കലാമണ്ഡലം ഹൈദരാലിയുടെ മുഹമ്മദ് റഫി


രവി മേനോന്‍

അതായിരുന്നു അവസാനത്തെ 'മെഹ്ഫില്‍.' മാസങ്ങള്‍ക്കകം, ഒരു ജനുവരി അഞ്ചിന് റോഡപകടത്തില്‍ കലാമണ്ഡലം ഹൈദരാലി മരണമടഞ്ഞ വിവരം തൃശ്ശൂര്‍ ലേഖകന്‍ വിളിച്ചറിയിച്ചപ്പോള്‍ ശരിക്കും ഞെട്ടിത്തരിച്ചുപോയി.

മുഹമ്മദ് റഫി, കലാമണ്ഡലം ഹൈദരാലി

'ഹിന്ദോളം' അക്ഷരാര്‍ഥത്തില്‍ ഹിന്ദോളസാഗരമാകുന്നു. 'കര്‍ണശപഥ'ത്തിലെ കര്‍ണന്റെ ആകുലതകളും വ്യാകുലതകളും ആത്മസംഘര്‍ഷങ്ങളും ഹൃദയത്തിലേക്കാവാഹിച്ച് സ്വയം മറന്നു പാടുകയാണ് കലാമണ്ഡലം ഹൈദരാലി; കണ്ണുകള്‍ ചിമ്മി കസേരയില്‍ ചാരിക്കിടന്ന് ഏതോ സ്വപ്‌നനിദ്രയിലെന്നോണം:
'എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ, അങ്കേശനാമീ ഞാനെങ്ങു പിറന്നവനോ? ഇങ്ങാരറിവൂ ഞാനാരങ്ങെന്റെ വംശമെന്നോ, മാതാവ് രാധ താനോ, താതനതിരഥനോ...'
പാട്ടു പാടിത്തീര്‍ന്നിട്ടും അന്തരീക്ഷത്തില്‍ ഹിന്ദോളരാഗത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. ഇടയ്‌ക്കെപ്പോഴോ ഹിന്ദുസ്ഥാനിയിലെ മാല്‍ക്കോണ്‍സായി മാറി ഒഴുകിത്തുടങ്ങുന്നു അത്; ഇത്തവണ ഒരു ഹിന്ദി ചലച്ചിത്രഗാനത്തിന്റെ രൂപത്തില്‍. വിഷാദക്കാറ്റില്‍ പൊടുന്നനേ ഭക്തിയുടെ സുഗന്ധം വന്നു നിറഞ്ഞപോലെ.

'മന്‍ തഡ്പത് ഹരിദര്‍ശന്‍ കോ ആജ് മോരെ തും ബിന്‍ ബിഗരേ സഗരേ കാജ് ബിന്‍തി കര്‍ത് ഹൂ, രഖിയോ ലാജ്...'
ബൈജു ബാവ്‌ര എന്ന ചിത്രത്തില്‍ മുഹമ്മദ് റഫി ആത്മീയവിശുദ്ധിയോടെ പാടിയ വിശ്രുത ഭജന്‍. മാല്‍ക്കോണ്‍സ് രാഗത്തിന്റെ സത്ത് പിഴിഞ്ഞെടുത്ത് നൗഷാദ് സ്വരപ്പെടുത്തി സമ്മാനിച്ച ക്ലാസിക് ഗാനം. അദ്ഭുതം. ആദ്യം കേള്‍ക്കുകയായിരുന്നു അതുപോലൊരു ഫ്യൂഷന്‍. കഥകളിപ്പദം ചലച്ചിത്രഗാനത്തില്‍ ഒഴുകിച്ചേരുന്ന ഇന്ദ്രജാലം. 'രണ്ടിന്റെയും രാഗഭാവം ഒന്നുതന്നെ. ഒന്ന് കര്‍ണാട്ടിക്കും മറ്റേത് ഹിന്ദുസ്ഥാനിയും എന്നേയുള്ളൂ,' ചിരിച്ചുകൊണ്ട് ഹൈദരാലിമാഷ് പറയുന്നു.

മാതൃഭൂമിയിലെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുധീറാണ് കലാമണ്ഡലം ഹൈദരാലിയെ കോഴിക്കോട്ടെ എന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നത്. കൈയിലൊരു കാലന്‍കുടയും ചുമലിലൊരു തുണിസഞ്ചിയുമായി ഗേറ്റ് കടന്നു വരുമ്പോള്‍ മതിലില്‍ എഴുതിവെച്ചിരുന്ന ബോര്‍ഡ് ശ്രദ്ധിക്കാന്‍ മറന്നില്ല മാഷ്: 'ഹിന്ദോളം.' ഒപ്പം ഒരു ചോദ്യവും: 'അപ്പോ ഇഷ്ടരാഗത്തിന്റെ പേരാണ് വീടിനും, അല്ലേ?' അതെ എന്നു തലയാട്ടിയപ്പോള്‍ ആത്മഗതമെന്നോണം മാഷ് പറഞ്ഞു: 'എനിക്കും ഹിന്ദോളത്തിനോടൊരു പ്രത്യേക മമതയുണ്ട്. ശാന്തതയാണ് ആ രാഗത്തിന്റെ മുഖമുദ്ര. പക്ഷേ, സ്വല്പം വിഷാദം കലര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. പാടുന്നോനും കേള്‍ക്കുന്നോനും ഒരുപോലെ കരഞ്ഞുപോകും...'

അതിശയോക്തി കലര്‍ന്നിരുന്നില്ല ആ വാക്കുകളില്‍. 'ഹിന്ദോള'ത്തിന്റെ സ്വീകരണമുറിയിലിരുന്ന് സുധീറിനും എനിക്കുംവേണ്ടി ഹൈദരാലിമാഷ് 'എന്തിഹ മന്മാനസേ' പാടുമ്പോള്‍, ആ കരച്ചില്‍ അനുഭവിച്ചറിഞ്ഞതാണ് ഞാന്‍. ഉള്ളിലാണെന്നുമാത്രം; ഏതു നിമിഷവും പുറത്തേക്കൊഴുകാന്‍ വെമ്പിനിന്ന ഒരു വിങ്ങലായി.
'മാഷ് സിനിമാപ്പാട്ട് പാടുമെന്ന് അറിയില്ലായിരുന്നു,' ഞാന്‍ പറഞ്ഞു, 'അതും ഹിന്ദി പാട്ട്...' ഇത്തവണ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. 'അതുശരി. കഥകളിപ്പദം പാടാത്തപ്പോഴെല്ലാം സിനിമാപ്പാട്ടാണ് ഞാന്‍ പാടുക. റഫിയുടെ പാട്ടുകള്‍, ആരും പുറത്തു കേള്‍ക്കില്ലെന്നുമാത്രം. ഉള്ളിലാണ് റഫിയുടെ വാസം. കുട്ടിക്കാലംമുതലുള്ള ശീലമാണ്. ഇത്രയൊക്കെ പ്രായമായിട്ടും ആ ബാധ മാത്രം ഒഴിഞ്ഞുപോയിട്ടില്ല. പോകല്ലേ എന്നാണെന്റെ പ്രാര്‍ഥന.'

റഫിയുടെ ഗാനങ്ങളുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വികാരവായ്‌പോടെ മാഷ് വിവരിച്ചുകേട്ടത് അന്നാണ്. വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്കുള്ള നടത്തത്തിനിടെ ഏതോ കടയിലെ ഗ്രാമഫോണില്‍നിന്ന് 'സിന്ദഗി ഭര്‍ നഹി ഭൂലേഗി വോ ബര്‍സാത് കി രാത്' മഴ നനഞ്ഞു നിന്ന് കേട്ടു കോരിത്തരിച്ച നിമിഷങ്ങളെപ്പറ്റി; സംഗീതസ്‌നേഹിയായ ഒരു അധ്യാപകനുവേണ്ടി ആ ഗാനം മനഃപാഠമാക്കി പഠിച്ചു പാടിയതിനെപ്പറ്റി... അന്നു സമ്മാനമായി കിട്ടിയ വര്‍ണക്കടലാസില്‍ പൊതിഞ്ഞ മിഠായിയെപ്പറ്റി... അങ്ങനെയങ്ങനെ മധുരം കലര്‍ന്ന ഒരുപാട് റഫിയോര്‍മകള്‍.

ബൈജുബാവരയിലെ 'മന്‍ തഡ്പത്' എന്ന പാട്ടിനോട് പ്രത്യേകിച്ചൊരിഷ്ടമുണ്ടായിരുന്നു ഹൈദരാലിക്ക്. 'ഇന്ത്യന്‍ സിനിമയിലെതന്നെ എക്കാലത്തെയും മികച്ച ഹിന്ദുഭജന്‍. പക്ഷേ, അതിന്റെ ശില്പികളെല്ലാം ഇസ്‌ലാംമതവിശ്വാസികള്‍ - എഴുതിയ ശക്കീല്‍ ബദായൂനി, ഈണമിട്ട നൗഷാദ്, പാടിയ റഫി സാഹിബ്. മതനിരപേക്ഷതയുടെ ഏറ്റവും ഉദാത്തമായ പ്രതീകമായി നിലനില്ക്കുന്നു ഇന്നും ആ പാട്ട്. ചിലപ്പോള്‍ തോന്നും സിനിമയിലാണ് മതങ്ങളുടെയും ജാതിയുടെയും അതിര്‍രേഖകള്‍ തീര്‍ത്തും അപ്രസക്തമാകുന്നത് എന്ന്. മറ്റെല്ലാ മേഖലകളിലും വേര്‍തിരിവുകളേ ഉള്ളൂ..' അനുഭവങ്ങളുടെ തീക്ഷ്ണതയാവില്ലേ ഹൈദരാലിയെക്കൊണ്ട് അങ്ങനെ പറയിച്ചത്? 1980 കളില്‍ ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തില്‍ ശിഷ്യന്റെ അരങ്ങേറ്റത്തിന് പാടാന്‍ ചെന്ന ഹൈദരാലിക്ക് ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശനം നിഷേധിക്കപ്പെട്ടതോര്‍ക്കുക. ഒടുവില്‍ ഭാരവാഹികളില്‍ ഒരുവിഭാഗം മുന്‍കൈയെടുത്ത് മതില്‍ പൊളിച്ച് 'അഹിന്ദു'വിനു പാടുവാനായി പ്രത്യേക വേദി ഒരുക്കുകയായിരുന്നു. മതില്‍ക്കെട്ടിനു പുറത്തിരുന്നാണ് അന്നു ഹൈദരാലി പാടിയത്.

ഹൈദരാലിമാഷുമായുള്ള ആദ്യ കൂടിക്കാഴ്ചയെ സുഗന്ധപൂരിതമാക്കിയത് റഫിയുടെ ഓര്‍മകള്‍തന്നെ. പിന്നെയും പിന്നെയും വിരുന്നുവന്നുകൊണ്ടിരുന്നു റഫി സാഹിബ് ഞങ്ങളുടെ സംസാരത്തില്‍. റഫിയുടെ ദുഃഖഗാനങ്ങളെക്കാള്‍ ഇഷ്ടം പ്രണയഗാനങ്ങളാണെന്നു പറഞ്ഞപ്പോള്‍ അദ്ഭുതത്തോടെ എന്നെ നോക്കി മാഷ്. 'സത്യം പറഞ്ഞാല്‍ എനിക്കിഷ്ടം വിഷാദഗാനങ്ങളാണ്. പല പാട്ടുകളിലും ഒരു നേര്‍ത്ത അടിയൊഴുക്കുപോലെയേ കാണൂ ദുഃഖം. പക്ഷേ, എന്തൊരു ദ്രവീകരണശക്തിയാണതിന്? മനസ്സിനെ പിടിച്ചുലച്ചുകളയും...' ഉദാഹരണമായി ഭൈരവ് ഥാട്ടിലെ ജോഗിയ എന്ന രാഗത്തില്‍ വസന്ത് ദേശായ് സ്വരപ്പെടുത്തിയ 'കഹ് ദോ കോയീ നാ കരേ യഹാം പ്യാര്‍' എന്ന ഗാനം പാടിക്കേള്‍പ്പിക്കുന്നു മാഷ്. ഗൂഞ്ജ് ഉഡി ഷഹ്‌നായിയിലെ ഗാനം.

റഫിയുടെ അര്‍ധശാസ്ത്രീയഗാനങ്ങളില്‍ മാഷ്‌ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്? എന്റെ ചോദ്യം. ഉത്തരം നല്കാന്‍ നിമിഷനേരംപോലും ആലോചിക്കേണ്ടിവന്നില്ല ഹൈദരാലിക്ക്, 'നാച്ചേ മന്‍ മോരാ മഗന്‍ തിക് ധാ ധീഗി ധീഗി...' സച്ചിന്‍ ദേവ് ബര്‍മന്റെ ഈണത്തില്‍ മേരി സൂരത് തേരി ആംഖേം എന്ന ചിത്രത്തിനുവേണ്ടി റഫി പാടിയ ഗാനം. 'എന്തുകൊണ്ടെന്നറിയില്ല, എപ്പോള്‍ കേള്‍ക്കുമ്പോഴും മനസ്സില്‍ പ്രസാദാത്മകത നിറയ്ക്കുന്ന പാട്ടാണത്. ചിലപ്പോള്‍ ഭൈരവി രാഗത്തിന്റെ മാജിക് ആകാം. 'മധുബന്‍ മേ രാധിക'പോലും എനിക്ക് അതുകഴിഞ്ഞേ വരൂ...'

വിളംബിതകാലത്തിലുള്ള റഫിയുടെ പാട്ടുകളെ എന്നും ഹൃദയത്തോട് ചേര്‍ത്തുവെച്ചു ഹൈദരാലിമാഷ്. 'ഭാവങ്ങളുടെ ചക്രവര്‍ത്തിയാണ് റഫി സാഹിബ്. കളിയരങ്ങില്‍ പാടുമ്പോള്‍ ആ ഭാവദീപ്തി അറിയാതെ എന്നെ സ്വാധീനിക്കാറുണ്ട്. അതുകൊണ്ടാവണം ചിലരൊക്കെ എന്നെ പരിഹസിക്കുന്നത്, കഥകളിപ്പദത്തെ സിനിമാപ്പാട്ടാക്കിയ വിദ്വാന്‍ എന്നൊക്കെ.' മാഷിന്റെ മുഖത്ത് അര്‍ഥഗര്‍ഭമായ ഒരു പുഞ്ചിരി വിടരുന്നു. പക്ഷേ, എനിക്ക് പരിഭവമൊന്നുമില്ല. സിനിമാപ്പാട്ടിന് അങ്ങനെ അയിത്തം കല്പിക്കുന്നതെന്തിന്? റഫിയെപ്പോലൊരു ഗായകന്‍ സംഗീതത്തിന്റെ ഏതു മേഖല തിരഞ്ഞെടുത്തിരുന്നെങ്കിലും അതില്‍ മുന്‍പന്തിയില്‍ത്തന്നെ ഇടം നേടിയേനേ എന്നാണ് എന്റെ വിശ്വാസം. ക്ലാസിക്കലോ ഗസലോ ഫോക്‌ലോറോ എന്തുമാകട്ടെ, ചിലപ്പോള്‍ കഥകളിസംഗീതത്തില്‍വരെ... ദൈവം അനുഗ്രഹിച്ച തൊണ്ടയുള്ളവര്‍ക്കേ അതൊക്കെ കഴിയൂ...' മാഷിന്റെ ശബ്ദം വികാരാധിക്യത്താല്‍ തെല്ലൊന്ന് ഇടറിയോ? 'റഫി സാഹിബിന് വേണ്ടുവോളം ലഭിച്ചിട്ടുണ്ട് ആ അനുഗ്രഹം, നമ്മുടെ യേശുദാസിനും.' ഗാനഗന്ധര്‍വനോടുള്ള ആരാധന മറച്ചുവെക്കാതെ മാഷ് പറഞ്ഞു.

പ്രിയപ്പെട്ട ഹിന്ദുസ്ഥാനിരാഗങ്ങളില്‍ മുഹമ്മദ് റഫി പാടി അനശ്വരമാക്കിയ പാട്ടുകളിലൂടെ പിന്നെയും സഞ്ചരിച്ചുകൊണ്ടിരുന്നു ഹൈദരാലി. പാട്ടുകളിലെ വാക്കുകളും ഉച്ചാരണവും പലപ്പോഴും പിടി തന്നില്ലെങ്കിലും, അവയുടെ ഭാവാംശത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ലളിത് രാഗത്തിന്റെ പ്രണയവിഷാദത്തില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന 'ഏക് ഷഹന്‍ഷാ നേ ബന്‍വാ കേ ഹസീന്‍ താജ്മഹല്‍, സാരി ദുനിയാ കോ മൊഹബ്ബത് കി നിശാനി ദീ ഹേ...' മധുവന്തിയെ ആത്മാവിലേക്ക് ആവാഹിച്ച് ശങ്കര്‍ ജയ്കിഷന്‍ ചിട്ടപ്പെടുത്തിയ, സാഞ്ച് ഔര്‍ സവേരയിലെ 'അജ്ഹുനാ ആയേ ബാലമാ സാവന്‍ ബീതാ ജായെ...' അങ്ങനെയങ്ങനെ അധികമാരും വെറുതേയൊന്ന് മൂളിപ്പാടാന്‍പോലും ധൈര്യം കാണിക്കാത്ത പാട്ടുകള്‍.

ഹൈദരാലിമാഷ് യാത്രപറഞ്ഞു പിരിഞ്ഞിട്ടും റഫി ഇറങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല മനസ്സില്‍നിന്ന്. എങ്ങനെ പോകാന്‍? അത്രയും ആഴത്തില്‍ എന്നെ സ്പര്‍ശിച്ചിരുന്നല്ലോ മാഷിന്റെ ആലാപനം. പിന്നീട് രണ്ടുമൂന്നു തവണ ഫോണില്‍ വിളിച്ചപ്പോഴും റഫിയായിരുന്നു ഞങ്ങളുടെ സംസാരവിഷയം. 'റഫിയുടെ പാട്ടിനോടൊക്കില്ല ഒരു ലഹരിയും,' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു, 'കുടിയന്മാരായ കഥാപാത്രങ്ങള്‍ക്കുവേണ്ടി റഫി സാഹിബ് പാടിയ പാട്ടുകള്‍ കേള്‍ക്കുകയായിരുന്നു ഇന്നലെ രാത്രി മുഴുവന്‍. മദ്യത്തിന്റെ മണംപോലും അറിയാത്ത ഒരാളാണ് പാടുന്നതെന്നു തോന്നുമോ? അതാണ് റഫി.' നിരനിരയായി പിന്നാലെ വന്നു റഫിയുടെ ഒരുകൂട്ടം ശരാബി ഗാനങ്ങള്‍: 'മുജേ ദുനിയാവാലോ ശരാബി നാ സംജോ' (ലീഡര്‍), 'ദിന്‍ ഡല്‍ ജായേ' (ഗൈഡ്), 'ക്യാ രഖാ ഹേ പ്യാര്‍ കി' (ദോ ലഡ്കിയാം), 'മേനേ പീ ശരാബ്' (നയാ രാസ്ത), 'ചൂലേനെ ദോ നാസുക് ഹോതോം തോ' (കാജല്‍), 'ഹം ബേഖുദി മേ തുംകൊ പുകാരെ ചലേ ഗയേ' (കാലാപാനി), 'ഹേ ദുനിയാ ഉസി കീ' (കശ്മീര്‍ കി കലി), 'പിലാ ദേ മഗര്‍' (സബ് കാ ഉസ്താദ്), 'കഭി ഖുദ് പേ' (ഹം ദോനോം), 'പീതേ പീതേ കഭീ കഭീ യൂ ജാന്‍' (ബൈരാഗ്)...

rafi
പുസ്തകം വാങ്ങാം

അതായിരുന്നു അവസാനത്തെ 'മെഹ്ഫില്‍.' മാസങ്ങള്‍ക്കകം, ഒരു ജനുവരി അഞ്ചിന് റോഡപകടത്തില്‍ കലാമണ്ഡലം ഹൈദരാലി മരണമടഞ്ഞ വിവരം തൃശ്ശൂര്‍ ലേഖകന്‍ വിളിച്ചറിയിച്ചപ്പോള്‍ ശരിക്കും ഞെട്ടിത്തരിച്ചുപോയി. മാഷ് ഓടിച്ചിരുന്ന കാര്‍ തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍വെച്ച് മണല്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവത്രേ. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു അദ്ദേഹം.

ഹൃദയഭേദകമായ ആ വാര്‍ത്ത കേട്ട നിമിഷം മനസ്സ് അറിയാതെ മൂളിയത് - ഇന്നും മൂളിക്കൊണ്ടിരിക്കുന്നതും - 'ദിന്‍ ഡല്‍ ജായേ'യിലെ ആ വികാരനിര്‍ഭരമായ വരികള്‍തന്നെ: 'ദില്‍ കേ മേരെ പാസ് ഹോ ഇത്‌നെ, ഫിര്‍ ഭീ ഹോ കിത്‌നീ ദൂര്‍...' എന്റെ ഹൃദയത്തിന്റെ തൊട്ടരികിലുണ്ട് നീ, എങ്കിലും എത്ര അകലെ..

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച യാദ് ന ജായേ റഫിയിലേക്കൊരു യാത്ര എന്ന പുസ്തകത്തില്‍ നിന്നും

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mohammed Rafi and Kalamandalam Hyderali Ravi Menon Book Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented