ഇസ്‌ലാം ജിന്നും കാഫിര്‍ ജിന്നും ഇല്ലേ; അപ്പോ ഓല്ക്കും പെരുന്നാളുണ്ടാവൂലേ?


കുട്ടിക്കാലംമുതലേ പെരുന്നാളിനെപ്പറ്റി ഞാന്‍ ആലോചിക്കാറുണ്ട്. എന്താണ് പെരുന്നാളിന്റെ സൗന്ദര്യം? അതിന്റെ ഭംഗി എവിടെയാണ്?

എം.എൻ കാരശ്ശേരി

മ്മയെ ഏറ്റവും ഉല്ലാസവതിയായി ഞാന്‍ കണ്ടിട്ടുള്ളത് പെരുന്നാളിന്റെ തലേന്നാണ്. 'മാസം കണ്ടു' എന്നോ 'പെരുന്നാള്‍ ഉറപ്പിച്ചു' എന്നോ കേട്ടാല്‍ അവരുടെ ചെറിയ മുഖം ആനന്ദംകൊണ്ട് വികസിക്കുന്നത് കുട്ടിക്കാലത്തേ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അന്നൊക്കെ ഉമ്മറക്കോലായില്‍ ആ വാര്‍ത്തയ്ക്കുവേണ്ടി അവര്‍ ആധിപിടിച്ച് നില്‍ക്കുമായിരുന്നു. ഉമ്മ കാര്യമായി റേഡിയോ കേള്‍ക്കുന്നത് കൊല്ലത്തില്‍ രണ്ടു തവണ ഈ വാര്‍ത്തയ്ക്കു വേണ്ടിയാണ്.

വലിയ ഭക്തയാണ് ഉമ്മ. നോമ്പ് വരുന്നതുതന്നെ അവര്‍ക്ക് ആവേശമാണ്. 'നനച്ചുകുളി' എന്നു പേരായി നോമ്പിന് തൊട്ടുമുന്‍പ് വീടു വെടിപ്പാക്കുന്ന ഒരേര്‍പ്പാടുണ്ടല്ലോ, അതെല്ലാം എന്റെ തറവാട്ടില്‍ വളരെ ജോറായിരുന്നു. ഇതിനെക്കാള്‍ ഘോഷമാണ് പെരുന്നാള്‍. ഭക്ഷണം, പുതിയ വസ്ത്രം, അത്തര്‍ എല്ലാ കാര്യത്തിലും ഉമ്മയുടെ കണ്ണ് ചെല്ലും. ഏതെങ്കിലും സംഗതിയില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ ബാപ്പയോട് ദേഷ്യപ്പെടും. കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ സന്തോഷം ഉമ്മയുടെ ഈ ഉല്ലാസം കാണുമ്പോഴുണ്ടാകുന്നതായിരുന്നു. ഞങ്ങളൊക്കെ മുതിര്‍ന്നശേഷവും പെരുന്നാളിന്റെ തലേന്നുതന്നെ വീട്ടിലെത്തണം എന്ന് ഉമ്മ നിര്‍ബ്ബന്ധിച്ചിരുന്നു. എല്ലാവരും പെരുന്നാള്‍ കഴിക്കുന്നത് ഉമ്മയോടൊപ്പമാണ്. ഞങ്ങള്‍ മക്കളൊക്കെ കല്യാണം കഴിച്ച് വേറെവേറെ താമസമാക്കിയിട്ടും ആ പതിവു തെറ്റിയിരുന്നില്ല.

പെരുന്നാളിന്റെ അന്ന് ഉച്ചയോടെ കുടുംബക്കാരും ബന്ധുക്കളുമായ ഒരുമാതിരിക്കാരൊക്കെ ഉമ്മയെ കാണാന്‍വരും. അതായിരുന്നു ഉമ്മയ്ക്ക് ഏറ്റവും ഉത്സാഹം.
ഉമ്മ പറയാറുണ്ട്:
'തീനും കുടീം അല്ല കാര്യം, മന്‌സനെ കാണ്ണതാ. പെരുന്നാളായാ എല്ലാവരെയും ഒരുമിച്ച് കാണാലോ.'
കുട്ടിക്കാലംമുതലേ പെരുന്നാളിനെപ്പറ്റി ഞാന്‍ ആലോചിക്കാറുണ്ട്. എന്താണ് പെരുന്നാളിന്റെ സൗന്ദര്യം? അതിന്റെ ഭംഗി എവിടെയാണ്?
തിരുവോണത്തിന് ഊഞ്ഞാലാട്ടമുണ്ട്, പൂക്കളമുണ്ട്, പൂപ്പാട്ടുകളുണ്ട്, പായസമുണ്ട്. ഓണത്തിന് അതിന്റെതായ നിറവും മണവും രുചിയും ഉണ്ട്. എന്തൊരു ഭംഗി!
ക്രിസ്തുമസ്സിന് നക്ഷത്രവിളക്കുകളുണ്ട്, ക്രിസ്തുമസ് മരമുണ്ട്, സാന്താക്ലോസുണ്ട്, കേക്കുണ്ട്. അതിന്റേതായ സംഗീതവും സുഗന്ധവുമുണ്ട്. എന്തൊരിമ്പം!
അങ്ങനെ പറയാന്‍ പെരുന്നാളിന് വല്ലതുമുണ്ടോ? അത്തറിന്റെ മണവും ബിരിയാണിയുടെ രുചിയുമൊക്കെ ജോറുതന്നെ. എന്നാലും വര്‍ണ്ണപ്പൊലിമയും സുഗന്ധസാന്ദ്രതയും തികഞ്ഞ പൂക്കളംപോലെ, വെളിച്ചത്തിന്റെ കലാസൗഭഗം മുറ്റിയ നക്ഷത്രവിളക്കുപോലെ ഇവിടെ എന്തുണ്ട്?
മുതിര്‍ന്നപ്പോള്‍ ആലോചനയ്ക്ക് ശകലം ഗൗരവം വന്നു എന്താണ് പെരുന്നാളിന്റെ സൗന്ദര്യശാസ്ത്രം?

ഉമ്മ പറയാറുള്ള ആ കാര്യം പതുക്കെ ഒരുത്തരമായി എന്റെയുള്ളില്‍ ഊറിക്കുടി: അതാണ് പെരുന്നാളിന്റെ ഭംഗി. ജോലി തേടിയും കല്യാണം കഴിച്ചും അന്യനാട്ടില്‍ പോയവര്‍, വൃദ്ധന്മാര്‍, രോഗികള്‍, കുട്ടികള്‍, ആണും പെണ്ണും, പള്ളികളിലും ഈദ്ഗാഹുകളിലും ഗൃഹസദസ്സുകളിലും ഒത്തൊരുമിക്കുന്നു. മനുഷ്യനെക്കൊണ്ടാണ് ഇവിടെ പൂക്കളമൊരുക്കുന്നത്. അവരുടെ വിടര്‍ന്ന കണ്ണുകളിലെ വെളിച്ചമാണ് ഇവിടത്തെ നക്ഷത്രവിളക്ക്.
ഒരുമയുടെ ആഘോഷമാണ് പെരുന്നാള്‍. കവിളില്‍ കവിളു ചേര്‍ത്ത് നെഞ്ചത്തടുക്കി ആശ്ലേഷിച്ച്, അന്യനെ അനിയനാക്കുന്നതിന്റെ രസതന്ത്രമാണ് ഇതിന്റെ സൗന്ദര്യശാസ്ത്രം രൂപീകരിക്കുന്നത്. കണ്ടവരെ കാണാന്‍ പൂതിയുള്ള കണ്ണിന്റെ ഉത്സവം കൂടിയാണ് പെരുന്നാള്‍. അന്ന് ആളെക്കണ്ട് കണ്ണ് നിറയുന്നു.

മനുഷ്യജീവിയുടെ സ്വകാര്യമായ സൗന്ദര്യദാഹത്തെയല്ല, സാമൂഹികമായ സ്‌നേഹബോധത്തെയാണ് പെരുന്നാള്‍ തൃപ്തിപ്പെടുത്തുന്നത്. സൗന്ദര്യത്തിലൂടെ സ്‌നേഹത്തിലേക്ക് എന്നതല്ല, സ്‌നേഹത്തിലൂടെ സൗന്ദര്യത്തിലേക്ക് എന്നതാണ് അതിന്റെ വഴി. പെരുന്നാള്‍ അതിന്റെ ആദിമവും സ്വാഭാവികവുമായ സഹജരീതിയാല്‍ അന്നെന്നപോലെ ഇന്നും പ്രകൃതിയെക്കാള്‍ മനുഷ്യജീവിയെ പ്രമാണമാക്കുന്നു. മനുഷ്യസമൂഹമാണ് പ്രധാനം. അതിലെ ചെറിയൊരു തുള്ളി മാത്രമാണ് ഓരോ മനുഷ്യനും എന്ന് ഓരോ വ്യക്തിയെയും ഇത് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അന്ന് ബിരിയാണിക്ക് ഈ ചേരുവയുടെ രുചിയാണ്. അത്തറിന് ഈ സ്‌നേഹബോധത്തിന്റെ സുഗന്ധമാണ്. ബന്ധം ചേര്‍ക്കുന്നതിന്റെ, ബന്ധം പുതുക്കുന്നതിന്റെ കോടിഗന്ധമാണ് ഉലയുന്ന പുതുവസ്ത്രങ്ങളില്‍നിന്ന് പെരുന്നാള്‍ദിവസം ഉതിരുന്നത്.

'ബന്ധം ചേര്‍ക്കുക' എന്നത് മലബാര്‍ മുസ്‌ലീങ്ങളുടെ ശൈലികളിലൊന്നാണ്. വ്യക്തിബന്ധങ്ങള്‍ പുതുക്കിക്കൊണ്ടേയിരിക്കുക എന്നര്‍ത്ഥം. ആണ്ടറുതിക്ക് മനുഷ്യബന്ധത്തിന്റെ രുചിയും മണവും ചേര്‍ക്കുന്ന പെരുന്നാളിന്റെ ആഹ്ലാദത്തില്‍ പങ്കുചേരാന്‍ അന്ന് വാനലോകത്തുനിന്ന് മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരും എന്ന് വിശ്വാസമുണ്ട്: ഈ കൂട്ടായ്മയില്‍ ഭൂമി എന്നപോലെ ആകാശവും പങ്കാളിയാണ്.
ഈയിടെയായി മുസ്‌ലിം സംഘടനകളുടെ വീറും വാശിയും വര്‍ദ്ധിച്ചതോടെ പെരുന്നാള്‍ ഉറപ്പിക്കുന്നത് വലിയ പ്രശ്‌നമായിത്തീര്‍ന്നല്ലോ. വല്ലപ്പോഴും പെരുന്നാള് രണ്ടാവുന്നതും അല്ലാത്തപ്പോള്‍ അതിന്റെ തര്‍ക്കത്തില്‍ തല്ലും പിടിയും ഉണ്ടാവുന്നതും ഒക്കെ ഉമ്മയ്ക്ക് അദ്ഭുതമായിരുന്നു; പറഞ്ഞാല്‍ തീരാത്ത സങ്കടമായിരുന്നു. അവര്‍ ഒരു കൂട്ടരെയും കുറ്റം പറഞ്ഞിരുന്നില്ല. 'ഖിയാമം' എന്ന് പറയുന്ന 'ഒടുവുനാളി'ന്റെ 'അലാമത്ത്' എന്നു വിളിക്കുന്ന അടയാളമായിട്ടാണ് ഉമ്മ അതിനെയെല്ലാം കണ്ടിരുന്നത്. അമ്മാതിരി തര്‍ക്കത്തെപ്പറ്റി വല്ലതും കേട്ടാല്‍ വ്യസനത്തോടെ അവര്‍ പറയും: 'റബ്ബേ! ഖിയാമം അടുത്തുപോയി.'

ഒരിക്കല്‍ ഉമ്മയുടെ സാന്നിദ്ധ്യത്തില്‍ ഉമ്മറക്കോലായില്‍ ഇമ്മാതിരി ഒരു ചര്‍ച്ച പൊടിപൊടിക്കുകയാണ്. ഇടയ്ക്ക് എന്റെ ഒരു ചങ്ങാതി ചോദിച്ചു:
'ജിന്നുകളുടെ എടേല് ഇസ്‌ലാം ജിന്നും കാഫിര്‍ ജിന്നും ണ്ട് ല്ലേ?'
ഞാന്‍ മറുപടി പറഞ്ഞു:
'ഉണ്ടല്ലോ. അങ്ങനെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.'
'അപ്പം ഓല്ക്ക് പെരുന്നാളുണ്ടാവൂലേ?'
'ഉണ്ടാവാമ്മതി.'
'ഞമ്മളെ കൂട്ടത്തില് തന്നെ ആയ്ക്കും, ല്ലേ?'
'നമ്മടെ കൂട്ടത്തിലായിക്കോട്ടെ. അതിനെന്താ തരക്കേട്?'
'അതല്ല, ഞമ്മക്ക് പെരുന്നാള് രണ്ടായാല് ഓല് എന്താ കാട്ട്വാ?'
'ങ്ഹ! ഇതാണോ വലിയ കാര്യം? ഇസ്‌ലാം ജിന്ന് ഉണ്ടെങ്കില് അക്കൂട്ടത്തില് സുന്നിയും മുജാഹിദും ഉണ്ടാവും. സുന്നി ജിന്നുകളുടെ ഇടയില്‍ എ.പി. ഗ്രൂപ്പും ഇ.കെ. ഗ്രൂപ്പും ഉണ്ടാവും. അപ്പോള്‍ പ്രശ്‌നം തീര്‍ന്നില്ലേ?'
എല്ലാവരും പൊട്ടിച്ചിരിച്ചു. കൂട്ടത്തില്‍ ഉമ്മയും ചിരിച്ചു. എങ്കിലും എന്നെ ഗുണദോഷിച്ചു: 'യ്യ് അന്റെ തൊള്ള പാനെ വച്ചോ.'

അഞ്ചെട്ടു കൊല്ലം മുമ്പാണ്. പെരുന്നാള്‍ ഉറപ്പിക്കുന്നതിനെപ്പറ്റി സുന്നികള്‍ക്കിടയില്‍ വലിയ കൊഴമാന്തരം നടക്കുന്നു. കാരശ്ശേരി ജുമുഅത്ത് പള്ളിയിലെ കൈകാര്യകര്‍ത്താക്കളില്‍ പ്രധാനികള്‍ എന്റെ കുടുംബക്കാരാണ് എല്ലാവരും ഇ.കെ. സുന്നികള്‍. കാരശ്ശേരിയിലെ മുസ്‌ലിം കുടുംബങ്ങളില്‍ ഭൂരിപക്ഷവും സുന്നികളാണ്. ഇക്കൂട്ടത്തില്‍ എ.പി.ക്കാരും കുറെയുണ്ട്. ഗ്രൂപ്പുവഴക്കിന്റെ മൂര്‍ദ്ധന്യത്തില്‍ അക്കൊല്ലം പെരുന്നാള്‍ രണ്ടാവും എന്ന് തീര്‍ച്ചയായി. കാരശ്ശേരിയില്‍ അന്ന് രണ്ടു കൂട്ടര്‍ക്കുംകൂടി ഒരു പള്ളിയേ ഉള്ളൂ.
പെരുന്നാള്‍ ഉറപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടക്കുകയാണ്. അങ്ങാടിക്ക് തൊട്ടടുത്തായതുകൊണ്ടും മുറ്റം കുറച്ച് വിസ്താരമായതുകൊണ്ടും നാട്ടിലെ ഇമ്മാതിരി പല ചര്‍ച്ചകളും എന്റെ തറവാട്ടിലാണ് പതിവ്. ഇതും അവിടെത്തന്നെ. ചര്‍ച്ച എന്നൊക്കെ ഞാന്‍ ഒരു ഭംഗിക്ക് പറഞ്ഞെന്നേയുള്ളൂ സംഗതി തൊള്ളയും വിളിയുമാണ്. വന്നുകൂടിയവരൊക്കെ എതോ അഭിമാനപ്രശ്‌നം മാതിരി പെരുന്നാളിനെപ്പറ്റി ക്ഷോഭിച്ച് സംസാരിക്കുന്നു. നോമ്പുതുറന്നു വന്ന കൂട്ടരാണ്, കെട്ടോ! വികാരവും ഒച്ചയും കേറിക്കേറി വരികയാണ്. അങ്ങനെ വിട്ടാല്‍ പറ്റില്ല എന്ന മൂച്ചുതന്നെ. ഇസ്സത്തിന്റെ പ്രശ്‌നം! ഭാഗ്യത്തിന് കൈയാങ്കളിയില്ല. വലിയ സങ്കടമായി ഉമ്മ അടുക്കളയില്‍ ഇരിപ്പുണ്ടാവാം.

പുസ്തകം വാങ്ങാം

ഇതെല്ലാം കണ്ടും കേട്ടും ഞാന്‍ മുറ്റത്തിന്റെ അരികില്‍ ഇരിപ്പാണ്. ഒരഭിപ്രായവും പറയാതെ ഞാന്‍ ഒരാളേയുള്ളൂ ഈ ഇരിപ്പു കണ്ട് ഒരു ചെറുപ്പക്കാരന്‍ വന്നു ചോദിച്ചു:
'ങ്ങളെന്താ ഒന്നും മിണ്ടാത്ത്?'
'എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ട്.'
'അതെന്താ?'
'പെരുന്നാള് എന്നായാലും എനിക്കൊന്നുമില്ല.'
അയാള്‍ക്ക് അതിശയമായി:
'അതെന്താ! ങ്ങള് പെരുന്നാള് കയ്ക്കാന്‍ നാട്ടില് വന്നതല്ലേ?'
'അതേ.'
'അപ്പോ, ങ്ങള് എന്നാ പെരുന്നാള് കയ്ക്ക്യാ?'
'എന്റെ ഉമ്മക്ക് എന്നാണോ പെരുന്നാള് അന്നാണ് എനിക്ക് പെരുന്നാള്.'
'അങ്ങനെ ണ്ടോ ഒര് പെരുന്നാള്?'
'പിന്നെ? നബി പറഞ്ഞത് നീ കേട്ടിട്ടില്ലേ?'
'എന്താണത്?'
'ഉമ്മയുടെ കാലിനടിയിലാണ് സ്വര്‍ഗ്ഗം എന്ന്.'
അത് മനസ്സിലായിട്ടോ എന്തോ, അയാള്‍ ഒരിളംചിരിയോടെ തിരിഞ്ഞുനടന്നു.
ഇന്ന് ഉമ്മയില്ല. രണ്ടു കൊല്ലം മുമ്പ് അവര്‍ പോയി. ഉമ്മയോടൊപ്പം കഴിച്ച പെരുന്നാളിന്റെ ഓര്‍മ്മയാണ് ഇനി, എനിക്ക് ഓരോ പെരുന്നാളും.

എം.എന്‍ കാരശ്ശേരിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: mn karassery umma mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented