താനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ടോപ്പ്സ്ലിപ്പില്‍ ഞങ്ങള്‍ കാടു കാണാന്‍ ചെന്നു. വഴികാട്ടി ഒരു ആദിവാസിയായിരുന്നു. കെട്ടുറപ്പുള്ള ശരീരവും നീലക്കണ്ണുകളുമുള്ള ഒരു ചെറുപ്പക്കാരന്‍. ഒരു ദിവസം മുഴുവന്‍ അയാള്‍ ഒപ്പമുണ്ടായിരുന്നു. അയാളെ മുന്‍പ് ഒരു കരടി മാന്തിപ്പൊളിച്ചിരുന്നു. വലിയ വേദനയും പലതരം ബുദ്ധിമുട്ടുകളും അനുഭവിച്ച് അതില്‍നിന്നും അയാള്‍ രക്ഷപ്പെട്ടു. പക്ഷേ, അതിനെപ്പറ്റി കൂടുതലൊന്നും അയാള്‍ക്ക് പറയാനില്ല. അതൊരു സാധാരണസംഭവം പോലെയാണ് അയാളെന്നോടു പറഞ്ഞത്. അന്ന് മടങ്ങുമ്പോള്‍ അയാള്‍ പറഞ്ഞ ഒരു വരി എന്നോടൊപ്പമുണ്ടായിരുന്നു: 'വേദന സഹിച്ചേപറ്റൂ, വേദന സഹിക്കുമ്പോഴാണ് നമ്മള്‍ വളരുന്നത്.' അയാളെപ്പോലെ പഠിപ്പോ, ലോകജ്ഞാനമോ ഇല്ലാത്ത ഒരാളുടെ വായില്‍നിന്നും വരാവുന്ന വാക്കല്ല അത്.

ഞാന്‍ ബസ്സില്‍ ഇരുന്ന് ചെറുതായൊന്ന് മയങ്ങിയപ്പോള്‍ അയാളെയും ഗാന്ധിയെയും സ്വപ്നത്തില്‍ കണ്ടു. ഗാന്ധിയും അയാളും തമ്മിലെന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ ചെരുപ്പൂരി അകത്തേക്കു കടന്നു. ഗാന്ധിയോട് ഞാന്‍ 'കൊണ്ടുവന്നിട്ടുണ്ട്' എന്നു പറയുന്നു. ഗാന്ധി 'അങ്ങോട്ടു വെക്കൂ,' എന്നും. എന്റെ പുതിയ നോവലിന്റെ രണ്ടു വോള്യം ആ മുറിക്കുള്ളില്‍ ഞാന്‍ വെച്ചു. ഉണര്‍ന്നപ്പോള്‍ ഇതെന്താണ് ഈ സ്വപ്നത്തിന്റെ അര്‍ഥം എന്ന് എന്റെ മനസ്സ് തേടിയലഞ്ഞു. പിന്നെയും ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ആ ചോദ്യം എന്റെ മനസ്സില്‍ അങ്ങിനെതന്നെ ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതൊരു കഥയായി എഴുതണമെന്ന് വിചാരിച്ചു. പക്ഷേ, എഴുതിവന്നപ്പോള്‍ അത് വെറുമൊരു ആശയമായിരുന്നു. ആശയങ്ങളെ കഥയാക്കുന്നതില്‍ എനിക്കു താത്പര്യമില്ല. ബുദ്ധിയില്‍ വിശ്വാസമില്ലാത്ത ഒരെഴുത്തുകാരനാണ് ഞാന്‍. തത്ത്വചിന്ത എഴുതാനും പ്രയോഗിക്കാനും മാത്രമേ ഞാന്‍ ബുദ്ധി ഉപയോഗിക്കാറുള്ളൂ.

പിന്നെയും ഒരു കൊല്ലം കഴിഞ്ഞു. കഥ എഴുതിത്തുടങ്ങിയപ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത് കാടിന്റെ ചിത്രീകരണവും അതിനുള്ളിലെ യാത്രയുടെ രൂപാത്മകതയും മാത്രമാണ്. വേട്ടക്കഥകള്‍ എനിക്കെന്നും വലിയ താത്പര്യമുള്ളവയാണ്. ജിം കോര്‍ബറ്റ് വേട്ടയാടിയ എല്ലാ കാടുകളിലും ഞാന്‍ കൂട്ടുകാരോടൊപ്പം ചെന്നുനോക്കിയിട്ടുണ്ട്. എന്റെ നാടിന്റെ തൊട്ടടുത്ത് വലിയ കാടാണ്. പേച്ചിപ്പാറ, പെരുഞ്ചാണി, അണകള്‍ അവിടെയാണ്. ചെറുപ്പത്തില്‍ ആഴ്ചയ്ക്കൊരിക്കല്‍ കൂട്ടുകാരോടൊപ്പം കാട്ടില്‍ പോകുക പതിവായിരുന്നു. അന്ന് വേട്ട അനുവദിക്കപ്പെട്ടതായിരുന്നു. ഞങ്ങള്‍ വേട്ടയാടിക്കൊണ്ടുവരുന്നതിനെ വെടിയിറച്ചി എന്ന് പറയും. അതിന് നാട്ടില്‍ നല്ല മതിപ്പുണ്ടായിരുന്നു.

മിണ്ടാച്ചെന്നായ് ഓണ്‍ലൈനില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കാട് എനിക്ക് വളരെ നന്നായിട്ട് അറിയാവുന്ന ഒരു ഭൂമികയാണ്. ഇതുവരെയും മഹാനഗരങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കഥപോലും ഞാന്‍ എഴുതിയിട്ടില്ല. എഴുതാനാവുമെന്ന് തോന്നുന്നുമില്ല. പക്ഷേ, കാടിനെപ്പറ്റി ധാരാളം എഴുതിയിട്ടുണ്ട്. കാടിനെപ്പറ്റി എഴുതാന്‍ mindaachennaaiതുടങ്ങുമ്പോള്‍ വസ്ത്രങ്ങളെല്ലാം ഊരിയിട്ട് നഗ്‌നനായി പച്ചപ്പിലൂടെ നടന്നുപോകുന്നതിന്റെ സ്വാതന്ത്ര്യമാണ് ഞാന്‍ അനുഭവിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ ആഖ്യാനം എന്നു ഞാന്‍ ഉദ്ദേശിക്കുന്നതുതന്നെ തര്‍ക്കത്തില്‍നിന്നും ദൈനംദിനജീവിതത്തില്‍നിന്നും ഒരു മോചനമാണ്, ഒരു വിട്ടുപോക്കാണ്. സ്വയം രസിക്കാന്‍ വേണ്ടിയിട്ടാണ് ഞാന്‍ ഏതു കഥയും എഴുതുന്നത്. എഴുതുമ്പോള്‍, എന്റെ അമ്മച്ചിയുടെ ദേഹത്ത് ചേര്‍ന്നിരുന്ന് മിഴികള്‍ വിടര്‍ത്തി, കഥകള്‍ കേട്ടിരുന്ന മൂന്നുവയസ്സുകാരന്‍ കുട്ടിയായി ഞാന്‍ മാറും. അങ്ങനെയാണ് ഈ കഥയും ഞാന്‍ തുടങ്ങിയത്. കഥാപാത്രങ്ങള്‍ തെളിഞ്ഞുവന്നു. എഴുതിത്തീരാറായപ്പോഴാണ് ഈ കഥയ്ക്ക് ഗാന്ധിയുമായുള്ള ബന്ധം ഞാന്‍ മനസ്സിലാക്കിയത്. സഹനത്തിലൂടെ ജയിക്കുക. കൊടുക്കുന്നതിലൂടെ നേടുക. അതിനെക്കാളുപരി തിന്മയോട് പ്രതികരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സഹനവും ത്യാഗവുമാണ് എന്ന് തിരിച്ചറിയുക.

കഥ എഴുതി പ്രസിദ്ധീകരിച്ച് ഒരുപാട് പ്രതികരണങ്ങള്‍ വന്നതിനുശേഷം ഒരിക്കലെനിക്കു തോന്നി, നമ്മുടെ അമ്മമാരെപ്പോലെയാണ് മിണ്ടാച്ചെന്നായ് എന്ന്. നിശ്ശബ്ദതകൊണ്ട് അവര്‍ ക്രൂരന്മാരും താന്‍പോരിമക്കാരും പൊതുവേ വകതിരിവില്ലാത്തവരുമായ അച്ഛന്‍മാരോട് പ്രതികരിച്ചു. തന്റെ കൈയിലുള്ളതുമുഴുവന്‍ അവര്‍ ഭര്‍ത്താക്കന്മാര്‍ക്ക് കൊടുത്തു. തിരിച്ച് ഒന്നും സ്വീകരിച്ചില്ല. എന്തെങ്കിലും ഒന്ന് അവരെക്കൊണ്ട് സ്വീകരിപ്പിക്കുവാന്‍ അച്ഛന്മാര്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 'നിനക്ക് എന്താ വേണ്ടത്, എന്തെങ്കിലും ഒന്ന് വാങ്ങൂ...' എന്നവര്‍ അമ്മമാരോട് പറയും. 'ഒന്നും വേണ്ടാന്നേ... എനിക്കെന്തിനാ...' എന്നു പറഞ്ഞവര്‍ തഴയും. ആ തഴയലിലൂടെ ആധ്യാത്മികമായി അവര്‍ കടന്നുപോയി. മുന്‍പേ സ്വര്‍ഗത്തിലെത്തി അവിടെനിന്ന് അവരെ കുനിഞ്ഞു നോക്കി. 'മിണ്ടാച്ചെന്നായ്'- എഴുതിയതിനുശേഷം ഞാന്‍ മനസ്സിലാക്കിയ ഒരു കഥയാണ്. അതിലൂടെ ഒരുപാട് ഞാന്‍ യാത്ര ചെയ്യുന്നുണ്ട്, ഇപ്പോഴും.

( മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മിണ്ടാച്ചെന്നായ് എന്ന നോവലിന് കഥാകൃത്ത് കൂടിയായ ജയമോഹന്‍ എഴുതിയ ആമുഖം. )

Content Highlights: Jeyamohan, Mindaachennaai