ലസിത സംഗീത് എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അക്ബര്‍ കക്കട്ടില്‍ ദേശഭാവനയുടെ കഥാകാരന്‍' എന്ന പുസ്തകം കഥാകാരനെക്കുറിച്ച് സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ്. എം.ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മുകുന്ദന്‍, അഷ്ടമൂര്‍ത്തി, സി. അനൂപ്, ഖദീജ മുംതാസ്, ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ സ്മരണാഞ്ജലിയര്‍പ്പിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. എം.എന്‍. കാരശ്ശേരി എഴുതിയ അക്ബര്‍ ഓര്‍മകള്‍ വായിക്കാം. 

ങ്ങളുടെ തലമുറയിലെ കൊണ്ടാടപ്പെടുന്ന എഴുത്തുകാരില്‍ പ്രധാനിയായിരുന്നു അക്ബര്‍ കക്കട്ടില്‍. അവന്‍ ആഘോഷമായി ജീവിച്ചു. ആഘോഷമായി മരിച്ചു. സംസ്ഥാനബഹുമതികള്‍ അകമ്പടി സേവിച്ച ആ ചരമാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കുമ്പോള്‍ ഞാനോര്‍ത്തുപോയത്, 'ഇതൊന്നും അക്ബര്‍ കാണുന്നില്ലല്ലോ' എന്നാണ്. 

മരണകാരണമായിത്തീര്‍ന്ന രോഗത്തിന്റെ സാന്നിധ്യം അവന്‍ അതീവരഹസ്യമായി സൂക്ഷിച്ചു. ആശുപത്രിയിലായ വിവരം അടുത്ത സുഹൃത്തുക്കള്‍പോലും അറിഞ്ഞത് എല്ലാം കഴിഞ്ഞിട്ടാണ്. ആ പേര് ഓർമിപ്പിക്കാനിടയുള്ളതു പോലെത്തന്നെ 'പാദുഷ'യായി ജീവിക്കാന്‍ അവന്‍ ആഗ്രഹിച്ചു. ആരെയും വിഷമിപ്പിച്ചു കൂടെന്നും ആരില്‍നിന്നും സഹതാപം ഏറ്റുവാങ്ങിക്കൂടെന്നും!

ഇപ്പോഴെന്നല്ല, കുട്ടിക്കാലത്തേ അവന്‍ പ്രമാണിയായിരുന്നു. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു കക്ഷി. കുട്ടേട്ടന്‍ എന്ന പേരില്‍ ബാലപംക്തി കൈകാര്യം ചെയ്തിരുന്ന കുഞ്ഞുണ്ണി മാഷ് അവന് കൂടിയ പരിഗണന കൊടുത്തിരുന്നു, അര്‍ഹിച്ചിരുന്നുതാനും. അവന്റെ ഉത്സാഹത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും മാഷ് എപ്പോഴും പറയുമായിരുന്നു. ആയിടെ പതിവില്ലാതെ ബാലപംക്തിയില്‍ അവന്റെ ഫോട്ടോ അച്ചടിച്ചുവന്നു. സംസ്‌കൃതപരീക്ഷയില്‍ ഉന്നതവിജയം നേടിയ വകയില്‍. ഞങ്ങള്‍ ശരിക്കും അമ്പരന്നു. ഒരു കുഗ്രാമത്തിലെ മാപ്പിളക്കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സംസ്‌കൃതം പഠിക്കുക, അതില്‍ ഉന്നതവിജയം നേടുക! കറുത്ത കുപ്പായം... കെ.പി. കേശവമേനോനും മറ്റും ചെയ്യുംപോലെ മാറത്തെ കുടുക്ക് മുഴുവന്‍ ഇട്ടിരിക്കുന്നു. വലതുവശത്തേക്ക് ചരിഞ്ഞുനോക്കുന്ന മുഖത്ത് ഇളം പുഞ്ചിരി. ആ ഫോട്ടോ എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. ഞാന്‍ കണ്ട അക്ബറിന്റെ ഒന്നാമത്തെ ഫോട്ടോ- ഒരു പക്ഷേ, അച്ചടിച്ചുവന്ന അവന്റെ ആദ്യത്തെ ഫോട്ടോ!

അവനെപ്പോഴും ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ടിരുന്നു. ആ ഇളംപ്രായത്തില്‍ത്തന്നെ വലിയ വലിയ സാഹിത്യകാരന്മാര്‍ക്ക് കത്തെഴുതും. സാഹിത്യസമ്മേളനങ്ങളില്‍ ചെന്ന് അവരെ പരിചയപ്പെടും. ചിലരെ വീട്ടില്‍ ചെന്ന് കാണും. ചില്ലറക്കാരെയൊന്നുമല്ല. ഒരുമാതിരി കുട്ടികള്‍ക്ക് ധൈര്യം വരുമോ അന്നത്തെ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന എഴുത്തുകാരനായ ജി. ശങ്കരക്കുറുപ്പിന് കത്തെഴുതാന്‍? താഴോട്ടുള്ളവരുടെ കഥ പറയാനില്ല. അക്ബര്‍ അതൊക്കെ ചെയ്യും. 

കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന കാലത്തേ അവനെ എനിക്കറിയാം. കോഴ്‌സ് പൂര്‍ത്തിയാക്കുംമുന്‍പേ കക്ഷി നാട്ടിലെ മടപ്പള്ളി കോളേജിലേക്ക് മാറി. എനിക്കത് മനസ്സിലായില്ല. ഇത്രയും ചരിത്രവും പ്രശസ്തിയും ഉള്ള കോളേജില്‍നിന്ന് ആരെങ്കിലും പുതുതായി തുടങ്ങിയ കോളേജിലേക്ക് മാറുമോ? അവനെ എനിക്ക് പരിചയപ്പെടുത്തിത്തന്ന എ.പി. കുഞ്ഞാമു തന്ന വിശദീകരണം: 'അവന് എന്നും ഉമ്മയെ കാണണം.'

ആ മറുപടി എന്നെ അഗാധമായി സ്പര്‍ശിച്ചു. 'കോളേജ് കുമാരന്‍' ആയ വകയില്‍ ഞാന്‍ അനുഭവിച്ച വ്യസനം അതായിരുന്നു- കോഴിക്കോട്ട് ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുന്ന എനിക്ക് അതിനടുത്ത് ആഴ്ചവട്ടത്തുള്ള മൂത്താപ്പ എന്‍.സി. കോയക്കുട്ടിഹാജിയുടെ വീട്ടില്‍ താമസമായതുകൊണ്ട് മാസത്തിലൊരിക്കലേ ഉമ്മയെ കാണാന്‍ പറ്റൂ. ആ സങ്കടം ഉള്ളിലൊതുക്കുകയേ നിവൃത്തിയുള്ളൂ. എന്റെ നാട്ടില്‍ കോളേജില്ല. അക്ബര്‍ നസീബുള്ളവനാണ്- അവന് എന്നും ഉമ്മയെ കാണാം, വര്‍ത്തമാനം പറയാം, കൂടെ ഒജീനം കഴിക്കാം.  

അക്ബറിനോടുള്ള എന്റെ യഥാര്‍ഥമായ അടുപ്പം ആരംഭിക്കുന്നത് ആ കൊച്ചുവാര്‍ത്തയില്‍ നിന്നാണ്. ഞാന്‍ അങ്ങനെയാണ്. അമ്മയോട് സ്ഥായിയുള്ള ആരോടും എനിക്ക് അറിയാതെ ഒരു ബന്ധംതോന്നും. 'മാമ്പഴ'ത്തിലൂടെ വൈലോപ്പിള്ളിയും 'പൂതപ്പാട്ടി'ലൂടെ ഇടശ്ശേരിയും 'ചന്ദനക്കട്ടിലി'ലൂടെ ജിയും എന്റെ സ്വന്തം കവികളായിത്തീര്‍ന്നു. മദ്രസ്സയില്‍നിന്നു ലഭിച്ച പാഠങ്ങളിൽ ഞാനെന്നും ഓർക്കുന്നത് 'ഉമ്മയുടെ കാല്‍ക്കഴീലാണ് സ്വര്‍ഗം' എന്ന നബി വചനമാണ്. 

യൗവനകാലത്തുതന്നെ അക്ബര്‍ കേൾവി കേട്ടവനായി. ആ പ്രശസ്തി കാണിക്കുന്ന ഒരനുഭവം പറയാം. മൂന്നര പതിറ്റാണ്ടു മുന്‍പാണ്. 1978-ല്‍ എന്റെ വിവാഹസത്കാരത്തിന് വന്ന് അവന്‍ ആദ്യത്തെ പുസ്തകമായ ഇതിലേ വന്നവരും ഒരു ചെക്കും സമ്മാനം തന്നു. സമ്മാനങ്ങള്‍ തരംതിരിക്കുന്ന പണി ചെയ്തുകൊണ്ടിരിക്കെ, പാതിരയ്ക്ക് നവവധു അമ്പരപ്പും ആദരവും കലര്‍ന്ന സ്വരത്തില്‍ എന്നോട് ചോദിച്ചു, 'നിങ്ങള്‍ക്ക് കക്കട്ടിലിനെയൊക്കെ പരിചയമുണ്ട്, അല്ലേ?' ആള് ഞാന്‍ വിചരിച്ചത്ര മോശമല്ലല്ലോ എന്ന് വ്യംഗ്യം!

ആരെയും കേറി പരിചയപ്പെടാന്‍ കൂസലില്ലാത്ത അക്ബര്‍ ഏതു ബന്ധത്തെയും ഏറെ മതിച്ചു. ഫോണിലൂടെയും കത്തിലൂടെയും സന്ദര്‍ശനത്തിലൂടെയും അന്വേഷണത്തിലൂടെയും സത്കാരത്തിലൂടെയും അത് പരിപാലിച്ചുപോന്നു. ആരോടാണോ ഇടപഴകുന്നത്, ആ ആളുടെ പ്രായമായിരുന്നു, അക്ബറിന്. തര്‍ക്കവും പരിഭവവും ലഹളയും പിണക്കവും അവന് അന്യമായിരുന്നു, എന്നല്ല, എല്ലാം തരാതരംപോലെ വെളിപ്പെട്ടിരുന്നു. അവ പക്ഷേ, അല്പായുസ്സായിരുന്നു. അങ്ങനെയാണ് ഞങ്ങൾ പലരും ഒരു ഓട്ടോറിക്ഷയിലോ കാറിലോ അങ്ങേയറ്റം ബസ്സിലോ കൊള്ളുന്ന അത്രയും പേരെ ചങ്ങാതിമാരായി കൊണ്ടുനടന്നപ്പോള്‍ അക്ബര്‍, കൊള്ളാന്‍ ഒരു തീവണ്ടി വേണ്ടിവരുന്ന അത്രയും ചങ്ങാതിമാരെയും കൊണ്ട് ഓടിയിരുന്നത്. ഓരോ സുഹൃത്തിനും അക്ബറിന്റെ ഏറ്റവും അടുത്ത ആള്‍ താനാണ് എന്ന് തോന്നുകയും ചെയ്തു! 

Akbar Kakkattil
അക്ബർ കക്കട്ടിൽ

സ്ഥാനമാനങ്ങളും സമ്മാനങ്ങളും സ്വീകരണങ്ങളും സത്കാരങ്ങളുമെല്ലാം രസംപിടിച്ചിരുന്ന ആ സുഹൃത്തിന് അതൊക്കെ പഠിക്കുമ്പോള്‍തന്നെ കിട്ടിത്തുടങ്ങി. ബിരുദപഠനകാലത്ത് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന കക്കട്ടില്‍ അറുപത്തിരണ്ടാം വയസ്സില്‍ മരിക്കുമ്പോള്‍ കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനായിരുന്നു. ഇതിനിടയില്‍ വലുതും ചെറുതുമായി എത്രയോ പുരസ്‌കാരങ്ങള്‍! എത്രയോ പദവികള്‍!

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പിന്നാലെ വടകരയില്‍നിന്ന് അക്ബര്‍ കക്കട്ടില്‍ കോഴിക്കോട്ടേക്ക് വന്നുകൊണ്ടിരുന്നപോലെ, ആധുനികതയുടെ തൊട്ടുപിന്നാലെ സാഹിത്യത്തിലേക്ക് വന്നെത്തിയ തലമുറയാണ് ഞങ്ങളുടേത്. ഖസാക്കും ആള്‍ക്കൂട്ടവും എന്റെ കഥയും ശ്രീചക്രവും തലയ്ക്കു പിടിച്ചവര്‍. അയ്യപ്പപ്പണിക്കരുടെയും സച്ചിദാനന്ദന്റെയും ആറ്റൂരിന്റെയും ശങ്കരപ്പിള്ളയുടെയും കുഞ്ഞുണ്ണിയുടെയും കവിതകള്‍ പുകച്ചുനടന്നവര്‍. കടമ്മനിട്ടയുടെയും ചുള്ളിക്കാടിന്റെയും ആലാപനങ്ങളിൽ തടി മറന്നു നിന്നവര്‍. അവനവന്‍ കടമ്പയുടെയും സ്വയംവരത്തിന്റെയും കൊടിക്കൂറകളേന്തി പഴമയോട് ലഹളയ്ക്ക് ചെന്നവര്‍. ദുര്‍ഗ്രഹതയുടെ ജടകെട്ടിയ മുടിനാരുകളുമായി, അസ്തിത്വദുഃഖത്തിന്റെ മുഷിഞ്ഞ തോള്‍സഞ്ചികളുമായി, അരാജകത്വത്തിന്റെ മണംപുരണ്ട വേഷഭൂഷകളുമായി ആര്‍ത്തവരക്തത്തിന്റെ അമ്പരപ്പിക്കുന്ന വെല്ലുവിളികളുമായി 1970-കളുടെ കാമ്പസില്‍ അലഞ്ഞുനടന്നവര്‍. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ യാന്ത്രിക കലാസങ്കല്പങ്ങള്‍ക്കെതിരായി പിറവികൊണ്ട ആധുനികത രൂപത്തിലും ഭാവത്തിലും ആവിഷ്‌കരിച്ച പുതുമാതിരികളെ മതവും രാഷ്ട്രീയവും കലയും ആയി സ്വീകരിച്ചുപോന്ന കൂട്ടരാണ് ഞങ്ങള്‍. കാമ്പസുകളിൽ നക്‌സലുകളോടും ഹിപ്പികളോടും മുഖ്യധാരാ വിദ്യാര്‍ഥി രാഷ്ട്രീയത്തോടും ഞങ്ങള്‍ക്കുതന്നെ വേണ്ടത്ര തിരിഞ്ഞുകിട്ടാത്തതരം സങ്കീര്‍ണമായ ബന്ധങ്ങള്‍ പുലര്‍ത്തിപ്പോന്നവര്‍. 

ഈ ചരിത്രസന്ദര്‍ഭത്തില്‍നിന്നാണ് അക്ബര്‍ കക്കട്ടില്‍ എന്നു പേരായ കഥയെഴുത്തുകാരന്‍ ഉരുവംകൊള്ളുന്നത് എന്ന അറിവ് ആ കഥകളിലെ നാടന്‍ ജീവിതവും ലളിതഭാഷയും നര്‍മരസവും ഓർമയിലെത്തുന്നവരെ അതിശയിപ്പിച്ചേക്കാം. യാത്രകളും വായനകളും കൂട്ടുകെട്ടുകളും ആ കഥാകൃത്തിനെ പിന്നെയും പിന്നെയും ഉള്‍നാടനാക്കിത്തീര്‍ത്തു! അക്ബര്‍ ജനപ്രിയനായിത്തീര്‍ന്നത് സ്വാഭാവികം. സാരള്യത്തിന്റെയും രസികത്വത്തിന്റെയും സാക്ഷാത്ക്കാരമായ കുഞ്ഞുണ്ണി മാസ്റ്റര്‍ അക്ബറില്‍ ചെലുത്തിയ സ്വാധീനത്തിന്റെ പ്രത്യക്ഷമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. മലയാളത്തിലെ ആധുനിക കവിതയുടെ ജനകീയമുഖം മാഷായിരുന്നല്ലോ. 

Book Cover
പുസ്തകം വാങ്ങാം

ഭാരതീയപാരമ്പര്യത്തിലെ ഉദാത്തഗംഭീരമായ ആ കഥ, മാതൃത്വത്തിന്റെ ഗരിമാവിനെ അസാധാരണമാംവിധം കൊണ്ടാടുന്ന ആ മഹിതഭാവന, അക്ബറിനെ ചെന്നുപിടിച്ചതില്‍ എനിക്കും ഒട്ടും അതിശയം 
തോന്നുന്നില്ല. 
കഥ ഇങ്ങനെയാണ്: 
പണ്ടുപണ്ട് ഒരു രാജ്യത്ത് ഭംഗാസ്വന്‍ എന്നു പേരായി ഒരു രാജാവുണ്ടായിരുന്നു. അതിസുന്ദരന്‍. പരാക്രമി. സന്തതിലാഭത്തിനു വേണ്ടി നടത്തിയ യാഗത്തിന് രാജാവ് ദേവേന്ദ്രനെ ക്ഷണിച്ചില്ല. ഭംഗാസ്വന് നൂറു പുത്രന്മാര്‍ ജനിച്ചു. ഒരിക്കല്‍ നായാട്ടിന് കാട്ടിലെത്തിയ രാജാവിനെ നീരസം ഉണ്ടായിരുന്ന ദേവേന്ദ്രന്‍ വഴിതെറ്റിച്ചു. അലഞ്ഞ് ഏകാകിയായിത്തീര്‍ന്ന രാജാവ് ഒരു കാട്ടുപൊയ്കയുടെ സമീപമെത്തി. വിശപ്പും ദാഹവും കൊണ്ട് ക്ഷീണിതനായിരുന്ന അദ്ദേഹം വെള്ളം കുടിക്കുകയും പൊയ്കയില്‍ മുങ്ങുകയും ചെയ്തു. അദ്ഭുതം! ആ പൊയ്കയുടെ വിശേഷത്താല്‍ രാജാവ് ഉടനെത്തന്നെ ഒരു യുവതിയായിത്തീര്‍ന്നു. 'അവള്‍' വല്ലപാടും രാജധാനിയില്‍ തിരിച്ചെത്തി. മഹാരാജാവിന്റെ ദുരവസ്ഥയില്‍ ഭാര്യമാരും മക്കളും പ്രജകളുമെല്ലാം ദുഃഖിതരായി. രാജ്യഭാരം മക്കളെ ഏല്പിച്ച് വനത്തിലേക്കു മടങ്ങിയ അതിസുന്ദരിയായ 'അവളെ' ഒരു യുവതാപസന്‍ വിവാഹം ചെയ്തു. വനത്തില്‍ താമസമാക്കിയ അവര്‍ക്ക് നൂറു മക്കള്‍ പിറന്നു. ഈ 'മാതാവ്' ഒരിക്കല്‍ മക്കളെയുംകൊണ്ട് കൊട്ടാരത്തില്‍ ചെന്നു. അവരെ അവിടെയാക്കി കാട്ടിലേക്കുതന്നെ മടങ്ങുകയും ചെയ്തു. ഈ തക്കം നോക്കി കൊട്ടാരത്തിലെത്തിയ ദേവേന്ദ്രന്‍ മക്കളെ തമ്മില്‍ തെറ്റിച്ചു. അവര്‍ പരസ്പരം പടവെട്ടി മരിച്ചുതീര്‍ന്നു. വിവരമറിഞ്ഞ് കാട്ടിലിരുന്നു വിലപിച്ച രാജാവിനെ ഇന്ദ്രന്‍ സമീപിച്ചു. യാഗത്തിനു ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച ഭംഗാസ്വനില്‍ പ്രീതനായ ഇന്ദ്രന്‍ നൂറു കുട്ടികളെ പുനരുജ്ജീവിപ്പിക്കാമെന്നു പറഞ്ഞു. ഏതു കുട്ടികളെ വേണമെന്ന് ചോദിച്ചപ്പോള്‍ 'അവള്‍' മറുപടി പറഞ്ഞു: 'ഞാന്‍ പ്രസവിച്ച കിടാങ്ങള്‍ ജീവിക്കട്ടെ. പുരുഷനേക്കാള്‍ സ്‌നേഹിക്കാന്‍ കഴിയുന്നത് സ്ത്രീക്ക് ആയതിനാല്‍ ഞാന്‍ അമ്മയായിരിക്കുന്ന കുട്ടികള്‍ മടങ്ങിവരട്ടെ.' 

പുരുഷത്വം തിരിച്ചുകൊടുക്കാം എന്ന് ദേവേന്ദ്രന്‍ പറഞ്ഞപ്പോള്‍ മഹാരാജാവ് പറഞ്ഞു: 'രതിയില്‍ പുരുഷനെക്കാള്‍ ആനന്ദം അനുഭവിക്കുന്നത് സ്ത്രീയാണ് എന്നാണ് എന്റെ അനുഭവം. എനിക്ക് പുരുഷത്വം വേണ്ട, സ്ത്രീത്വം മതി.' മറുപടിയില്‍ പ്രസാദിച്ച് ഇന്ദ്രന്‍ ഭംഗാസ്വന്റെ സ്ത്രീത്വം നിലനിര്‍ത്തി; ഇരുന്നൂറു മക്കളെയും വീണ്ടെടുത്തു കൊടുത്തു. 
ഈ കഥ പുനരാഖ്യാനം ചെയ്ത് ഒരു നോവല്‍ അക്ബര്‍ എഴുതിയിട്ടുണ്ട്, സ്‌ത്രൈണം(1995). മാതൃത്വത്തെയും സ്ത്രീത്വത്തെയും കൊണ്ടാടുന്ന ഈ രചനയാണ് അവന്റെ പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പിടിച്ചത്. 

അക്ബറിന്റെ ശരീരഭാഷയില്‍ യൗവനാരംഭംതൊട്ടേ ഒരു തിടുക്കം കണ്ടിരുന്നു. എഴുതാനും പ്രസംഗിക്കാനും യാത്രചെയ്യാനും പേരെടുക്കാനും ബഡായി പറയാനും ഉള്ള ഉത്സാഹാതിരേകമാവാം അത് എന്നാണ് ഞാന്‍ ധരിച്ചിരുന്നത്. ഒരു പാടു പേരെ സ്‌നേഹിക്കാനും ഒരുപാട് പുസ്തകങ്ങളെഴുതാനും വിധിക്കപ്പെട്ട താന്‍ അല്പായുസ്സാണെന്ന ഉള്‍വിളിയിൽനിന്നാവാം ആ ബദ്ധപ്പാട് ഉരുവംകൊണ്ടത് എന്ന തിരിച്ചറിവ് ഇപ്പോള്‍ എന്നെപ്പോലുള്ള അനേകം ചങ്ങാതിമാരെ എത്രയോ ആഴത്തില്‍ മുറിവേല്പിക്കുന്നു. ബഹളം കൂട്ടുന്ന ഒരാള്‍ക്കൂട്ടം തന്നെയായി ഞങ്ങളിൽ വന്നു നിറയാന്‍ ഇനി അക്ബറില്ല എന്ന അറിവ് ജീവിതാന്ത്യംവരെ ഞങ്ങളെയെല്ലാം വേദനിപ്പിച്ചുകൊണ്ടേയിരിക്കും.

Content Highlights :MN Karassery  about Akbar Kakkattil Edited by Lasitha Sangeeth Mathrubhumi Books