര്‍മ വരുന്നു.'
ഹിന്ദി പാട്ടുകള്‍ കേള്‍ക്കാന്‍ തുടങ്ങിയ കാലംതൊട്ടേ ജയചന്ദ്രനും അദ്ദേഹത്തിന്റെ ആരാധകനാണ്. റഫി ഉച്ചരിക്കുന്ന ഓരോ വാക്കിലും സംഗീതമുണ്ടെന്ന് അദ്ദേഹം പറയും. 'ദൈവമാണ് റഫി സാബിന്റെ ശബ്ദത്തില്‍ പാടുന്നത്. റഫി മൊഹബ്ബത്ത് എന്നുച്ചരിച്ചാല്‍ അവിടെ പ്രണയം നിറയും. അതാണ് റഫിയന്‍ സ്പര്‍ശം. അതാര്‍ക്കും അനുകരിക്കാനാവില്ല.'

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച റഫിനാമ: മുഹമ്മദ് റഫിയുടെ സമഗ്രജീവിതം എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mohammed Rafi, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented