എം.എൻ.കാരശ്ശേരി
'ആളൊരു കഞ്ഞിയാ'
കേരളീയതയുടെ സാംസ്കാരികചിഹ്നങ്ങള്‍ പിന്നെപ്പിന്നെ പോയ്മറയുകയാണ്. വേഷം, ഭക്ഷണം, ഭാഷ, ഗൃഹനിര്‍മ്മാണരീതികള്‍, സാഹിത്യം, കലാരൂപങ്ങള്‍, പെരുമാറ്റസമ്പ്രദായങ്ങള്‍, ശരീരഭാഷ, കുടുംബസങ്കല്‍പ്പങ്ങള്‍ തുടങ്ങിയവയിലെല്ലാം 'കേരളീയത' കുറഞ്ഞുവരികയാണ്.
എന്താണ് കേരളീയത?
അത് നിര്‍വ്വചിക്കുക അത്ര എളുപ്പമല്ല. എങ്കിലും ധാരാളമായി കേരളീയസംസ്കാരത്തില്‍ കണ്ടുവരുന്നവയും കേരളീയസ്വത്വത്തിന്റെ ഭാഗമായി കേരളീയരും മറ്റുള്ളവരും തിരിച്ചറിയുന്നവയും ആയ ഏതു സംഗതിയും കേരളീയതയുടെ ചിഹ്നമാണ് എന്ന് സാമാന്യമായി പറയാം.
ഒരു ഉദാഹരണം: തെങ്ങ് പല നാട്ടിലുമുണ്ട്. എങ്കിലും അതിന്റെ ആധിക്യംകൊണ്ടും പല വഴിക്ക് കേരളീയര്‍ ആ വൃക്ഷത്തോട് കാണിക്കുന്ന ബന്ധംകൊണ്ടും അത് കേരളീയ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. കേരളീയര്‍ വീട് മേയാന്‍ തെങ്ങോല ഉപയോഗിക്കുന്നു; അലങ്കാരത്തിനു കുരുത്തോല തൂക്കുന്നു; കരിക്ക് ഒരു വിശിഷ്ടപാനീയമായി മനസ്സിലാക്കുന്നു; തേങ്ങയില്‍നിന്നെടുക്കുന്ന വെളിച്ചെണ്ണയെ ഭക്ഷണത്തിന്റെ മുഖ്യവിഭവങ്ങളിലൊന്നായി പരിഗണിക്കുന്നു; ഐശ്വര്യത്തിന്റെ പ്രതീകമായി തെങ്ങിനെ തിരിച്ചറിയുന്നു. തെങ്ങിന്റെ ഏതംശവും മലയാളിജീവിതത്തില്‍ വളരെ നിലയും വിലയും ഉള്ളതാണ്. മലയാളികള്‍ 'തൈ' എന്നു പറഞ്ഞാല്‍ തെങ്ങിന് തൈ എന്നാണര്‍ത്ഥം. ഈ ആത്മബന്ധം കാരണമായി 'തെങ്ങ് ചതിക്കില്ല' എന്നൊരു ചൊല്ലുതന്നെ ഉരുവം കൊണ്ടിട്ടുണ്ട്. തെങ്ങ് വെറുമൊരു മരമല്ല, ഒരു പ്രതീകമാണ് എന്ന് വ്യംഗ്യം!
കേരളം എന്ന ദേശനാമത്തില്ത്തന്നെ കേരവൃക്ഷങ്ങളുടെ നാട് എന്ന അടയാളമുണ്ട്. വൈലോപ്പിള്ളി പാടുകയുണ്ടായി: 'ഓരോ തെങ്ങു കാണുമ്പോഴും ഞങ്ങള്‍ കേരളത്തെ ഓര്‍മ്മിച്ചു.' അങ്ങനെ കേരവൃക്ഷം മലയാളീയതയുടെ പ്രധാനപ്പെട്ട ഒരു പ്രതീകമായിത്തീര്‍ന്നിരിക്കുന്നു. ഇങ്ങനെ ഒരു ചിത്രമോ സൂചകമോ രൂപമോ കാണുമ്പോള്‍ ഒരു പ്രത്യേക സംസ്കാരത്തെ ഓര്‍മ്മ വരുന്നുവെങ്കില്‍ അത് ആ സംസ്കാരത്തിന്റെ ചിഹ്നമാണ് എന്നു പറയാം. തെങ്ങു പോലെ കേരളീയതയുടെ മറ്റു സൂചകങ്ങളാണ് പുട്ട്, കഞ്ഞി തുടങ്ങിയ വിഭവങ്ങള്‍. കഥകളി മുതലായ ക്ലാസിക്കല്‍ കലാരൂപങ്ങളെയും ഒപ്പന മുതലായ നാടന്‍ കലകളെയും ഈ ഗണത്തില്‍ പെടുത്താം.
ആനക്കമ്പം നമ്മുടെ സംസ്കൃതിയുടെ മറ്റൊരു സൂചകമാണ്. അറിയാതെ ആരെങ്കിലും ചവിട്ടിപ്പോയാല്‍ തൊട്ട് നെറുകയില്‍ വെക്കുന്നത് ക്ഷമാപണത്തിനുള്ള കേരളീയ ശരീരഭാഷയാണ്. ഇങ്ങനെ ആലോചിച്ചുചെന്നാല് മലയാളീയതയെ നിര്‍ണ്ണയിക്കുന്നതും ഭിന്ന ജനവിഭാഗങ്ങള്‍ രൂപംകൊടുക്കുന്നതും ആയ അനവധി സാംസ്കാരികചിഹ്നങ്ങള്‍ കണ്ടെത്താനാവും.
ആര്‍ക്കും എളുപ്പത്തില്‍ നോക്കിയാല്‍ കാണാവുന്നതുപോലെ മലയാളികളായ ആണുങ്ങള് മുണ്ടില്‍നിന്ന് പാന്റ്സിലേക്കും പെണ്ണുങ്ങള് ഒന്നരയില്നിന്ന് സാരിയിലേക്കും മാറിക്കൊണ്ടിരിക്കുന്നത് ഈ ചിഹ്നം മാറുന്നതിന് ഉദാഹരണമാണ്. തിരുവിതാംകൂറിലെയും മലബാറിലെയും ഗൃഹനിര്മാണരീതികള്ക്ക് പലവിധ സവിശേഷതകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അവയെല്ലാം ഏതു നാട്ടിലും കാണാവുന്ന ടെറസ് കെട്ടിടങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നത് വേറെ ഉദാഹരണം. വാക്കുകളിലും ശൈലിയിലും ഇംഗ്ലീഷിന്റെ കവിഞ്ഞ സ്വാധീനമുള്ള വാമൊഴിയും വരമൊഴിയും ആണ് ഇന്ന് മലയാളി ഉപയോഗിക്കുന്നത്. അരനൂറ്റാണ്ടു മുമ്പുതന്നെ എം.പി. പോള്‍ 'മലയാളത്തില്‍ ഐഡിയാസ് എക്സ്പ്രസ് ചെയ്യാന്‍ ഡിഫക്കല്ട്ടി ഇല്ലാത്തവരുടെ' ഈ പ്രവണതയെ 'കത്തുകള്‍' എന്ന ലേഖനത്തില്‍ പരിഹസിച്ചിരുന്നു. ആ സാംസ്കാരികവിമര്‍ശകന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍, എന്താ കഥ?
ഇങ്ങനെ പോയാല്‍, മലയാളീയതയുടെ ചിഹ്നങ്ങളെല്ലാം ഒന്നൊന്നായി കൈമോശം വന്നുപോയാല്‍, നന്നോ?
ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ചര്‍ച്ചാപ്രമേയത്തെ സങ്കീര്‍ണ്ണമാക്കിത്തീര്‍ക്കുന്ന ഒരു മറുചോദ്യം ചോദിക്കാനുണ്ട്. എല്ലാ മലയാളികളെയും മൊത്തമായി പ്രതിനിധീകരിക്കുന്ന സാംസ്കാരികചിഹ്നങ്ങള്‍ നമുക്ക് ഉണ്ടായിരുന്നുവോ? ഇപ്പോഴും ഉണ്ടോ? ഭാഷ, ഭക്ഷണം, വേഷം, കലാരൂപങ്ങള്‍ തുടങ്ങിയ സാംസ്കാരികാവിഷ്കാരങ്ങളിലെല്ലാം പ്രദേശം, മതവിശ്വാസം, ജാതി എന്നിവ കൊണ്ട് നാം പ്രത്യേകം പ്രത്യേകം വകതിരിഞ്ഞ് നില്‍പ്പായിരുന്നില്ലേ?
'കേരളീയം' എന്നു മൊത്തത്തില്‍ വ്യവഹരിക്കുവാന്‍ അവയിലെന്തുണ്ട്? കഥകളി തന്നെയെടുത്തോളൂ. ഫ്യൂഡല്‍ വ്യവസ്ഥയില്‍ സമ്പന്ന-സവര്‍ണ വിഭാഗത്തിന്റെ കലാരൂപമായിരുന്നില്ലേ, അത്? ഒപ്പനയോ? മലബാറിലെയും ലക്ഷദ്വീപിലെയും മുസ്ലീങ്ങളുടെ മാത്രം കലാപ്രകടനമായിരുന്നില്ലേ?
വേഷം തന്നെ ഓരോ ജാതിക്കും ഓരോ മതവിഭാഗത്തിനും പ്രത്യേകം പ്രത്യേകമായിരുന്നില്ലേ? ഭാഷയോ? അതും ഇതുപോലെ വെവ്വേറെയായിരുന്നില്ലേ? അര നൂറ്റാണ്ടു മുമ്പ് വേഷം കൊണ്ടും ഭാഷകൊണ്ടും അല്ലേ, നാം 'ആളെ' തിരിച്ചറിഞ്ഞിരുന്നത്? അന്നൊന്നും നമുക്ക് 'ആള്' ഉണ്ടായിരുന്നില്ല; ജാതിക്കാരനോ മതക്കാരനോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പറഞ്ഞതിന് ഏറ്റവും പറ്റിയ ഉദാഹരണം വേഷത്തിന്റെ പ്രധാന ഭാഗമായ തലമുടിയാണ്. എത്രയോ നൂറ്റാണ്ടു കാലം ഇവിടെ ഓരോ മതക്കാരും ഓരോ ജാതിക്കാരും ഓരോരോ മട്ടില്‍ തലമുടി വളര്‍ത്തിയും നീട്ടിയും നിറുത്തിയും വടിച്ചും വെട്ടിയും ചെരച്ചും പോന്നു. കുടുമയുടെ ഭിന്നരൂപങ്ങള്‍ അതത് ജാതിയെ പ്രഖ്യാപനം ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിലെത്തുമ്പോള് കുടുമകള് അപ്രത്യക്ഷമാകുന്നു, മൊട്ടത്തലകള്‍ പിന്‍വാങ്ങിത്തുടങ്ങുന്നു; ഭിന്ന ജാതിസമുദായങ്ങളിലും ഭിന്ന മതസമുദായങ്ങളിലും പെട്ടവര്‍ സമാനത വിളംബരം ചെയ്യുന്ന ആധുനികമായ പാശ്ചാത്യന്‍ 'ക്രോപ്പ്' സ്വീകരിച്ചുതുടങ്ങുന്നു. കുടുമകള് ഉപേക്ഷിച്ചു ക്രോപ്പ് ചെയ്യുന്നത് ഹിന്ദു കുടുംബങ്ങളിലും മൊട്ടത്തലയില് തലമുടി വളര്‍ത്തി ക്രോപ്പ് ചെയ്യുന്നത് മുസ്ലിം കുടുംബങ്ങളിലും അക്കാലത്ത് വലിയ വിപ്ലവമായിരുന്നു. ഇപ്പോള്‍ ആരെയും തലമുടികൊണ്ട് തിരിച്ചറിയില്ല. എന്താണ് സംഭവിച്ചത് ?
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതുപുത്തന്‍ ആശയങ്ങളിലേക്ക് പതുക്കപ്പതുക്കെ എല്ലാ സമുദായങ്ങളും കണ്മിഴിക്കാന് തുടങ്ങി. ഇംഗ്ലീഷ് ഭാഷാപഠനവും പാശ്ചാത്യജീവിതരീതികളുമായുള്ള പരിചയവും ഇതിന് പ്രേരകമായി. വിവാഹം, കുടുംബം തുടങ്ങിയ സങ്കല്പ്പങ്ങളില് അക്കാലത്തുതന്നെ പ്രകമ്പനം സൃഷ്ടിച്ച ഇന്ദുലേഖ എന്ന കഥാനായികയില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ഇന്ധനം 'ഇംഗ്ലീഷ്' ആയിരുന്നു. ശ്രീനാരായണഗുരു, സനഉള്ളാ മക്തി തങ്ങള്‍, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹികപരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനവും എഴുത്തും ഈ ഘട്ടത്തില്‍ രാസത്വരകമായിത്തീര്‍ന്നു. ബ്രിട്ടീഷുവിരോധം, ജന്മിവിരോധം, രാജവാഴ്ചാവിരോധം, സാമ്പത്തികചൂഷണവിരോധം തുടങ്ങിയ സാമൂഹികപ്രവണതകള്‍ വഴി വന്നെത്തിയ ദേശീയത, സോഷ്യലിസം, ജനാധിപത്യം, കമ്മ്യൂണിസം മുതലായ ആശയങ്ങളുടെ പ്രചാരം സമത്വത്തിന്റെയും മതേതരത്വത്തിന്റെയും ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായകമായി. പൊതുനിരത്തും തീവണ്ടിയും ബസ്സും സ്കൂളും ആശുപത്രിയും ഹോട്ടലും സര്‍ക്കാരോഫീസും ജാതിമതഭേദചിന്തകളില്ലാതെ കൂടിക്കഴിയുന്ന ഒരു സമൂഹത്തിന്റെ സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. യാഥാസ്ഥിതികത, അന്ധവിശ്വാസം, അനാചാരം, അയിത്തം തുടങ്ങിയ കെടുതികളില്‍നിന്ന് കേരളീയസമൂഹം രക്ഷപ്പെട്ടുതുടങ്ങുകയായിരുന്നു. പ്രാദേശികവും ജാതീയവും മതപരവുമായ ചിഹ്നങ്ങളില്‍നിന്ന് പുറത്തു കടന്ന് ഒരു പൊതുസമൂഹത്തിന്, ഒരു പൗരസമൂഹത്തിന് രൂപംകൊടുക്കുവാനുള്ള ബോധപൂര്‍വ്വവും അബോധപൂര്‍വ്വവുമായ ഇച്ഛയാണ് അന്ന് പ്രവര്‍ത്തിച്ചത്. കലകളിലും ഭക്ഷണത്തിലും ഉടുപുടവകളിലും നാം സമത്വം നേടാന്‍ ആഗ്രഹിച്ചു. കഥകളിയും ഒപ്പനയും എല്ലാവരും കണ്ടുരസിച്ചു; ബിരിയാണി എല്ലാവരുടെയും ആഹാരമായി; സാരി എല്ലാ പെണ്ണുങ്ങളും ഉടുത്തു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മലയാളിസമൂഹത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായിട്ടാണ് നമ്മുടെ പല സാംസ്കാരികചിഹ്നങ്ങളുടെയും രൂപഭാവങ്ങള്‍ മാറിമറിഞ്ഞത്. എല്ലാവര്ക്കും പറ്റിയ പലതും പാശ്ചാത്യരീതികളിലാവും കണ്ടുകിട്ടിയിരിക്കുക. ക്രോപ്പ് തന്നെ നല്ല ഉദാഹരണം.കഥകളിയും ഒപ്പനയും എല്ലാവരുടെയും ആയിത്തീരുന്നത് തീര്‍ച്ചയായും നല്ലതുതന്നെ. ആധുനിക കേരളത്തിന്റെ സാംസ്കാരികചിഹ്നങ്ങളായിത്തീരാന് പ്രാപ്തിയുള്ള രണ്ട് കലാരൂപങ്ങളായി നാം അവയെ തിരിച്ചറിഞ്ഞാല്‍ പ്രശ്നമൊന്നുമില്ല. അത്രത്തോളം ആധുനികത ആവാം; അത്രത്തോളം ആധുനികത വേണം.
സത്യത്തില്‍ പ്രശ്നമുള്ളത് ഇവിടെനിന്ന് ഒരു പടികൂടി കടന്ന് കഥകളിയും ഒപ്പനയും വിസ്മരിച്ച് ബ്രേക്ക് ഡാന്‍സ് മാത്രമാണ് കലാരൂപം എന്ന അന്ധാളിത്തത്തില് എത്തിച്ചേരുന്നിടത്താണ്; കഥകളിസംഗീതവും മാപ്പിളപ്പാട്ടും അഗണ്യകോടിയില്‍ തള്ളി പോപ്പ് മ്യൂസിക് മാത്രമാണ് സംഗീതം എന്ന വിഡ്ഢിത്തത്തില്‍ എത്തിച്ചേരുന്നിടത്താണ്; കഞ്ഞി പ്രാകൃതമാണെന്നും ഓട്ട്സ് മാത്രമാണ് സംസ്കാരമെന്നും ഉള്ള അഭിരുചിയില്‍ എത്തിച്ചേരുന്നിടത്താണ്. ആത്മാഭിമാനമില്ലാതെ എന്ത് സംസ്കാരം? എന്ത് പരിഷ്കാരം?അവിടെ എത്തിക്കഴിഞ്ഞോ എന്ന് നിങ്ങള്‍ ചോദിച്ചേക്കും. അവിടെ എത്തിക്കഴിഞ്ഞില്ലെങ്കിലും ഇന്നത്തെ പോക്ക് കണ്ടിട്ട് വഴി അതാണെന്ന് എനിക്ക് ബേജാറ് തോന്നുന്നു. മലയാളികള്‍ക്കിടയില്‍ കഞ്ഞി കുടിക്കുന്ന ശീലം വളരെ കുറഞ്ഞുപോയി. അതിഥികള്‍ക്ക് അത് വിളമ്പുന്നത് മിക്കവര്‍ക്കും അന്തസ്സിന് പോരാ. 'ആളൊരു കഞ്ഞിയാ...' എന്ന പുതിയ ശൈലിയില്‍ കഞ്ഞിയോടുള്ള അവജ്ഞ മുഴുവന്‍ അടയാളപ്പെട്ടു കിടപ്പുണ്ട്. 'അന്നം മുട്ടി' എന്ന അര്‍ത്ഥത്തില്‍ 'കഞ്ഞികുടി മുട്ടി' എന്നും, 'ഉള്ള കഞ്ഞിയില്‍ പാറ്റ വീണു' എന്നും പറഞ്ഞുപോന്നിരുന്നതില് കാണുംപോലെ കഞ്ഞിയെ വളരെ വില മതിച്ചിരുന്ന മലയാളിയുടെ മൊഴിമാറ്റമാണിത്!
ആധുനികവത്കരണത്തിന്റെയും സമത്വബോധത്തിന്റെയും ജനാധിപത്യത്തിന്റെയും സാക്ഷാല്‍ക്കാരത്തിന് ആവശ്യമുള്ള പരിഷ്കാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്. കേരളീയതയുടെ പേരില്‍ നമ്പൂതിരി കുടുമ നിലനിറുത്തണമെന്നോ ചെറുമിപ്പെണ്ണ് മാറ് മറച്ചുകൂടാ എന്നോ നാം പറയാതിരിക്കുക; ക്ഷുരകജാതിയില് പിറന്നവന് കുട ചൂടിക്കൂടാ എന്നോ ചെരിപ്പിട്ടുകൂടാ എന്നോ നാം പറയാതിരിക്കുക; 'കീഴ്ജാതിക്കാര്‍' എന്ന് വിളിക്കപ്പെട്ടവര്‍ക്ക് വഴി നടക്കാന്‍ പാടില്ലെന്നോ വിദ്യ നേടാന്‍ പാടില്ലെന്നോ ചായക്കടയിലിരുന്ന് ചായ കുടിക്കാന്‍ പാടില്ലെന്നോ ആരാധനാലയത്തില്‍ കടക്കാന്‍ പാടില്ലെന്നോ നാം പറയാതിരിക്കുക.
പക്ഷേ, ഇക്കൂട്ടത്തില്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുന്ന പരിഷ്കാരങ്ങളെ നാം കരുതിയിരിക്കണം. രുചിഭേദത്തിനു വേണ്ടി ഓട്സും കോണ്‍ഫ്ളേക്സും കഴിക്കുന്നതില്‍ ഒരപാകതയുമില്ല. അത് കഞ്ഞിയെ നിന്ദിച്ചിട്ട് വേണ്ട.
കാര്യം ലളിതമാണ്: സ്വന്തം സംസ്കാരത്തിന്റെ തായ്വേരുകളില്‍ ഊന്നിനില്ക്കുമ്പോള് മാത്രമേ ഏത് സമൂഹവൃക്ഷത്തിനും വളര്‍ന്നു കവരം വീശുവാന്‍ സാധിക്കുകയുള്ളൂ. ശാഖയെക്കാള്‍ പ്രധാനമാണ് വേര് എന്നത് പ്രാഥമികപാഠമാകുന്നു.
കേരളീയമുസ്ലീങ്ങളും മലയാളവും
ഇന്ത്യന്‍ മുസ്ലീങ്ങളുടെ പൊതുസാഹചര്യത്തില്നിന്ന് കേരളീയമുസ്ലീങ്ങളെ വകതിരിച്ചുനിര്ത്തുന്ന പ്രധാനഘടകം ഭാഷയാകുന്നു. മറ്റു സംസ്ഥാനങ്ങളിലെ മുസ്ലീങ്ങള്‍ മാതൃഭാഷയായി ഉര്‍ദുവിനെ സ്വീകരിച്ചപ്പോള്‍ മലയാളക്കരയിലെ മുസ്ലീങ്ങള്‍ ആ സ്ഥാനം പ്രാദേശികമൊഴിയായ മലയാളത്തിനു നല്കി.
ലോകത്തെവിടെയും മുസ്ലീങ്ങള്‍ക്ക് സംസ്കാരത്തിന്റെ ഭാഷ അറബിയാണ്. വേദഗ്രന്ഥമായ ഖുര്‍ആന്റെയും മതപ്രവാചകനായ മുഹമ്മദ്നബിയുടെയും ഭാഷ അറബിയായിരിക്കുമ്പോള് അത് സ്വാഭാവികമാണുതാനും. അക്കാര്യത്തില്‍ കേരളീയമുസ്ലീങ്ങള്ക്കും വ്യത്യാസമൊന്നുമില്ല.
പക്ഷേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷാസാഹചര്യങ്ങളില് ജീവിച്ചുപോന്ന വിവിധ മുസ്ലിംസമൂഹങ്ങള്ക്ക് ആ പ്രാദേശികഭാഷകള്ക്കു പകരം ഉര്‍ദുവാണ് മാതൃഭാഷ. മലയാളിമുസ്ലിമിന് ഉര്ദുവില്ല. ഉപജീവനത്തിനുവേണ്ടി ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ പഠിക്കുന്നതുപോലെ ഉര്‍ദു പഠിക്കുന്നവര്‍ കേരളത്തിലുണ്ട്. അതിനപ്പുറം, മാതൃഭാഷ എന്ന നിലയിലോ സംസ്കാരത്തിന്റെ ഭാഷ എന്ന നിലയിലോ കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഉര്‍ദുവിന് യാതൊരു സ്ഥാനവുമില്ല. മറ്റു സംസ്ഥാനങ്ങളിലെ മുസ്ലീങ്ങള്‍ക്ക് വിശ്വാസത്തിന്റെ ഒരംശം തന്നെയാണ് ഉര്‍ദു.
ഒരനുഭവം പറയാം.
1975-ലാണ്. ഞാന്‍ അക്കാലത്ത് ബാംഗ്ലൂരില്‍ ഒരു പാര്‍സല്‍ സര്‍വ്വീസില്‍ ജോലിക്കാരനാണ്. ഒരിക്കല്‍ സെന്‍ട്രല്‍ മുസ്ലിം അസോസിയേഷന് ഹാളില്‍ കാശ്മീര്‍ നേതാവ് ശൈഖ് അബ്ദുല്ലയുടെ പ്രസംഗം കേള്‍ക്കാന്‍ പോയി. പ്രസംഗത്തില്‍ കേട്ട ചില ഉര്ദുപദങ്ങള് എനിക്ക് പിടികിട്ടിയില്ല. ഏതാനും നിമിഷം മുമ്പ് പരിചയപ്പെട്ട ബാംഗ്ലൂര്ക്കാരനായ അബ്ദുറഹിമാന് ഇംഗ്ലീഷില്‍ അര്‍ത്ഥം പറഞ്ഞുതന്നു. ഇത് രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചപ്പോള്‍ കക്ഷി നീരസത്തോടെ ചോദിച്ചു:
'...ആപ് മുസല്മാന് ഹെ ന?'
-താങ്കള്‍ മുസ്ലിം അല്ലേ? ഉര്‍ദു അറിയാത്തവന് എങ്ങനെയാണ് മുസ്ലിം ആവുന്നത് എന്ന് വ്യംഗ്യം..!
കേരളത്തിലൊഴിച്ചെവിടെയും ഇസ്ലാമിക സ്വത്വത്തിന്റെ ആവിഷ്കാരങ്ങളിലൊന്നായി ഉര്‍ദു മനസ്സിലാക്കപ്പെടുന്നുണ്ട് എന്ന് അപ്പോള്‍ എനിക്ക് ബോദ്ധ്യമായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തെവിടെയും ഉര്‍ദു ഇല്ലെന്നും അവിടെയൊക്കെ ഇസ്ലാമികത പുലരുന്നുണ്ടെന്നും ആരോര്‍ക്കുന്നു!
ഈ സവിശേഷസാഹചര്യത്തിന് വിശദീകരണം കിട്ടേണ്ടത് ചരിത്രത്തിന്റെ ഏടുകളില്നിന്നാണ്.മുഗളരാജാക്കന്മാരുടെ സൈന്യത്തിന്റെ ആശയവിനിമയത്തിനു വേണ്ടി പാര്‍സി - അറബി - ഹിന്ദി ഭാഷകളില്‍നിന്ന് പദാവലിയും ഹിന്ദിയില്‍നിന്ന് വ്യാകരണവിധികളും അറബി-പാര്‍സി ഭാഷകളില്‍നിന്ന് ലിപിമാലയും ഒരുമിച്ചു ചേര്‍ന്ന് രൂപംകൊണ്ട ഭാഷയാണ് ഉര്‍ദു. ഉര്‍ദു എന്ന പദത്തിന് 'സൈന്യം' എന്നാണ് അര്‍ത്ഥം.
അഫ്ഗാനിസ്താനില്നിന്നെത്തി ഇന്ത്യന്‍ മുഗള്വംശഭരണം സ്ഥാപിച്ച (1526) ബാബറിന്റെ പുത്രന് ഹുമയൂണിന് ഷെര്ഷയില് നിന്ന് ഭരണം വീണ്ടെടുക്കുവാന്‍ സഹായം നല്‍കിയത് പേര്‍ഷ്യന്‍ സൈന്യമാണ്. ആ വഴിക്ക് പേര്‍ഷ്യന്‍ രീതികളും ഭരണക്രമവും ഇന്ത്യയില്‍ പടര്‍ന്നു. മുഗളന്മാരുടെയും പല ഹിന്ദു രാജാക്കന്മാരുടെയും ഭരണഭാഷ പാര്‍സി ആയിരുന്നു. ആ ഭരണഭാഷയുടെ തണലില്‍ വളര്‍ന്നുവന്ന ഉര്‍ദു പതുക്കപ്പതുക്കെ ഗീതം, ചരിത്രം, സാഹിത്യം തുടങ്ങിയ സാംസ്കാരികാവിഷ്കാരങ്ങളുടെ മാദ്ധ്യമമായിത്തീര്ന്നു. പിന്നെയും കുറേക്കഴിഞ്ഞാണ് അത് ഭരണഭാഷയായത്.
പാര്സിഭാഷയുടെ ഇന്ത്യന്‍ സമാന്തരം എന്ന് എല്ലാ നിലയ്ക്കും വിളിക്കാവുന്ന ഉര്‍ദു മുഗളന്മാരുടെ ഭരണദേശങ്ങളില് മേല്‍ക്കൈ നേടിയത് സ്വാഭാവികം. ദക്ഷിണേന്ത്യയില്‍ ഹൈദരാബാദിലെ നൈസാമുമാരുടെയും ആര്‍ക്കോട് നവാബുമാരുടെയും ഭാമിനി സുല്ത്താന്മാരുടെയും ദേശങ്ങളില്‍ അതിന് പ്രചാരം കിട്ടി.
ഉര്‍ദുവിന്റെ ഈ പടര്‍ച്ചയ്ക്ക് കരവഴിയുള്ള യാത്രകളുടെ ഒരു പശ്ചാത്തലമുണ്ട്. പേര്‍സ്യ, അഫ്ഗാനിസ്താന്, ദില്ലി, ദക്ഷിണേന്ത്യയിലെ മേല്‍പ്പറഞ്ഞ പ്രദേശങ്ങള്‍ എന്നിവയെല്ലാം കര വഴിയാണ് ബന്ധപ്പെട്ടിരുന്നത്- കച്ചവടമായാലും ഭരണമായാലും യുദ്ധമായാലും കേരളത്തിലേക്ക് ഈ ഭരണവംശങ്ങളൊന്നും എത്തിപ്പെട്ടില്ല. ഇവിടെ മുസ്ലിം ഭരണം എന്നു പറയാന്‍ ഒരു പേരിന് ഉണ്ടായിരുന്നത് ഉത്തരകേരളത്തിലെ അറയ്ക്കല്‍ രാജവംശത്തിന്റെ വാഴ്ചയാണ്- ഒരു ചെറിയ പ്രദേശത്തിന്റെ കോയ്മ. മൈസൂരില്‍നിന്നു വന്ന ഹൈദരാലി, ടിപ്പു സുല്‍ത്താന്‍ എന്നീ മുസ്ലിം ഭരണാധികാരികളുടെ സാന്നിധ്യം മലബാറില്‍ ചുരുങ്ങിയ പതിറ്റാണ്ടേ ഉണ്ടായുള്ളൂ(1766- 1792). ആ കാലം തന്നെ അധികവും യുദ്ധവും അരാജകത്വവും കൊണ്ട് അസ്വസ്ഥവുമായിരുന്നു.
കടല്‍വഴിയാണ് കേരളത്തിന്റെ ബന്ധങ്ങള്‍ പുരോഗമിച്ചത്. ഇവിടത്തെ രാജാക്കന്മാര്ക്കും കച്ചവടക്കാര്‍ക്കും ഇടപഴകേണ്ടിവന്ന ഒരു കൂട്ടര് കടല്‍ താണ്ടിയെത്തുന്ന അറബികളായിരുന്നു. ഭരണത്തിനോ വ്യാപാരത്തിനോ കരവഴി ഉത്തരേന്ത്യയുമായി യാതൊരു ഇടപാടും കേരളീയര്‍ക്കുണ്ടായിരുന്നില്ല. അറയ്ക്കല്‍ രാജകുടുംബത്തിന് ചാര്‍ച്ച അറബികളോടായിരുന്നു.
അങ്ങനെ കേരളത്തിലെ മുസ്ലിംജീവിതത്തില് വിശ്വാസം, കച്ചവടം, കലാരൂപങ്ങള്‍, സാഹിത്യം, തീര്‍ത്ഥയാത്ര മുതലായവ വഴിക്കെല്ലാം വന്നെത്തിയ അറബിഭാഷയ്ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചു. സൂഫിപാരമ്പര്യവുമായുള്ള അഭിമുഖീകരണം കേരളീയ മുസ്ലിം സംസ്കൃതിയില്‍ പേര്‍സ്യന്‍ സ്വാധീനത്തിന്റെ ചില്ലറ അംശങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും അറബിസ്വാധീനത്തിനുതന്നെയാണ് പ്രാമുഖ്യം.
അതുകൊണ്ടാകാം, ഒരു എഴുത്തുഭാഷ ആവശ്യമായി വന്നപ്പോള്‍ മലയാളി മുസ്ലീങ്ങള്‍ ഇതരസംസ്ഥാനങ്ങളിലെ ഉര്‍ദു സ്വീകരിക്കുവാനിടയായില്ല; പകരം അവര്‍ സ്വന്തമായി ഒരു ലിഖിതസമ്പ്രദായം ആവിഷ്കരിക്കുകയാണുണ്ടായത്. ഈ എഴുത്തുരീതിക്ക് 'അറബി-മലയാളം' എന്നു പേര്. അറബി ലിപിമാലയില്‍ ചില പ്രത്യേക ചിഹ്നങ്ങള്‍ ഏര്‍പ്പെടുത്തി പരിഷ്കരിച്ചതാണ് അറബി-മലയാളം. ഈ ലിപിമാല ഉപയോഗിച്ച് അറബിയിലെയും മലയാളത്തിലെയും എല്ലാ അക്ഷരങ്ങളും എഴുതാന്‍ കഴിയും. പേര്‍സ്യന്‍- ഉര്‍ദു ഭാഷകളുടെ ലിപിമാല തന്നെയാണ് ഇതിന് മാതൃക. പേര്‍സ്യന്‍ ഭാഷ എഴുതുന്നതിനു വേണ്ടി അറബിലിപി പരിഷ്കരിച്ച് രൂപപ്പെടുത്തിയതാണ് നാം ഇന്നറിയുന്ന പേര്‍സ്യന്‍ ലിപി.അറബി-മലയാളം എന്നത് വേറിട്ടൊരു ഭാഷയല്ല, മറിച്ച് പരിഷ്കരിച്ച അറബിലിപിയില്‍ മലയാളഭാഷ എഴുതുന്ന ലേഖനരീതി മാത്രമാണ്. ഈ എഴുത്തുസമ്പ്രദായം രൂപംകൊണ്ടിട്ട് ചുരുങ്ങിയത് 500 കൊല്ലമായി.
അറബി-മലയാളമാണ് കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് ഉര്‍ദുവിന് ബദലായി ഉണ്ടായിരുന്നത്. കേരളത്തില്‍ ഉര്‍ദു ഇല്ലാതെ പോയതിന് ഒരു കാരണം അറബി-മലയാളമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ ദേശീയസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ നവീനാശയങ്ങളാല്‍ ഇന്ത്യ പ്രകമ്പനംകൊള്ളാന് തുടങ്ങി. സമുദായപരിഷ്കരണം, സോഷ്യലിസം, സെക്കുലറിസം, കമ്മ്യൂണിസം മുതലായ ആശയധാരകള്‍ പല നിലയ്ക്കും വേറിട്ട് കിടന്നിരുന്ന ജനവിഭാഗങ്ങളെ തൊട്ടുണര്‍ത്തി, ഒരു പൊതുസമൂഹത്തിലേക്ക് വിളിച്ചു. ജാതിസമുദായങ്ങളും മതസമുദായങ്ങളും ആയി വിഭജിക്കപ്പെട്ടിരുന്ന അവസ്ഥയില്‍ നിന്ന് ഒരു പൊതുസമൂഹമായി രൂപാന്തരപ്പെടാനുള്ള ക്ഷണം. ആ വിളി കേള്‍ക്കാന്‍ കേരളീയ മുസ്ലീങ്ങള്‍ക്ക് ഭാഷ തടസ്സമായില്ല. അവരുടെ വാമൊഴി എന്നും മലയാളമായിരുന്നുവല്ലോ. വരമൊഴി -എഴുത്തുഭാഷ- മാറ്റുക താരതമ്യേന എളുപ്പവുമാണ്. അറബി പഠിച്ചാല്‍ മതിയെന്നും കാഫറിന്റെ ഭാഷയായ മലയാളം പഠിക്കേണ്ടതില്ലെന്നും ഉള്ള ചിന്ത അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നല്ല. അവര്‍ക്കിടയിലെ ആദ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താവ് സനാഉല്ല മക്തി തങ്ങള്‍ (1847-1912) തന്നെ ഈ ചിന്താഗതിയെ ഏറ്റെതിര്ക്കുകയുണ്ടായി. അദ്ദേഹം അറബിപഠനത്തെ നിരുത്സാഹപ്പെടുത്തുകയും മലയാളപഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കേരളത്തിലെ മുസ്ലിം യഥാര്‍ത്ഥ മുസ്ലിം ആകണമെങ്കില്‍ മലയാളം പഠിച്ചിരിക്കണം എന്നുവരെ അദ്ദേഹം പറഞ്ഞു. പൗരോഹിത്യം കെട്ടിയേല്പ്പിക്കാന് ശ്രമിച്ച മലയാളപഠനവിരോധത്തില്നിന്ന് രക്ഷപ്പെടാന്‍ മുസ്ലീങ്ങള്‍ക്ക് അധികം സമയം വേണ്ടിവന്നില്ല.
ആധുനികവിദ്യകള്‍ പഠിക്കുന്നതിനു വേണ്ടി നാട്ടിലെ സ്കൂളുകളില്‍ ചെന്നെത്തിയ മുസ്ലിം വിദ്യാര്‍ത്ഥികള്‍ എല്ലാ സമുദായക്കാര്‍ക്കും ഒപ്പം ഇരുന്ന് പഠിച്ചു; എളുപ്പം മലയാള ലിപി അവര്‍ക്ക് സ്വന്തമായി. അത് മാതൃഭാഷയുടെ ലിപി ആയതിനാല്‍ എല്ലാം സ്വാഭാവികമായി പുരോഗമിച്ചു.മറ്റു സംസ്ഥാനങ്ങളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ അധികവും എത്തുന്നത് ഉര്‍ദു സ്കൂളുകളിലാണ്. ആ വിദ്യാര്‍ത്ഥികള്‍ വേര്‍തിരിഞ്ഞിരിക്കുകയാണ്. മറ്റു സമുദായക്കാരുമായോ പ്രാദേശികഭാഷാസാഹചര്യവുമായോ കൂടിക്കഴിയാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം കുറവ്: ഇക്കാര്യം ഇവിടെ ചേര്‍ത്തുവെച്ച് ആലോചിക്കണം.
അങ്ങനെ വളരെയെളുപ്പം കേരളീയ മുസ്ലീങ്ങള്‍ക്ക് ഇവിടത്തെ പൊതുധാരയില്‍ ലയിച്ചുചേരാന്‍ സാധിച്ചു. ഇതിന് അവരെ സഹായിച്ചത് മലയാളമാണ്.
ഈ ലയംമൂലം വിദ്യാഭ്യാസം, രാഷ്ട്രീയം, സാമൂഹ്യജീവിതം, സാഹിത്യം, കച്ചവടം, ഭരണം, ഉദ്യോഗം, വ്യവസായം, കലാപ്രവര്‍ത്തനം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം അവര്‍ ഒരു കൂട്ടായ്മയുടെ ഭാഗമായിത്തീര്‍ന്നു. ഈ പരിതഃസ്ഥിതി കേരളത്തില്‍ മതസൗഹാര്‍ദ്ദം ഒരു യാഥാര്‍ത്ഥ്യമാകുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.
മതസൗഹാര്‍ദ്ദവും അവസരസമത്വവും പുലരുന്ന ഈ അന്തരീക്ഷമാണ് മലയാളി മുസ്ലീങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആയ പുരോഗതിയുടെ അടിത്തറ.
ഭാഷ, വിദ്യാസമ്പാദനം, സാഹിത്യം തുടങ്ങിയ മേഖലകളിലെ വ്യത്യാസങ്ങളുടെ പേരില്‍ മറ്റു പല സംസ്ഥാനങ്ങളിലും മുസ്ലീങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും പൊതുധാരയുടെ ഭാഗമായിക്കഴിഞ്ഞിട്ടില്ല. അത്തരമൊരന്തരീക്ഷം സൃഷ്ടിക്കുന്ന അകല്‍ച്ചകളും അവസരനഷ്ടങ്ങളും അസ്വസ്ഥതകളും ആണ് അവരുടെ സാമൂഹ്യജീവിതത്തിന്റെ കെടുതികളില്‍ പ്രധാനം.
ഇന്ത്യയുടെ സ്വാതന്ത്ര്യലാഭത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം സമൂഹങ്ങളുടെ നില പരിശോധിച്ചാല്‍ അക്കൂട്ടത്തില്‍ ഏറ്റവുമധികം അഭിവൃദ്ധി നേടിയത് കേരളത്തിലെ മുസ്ലീങ്ങളാണെന്നു കാണാം. അവരുടെ മണ്ണ് ഫലഭൂയിഷ്ഠമാക്കിത്തീര്ത്തത് മാതൃഭാഷയായ മലയാളത്തിന്റെ ശീതളപ്രവാഹമാകുന്നു.
Content Highlights: mn karassery new book ENTHINA MALAYALAM PADIKKUNNATHU
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..